(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“എന്തായാലും ഞാൻ നോക്കട്ടെ സുധാകരാ.. മീനാക്ഷിയോട് ഒന്ന് അന്യോഷിക്കട്ടെ.. എന്നിട്ട് പറയാം. “” അതെയതേ.. വരാറാകുന്നെ ഉള്ളു.. ”
വൈകുന്നേരം ഫോണിൽ സുഹൃത്ത് സുധാകരനുമായി നീണ്ട നേരത്തെ ചർച്ചയിൽ ആയിരുന്നു മാധവൻ. അപ്പോഴാണ് കോളേജ് ക്ലാസ് കഴിഞ്ഞു മകൾ മീനാക്ഷി തന്റെ ടൂ വീലറിൽ വീട്ടു മുറ്റത്ത് വന്നു നിന്നത്.
” അമ്മേ. എന്തേലും കഴിക്കാൻ എടുത്ത് വയ്ക്ക് കേട്ടോ നല്ല വിശപ്പുണ്ട് .. “വണ്ടി നിർത്തി ഇറങ്ങിയ പാടെ പുറത്ത് അലക്കി വിളിച്ചിരുന്ന തുണികൾ തിരികെയെടുത്തു നിന്ന അമ്മ ശ്രീദേവിയെ നോക്കി ഓർഡർ നൽകി അവൾ.
” ആ വന്ന പാടെ തീറ്റിയുടെ കാര്യമേ ഉള്ളു പെണ്ണിന്… പോയി ഡ്രസ്സ് മാറ്റി മേല് കഴുകി വാ കൊച്ചേ.”
ആ കേട്ടത് അമ്മ മാരുടെ പതിവ് മറുപടി ആയതിനാൽ അതിനു വല്യ പ്രാധാന്യം കല്പിച്ചില്ല അവൾ. അപ്പോഴാണ് വീടിനു മുന്നിൽ ഇരിക്കുന്ന മാധവനെ അവൾ ശ്രദ്ധിച്ചത്.
” ആഹാ… ബാങ്ക് മാനേജർ ഇന്ന് നേരത്തെയാണല്ലോ.. “പുഞ്ചിരിയോടെ അവൾ വീടിനുള്ളിലേക്ക് കയറി.” ശെരി സുധാകരാ. ഞാൻ രാത്രി വിളിക്കാം എന്തായാലും. ”
മീനാക്ഷി അടുത്ത് എത്തിയപ്പോഴേക്കും അത്രയും പറഞ്ഞു കോൾ കട്ട് ചെയ്തു മാധവൻ.
” ആഹാ ചങ്കിനെ വിളിക്കുവാരുന്നോ. ഈ സുധാകരൻ മാമനും അച്ഛനും എത്ര വർഷത്തെ കൂട്ട് ആണ്.”
അരികിലായിരുന്ന അവളുടെ ആ ചോദ്യം കേട്ട് പുഞ്ചിരിച്ചു മാധവൻ.”ഞങ്ങൾ ചെറുതിലേ തൊട്ടുള്ള കൂട്ടാ മോളെ.. വർഷം നാല്പതു കഴിഞ്ഞു ഇന്നും ആ കൂട്ട് അങ്ങിനെ തന്നെയുണ്ട്.”
“എന്തായാലും കലക്കി കേട്ടോ. കൂട്ടുകാരായാൽ ഇങ്ങനെ വേണം. നിങ്ങളെ തമ്മിൽ തെറ്റിക്കാൻ പറ്റോ ന്ന് ഒന്ന് നോക്കട്ടെ. ”
ഒരു കുസൃതി ചിരിയോടെ മറുപടി പറഞ്ഞു കൊണ്ട് മീനാക്ഷി അകത്തേക്ക് പോകാൻ എഴുന്നേറ്റു.
” മോളെ സുധാകരന്റെ മോൻ ആകാശിനെ നിനക്ക് പരിചയം ഇല്ലേ..”ആ ചോദ്യം കേൾക്കെ വീണ്ടും നിന്നു അവൾ .
