പെയ്തൊഴിയാതെ
(രചന: Megha Mayuri)
“എൻ്റെ മോൾക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമായിട്ടുണ്ട്… നിങ്ങൾക്ക് നിങ്ങളുടെ പുതിയ ക്രഷിൻ്റെ കൂടെ ജീവിക്കാൻ അവളൊരിക്കലും ഒരു ബാധ്യതയായി വരില്ല…
എന്നേക്കാൾ ചെറുപ്പവും സുന്ദരിയുമായ വിദ്യയുടെ കൂടെ നിങ്ങൾ ജീവിച്ചു കൊള്ളുക…..
വിവാഹ മോചനത്തിന് ഞാൻ തയ്യാറാണ്… പക്ഷേ കുറച്ചു സമയം എനിക്ക് വേണം….. അതു വരെ ഈ വീട്ടിൽ ഞങ്ങൾ രണ്ടു പേരും മുകൾ നിലയിൽ താമസിക്കും…
ഈ വീടു പണിയാൻ എൻ്റെ അച്ഛൻ്റെ കയ്യിൽ നിന്നും നിങ്ങൾ പണം വാങ്ങിയിട്ടുണ്ട്…. പകുതി പൈസയും എൻ്റെ വീട്ടിൽ നിന്നുള്ളതാണ്…
അത് തിരിച്ചു തരുന്നതുവരെ ഞങ്ങൾ ഇവിടെ തന്നെ താമസിക്കും…. തിരിച്ചുകിട്ടുമ്പോൾ വേറെ ഒരു വീടെടുത്തു മാറും….. ഒരു ജോലി എവിടെയെങ്കിലും സംഘടിപ്പിക്കണം…..
നിങ്ങൾക്കു വേണ്ടി വേണ്ടെന്നു വച്ചതല്ലേ എൻ്റെ കരിയർ…. പഴയ കമ്പനിയിൽ തന്നെ ഒന്നു ശ്രമിച്ചു നോക്കണം… ആരെങ്കിലും സഹായിക്കാതിരിക്കില്ല……അതു വരെ മാത്രം മതി ഈ നാടകം…. ”
ശാന്തമായി ഇത്രയും പറഞ്ഞു കൊണ്ട് വിവേകിൻ്റെ മുഖഭാവം ഒരു രണ്ടു മിനിറ്റ് ശ്രദ്ധിച്ചു….മറുവശത്ത് ഒരു മറുപടിയുമില്ല എന്നു കണ്ടപ്പോൾ മീര പിന്തിരിഞ്ഞു നടന്നു …
റൂമിൽ കയറി വാതിലടച്ചു കഴിഞ്ഞതും അതുവരെ ഉള്ളിലടക്കി പിടിച്ചു വച്ച സങ്കടം മുഴുവൻ ആർത്തലച്ചു പെയ്തു….
ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം ഇത്രയും നിസ്സംഗമായി പറയാൻ തനിക്കെങ്ങനെ സാധിച്ചു എന്ന് അവൾ തന്നോടു തന്നെ ചോദിച്ചു…
വിവേക് വിദ്യയോടു ഫോണിൽ പറഞ്ഞ വാക്കുകൾ മനസിൽ തികട്ടിത്തികട്ടി വന്നു കൊണ്ടിരുന്നു…..
ഞാനും മോളും ഇനിയെങ്ങനെ ജീവിക്കും, എവിടെ ജീവിക്കും, എൻ്റെ മാതാപിതാക്കൾ മരിച്ചു പോയതുകൊണ്ട് സഹായത്തിനാരുണ്ട് ,
ചേട്ടനുമായി സ്വത്തു തർക്കം ഉണ്ടായതു കൊണ്ട് തറവാട്ടിലേക്ക് പോകാൻ പറ്റില്ല എന്നൊക്കെയുള്ള വിഷയങ്ങളിൽ മാത്രമേ കുറ്റബോധം അയാൾക്കുണ്ടായിരുന്നുള്ളൂ ….അതു കൊണ്ടു മാത്രമാണത്രേ ഞങ്ങളെ വേണ്ടെന്നു വയ്ക്കാത്തത് എന്ന്….
