സ്ത്രീ ധനം പോരാ സ്ത്രീ ധനം വേണ്ടാത്തവർക്കു സൗന്ദര്യം പോരാ,, ഇങ്ങനെ എത്രയെണ്ണം കണ്ടേക്കുന്നു,,

മൗനംകഥപറയുമ്പോൾ
(രചന: Jolly Shaji)

എടിപെണ്ണേ ഇതുവരെ പണികഴിഞ്ഞില്ലേ, വേഗം പോയി കുളിച്ചു ഉള്ളതിൽ നല്ലൊരു സാരി എടുത്തു ഉടുക്ക്,

പിന്നെ ആ കണ്ണിലിത്തിരി മഷി കൂടി തേച്ച് ഒരു പൊട്ടും തൊട്ടോ,, ഈ കൂട്ടർക്കെങ്കിലും ഒന്ന് ബോധിച്ചോട്ടെ.. എത്രയെന്നു കണ്ടാണ് വീട്ടിൽ നിർത്തുക
എന്റെ മക്കൾക്കും വേണ്ടേ ഒരു ഭാവി..

ചെറിയമ്മേടെ എണ്ണിപ്പറച്ചിലുകൾ കേട്ടപ്പോഴേക്കും ഗൗരി വേഗം അടുക്കള വൃത്തിയാക്കി പുറത്തേക്കു പോയി..

കുളിമുറിയിൽ കയറി വെള്ളം ശരീരത്തേക്ക് ഒഴിക്കുമ്പോഴും ,, മുറിയിൽ ചെന്നു സാരി ഉടുക്കുമ്പോഴും ഗൗരിക്ക് ഒന്നും തോന്നിയില്ല,, എത്ര കൂട്ടർ വന്നുപോയി ഇതുപോലെ…

ജാ തകം ഒത്തുവന്നാൽ സ്ത്രീ ധനം പോരാ സ്ത്രീ ധനം വേണ്ടാത്തവർക്കു സൗന്ദര്യം പോരാ,, ഇങ്ങനെ എത്രയെണ്ണം കണ്ടേക്കുന്നു,,

“നീ ഒരുങ്ങിയില്ലേ ഗൗരി ഇതുവരെ,, “”ഉവ്വ് ചെറിയമ്മേ,, ഒരുങ്ങി “”ഇങ്ങനെ ആണോടി പെണ്ണുകാണാൻ വരുമ്പോൾ ഒരുങ്ങുന്നതു,, ഒരു പൊട്ടെങ്കിലും തൊട്ടുകൂടെ നിനക്ക് ”

“എന്നെ ഇങ്ങനെ കണ്ട് ഇഷ്ട്പ്പെടുന്നവർ കെട്ടിയാൽ മതി “ഗൗരി വായതുറന്നതാണ് പറയാൻ പിന്നെ വേണ്ടെന്നു വെച്ചു

“അതെങ്ങനെ.. അ ശ്രീകരം.. പറഞ്ഞാൽ അനുസരണ ഇല്ലല്ലോ അല്ലെ,, ജനിച്ചു വീണതേ തള്ളേടെ ജീവൻ എടുത്തുകൊണ്ടാണ്,,, പ്രായപൂർത്തി ആയപ്പൊഴേക്കും അച്ഛനെയും വീഴ്ത്തി ”

അവരുടെ വാക്കുകൾ കേട്ടു പൊട്ടിക്കരയണം എന്നു തോന്നി അവൾക്കു,, പക്ഷെ അവൾ പിടിച്ചു നിന്നു..

അവൾ അച്ഛന്റെ മുറിയിലേക്ക് പോയി,, കട്ടിലിൽ ജീവച്ഛവം ആയി കിടക്കുന്ന അച്ഛന്റെ പാദങ്ങളിൽ പിടിച്ച് കുറെ നേരം മൗനമായി ഇരുന്നു,,

അവളുടെ മനസ്സിലെ വിഷമങ്ങൾ പലപ്പോഴും ഒഴുക്കി കളയുന്നത് ആ കാലുകളിലൂടെ ആയിരുന്നു…

“അവര് വന്നു നീ ചായ എടുത്തു അങ്ങോടു വന്നേ,,, പിന്നെ ഈ കരിക്കലം പോലത്തെ നിന്റെ മുഖഭാവം കൂടി ഒന്ന് മാറ്റിയിട്ടു വരണേ ”

അവൾ അടുക്കളയിൽ പോയി ചായ ഗ്ലാസ്സുകളിൽ ഒഴിച്ചു,, പാത്രങ്ങളിൽ ബിസ്കറ്റ്, മിക്സർ, പഴം ഇവയും എടുത്തു.. അപ്പോളൊന്നും അവൾക്ക് പ്രത്യേകത ഒന്നും തോന്നിയില്ല…