” അത്ര.. വല്യ പരിചയം ഒന്നും ഇല്ലച്ഛാ.. കണ്ടാൽ മിണ്ടും. പുള്ളി വല്യ ജാഡയാണ് കൊമ്പത്തെ സർക്കാർ ജോലിക്കാരൻ എന്ന ജാഡ.. നമ്മളൊന്നും വേറെ സർക്കാർ ജോലിക്കാരെ കണ്ടിട്ടില്ലാലോ ”
ചെറിയൊരു പുച്ഛം നിറഞ്ഞിരുന്നു ആ വാക്കുകളിൽ.” ഏയ്.. എന്താ മോളെ അവൻ നല്ല പയ്യൻ ആണ് അത്രക്ക് ജാഡയൊന്നും ഉള്ളതായി എനിക്ക് തോന്നീട്ടില്ല. കുഞ്ഞിലേ മുതലേ ഞാൻ കണ്ട് വളർന്ന ചെക്കനാ.. ”
മീനാക്ഷിയുടെ അഭിപ്രായത്തോട് മാധവന് വിയോജിപ്പ് ആയിരുന്നു.” ആ എനിക്ക് അറില്ല.. എനിക്ക് വലിയ പരിചയം ഒന്നും ഇല്ല.. “വല്യ താത്പര്യം ഇല്ലാത്ത പോലെ ഒരു മറുപടി നൽകി മീനാക്ഷി.
“ഇതെന്താ പതിവില്ലാതെ രണ്ടാളും കൂടി ആ ചെക്കനെ പറ്റി ഒരു ചർച്ച. എന്താ ഉറ്റ ചങ്ങാതിയുടെ മോനെ കൊണ്ട് ഇവളെ കെട്ടിക്കാൻ ഉള്ള പ്ലാൻ ആണോ”
ഒക്കെയും കേട്ട് കൊണ്ട് വീടിനുള്ളിലേക്ക് കയറിയ ശ്രീദേവി സംശയത്തോടെ നോക്കി. അത് കേട്ടിട്ട് മീനാക്ഷിയും സംശയത്തോടെ മാധവനെ തുറിച്ചു നോക്കി.
” ആണോ അച്ഛാ.. ഇനി അതാണോ പ്ലാൻ.. “” ഏയ്. അങ്ങിനൊന്നും അല്ലടോ… അവന് ഒരു ലോൺ വേണം ന്ന് പറഞ്ഞിട്ടുണ്ട് അപ്പോ അതിനു ഒന്ന് രണ്ട് ഡോക്യൂമെന്റ്സ് വാങ്ങണം. അവൻ എന്തോ ആവശ്യത്തിന് ഇന്നലെ
തിരുവനന്തപുരത്തേക്ക് പോയി. ഡോക്യുമെന്റ്സ് എടുത്ത് വീട്ടിൽ വച്ചിട്ടുണ്ട് അത് ഇവളെ കൊണ്ട് ഒന്ന് എടുപ്പിക്കാം ന്ന് വച്ച് ചോദിച്ചതാ.. ”
” ഓ എനിക്കെങ്ങും വയ്യ.. അച്ഛൻ പോയെടുക്ക് “മാധവൻ പറഞ്ഞു നിർത്തുമ്പോൾ തന്നെ മീനാക്ഷി മറുപടിയും നൽകി.” ഹാ. ഒന്നെടുക്ക് മോളെ.. വണ്ടി ഉണ്ടല്ലോ നിനക്ക്”
മാധവൻ നിർബന്ധിച്ചെങ്കിലും അവൾ തയ്യാറായില്ല.” ഏട്ടാ.. ഞാൻ ഒരു കാര്യം പറയട്ടെ.. സുധാകരേട്ടനും നിങ്ങളും വർഷങ്ങളയുള്ള കൂട്ട് ആണ്. ആകാശ് ആണേൽ സർക്കാർ ജോലിക്കാരനും.
നമുക്ക് അവനെ ഇവൾക്ക് വേണ്ടി ഒന്ന് ആലോചിച്ചാലോ.. അതാകുമ്പോ വേറെ ടെൻഷനും ഇല്ല. രണ്ട് വീട്ടുകാരും പരസ്പരം നല്ലോണം അറിയുന്നവർ അല്ലെ.. ”
ശ്രീദേവി ആ പറഞ്ഞത് കേട്ട് മാധവൻ മീനാക്ഷിയെ ഒന്ന് നോക്കി ശേഷം വീണ്ടും അവൾക്ക് നേരെ മുഖം തിരിച്ചു.
