മായ
(രചന: Vaisakh Baiju)
” മോള് ജനിച്ച ദിവസം ഏട്ടന് ഓർമ്മയുണ്ടോ??
അത് ചോദിക്കുമ്പോൾ മായയുടെ മുഖത്ത് … വേദന നിറഞ്ഞ ഒരു ചിരിയുണ്ടായിരുന്നു ഉണ്ടായിരുന്നു…
” അന്നും ഇതുപോലെ മഴ പെയ്തിരുന്നു… പക്ഷെ അതൊരു പകലായിരുന്നു… ഏറെ വൈകിയാണ് ഏട്ടൻ ലേബർ റൂമിന്റെ മുന്നിലെത്തിയത്…. മോളെ കയ്യിലെടുത്ത്
ഉമ്മ വച്ചുകൊണ്ട് ഏട്ടൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്….സത്യം പറഞ്ഞാൽ അതുവരെ അനുഭവിച്ച വേദന ആ ഒറ്റ നിമിഷത്തിൽ എനിക്ക് ഇല്ലാതായി… ഏട്ടന്റെ കണ്ണുകളും ഇതുപോലെ അന്ന് നിറഞ്ഞിരുന്നു… ”
രാജീവന്റെ മുഖത്ത് നിന്നും അവൾ കണ്ണെടുത്തതേയില്ല…
രാത്രിക്ക് കടുപ്പം ഏറുന്നു… പുറത്തെ മഴയുടെ തണുപ്പ്, എന്തോ അകത്തേക്ക് വരാൻ മടി കാണിക്കുന്നതുപോലെ… രാജീവന്റെ കണ്ണുകളിൽ ഒരു തിളക്കമുണ്ട് നോട്ടം മായയിലേക്ക് തന്നെ നിൽക്കുന്നു..
” മോൾ എന്നെ പോലെ ആണെന്ന് എല്ലാവരും പറയുമ്പോൾ നിങ്ങളിൽ ഞാൻ ഒരു അസൂയ കണ്ടിട്ടുണ്ട്…. പക്ഷെ അവൾ നിങ്ങളെപോലെ ആണെന്ന് കേൾക്കാനായിരുന്നു എനിക്കേറെ ഇഷ്ടം… ഒരുപക്ഷെ എല്ലാ അമ്മമാർക്കും അതാവും പ്രിയം… “, അവളിൽ ഒരു നല്ല ചിരി മിന്നിമറഞ്ഞു..
മായ അയാളെ പിന്നിൽ നിന്നും ഇറുക്കെ കെട്ടിപിടിച്ചു… അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു… അയാളുടെ പിൻകഴുത്തിൽ അവളെ അമർത്തി ചുംബിച്ചു… അയാൾക്കേറെ പ്രിയപ്പെട്ടതാണ് ആ ചുംബനം…. പക്ഷെ ഇത്തവണ അയാൾ പ്രതികരിക്കുന്നില്ല….
” അവൾക്ക് എന്റെ മുഖമായതുകൊണ്ടാണോ നിങ്ങൾക്ക് അവൾ മകളല്ലാതായത്… “, മായയുടെ ശബ്ദത്തിന് വല്ലാതെ ബലമേറുന്നു…
” അവൾക്ക് നിങ്ങളെ ഇപ്പോൾ പേടിയാണ് ഏട്ടാ… അവൾ തിരിച്ചു വരുമ്പോൾ അവളെ ഭയപ്പെടുത്തുന്ന… ഒന്നും ഇവിടെ വേണ്ട….”
അവൾ വീണ്ടും അയാളുടെ കഴുത്തിൽ ചുംബിച്ചു… അതോടൊപ്പം അയാളുടെ കഴുത്തിന് താഴെ കുത്തിയിറക്കിയ കത്തി വലിച്ചൂരി… അവൾ വീണ്ടും ആഴത്തിൽ കുത്തിയിറക്കി….
” അവളെ ഭയപ്പെടുത്തുന്ന.. ഒന്നും ഇവിടെ ഇനി വേണ്ട ഏട്ടാ… അതിനി… എനിക്കെത്ര പ്രിയപ്പെട്ടതായാലും…. “””
എന്തോ വാശിയോടെ കഴുകി കളയാനെന്നപോലെ… പുറത്തെ മഴ ആർത്തലച്ചു പെയ്തുകൊണ്ടേയിരുന്നു….