വിദ്യയോടൊത്തുള്ള സ്വപ്നതുല്യമായ ജീവിതത്തിന് ഞങ്ങൾ രണ്ടു പേരുമാണ് വില്ലത്തികളായി നിൽക്കുന്നത്….. ഞങ്ങളായിട്ട് ഒന്ന് ഒഴിഞ്ഞു പോയിരുന്നെങ്കിൽ സൗകര്യമായേനേ… എന്ന്…
എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ പറയാൻ? വേറെയാരും തങ്ങൾക്ക് ഇല്ല എന്നറിയാമായിരുന്നിട്ടും ഞാനും മോളും ഒഴിഞ്ഞു പോകണം എന്നതാണ് അയാളുടെ സന്തോഷം…
ഇത്രയൊക്കെ ചോദ്യം ചെയ്യുമ്പോഴും ഒരു കുറ്റബോധവുമില്ല വിവേകിന്…അയാളായിട്ട് പറയാതെ താൻ തന്നെ അത് മനസിലാക്കി ഒഴിഞ്ഞു പോകുന്നല്ലോ എന്ന സന്തോഷമായിരിക്കണം മനസ്സിൽ… ഒരു ക്ഷമാപണമോ ഏറ്റുപറച്ചിലോ “എൻ്റെ ജീവിതത്തിൽ നിന്നും പോകരുത്..”
എന്ന് അവസാനമെങ്കിലും പറയുമെന്നോ ഒക്കെ പ്രതീക്ഷിച്ച താൻ എന്തൊരു മണ്ടി… തനിക്കു വില തന്നില്ലെങ്കിലും മോളെക്കുറിച്ച് പോലും അയാൾ ഓർത്തില്ലല്ലോ…
അല്ലെങ്കിലും അതിരു കവിഞ്ഞ ഒരു സ്നേഹമൊന്നും മോളോടും അയാൾ പ്രകടിപ്പിച്ചിട്ടില്ലല്ലോ..
അയാൾ വേറെ ഒരു ല ഹരിയിലാണ്… ആ ല ഹരിക്കിടയിൽ താനും മോളുമൊക്കെ അധികപ്പറ്റാണ്…
അയാളുടെ ഔദാര്യത്തിൽ എന്തിനു ജീവിക്കണം? അനഘ മോൾക്ക് ആദ്യമേ ഇത് മനസിലായതുകൊണ്ട് അവൾ തനിക്കു പൂർണ്ണ പിന്തുണയും തന്നിട്ടുണ്ട്….
അച്ഛൻ്റെ വഴി വിട്ട ബന്ധത്തെക്കുറിച്ച് ആദ്യത്തെ ഹിൻ്റ് തന്നെ തന്നിട്ടുള്ളത് അവളാണ്…. പതിനഞ്ചുകാരിയേക്കാൾ പക്വത അവൾ എല്ലാ കാര്യങ്ങളിലും പ്രകടിപ്പിച്ച് പലപ്പോഴും ഞെട്ടിച്ചിട്ടുണ്ട്….
നമുക്ക് മറ്റെവിടെയെങ്കിലും താമസിക്കാമെന്നും അമ്മ ജോലിക്കു പോകാൻ ശ്രമിക്കണമെന്നുമൊക്കെ ഇങ്ങോട്ട് പറഞ്ഞതും അവളാണ്…
എത്ര സമയം അങ്ങനെ തന്നെ ഇരുന്നു എന്നറിയില്ല… കുറേ കരഞ്ഞപ്പോൾ മനസിനൊരാശ്വാസം തോന്നി…പതുക്കെ ചെന്ന് അലമാരയുടെ ഉള്ളറയിൽ നിന്നും പഴയ സർട്ടിഫിക്കറ്റുകളെടുത്തു കൊണ്ടുവന്നു…..
