ഉമ്മ
രചന: Navas Amandoor
വിസയും പത്ത് പവനും കിട്ടുന്ന കേസ് ആയത് കൊണ്ട് മാത്രം ഇഷ്ടം നോക്കാതെ റഷീദ് കല്യാണത്തിന് സമ്മതിച്ചു. പുതുമകൾ പൂത്തുലഞ്ഞ മനോഹര ദിവസങ്ങൾ. ഐഷ റഷീദിന്റെ പെണ്ണായി ആ നെഞ്ചിൽ ഉറങ്ങി ഉണർന്നു കൊതി തീരും മുൻപേ മാരൻ ദുബായിലേക്ക് പറന്നു.
അതിന് ശേഷമാണ് വയറിൽ ജീവന്റെ തുടിപ്പ് ഐഷാ അറിഞ്ഞത്. മാരന്റെ ചെവിയിൽ നാണത്തോടെ പറയാനും ചക്കര ഉമ്മ കിട്ടാനും ഭാഗ്യമില്ലാത്ത പ്രവാസിയുടെ ഭാര്യ. മാസത്തിൽ ഒരു എഴുത്ത് വല്ലപ്പോഴും അടുത്ത വീട്ടിലേ ലാൻഡ് ഫോണിൽ വരുന്ന വിളിയും കാത്ത് ഇരുന്നു. ഐഷാ സമീറിന് ജന്മം നൽകി.
ഉമ്മയും മോനും വാപ്പയുടെ വരവിനായി കാത്തിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞപ്പോൾ എഴുത്തും വിളിയും ഇല്ലാതെയായെങ്കിലും അവരുടെ കാത്തിരിപ്പിൽ മാറ്റം ഉണ്ടായില്ല.
സമിറിന് അഞ്ച് വയസ്സായി. ഓത്തിനും സ്കൂളിലും ചേർത്തു. ആ സമയത്താണ് പള്ളി കമ്മറ്റിയിൽ നിന്നും റഷീദ് ഐഷയെ മൊഴി ചൊല്ലിയ പേപ്പർ കൊണ്ട് കൊടുത്തത്.
റഷീദിന് ദുബായിൽ നിന്നും കിട്ടിയ ക്യാഷിനും പവറിനും ചേർന്ന പെണ്ണല്ല ഐഷാ എന്നൊരു തോന്നൽ. പത്രാസ്സിന് ചേരാത്ത പെണ്ണിനെ ഒഴിവാക്കി വേറെ നിക്കാഹ് ചെയ്യണം.
ഉമ്മാനെ മൊഴി ചൊല്ലി വീട്ടിൽ വന്ന വെള്ള കടലാസാണ് അന്ന് മുതൽ സമീറിന്റെ വാപ്പ.
“ചെക്കനെ പറ്റി പറയാൻ ഇത്രയുള്ളൂ. ഇപ്പൊ സ്വന്തമായി ഒരു ഹോട്ടൽ ഉണ്ട്. ഉമ്മയാ അവനെ ജീവിക്കാൻ പഠിപ്പിച്ചത്.ഉമ്മയുടെ മകനായി അവൻ വളർന്നു. ”
പെണ്ണിന്റെ വാപ്പയോട് ബ്രോക്കർ കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് കൊടുത്തു അവരുടെ മറുപടിക്കായി കാത്ത് നിന്നു.
“”എന്തായാലും പയ്യൻ വന്ന് കാണട്ടെ. “മതിലിൽ പെയിന്റ് നിറം മാറ്റി അടിക്കാൻ പൂപ്പൽ ഉരച്ചു കഴുകി നിന്ന പണിക്കാരന്റെ കണ്ണുകളിൽ ഇതൊക്കെ കേട്ട് കണ്ണീർ നിറഞ്ഞത് അയാൾ സമീറിന്റെ ബാപ്പ ആയത് കൊണ്ടാണെന്ന് അയാൾക്കല്ലെ അറിയു. ആ കണ്ണീർ മരണം വരെ തോരില്ല.
കണ്ടിട്ടില്ല മോനെ. ചോദിച്ചില്ല ഒരിക്കൽ പോലും. കുറേ ക്യാഷ് കൈയിൽ വന്നപ്പോൾ എല്ലാം മറന്നുപോയി. വഴി ഉണ്ടാക്കിയവരെ മറന്നു. വഴി കാണിച്ചു തന്നവരെ മറന്നു. കൈ പിടിച്ചു ഹലാൽ ആക്കി തന്ന ഇണയെ മറന്നു.
സ്വന്തം ചോരയിൽ ജനിച്ച മകനെ മറന്നു.അവസാനം സ്വയം മറന്നു ഇല്ലാതെയായി.മറന്നതല്ലാം ഓരോന്നായി മനസ്സിൽ പുനർജനിച്ചാലും ഒന്നും തിരികെ കിട്ടില്ല.
