കാമുകിയുടെ കൂടോത്രം
രചന: Navas Amandoor
കല്യാണമണ്ഡപത്തിലെ സ്റ്റേജിൽ വധുവും വരനും കല്യാണത്തിന് വന്നവരുടെ അനുഗ്രഹ ആശീർവാദം സ്വീകരിക്കുമ്പോൾ കുറച്ചു മാറി ഒരാൾ
മാത്രം തുളുമ്പി അടർന്ന കണ്ണീർ തുള്ളികളെ ആരും കാണാതെ തുടച്ചു മാറ്റാൻ ശ്രമിച്ചു. എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കണ്ണീരിനെ സ്വന്തം സങ്കടത്തെ തടഞ്ഞു നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.
ഒരുമിച്ച് ജീവിക്കാൻ.. ഒരുപാട് ആശിച്ചതല്ലെ രണ്ട് പേരും. കിനാവ് കണ്ടതല്ലേ സ്വർഗതുല്യമായൊരു ജീവിതം. സ്വന്തമാക്കാൻ ആഗ്രഹിച്ചവൻ മറ്റൊരുവളുടെ കൈ പിടിക്കുമ്പോൾ തളർന്നു പോകും.എല്ലാം ഓർകുമ്പോൾ
നെഞ്ചു പൊട്ടി പൊളിയുന്ന പോലെ തോന്നും… ആരും കാണാതെ തുടച്ചു കളഞ്ഞ കണ്ണീർ മണവാട്ടിയുടെ അരികിൽ ഇരിക്കുന്ന നേരത്തും അവൻ മാത്രം കണ്ടു.ജാസ്മിയെ അവന് അറിയാം… അവന് അറിയുന്ന പോലെ വേറെ ആർക്കും അവളെ അറിയില്ല.
നെഞ്ചുരുകി കരൾ പറിച്ചു എടുക്കുന്ന വേദനയോടെ റിയാസിന്റെ കൈ പിടിച്ചു ഷെമി വലുത് കാൽ വെച്ച് ആ വീട്ടിലേക്ക് കയറുന്നത് കണ്ടു നിന്നിട്ടാണ് ജാസ്മിൻ തിരിച്ചു പോയത്.
കല്യാണം കഴിഞ്ഞു. പുതുപ്പെണ്ണ് ഷെമിയും റിയാസും പുതിയൊരു ജീവിതം തുടങ്ങി. പഴയ കാലങ്ങളെ ഓർമ്മകളാക്കി നോവുകളെ തടവിലാക്കി സന്തോഷം കൊണ്ട് പുതിയ ജീവിതം.
അതികദിവസങ്ങൾ അവരുടെ സന്തോഷത്തിന് ആയുസ് ഉണ്ടായിരുന്നില്ല.
കുറച്ചു ദിവസത്തിനുള്ളിൽ റിയാസിനോട് ഇനി ഗൾഫിലേക്ക് തിരിച്ചു ചെല്ലേണ്ടന്ന് പറഞ്ഞുകൊണ്ടുള്ള മെസ്സേജ് വന്നു.കഴുകി ഉണക്കാനിട്ട ഡ്രസ്സ് എടുക്കാൻ കയറിയ ഉമ്മ ടറസിന്റെ മേലെ നിന്നും താഴെ വീണു. അതെല്ലാം വന്നു കയറിയ പെണ്ണിന്റെ തലയിൽ വെച്ച് വീട്ടുകാരും നാട്ടുകാരും സംസാരിക്കാൻ തുടങ്ങി.
“ഇത്തോ.. നിങ്ങളെ മരുമോൾ വന്നു കയറി ഒരാഴ്ച തികയും മുൻപേ നിങ്ങൾ ടറസിന്റെ മേലെ നിന്നും താഴെ വീണ്.. കിടപ്പിലായി.പിന്നെ പുതിയ ടീവി കത്തിപ്പോയി.. റിയാസിന്റെ ഗൾഫിലെ ജോലി പോയി.. ഇത്രയും പോരെ അവൾ ഈ വീട്ടിൽ വന്നു കയറിയത് ഈ കുടുംബം നശിക്കാൻ ആണെന്ന്.”
“ആദ്യം ഞാനും അങ്ങനെത്തന്നെയാ വിചാരിച്ചത്.. ആ പാവത്തെ ഞാനും കുറേ കുറ്റപ്പെടുത്തി.പക്ഷെ സത്യം അതല്ല.. റിയാസിനെ ആ ജാസ്മിന് നല്ല ഇഷ്ടം ആയിരുന്നു.. അവൾക്ക് അവനെ കിട്ടാത്തത് കൊണ്ട് അവൾ എന്തോ കൂടോത്രം ചെയ്യിപ്പിച്ചിട്ടുണ്ട്…”
“അതിനു അവളുടെ കല്യാണം അല്ലെ ആദ്യം നടന്നത്… പിന്നെ എന്തിനാ അവൾ.?”
“അത് അറിയില്ല.. എന്തായാലും.. ഷെമി സന്തോഷത്തോടെ ജീവിക്കാൻ അവൾ സമ്മതിക്കില്ലന്ന്..”
പലരും പറഞ്ഞു പറഞ്ഞു മനസ് വിഷമിച്ചിട്ടാണ് ഷെമി വന്നു കയറിയ പെണ്ണിന്റെ ദോഷമാണോന്ന് അറിയാൻ ഇതൊക്കെ അറിയാവുന്ന ഒരാളെ അടുത്ത് പോയത്.. പക്ഷെ അയാൾ പറഞ്ഞത് ഇതെല്ലാം കാമുകിയുടെ കൂടോത്രം ആണെന്ന്.
അന്ന് വരെ ആ വീട്ടിൽ തല കുനിച്ചു നടന്ന ഷെമി തല ഉയർത്തി പിടിച്ചു നടന്നു.”ഇതൊക്കെ നിങ്ങളെ മാറ്റവളുടെ പണിയാണ്… പഴി കേട്ടത് ഞാനും. എന്റെ ജീവിതം ഇല്ലാണ്ട് ആക്കിട്ടു അവൾക്ക് എന്ത് കിട്ടാനാണ്… ഇക്ക അവളോട് ചോദിക്ക്..”
“എനിക്ക് തോന്നുന്നില്ല.. ഷെമി.. ജാസ്മി നീ പറയുന്നപോലെയൊക്കെ ചെയ്യുമെന്ന്.”
“നിങ്ങൾ വിശ്വസിക്കണ്ട.. ഉമ്മ മേലെന്ന് വീണപ്പോൾ തൊട്ട് ഞാനാണു എല്ലാം കേൾക്കുന്നത്.. എല്ലാവരും എന്റെ ഭാഗ്യദോഷമാണെന്ന് പറഞ്ഞു.. ഇപ്പൊ എല്ലാർക്കും എല്ലാം മനസ്സിലായി.. എനിക്ക്
അത് മതി.. അന്ന് കല്യാണ പന്തലിൽ ഞാനും കണ്ടതാ അവളുടെ കള്ള കണ്ണീർ.ഈ കാലത്തിന്റെ ഇടയിൽ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല.”
പിന്നെയും മാസങ്ങൾ കൊഴിഞ്ഞു പോയി. എല്ലാം പ്രശ്നങ്ങളുടെയും കാരണം ജാസ്മിയാണെന്ന് ഷെമി ഉറച്ചു വിശ്വസിച്ചു.ഇടക്കിടെ നാവ് കൊണ്ടും മനസ് കൊണ്ടും അവളെ ശപിച്ചു.
അതിന്റെ ഇടയിലാണ് മോന്ക്ക് വയ്യാതെ ആയത്. കുറേ ഡോക്ടന്മാരെ കാണിച്ചു. ഇപ്പോഴാ അവന്റെ വയറിൽ ഒരു മുഴ ഉണ്ടെന്ന് കണ്ടെത്തിയത്. അതിന്റെ കാരണവും ചെന്നത്തിയത് ജാസ്മിയുടെ കൂടോത്രത്തിലാണ്.
ഇന്നാണ് മോന്റെ ഓപ്പറേഷൻ. വാടിയ താമര തണ്ട് പോലെ കിടക്കുന്ന അവന്റെ അരികിൽ വിതുമ്പലോടെ യാണ് ഷെമി ഇരിക്കുന്നത്. നൊന്ത് പെറ്റ മാതാവിന് മക്കൾക്ക് ചെറിയൊരു അസുഖം വന്നാൽ പോലും സഹിക്കാൻ കഴിയില്ല.
“ന്റെ മോന്റെ വയർ കീറാനും നിങ്ങളെ ജാസ്മിനാണു കാരണം ഇക്ക.”സങ്കടത്തിന്റെ ആഴത്തിൽ കണ്ണീർ പോലും ഇല്ലാതായി ഇരുൾ മൂടിയ മുഖത്തോടെ ആമോന്റെ അരികിൽ ഷെമി ഇരിക്കുന്നത് കണ്ടു കൊണ്ടാണ് റിയാസ് ജാസ്മിയെ കാണാൻ പുറപ്പെട്ടത്.
“ജാസു…. രാവിലെ തന്നെ നിന്നെ കാണാൻ വന്നത് ഇതൊക്കെ നിന്നോട് പറയാൻ വേണ്ടിയാണ്.. അന്ന് എല്ലാവരും പറഞ്ഞിട്ട് ഞാൻ വിശ്വസിചില്ല… പക്ഷെ ഇപ്പൊ എന്റെ മോൻ ഹോസ്പിറ്റലിൽ
കിടക്കുമ്പോൾ.. എനിക്കും തോന്നുന്നു.. നിനക്ക് എന്നെ കിട്ടാത്ത സങ്കടത്തിൽ എന്തോ ചെയ്തിട്ടുണ്ടെന്ന്.ഞാനായിട്ട് നിന്നെ വേണ്ടന്ന് പറഞ്ഞിട്ടില്ല മോളെ.”
“ഇക്ക… ഇക്ക എന്റേത് ആയില്ലങ്കിലും..ഇക്ക എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ മാത്രം ആണ് ഇക്കാടെ ജാസു പ്രാർത്ഥിച്ചിട്ടുള്ളു. സത്യം.നിങ്ങളെ ഓർത്ത് കരയാത്ത രാത്രികൾ കുറവാണ്.. ഒരു തരി വെറുപ്പ് പോലും തോന്നാതെ മുഖമാണ് ഇക്കാടെ…”
“ഇന്ന് അവന്റെ ഓപ്പറേഷൻ ആണ്.. അതിന് മുൻപ് നിന്നെ കണ്ടു ഇതൊക്കെ പറയണമെന്ന് തോന്നി.ഞാൻ പറഞ്ഞത് സങ്കടമായങ്കിൽ നീ ക്ഷമിക്കു ജാസു.”
നിയാസ് പോയതിനു ശേഷം ജാസ്മിയും ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചു. ഷെമിയെ കണ്ടു സംസാരിക്കണം.അവളുടെ മനസ്സിലെ ചിന്തകളെ മാറ്റി എഴുതണം.
തിയറ്ററിലേക്ക് കൊണ്ടുപോകാൻ മോനെ റെഡിയാക്കി. എല്ലാവരും അവിടെ ഉണ്ട്. അവരുടെ അരികിലേക്ക് ജാസ്മിയും എത്തി.
ജാസമിയെ കണ്ടപ്പോൾ സകല നിയന്ത്രണവും കൈവിട്ട ഷെമി അവളുടെ അടുത്തേക്ക് തിരിഞ്ഞു.
“എല്ലാം ഞാനും ക്ഷമിക്കും… എന്റെ മോന് വല്ലതും പറ്റിയാൽ…”ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും പറയാൻ വാക്കുകൾ കിട്ടാതെ അവൾ കരഞ്ഞു കൊണ്ട് ജാസ്മിയുടെ മുഖത്തടിച്ചു.
“നീ… നീയെടുത്തോ എന്റെ ഇക്കയെ… എന്നിട്ട് എന്റെ മോനെ എനിക്ക് തന്നാ മതി.”
“പടച്ചോനാണെ… ഞാൻ ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഇഷ്ടമാണ് നിന്റെ ഇക്കയെ… അതുകൊണ്ട് തന്നെ സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി മാത്രം എന്നും പ്രാർത്ഥന ഉണ്ടായിട്ടുള്ളൂ..
ഇക്ക അല്ലാലോ എന്റെ വീട്ടുകാർക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് ഞാനല്ലേ ഇക്ക യെ വേണ്ടന്ന് വെച്ചത്..എന്നിട്ടും ഞാൻ എന്തിനാ അങ്ങനെ..”
ജാസ്മിയുടെ കണ്ണും നിറഞ്ഞു. ഒന്നും പറയാൻ കഴിയാതെ അവരെ രണ്ടുപേരയും നോക്കി അടർന്ന കണ്ണീർ തുള്ളികളെ തുടച്ചു മാറ്റി നിയാസ്.
നേഴ്സ് വന്ന് മോനെ സ്റ്റേക്ച്ചറിൽ കിടത്തി ഓപ്പറേഷന് വേണ്ടി കൊണ്ട് പോയി.ഓപ്പറേഷൻ തിയറ്ററിന്റെ പുറത്ത് ഷെമിയെ ചേർത്ത് പിടിച്ചു ജാസ്മി ഇരുന്നു.
“നിന്റെ ഇക്കാക്ക് എന്നേക്കാൾ നല്ലൊരു പെണ്ണിനെ കിട്ടാൻ ആയിരുന്നു… ഞാൻ ആഗ്രഹിച്ചത്… നിന്നെ കെട്ടിയപ്പോൾ എന്റെ പ്രാർത്ഥന പടച്ചോൻ കേട്ടു..
എന്നായിരുന്നു മനസ്സിൽ.എനിക്ക് സങ്കടം ഉണ്ട്.. ഞാനായിട്ട് നഷ്ടപ്പെടുത്തിയത് ഓർത്ത്… നിന്നോടോ മോനോടോ എനിക്ക് ദേഷ്യമില്ല.. ഷെമി.. സ്നേഹം മാത്രം…”രണ്ട് പേരും കുറേ നാളുകളായി മനസ്സിൽ കൊണ്ട് നടന്ന ഭരമാണ് ഇറക്കി വെച്ചത്.
“ഒരിക്കൽ സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ നിങ്ങൾക്കിടയിൽ ഉള്ളു.. സ്നേഹം കൊടുത്തവരെ നശിച്ചു കാണാൻ ആരും ആഗ്രഹിക്കില്ല.”
“എല്ലാം മനസ്സിലായി… ഇക്ക. ഒരു കാര്യവും ഇല്ലാതെ ഞാൻ ജാസ്മിയെ ഒരുപാട് ശപിച്ചിട്ടുണ്ട്.. അതിന്റെയൊക്കെ ആവും.. ന്റെ മോൻ…”
കണ്ണീരും പ്രാർത്ഥനയുമായി അവർ കാത്തിരിന്നു.നമ്മളിലേക്ക് വരുന്ന പ്രശ്നങ്ങളെ വേറെയൊരാൾ കാരണമാണെന്ന് ചിലപ്പോഴൊക്കെ നമ്മൾ ചിന്തിച്ചു പോവും.. അതൊക്കെ
വെറും തോന്നലുകൾ മാത്രം ആയിരുന്നെന്നു പിന്നീട് മനസ്സിലാവും.. ജീവിതം ഇങ്ങനെയൊക്കെയാണ്…. തിരിച്ചറിവുകൾ വരും വരെ കുറ്റപ്പെടുത്തലുകൾ കൊണ്ട് ഉരുകും.