വർഷങ്ങളായി ഫയലിനുള്ളിലിരുന്നതുകൊണ്ട് സർട്ടിഫിക്കറ്റുകളൊക്കെ മഞ്ഞ കളറായി തുടങ്ങിയിരിക്കുന്നു…. എം. എസ്സി സുവോളജിക്കു ലഭിച്ച മൂന്നാം റാങ്ക് സർട്ടിഫിക്കറ്റ് …
തുടർച്ചയായി രണ്ടു വർഷത്തെ എ സോൺ കലോത്സവത്തിലെ കലാതിലകപ്പട്ടങ്ങൾ..
കാണുമ്പോൾ തന്നെ ഒരാത്മനിന്ദ തോന്നുന്നു.. ഇതൊക്കെ സർട്ടിഫിക്കറ്റായി ഇരിക്കാൻ മാത്രമേ ഉപകരിച്ചുള്ളൂ……
വിവേകിൻ്റെ ഭാര്യാ പദവിയിലെത്തിയപ്പോൾ ഈ സർട്ടിഫിക്കറ്റുകൾക്കൊന്നും വിലയില്ലാതായി…
തൻ്റെ ഡാൻസ് പ്രോഗ്രാമുകൾ എവിടെ വച്ച് നടന്നാലും തേടിപ്പിടിച്ച് കണ്ടിരുന്ന, അതിലൂടെ തന്നെ ഇഷ്ടപ്പെട്ടിരുന്ന വിവേകിന് വിവാഹത്തിനു ശേഷം താൻ ഡാൻസ് കളിക്കുന്നതിനോട് താൽപര്യമുണ്ടായില്ല..
ആട്ടക്കാരി എന്നു വിളിച്ച് കളിയാക്കലായിരുന്നു… അയാളോടുള്ള അടങ്ങാത്ത ഇഷ്ടം കാരണം അയാളുടെ താൽപര്യങ്ങൾക്കനുസരിച്ച് താനും മാറി..
പി. എച്ച്ഡി യ്ക്കു പോകാൻ തയ്യാറെടുത്തു കൊണ്ടിരുന്ന തന്നെ പ്രണയമെന്നും വിവാഹമെന്നുമുള്ള മോഹവലയത്തിൽ കുരുക്കി പഠിത്തം അവസാനിപ്പിച്ചു….
അനഘ മോളുണ്ടായപ്പോൾ മോളെ നോക്കുന്നതിൻ്റെ കാരണം പറഞ്ഞ് പോയിക്കൊണ്ടിരുന്ന ജോലി രാജിവപ്പിച്ചു….
വിവേകിൻ്റെ ഇഷ്ടമനുസരിച്ച് താൻ ധരിക്കുന്ന വസ്ത്രങ്ങൾ, ഭക്ഷണ ശീലങ്ങൾ, നിറങ്ങൾ ഒക്കെ മാറ്റം വന്നു…
മോഡേൺ വേഷങ്ങളോട് താൽപര്യമില്ലാതിരുന്ന തനിക്ക് വെസ്റ്റേൺ വെയറുകളും ഒക്കെ ശീലമാക്കേണ്ടി വന്നു….
നീണ്ട മുടി ഇഷ്ടമില്ലാതിരുന്ന അയാൾക്കു വേണ്ടി അരക്കെട്ടിനൊപ്പമുള്ള മുടി മുറിച്ച് ലേയർ കട്ടും യൂ കട്ടും ചെയ്ത് കളറു ചെയ്യേണ്ടി വന്നു…
പക്കാ വെജിറ്റേറിയനായിരുന്ന താൻ അയാൾക്കു വേണ്ടി നോൺ വെജിറ്റേറിയൻ ഭക്ഷണം ഉണ്ടാക്കാനും കഴിക്കാനും ശീലിച്ചു..
എന്തിനു വേണ്ടിയായിരുന്നു ഇതൊക്കെ? പഴയതിനേക്കാൾ മനോഹരമായ ഒന്നിനെ കാണുമ്പോൾ പഴയതിനെ ഉപേക്ഷിച്ച് പുതിയതിൻ്റെ
പുറകേ പോകാൻ ഒരു മടിയുമില്ലാത്ത ഒരു വ്യക്തിക്കു വേണ്ടിയായിരുന്നു എൻ്റെ കരിയർ, എൻ്റെ പാഷൻ, എൻ്റെ പഠനം, എൻ്റെ ശീലങ്ങൾ, ഇഷ്ടങ്ങൾ ഇതൊക്കെ ഞാൻ വേണ്ടെന്നു വച്ചത്….
പണ്ടുണ്ടായിരുന്ന പ്രതികരണശേഷിയൊക്കെ അടച്ചു പൂട്ടിവച്ചത്…ഭാര്യ എന്ന നിലയിൽ വിവേകിന് എന്തെങ്കിലും കുറവു വരുത്തിയിട്ടില്ല..
എന്നിട്ടു പോലും ആർക്കു വേണ്ടിയാണോ ജീവിച്ചത് അവർക്കു തന്നെ വേണ്ടാതായിപ്പോയി.. തന്നേക്കാൾ എന്തു യോഗ്യതയാണോ വിദ്യയിൽ വിവേക് കണ്ടത്?
നമ്മളെ ആവശ്യമില്ലാത്തവരുടെ ജീവിതത്തിൽ ഇനിയും കടിച്ചു തൂങ്ങി കിടക്കുന്നതിൽ അർത്ഥമില്ല….
നാളെ മുതൽ എന്തെങ്കിലും ജോലിക്ക് ശ്രമിക്കണം… പഴയ സുഹൃത്തുക്കളോടൊക്കെ ഒന്നന്വേഷിക്കാം… വിവേകിൻ്റെ അടിച്ചമർത്തൽ കാരണം പഴയ സൗഹൃദങ്ങളൊക്കെ എന്നേ നഷ്ടമായതാണ്….
കുറച്ചു പേരുടെ സൗഹൃദം മാത്രമേ നില നിന്നു പോകുന്നുള്ളൂ….എങ്കിലും ആരെങ്കിലും ഒരാളെങ്കിലും സഹായിക്കാതിരിക്കില്ല…
മോളും താനും മാത്രമായിട്ടുള്ള പുതിയ ജീവിതത്തേക്കുറിച്ച് മനസ് പാകപ്പെടുത്തിയെടുക്കേണ്ടിയിരിക്കുന്നു.
.. മോളു കൂടെയുള്ളതാണ് ആകെയൊരു ധൈര്യം…
ഒരു ദീർഘനിശ്വാസത്തോടെ എല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടിൽ അവൾ എഴുന്നേറ്റു…. ഇനിയും ഈ കാര്യത്തിനായി കരഞ്ഞിരിക്കാനും കെഞ്ചാനും ഒരുക്കമല്ല…. വിവേകിൻ്റെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ..
കുറച്ചു ദിവസമായി വിദ്യയുടെ പേരിൽ നിലനിന്നിരുന്ന പൊട്ടലും ചീറ്റലും ഒരു അവസാനത്തിലെത്തി….
പിറ്റേ ദിവസം തന്നെ റൂമിൽ നിന്നും മീരയുടേതായ സാധനസാമഗ്രികളെല്ലാം മുകൾ നിലയിലെ അനഘയുടെ റൂമിലേക്കു മാറ്റി…
അടുത്ത ദിവസങ്ങളിലായി മീരയുടെ പെരുമാറ്റത്തിലെ മാറ്റങ്ങൾ വിവേക് അറിഞ്ഞു തുടങ്ങി…
അമ്മയ്ക്കും മകൾക്കും മാത്രമുള്ള ഭക്ഷണം ഉണ്ടാക്കൽ…. രണ്ടു പേരും മാത്രമിരുന്നു ഭക്ഷണം കഴിക്കൽ…..അവർ രണ്ടു പേരുടെയും വസ്ത്രങ്ങൾ മാത്രം അലക്കലും തേക്കലും….
വിവേകിൻ്റെ മുറിയിൽ കയറാറേ ഇല്ല… അയാളോട് തീരെ സംസാരിക്കാറില്ല… അയാൾ കഴിക്കാറുണ്ടോ, ഏതു സമയത്തു ജോലിക്കു പോകുന്നു, എപ്പോൾ തിരിച്ചു വരുന്നു എന്നൊന്നും ശ്രദ്ധിക്കാതെ ആയി…
അങ്ങനെ ഒരു വ്യക്തി അവിടെ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ അയാളെ തീർത്തും അവഗണിച്ചു…..
അയാൾക്കിഷ്ടമില്ലാത്ത രീതിയിലുള്ള, പക്ഷേ മീരയ്ക്കിഷ്ടമായ വസ്ത്രങ്ങൾ, നിറങ്ങൾ, ഹെയർ സ്റ്റൈൽ….
അതിലൊക്കെ മീരയെ കാണാൻ തുടങ്ങി…. അമ്മയുടെയും മകളുടെയും ചിരിയും അയാളോടുള്ള അവഗണനയും കാണുന്തോറും വിവേകിന് മനസിൽ കുറ്റബോധം തോന്നുന്നുണ്ടായിരുന്നു….
അയാൾ എന്തെങ്കിലും സംസാരിക്കാൻ പോയാലും അമ്മയും മകളും ഗൗനിക്കാറേയില്ല…. അയാളുടെ മുന്നിൽ വച്ച് തന്നെ സുഹൃത്തുക്കളോട് ചിരിച്ചു കളിച്ച് ഫോണിൽ സംസാരിക്കാനും മീര മനപൂർവം ശ്രമിച്ചു..
ഒരു മാസത്തിനുള്ളിൽ കൂട്ടുകാരുടെ ശ്രമഫലമായി പഴയ കമ്പനിയിൽ തന്നെ മീരക്കു അക്കൗണ്ടൻ്റായി ജോലി ലഭിച്ചു…..
പ്രശസ്തയായ നൃത്താധ്യാപികയുടെ കീഴിൽ വീണ്ടും നൃത്ത പരിശീലനം അമ്മയും മകളും തുടങ്ങി….
മുകൾ നിലയിൽ നിന്നും രാത്രികാലങ്ങളിൽ ചിലങ്കയുടെ ശബ്ദം കേട്ടു തുടങ്ങി….. ഓരോ ദിവസം കഴിയുന്തോറും മീര ചെറുപ്പമായി കൊണ്ടിരിക്കുന്നതായി വിവേകിനു തോന്നി…
കുറച്ചു ദിവസമായി മീരയുടെ മുഖത്തുണ്ടായിരുന്ന നിരാശ മാറി പ്രസരിപ്പ് വന്നു കൊണ്ടിരുന്നു.. മീരക്ക് ഇഷ്ടമുള്ള വേഷങ്ങളിൽ, നിറങ്ങളിൽ അവൾ മുമ്പത്തേക്കാൾ മനോഹരിയായിരുന്നു…
വീടിനു മുടക്കിയ പണം വിവേകിൽ നിന്നു തിരിച്ചുകിട്ടിയപ്പോൾ മീരയും അനഘയും സുഹൃത്തുക്കൾ സംഘടിപ്പിച്ചു കൊടുത്ത വേറൊരു ചെറിയ വീട്ടിലേക്കു താമസം മാറി…
വൈകാതെ തന്നെ മീരയിൽ നിന്നും ഡൈവോഴ്സ് നോട്ടീസ് വിവേകിന് കിട്ടി… അധികം വൈകാതെ വിവാഹ മോചനവും ലഭിച്ചു…
കുറേ മാസങ്ങൾ കഴിഞ്ഞപ്പോൾ വിവേകും വിദ്യയും ഒരുമിച്ചാണ് താമസമെന്ന് ആരൊക്കെയോ പറഞ്ഞ് മീര അറിഞ്ഞു.. പ്രതീക്ഷിച്ചതായതു കൊണ്ട് അവൾക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല….