“ഞാൻ വളർത്തിയ കൊച്ചായതുകൊണ്ടു പറയുവല്ല, നല്ല അടക്കോം ഒതുക്കോം എല്ലാം ഉള്ള കുട്ടിയാണ്,,ഒരു വീട്ടിലെ എല്ലാ കാര്യങ്ങളും അവള് ഭംഗിയായി നോക്കിക്കൊള്ളും ”

ചായയുമായി ഇറയത്തേക്കു ഇറങ്ങാൻ തുടങ്ങിയ ഗൗരി പെട്ടെന്ന് നിന്നു,, ചെറിയമ്മ അല്ലെ പറയുന്നത്,, ഇവർക്ക് ഇങ്ങനെ ഒരു മുഖം കൂടി ഉണ്ടോ.. ഉള്ളിൽ ഊറി ചിരിച്ച് അവൾ ഇറയത്തേക്കു ഇറങ്ങി..

ഇറയത്തു ഉച്ചത്തിലുള്ള സംസാരം പെട്ടെന്ന് നിന്നു..”അതാണ് ചെക്കൻ ചായ കൊടുത്തോളു”

ഗൗരി കുനിഞ്ഞ മുഖത്തോടെ ചായ ചെക്കന് നേരെ നീട്ടി… ജീൻസും ഷർട്ടും ആണ് വേഷം…മുഖത്തേക്ക് നോക്കണം എന്നുണ്ട് പക്ഷെ ഉള്ളിലൊരു ഭയം.. അവൾ ചായകൊടുത്തു തിരിഞ്ഞു പോകാൻ തുടങ്ങി…

“നീയെങ്ങോട്ടു പോകുന്നു അവർക്കു എന്തെങ്കിലും ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കട്ടെ ”

“എനിക്ക് പ്രത്യേകിച്ച് ഒന്നും ചോദിക്കാൻ ഇല്ല,, എനിക്കിഷ്ടമായി ഗൗരിയെ “ശബ്‍ദം കേട്ടപ്പോൾ ഗൗരി തല ഉയർത്തി ചെറുക്കനെ നോക്കി..അവൻ അവളെ നോക്കി മെല്ലെ കണ്ണിറുക്കി..

ങേ… ഈശ്വരാ ഇതു സച്ചിയേട്ടൻ അല്ലെ..അവൾ സ്തംഭിച്ചു പോയി,, വീണ്ടും ഒന്നുകൂടി അവൾ അവനെ നോക്കി… അതെ.. തന്റെ കൂടെ പഠിച്ച സരിതയുടെ ഏട്ടൻ…

അവൾ വേഗം അകത്തേക്ക് ഓടി …ചെറിയമ്മ അവളുടെ പിറകെ അകത്തേക്ക് ചെന്നു..

എന്താടി നിനക്ക് ഇഷ്ടമായില്ലേ ചെക്കനെ… ആ ചെക്കനും അവന്റെ വീട്ടുകാരും നിന്നെ കണ്ടിട്ടുണ്ടത്രെ അതാണ് അവര് സമ്മതം മൂളിയത്..

അവൾ മൗനമായി മുഖം കുനിച്ചിരുന്നു അപ്പോളും…എന്ത് ചോദിച്ചാലും മിണ്ടാട്ടം ഇല്ല… എപ്പോളും ഈ മുഞ്ഞിയും വീർപ്പിച്ചു നടക്കുക തന്നെ…

നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഈ ബന്ധം ഉറപ്പിക്കാൻ പോകുവാ.. ഇനിയും വെച്ചു നീട്ടിയാൽ പ്രായം ഏറി വരികയാണ്.. എനിക്കെന്റെ മക്കളെ കൂടി ആർക്കെങ്കിലും പിടിച്ചു കൊടുക്കണം..

ചെറിയമ്മ എണ്ണിപ്പറക്കുമ്പോഴൊക്കെ ഗൗരിയുടെ ഉള്ളം സന്തോഷത്താൽ തുടിക്കുകയായിരുന്നു…

പക്ഷെ അവളിൽ എന്നോ പോയ്മറഞ്ഞചിരി വീണ്ടും വിടർന്നു .. ആരോടും പറയുവാനാവാതെ മനസ്സിൽ സൂക്ഷിച്ച ഒരായിരം കഥകൾ അവളുടെ മൗനത്തിൽ വിരിയുകയായിരുന്നു..

പ്ലസ് ടു പഠിക്കുമ്പോളാണ് സരിതയുമായി കൂട്ടാവുന്നതു,, ഏറെ കുറെ തന്റെ പോലത്തെ അവസ്ഥയുള്ള കുടുംബം.. അവളുടെ അച്ഛൻ ഒരു മ ദ്യ പാനി ആയിരുന്നു..

ഒരു വൈകുന്നേരം ഷാ പ്പിൽ വെച്ചുണ്ടായ ക ത്തി ക്കു ത്തിൽ അച്ഛൻ കൊ ല്ല പ്പെട്ടു,, അന്നവൾക്കു മൂന്നും ഏട്ടന് ഒൻപതും വയസ്സായിരുന്നു…

അമ്മ അടുത്ത വീട്ടിൽ ജോലിക്കു പോയാണ് അവർ കഴിഞ്ഞിരുന്നത്… പത്താം ക്ലാസ് കഴിഞ്ഞു സച്ചിയേ പഠിപ്പിക്കാൻ കാശില്ലാത്തതിനാൽ സ്കൂളിൽ വിട്ടില്ല..