ദുബായിൽ തുടങ്ങിയ ബിസ്സിനസ്സ് പൊളിഞ്ഞു നാട്ടിൽ വന്ന് ഇറങ്ങിയ നേരം ഒന്നും പോയി കാണാൻ തോന്നിയിരുന്നു ഐഷായെയും മോനെയും. പോയില്ല. ഉണ്ടായ സ്വത്ത് സ്വന്തം പേരിൽ എഴുതി
വാങ്ങി ഭാര്യയും അവളുടെ വീട്ടുകാരും ആട്ടി ഓടിച്ച നേരത്തും ഐഷയെ ഓർത്താതാണ്. എല്ലാം നശിച്ചു ഒറ്റക്കായ നേരം ആരോടും പരാതി പറഞ്ഞില്ല.
“അവനെ കാണണം. ഐഷയോട് മാപ്പ് പറയണം. “അയാൾ അത് മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് അന്ന് പണി നിർത്തി പോയത്.
“കാണുമ്പോൾ വാപ്പയാണ് എന്ന് അറിഞ്ഞാൽ അവൻ ഓടി വരും കെട്ടി പിടിക്കും. ഐഷാ കണ്ണീരോടെ നോക്കി നിൽക്കും. മാപ്പ് പറയണം ഉമ്മയോടും മോനോടും.. ചിലപ്പോൾ അവർ ചീത്ത പറഞ്ഞ് ആട്ടി ഇറക്കിയാലോ…. ?”
പിറ്റേന്ന് തന്നെ സമീറിന്റെ ഹോട്ടൽ തേടിപ്പിടിച്ചു അവനെ തിരഞ്ഞ് അവിടെ എത്തി.”സമീർ പള്ളിയിൽ ഉണ്ടാവും ”
പള്ളിയിൽ നിസ്ക്കാരം കഴിഞ്ഞ് കൈ ഉയർത്തി പടച്ചവനോട് പ്രാർത്ഥിക്കുന്ന സമീറിനെ കുറേ നേരം റഷീദ് നോക്കി നിന്നു.”മോനെ……… “”ആരാ… “”ഞാൻ…. ഞാൻ നിന്റെ വാപ്പയാണ്. ”
“വാപ്പയോ…. “അവൻ അയാളെ നോക്കി പരിഹസിച്ച് ചിരിച്ചു. ആ ചിരിയിൽ അയാളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
“എന്റെ വാപ്പയെ ഞാൻ അലമാരയിൽ പൂട്ടി വെച്ചിട്ടുണ്ട്. എന്റെ ഉമ്മയെ മൊഴി ചൊല്ലിയ ആ വെള്ളപേപ്പർ അതാ എന്റെ വാപ്പ. ”
“മോനെ വാപ്പയോട് ക്ഷമിക്ക്. “”മിണ്ടരുത് നിങ്ങൾ. എനിക്ക് വാപ്പയില്ല. “കുറച്ച് നേരം മിണ്ടാതെ നിന്ന് അവൻ പള്ളിയിൽ നിന്നും പുറത്ത് ഇറങ്ങി. അയാളും അവന്റെ പിന്നിലൂടെ നടന്നു പള്ളിയുടെ പടികൾ ഇറങ്ങി ഉറക്കാത്ത കാലടികളോടെ.
“നിങ്ങക്ക് അറിയോ… എന്റെ ഉമ്മയെ ചിരിച്ചു ഞാൻ കണ്ടിട്ടില്ല. എപ്പോഴും നിറഞ്ഞ കണ്ണുകൾ. എനിക്ക് പലവട്ടം തോന്നിയിട്ടുണ്ട് ഞാൻ ഇല്ലായിരുന്നങ്കിൽ അന്നേ എന്റെ ഉമ്മ ജീവിതം അവസാനിപ്പിക്കുമായിരുന്നുന്ന്. എന്നിട്ട് ഇപ്പൊ വർഷങ്ങൾ കഴിഞ്ഞിട്ട് മോനെ തേടി ഒരു വരവ്. ”
“മോനെ സംഭവിച്ചു പോയി. തെറ്റാണ് ചെയ്തതല്ലാം. നിന്റെ ഉമ്മയെ മൊഴി ചൊല്ലിയ എന്നിൽ ഉണ്ടായ പടച്ചോന്റെ ശാപം കൊണ്ടാണ് ഞാൻ പെരുവഴിയിൽ നിക്കുന്നത്. ”
“നിങ്ങൾക്ക് പോകാം.. എനിക്ക് ഇനി ഒരു വാപ്പയെ ആവശ്യമില്ല. ആഗ്രഹിച്ചിട്ടുണ്ട് പെട്ടികൾ അടുക്കി വെച്ച് കെട്ടി കാറിൽ നിന്നും ഇറങ്ങി വരുന്ന വാപ്പയെ. രാത്രിയിൽ നെഞ്ചിൽ കിടത്തി ഉറക്കുന്ന വാപ്പയെ മോഹിച്ചിരുന്നു ഞാൻ. ഇപ്പൊ എനിക്ക് ഉമ്മയുണ്ട് അത് മതി. ”
തിരിച്ചു പറയാൻ വാക്കുകളില്ല. കൈയിൽ ഉള്ളതാല്ലം നഷ്ടപ്പെട്ട് തെരുവിൽ അന്തിയുറങ്ങിയ നേരത്ത് പോലും നെഞ്ചു പൊട്ടി പോയിട്ടില്ല. ഇപ്പൊ അവന്റെ മുൻപിൽ പടച്ചവൻ ഈ ജീവൻ എടുക്കട്ടേ എന്ന് തോന്നിപോകുന്നു.
