രണ്ടാം കല്യാണം
(രചന: ANNA MARIYA)
അനിയന്റെ കല്യാണമാണ്. ലവ് ആണ്. അതിനും വേണം ഒരു ഭാഗ്യം.അല്ലാതെ ഒരു ട്രെയില്‍ ചായയും കൊണ്ട് ചെന്ന് കാഴ്ച വസ്തുവിനെ പോലെ വാതിലിന്റെ അടുത്ത് നിന്ന് ഒന്ന് മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും പറ്റാതെ
അവര്‍ പോയ ശേഷം എസ് ഉം നോ യും പറയാന്‍ പറ്റാതെ ഒടുക്കം ഫാമിലി തീരുമാനിച്ചു നടപ്പിലാക്കുന്ന പരിപാടിയേക്കാള്‍ എത്രയോ ഭേതം പ്രേമിച്ചു കെട്ടുന്നതാണ്.
പറ്റിയാല്‍ രണ്ടോ മൂന്നോ വര്‍ഷം പ്രേമിക്കണം. ഉള്ളിന്റെ ഉള്ളറിയണം. എന്നാലെ കാര്യമുള്ളൂ.
എന്നിട്ടും പരാജയമാണെങ്കില്‍ അതിനെ എന്ത് പറയുമെന്ന് എനിക്കറിയില്ല. പക്ഷേ പരസ്പരമുള്ള എല്ലാ കുറവുകളും മനസ്സിലാക്കുനതാണ് ഏറ്റവും നല്ലത്. എല്ലാത്തിനും ഒരു പരിധിയുണ്ട്.
ആ പരിധി ലംഘിക്കപ്പെടാതെ നോക്കിയാല്‍ മാത്രമേ സമാധാന ജീവിതമുണ്ടാകൂ.
അവന് ഭാഗ്യവാനാണ്,, നല്ലൊരു പെണ്‍കുട്ടിയാണ്,, സംസാരിച്ചപ്പോഴും പെരുമാറ്റത്തിലും ഒരു വിനയമുണ്ട്. ചിലപ്പോള്‍ താല്ക്കാലികമാകും,, എന്നാലും സാരമില്ല..
പെണ്ണിനെ എനിക്ക് ബോധിച്ചു. അവരായി അവരുടെ കാര്യമായി.. അവരുടെ സ്വകാര്യത അവരുടെ ജീവിതം,, ഇതൊക്കെ എങ്ങനെ വേണമെന്ന് അവര്‍ തന്നെ തീരുമാനികട്ടെ.
വിളക്ക് കൊടുത്ത് പെണ്ണിനെ വരവേല്‍ക്കാന്‍ നോക്കിയപ്പോള്‍ പെട്ടെന്ന് അമ്മായിയമ്മയുടെ ശബ്ദം. നീ വിധവയല്ലേ,, നീ വിളക്ക് കൊടുക്കണ്ട എന്ന്. എന്റെ ഉള്ളൂ കാളിപ്പോയി.
കണ്ടു നിന്നവരും കേട്ട് നിന്നവരും ഒരു നിമിഷം ഇല്ലാണ്ടായിപ്പോയി. വിധവ,, അതേ,, ഞാന്‍ വിധവയാണ്. അതിനു കാരണം ഞാനാണോ. എന്റെ ഭര്‍ത്താവ് മരിച്ചപ്പോളാണ് ഞാന്‍ വിധവയായത്,, ഞാന്‍ കൊന്നതല്ല,, ആള് മരിച്ചു പോയതാണ്. അതിന് ഞാനെന്ത് പിഴച്ചു.
അറിവില്ലായ്മ ആണെങ്കിലും ഒരു പൊതു സഭയില്‍ അതായത് ഒരു മംഗള കര്‍മ്മം നടക്കുന്ന വേദിയില്‍ പറയേണ്ട കാര്യമാണോ ഇത്. കുത്തി നോവിക്കുന്നതിന് ഒരു പരിധിയില്ലേ. അതില്‍ അവര്‍ക്ക് എന്ത് മനസ്സുഖമാണ് കിട്ടുന്നത്.
എനിക്കറിയില്ല. ആ പറഞ്ഞത് ഏറ്റു പിടിക്കാന്‍ കുറച്ചു പേര് വാലായിട്ട് പുറകെയും. ജാതക ദോഷമാകും,, അല്ലാതെ ഈ പ്രായത്തില്‍ മരണം വരില്ല. വന്നു കേറിയ പെണ്ണിന്റെ വിധിയാണ്. ഐശ്വര്യമുള്ള പെണ്ണ് വന്നാല്‍ ഐശ്വര്യം വരും.