വെറുതെ വീട്ടിലിരുന്ന സച്ചി വീടിനടുത്തുള്ള പാറമടയിൽ മിറ്റിൽ പൊട്ടിയ്ക്കാൻ പോകുമായിരുന്നു…

പൊട്ടിക്കുന്നതിനു അനുസരിച്ചുള്ള കൂലിയും അവർ അവനു കൊടുക്കുമായിരുന്നു… പാറമടയിൽ ജോലി ചെയ്യുന്ന എല്ലാവരുമായി അവൻ നല്ല കൂട്ടായിരുന്നു…

അവിടെ വരുന്ന ടിപ്പറുകളിൽ കയറി ചേട്ടന്മാർക്കൊപ്പം സ്റ്റിയറിങ് തിരിച്ചു അവനും ഒരു ടിപ്പർ ഡ്രൈവർ ആയി… പിന്നെയവൻ അമ്മയെ ജോലിക്കു വിട്ടില്ല… ഒരു ദുശീലങ്ങളും ഇല്ലാതെയാണ് അവൻ വളർന്നു വന്നത്..

സരിതക്കു എപ്പോഴും പറയുവാൻ അവരുടെ ബാല്യകാല കഥകൾ ഉണ്ടാകും..സരിതയെ ചില ദിവസങ്ങളിൽ സ്കൂളിൽ കൊണ്ടാക്കാൻ ഏട്ടൻ വരാറുണ്ട്.. പെൺകുട്ടികളെ മൈൻഡ് പോലും ചെയ്യാതെ വേഗം പോകും…

ഇടയ്ക്കു ടിപ്പർ ഓടിച്ചു പോകുന്നതും കണ്ടിട്ടുണ്ട്.. എപ്പോളോ ഒരിക്കൽ തന്നെ നോക്കി ചിരിച്ചത് ഓർമ്മയിൽ ഉണ്ട്…

ഒന്ന് രണ്ടു വട്ടം അവൾക്കൊപ്പം അവളുടെ വീട്ടിൽ പോയിട്ടുണ്ട്… സച്ചിയേട്ടൻ അവിടെ ഉണ്ടെങ്കിലും ഒരിക്കൽ പോലും തന്നോട് ഒന്നു മിണ്ടുവാൻ പോലും ശ്രമിച്ചിട്ടില്ല… താനും അങ്ങോടും മിണ്ടാൻ ചെന്നിട്ടില്ല…

എപ്പോളൊക്കേയൊ ഒന്ന് മിണ്ടിയെങ്കിൽ എന്നു താനും കൊതിച്ചിട്ടുണ്ട്.. പക്ഷെ തങ്ങൾക്കിടയിൽ എപ്പോഴും മൗനം വേലിതീർത്തിരിക്കുക ആയിരുന്നു…

സരിതയുടെ വിവാഹത്തിന് ചെന്നപ്പോൾ ചോദിച്ചു ഏട്ടനു വിവാഹം ആയില്ലേ എന്നു..

പക്ഷെ എല്ലാവരുടെയും മുഖത്ത് നിരാശ ആയിരുന്നു… ടി പ്പ ർ ഡ്രൈ വർക്കു ആര് പെ ണ്ണ് കൊ ടുക്കും… അതും അച്ഛൻ കൊ ല്ല പ്പെ ട്ടവന് ..

പിന്നെ അതേക്കുറിച്ചൊന്നും ചിന്തിച്ചിട്ടേ ഇല്ല…. പക്ഷെ ഇപ്പോൾ അവർ തന്നെ ചോദിച്ചു ഇങ്ങോട് വന്നേക്കുന്നു…

“മോളെ ഗൗരി അവര് പോവുകയാണ് “അവൾ ഓടി ജനലിൽ പിടിച്ചു മുറ്റത്തേക്ക് നോക്കി.. മുറ്റത്തുനിന്നും തിരിഞ്ഞു നോക്കി കൈവീശുന്ന സച്ചിയേട്ടൻ…

അപ്പോഴും ആ മുഖത്ത് ഉള്ളിലൊളിപ്പിച്ച ഇഷ്ടങ്ങളുടെ കഥകൾ പറയുവാൻ വീർപ്പുമുട്ടി നിൽക്കുന്നത് അവൾക്കു തിരിച്ചറിയാൻ പറ്റി….

മൗനമായി മാറ്റിവെച്ച ഇഷ്ടത്തിന്റെ മുഴുവൻ ഭാവവും അവന്റെ മുഖത്ത് തെളിഞ്ഞു നിന്നു..

Leave a Reply

Your email address will not be published. Required fields are marked *