“അമ്മേ… നാളെ അമ്മയ്ക്കു ജോലിക്കു പോകണോ?”ഡാൻസ് ക്ലാസിൽ നിന്നും ശിഷ്യകളെയൊക്കെ പറഞ്ഞു വിട്ടതിനു ശേഷം മുഖത്തെ വിയർപ്പൊപ്പി താഴേക്ക് ഇറങ്ങി വരുന്ന മീരയെ സാകൂതം നോക്കി അനഘ ചിരിച്ചു…
അമ്മയെ കണ്ടാൽ അമ്പത് വയസ്സ് കഴിഞ്ഞു എന്ന് ഒരാളും പറയില്ല…ഒരു മുടിയിഴ പോലും നരച്ചിട്ടില്ല…. ശരീരവും ഒട്ടും തടിക്കാതെ ചെറുപ്പക്കാരിയെ പോലെ ഇരിക്കുന്നു…. ഇപ്പോഴും യൗവനം അമ്മയെ വിട്ടു പോകാത്തതു പോലെ…..
അമ്മയാണെന്നു പറയില്ല… ചേച്ചിയാണെന്നേ പറയൂ.. എന്നാണ് തൻ്റെ സുഹൃത്തുക്കളൊക്കെ പറയാറുള്ളത്…. പല ബാച്ചുകളിലായി എഴുപതിലേറെ കുട്ടികൾക്ക് നൃത്തം പഠിപ്പിച്ചു കൊടുക്കുന്നുണ്ട് അമ്മ….
ജോലി കഴിഞ്ഞ സമയം അമ്മ അമ്മയുടെ പാഷനു വേണ്ടി ഉപയോഗിക്കുന്നു.. പല വേദികളിലും അമ്മയും അമ്മയുടെ പ്രിയപ്പെട്ട ശിഷ്യകളും കൂടെ നൃത്തശില്പങ്ങൾ അവതരിപ്പിക്കുന്നു..
“പോകണം… എന്നാലും നീ പറഞ്ഞോ? എന്താ കാര്യം?””നാളെ അമ്മ എൻ്റെ കൂടെ നമ്മുടെ ഹോസ്പിറ്റലിൽ ഒന്നു വരണം… അമ്മയ്ക്കറിയാവുന്ന ഒരാൾ എൻ്റെ പേഷ്യൻ്റായി വന്നിട്ടുണ്ട്…… കിഡ്നി ഫെയിലിയറായി വന്നതാണ്.. അമ്മയെ കാണണമെന്നു പറഞ്ഞു…. ”
“അതാരാണ് എനിക്കറിയാവുന്നയാൾ? “”എൻ്റെ അമ്മേ.. നാളെ കാണാമല്ലോ.. അമ്മയിങ്ങനെ ധൃതി പിടിക്കാതെ… ”
ചിന്താധീനയായി നിൽക്കുന്ന മീരയുടെ രണ്ടു കവിൾത്തടത്തിലും പതിയെ തലോടിക്കൊണ്ട് അവൾ ചിരിച്ചു…
പിറ്റേ ദിവസം അനഘയോടൊപ്പം പേഷ്യൻ്റ് കിടക്കുന്ന റൂമിലേക്ക് മീര കയറിയത് അങ്കലാപ്പോടെയാണ്…..
രോഗിയെ കണ്ടപ്പോൾ ഒരു ഷോക്കിലായിപ്പോയി…. കണ്ണുകൾ കുഴിയിലാണ്ടെങ്കിലും മുഖത്ത് നീരു വച്ചിട്ടുണ്ടെങ്കിലും ആളെ മനസിലായി…..
തളർന്ന മിഴികളിൽ കണ്ട ഭാവം യാചനയുടേതാണോ മാപ്പപേക്ഷിക്കുന്നതിൻ്റെയാണോ കുറ്റബോധത്തിൻ്റെയാണോ എന്നു മനസിലായില്ല….