അല്ലാത്ത പെണ്ണ് വന്നാല്‍ നാശം വരും. ആള് മരിച്ചിട്ട് നാല് വര്‍ഷമായി. ഇത്രേം കാലം അത് മാത്രം കേട്ടാല്‍ മതിയായിരുന്നു. ഇതിപ്പൊ ഒരു മംഗള കര്‍മ്മത്തില്‍ നില്ക്കാന് പോലും പറ്റാതെയായി.
കാലം പുരോഗമിച്ചതും നാടും നാട്ടു നടപ്പും മാറിയതും ഇവര്‍ അറിയാത്തതാണോ അതോ അതൊന്നും ഉള്ക്കൊള്ളാത്തതാണോ.
അറിയില്ല. ഒരു കാര്യം മാത്രം തീരുമാനിച്ചു. ഇനിയങ്ങോട്ട് ഈ വിധവാ പട്ടം വേണ്ട. എന്തായാലും വിപ്ലവം സൃഷ്ടിക്കാന്‍ നോക്കുന്നില്ല.
പകരം മറ്റൊരു ജീവിതം കണ്ടെത്തുന്നതാകും നല്ലത്. കല്യാണത്തിന്റെ ആരവവും ആഘോഷവും കഴിഞ്ഞ ശേഷം ആദ്യമായി ഇക്കാര്യം എന്റെ വീട്ടില്‍ അവതരിപ്പിച്ചു.
ആര്‍ക്കും എതിരഭിപ്രായം ഉണ്ടായില്ല,, മോളെ,, ചെറിയ പ്രായമാണ്,, നിന്റെ തീരുമാനമാണ്,, നിനക്ക് തീരുമാനിക്കാം.
ഇതെല്ലാം ആ ഒരൊറ്റ നിമിഷം കൊണ്ട് ഉണ്ടായ തീരുമാനങ്ങളാണ്. വിധവയ്ക്ക് പറ്റാത്തത് ചെയ്യണം. അങ്ങനെ ആരുടേയും വിധവയായിട്ട് ജീവിച്ചു മരിക്കേണ്ട കാര്യമില്ല,, ഞാന്‍ അതിനു തയ്യാറുമല്ല.
പക്ഷെ ഇക്കാര്യം ഇവിടെ പറഞ്ഞില്ല. പ്രതികരണം എങ്ങനെയാകുമെന്ന് പറയാന്‍ പറ്റില്ല. തല്ക്കാലം കുറച്ചു ദിവസം വീട്ടില്‍ പോയി നില്ക്കാന് എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് പോയി. അവിടെ ചെന്ന് മാട്രിമോണിയിലും ബ്രോക്കറെയും ഒക്കെ കണ്ടു.
ഒരു പ്രതികാരം എന്നപോലെ ആ വാക്ക് ഉള്ളില്‍ കിടന്നു നീറുകയാണ്. അവരും സ്ത്രീയല്ലേ,, സ്ത്രീയ്ക്ക് ശാപം സ്ത്രീ തന്നെയാണ് എന്ന് വീണ്ടും വീണ്ടും വീണ്ടും തെളിയുന്നു. അതിനു കാലഘട്ടത്തിന്റെ മാറ്റമില്ല. ഇക്കാര്യത്തില്‍ എല്ലാവരും ഒരേപോലെയാണ്.
ബോറക്ക്രോട് പറഞ്ഞ് രണ്ടാം നാള് ആലോചന വന്നു. വന്നു കാണട്ടെ എന്ന് ചോദിച്ചു. ഇതൊരു മോമാന്റ്റ് ആണ്. നല്ലത് മാത്രം വരട്ടെ എന്ന് പറഞ്ഞ് ആളോട് വരാന്‍ പറഞ്ഞു.
ആദ്യത്തെ കല്യാണം ഏഴാമത്തെ പെണ്ണ് കാണലിലാണ് നടന്നത്. ആള് വന്നു കണ്ടു,, നല്ലൊരു ജെന്റില്‍ മാന്‍. തന്റെതല്ലാത്ത കാരണം കൊണ്ട് ഭാര്യ നഷ്ടപ്പെട്ട ഒരാള്‍.
പക്ഷെ പറഞ്ഞ് വന്നപ്പോള്‍ ഒരു വയസ്സ് കുറവാണ്. ആള്‍ക്ക് അതൊരു കുഴപ്പമായിരുന്നില്ല. അര മണിക്കൂറോളം സംസാരിച്ചു. കുറച്ചോക്കെ മനസ്സിലാക്കാന്‍ പറ്റി. അത് പോരാ,, എനിക്ക് കുറച്ചു ടൈം വേണമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങി.
ഇതെവിടെ വരെ പോകുമെന്ന് നോക്കണം.എന്നിട്ട് തീരുമാനിക്കാം. ഇനി വേറെ ആരെയും തല്ക്കാലം കൊണ്ട് വരണ്ട എന്ന് ബ്രോക്കറോട് പറഞ്ഞിട്ട് ഞാന്‍ വീണ്ടും അങ്ങോട്ട് തിരിച്ചു പോയി.
