(രചന: ഇഷ)
“”” പിൽസ് എടുത്തിട്ടുണ്ടല്ലോ???””സണ്ണി അത് ചോദിക്കുമ്പോൾ ഉവ്വ് എന്ന് തലയാട്ടി റോസിലിൻ.. തന്റെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനു മുമ്പ് ഓരോ തവണയും ചോദിക്കാറുള്ള ചോദ്യം..
എല്ലാ തവണയും ആള് പറഞ്ഞതുപോലെ പ്രഗ്നന്റ് ആവാതിരിക്കാനുള്ള പിൽസ് എടുക്കാറുണ്ട് ഇത്തവണ പക്ഷേ അങ്ങനെ തോന്നിയില്ല എന്തോ സണ്ണിയുടെ ഒരംശം തന്റെ വയറ്റിൽ വളരണം എന്നൊരു തോന്നൽ…
ഒന്നിനെയും പേരിൽ അവകാശം പറയാനല്ല തനിച്ചല്ല എന്ന് സ്വയം ഒന്ന് വിശ്വസിക്കാൻ…
റോസിലിൻ അനാഥാലയത്തിൽ ആയിരുന്നു ജനിച്ചതും വളർന്നതും എല്ലാം. നന്നായി പഠിക്കുമായിരുന്നിട്ടും പാതിക്ക് വെച്ച് പഠനം നിർത്തേണ്ടിവരും എന്നറിഞ്ഞു അവളുടെ ഭാഗ്യം കൊണ്ട് ഒടുവിൽ ആരോ സ്പോൺസർ ചെയ്തു.. നന്നായി പഠിച്ചു പാസായി ഉടനെ തന്നെ,
അവിടുത്തെ മദർ സുപ്പീരിയർ വഴി അവരുടെ പരിചയത്തിൽ ഒരാളെ സ്വാധീനിച്ച് നല്ലൊരു ജോലിയും കിട്ടി… അവിടെ നിന്ന് പരിചയപ്പെട്ടത് ആയിരുന്നു സണ്ണിയെ…
ശരിക്കും ഒരു ടിപ്പിക്കൽ ഇച്ചായൻ…
എല്ലാവരുടെയും തോട്ടപ്പള്ളി ആണ് ആള് എന്നറിഞ്ഞപ്പോൾ എന്തോ ഒരു അത്ഭുതം തോന്നി… അങ്ങോട്ട് യാതൊരുവിധത്തിലും സംസാരിക്കാനോ കൂട്ടുകൂടാനോ പോയില്ല. പിന്നീട് തന്നോട് മാത്രം വല്ലാതെ കൂടുതൽ സംസാരിക്കാൻ വേണ്ടി വരുന്നതുപോലെ തോന്നി..
ക്രമേണ ആ ബന്ധം വളർന്നു എന്റെ ഉള്ളിൽ ആളോട് വല്ലാത്ത ആരരാധനയും പ്രണയവും എല്ലാം തോന്നിത്തുടങ്ങി പക്ഷേ തുടക്കത്തിലെ തിരിച്ചു പറഞ്ഞിരുന്നു എന്നോട്, ആ മനസ്സിൽ പ്രണയം എന്നത് ഒട്ടും തന്നെ ഉണ്ടാവില്ല വെറുതെ എന്റെ ശരീരത്തോടുള്ള വെറുമൊരു അട്രാക്ഷൻ മാത്രമാണ് എന്ന്!!
അത് കേട്ടിട്ടും ഒട്ടും ദേഷ്യം തോന്നാതെ അയാളെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നത് എന്തിന്റെ പേരിലാണെന്ന് എനിക്കൊട്ടും മനസ്സിലായില്ല എന്തോ ആരോരുമില്ലാത്തവൾക്ക്, എന്തിന്റെ പേരിലാണെങ്കിലും അല്പം സ്നേഹം നീട്ടിയ ആളോടുള്ള വല്ലാത്ത പ്രതിബദ്ധത…
അതായിരിക്കണം എന്റെ മനസ്സിൽ ഇപ്പോഴും അയാൾ ഉള്ളതിന്റെ കാരണം.. മനപ്പൂർവം തന്നെ ഞാൻ അയാൾക്ക് വഴങ്ങി കൊടുത്തു..
