ക റു ത്തവൾ
(രചന: Sunaina Sunu)
“ചേച്ചേയ് ഒന്നു തൊറക്കുന്നുണ്ടോ എനിക്ക് കോളേജിൽ പോണo കുറെ നേരായല്ലോ വാതിലടച്ചിട്ട് തൊറക്ക്”
“എന്താടിവാതിൽ പൊളിക്കോ “”ഓ തൊറന്നോ. എന്താ പണി””ഞാൻ ചുമ്മാ കിടക്കാരുന്നു ”
“പിന്നെ നേരം വെളുക്കുമ്പൊ തന്നെ കിടത്തം. ചേച്ചി കണ്ണാടിയിൽ നോക്കി ഇരിന്നതാവും ദൈവമേ ചേച്ചിയെ കാണുന്ന എന്തു വി രൂ പയാണ് ചേച്ചി ”
ഞാൻ ശ്യാമ. വയസ്സ് 25 ആയി. ഇതെന്റെ അനിയത്തി സുമിത്ര. ശരിയാ അവൾ പറഞ്ഞത് ക റു ത്ത് ക രി ക്കട്ട പോലെ നിറം ഉണ്ട മൂക്ക് ഉറക്കം തൂങ്ങുന്ന പോലത്തെ കണ്ണും ഒക്കെ കൂടിയാൽ ഞാനായി.
അവൾ ഒരുങ്ങി മൂടി ചീകി പൗഡറിട്ട് സുന്ദരിയായി പോയി.ഞാനും പഠിക്കാൻ പോയിരുന്നു കളിയാക്കൽ സഹിക്കാതായപ്പോ നിർത്തി . വീട്ടിലെ പണിയെടുത്ത് സമയം കളയും .ബാക്കി സമയം എന്തേലും വരച്ചോ എഴുതിയോ ഒക്കെകളയുo .
പിന്നെ നല്ലൊരു പൂന്തോട്ടമുണ്ടാക്കി ഞാൻ വീടിനു പിന്നിൽ. ഭംഗിയുള്ള പൂക്കൾ നിറഞ്ഞ തോട്ടം .ഈ ലോകത്തെ സൗന്ദര്യമുളളതിനെ ഒക്കെ എനിക്കിഷ്ടമാ.
അമ്മക്ക് ന്നോട് സ്നേഹം ണ്ട്. അച്ഛനും ഉണ്ടെങ്കിലും പ്രകടിപ്പിക്കില്ല. സുമിത്ര കളിയാക്കാൻ മാത്രം മിണ്ടും .ആദ്യക്കെ സങ്കടം ണ്ടാർന്നു ഇപ്പൊ ശീലായി.
”മോളേ ഒരാലോചന വന്നിട്ട്ണ്”
അമ്മ പറയുമ്പോൾ മനസ്സിൽ ഒരായിരം പൂത്തിരികൾ കത്തി തിമിർത്തു .ആരും അറിയാതെ മനസ്സിൽ ഒളിപ്പിച്ച സ്വപ്നം .എന്റെ ദൈവമേ ……
“അവര് നാളെ വരും. നാളെ കോളേജില്ലല്ലോ സുമിത്ര വീട്ടിലുണ്ടാവും. മോള് അവര് വരുമ്പൊ ശാരി ചേച്ചിടെ വീട്ടിൽ പോയി നിക്കണം .നിന്നെ കണ്ടാൽ ചിലപ്പൊ ….”
അമ്മ നിർത്തി എന്റെ കണ്ണിലെ കത്തിത്തീർന്ന കരിന്തിരി കണ്ടിട്ടായിരിക്കണം. ഒന്നും പറഞ്ഞില്ല എന്തു പറയാൻ….
“ഓ ആരാത് ശ്യാമയോ നീ കുറച്ചായീ ലോ ഇങ്ങോട്ടൊക്കെ……ന്താ മോളേ ന്തോ സങ്കടം ണ്ടല്ലോ മുഖത്ത് ”
“സങ്കടോ ? സന്തോഷാ സുമിത്രയെ കാണാൻ വന്നിട്ടുണ്ട് .പണിയൊക്കെ കഴിഞ്ഞു അതാ ഇങ്ങട്ട് പോന്നത് ”
ചേച്ചി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി… അവർ എന്റെ ഹൃദയത്തിലേക്കിറങ്ങിച്ചേല്ലോന്ന് ഭയപ്പെട്ടു.
“നീയാ അടുക്കളയും വീടും ആയി മാത്രം ജീവിക്കല്ലേ. പുറത്തൊക്കെ ഇറങ്ങണം.വീട്ടിൽ വിരുന്നുകാര് വന്നാലും എവിടേക്കെങ്കിലും പോവുമ്പോഴും നിന്നെ മാറ്റി നിർത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇനി അതു വേണ്ട .