അനിയനും ഭാര്യയും അവരുടെ മധുവിധു നാളുകള്‍ ആഘോഷിക്കുമ്പോള്‍ ഞാന്‍ പുതിയൊരു പ്രണയത്തിന് തിരികൊളുത്തുകയായിരുന്നു.
അവരുടെ മുന്നില്‍ വച്ച് ആകുന്നപോലെ എന്നെ അപമാനിക്കാന്‍ അമ്മായിയമ്മ ശ്രമിച്ചു കൊണ്ടെയിരുന്നു. ഒന്നും മിണ്ടാതെ ഞാന്‍ കേട്ട് നിന്നത് ഒരു ഷോക്ക് കൊടുക്കാന്‍ വേണ്ടി തന്നെയാണ്.
ഇടയ്ക്ക് അനിയന് നന്നായി ഒച്ചയുണ്ടാക്കും. അമ്മയ്ക്ക് അതൊക്കെ പുല്ലു വിലയാണ്. എന്നെ മാറ്റാന്‍ നിന്റെ അച്ഛന് വിജാരിച്ചിട്ടു പറ്റിയില്ല പിന്നെയല്ലേ നീ എന്ന് അവനോട് മുഖത്ത് നോക്കി പറയും.
പെണ്ണിനും ഇടയ്ക്ക് ഭയങ്കര വിഷമമാണ്,, അമ്മയുടെ ഈ പെരുമാറ്റം.. ചേച്ചി വിഷമിക്കല്ലേ എന്നൊക്കെ അവള് ഇടയ്ക്ക് വന്നു പറയും. അവന് മിണ്ടാന്‍ തന്നെ മടിയാണ്.
ഞാന്‍ നൊന്ത് ജീവിക്കുമ്പോള്‍ എന്റെ മുന്നില്‍ സന്തോഷത്തോടെ ജീവിക്കാന്‍ അവനെന്നും മടിയാണ്. അവനൊരു നല്ല മനുഷ്യന് ആണ്. അതുകൊണ്ട് തന്നെ അവന് നല്ലൊരു ജീവിതവും കിട്ടും,, കിട്ടട്ടെ,, നന്നായി ജീവിക്കട്ടെ.
വന്നു കണ്ടവന് പിടിച്ച പിടിയാലെ എന്നെ വിഴുങ്ങാന്‍ നോക്കി. ആള്‍ക്ക് അത്യാവശ്യം ആവേശം കൂടുതലാണ്,, എന്നാലും കാര്യ ഗൗരവവും ഉണ്ട്,, ആള് തീരെ മോശമല്ല.
ആ പ്രണയം പൂവിട്ടപ്പോള്‍ മുതല്‍ അമ്മായിയമ്മ എന്നെ ഫോക്കസ് ചെയ്യുന്നുണ്ട്. ഇത്രയും കുത്തി കീറിയിട്ടും ഞാന്‍ ഒരു തരത്തിലും പ്രതികരിക്കാത്തത് അതിനെന്തോ കാര്യമുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലായി.
അതിനു ശേഷം അവരെന്റെ പുറകീന്ന് മാറിയില്ല. കാലം പുരോഗമിച്ചപ്പോള്‍ രാത്രി കണ്ടുകൊണ്ടു മിണ്ടാനുള്ള വിദ്യ ഫോണില്‍ ഉണ്ടെന്ന് ആ തള്ളയ്ക്ക് അറിയില്ല.
ഹഹ,, ഞ ഏകദേശം തീരുമാനിച്ചു. കുറച്ചു ദിവസം വീട്ടില്‍ പോയി നിക്കണമെന്ന് പറഞ്ഞ് ഞാന്‍ വീണ്ടും വീട്ടില്‍ പോയി. പോയ ശേഷം അച്ഛനെ കൊണ്ട് വിളിപ്പിച്ചു.
അവള്‍ക്ക് മറ്റൊരു ജീവിതം നോക്കുകയാണ്.. ഇനി ആ വിധവാ പട്ടം വേണ്ട..
അമ്മ ആദ്യം അടുത്തില്ല. പിന്നെ കയറില്‍ തൂങ്ങിയ നിലയില്‍ മകളെ കാണാന്‍ വയ്യാത്തത് കൊണ്ട് അവസാന നിമിഷം സമ്മതിച്ചു.
ജീവിതം ആര്‍ക്ക് വേണ്ടിയും ഹോമിച്ചു കളയരുത്. അത് സ്വന്തം ജീവിതമാണ്. ചുറ്റുപാടില്‍ നിന്നും സന്തോഷം കണ്ടെത്തുക. സുഖമായി ജീവിക്കുക. ഒരു മുഹൂര്‍ത്തം നിശ്ചയിച്ച് ഈ കല്യാണം നടത്തും.