കള്ളന്റെ മോൻ അല്ലേ. ആ വാസന ഇല്ലാതിരിക്കോ. കക്കാൻ പഠിച്ചാൽ നിക്കാനും അറിയാമായിരിക്കും ഇതിനൊക്കെ. അതല്ലേ എടുത്തത് ഒന്നും തിരിച്ചു കിട്ടാത്തെ.

(രചന: പുഷ്യാ. V. S)

“”അമൽ ആണ് എടുത്തതെന്ന് ടീച്ചറിന് എന്താ ഇത്ര ഉറപ്പ്. ബാഗിൽ നോക്കിയിട്ട് കിട്ടിയിട്ടൊന്നും ഇല്ലല്ലോ “”ശ്രീവിദ്യ ടീച്ചർ ചോദിച്ചു.

“” ഇവനല്ലാതെ ഈ ക്ലാസ്സിൽ അത് വേറെ ആര് എടുക്കാനാ ടീച്ചറേ. ബാഗ് നമ്മൾ ചെക്ക് ചെയ്യുമെന്ന് ഉറപ്പുള്ള സ്ഥിതിക്ക് ഇവൻ അത് വേറെ എങ്ങോട്ടേലും മാറ്റിക്കാണും “” രേഖ ടീച്ചർ പറഞ്ഞു.

ശ്രീവിദ്യ ടീച്ചർ ബെൽ അടിച്ച ശേഷം തന്റെ ക്ലാസ്സിലേക്ക് പോകവേ ആണ് എട്ടാം ക്ലാസ്സിൽ ഒരു ബഹളം നടക്കുന്ന കണ്ട് അങ്ങോട്ട് കയറിയത്.

എട്ടാം ക്ലാസ്സിന്റെ ക്ലാസ്സ്‌ ടീച്ചർ ആണ് ശ്രീവിദ്യ. രേഖ ടീച്ചർ ആണ് ഈ പീരിയഡ് അവിടെ ഉള്ളത്. ക്ലാസ്സിലെ ശിൽപയുടെ കയ്യിലെ സ്വർണ ചെയിൻ കാണാതെ പോയത് അന്വേഷിക്കുന്നതാണ് രംഗം.

“”മോള് കയ്യിൽ ഇട്ടിരുന്നത് ആണോ ആ ചെയിൻ. എപ്പോഴാ കാണാതായത് “” വിദ്യ ചോദിച്ചു.

“” കുറച്ചു മുന്നേ അതിന്റ കൊളുത്ത് പൊട്ടിപ്പോയി. അപ്പൊ ഞാൻ ചെയിൻ അഴിച്ചു ബോക്സിൽ വച്ചു. ഇപ്പൊ ബോക്സ്‌ തുറന്നപ്പോ കാണുന്നില്ല “” ശില്പ പറഞ്ഞു.

“”കേട്ട പാതി കേൾക്കാത്ത പാതി രേഖ ടീച്ചർ അമലിനെ അങ്ങ് കള്ളൻ ആക്കി അല്ലേ.നന്നായി. “” വിദ്യ രേഖ ടീച്ചറിനോട്‌ നീരസത്തോടെ ചോദിച്ചു.

“” ടീച്ചർ എന്തിനാ ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നേ. ഈ ക്ലാസ്സിൽ എന്തേലും കാണാതെ പോയാൽ അത് ഇവൻ അല്ലാണ്ട് വേറെ ആരും എടുക്കാൻ ചാൻസ് ഇല്ല. നന്നായിട്ട് ഒന്ന് വിരട്ടിയാൽ അവൻ സത്യം പറഞ്ഞോളും”” രേഖ ടീച്ചർ ശടിച്ചു.