” എങ്ങിനെ നോക്കാനാടോ.. കണ്ടില്ലേ ഇവിടൊരുത്തിക്ക് അവന്റെ പേര് കേട്ടപ്പോഴേ താത്പര്യം ഇല്ല. പിന്നെങ്ങിനെ കല്യാണം ആലോചിക്കാൻ. പിന്നെ ഇവളെ പോലെ ഒരു വായാടിയെ എന്തായാലും അവനും ഇഷ്ടപ്പെടില്ല. ”
മാധവന്റെ ആ മറുപടി മീനാക്ഷിക്ക് അത്ര പിടിച്ചില്ല…” വായാടിയോ. ഞാനോ.. അച്ഛനിച്ചിരി കൂടുന്നുണ്ട് കേട്ടോ എന്നെ കളിയാക്കൽ. “അവൾ മുഖം വീർപ്പിക്കവേ ആ കവിളിൽ ഒന്ന് നുള്ളി മാധവൻ.
” ഹാ പിണങ്ങാതെടോ.. അച്ഛൻ ചുമ്മാ പറഞ്ഞതല്ലെ എന്തായാലും നിനക്ക് ഇഷ്ടം ഇല്ലാത്തതിന് അച്ഛൻ നിർബന്ധിക്കില്ല. മോളു പോയി മേലൊക്കെ കഴുകി വാ. വിശക്കുന്നു ന്ന് അല്ലെ പറഞ്ഞെ.. ”
അതോടെ പിണക്കം മാറാൻ മാധവനെ നോക്കി പുഞ്ചിരിച്ചു മീനാക്ഷി. അവൾക്ക് എന്തോ പറയണം ന്ന് ഉണ്ടായിരുന്നു മാധവനോട് പക്ഷെ സംസാരിച്ചു വന്ന വിഷയത്തിൽ നിന്നും തെന്നി പോയത് അവളുടെ ധൈര്യത്തെ ചോർത്തി. തന്റെ മുറിയിൽ കേറി ഡോർ അടച്ചു നിരാശയിൽ ബെഡിലേക്കിരുന്നു അവൾ.
” ശ്ശേ.. അച്ഛനോട് പറയാൻ നല്ലൊരു അവസരം ഒത്തു വന്നതാ.. കുളം ആയി.. “പിറുപിറുത്ത് കൊണ്ടവൾ പതിയെ ഫോൺ കയ്യിലേക്കെടുത്തു. അതിൽ ഒരു നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർത്തു. മറു തലയ്ക്കൽ കോൾ അറ്റന്റ് ചെയ്തപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൾ സംസാരിച്ചു തുടങ്ങി…
” അതെ ആകാശേട്ടാ.. നമ്മുടെ കാര്യം ചെറിയൊരു ചർച്ച വീട്ടിൽ വന്നാരുന്നു. നമ്മടെ ഇഷ്ടം പറയാൻ പറ്റിയ ഒരു അവസരം വന്നതാ പക്ഷെ കയ്യീന്ന് പോയി
” ഓ.. കിഴങ്ങി… അവസരം കിട്ടിയാൽ അപ്പോ തന്നെ അത് വിനിയോഗിക്കേണ്ടെ.. ഇനി പറഞ്ഞിട്ട് കാര്യം ഇല്ല “ആകാശിനും ആ കേട്ടത് നിരാശയായി.
“അല്ല ആകാശേട്ടാ.. നമ്മടെ രണ്ടാളുടേം വീട്ടുകാര് നല്ല അടുപ്പം അല്ലെ പിന്നെ ഏട്ടന് ആണേൽ സർക്കാർ ജോലിയും. പിന്നെന്താ എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ.. അങ്ങിനെ ചെയ്താൽ പോരെ. ”
ആ സംശയം അപ്പോഴാണ് അവളിൽ ഉദിച്ചത്.” അത് പിന്നെ ജാതകം മണ്ണാംകട്ട ന്ന് ഒക്കെ പറഞ്ഞു സീൻ ആയാലോ.. നമ്മടെ ജാതകം ചേരില്ല ഞാൻ അത്
നോക്കിയതാ.. നമ്മൾ ഇത് അവതരിപ്പിച്ച് നടന്നില്ലേൽ പിന്നെ അതൊരു വിഷമം ആകും… ചിലപ്പോ രണ്ട് വീട്ടുകാരുടെയും ബന്ധത്തെ പോലും അത് ബാധിക്കും.”