ഞങ്ങൾ സണ്ണിച്ചായന്റെ കൂട്ടുകാരന്റെ ഒരു ഫ്ലാറ്റിൽ ഇടയ്ക്ക് ഒത്തുകൂടും… എല്ലാ രീതിയിലും ഒന്നാകും അതുകഴിഞ്ഞ് വീണ്ടും പിറ്റേദിവസം രാവിലെ ഓഫീസിലേക്ക് ഒന്നും അറിയാത്തത് പോലെ..
ഓരോ ദിവസം ചെല്ലുംതോറും ആളോടുള്ള എന്റെ പ്രണയം കൂടിക്കൂടി വന്നു… പക്ഷേ എന്റെ മനസ്സ് ഞാൻ അറിയിച്ചിരുന്നില്ല ഇപ്പോഴും ആളു പറഞ്ഞ കണ്ടീഷൻസ് എല്ലാം സമ്മതിച്ച് വെറും ശാരീരിക സുഖത്തിനു വേണ്ടി മാത്രം ചെല്ലുകയാണ് ഞാൻ എന്ന് തന്നെയാകും കരുതിയിരിക്കുന്നത്…
അങ്ങനെ ആയിരുന്നില്ല.. അതിനെന്തെങ്കിലും തടസ്സം പറഞ്ഞിട്ടുണ്ടെങ്കിൽ എന്നെ പൂർണമായും ഉപേക്ഷിക്കുമോ എന്ന ഭയത്താൽ എല്ലാത്തിനും ഞാൻ വഴങ്ങി കൊടുത്തത്
മാത്രമായിരുന്നു കാരണം എന്തിന്റെ പേരിലായാലും ആള് എന്നിൽ നിന്ന് അകലുന്നത് എനിക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ലായിരുന്നു…
ഇന്ന് രാത്രിയും നമുക്ക് ഫ്ലാറ്റിൽ കാണാം എന്ന് പറഞ്ഞിട്ടാണ് പോയത് എന്തോ പ്രധാനപ്പെട്ട കാര്യം എന്നോട് പറയാനുണ്ടത്രെ അതുകൊണ്ട് തന്നെയാണ്, വിശദമായി ഒരുങ്ങിയത്..
ലൈറ്റ് വെയിറ്റ് ആയിട്ടുള്ള ഒരു സാരി എടുത്ത്, ശരീരത്തിന്റെ എല്ലാ അഴകുകളും കാണുന്ന വിധത്തിൽ ഉടുത്തു..
പലപ്പോഴും എന്റെ ദേഹത്തിലെ മൃദുലതകളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ,
ചെവിയിൽ പറയാറുണ്ട്.. നിന്റെ ശരീരത്തിൽ എന്നെ വല്ലാതെ ആകർഷിക്കുന്നത് ഈ പുക്കിൾ ചുഴിയാണെന്ന്….
അത് വീണ്ടും വീണ്ടും ഇച്ചായനെ എന്നിൽ തളച്ചിടുകയാണെന്ന്!!!അതുകൊണ്ടുതന്നെ ഒരു വേശ്യയെ പോലെ പുക്കിൾ ചുഴി കാണുന്ന വിധത്തിൽ സാരിയുടുത്തു…
ആവശ്യത്തിലധികം മേക്കപ്പ് മുഖത്തണിഞ്ഞു അതിനുശേഷം കാറിൽ കയറി സണ്ണിച്ചായന്റെ അരികിലേക്ക് കുതിച്ചു..
