(രചന: ആർദ്ര)
” നീ ആ ജാനുവിന്റെ മോളെ കണ്ട് പഠിക്കണം. അവളെപ്പോലെ അടക്കവും ഒതുക്കവും ഉള്ള മറ്റൊരു പെൺകുട്ടിയെ ഈ നാട്ടിൽ ഞങ്ങൾ ആരും കണ്ടിട്ടില്ല. എല്ലാവരോടും എന്തൊരു സ്നേഹം ആണെന്ന് അറിയാമോ…കണ്ട് പഠിക്ക് അവളെ… ”
രാവിലെ തന്നെ അമ്മയുടെ വർത്തമാനം കേട്ടപ്പോൾ ലച്ചുവിന് ദേഷ്യം വന്നു.” എനിക്ക് അങ്ങനെ ആകണ്ട എങ്കിലോ.. എനിക്ക് എന്റേതായ ആഗ്രഹങ്ങളും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒക്കെയുണ്ട്. അതു നേടാൻ വേണ്ടി ഞാൻ ഏത് അറ്റം വരെയും പോകും.
അല്ലാതെ എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഏതെങ്കിലും ഒരാളിന്റെ കാൽച്ചുവട്ടിൽ കൊണ്ടിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എനിക്ക് എന്റേതായ താല്പര്യം ഉണ്ട്. അത് ഇനിയെങ്കിലും അമ്മ മനസ്സിലാക്കിയാൽ നന്നായിരിക്കും. ”
ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു കൊണ്ട് ലച്ചു തന്റെ മുറിയിലേക്ക് പോയി.”എത്ര പറഞ്ഞാലും അനുസരിക്കാത്ത ഒരു ജന്തു..”ദേഷ്യത്തോടെ അത് പറഞ്ഞുകൊണ്ട് അമ്മ തന്റെ ജോലികളിലേക്കും തിരിഞ്ഞു.
മുറിയിൽ എത്തിയപ്പോൾ ലച്ചു അമ്മ നേരത്തെ പറഞ്ഞ ജാനുവിന്റെ മകളെ കുറിച്ചായിരുന്നു.ജാനുവിന്റെ മകൾ മിനി. കാണാൻ സുന്ദരി തന്നെയാണ് മിനി.
പ്ലസ് ടു വരെ മാത്രമേ അവൾ പഠിച്ചിട്ടുള്ളൂ. അതിനു ശേഷം പഠിക്കണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള അവസരം മിനിക്ക് ഉണ്ടായിരുന്നില്ല.
കിട്ടുന്ന കാശിന് കള്ളു കുടിച്ച് നടക്കുന്ന ഒരാളാണ് അവളുടെ അച്ഛൻ. വീടുപണിക്ക് പോയാണ് അവളുടെ അമ്മ അവളെ വളർത്തിയതും പഠിപ്പിച്ചതും ഒക്കെ.
അമ്മയുടെ കഷ്ടപ്പാട് തിരിച്ചറിഞ്ഞതു കൊണ്ട് പഠിക്കാൻ പോകാനുള്ള അവളുടെ ആഗ്രഹം അവൾ ഉള്ളിൽ അടക്കി വെച്ചു.
അടുത്തുള്ള ഒരു കടയിൽ അവൾ ജോലിക്ക് പോയി തുടങ്ങി.അതിൽ നിന്ന് കിട്ടുന്ന വരുമാനം ഒക്കെ കൂടി ചേർത്ത് അല്ലലില്ലാതെ ആ കുടുംബം മുന്നോട്ടു പോയി.
അധികം വൈകാതെ ഒരിക്കൽ ഒരു ബ്രോക്കർ അവരുടെ വീട്ടിലേക്ക് എത്തി. മിനിയെ കടയുടെ അടുത്തു വച്ച് കണ്ടു ഇഷ്ടപ്പെട്ട ഒരാളുടെ ആലോചനയായിരുന്നു വന്നത്.
ചെറിയ പ്രായത്തിൽ തന്നെ വിവാഹം ചെയ്തു വിടാൻ ജാനുവിനോ ആ പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം കയ്യേൽക്കാൻ മിനിക്കോ താല്പര്യമുണ്ടായിരുന്നില്ല.