ആ പറഞ്ഞത് ശെരിയാണെന്ന് മീനാക്ഷിക്കും തോന്നി.” ഭഗവാനെ.. എന്തേലും ഒരു വഴി കാണിച്ചു തരണേ.. ”
ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടാണ് മീനാക്ഷി കോൾ കട്ട് ആക്കിയത് . അപ്പോഴേക്കും മാധവൻ അവളുടെ മുറിയിലേക്ക് കയറി വന്നു.
“മോളെ.. നാട് മൊത്തം പോലീസുകാര് ക്യാമറ വച്ചേക്കുന്നത് അറിഞ്ഞിട്ടും ഈ ഹെൽമറ്റ് ഇല്ലാതെ എന്തിനാ വണ്ടി ഓടിക്കുന്നെ.. ദേ നിനക്ക് ഒരു പെറ്റി
വന്നിട്ടുണ്ട്. വണ്ടി എന്റെ പേരിൽ ആയോണ്ട് എന്റെ അഡ്രെസ്സിലാ വന്നേ വിത്ത് ഫോട്ടോ.. കാശ് ഞാൻ തരാം. നാളത്തന്നെ അക്ഷയയിൽ കൊണ്ട് അടച്ചേക്ക്.”
“അയ്യോ പണി പാളിയോ.. അതെപ്പോഴാ ക്യാമറ ഈ പണി ചെയ്തെ… ഞാൻ ഹെൽമറ്റ് വക്കാറുണ്ടല്ലോ ”
നിരാശയോടെ അച്ഛൻ വച്ച് നീട്ടിയ പേപ്പർ കയ്യോടെ വാങ്ങി അവൾ.’ശെരിയാണ് ഫോട്ടോയുൾപ്പെടെ ആണ് വന്നേക്കുന്നേ.. അതുകൊണ്ട് ആള് മാറിയതാകും ന്ന് തർക്കിക്കാനും പറ്റില്ല..’
ആത്മഗതത്തോടെ ആ ഫോട്ടോയിലേക്ക് ഒന്ന് കണ്ണോടിച്ച മീനാക്ഷി ഒന്ന് നടുങ്ങി. മിഴികൾ തുറിച്ചു. പതിയെ തലയുയർത്തി നോക്കുമ്പോൾ മാധവൻ അവിടെ നിന്നും പോയിരുന്നു.
ആ ഫോട്ടോയിൽ അവൾ മാത്രമായിരുന്നില്ല. കഴിഞ്ഞ ആഴ്ച ആകാശുമൊത്ത് ബീച്ചിൽ പോയി വരുമ്പോൾ കിട്ടിയ പിഴയായിരുന്നു.
വണ്ടി ഓടിച്ചത് ആകാശ് പിന്നിൽ മീനാക്ഷിയും. ലിഫ്റ്റ് കൊടുത്തതാണെന്നോ മറ്റോ ഒരു ന്യായം പറയാനും കഴിയുമായിരുന്നില്ല. കാരണം അന്ന് തിരികെ വരും വഴി വണ്ടി ഓടിച്ച ആകാശിന് പിന്നിൽ ന്ന് കെട്ടിപ്പിടിച്ചു ഒരു മുത്തം നൽകിയിരുന്നു അവൾ. അത് കൃത്യമായി ക്യാമറ പകർത്തി വീട്ടിലേക്ക് അയച്ചിട്ടുണ്ട് .” പന്ന ക്യാമറ.. ”
പിറുപിറുത്തു കൊണ്ട് ബെഡിലേക്കിരുന്നു പോയി മീനാക്ഷി. അവളടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു. വീട്ടിലേക്ക് വന്നു കേറിയ പാടെ ആകാശിനെ ചുറ്റിപ്പറ്റിയുള്ള മാധവന്റെയും ലക്ഷ്മിയുടെയും
സംഭാഷണങ്ങൾ എന്തിനായിരുന്നു എന്നത് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്. ആദ്യത്തെ നടുക്കം വിട്ടകലവേ പെട്ടെന്ന് ഫോൺ എടുത്ത് ആകാശിനെ വിളിച്ചു
” സുഖം.. എല്ലാം തുലഞ്ഞു.. “കേട്ടപാടെ ആകാശും നടുങ്ങി.” വീട്ടിൽ സീൻ ആണോ മീനു.. അച്ഛൻ എന്ത് പറഞ്ഞു “അവന് ആദ്യം അറിയേണ്ടത് അതായിരുന്നു.