“” എന്താ ടീച്ചറേ നിങ്ങളുടെ ഒക്കെ പ്രശ്നം. ഞാൻ ഈ സ്കൂളിൽ വന്ന നാൾ മുതൽ ശ്രദ്ധിക്കുന്നു. എന്ത് കാണാതെ പോയാലും അമൽ എടുത്തത്… ക്ലാസിൽ ഒരു അടിപിടി നടന്നാൽ അത് അമലിന്റെ തലയിൽ…

അല്ല ഇതുവരെ ഇവൻ എടുത്തതെന്ന് പറഞ്ഞു തേടിയ എന്തെങ്കിലും വസ്തു ഇവന്റെ ബാഗിൽ നിന്നോ പോക്കറ്റിൽ നിന്നോ കണ്ടെത്തിയിട്ടുണ്ടോ. അതില്ല. എന്നാലും നിർത്തില്ല ഈ പ്രഹസനം “” വിദ്യ രേഖയെ നന്നായി ആക്ഷേപിച്ചു.

“” അത് പിന്നെ കള്ളന്റെ മോൻ അല്ലേ. ആ വാസന ഇല്ലാതിരിക്കോ. കക്കാൻ പഠിച്ചാൽ നിക്കാനും അറിയാമായിരിക്കും ഇതിനൊക്കെ. അതല്ലേ എടുത്തത് ഒന്നും തിരിച്ചു കിട്ടാത്തെ. “” രേഖ ടീച്ചർ പറഞ്ഞത് കേട്ട് അമൽ തലകുനിച്ചു നിന്നു.

“” നിങ്ങൾ ഒരു ടീച്ചർ ആണോ. ഒരു കുട്ടിയുടെ മുന്നിൽ വച്ചാണോ അതിന്റെ അച്ഛനെ പറ്റി ഇത്ര മോശമായി പറയുന്നേ. ഇത്രയും കുട്ടികളുടെ മുന്നിൽ വച്ചു.

ഇവന്റെ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടേൽ അതിന്റെ ശിക്ഷ ഇവനാണോ അനുഭവിക്കേണ്ടത്. കഷ്ടം തന്നെ ടീച്ചറേ “” വിദ്യ പറഞ്ഞു.

“” മോളേ ശിൽ‌പേ. നിനക്ക് ചെയിൻ കിട്ടിയാൽ പോരേ. അമലിനെ തന്നെ കള്ളൻ ആക്കണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ. അമൽ ആണ് എടുത്തത് എന്ന് നിനക്ക് ഇനി സംശയം എന്തേലും ഉണ്ടോ “” ശ്രീവിദ്യ ശിൽപയുടെ നേർക്ക് തിരിഞ്ഞു ചോദിച്ചു.

അവൾ ഇല്ലെന്ന് തലയാട്ടി.”” ഇത് എന്തായാലും എന്റെ ക്ലാസ്സിന്റെ വിഷയം അല്ലേ. ഞാൻ തന്നെ അന്വേഷിച്ചുകൊള്ളാം. രേഖ ടീച്ചറിന്റെ ക്ലാസ്സ്‌ നടക്കട്ടെ. ഇത്ര നേരം അമലിന്റെ ബാഗിലും പോക്കറ്റിലും തേടിയിട്ട് കിട്ടാത്ത സ്ഥിതിക്ക് നമുക്ക് ബാക്കി ഉള്ള ബാഗിലും കൂടെ ഒന്ന് നോക്കാം.

അമൽ… മോനൊരു കാര്യം ചെയ്യ്. ഈ വശത്തു ഉള്ള കുട്ടികളുടെ ബാഗ് എടുത്തു പുറത്തു കൊണ്ട് വയ്ക്ക്. “” അതും പറഞ്ഞു വിദ്യ എതിർ വശത്തുള്ള ബാഗുകൾ എടുത്തു.

വിദ്യ ടീച്ചറും അമലും ചേർന്നാണ് ബാഗുകൾ പരിശോധിച്ചത്. അധികം വൈകാതെ തന്നെ ഏതോ ഒരു ബാഗിൽ നിന്ന് വിദ്യയ്ക്ക് ആ ചെയിൻ കിട്ടി.

“” ഇത് ആരുടെ ബാഗാ “” വിദ്യ ചോദിച്ചു.””രോഹന്റെ ബാഗാ ടീച്ചർ “” അവൻ അത് പറയുമ്പോഴേക്കും വിദ്യ ബാഗിലെ ബുക്ക്‌ എടുത്തു പേര് നോക്കി കഴിഞ്ഞിരുന്നു.