പക്ഷേ നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന മിനിയുടെ അച്ഛന്റെ കുടിയെക്കുറിച്ചും പ്രവർത്തികളെക്കുറിച്ചും ഓർക്കുമ്പോൾ ജാനുവിന് ആലോചന തള്ളിക്കളയാനും തോന്നുന്നുണ്ടായിരുന്നില്ല.
മിനിയുടെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാതെ,ജാനുവിന്റെ നിർബന്ധത്തിന് വഴങ്ങി തന്നെയാണ് അവരുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം വല്ലപ്പോഴും മാത്രം ഈ നാട്ടിലേക്ക് കടന്നു വരുന്ന ഒരു അതിഥി മാത്രമായി മിനി മാറിക്കഴിഞ്ഞു.
എല്ലാവരും പറയുന്നതു പോലെ, നാട്ടിൽ ആരെ കണ്ടാലും വിനയത്തോടെ ചിരിക്കുന്ന സംസാരിക്കുന്ന മിനി എല്ലാവർക്കും അടക്കവും ഒതുക്കവും ഒക്കെയുള്ള പെൺകുട്ടിയാണ്.
പക്ഷേ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത്, ഇങ്ങനെ അടക്കവും ഒതുക്കവും ആയി നടന്നിട്ട് എന്ത് കിട്ടാനാണ് എന്നാണ്..!
അത്രയും ഓർത്തു കൊണ്ട് ലച്ചു നെടുവീർപ്പിട്ടു.ഇന്ന് അമ്മയുമായി പ്രശ്നമുണ്ടാകാനുള്ള പ്രധാന കാരണം ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കണം എന്ന് പറഞ്ഞതാണ്. ഫാഷൻ ഡിസൈനിങ് ആണ് തനിക്ക് താല്പര്യമുള്ള വിഷയം.പക്ഷേ അമ്മയ്ക്ക് ആ കോഴ്സ് പഠിപ്പിക്കാൻ താല്പര്യം ഇല്ല.
ആ കോഴ്സ് പഠിക്കുന്നവരൊക്കെ വഴി തെറ്റി പോകുമെന്ന് നാട്ടിൽ ആരോ അമ്മയോട് പറഞ്ഞത്രേ..!
ഫാഷൻ ഡിസൈനിങ് എന്ന് പറഞ്ഞാൽ പല തരത്തിലുള്ള ഫാഷനുകളും,ഈ പഠിക്കാൻ പോകുന്ന കുട്ടികൾ കണ്ടുപിടിക്കുമെന്ന്.
അത് മറ്റുള്ളവർക്ക് വേണ്ടി ഡിസൈൻ ചെയ്യുന്നതിനോടൊപ്പം, തങ്ങളുടെ ജീവിതത്തിലും പരീക്ഷിച്ചു നോക്കാൻ അവർ ശ്രമിക്കും.
അങ്ങനെ വരുമ്പോൾ നമ്മുടെ സംസ്കാരത്തിന് ചേരാത്ത പല വസ്ത്രങ്ങളും ആ കുട്ടികൾ ഇടും എന്നൊക്കെയാണ് നാട്ടിലെ ചർച്ച..!
ഇതൊക്കെ കേട്ടതോടെ ലച്ചുവിനെ ഇഷ്ടപ്പെട്ട കോഴ്സ് പഠിക്കുന്നതിൽ നിന്ന് അമ്മ വിലക്കുകയായിരുന്നു.എങ്കിലും അങ്ങനെ തോറ്റു പിന്മാറാൻ ലച്ചു ഒരുക്കമായിരുന്നില്ല.
സമരം ചെയ്തു നിരാഹാരം കിടന്നു അമ്മയുടെ സമ്മതം അവൾ നേടിയെടുത്തു. അമ്മയോട് യാത്ര പറഞ്ഞു നഗരത്തിലേക്ക് ചേക്കേറുമ്പോൾ, ഒരിക്കലും ആരുടെ മുന്നിലും അമ്മയുടെ തല കുനിയാൻ ഇടവരില്ല എന്ന് അവൾ വാക്കു പറഞ്ഞിരുന്നു.
ക്ലാസുകളും അസൈമെന്റുകളും ഒക്കെയായി ലച്ചു ആകെ തിരക്കിലായി.ഒരു അവധി ദിവസം കൂട്ടുകാരോടൊപ്പം കറങ്ങാൻ പോയതാണ് ലച്ചു.അന്ന് തീരെ പ്രതീക്ഷിക്കാതെ മിനിയെ അവൾ കണ്ടു.
മിനിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം അവർ തമ്മിൽ കാണുന്നത് വളരെ വിരളമായിരുന്നു.അതുകൊണ്ടു തന്നെ മിനിയുടെ രൂപം കണ്ടപ്പോൾ ലച്ചുവിന് ആകെ അമ്പരപ്പാണ് തോന്നിയത്.മെലിഞ്ഞുണങ്ങിയ ഒരു രൂപം.. അതായിരുന്നു മിനി..!
തന്നെ കണ്ടപ്പോൾ മിനി ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് ലച്ചു ശ്രദ്ധിച്ചിരുന്നു.പക്ഷേ അവളെ അങ്ങനെ വെറുതെ വിടാൻ ലച്ചു ഉദ്ദേശിച്ചിരുന്നില്ല.അതുകൊണ്ടു തന്നെ അവളുടെ പിന്നാലെ പോയി അവളുടെ ശ്രദ്ധ ആകർഷിച്ചു.
“നീയെന്താ എന്നെ കണ്ടിട്ട് മിണ്ടാതെ പോകുന്നത്..?”പരിഭവത്തോടെ ലച്ചു അന്വേഷിച്ചു.മിനി അവളെ നോക്കി വെറുതെ ചിരിച്ചു.
“നീയെന്താ ഇവിടെ..?”ലച്ചു വീണ്ടും ചോദിച്ചു.”ഞാനിവിടെ ആശുപത്രിയിൽ..”പതിഞ്ഞ സ്വരത്തിൽ മിനി മറുപടി പറഞ്ഞു.
” ആശുപത്രിയിലോ..? അതിന് നിനക്കെന്താ അസുഖം..? “പെട്ടെന്ന് ലച്ചു അന്വേഷിച്ചു.
“എനിക്ക് അസുഖം ഒന്നുമില്ല. അവിടുത്തെ അച്ഛൻ ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ആണ്. ആൾക്ക് കിഡ്നി സ്റ്റോൺ ആണ്..”
വല്ലാത്തൊരു വിഷമത്തോടെ ആണ് മിനി അത് പറഞ്ഞത്. കേട്ടപ്പോൾ ലച്ചുവിന് അനുകമ്പ തോന്നുകയും ചെയ്തു.
” അതുകൊണ്ടായിരിക്കും അല്ലേ നിന്നെ ഇപ്പോൾ അങ്ങോട്ട് ഒന്നും കാണാത്തത്..? “ലച്ചു ചോദിച്ചപ്പോൾ മിനി ചിരിച്ചു.അത് സ്വയം പരിഹസിച്ചു കൊണ്ടുള്ള ഒരു ചിരിയായിരുന്നു എന്ന് ലച്ചു മനസ്സിലാക്കാൻ സമയമെടുത്തു.
“അതുകൊണ്ട് ഒന്നുമല്ല.എനിക്ക് അവിടേക്ക് വരാനുള്ള അനുവാദമില്ല.”മിനി പറഞ്ഞപ്പോൾ അവളെ ഞെട്ടലോടെ നോക്കി.
” നീ എന്തൊക്കെയാണ് മിനി ഈ പറയുന്നത്..?നിന്റെ ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ..? ”
ആകുലതയോടെ ലച്ചു ചോദിച്ച നിമിഷത്തിൽ മിനി പൊട്ടിക്കരഞ്ഞു. അത് കണ്ടപ്പോൾ ലച്ചുവിന് പരിഭ്രമം തോന്നി.
” അയ്യോ.. മിനി.. കരയല്ലേ… ഇങ്ങനെ കരയാനും മാത്രം എന്താ ഇവിടെ ഉണ്ടായത്..? ”
ലച്ചു ചോദിച്ചപ്പോൾ മിനി കരച്ചിൽ അടക്കി.” എന്നോട് ഇതുവരെയും ഇങ്ങനെ ഒരു ചോദ്യം ആരും ചോദിച്ചിട്ടില്ല.
അഥവാ ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ ഒരുപക്ഷേ പറയാൻ എനിക്ക് മറുപടിയും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇന്ന് നീ എന്നോട് ചോദിച്ചപ്പോൾ നിന്നോട് എങ്കിലും എല്ലാം തുറന്നു പറയണം എന്ന് എനിക്ക് തോന്നുന്നു.”