” ദേ ഇപ്പോ കണ്ടതെ ഉള്ളു ഞാൻ. അച്ഛന്റെ പ്രതികരണം എന്താണെന്ന് അറില്ല ഇത് എന്നെ ഏൽപ്പിച്ചു പുറത്തേക്ക് പോയി ആള്. പക്ഷെ മുഖത്ത് അത്ര തെളിച്ചം ഇല്ല.. ”
മീനാക്ഷിയുടെ മറുപടി ആകാശിന്റെ ടെൻഷൻ വർധിപ്പിച്ചു.” നീ ഒന്ന് ചെന്ന് നോക്കി മീനു.. എന്താണ് അച്ഛന്റെ പ്രതികരണം ന്ന്. അതറിഞ്ഞിട്ടേ ഇനി എനിക്ക് എന്റെ വീട്ടിലേക്ക് പോകാൻ പറ്റു.. “” ശെരി ഏട്ടാ.. ഞാൻ നോക്കീട്ട് വിളിക്കാം.. ”
കോൾ കട്ട് ചെയ്ത് അൽപനേരം കൂടി അങ്ങിനെ ഇരുന്നു അവൾ. ശേഷം മനസ്സിൽ അല്പം ധൈര്യം സ്വരൂപിച്ചു പതിയെ മുറി വിട്ട് പുറത്തേക്കിറങ്ങി. ഉമ്മറത്ത് എത്തുമ്പോൾ മാധവനും
ശ്രീദേവിയും അവിടിരിപ്പുണ്ടായിരുന്നു രണ്ടാളുടെയും മുഖത്തെ കടുപ്പം മീനാക്ഷിയെ കൂടുതൽ അസ്വസ്ഥസയാക്കി. കീഴടങ്ങുകയല്ലാതെ വേറൊരു വഴിയിലായിരുന്നു.
” അച്ഛാ…. എന്നോട് ക്ഷെമിക്കണം.. ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് പക്ഷെ.. അതെങ്ങിനെ നിങ്ങളോട് പറയും ന്ന് അറില്ലായിരുന്നു.. ”
അറച്ചറച്ചാണ് അവൾ അത് പറഞ്ഞത് പക്ഷെ അപ്പോഴും മാധവൻ നിശബ്ദനായിരുന്നു. അതവളെ കൂടുതൽ ഭയപ്പെടുത്തി.
” അച്ഛാ പ്ലീസ്. എന്നോട് ദേഷ്യം തോന്നരുത്… “ഇത്തവണ കെഞ്ചി മീനാക്ഷി. അതോടെ പെട്ടെന്ന് ചാടി എഴുന്നേറ്റു മാധവൻ. അയാളുടെ മുഖത്തെ രോഷം ഒരു നിമിഷം മീനാക്ഷിയെ ഭയപ്പെടുത്തി. ഒരു അടി അവൾ പ്രതീക്ഷിച്ചു.
” ഈ തോന്ന്യവാസം എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഇനി മേലിൽ ആവർത്തിക്കരുത് ”
മാധവന്റെ മുഖത്ത് അത്രയും ദേഷ്യം ആദ്യമായാണ് മീനാക്ഷി കാണുന്നത്.” അ.. അച്ഛാ.. “അവൾ വല്ലാതെ പതറുമ്പോൾ നേർക്ക് നേർ ചെന്നു മാധവൻ.
” രണ്ട് പേരും ഹെൽമറ്റ് ഇടാതെ പോയതിനു രൂപാ ആയിരം ആണ് ഫൈൻ വന്നേക്കുന്നത്. നിങ്ങടെ തോന്ന്യവാസത്തിനു വേണ്ടി ചിലവാക്കാൻ എന്റേൽ കാശില്ല. ഇനി മേലിൽ… ഇനി
മേലിൽ ഇത് പോലെ ഹെൽമറ്റ് ഇല്ലാതെ എവിടെയും പോകരുത്. മാത്രമല്ല ഈ ആയിരം… അത് അവന് കൊടുക്കുന്ന സ്ത്രീധനത്തിൽ കുറയ്ക്കും ഞാൻ.. ”
ദഹിപ്പിച്ചു നോക്കി മാധവൻ വീടിനുള്ളിലേക്ക് പോയതും പേടിച്ചു നടുങ്ങി നിന്നു മീനാക്ഷി. മാധവൻ പറഞ്ഞത് അവളുടെ കാതുകളിൽ ഒരു മുഴക്കമായി. എന്നാൽ പെട്ടെന്നാണ് ആ കേട്ടത് ഒരിക്കൽ കൂടി അവൾ മനസ്സിൽ റീവയന്റ് ചെയ്തത്. അതോടെ മിഴികൾ വിടർന്നു.