വിദ്യ അമലിനൊപ്പം ക്ലാസ്സിലേക്ക് കയറി. വിദ്യയുടെ കയ്യിലെ ചെയിൻ കണ്ട് ശില്പയ്ക്ക് സന്തോഷം ആയി. എന്നാൽ മറ്റൊരു ബെഞ്ചിൽ രോഹൻ നെഞ്ചിടിപ്പോടെ ഇരിക്കുകയായിരുന്നു. വിദ്യ ആ ചെയിൻ ശില്പയ്ക്ക് കൊടുത്തു.

എടുത്തത് ആരെന്ന് അറിയാനുള്ള കൗതുകത്തോടെ കുട്ടികൾ വിദ്യ ടീച്ചറിന്റെ നോക്കി.

“” ചെയിൻ കിട്ടിയല്ലോ. ആരുടെ ബാഗിൽ നിന്ന് കിട്ടി എന്ന് അറിയാനുള്ള ആവേശത്തിൽ ആവും നിങ്ങൾ എല്ലാവരും.

പക്ഷേ ആരും അത് അറിയണ്ട. ഞാൻ ആളുടെ പേര് പറഞ്ഞാൽ ആ നിമിഷം നിങ്ങളുടെ ഒരു സുഹൃത്ത് ഇനി മുതൽ നിങ്ങളുടെ മനസിൽ വെറുമൊരു കള്ളൻ മാത്രമായ് മാറും.

അതുകൊണ്ട് അത് വേണ്ട. അമലിനെ അല്ലേ എല്ലാരും സംശയിച്ചത്. അവൻ അല്ല എന്ന് മാത്രം അറിഞ്ഞാൽ മതി. ഇനി ഈ വിഷയത്തേക്കുറിച്ച് ക്ലാസ്സിൽ ഒരു ചർച്ച വേണ്ട. എല്ലാരും കേട്ടല്ലോ “” അവൾ കുട്ടികളോട് പറഞ്ഞു

“”പിന്നെ രേഖ ടീച്ചറേ. സത്യം അറിയാതെ ആരെയും കള്ളൻ ആക്കരുത്. ഇപ്പൊ ഈ കുട്ടികൾ എല്ലാം കണ്ട് മിണ്ടാതെ ഇരിക്കും.

പക്ഷേ നാളെ ഇവർ വളർന്നു കഴിയുമ്പോൾ… തെറ്റും ശെരിയും മനസിലാകുമ്പോൾ…പണ്ട് പഠിപ്പിച്ച അധ്യാപികമാരിൽ ഒരു മോശം ഓർമ മാത്രം ആകും നിങ്ങൾ ഇവർക്ക്.

ഇനിയും ഒത്തിരി കാലം പല കുട്ടികളെയും പഠിപ്പിക്കാൻ ഉള്ളതാണ്. മാറാൻ ശ്രമിച്ചാൽ ടീച്ചർക്ക് നന്ന്.”” അതും പറഞ്ഞു അമലിനോട് പോയി ഇരിക്കാൻ പറഞ്ഞിട്ട് വിദ്യ പുറത്തേക്ക് പോയി.

ഇന്റർവെലിനു തനിച്ചു ഇരിക്കുകയാണ് രോഹൻ. അമൽ മെല്ലെ അവന്റെ അരികിൽ ചെന്ന് ഇരുന്നു. രോഹൻ അമലിന്റെ മുഖത്ത് നോക്കാതെ നിലത്തേക്ക് തന്നെ നോക്കി ഇരുന്നു.

“” എനിക്ക് അറിയാം നീയാ എടുത്തതെന്ന്. ഞാൻ ആരോടും പറയില്ല. കാരണം ടീച്ചർ പറഞ്ഞപോലെ ഒരിക്കൽ കള്ളൻ എന്ന പേര് കിട്ടിയാൽ പിന്നെ അത് മാറില്ല. ഒരു കള്ളന്റെ മകൻ ആണ് ഈ പറയുന്നത്.

