പെണ്ണിന്റെയൊരു മാറ്റം കണ്ടോ…. ഇത്രയും ദിവസം എന്റെ സ്‌കൂട്ടിക്ക് ഒടുക്കത്തെ സ്പീഡെന്നും പറഞ്ഞു കണ്ണും പൂട്ടി എന്നെ കെട്ടിപ്പിടിച്ചിരുന്ന ആളാ….”

ശ്വേതാംബരം
രചന: ഭാവനാ ബാബു

“ഡീ നീലിമേ നീയൊന്നെഴുന്നേറ്റെ, എന്നിട്ടൊരു നിമിഷം എന്റെ കൈയിലെ ന്യൂസ്‌ പേപ്പറിലോക്കൊന്ന് നോക്കിക്കേ . ഇതിൽ നിനക്കൊരു ഗുഡ് ന്യൂസ്‌ ഉണ്ട്…..”

ആകെ കിട്ടുന്നൊരവധിയുടെ സുഖത്തിൽ പുറത്ത് നിർത്താതെ പെയ്യുന്ന മഴയുടെ നേരിയ തണുപ്പും ആസ്വദിച്ചു പാതി മയക്കത്തിലായിരുന്നു ഞാനപ്പോൾ .. അതിനിടയിലാണ് പേപ്പറും ചുരുട്ടി വിളിച്ചു സീമയെന്നെ തട്ടി ഉണർത്തുന്നത്…..

“എന്റെ പൊന്നു സീമേ, ഈയൊരു ദിവസം ഇന്നത്തേക്ക് മാത്രം നീയെനിക്കൊന്നു സ്വസ്ഥത തരുമോ…..?”

ബെഡിൽ കിടന്നു കൊണ്ട് ഞാനവളുടെ മുന്നിൽ കെഞ്ചി.”ആ ഉറങ്ങിക്കോ ഉറങ്ങിക്കോ, പക്ഷെ ഈ ഫസ്റ്റ് പേജിലെ വാർത്ത കണ്ടാൽ നീയപ്പോ ചാടിപ്പിടഞ്ഞെഴുന്നേൽക്കും…. അതെനിക്ക് ഉറപ്പാ….”

വല്ലാത്തൊരു ആത്മവിശ്വാസത്തോടെ അവൾ പറഞ്ഞു.”നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് എന്നെ കോരിത്തരിപ്പിക്കുന്ന ആ വാർത്തയൊന്ന് ഉറക്കെ വായിക്ക്…. അത് കേട്ട് ഞാനൊന്ന് പുളകിതയാകട്ടെ ”

എഴുന്നേൽക്കാൻ മടിച്ചും, പിന്നെ ആ ന്യൂസ്‌ എന്തെന്നറിയാനുള്ള ആകാംഷ ഉള്ളിലടക്കിയും ഞാൻ സീമയോട് പറഞ്ഞു.

“അതെ, ഞാൻ സത്യത്തിൽ വായിക്കുമെ ”
സീമയുടെ ഭീഷണി കേട്ടപ്പോൾ അതിലെന്തോ കാര്യമുണ്ടെന്നെനിക്ക്‌ തോന്നി.

“ആ വായിച്ചോ പെണ്ണേ…. എന്താന്ന് ഞാൻ കേൾക്കട്ടെ “?സീമയുടെ വാക്കുകൾ സശ്രദ്ധം കേൾക്കുവാൻ ഞാൻ കാത് കൂർപ്പിച്ചു കിടന്നു…..

“ബ്രെക്കിങ് ന്യൂസ്‌ … ബ്രെക്കിങ് ന്യൂസ്‌…. പ്രശസ്ത എഴുത്തുകാരൻ ശ്രീ. നരേന്ദ്ര നാഥി നെ ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ”

“ഈശ്വരാ നരേന്ദ്രൻ സാറിനു എന്തു പറ്റി “? വല്ലാത്തൊരു നടുക്കത്തോടെ ഞാൻ ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു.

“ഇതാണോ നിന്റെയൊരു ഗുഡ് ന്യൂസ്‌ “? പത്രം തട്ടിപ്പറിച്ചുകൊണ്ട് ദേഷ്യത്തോടെ ഞാൻ അവളോട് ചോദിച്ചു….

“ഇതത്ര ഗുഡ് ന്യൂസ്‌ അല്ല…. പക്ഷെ നീ താഴെക്കൊന്ന് വായിച്ചു നോക്കിയേ അപ്പൊ നിന്റെ സങ്കടമൊക്കെ മാറും ”

സീമ പറഞ്ഞതതു പോലെ എന്റെ കണ്ണുകൾ ആ വരികളിലൂടെ വേഗത്തിൽ പാഞ്ഞു….

“നരേന്ദ്രൻ സർ, നമ്മുടെ ഹോസ്പിറ്ററ്റലിലാണോ അഡിമിറ്റ് ആയത് “? അതിശയത്തോടെ ഞാൻ സീമയോട് ചോദിച്ചു…..

“അതല്ലേ പെണ്ണേ ഞാൻ ഇത്ര നേരം നിന്നോട് പറയാൻ ശ്രമിച്ചത് “?”എന്നാലും എന്തായിരിക്കും സാറിന്റെ അസുഖം? വല്ല സീരിയസും ആയിരിക്കുമോ? എനിക്കെന്തോ വല്ലാത്ത പേടി തോനുന്നു “.അതാലോചിച്ചു ടെൻഷനടിച്ച് ഞാനെന്റെ നഖങ്ങൾ മെല്ലെ കടിക്കുവാൻ തുടങ്ങി..

“ഇവളുടെയൊരു കാര്യം…. അപ്പോഴേക്കും പെണ്ണിന് ആധി കേറി…. ഇതാ ഞാനൊന്നും നിന്നോട് പറയാത്തത്.”?

“അതല്ല സീമേ, നിനക്കറിയാല്ലോ എനിക്ക് സാറിനോടുള്ള ബഹുമാനം… സത്യത്തിൽ ഈശ്വര തുല്യനാണ് എനിക്കദേഹം. ഈ വർഷത്തെ യുവ സാഹിത്യ പ്രതിഭയ്ക്കുള്ള അവാർഡ് ഞാനേറ്റു വാങ്ങിയത് അദ്ദേഹത്തിൽ നിന്നാണ്. പക്ഷെ അന്നെനിക്ക് അദ്ദേഹത്തിനോടൊന്ന് മനസ്സു തുറന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.”

“നീയിങ്ങനെ ടെൻഷനടിച്ചു പണ്ടാരമടങ്ങുമെന്ന് എനിക്കറിയായിരുന്നു. അത് കൊണ്ട് ഇത് വായിച്ചയുടനെ ഞാൻ നമ്മുടെ റീന സിസ്റ്ററെ വിളിച്ചു കാര്യ മെന്താണെന്ന് അന്വേഷിച്ചു…..”?