” ങേ.. ! “കേട്ടത് വിശ്വസിക്കാൻ കഴിയാതെ ശ്രീദേവിയുടെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. ശ്രീദേവി ആകട്ടെ അവളുടെ ആ ഭാവം കണ്ടിട്ട് വാ പൊത്തി ചിരിക്കുകയായിരുന്നു. ഒരു നിമിഷം ഒന്നും മനസിലാകാതെ നിന്നെങ്കിലുംപെട്ടെന്ന് മീനാക്ഷിയുടെ മിഴികൾ തുളുമ്പി.
അത്രയും നേരം ഉള്ളിൽ നിറഞ്ഞിരുന്ന ഭയം ഒന്നടങ്കം ഇല്ലാണ്ടാകാവവേ സന്തോഷത്താൽ പൊട്ടിക്കരഞ്ഞു പോയി അവൾ. ഇത്ര പെട്ടെന്ന് എല്ലാം ഓക്കേ
ആകും ന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. അതോടെ ദേഷ്യം കാണിച്ചു പോയിട്ട് അകത്തെ മുറിയിൽ മാറി നിന്ന് മീനാക്ഷിയുടെ പ്രതികരണം ശ്രദ്ധിച്ചു കൊണ്ട് നിന്ന മാധവൻ വേഗം പുറത്തേക്ക് വന്നു.
” മോളെ.. കരയുവാണോ നീ.. അയ്യയ്യേ. “മീനാക്ഷിയെ തന്റെ മാറോടു ചേർത്തു മാധവൻ.”അച്ഛാ.. സോറി അച്ഛാ.. അച്ഛന് ഇഷ്ടം ആകില്ല ന്ന് വച്ചിട്ടാ പറയാണ്ടിരുന്നേ.. ”
“പോട്ടെടാ മോളെ.. നീ ഇത് നേരിട്ട് പറഞ്ഞിരുന്നേൽ ഞങ്ങൾ അപ്പോഴെ തീരുമാനം ആക്കിയേനെ. ആകാശ് എനിക്കും മോനെ പോലെ തന്നെയാണ്. ഇത് അറിഞ്ഞപോ അവന്റെ വീട്ടിലും എല്ലാരും നല്ല സന്തോഷത്തിൽ ആണ്. ”
മാധവൻ പുഞ്ചിരിയോടെ പറയുമ്പോൾ ശ്രീദേവിയും പതിയെ മീനാക്ഷിയെ തലോടി.
” ഞങ്ങടെ ജാതകം എന്തോ ചേർച്ച കുറവ് ഉണ്ട് ന്ന് ആകാശേട്ടൻ പറഞ്ഞു അതാ പറയാൻ മടി തോന്നിയെ.. ”
മീനാക്ഷിയുടെ മറുപടി കേട്ട് മാധവൻ പൊട്ടിച്ചിരിച്ചു. ശേഷം ശ്രീദേവിയെ ഒന്ന് നോക്കി.അവരും ആ ചിരിയിൽ പങ്ക് ചേർന്നു.
” ജാതകം മാങ്ങാത്തൊലി ആര് നോക്കുന്നു അതൊക്കെ.. ഞാൻ നിന്റെ അമ്മയെ വിളിച്ചിറക്കി കൊണ്ട് വന്നതാ. ആദ്യം പോയി മാന്യമായി കല്യാണം ആലോചിച്ചതാ അപ്പോ ദേ ജാതകം
വില്ലനായി. കെട്ടിയാൽ രണ്ടിൽ ഒരാള് തീരുമെന്ന്. അതോടെ വീട്ടിൽ കലിപ്പ് ആയി. പിന്നെ ഞങ്ങൾ അങ്ങ് തീരുമാനിച്ചു ജാതകവും നോക്കീല ഒന്നും നോക്കീല..