എന്റെ അച്ഛൻ പണ്ട് ഒരു ഗതികെട്ട സാഹചര്യത്തിൽ മോഷ്ടിച്ചത് ആണ്. നാട്ടുകാർ പിടിച്ചു ഞങ്ങൾക്ക് ആകെ നാണക്കേട് ആയി. കുറച്ചു ദിവസം അച്ഛൻ ആരോടും സംസാരിക്കില്ലായിരുന്നു.

എല്ലാരും കള്ളൻ എന്ന് വിളിച്ചു തുടങ്ങി. അവസാനം അച്ഛൻ ഈ നാട് തന്നെ ഉപേക്ഷിച്ചു പോയി. അച്ഛന്റെ ചീത്തപ്പേര് ഞങ്ങളെ ബാധിക്കാതിരിക്കാൻ ആവും അന്ന് അച്ഛൻ അങ്ങനെ ചെയ്തത്.

പക്ഷേ ഇന്നും ഞാൻ ഒരു കള്ളന്റെ മകൻ തന്നെയാ. ഇനി ഇതുപോലെ എന്തെങ്കിലും എടുക്കാൻ തോന്നുമ്പോൾ നീ ഞാൻ ഈ പറഞ്ഞതൊക്കെ ആലോചിക്കണം.

മറ്റൊരാളുടെ ഒരു വസ്തു അടിച്ചു മാറ്റുന്നതിൽ ഉള്ള രസം അത് പിടിക്കപ്പെടുമ്പോൾ ഉണ്ടാകില്ലഡാ “” അമൽ പറഞ്ഞു.

“” ഒരു കൗതുകംകൊണ്ട് എടുത്തതാ ഞാൻ. ശില്പ ആധി പിടിച്ചു നോക്കുന്ന കണ്ടപ്പോൾ പാവം തോന്നി തിരിച്ചു കൊടുക്കണം എന്നും ഓർത്തതാ.

അപ്പോഴേക്കും രേഖ ടീച്ചർ വന്നു ആകെ വല്യ പ്രശ്നം ആയില്ലേ. ഞാൻ ആകെ പരിഭ്രമിച്ചു പോയി. എന്ത് ചെയ്യണം എന്ന് അറിയാതെ. എനിക്ക് അറിയാം തെറ്റ് ആണെന്ന്. എടുത്തപ്പോ ഞാൻ വേറൊന്നും ആലോചിച്ചില്ല.

ഇനി ഒരിക്കലും ഞാൻ ഇങ്ങനൊരു തെറ്റ് ആവർത്തിക്കില്ല. പിന്നെ നിന്നെ എല്ലാരും ചേർന്നു പലവട്ടം കള്ളനാക്കിയപ്പോഴും ഞാനും ചിന്തിച്ചിട്ടുണ്ട് ചിലപ്പോൾ അത് ശെരിയാകും എന്ന്. സോറി.

നിന്റെ അന്നേരത്തെ അവസ്ഥ ഞാൻ ഇന്ന് അറിഞ്ഞു. വിദ്യ ടീച്ചർ ചെയിനും ആയി ക്ലാസിലേക്ക് കയറിയപ്പോൾ എന്റെ നെഞ്ചു കത്തിയത് എനിക്കെ അറിയൂ. “” രോഹൻ പറഞ്ഞു.

“” ടീച്ചർ എന്നോട് പറഞ്ഞിട്ട ക്ലാസ്സിലേക്ക് കയറിയത് ആരോടും നിന്റെ പേര് പറയല്ലേ. ഇനിയങ്ങോട്ട് എനിക്ക് പകരം നീയാകും ക്ലാസിൽ എന്റെ അവസ്ഥയിൽ എന്ന്. “” അമൽ പറഞ്ഞു

“” എനിക്ക് വിദ്യ ടീച്ചറിനോട് നന്ദി പറയണം. പിന്നെ നിന്നോടും ഒത്തിരി നന്ദി ഉണ്ടെടാ. വിദ്യ ടീച്ചറിനേം നിന്നേം എനിക്ക് ഈ ജീവിതത്തിൽ മറക്കാൻ പറ്റില്ല.”” അതും പറഞ്ഞു രോഹൻ അമലിനെയും കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *