രചന: Pratheesh
എന്നെ വിവാഹം കഴിക്കാൻ വരുന്ന ആൾക്ക് മുൻഭാര്യയിൽ രണ്ടു മക്കളുണ്ടെന്നും അയാൾക്ക് എന്നെക്കാൾ ഇരട്ടിയിലധികം വയസ്സുണ്ടെന്നും എനിക്കറിയാമായിരുന്നു,
കാഴ്ച്ചയിൽ വ്യക്തമായ പ്രായവ്യത്യാസം തോന്നിക്കുമെന്നു ഉറപ്പുണ്ടായിരുന്നിട്ടു പോലും ഞാൻ എതിർത്തില്ല,
എനിക്കറിയാം അയാളുടെ ആവശ്യം
ആ കുട്ടികളെ നോക്കാനും അവരെ പഠിപ്പിക്കാനും വിദ്യാഭ്യാസമുള്ള ഒരാളെയും അതിന്റെ കൂടെ അയാളുടെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ ഒരു ശരീരവുമാണ് അയാൾക്കു വേണ്ടതെന്ന്,
അയാൾ സിങ്കപ്പൂർ ആയതു കൊണ്ടാണ് ഞാനും ഈ വിവാഹത്തിനു സമ്മതിച്ചത്, കാരണം ഇതു വരെ ഞാൻ അനുഭവിച്ച ഭയപ്പാടുകളിൽ നിന്ന് എനിക്കൊരു രക്ഷപ്പെടൽ ആവശ്യമായിരുന്നു,
അപമാനത്തിന്റെ തീച്ചുളയിൽ വെന്തുരുകയായിരുന്നു ഞാനിതുവരെ,
അതു കൊണ്ടു തന്നെ അവർക്കു മുന്നിൽ സ്വമേധയാ ഞാൻ കഴുത്തു നീട്ടി കൊടുത്തു,
പുതിയ ജീവിതം തുടങ്ങാൻ മണിയറയിൽ ഞാനയാളുടെ വരവും കാത്തിരിക്കുകയാണ്,
അൽപ്പസമയത്തിനകം അവർ വരും,അന്നേരമാണ് കഴിഞ്ഞതെല്ലാം ഞാനൊന്നു കൂടി ഒാർത്തത്,
എന്തൊക്കെ ആഗ്രഹങ്ങളായിരുന്നു എന്നാലവയെല്ലാം കൈയെത്തും ദൂരത്തുണ്ടായിരുന്നു എന്നിട്ടും അവയെല്ലാം കാറ്റിൽ പറന്നു പോയി,
വിരലിലെണ്ണാവുന്നവർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്,
എങ്ങിനെ നടക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു എല്ലാം വിധിയുടെ കുത്തൊഴുക്കിൽ വഴിമാറിപ്പോയി,
അച്ഛന്റെയും അമ്മയുടെയും ഏകമകൾ,
ആഗ്രഹിക്കുന്നതെല്ലാം വാങ്ങി തരാൻ മത്സരിക്കുന്ന ഒരച്ഛനും അമ്മയും,
എല്ലാ സൗകര്യങ്ങളും എനിക്കുണ്ടായിരുന്നു,
ഏറ്റവും വലിയ ലാളനയിലാണ് ഞാൻ വളർന്നത്,
എന്നാൽ അവനെ കാണാൻ തുടങ്ങിയതു മുതൽ അവൻ മാത്രമായിരുന്നു മനസിൽ,
എന്റെ സ്വന്തബന്ധങ്ങളെക്കാൾ
ഏറെ ഞാനവനെ സ്നേഹിച്ചു,
എറ്റവും സുന്ദരമായ മുഖം,
തേൻപുരണ്ട വാക്കുകൾ,
കുഴപ്പമില്ലാത്ത ജോലി,
നല്ല വസ്ത്രധാരണം,
വശ്യമായ പുഞ്ചിരി,
വലിയ വീട്,
യാത്ര ചെയ്യാൻ
സ്വന്തമായി കാറും ബൈക്കും,
ചിലവഴിക്കാൻ ഇഷ്ടം പോലെ പണം,
ഏതൊരു പെണ്ണും
വീണു പോയേക്കാവുന്ന അവസരം,
ഈ പറഞ്ഞതെല്ലാറ്റിനും മുന്നിൽ
ഞാനും വീണു,
പ്രണയത്തിന്റെ വിശ്വാസ്യത ഉറപ്പിക്കാനായി അവന്റെ വീട്ടിൽ ആളില്ലാത്ത അവസരങ്ങളിൽ ഞങ്ങൾ പലപ്പോഴും ഒത്തു ചേർന്നു,
“നീ എന്നായാലും
ഈ വീട്ടിലേക്കു തന്നെ വരേണ്ടവളല്ലെ “എന്ന അവന്റെ തേൻ പുരട്ടിയ വാക്കുകൾ എനിക്കു എല്ലാറ്റിനുമുള്ള ധൈര്യം നൽകി അതോടെ അവനു മുന്നിൽ എന്റെ ശരീരത്തിന്റെ സുരക്ഷാവലയങ്ങളായ വസ്ത്രങ്ങൾ ഒരോന്നായ് അടർന്നു വീണു,
നമ്മുടെ ഹണിമൂൺ കുളു, മണാലി, സിംല എന്നിവിടങ്ങളിലായി ഒരു മാസത്തോള്ളം നമുക്കാഘോഷിക്കണം എന്ന അവന്റെ ചുംബനം ചാർത്തിയുള്ള വാക്കുകളിൽ മയങ്ങി,
ഞാനവനെ പൂർണ്ണമായും വിശ്വസിക്കുന്നു എന്നു കാണിക്കാൻ പിറന്നപടി അവനു മുന്നിൽ അവന്റെ എല്ലാ പേക്കൂത്തുകൾക്കും നിർഭയം നിന്നു കൊടുത്തു,
അവന്റെ ആ സമയത്തെ സന്തോഷങ്ങൾക്കു വേണ്ടി പൂർണ്ണമായും നിലക്കൊള്ളുകയും സഹകരിക്കുകയും ചെയ്തു,
എന്നാൽ ഞങ്ങളെ കൂടാതെ മൂന്നാമതൊരാൾ കൂടി ഇതെല്ലാം കാണുന്നുണ്ടായിരുന്നെന്ന് എനിക്കപ്പോൾ അറിയില്ലായിരുന്നു,
അടുത്ത ഇര അവന്റെ വലയിൽ കുടുങ്ങിയപ്പോൾ അവൻ എന്നോടു പറഞ്ഞ വാക്കുകളും സ്നേഹവും എല്ലാം കാറ്റിൽ പറന്നു,
തുടർന്ന് അവനോടതിനെ ചൊല്ലി വഴക്കടിച്ചപ്പോൾ ഞാനും അവനും തമ്മിൽ രഹസ്യമായി ചെയ്തതെല്ലാം ഒപ്പിയെടുത്ത
ആ മൂന്നാമനെ വാട്ട്സാപ്പ് വഴി അവൻ എന്റെ ഫോണിലെക്ക് അയച്ചു തന്നു,
അവനയച്ചു തന്ന എല്ലാ തുണ്ടു വീഡിയോകളിലും പരിപ്പൂർണ്ണ നഗ്നയായ ഞാനും കഴുത്തിനു താഴോട്ടു മാത്രമുള്ള അവന്റെ നഗ്നശരീരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ,
അതു കണ്ടതും ഞാൻ ഞെട്ടി,ആ മൂന്നാംക്കണ്ണ് എല്ലാം കൃത്യവും വ്യക്തവുമായി പകർത്തിയിരുന്നു,
മനപ്പൂർവ്വം ചതിക്കപ്പെടുകയായിരുന്നു എന്നു മനസിലാക്കിയതും ഞാനാകെ തകർന്നു പോയി,
അപകടം മനസിലാക്കി അതു വരെ അവനുമായുണ്ടായിരുന്ന എല്ലാ ബന്ധങ്ങളും ഞാൻ അവസാനിപ്പിച്ചു,
പക്ഷെ അതു കൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല,
എന്റെ കല്യാണം ഉറപ്പിക്കാൻ പോകുകയാണെന്ന് എങ്ങിനയോ മനസിലാക്കിയ അവൻ പിന്നെയും വിളിച്ച് കൂടെ ചെല്ലണമെന്നു പറഞ്ഞു ശല്യപ്പെടുത്തി,
അതിനു പക്ഷെ ഞാൻ തയ്യാറല്ലായിരുന്നു
എന്നെ ഭയപ്പെടുത്താൻ ഉപയോഗപ്പെടുത്തും എന്നല്ലാതെ അവൻ ആ വീഡിയോ ക്ലിപ്പുകൾ പരസ്യപ്പെടുത്തി എന്നെ തേജോവധം ചെയ്യില്ലെന്നു കരുതിയ എനിക്കു അവിടെയും തെറ്റി,
അവൻ വിളിച്ചിട്ടു ചെല്ലാത്തതിന്റെ പ്രതികാരമായി അവനെന്റെ എൻഗേജ്മെന്റിന്റെ അന്ന് രാവിലെ വാട്ട്സാപ്പിലൂടെ ആ വീഡിയോകൾ എന്നെ കല്യാണം ഉറപ്പിക്കാൻ വരുന്നവനും അവന്റെ തന്നെ ചില കൂട്ടുക്കാർക്കും അയച്ചു കൊടുത്തു,
ആ കൂട്ടുക്കാർ മുൻപിൻ നോക്കാതെ ശരവേഗത്തിൽ തന്നെ മൊബൈൽ ഉള്ള സകല കൈകളിലെക്കും അതു കൈമാറ്റം ചെയ്തതോടെ ഒറ്റ നിമിഷം കൊണ്ട് എല്ലാം മാറി മറിഞ്ഞു,
പ്രണയത്തിന്റെയും, സ്നേഹത്തിന്റെയും, വിശ്വാസത്തിന്റെയും ഒക്കെ പേരിൽ ഞാൻ ചെയ്തു കൂട്ടിയതെല്ലാം ജീവിതത്തിൽ എനിക്കു തന്നെ തിരിച്ചടികളായി,
അതോടെ സ്വപ്നം കണ്ടിരുന്ന സന്തോഷകരമായ ഒരു ജീവിതത്തിന്റെ അന്ത്യം കുറിക്കപ്പെട്ടു,
നാട്ടുകാർക്കും വീട്ടുകാർക്കും കുടുംബകാർക്കും മുന്നിൽ ഒറ്റ നിമിഷം കൊണ്ട് ഞാൻ വഴിപിഴച്ചവളും വേശ്യയുമായി,
എന്റെ കുടുംബത്തിനും ഞാൻ കാരണം ചീത്ത പേരായി,
എന്തിന്റെ പേരിലായാലും
ഇതു പോലെ ഒരു കെണിയിൽപ്പെടുന്ന പെണ്ണിന്റെ അവസ്ഥ പോലെ ഭീകരമായ ഒരു അവസ്ഥ പെണ്ണിനു വേറെയില്ല,
വിശ്വസം അർപ്പിച്ച കൈകൾ തന്നെ ചതി ചെയ്യുമ്പോൾ എന്തു ചെയ്യാനാണ് ?അവൻഒരിക്കലും മനസിലാക്കുന്നില്ല,
എങ്ങാനും പിടിക്കപ്പെട്ടാൽ ആത്മഹത്യയല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന അറിവുണ്ടായിട്ടും അവനോടുള്ള കറകളഞ്ഞ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പുറത്താണ് എന്നെ പോലുള്ളവർ ഇതിനൊക്കെ കൂട്ടു നിൽക്കുന്നതെന്ന്,അവനു അതു മനസിലാവാത്തതല്ല,
ഒരു പെൺക്കുട്ടിയേ
തന്റെ ഹൃദയം കൊണ്ടു സ്നേഹിക്കുന്നവൻ അവളുടെ വസ്ത്രത്തിന്റെ അഴിഞ്ഞു കിടക്കുന്ന ഒരു ഹുക്ക് കണ്ടാൽ അത് കോർത്തിടുന്നവനാണെന്നും,
എന്നാൽ
എത്ര വലിയ സ്നേഹത്തിന്റെ പേരിലാണെങ്കിലും അവളുടെ വസ്ത്രത്തിന്റെ ഹുക്കഴിക്കാൻ ശ്രമിക്കുന്നവൻ,
നമ്മുടെ സ്വന്തം അന്ത:കനാണെന്ന്
നമ്മൾക്ക് മനസിലാവാത്തതാണ് ”
ഒരു പെൺക്കുട്ടിയെ
തന്റെ ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന ഒരുവൻ അവളുടെ ശരീരത്തെ മാത്രമാണു സ്നേഹിച്ചിരുന്നത് എന്നാണ് പൊതുവേ പറയുക,
എന്നാൽ സത്യത്തിൽ അവൻ അവളുടെ ശരീരത്തെയാണോ സ്നേഹിക്കുന്നത് ?അങ്ങിനെയെങ്കിൽ
എന്തിനവളെ ഉപേക്ഷിക്കുന്നു ?
അവളിൽ ഇപ്പോഴും ആ ശരീരമില്ലെ ?സത്യം എന്താണെന്നു വെച്ചാൽ,
ചില ആണുങ്ങൾ നമ്മളെയാണു സ്നേഹിക്കുന്നതെന്നു നമ്മൾക്ക് വെറുതെ തോന്നുന്നതാണ്
അങ്ങിനെയുള്ളവൻ സ്നേഹിക്കുന്നത് നമ്മളെയോ നമ്മുടെ ശരീരത്തെയോ അല്ല,
സത്യത്തിൽ അവൻ സ്നേഹിക്കുന്നത് അവന്റെ സ്വന്തം #ലിംഗത്തെ ” മാത്രമാണ്,
തന്റെ ലിംഗത്തിന്റെ സുഖമമായ
സഞ്ചാരത്തിനും അതിനെ ഉദീപിക്കാനും തൃപ്തിപ്പെടുത്താനും അതു വഴി അവനു ലഭിക്കുന്ന പരമമായ സുഖത്തിനും സന്തോഷത്തിനും ആനന്ദത്തിനും വേണ്ടി മാത്രമാണ് അവനു പെണ്ണ് ”
ഏക മകളുടെ കാമകേളികൾ പുറത്തറിഞ്ഞതിന്റെ അന്നു രാത്രി ജീവിതത്തിലെ മറ്റൊരു ദുരന്തമായി എന്റെ അച്ഛനും ആത്മഹത്യ ചെയ്തു,
അതോടെ ഒന്നു തേങ്ങാൻ പോലുമാവാതെ എന്റെ ഉള്ളിലെ പ്രാണൻ വിറങ്ങലിച്ചു പോയി,
മരിച്ചു കിടക്കുന്ന അച്ഛനെ കാണാൻ വന്ന സകലരുടെയും നോട്ടം എന്നിലായിരുന്നു
ഇവളെല്ലാം ഒരു പെണ്ണ് ? എന്നതായിരുന്നു ആ നോട്ടത്തിന്റെയെല്ലാം അർത്ഥം..!
മരണപ്പെട്ടു കിടക്കുന്ന അച്ഛന്റെ അടുത്ത് മറ്റുള്ളവരെ ഭയപ്പെട്ട് കണ്ണുകൾ ഇരുക്കിയടച്ചാണ് ഞാനിരുന്നത് ഒരിക്കൽ പോലും കണ്ണുകളൊന്നു തുറക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല,
എന്നാൽ അന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം
അമ്മ എന്നെ ചേർത്തു പിടിക്കുകയും വലുതായൊന്നും പറയുകയും ചെയ്തില്ല എന്നതാണ്,
അതു പോലെ എന്റെ
അമ്മയുടെ ആങ്ങളമാരും എന്നെ
ഞാൻ സ്നേഹിച്ചവൻ ചതിച്ചതാണെന്നു മനസിലാക്കി എന്റെ കൂടെ നിന്നു,
എന്നാൽ
നാട്ടിലൊന്നു തല കാണിക്കാനാവാത്ത വിധം എന്റെ വിധി മാറി പോയിരുന്നു, അന്നു തൊട്ട് പുറത്തിറങ്ങാൻ കഴിയാത്തവിധം ഞാൻ ഒരു മുറിയിൽ തളക്കപ്പെട്ടു,
പലർക്കും എന്നെ അവർക്കു കൂടി കിട്ടുമോ എന്നായിരുന്നു അറിയേണ്ടിയിരുന്നത്,
പിന്നീട് ഇതൊന്നും അറിയാതെ എനിക്കു വന്ന കല്യാണ ആലോചനകൾ എല്ലാം നാട്ടുകാർ തന്നെ മുടക്കി,
കുറെ സഹിച്ച ഞങ്ങൾ പിന്നെ കുറച്ചെങ്കിലും സ്വസ്ഥത തേടി ജനിച്ച നാടു വിട്ട് മറ്റൊരു നാട്ടിലെത്തി,
പല സ്ഥലത്തും ജോലി ചെയ്തു ചിലർ എന്നെ തിരിച്ചറിയാൻ തുടങ്ങുമ്പോൾ ഉണ്ടായിരുന്ന പല ജോലികളും പിന്നെയും വിട്ടു മാറേണ്ടി വന്നു,
മണ്ണിൽ വന്നടിയുന്ന പ്ലാസ്റ്റിക്ക് പോലെയാണ് വീഡിയോകൾ, പിന്നീടൊരിക്കൽ പോലും അവക്ക് നാശമില്ല,അമ്മ കൂടെയുണ്ടായിരുന്നതു കൊണ്ട് പിന്നെയും ഞാൻ പിടിച്ചു നിന്നു,
അങ്ങിനെ അവസാനം വന്നതാണ് ഇപ്പോഴത്തെ ആളുടെ കല്യാണ ആലോചന അയാളോട് കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ അയാൾക്കും അതത്ര പ്രശ്നമല്ലായിരുന്നു,
അത്രയൊന്നും ഭംഗിയില്ലാത്ത,
നാൽപ്പതു വയസ്സിലധികം പ്രായമുള്ള ഒരാൾക്ക് കാഴ്ച്ചയിൽ സുന്ദരിയായ ഇരുപതു വയസുള്ള ഒരു ചെറുപ്പം പെണ്ണിനെ കിട്ടുക എന്നു വെച്ചാൽ,
അത് ഇതു പോലെയുള്ള ഒരാളെയായിരിക്കും എന്നയാൾക്കും മനസിലായിട്ടുണ്ടാവണം,
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് പഴയ ഒാർമ്മകളിൽ നിന്നു ഞാനുണർന്നത്,
നോക്കുമ്പോൾ അമ്മയാണ്,
അമ്മക്കറിയാം സ്വന്തം സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ടു പോയ ഒരു പെൺക്കുട്ടിയുടെ അവസ്ഥ, അതു കൊണ്ടു തന്നെ
” എല്ലാം വിധിയായി കണ്ടു സമാധാനിക്കുക ” എന്നു പറഞ്ഞാശ്വസിപ്പിക്കാനാണ് അമ്മ വിളിക്കുന്നത് എന്നെനിക്കറിയാം,
അമ്മയോട് എനിക്കും പറയണം,എല്ലാം നഷ്ടപ്പെടുത്തിയ ശേഷം മാത്രം അതോർത്തു വിഷമിക്കുന്ന ഏക പ്രകൃതിജീവിയാണ് മനുഷ്യനെന്ന് ഇപ്പോൾ എനിക്കറിയാമെന്ന് ”
ഞാൻ ഫോണെടുത്തതും അമ്മ പറഞ്ഞു,നിന്റെ പെട്ടിയുടെ അടിയിലായി ഒരു കവർ ഞാൻ വെച്ചിട്ടുണ്ട്,
നിന്റെ അച്ഛന്റെ ആത്മഹത്യക്കുറിപ്പാണ് ”
പുതിയ ജീവിതം തുടങ്ങും മുന്നേ അതൊന്നു വായിക്കുക,
അതും പറഞ്ഞമ്മ ഫോൺ വെച്ചു,
അതു കേട്ടതും എനിക്കൊന്നു കൂടി പേടിയായി പെട്ടന്നമ്മയുടെ ആ വാക്കുകൾ എന്നിൽ ഞെട്ടലുണ്ടാക്കിയെങ്കിലും പെട്ടന്നു തന്നെ പെട്ടി തുറന്ന് ആ കവറിനുള്ളിലെ കത്ത് ഞാൻ പുറത്തെടുത്തു,
അതു നിവർത്തിയതും അതിൽ രണ്ടു വരിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു,” എന്റെ പാപങ്ങൾ എന്നെ തിരഞ്ഞെത്തിയിരിക്കുന്നു ”
പെട്ടന്നൊന്നും മനസിലായില്ലെങ്കിലും പതിയെ പലതും മുന്നിൽ തെളിയാൻ തുടങ്ങി,
അമ്മ എന്തു കൊണ്ട് എന്നെ വഴക്കു പറയാതെ ചേർത്തു പിടിച്ചു എന്നതടക്കമുള്ള പലതും,
അപ്പോഴെക്കും വീണ്ടും അമ്മയുടെ ഫോൺ വിളി വന്നു ഫോൺ എടുത്തതും അമ്മ പറഞ്ഞു,
എല്ലാം തന്റെ കഴിവാണെന്ന ധാരണയിൽ ചെറുപ്പത്തിന്റെ ആവേശം മൂത്ത് ചതിയിലൂടെ ചെയ്തു കൂട്ടുന്ന ഇത്തരം തിന്മകളുടെ പ്രതിഫലം അവരുടെ പ്രിയപ്പെട്ടവരിലൂടെ കണക്കു തീർക്കാനായിരിക്കും ചിലപ്പോൾ കാലം കാത്തു വെക്കുക,
നമ്മൾ വലിയ മിടുക്കന്മാരാണന്ന് നമുക്ക് വെറുതെ തോന്നുന്നതാണ്,
കാലമെത്ര കഴിഞ്ഞാലും നടന്നു വെട്ടുന്നവനെ വീഴ്ത്താൻ പറന്നു വെട്ടുന്നവൻ അവതരിക്കുക തന്നെ ചെയ്യും,നിനക്കു സംഭവിച്ചിരിക്കുന്നതും അതു പോലെ ഒന്നാണ്,
അവരോട് സംസാരിച്ച ശേഷം
ഈ കത്ത് നീയവർക്കു നൽകുക നാൽപ്പതാം വയസിൽ ഒരാൾ വലിയ ജ്ഞാനി ആയില്ലെങ്കിലും കുറച്ചൊക്കെ അനുഭവ ജ്ഞാനമെങ്കിലും അവർക്ക് ഉണ്ടാകാതിരിക്കില്ല,
അവർ നിന്നെ മനസിലാക്കും,
പിന്നെ രണ്ടാമത്തെ ജീവിതവും എറ്റവും മനോഹരമായി ജീവിച്ചു തീർത്ത ഒരുപാടു പേരുണ്ട് “അതും പറഞ്ഞ് അമ്മ ഫോൺ വെച്ചു,
അമ്മയുടെ ആ വാക്കുകൾ എവിടയൊക്കയോ എന്നിൽ ആശ്വാസം പകർന്നു,കുറച്ചു കഴിഞ്ഞതും അവരും അങ്ങോട്ടു കടന്നു വന്നു,
അതോടെ അമ്മ പറഞ്ഞ രണ്ടാമത്തെ ജീവിതം ജീവിച്ചു തുടങ്ങാൻ ഞാനും പതിയേ തയ്യാറെടുത്തു,ആ അച്ഛന്റെ ആത്മഹത്യക്കുറിപ്പ് നമ്മളെ പലതും ഒാർമ്മപ്പെടുത്തുന്നുണ്ട്,
ആരും ചതിച്ചാലും, വഞ്ചിച്ചാലും,
ആരുടെ പാപത്തിന്റെ പരിണിതഫലമായാലും അതു നമ്മുടെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞാൽ അതനുഭവിക്കേണ്ടി വരുക നമ്മളാണ്,
നമ്മൾ സ്വയം സൂക്ഷിക്കുക എന്നതു മാത്രമാണ് അതിനൊരു പോംവഴി,ഇതിൽ നിന്നു മറ്റൊരു കാര്യം കൂടി വ്യക്തമാണ്,
സ്വന്തം പെൺമക്കൾ വളർന്നു വന്നതോടെ ആയക്കാലത്ത് പലരും അവർ അന്ന് ചെയ്തു കൂട്ടിയ പല വേണ്ടാദീനങ്ങളും അതെ നാണയത്തിൽ തന്നെ അവർക്കു തിരിച്ചു കിട്ടുമോ എന്ന ഭയപ്പാടോടെ ഇന്ന് ജീവിക്കുന്നുണ്ട് എന്ന സത്യം,
നമ്മുടെ ചില സമയത്തേ പ്രവർത്തികൾക്ക് നമ്മുടെ ജീവന്റെ തന്നെ വിലയുണ്ടാകും,എന്നാൽ ആ സമയത്ത് നമ്മൾക്കത് തിരിച്ചറിയാൻ കഴിയണമെന്നില്ല..”