നേരെ വിളിച്ചിറക്കി ഇങ്ങ് കൊണ്ട് വന്നു. അന്നെനിക്ക് കട്ട സപ്പോർട്ട് ഈ സുധാകരൻ ആയിരുന്നു. ഞാൻ അവനോട് സംസാരിച്ചിട്ടുണ്ട്. അടുത്ത
ഞായറാഴ്ച അവര് ഇങ്ങട് വരും ചടങ്ങിന് ഒരു പെണ്ണ് കാണൽ ബാക്കി എല്ലാം അന്ന് തീരുമാനിക്കാം. നിന്റെ ആകാശേട്ടനെ കൂടി വിളിച്ചു പറഞ്ഞേക്ക്. ചെക്കനും ഹാപ്പി ആകട്ടെ ”
അതോടെ സന്തോഷത്തിന്റെ പരകോടിയിലായി മീനാക്ഷി.”സത്യമാണോ അച്ഛാ.. ”
മാധവനും ശ്രീദേവിയ്ക്കും ഓരോ മുത്തം നൽകി സന്തോഷത്തോടെ അകത്തേക്ക് ഓടി മീനാക്ഷി.
” അതെ. ഒരു കാര്യം കൂടി.. ഈ പൊതുറോഡിൽ വച്ച്. അതും ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ ഉമ്മ കൊടുക്കുന്നത് മാത്രം അത്ര ണമാ ശീലം അല്ല കേട്ടോ.. ”
പിന്നിൽ നിന്നും മാധവൻ വിളിച്ചു പറയുമ്പോൾ ശെരിക്കും നാണിച്ചു പോയി മീനാക്ഷി.” ഒന്ന് പോ..അച്ഛാ.. ”
നാണത്തോടെ അവൾ മുറിയിലേക്കു കയറി വാതിൽ അടക്കവേ ശ്രീദേവിയുടെയും മിഴികളിൽ നനവ് പടർന്നു.” നന്നായി ഏട്ടാ.. ഞാനും ഇത് ആഗ്രഹിച്ചിരുന്നു “ഒന്ന് ചിരിച്ചു മാധവൻ.
” ഞാനും…. പക്ഷെ ആഗ്രഹിച്ചു ചോദിക്കുമ്പോൾ അവൾക്ക് ഇഷ്ടം അല്ലേൽ പിന്നത് വിഷമം ആകും.. ആരും അറിയാതെ ഈ കള്ളത്തരങ്ങൾ മുഴുവൻ ചെയ്‌തിട്ട് പുറമെ അവൾക്ക് അവനെ അത്ര ഇഷ്ടം അല്ല എന്നാ രീതിയിൽ അഭിനയിക്കുകയായിരുന്നല്ലോ.. ഇപ്പോ എല്ലാം ഓക്കേ ആയി ”
മാധവനും ഏറെ സന്തോഷത്തോടെ മുറിയിലേക്ക് പോയി.മീനാക്ഷി പറഞ്ഞത് കേട്ട് ആകെ അതിശയിച്ചു ആകാശും.
” സത്യമാണോ മീനു.. എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല.. ഇത്ര വേഗത്തിൽ എല്ലാം ഓക്കേ ആയോ ”
അവന്റെ മിഴികളിലും ആനന്ദത്താൽ നനവ് പടർന്നു”അതെ ഏട്ടാ.. രണ്ട് വീട്ടുകാരും എല്ലാം തീരുമാനിച്ചു. ”
ആ വാക്കുകൾ കേട്ട് സന്തോഷത്താൽ തുള്ളിച്ചാടി ആകാശ്.” എന്തായാലും എം വി ഡി വിചാരിച്ചപ്പോ നമ്മുടെ വലിയൊരു ടെൻഷൻ ഈസിയായി സോൾവ് ആയല്ലോ.. താങ്ക്സ് ടു എം വി ഡി. ”
ആകാശിന്റെ വാക്കുകൾ കേട്ട് മീനാക്ഷി പൊട്ടിച്ചിരിച്ചുപോയി. അങ്ങിനെ അന്നത്തെ ദിവസം ഏറെ സന്തോഷത്തോടെ അവസാനിച്ചു