അനഘയുടെ മുഖത്ത് നോക്കിയപ്പോൾ ഒരു തരം നിർവികാരത….കൂടെ ഉണ്ടായിരുന്ന വിദ്യക്കും ഒരു മരവിപ്പ്… പഴയ സൗന്ദര്യത്തിൻ്റെ നിഴൽ പോലും വിദ്യയിൽ കാണാനില്ല…. അവർക്ക് മക്കൾ ഉണ്ടായില്ലെന്നറിയാമായിരുന്നു…..
അടുത്തു ചെന്നപ്പോൾ തളർന്ന കൈ ഉയർത്തി ക്ഷീണിച്ച ശബ്ദത്തിൽ വിവേക് പറഞ്ഞു….
”ഒന്ന് കാണണമെന്നുണ്ടായിരുന്നു.. മാപ്പു പറയാൻ…. അതു കൊണ്ടാണ് അനഘ മോളോട് കാണണമെന്ന് പറഞ്ഞത്… ക്ഷമിക്കണം എന്നു പറയാനുള്ള അർഹത പോലും എനിക്കില്ല……”
“ഇപ്പോഴാണോ നിങ്ങൾക്ക് അങ്ങനെ തോന്നിയത്?”മീര എന്തെങ്കിലും പറയും മുമ്പ് അനഘയുടെ ശബ്ദം ഉയർന്നു..”മോളേ….. ” അയാൾ പരിക്ഷീണനായി വിളിച്ചു..
“മോളോ…… ആരുടെ മോൾ?…..ഞാനമ്മ വളർത്തിയ മകളാണ്… അമ്മയുടെ മാത്രം മകൾ… അമ്മയുടെ പേരിലാണ് എൻ്റെ അഭിമാനമിരിക്കുന്നത്….. അച്ഛൻ്റെ പേരിലല്ല….
നിങ്ങൾ ചെയ്ത തെറ്റിൻ്റെ വ്യാപ്തി മനസിലാക്കാനായിരിക്കണം വിധി നിങ്ങളെ വീണ്ടും ഞങ്ങളുടെ മുന്നിൽ തന്നെ കൊണ്ടുവന്നത്…
ആരുമില്ലാതിരുന്ന സമയത്ത് ഞങ്ങളെ ഉപേക്ഷിച്ച് അക്കരപ്പച്ച തേടി പോയതായിരുന്നു നിങ്ങൾ….
നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു പോയിട്ടും എൻ്റെ അമ്മയോ ഞാനോ തളർന്നു പോയിട്ടില്ല എന്നു കാണിക്കാനാണ് ഞാൻ അമ്മയെയും കൂട്ടി നിങ്ങളുടെ മുന്നിൽ വന്നത്…
ഞങ്ങൾ അന്തസ്സായിട്ടു തന്നെയാണ് ഇപ്പോൾ ജീവിക്കുന്നത്…..എന്നെ സംബന്ധിച്ച് നിങ്ങൾ എൻ്റെ പേഷ്യൻ്റ് മാത്രമാണ്…. ഡോക്ടർ പേഷ്യൻ്റിനു കൊടുക്കുന്ന പരിചരണം മാത്രം നിങ്ങൾ എന്നിൽ നിന്നും പ്രതീക്ഷിച്ചാൽ മതി…
ഒരു രോഗിയോട് ഇങ്ങനെ പെരുമാറരുത് എന്നറിയാം… പക്ഷേ.. നിങ്ങൾ അതർഹിക്കുന്നു…. ” അവളുടെ ശബ്ദത്തിൽ രോഷമിരമ്പി…
“വാ… അമ്മേ… നമുക്ക് പോവാം…”അനഘ മീരയുടെ കൈ കവർന്നുകൊണ്ടു പറഞ്ഞു.. വേരുറച്ചു പോയ കാലുകൾ പറിച്ചെടുത്ത് മകളുടെ കൂടെ തിരിഞ്ഞു നോക്കാതെ മീര പുറത്തേക്കു നടന്നു… ഒരക്ഷരം പോലും മിണ്ടാതെ….