“എന്നിട്ടോ “”സർ ന് ലിവർ സീറോസിസ് ഫസ്റ്റ് സ്റ്റേജ്… അല്ലാതെ വേറെ കോമ്പ്ലിക്കേഷൻസ് ഒന്നുമില്ല. അത് കൊണ്ട് നീയിങ്ങനെ ഓരോന്നോർത്ത് കഷ്ടപ്പെട്ട് വളർത്തിയ നിന്റെ നഖമിരുന്ന് തിന്ന് തീർക്കേണ്ട.”

“സീമേ നീ പറഞ്ഞത് സത്യം തന്നെയാണോ? അതോ എന്നെ സമാധാനിപ്പിക്കാൻ കള്ളം പറഞ്ഞതോ ”
വിശ്വാസം വരാതെ ഞാൻ അവളോട് ചോദിച്ചു.

“അല്ല നൊണ….നിന്റെ കിടത്തം മതിയാക്കി കിച്ചനിലേക്കൊന്ന് വന്നേ…. വല്ലോം കഴിക്കണ്ടേ ? ത്രേസ്യാമ്മ ചേടത്തിയുടെ വീട്ടിലെ പേയിങ് ഗസ്റ്റ് ആണ് നമ്മൾ. അപ്പൊ ഫുടൊക്കെ ഒറ്റക്ക് ഉണ്ടാക്കേണ്ടി വരും ”

“ഒരഞ്ചു മിനിറ്റ്…. അപ്പോഴേക്കും ഞാനെത്താം…..””ആ നരേന്ദ്രനെയും സ്വപ്നം കണ്ട് വീണ്ടും ഉറങ്ങിക്കളയല്ലേ “?എന്നെയൊന്നു തിരിഞ്ഞു നോക്കി കുസൃതിച്ചിരിയോടെ സീമ പറഞ്ഞു….

പിറ്റേദിവസം മാഷിനെ കാണാമല്ലോ എന്ന സന്തോഷത്തോടെ ആ ദിവസം ഞാനെങ്ങനെയൊക്കെയോ തള്ളി നീക്കി…..

രാവിലെ ഹോസ്പിറ്റലിലേക്ക് സീമയുടെ സ്കൂട്ടിയുടെ പിന്നിലിരുന്ന് പോകുമ്പോൾ വണ്ടിക്ക് വല്ലാത്തൊരു സ്പീഡ് കുറവുള്ളത് പോലെയെനിക്ക് തോന്നി.

“എന്തോന്നെടീ ഒച്ച് ഇഴയുന്നപോലെയാണല്ലോ നിന്റെ പോക്ക്. സ്‌കൂട്ടി അങ്ങോട്ട് കത്തിച്ചു വിട് പെണ്ണേ ”

ആവേശത്തോടെ ഞാൻ അവളോട് പറഞ്ഞു.”പെണ്ണിന്റെയൊരു മാറ്റം കണ്ടോ…. ഇത്രയും ദിവസം എന്റെ സ്‌കൂട്ടിക്ക് ഒടുക്കത്തെ സ്പീഡെന്നും പറഞ്ഞു കണ്ണും പൂട്ടി എന്നെ കെട്ടിപ്പിടിച്ചിരുന്ന ആളാ….”

സീമയുടെ ഇളിച്ചും കൊണ്ടുള്ള ഡയലോഗ് കേട്ടതും എനിക്ക് വല്ലാതെ ദേഷ്യം വന്നു. എന്നാലും ഞാനതിന് മറുപടി ഒന്നും കൊടുക്കാൻ പോയില്ല.

പത്തു മിനിറ്റിനുള്ളിൽ ഞാനും അവളും ഹോസ്പിറ്റലിലെത്തി. ഓടിപ്പിടിച്ചു റീനേ ച്ചിയെ കണ്ട് ആദ്യം അന്വേഷിച്ചത് നരേന്ദ്രൻ സാറിന്റെ റൂം ഏത് ബ്ലോക്കിലെന്നായിരുന്നു . സാറിനെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് C ബ്ലോക്കിലായിരുന്നു. എനിക്ക് ഡ്യൂട്ടി D ബ്ലോക്കിലും…..

സാറിനെ ഇനിയൊരിക്കലും കാണുവാനോ, പരിചയപ്പെടാനോ ഈ ജന്മമെനിക്ക് കഴിയില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. ആ സങ്കടത്തിൽ എന്റെ മിഴികെളെല്ലാം നിറഞ്ഞു തുളുമ്പി.

“ആഹാ നീയിപ്പോഴും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാതെ അന്തം വിട്ട് എന്തോർത്ത് നിൽക്കുകയാണ്. അതെ നമ്മുടെ ഡ്യൂട്ടി ടൈം ആയി ”
സീമയുടെ ഓർമ്മപ്പെടുത്തലുകൾക്കിടയിലും ഒന്നും ചെയ്യാനാകാതെ ഞാനൊരു പ്രതിമ കണക്കെ നിന്നു

“സീമേ, നരേന്ദ്രൻ .സാറിന്റെ ബ്ലോക്കിലെനിക്ക്‌ ഡ്യൂട്ടി കിട്ടുമോ? ഞാൻ പോയി സൂപ്രണ്ടിനെ കണ്ടൊന്ന് സംസാരിച്ചാലോ “?
പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ഞാൻ അവളോട് ചോദിച്ചു.

“എഴുതി എഴുതി നിന്റെ തലേടെ ഓളവും പോയോ പെണ്ണേ? തോന്നുന്നിടത്ത് ഡ്യൂട്ടി ചെയ്യാൻ നമ്മൾ ഡോക്ടർമാരല്ല. നേഴ്‌സുമാരാണ്.”

സീമ പറഞ്ഞത് ശരിയാണ്…. ഇനിയും വാർഡുകളിൽ പോയില്ലെങ്കിൽ സീമയു ടെയും, പിന്നെ റീനചേച്ചിയുടെയും ചീത്ത കേട്ടത് തന്നെ. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഞാൻ ഡ്രസിങ് റൂമിലേക്ക് പോയി.

അന്നത്തെ ജോലിയൊക്കെ ഏകദേശം കഴിഞ്ഞു…. ഇനി അര മണിക്കൂർ നേരത്തേക്ക് എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല… സീമ അപ്പോഴും രെജിസ്റ്ററിൽ തിരക്കിട്ടു എന്തോ എഴുതുകയാണ്.