അവിടെ ഫ്ലാറ്റിൽ അക്ഷമനായി എന്നെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു ആള് എന്നെ കണ്ടതും ആ കണ്ണുകൾ വിടർന്നത് കണ്ടു. എന്റെ ശരീരത്തിന്റെ ഓരോ അണുവിലേക്കും അവ സഞ്ചരിച്ചു…
അതെനി നാണം പടർത്തി മുഖം കുനിച്ച് ഞാൻ അദ്ദേഹത്തെ തന്നെ നോക്കി…
എന്റെ മുടിയിലെ മുല്ലപ്പൂക്കളിൽ മുഖം ഒളിപ്പിച്ചു വച്ച് എന്നെ ചേർത്തുപിടിച്ചു പറഞ്ഞു,
“”” എനിക്ക് നിന്നെ വിട്ടു പോകാൻ മനസ്സ് വരുന്നില്ല റോസിലിൻ!!””എന്ന് ആ പറഞ്ഞതിന്റെ അർത്ഥം അറിയാതെ ഒരു നിമിഷം ഞാൻ നിന്നു…””വിട്ടിട്ട് പോകാനോ എങ്ങോട്ട്???”””
എന്ന് ഇച്ചായനോട് ചോദിച്ചപ്പോൾ പറഞ്ഞിരുന്നു അമ്മച്ചി ആൾക്ക് വേണ്ടി ഒരു വിവാഹം റെഡിയാക്കിയിട്ടുണ്ട് ഒരു വലിയ പൈസക്കാരി….
ഇനിമുതൽ അവളുടെ ബിസിനസും നോക്കി നാട്ടിൽ തന്നെ നിൽക്കാം ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല എന്ന്…
അങ്ങനെയാണെങ്കിൽ ഇത് തങ്ങളുടെ അവസാന സംഗമമാണ് അതുകൊണ്ടുതന്നെ അവളുടെ മിഴികൾ ഒഴുകി ഇറങ്ങി കൊണ്ടുവന്ന പിൽസ് അതുപോലെ തന്നെ വെച്ചു…
തന്നിലേക്ക് ആവേശത്തോടെ പടർന്നു പിടിക്കുന്നവനെ സന്തോഷപൂർവ്വം സ്വീകരിച്ചു..
പ്രണയത്തിന് പലനിറങ്ങളും പല ഭാവങ്ങളും ഉണ്ട്.. സ്വന്തം വ്യക്തിത്വം പോലും നോക്കാൻ അത് നമ്മെ അനുവദിക്കില്ല അല്ലെങ്കിൽ ആത്മാഭിമാനം കെട്ട് ഒരു പെണ്ണ് ഇതുപോലെ നിങ്ങളുടെ സ്നേഹത്തിന് വേണ്ടി ഉഴറില്ല ..!!””
അവൾ നിശബ്ദമായി പറഞ്ഞു…”” എന്റെ വിവാഹത്തിന് നീ വരേണ്ട റോസിലിൻ… ഒരുപക്ഷേ നിന്നെ കണ്ടിട്ടുണ്ടെങ്കിൽ എനിക്ക് വലിയ നഷ്ടബോധം തോന്നും നിന്നെ ഞാൻ എപ്പോഴോ പ്രണയിച്ചിരുന്നു!!!! സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു!!!”””
ഏറെ കേൾക്കാൻ കൊതിച്ച വാക്കുകൾ പക്ഷേ കേട്ടത് ഒരു പ്രയോജനവും ഇല്ലാത്ത അവസരത്തിലായി ആത്മനിന്ദയോടെ അവൾ ഒന്ന് ചിരിച്ചു…
“”” ഞാൻ പോകേണ്ട എന്ന് പറഞ്ഞാൽ ഇച്ചായൻ പോകാത്തിരിക്കുമോ?? എനിക്ക് ഒരുപാട് ഇഷ്ടമാണ്!! കുറെ നാളായി പറയണം എന്ന് കരുതിയിട്ട് പക്ഷേ ധൈര്യമുണ്ടായിരുന്നില്ല…. ഇപ്പോ എന്തോ ഒരു ധൈര്യം തോന്നുകയാണ്!!”””