“എനിക്ക് ഐഷായെ കാണണം. മാപ്പ് പറയണം. ഉമ്മ പറഞ്ഞാൽ നീ അനുസരിക്കും എന്നെ വാപ്പയെന്ന് വിളിക്കും. ”
“ഉമ്മ പറയാറുണ്ട് നിങ്ങള് മൊഴി ചൊല്ലിയത് ഉമ്മയെയാണ്. ഞാൻ നിങ്ങളുടെ മകനാണ്. രക്തബന്ധം മുറിക്കാൻ കഴിയില്ല എന്നൊക്കെ… അന്നും ഇന്നും എനിക്ക് ഒറ്റ മറുപടി യുള്ളൂ… ‘എന്റെ വാപ്പ ആ വെള്ള കടലാസാണ് ”
വീണ് പോകാതിരിക്കാൻ അയാൾ ഭൂമിയിൽ ശക്തമായി ചവിട്ടി നിന്നു. മരിച്ചു മണ്ണായാലും റൂഹ് കരയും.ഈ തെറ്റിന് ഇത്ര നാൾ അനുഭവിച്ച ശിക്ഷയൊന്നും പോരാതെ വരും.
“മോനെ ഒരു വട്ടം നിന്റെ ഉമ്മയെ ഒന്ന് ഞാൻ കണ്ടോട്ടെ. പിന്നെ ഒരിക്കലും വരില്ല നിങ്ങളുടെ മുൻപിൽ ”
കരച്ചിലിൽ ഇടകലർന്ന വാപ്പയുടെ തേങ്ങുന്ന യാചനയോടെയുള്ള വാക്കുകൾ അവന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി.
പള്ളി കാട്ടിൽ നിന്നും വന്ന ഇളം തെന്നൽ സമീറിനെ തഴുകി കടന്ന് പോയി. അവൻ വാപ്പയുടെ അരികിൽ വന്ന് നിന്നു.
“ഉമ്മ പറഞ്ഞാൽ നിങ്ങളെ ഞാൻ വാപ്പയെന്നു വിളിക്കാം. പോയി പറഞ്ഞോ മാപ്പ് ”
പറയാൻ കിട്ടാതെ വിക്കി വിക്കി അയാളുടെ കൈ പിടിച്ചു പള്ളികാട്ടിലെ രണ്ടറ്റവും മൈലാഞ്ചി ചെടി വളർന്നു നിൽക്കുന്ന ഖബറിന്റെ അടുത്ത് കൊണ്ട് വന്ന് നിർത്തി.
“ഉമ്മ… ഉമ്മ പറയാറില്ലേ ഒരീസം എന്നെ തേടി എന്റെ വാപ്പ വരുമെന്ന്. വന്നു…. ഉമ്മാ…വന്നു.. നോക്ക് ”
സമീർ പള്ളി കാട്ടിൽ നിന്നും നടന്ന് പോയത് റഷീദ് കണ്ടില്ല. അയാൾ കണ്ണുകളിൽ സ്നേഹിച്ചും കൂടെ നിന്നും കൊതി മാറും മുൻപേ യാത്ര പറഞ്ഞ ഭർത്താവിനെ കണ്ണീരോടെ യാത്രയാക്കിയ ഐഷയായിരുന്നു.
ഖബറിന്റെ മുകളിൽ ഇറ്റു വീഴുന്ന റഷീദിന്റെ കണ്ണീർ തുള്ളികൾക്ക് പോലും ആവില്ല അതിന്റെ ഉള്ളിൽ കിടക്കുന്ന ഐഷയുടെ ഖൽബിലെ നീറുന്ന വേദനയെ തണുപ്പിക്കാൻ.