മിനി ആ പറഞ്ഞതിൽ നിന്ന് തന്നെ അവൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് ലച്ചു ഊഹിച്ചിരുന്നു.
” കാര്യമെന്തായാലും നീ എന്നോട് തുറന്നു പറയൂ. “ലച്ചു പറഞ്ഞപ്പോൾ മിനി ആശ്വാസത്തോടെ അവളുടെ മനസ്സ് തുറക്കാൻ തുടങ്ങി.
“കല്യാണം കഴിഞ്ഞ ദിവസം മുതൽ അയാളുടെ വീട്ടിലെ അടിമയാണ് ഞാൻ.സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളും ഒന്നുമില്ലാത്ത ഒരു അടിമ. അയാളുടെ വീട്ടിലെ ജോലികൾ എല്ലാം നേരം വെളുക്കുന്നതിനു മുൻപ് ഞാൻ ചെയ്തു തീർക്കണം.
ഞാൻ ചെന്നതിനു ശേഷം അയാളുടെ അമ്മയ്ക്കും അച്ഛനും ഒക്കെ ഒരു അടിമയായി ഞാൻ മാറി.
എല്ലാവർക്കും വെച്ച് വിളമ്പിയും അവരുടെ ആവശ്യങ്ങൾ നടത്തിയെടുക്കാൻ മാത്രമുള്ള ഒരു പാവയാണ് ഞാൻ. രാത്രിയിൽ കിടക്കയിൽ അയാളുടെ ആക്രമങ്ങൾ കൂടിയാകുമ്പോൾ പകുതി ചത്തതു പോലെയാണ് ഞാൻ ഓരോ ദിവസവും.
എത്രയൊക്കെ അയാൾ എന്നെ ഉപദ്രവിച്ചാലും ആ വീട്ടിൽ എത്രയൊക്കെ മോശം അനുഭവങ്ങൾ ഉണ്ടായാലും തിരികെ സ്വന്തം വീട്ടിലേക്ക് വരാനുള്ള അനുവാദം എനിക്കില്ല.വീട്ടിലെ സ്ഥിതി ഞാൻ പറയാതെ തന്നെ നിനക്കറിയാമായിരിക്കുമല്ലോ.
ബന്ധം പിരിഞ്ഞ് മകൾ വീട്ടിൽ വന്നു നിന്നാൽ അവളെ കൂടി സംരക്ഷിക്കാനുള്ള വരുമാന മാർഗങ്ങളൊന്നും അവിടെ ഇല്ലെന്ന് അമ്മ പറഞ്ഞു കഴിഞ്ഞു.
എന്റെ വേദനകളും എന്റെ പ്രശ്നങ്ങളും ഒന്നും ആരെയും അറിയിക്കാതിരിക്കാൻ വേണ്ടിയാണ് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി എല്ലാവരെയും നേരിടുന്നത്.ഭർത്താവ് എത്രയൊക്കെ മർദ്ദിച്ചാലും എല്ലാം സഹിച്ചും ക്ഷമിച്ചും നിൽക്കുന്നു.
ഇനിയും അങ്ങനെയൊക്കെ തന്നെയായിരിക്കും. എന്തൊക്കെ പറഞ്ഞാലും എത്രയൊക്കെ ശ്രമിച്ചാലും അയാളുടെ സ്വഭാവത്തിലോ അയാളുടെ വീട്ടുകാരുടെ സ്വഭാവത്തിലോ ഒരു മാറ്റവും വരാൻ പോകുന്നില്ല.”
അത്രയും പറഞ്ഞുകൊണ്ട് അവൾ കണ്ണുതുടച്ചു.”ഞാൻ ചെല്ലട്ടെ. ഇനി വൈകി ചെന്നാൽ അതുമതി ബഹളമുണ്ടാക്കാൻ.”
അതും പറഞ്ഞ് തിടുക്കപ്പെട്ട് മിനി നടന്നു നീങ്ങുമ്പോൾ ലച്ചു ആകെ ഒരു അമ്പരപ്പിൽ ആയിരുന്നു.
“തന്റെ വേദനകളും വിഷമങ്ങളും ആരെയും അറിയിക്കാതെ സഹനം മാത്രം കൈമുതലായുള്ള പെണ്ണിന് സമൂഹം കൊടുത്ത പേര് അടക്കവും ഒതുക്കവും ഉള്ളവൾ…!”പുച്ഛത്തോടെ ലച്ചു പിറുപിറുത്തു.