അപ്പോഴാണ് ഈ സമയം നരേന്ദ്രൻ മാഷിനെ ഒന്ന് പോയി കണ്ടാലോ എന്നെനിക്ക് തോന്നിയത്…. ഒറ്റക്ക് പോകാൻ വല്ലാത്തൊരു മടി…. സീമയെ കൂടി കൂട്ട് വിളിച്ചാലോ. അങ്ങനെ ആ ഒരുദ്ദേശ്യം മനസ്സിൽ വച്ചാണ് ഞാൻ അവളെ വിളിച്ചത്.

“സീമേ, നിനക്കിപ്പോ വല്യ പണിയൊന്നുമില്ലല്ലോ “?
ഒരൽപ്പം പതിഞ്ഞ ശബ്ദത്തിലാണ് ഞാനത് ചോദിച്ചത്.

“ഞാൻ പിന്നെ ചുമ്മാതിരിക്കുകയാണോ “എന്നെയൊന്നു അലസമായി നോക്കിയിട്ട് സീമ വീണ്ടും രജിസ്റ്ററിൽ എഴുതാൻ തുടങ്ങി.

“എടീ നമുക്കിപ്പോ നരേന്ദ്രൻ സാറിന്റെ റൂമിലൊന്നു പോയാലോ ”
എന്തും വരട്ടെയെന്നു കരുതി ഞാനവളോട് തുറന്നു ചോദിച്ചു.

“നിന്റെ കുണുകുണാന്നുള്ള ചോദ്യം കേട്ടപ്പോഴേ സൂക്കേടെനിക്ക് പിടികിട്ടി. പക്ഷെ സോറി മോളെ എനിക്കിപ്പോ തീരെ സൗകര്യമില്ല ”

“നിന്റെയൊരു ജോലി ഇങ്ങോട്ട് വാടി “രെജിസ്റ്റർ അടച്ചു വച്ച് ഞാൻ അവളെ പിടിച്ചു വലിച്ചു മാഷിന്റെ റൂമിലേക്ക് നടന്നു.

“നീ എന്റെ ജോലി കളയിക്കും” ആസ്വസ്ഥതയോടെ സീമ പറഞ്ഞു.സാറിന്റെ റൂമിനു മുന്നിലെത്തിയപ്പോഴാണ് ഒരു സ്ത്രീയും ചെറിയൊരു പെൺകുട്ടിയും അതിനുള്ളിൽ നിന്നും പുത്തേക്കിറങ്ങിയത്.

അവരുടെ മുഖം ക്ഷീണം കൊണ്ടോ സങ്കടം കൊണ്ടോ വല്ലാതെ വാടിയിരുന്നു. വരണ്ടു ണങ്ങിയ ആ ചുണ്ടുകളിൽ ഒരു ചെറുചിരി പോലും ബാക്കിയുണ്ടായിരുന്നില്ല. കുഴിഞ്ഞു താണ അവരുടെ കണ്ണുകളിലെ നോട്ടം മുഴുവൻ ആ കൊച്ചു പെൺകുട്ടിയുടെ മുഖത്ത് ആയിരുന്നു. അപ്പോഴാണ് ഞാനും അവളെ ശ്രദ്ധിച്ചത്.

ഏകദേശം നാലോ അഞ്ചോ വയസ്സ് തോന്നും ആ മിടുക്കിയ്ക്ക്. ആരോടെന്നില്ലാതെ അവൾ എന്തൊക്കെയോ ഒറ്റക്ക് സംസാരിക്കുന്നുണ്ട്. വിടർന്നു മനോഹരമായ അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു ഭംഗിയുണ്ടെന്ന് എനിക്ക്

തോന്നി. ഞാനാ കുഞ്ഞിന് നേരെ വെറുതെയൊന്ന് കൈ വീശി. അവളിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. പെട്ടെന്നൊരു നിമിഷം അവളെന്നെയൊന്ന് തിരിഞ്ഞു നോക്കി മെല്ലെ പുഞ്ചിരിച്ചു. ഞാനും അവളെ കണ്ണടച്ചു നോക്കി വെറുതെയൊന്നു ചിരിച്ചു

“അതാരാ സീമേ ആ സ്ത്രീയും കുട്ടിയും ”
എന്റെ ചോദ്യം കേട്ടതും സീമ അവരെയൊന്ന് നോക്കി…..”അത് ചിലപ്പോ നിന്റെ സാറിന്റെ വല്ല ഫാനും ആകുമായിരിക്കും ”

സീമയുടെ മറുപടി കേട്ട് ഞാൻ തകുലുക്കി.ഞങ്ങൾ രണ്ടാളും പതിഞ്ഞ കാൽവയ്പ്പുകളോടെ ആ റൂമിനുള്ളിലേക്ക് കേറി… അവിടെ അപ്പോൾ അദ്ദേഹം ഉണ്ടായിരുന്നില്ല. വാഷ് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്.

ഞാൻ ആകാംഷയോടെ ചുറ്റിലുമൊന്നു നോക്കി. അപ്പോഴാണ് ടേബിളിൽ അടുക്കിവച്ചിരിക്കുന്ന ചില പുസ്തകങ്ങൾ കാണുന്നത്. . അതിലൊന്നിൽ ‘നിശാ ശത്ഭങ്ങൾ’ എന്ന എന്റെ കൃതിയും ഉണ്ടായിരുന്നു.

എന്റെ കൈയിലിരിക്കുന്ന പുസ്തകങ്ങൾ കണ്ട് സീമയുടെ കണ്ണുകളിലും സന്തോഷം ഇരട്ടിച്ചു. അവളെന്തോ ഓർത്തിട്ട് ഉം നടക്കട്ടെ നടക്കട്ടെ എന്ന ഭാവത്തിൽ മെല്ലെ തലയാട്ടി.

“നിങ്ങളോടാരാ ഇതൊക്കെ തൊടാൻ പറഞ്ഞത് ” പിന്നിൽ നിന്നുമുള്ള ഗർജ്ജന ശബ്ദം കേട്ടതും ഞെട്ടിവിറച്ച് എന്റെ കൈയിലെ പുസ്തകങ്ങളെല്ലാം തറയിലേക്ക് ഊർന്ന് വീണു. തിരിഞ്ഞു

നോക്കിയപ്പോൾ നരേന്ദ്രൻ മാഷ്. എന്റെ പരിഭ്രമം കണ്ട് സീമ വേഗം തന്നെ പുസ്തകങ്ങളെല്ലാം പെറുക്കി തിരികെ ടേബിളിൽ അടുക്കി വച്ചു.

“കുറച്ചു നേരത്തേക്ക് എന്നെ ഡിസ്റ്റർബ് ചെയ്യരുതെന്ന് ഞാൻ താഴെ ഇൻഫോം ചെയ്തതായിരുന്നല്ലോ “മാഷ് പറയുന്നത് കേട്ട് ഞാനും സീമയും മുഖത്തോട് മുഖം നോക്കി.

“നിങ്ങളെന്തിനാണ് വന്നത്, എന്താണ് കാര്യം? “മാഷിന്റെ ചോദ്യം എന്നോടായിരുന്നു. അത് കേട്ടതും ഞാനൊന്ന് പതറി.

“സർ, ഇവൾ സാറിന്റെ വലിയൊരു ആരാധികയാണ് ഒന്ന് കണ്ട് ഒരു ഓട്ടോഗ്രാഫ് വാങ്ങി തിരികെ പോകാമെന്നു കരുതി വന്നതാ. “സീമയുടെ പെട്ടെന്നുള്ള പ്രതികരണം കേട്ട്

ഞാനൊന്ന് നടുങ്ങി. കാരണം ഇങ്ങനയുള്ള കാര്യങ്ങളൊന്നും അദ്ദേഹത്തിന് ഇഷ്ടമല്ലെന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു.

“ഞാനിവിടെ ഏതെങ്കിലും ഇനാഗുറേഷന് വന്നതല്ല, എന്റെ പിന്നാലെ വന്ന് ഓട്ടോഗ്രാഫ് വാങ്ങിക്കാൻ? മനുഷ്യരായാൽ കുറച്ചൊക്കെ ബോധം വേണം. എന്റെ മൂഡ് കളയാതെ നിങ്ങളിപ്പോ ഇറങ്ങാൻ നോക്ക് ”

അധിക്ഷേപിച്ചു കൊണ്ടുള്ള അദേഹത്തിന്റെ വാക്കുകൾ കേട്ട് ഞാനാകെ ഷോക്കായി. നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം…എവിടെയെങ്കിലും പോയൊ ന്നൊളിക്കാൻ മോഹിച്ചുകൊണ്ട് ധൃതിയിൽ ഞാനവിടെ നിന്നും ഇറങ്ങി.

“നീലി താൻ ഒക്കെയാണോ “? ഡ്യൂട്ടി റൂമിലെത്തിയ സീമയുടെ ചോദ്യം കേട്ടതും അണ പൊട്ടിയൊഴുകിയ സങ്കടത്തോടെ അവളുടെ ചുമലിൽ ചേർന്നു നിന്ന് ഞാൻ പൊട്ടിക്കരഞ്ഞു.

“അയ്യേ നീ ഇത്രയ്ക്കെ ഉള്ളോ “?തമാശമട്ടിൽ എന്നെ അശ്വസിപ്പിച്ചു കൊണ്ട് സീമ ചോദിച്ചു.

കുറച്ചു നേരം ഞാനങ്ങനെ നിന്നു…. ഒന്ന് കരഞ്ഞപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി. ഒടുവിൽ മുഖമൊക്കെ കഴുകി കണ്ണൊക്കെ തുടച്ചു ഞാനും സീമയും പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് എന്തോ ചോദിച്ചു കൊണ്ട് റീന സിസ്റ്റർ അങ്ങോട്ട് കേറി വന്നത്….

പെട്ടെന്ന് ഞാൻ ചുണ്ടിലൊരു ചിരിയുമായി സിസ്റ്ററോട് കാര്യമെന്തെന്ന് തിരക്കി.

“നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്? ആകെ കരഞ്ഞ പോലുണ്ടല്ലോ?”ഒരു വിളറിയ ചിരിയോടെ ഞാൻ ഇല്ലെന്ന മട്ടിൽ മെല്ലെ തലയാട്ടി.

“നിങ്ങളാ നരേന്ദ്രൻ സാറിന്റെ റൂമിൽ പോയിരുന്നോ? പുള്ളി എന്നെ വിളിച്ചു എന്തൊക്കെയോ പറഞ്ഞു.””എന്നിട്ട്…..?

“ആയാൾ പറയുന്നതൊക്കെ കേട്ട് മിണ്ടാതെ തിരിച്ചു വരാമെന്ന് കരുതിയതാ. അപ്പോഴാ നിന്റെ പുസ്തകം ഞാനവിടെ കണ്ടത്.ഈ പുസ്തകം എഴുതിയ നീലിമ മോഹനാണോ സാറിനെ കാണാൻ വന്നതെന്ന് ചോദിച്ചു “?

“ഈശ്വരാ ഈ ചേച്ചീടെ ഒരു കാര്യം “പരിഭ്രമ ത്തോടെ ഞാൻ നെറ്റിയിൽ കൈ വച്ചു ”

“അപ്പോൾ ആയാൾ പറഞ്ഞു ഏതോ രണ്ട് നേഴ്സ്മാരാണ് ഇവിടെ വന്നതെന്ന്. അയാൾക്ക് നിന്നെ പിടികിട്ടിയിട്ടില്ലെന്ന് ആ സംസാരത്തിൽ നിന്നെനിക്ക് മനസ്സിലായി . ഒടുവിൽ ഞാനെല്ലാ

തെറ്റിദ്ധാരണകളും മാറ്റി കൊടുത്തു. നീയാണ് കാണാൻ വന്നതെന്നറിഞ്ഞപ്പോൾ പുള്ളി ഭയങ്കര എക്സൈറ്റെഡ് ആയി.ഡ്യൂട്ടി കഴിഞ്ഞിട്ട് നിന്നെ അയാളുടെ റൂമിലേക്കൊന്ന് ചെല്ലാൻ പറഞ്ഞു ”

നരേന്ദ്രൻ സർ എന്നെ കാണണമെന്ന് അറിയിച്ചപ്പോൾ വിശ്വസിക്കാൻ കഴിയാതെ സന്തോഷം കൊണ്ട് ഞാൻ വല്ലാതെ വീർപ്പുമുട്ടി.

“കണ്ടോ ഇത്രയേ ഉള്ളൂ കാര്യം. എന്റെ റീനേച്ചി കുറച്ചു മുൻപേ അയാളെയൊന്ന് കാണാൻ പോയതിന്റെ ക്ഷീണമാണ് ഇവളുടെ മുഖത്ത് കാണുന്നത്. അയാളെന്തോ പറഞ്ഞതിന് എങ്ങലടിച്ചു കരയുകയായിരുന്നു ഇവളിത്ര നേരവും .”സീമ പറയുന്നത് കേട്ട് ചമ്മലോടെ ഞാനൊന്ന് ചിരിച്ചു.

“സ്വന്തം ഭാര്യയോടും, കുഞ്ഞിനോടും സ്നേഹമോ അടുപ്പമോ കാണിക്കാത്ത മനുഷ്യനാണ് അയാൾ. കുറച്ചു മുൻപേ ഒരു വെള്ള ഫ്രോക്കിട്ട പെൺകുട്ടിയും, കൂടെ ഒരു സ്ത്രീയെയും നിങ്ങൾ കണ്ടിരുന്നോ? അതാണ് അയാളുടെ

കുഞ്ഞും, ഭാര്യയും ആ കുഞ്ഞ് അച്ഛനെ കാണണമെന്ന് ബഹളം വച്ചപ്പോൾ അവർ കൊണ്ട് വന്നതാണ്. എന്നിട്ട് അതിനെയൊന്ന് വാരിയെടുത്തതോ ഇല്ല പോട്ടെ സ്നേഹത്തോടെ ഒന്ന് നോക്കിയത് പോലുമില്ല ആ ദുഷ്ടൻ ”

റീനേച്ചി പറഞ്ഞത് കേട്ടപ്പോൾ എനിക്കാ കുഞ്ഞിന്റെയും സ്ത്രീയുടെയും മുഖം മനസ്സിൽ തെളിഞ്ഞു വന്നു. കേട്ടത് സത്യമാണെങ്കിൽ സർ ചെയ്തത് വല്ലാത്ത ക്രൂരത ആയിപ്പോയി എന്നെനിക്ക് തോന്നി

“അങ്ങേരുടെ കഥകളിലൊക്കെ എന്തൊക്കെയാണ് ആയാൾ എഴുതി പടച്ചു വിടുന്നത്? സ്നേഹ സമ്പന്നനായ ഭർത്താവ്, ഭാര്യയെ പൂജിക്കുന്ന കെട്ടിയോൻ.യഥാർത്ഥ ജീവിതത്തിലെ ആയാളോ വെറും വട്ടപ്പൂജ്യവും .”

സാറിനെ കുറ്റപ്പെടുത്തിയുള്ള സീമയുടെ സംസാരം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ദഹിക്കുന്നൊരു നോട്ടം നോക്കി ഞാനവളുടെ വായ് അടപ്പിച്ചു.

ഡ്യൂട്ടി ടൈം കഴിഞ്ഞു ഇറങ്ങാൻ നേരമാണ് ഞാൻ നരേന്ദ്രൻ സാറിന്റെ റൂമിലേക്ക് പോകുന്നത്. സീമയെ കൂട്ടിന് വിളി ച്ചപ്പോൾ അവൾ വന്നില്ല. ഒറ്റക്ക് പോകുന്നതിന്റെ ചെറിയൊരു വെപ്രാളവും പകപ്പും എനിക്കുണ്ടായിരുന്നു.

“ഞാൻ ചെന്നപ്പോൾ ഡോർ ലോക്ക് ചെയ്തിരിക്കുകയായിരുന്നു തിരിച്ചു പോയാലോ എന്നൊരു നിമിഷം ഓർത്തു…. പിന്നെ അത് ശരിയല്ലല്ലോ എന്നോർത്ത് ഞാൻ ഒന്ന് രണ്ട് പ്രാവശ്യം ഡോറിൽ മുട്ടി….

പെട്ടെന്ന് തന്നെ റൂം മലർക്കെ തുറന്നു. കുളിച്ചു ഫ്രഷ് ആയി സുന്ദരനായി നിൽക്കുന്ന സാറിനെ കണ്ട് ഞാൻ തികച്ചും അശ്ചര്യപ്പെട്ടു. വായിച്ചു പഴകിയ നോവലുകളിലെ നായകൻ മുന്നിൽ നിന്നത് പോലെയാണെനിക്ക് തോന്നിയത്……

“നീലിമ, അകത്തേക്ക് വരൂ ”
സാറിന്റെ ശബ്ദം കേട്ടതും ഞാനൊന്ന് ഞെട്ടി.സ്വപ്നത്തിൽ നിന്നുണർന്ന് ഞാൻ ഉള്ളിലേക്ക് കയറി.

“ഇനി ഇരിക്കാൻ ഞാൻ പ്രത്യേകിച്ച് പറയണോ “?
ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നത് കേട്ട് ഞാൻ മെല്ലെ ചെയറിൽ ഇരുന്നു.

“ആദ്യം തന്നെ ഞാൻ തന്നോട് ക്ഷമ ചോദിക്കുന്നു. പുസ്തകങ്ങൾ എന്നു വച്ചാൽ എന്റെ ജീവനോളം പ്രിയപ്പെട്ടതാണ്. അത് മറ്റാരും തൊടുന്നതെനിക്ക് ഇഷ്ടമല്ല.എന്നെ നോക്കി കൊണ്ട് ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു.

“അത് മാത്രമല്ല, ആരാധന മൂത്ത് ആരുമെന്റെ പിന്നാലെ വരുന്നതും എനിക്കിഷ്ടമല്ല. ഞാൻ പെട്ടെന്ന് ക്ഷോഭിക്കുന്ന ഒരാളും അതിനേക്കാൾ വളരെ സാധാരണക്കാരനുമായ ഒരു വ്യക്തിയുമാണ് ”
അദ്ദേഹം പറയുന്നതെല്ലാം ഞാൻ ശ്രദ്ധപൂർവം കേട്ടു കൊണ്ടിരുന്നു.

“നീലിമ എന്താണ് നിശബ്ദയായി ഇരിക്കുന്നത്?”അദേഹത്തിന്റെ ചോദ്യത്തിന് മറുപടിയായി ഞാൻ വെറുതെ ഒന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

“പക്ഷെ നീലിമ തന്റെ നോവൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പുതിയ എഴുത്തുകാരെ കുറിച്ച് എനിക്ക് വലിയ മതിപ്പൊന്നുമില്ലായിരുന്നു. പക്ഷെ താനെന്റെ ധാരണകളെയൊക്കെ തെറ്റിച്ചു.ജീവനുള്ള അക്ഷരങ്ങൾ. ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് നീലിമയുടെ സൃഷ്ടി.

സാറിന്റെ ഓരോ വാക്കുകളും ഒരു നിധി പോലെയെന്റെ ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാനപ്പോൾ ആഗ്രഹിച്ചത്. സന്തോഷം കൊണ്ട് തുള്ളിച്ചാടിയാലോ എന്ന് തോന്നിയ നിമിഷം

“ഇനിയും താൻ ഒരുപാട് എഴുതണം. പ്രണയവും, യാഥാർഥ്യം നിറഞ്ഞ ജീവിതങ്ങളും, സ്വപ്‌നങ്ങളുടെ വർണ്ണക്കൂട്ടുകളും അങ്ങനെ മനോഹരമായ പലതും.എഴുത്തിന്റെ വഴിയിൽ നല്ലൊരു സുഹൃത്തായി ഞാനെന്നും തന്റെയൊപ്പം ഉണ്ടാകും ”

പുതിയൊരു ഊർജം നേടിയ ആ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ പോകാനായി എഴുന്നേറ്റു.