നീയും ഇറങ്ങണം ആളുകളെs മുഖത്ത് നോക്കണം. ആരാ ഇത്ര കേമൻമാരായിട്ടുള്ളത്. ”
ചേച്ചീട വാക്കിൽ ഞാൻ ഒരു ജോലി കണ്ടെത്തി .അടുത്തൊരു അച്ചാറ് കമ്പനിയിൽ. നടക്കാനുളള ദൂരമുള്ളൂ. വീട് പണി കഴിഞ്ഞ് കിട്ടുന്ന സമയം വേദനിക്കാൻ ഇടകൊടുക്കാതെ അങ്ങനെ കടന്നു പോയി
“ചേച്ചീ നിൽക്ക് ഞാനും വീട്ടിലേക്കാ.. “”ഇന്നെന്താ കോളേജ് നേരത്തെ വിട്ടോ “ഉം’
രണ്ടു പയ്യൻമാർ എന്നെ കണ്ടു പുഛിച്ച് പോയി .സുമിത്ര ചിരിച്ചു. പെട്ടെന്ന് എന്നേം അവളേം ചെളിവെള്ളത്തിൽ കുളിപ്പിച്ച് ഒരു കാർ കടന്നു പോയി.
“പ ട്ടീ …… നിനക്ക് കണ്ണില്ലേടാ “ആ കാറ് പെട്ടെന്ന് നിർത്തി സുന്ദരനായ ഒരാൾ പുറത്തേക്ക് തലയിട്ടതും സുമിത്ര ചീത്ത വിളിച്ച് അടുത്തേക്ക് ചെന്നു. ഞാൻ തടഞ്ഞത് അവൾ ഗൗനിച്ചില്ല.
ഞാൻ എത്തിയപ്പോഴേക്കും അവൾ പറഞ്ഞു കഴിഞ്ഞിരുന്നു. അയാൾ സോറി പെങ്ങളേന്നൊക്കെ പറയുന്നുണ്ടെങ്കിലും ദേഷ്യത്തിൽ തല വെട്ടിച്ച് അവൾ നടന്നു പോയി.
“അവളോട് ക്ഷമിക്കണം ചെറിയ കുട്ടിയല്ലേ. എന്റെ അനിയത്തിയാ അവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു”
ഇത്രയും അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞൊപ്പിച്ച് ഞാൻ വേഗം നടന്നു…….” ചേച്ചിയേ ഇന്നെന്നെ കാണാൻ ആരാ വരുന്നേന്ന് അറിയോ. റോഡിൽ വെച്ച് വഴക്കുണ്ടായില്ലെ കഴിഞ്ഞയാഴ്ച . ഈ സിനിമേലൊക്കെ സംഭവിക്കുന്ന പോലെ….
ആദ്യം വഴക്ക് ഇപ്പൊ നായകന് ഈ നായികയോട് പ്രണയം. ഈശ്വരാ നടന്നാൽ മതി. ചെക്കനേയ് എഞ്ചിനീയറാ ഭയങ്കര പൈസക്കാരും. അന്ന് ചേച്ചിയെ എന്റെ കൂടെ കണ്ടതല്ലേ അതാ ഒരു പേടി”
ഞാനൊന്നും പറഞ്ഞില്ല.”ഇന്നും ണ്ടോ പെണ്ണാലോചനക്കാര് നീ വിഷമിക്കണ്ട ടീ നിനക്കും വരും രാജകുമാരൻ ”
ശാരിയേച്ചി എന്നെ സമാധാനിപ്പിക്കാനുള്ള ശ്രമമാണ്. അതിനിപ്പൊ ആർക്കാ സങ്കടം.. എന്റെ പുഞ്ചിരി എടുത്തു ഞാൻ ഫിറ്റ് ചെയ്തു.
” ശ്യാമേ നീയൊന്നു വേഗം വന്നേ””ന്താമ്മേ വന്നവര് പോയോ “എന്റെ കയ്യും പിടിച്ചു അമ്മ ഓടുകയായിരുന്നു .വാതിക്കൽ എല്ലാം നഷ്ടപ്പെട്ടവളെ പോലെ സുമിത്ര. വയറ്റിൽ ആന്തലുയർന്നു. ദൈവമേ എന്തു പറ്റി?
അമ്മ എന്നെ മുറിയിൽ കൊണ്ടാക്കി
ഒന്നും മനസ്സിലാകാതെ ഞാൻ തിരിഞ്ഞതും അയാൾ …
“ഞാൻ സുരേഷ്. ഇയാളെ പെണ്ണുകാണാനാ ഞാൻ വന്നത്. ”
സ്വപ്നമാണോന്നറിയാൻ അയാൾ കാണാതെ ഞാൻ എന്നെ ഒന്നു നുള്ളി.
” സുമിത്ര …. അനിയത്തി അവൾ ആഗ്രഹിച്ചതാ അതുമതി””എനിക്ക് എന്നെ സ്നേഹിക്കുന്ന ഒരു കുട്ടി. അവൾക്ക് ഹൃദയത്തിന് മാത്രം മതി സൗന്ദര്യം അതിയാൾക്ക് ഒരു പാട് ഉണ്ട് ഒരു പാട് …. ആ ഹൃദയം എനിക്ക് തരില്ലേ……”
മനസ്സിലെ കരിന്തിരികൾ ആളിക്കത്തി അതിന്റെ ഭംഗി എന്നിലും തിളങ്ങി ….
എന്റെ കയ്യും പിടിച്ച് മുറിക്ക് പുറത്തേക്ക് ഇറങ്ങവേ കണ്ടു കണ്ണു തുടക്കുന്ന അച്ഛനുമമ്മയും …. പുഞ്ചിരിക്കുന്ന സുമിത്ര…ദൈവങ്ങളോട് ഇനിയെനിക്ക് പറയാനുണ്ട് നന്ദി….