അവൾ മെല്ലെ പറഞ്ഞു അപ്പോഴേക്കും ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു സണ്ണി അവൾ പറഞ്ഞതൊന്നും കേൾക്കാതെ…
പിറ്റേദിവസം യാത്ര പറഞ്ഞു പോകുമ്പോൾ അവളുടെ ഹൃദയം മുറിഞ്ഞ് ചോര ഒഴുകുന്നുണ്ടായിരുന്നു…
ഇനി ഒരിക്കലും അയാൾ തന്റെ ആകില്ല ഇതുപോലെ സ്വകാര്യ നിമിഷങ്ങൾ ഉണ്ടാവില്ല… തന്നോടുള്ള പ്രണയം പറയില്ല…
ഒരു ഭ്രാന്തിയെ പോലെ അവൾ അലറി കരഞ്ഞു…
ഓഫീസിലേക്കും പിന്നെ പോകാൻ തോന്നിയില്ല ഒരാഴ്ച ലീവ് എടുത്ത് വീട്ടിൽ തന്നെ ഇരുന്നു… പിന്നെ അങ്ങനെ ഇരുന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായി മെല്ലെ ഓരോന്നായി ചെയ്തു തുടങ്ങി മനസ്സിൽ സണ്ണി മാത്രമേ ഉള്ളൂ എങ്കിലും…
ഒട്ടും പ്രതീക്ഷിച്ചിരിക്കാത്ത ഒരു സമയം അന്നേരമാണ് അവന്റെ ഫോൺ കോൾ വന്നത്..
“”” എനിക്ക് പറ്റുന്നില്ലടീ ഞാൻ ഒരുപാട് ശ്രമിച്ചുനോക്കി നിന്റെ സ്ഥാനത്ത് മറ്റൊരാളെ പ്രതിഷ്ഠിക്കാൻ വയ്യ അതുകൊണ്ട് മമ്മിയോട് വഴക്കിട്ട് ഞാൻ വരുവാ!!! നിന്റെ മാത്രമാകാൻ!!”””
അത് കേട്ടതും ലോകം കീഴടക്കിയ സന്തോഷമായിരുന്നു അവൾക്ക്…. സണ്ണി വരുമ്പോൾ പറയാൻ ഒരു രഹസ്യം കൂടി അവൾ മനസ്സിൽ സൂക്ഷിച്ചു… രണ്ടുപേരുടെയും പ്രണയം മൊട്ടിട്ട കാര്യം..
പക്ഷേ, അവളുടെ അരികിലേക്ക് ഓടി വരുന്നവനെ വഴിയിൽ ഒരു ആക്സിഡന്റ് എന്നെന്നേക്കുമായി അവളിൽ നിന്ന് അകറ്റും എന്ന് അറിയാതെ പോയി രണ്ടാളും…
ചേതനയറ്റ അവന്റെ ശരീരത്തിന് അരികിൽ ഇരിക്കുമ്പോൾ അവൾ കരഞ്ഞില്ല..
അവന്റെ മമ്മിയും അടുത്തിരുന്ന് കരയുന്നുണ്ടായിരുന്നു ഇടയ്ക്ക് അവരുടെ മിഴികൾ അവളിൽ വന്നു വീണു..
“”” ഒരുപക്ഷേ ഞാൻ സമ്മതിച്ചിരുന്നെങ്കിൽ!!! ഞാനും കൂടി അവന്റെ കൂടെ വന്നിരുന്നെങ്കിൽ!!! നിനക്ക് എനിക്കും നഷ്ടപ്പെടില്ലായിരുന്നു…. “””അതും പറഞ്ഞ് അവളെയും ചേർത്ത് പിടിച്ച് അവന്റെ മമ്മി കരഞ്ഞു..
‘” എനിക്ക് നഷ്ടപ്പെട്ടിട്ടില്ല ദേ ഇവിടെയുണ്ട് എന്റെ സണ്ണി!!””എന്ന് പറഞ്ഞ് അവൾ ഉദരത്തിലേക്ക് കൈകൾ ചേർത്തു അതുകണ്ട് പ്രതീക്ഷയോടെ അവന്റെ മമ്മിയുടെയും മിഴികൾ തിളങ്ങി..
അവിടെവച്ച് ആരോരുമില്ലാത്തവർക്ക് ഒരു മമ്മിയെ കിട്ടുകയായിരുന്നു… അവർക്ക് രണ്ടുപേർക്കും ഇനിയങ്ങോട്ട് ജീവിക്കാൻ പ്രതീക്ഷയായി, ഒരു കുരുന്നു ജീവനും….