“ഒത്തിരി നന്ദിയുണ്ട് സർ, ഈ വാക്കുകൾക്ക് ഈ വിലയേറിയ നിമിഷങ്ങൾക്ക്, എല്ലാം.രാത്രി ഏറെ വൈകി. ഇനിയും ലേറ്റ് ആയാൽ പ്രോബ്ലം ആകും “.

“ഓക്കേ….. നീലിമ. ഒരാഴ്ച ഞാനിവിടെ ഉണ്ടാകും. തനിക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. എന്നോട് സംസാരിക്കാം ”

നിറഞ്ഞ സന്തോഷത്തോടെ ഞാൻ ഡോറിനടുത്തേക്ക് നടന്നു പെട്ടെന്നാണ് സാറിന്റെ നമ്പർ ചോദിച്ചില്ലല്ലോ എന്ന് ഞാനോർത്തത്.

“വിരോധമില്ലെങ്കിൽ സാറിന്റെ നമ്പർ ഒന്ന് തരുമോ “?
ഒന്നും ഓർക്കാതെയാണ് ഞാൻ ചോദിച്ചത്. തന്നില്ലെങ്കിൽ നാണക്കേടാകും…..

“താനാദ്യം തന്റെ നമ്പർ പറയ്…. ഞാനതി ലേക്കൊരു മിസ്സ്‌ കോൾ ഇട്ടേക്കാം “പേടിച്ചത് പോലെ ഒന്നുമുണ്ടായില്ല എന്ന ആശ്വാസത്തിൽ ഞാനെന്റെ നമ്പർ കൊടുത്തു. ഉടനെ സർ ഒരു മിസ്സ്ഡ് കോൾ വിടുകയും ചെയ്തു.

തുടി കൊട്ടുന്ന മനസ്സുമായി സീമയുടെ അടുത്തെത്തുമ്പോൾ അവൾ ദേഷ്യം കൊണ്ട് എന്തൊക്കെയോ എന്നോട് പറഞ്ഞു. ഞാൻ അതൊന്നും കാര്യമാക്കിയില്ല.

പിന്നീടുള്ള ദിവസങ്ങൾ ഞാനേതോ മായാ ലോകത്ത് എത്തിപ്പെട്ടത് പോലെയായിരുന്നു…. സാറിന്റെ ഓരോ കോളും, മെസ്സേജസുമെല്ലാം ആനന്ദത്തിന്റെ പുതിയ ദിവസങ്ങളാണ് എനിക്ക് നൽകിയത്.

ഒരു ദിവസം സംസാരത്തിന്റെ ഇടയിലാണ് ഞാൻ സാറിന്റെ ഭാര്യയെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചും ചോദിച്ചത്. ആദ്യമൊന്ന് ആസ്വസ്ഥനായെങ്കിലും പിന്നീട് അദ്ദേഹം എല്ലാം തുറന്നു പറഞ്ഞു….

“സത്യത്തിൽ എഴുത്തും വായനയുമൊക്കെയായി ഒതുങ്ങി കൂടാനാണ് ഞാൻ ആഗ്രഹിച്ചത്. എന്നാൽ അമ്മയുടെ നിർബന്ധം കൊണ്ടെനിക്ക് സുമയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നു. വൈകാതെ എനിക്കൊരു കുഞ്ഞും ജനിച്ചു.

അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ഞാനാ ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷെ അവളുടെ സങ്കടം നിറച്ചുള്ള വാക്കുകൾ കേട്ടപ്പോൾ എനിക്കതിനു കഴിഞ്ഞില്ല. എന്നാൽ അവൾക്കൊപ്പം കഴിയാനുമെന്റെ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് ഞാൻ തറവാട് വിട്ട് ഈ ഫ്ലാറ്റിലേക്ക് താമസം മാറിയത്.

അപ്പോൾ മോൾ… അവളെ കാണാണോ, സ്നേഹിക്കാനോ ഒന്നും സാറിന് തോന്നാറില്ലേ?
ആകാംക്ഷയോടെയാണ് ഞാനത് ചോദിച്ചത്.

“സ്നേഹ മോൾ….. അവളെയെനിക്ക് ഇഷ്ടമാണ്. പക്ഷെ അറ്റാച്ഡ് ആകാൻ ഞാൻ ശ്രമിക്കാറില്ല. എന്നെങ്കിലും സുമയുമായി പിരിയേണ്ടി വന്നാൽ അത് മോൾക്കൊരു പ്രശ്നം ആകരുതെന്ന് കരുതിയാണ്.”

സാറിന്റെ വാക്കുകളെന്നെ വല്ലാതെ സങ്കടപ്പെടുത്തി.”സാർ എന്താണ് ഭാര്യയെ സ്നേഹിക്കാതെ പോയത്? കുറച്ചു നാളെങ്കിലും ഒരുമിച്ചു കഴിഞ്ഞിട്ടും അവരോടൊരടുപ്പം തോന്നിയില്ലേ “?

“ഇല്ലെന്ന് പറയുന്നതാകും ശെരി. ഞാൻ കൊതിക്കുന്നത് എന്റെ കഥകളെ ഇഷ്ടപ്പെടുന്ന, അഭിപ്രായം പറയുന്ന ഒരു പങ്കാളിയെയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ നീലിമയെ പോലൊരു പെൺകുട്ടിയെ ”

ഒടുവിൽ അദ്ദേഹം പറഞ്ഞ വാചകം അക്ഷരാർദ്ധത്തിൽ എന്നെ ഞെട്ടിച്ചു. ഏകദേശം നാലഞ്ച് ദിവസങ്ങളായി അദ്ദേഹവും, ഞാനും നിരന്തരം സംസാരിക്കുന്നുണ്ട്. പക്ഷെ ഇത് വരെയും ഒരു മോശമായ വാക്കും എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ ഇത്……

“നീലിമ എന്താണ് ഒന്നും മിണ്ടാത്തത്? ഞാൻ തമാശ പറഞ്ഞതല്ല നീലിമേ. തന്നെപ്പോലൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ ജീവിതം ഏറെ സുന്ദരമാകുമെന്നൊരു തോന്നൽ ”

വളരെ ഗൗരവമായി അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.”അപ്പോൾ സാറിന്റെ ഭാര്യയും, കുഞ്ഞും “? പതർച്ചയോടെ ഞാൻ ചോദിച്ചു.

“എന്റെ തറവാട് ഞാൻ അവളുടെയും, കുഞ്ഞിന്റെയും പേരിൽ എന്നോ എഴുതി വച്ചു. നീലിമയെന്നെ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ ഞാനവളെ ഡിവോഴ്സ് ചെയ്യും ”

എത്രയോ നിസ്സാരമായി അദ്ദേഹം അത് പറഞ്ഞു .”നീലിമ, താനെന്താണ് മറുപടി ഒന്നും പറയാത്തത് “?

“വിവാഹം എന്നൊക്കെ പറയുമ്പോൾ ആലോചിച്ചു ചെയ്യേണ്ട കാര്യമല്ലേ സർ. എനിക്ക് കുറച്ചു ടൈം വേണം “.

” ഓ. അതിനെന്താ താൻ സാവകാശം ആലോചിച്ചൊരു മറുപടി തന്നാൽ മതി. പിന്നെ, ഇന്ന് ഞാൻ ഡിസ്ചാർജ് ആകുകയാണ്. തനിക്കെപ്പോഴെങ്കിലുമെന്നെ കാണണമെന്നുണ്ടെങ്കിൽ എന്റെ ഫ്ലാറ്റിലേക്ക് വരാം. അഡ്രെസ്സ് ഞാൻ സെന്റ് ചെയ്തേക്കാം “”ഫ്ലാറ്റിലേക്കോ…പകച്ചു കൊണ്ട് ഞാൻ ചോദിച്ചു.

“എന്താ ഇയാൾക്ക് പേടിയുണ്ടോ?. ഈ നരേന്ദ്രൻ കുടിക്കും, ചിലപ്പോൾ ചീത്ത വിളിക്കും. പക്ഷെ സ്ത്രീ വിഷയത്തിൽ തല്പരനല്ല. അത് കൊണ്ട് തനിക്കേത് പാതി രാത്രി വേണേലും എന്നെ കാണാൻ വരാം ”

തമാശ മട്ടിൽ അദ്ദേഹം പറയുന്നത് ശെ രിയാണെന്ന് എനിക്കും തോന്നി.അന്ന് രാത്രി മുഴുവൻ നരേന്ദ്രൻ സാറിന്റെ പ്രൊപ്പോസലിനെ കുറിച്ചാണ് ഞാൻ ഉറക്കമിളിച്ച് ചിന്തിച്ചു കൊണ്ടിരുന്നത്. എന്തു കൊണ്ടോ അദേഹത്തിന്റെ കോളുകളൊന്നും ഞാൻ അറ്റൻഡ് ചെയ്തില്ല.

“എന്താടി നീയിങ്ങനെ തൂങ്ങി പിടിച്ചിരിക്കുന്നത്‌ “?
സീമയുടെ നിർബന്ധിച്ചുള്ള ചോദ്യങ്ങൾ സഹിക്കവയ്യാതെ ഞാനെല്ലാം അവളോട് തുറന്നു പറഞ്ഞു.

“നീ ആ പാവത്തിനെ തേച്ചിട്ട് പോകുമോ “?
അവളുടെ ചോദ്യം കേട്ട് എന്റെ ഉള്ളൊന്ന് കിടുങ്ങി.”അപ്പൊ നീ എന്നെ കുറിച്ച് അങ്ങനെയാണോ കരുതിയിരിക്കുന്നത് “?

സങ്കടത്തോടെയുള്ള എന്റെ ചോദ്യം കേട്ടിട്ടും മറിച്ചൊന്നും പറയാതെ അവൾ തിരിഞ്ഞു കിടന്നുറങ്ങി.

ദിവസങ്ങൾ കഴിയുന്തോറും മനസ്സിലെ പിരിമുറുക്കം കൂടി വന്നു. ഇനിയും നരേന്ദ്രൻ സാറിനെ ഇരുട്ടിൽ മറയ്ക്കുന്നത് ശെരിയല്ലെന്നെനിക്ക് തോന്നി. അങ്ങനെയാണ് ഞാനദ്ദേഹത്തെ ഒരു വൈകുന്നേരം വിളിക്കുന്നത്

“ഉച്ച കഴിഞ്ഞൊരു മൂന്നു മണിയാകുമ്പോൾ സർ ഫ്ലാറ്റിൽ കാണുമോ? എനിക്കൊന്ന് വരാനാ ”

ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ എന്റെ ശബ്ദം കേട്ട് നരേന്ദ്രൻ സർ ആശ്ചര്യപ്പെട്ടു.

“എനിക്ക് വേറെ അപ്പോയ്ന്റ്മെന്റസ് ഒന്നുമില്ല. താൻ വന്നോ “ഉത്സാഹത്തോടെ അദ്ദേഹം പറഞ്ഞു.

പറഞ്ഞ സമയത്ത് തന്നെ ഞാന വിടെയെത്തി…. ആദ്യത്തെ കാളിങ് ബെല്ലിൽ തന്നെ മാഷ് ഡോർ തുറന്നു.

നേരിയൊരു പുഞ്ചിരിയോടെ അദ്ദേഹമെന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.”നീലിമ എന്റെ പ്രൊപോസലിനെക്കുറിച്ചൊന്നും പറഞ്ഞില്ല “?

കുശലന്വേഷങ്ങൾക്കൊടുവിലെ അദേഹത്തിന്റെ ചോദ്യം കേട്ട് ഞാൻ വല്ലാതെയായി.

“സർ, ഇതെന്റെ മാരിയേജ് ഇൻവിറ്റേഷൻ. ആദ്യത്തെ ക്ഷണം സാറിനു തന്നെയാകട്ടെയെന്നു കരുതി ”

ആദ്യമൊന്ന് വിളറിയെങ്കിലും ഒടുവിൽ അദ്ദേഹം കവർ തുറന്നു നോക്കി.”നീലിമ എസ് മോഹൻ വെഡ്സ് ആകാശ്. ചെറിയൊരു ഇടർച്ചയോടെ അദ്ദേഹമത് വായിച്ചു.

അപ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കടന്നു വന്നത്.”സർ, ഇതാണ് എന്റെ ആകാശേട്ടൻ.” ഞാൻ സാറിനു അദ്ദേഹത്തെ പരിചയപ്പെടുത്തി.

“ആകാശ്, റിയലി യു ആർ ലക്കി. ഷേക്ക് ഹാൻഡ് കൊടുത്തുകൊണ്ട് സർ പറഞ്ഞു.

“ശരിയാണ് സർ. ഞാനത്ര പഠിപ്പും, വിവരവുമുള്ള ആളൊന്നുമല്ല. ഒരു ചെറിയ പ്രൊവിഷൻ സ്റ്റോറും അതിലെ കണക്കും, കണക്കുകൂട്ടലുകളും മാത്രമേ ഉള്ളൂ എന്റെ തലമണ്ടയിൽ. ഇവളും ഞാനും അയൽക്കാരായിരുന്നു. പെട്ടെന്നൊരു പനി പിടിച്ചു ഇവളുടെ അമ്മ മരിച്ചപ്പോൾ

ഇവളെ നോക്കാനോ, പഠിപ്പിക്കാനോ ആരുമുണ്ടായില്ല. ഇവളെ പഠിപ്പിച്ചു യോഗ്യനായ ഒരാളെ കണ്ടുപിടിച്ചു വിവാഹം നടത്തണമെന്നായിരുന്നു എന്റെ മനസ്സിൽ.പക്ഷെ ഒടുക്കം ഇവളെന്റെ കണ ക്കുകൂട്ടലുകളൊക്കെ തെറ്റിച്ചു

രണ്ട് വർഷം മുൻപാണ് ഇവൾ മനസ്സിലുള്ള ഇഷ്ടം തുറന്നു പറയുന്നത്. ആദ്യം കേട്ടപ്പോൾ വല്ലാത്തൊരു അങ്കലാപ്പായിരുന്നു. പിന്നെ മനസ്സിലായി ആള് തമാശ പറയുന്നതല്ല, ഭയങ്കര സീരിയസ് ആണെന്ന്.അങ്ങനെ ഞാനും അറിയാതെ ഇവളെ പ്രണയിച്ചു തുടങ്ങി”

എന്നെ ചേർത്തു പിടിച്ചുകൊണ്ടാണ് ആകാശേട്ടനത് പറഞ്ഞത്.”നീലിമ സാറിനെ കുറിച്ച് എല്ലാമെന്നോട് പറഞ്ഞിട്ടുണ്ട്. അവളുടെ ഇഷ്ടം അറിഞ്ഞു തന്നെ പറയുകയാണ്,സർ തീർച്ചയായും വിവാഹത്തിനെത്തി ഞങ്ങളെ അനുഗ്രഹിക്കണം.”

ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കിയതല്ലാതെ നരേന്ദ്രൻ സാർ കൂടുതലായി ഒന്നും പറഞ്ഞില്ല

“ആകാശേട്ടൻ താഴെ ചെന്ന് കാറിൽ വെയിറ്റ് ചെയ്യുമോ എനിക്ക് ഇദ്ദേഹത്തിനോട് കുറച്ചു സംസാരിക്കാനുണ്ട് “.

“ശെരി നീലി. പക്ഷെ വേഗം വരണേ “. എന്റെ ചുമലിൽ മെല്ലെയൊന്നു തട്ടി അദ്ദേഹം താഴേക്ക് പോയി.മുറിയിൽ ഞാനും സാറും തനിച്ചായി.

“കണ്ടോ സർ, ചിലപ്പോഴൊക്കെ ജീവിതം ഇത്രത്തോളം സിമ്പിൾ ആണ്. മറ്റു ചിലപ്പോൾ വളരെ സങ്കീർണ്ണവും. ഒരു കണക്കിന് സുമേച്ചിയും ആകാശേട്ടനും ഒരു പോലെയല്ലേ.? ആകാശേട്ടൻ ഇന്ന് വരെ എന്റെ ഓർമ്മയിലൊരു ചെറുകഥ പോലും വായിച്ചിട്ടില്ല.

എന്നാൽ എഴുതാനെന്നുമെന്നെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ. സാറിന്റെ ഭാര്യ സുമേച്ചിയും അങ്ങനെയാകും. ദൂരെ മാറി നിന്ന് സാറിന്റെ വളർച്ച കണ്ട് കണ്ണു നിറയ്ക്കുന്നുണ്ടാകും.

സാറിന്റെ സ്‌പെയ്സിലേക്ക് ഒരിക്കലും കടന്നു വരാതെ സർവ്വ സ്വാതന്ത്രം നൽകുന്ന ഒരാളെ സാറിന് ഇനിയൊരിക്കലും കിട്ടില്ല. കഥകളിൽ നമുക്ക് ഒരായിരം കഥാപാത്രങ്ങൾക്ക് ജീവൻ പകരാം. സ്വന്തം ജീവിതത്തിൽ പരാജയപ്പെട്ടാൽ അതിനു പിന്നെ

എന്തർത്ഥമാണ് ഉള്ളത്.? സ്നേഹമോൾക്കെങ്കിലും നാളെ അച്ഛനെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നണം. അവളെ ചേർത്തു പിടിക്കാനെങ്കിലും സാറിന് ചേച്ചിയെ ഇങ്ങോട്ട് വിളിച്ചു കൂടെ”?

“ആകാശേട്ടന് പഠിത്തം കുറവാണ്…. ചിലരൊക്കെ പറയുന്നത് പോലെ ഗമയും. പക്ഷെ എന്റെ സന്തോഷങ്ങളിൽ പങ്കു ചേരുവാനും, എന്റെ കണ്ണൊന്നു നിറഞ്ഞാൽ ഹൃദയത്തോടെന്നെ ചേർത്തു പിടിക്കാനും അദ്ദേഹമൊപ്പമുള്ളപ്പോൾ ഈ അനാഥത്വം നിറഞ്ഞ ജീവിതം പോലുമെനിക്ക് മനോഹരമാണ്.”

“All the best Neelima “അദേഹത്തിന്റെ മനസ്സ് നിറച്ചുള്ള വാക്കുകൾ കേട്ടപ്പോൾ എനിക്ക് സന്തോഷമായി

“സർ വരുമ്പോൾ സൂമേച്ചിയെയും , സ്നേഹ മോളെയും ഒപ്പം കൊണ്ട് വരുമോ “?അതാകും സർ നൽകുന്ന എന്റെ ലൈഫിലെ ഏറ്റവും നല്ല ഗിഫ്റ്റ്.

“തന്റെ വാക്കുകളെ ഉൾക്കൊള്ളാൻ ഞാൻ ശ്രമിക്കാം നീലിമ.സത്യത്തിൽ ഈ ഒറ്റപ്പെടൽ ഞാനും വെറുത്തു തുടങ്ങിയിരിക്കുന്നു. എന്തായാലും തന്റെ ചോയ്സ് എനിക്കിഷ്ടായി. ഞാൻ വിവാഹത്തിന് തീർച്ചയായും വരാം “.

നരേന്ദ്രൻ സാറിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ നേരിയൊരു പ്രത്യാശ ഉണ്ടായിരുന്നു. ഒപ്പം ഞാനേതോ നിമിഷത്തിൽ അദ്ദേഹത്തെ സങ്കടപ്പെടുത്തിയെന്ന നിരാശയും.

ആരാധനയെക്കാളും എനിക്കെന്നും വിലമതിക്കാനാകാത്തത് ആകാശേട്ടന്റെ പ്രണയമാണെന്ന് ഓർത്തുകൊണ്ട് ഞാനെന്റെ ജീവിതത്തിലെ പുതിയ ചുവടുകളിലേക്ക് യാത്ര തുടങ്ങി.വെളുത്ത ആകാശത്തിലേക്ക് പറക്കാൻ മോഹിച്ചൊരു ചെറുകിളിയെ പോലെയെന്റെ മനസ്സും തുടികൊട്ടി.

Leave a Reply

Your email address will not be published. Required fields are marked *