പെയ്തൊഴിയാത്ത മഴ
(രചന: Pradeep Kumaran)
കോരിച്ചൊരിയുന്ന മഴയുള്ളയൊരു രാത്രിയിൽ ഭാര്യയുടെ തേങ്ങികരച്ചിൽ കേട്ടാണ് അയാൾ കണ്ണ് തുറന്നത്.
വേഗംതന്നെ ലൈറ്റ് ഓൺ ചെയ്ത് നോക്കിയപ്പോൾ പുറം തിരിഞ്ഞ് കിടന്ന് കണ്ണുനീരിൽ കുതിർന്ന തലയിണയിൽ മുഖം ചേർത്ത് തേങ്ങി കരയുകയായിരുന്നു അവൾ.
ഭാര്യയെ അയാൾ തനിക്ക് അഭിമുഖമായ് തിരിച്ച് കിടത്തി കവിളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ച് കളഞ്ഞു.
” വേണി, എന്തിനാന്റെ മോളിപ്പോൾ കരയുന്നത്? എന്ത് പറ്റി നിനക്ക്? “” സങ്കടം സഹിക്കാൻ കഴിയുന്നില്ലയേട്ടാ. ഞാൻ കാരണം ഏട്ടന്റെ ജീവിതം കൂടി ഇങ്ങനെയായല്ലോ എന്നോർക്കുബോൾ……”
” അതിന് മാത്രം ഇപ്പോഴെന്താണ് നമ്മുടെ ജീവിതത്തിൽ സംഭവിച്ചത്?.”” എനിക്കറിയാം ഒരു കുഞ്ഞിക്കാല് കാണാനുള്ള എന്റെയാഗ്രഹത്തിനേക്കാൾ എത്രയോ അധികം ഏട്ടൻ ആഗ്രഹിക്കുന്നുണ്ടെന്നു.
അമ്മയാകാനുള്ള ഭാഗ്യം ദൈവം എനിക്ക് തന്നിട്ടല്ല ഏട്ടാ.നാളെ കൂടി ചെയ്യുന്ന ടെസ്റ്റ് പോസിറ്റീവ് ആയില്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല. എനിക്കെന്റെ ഏട്ടനെ അത്രക്കിഷ്ട്ടമാണ്.”
തേങ്ങി കരഞ്ഞുകൊണ്ടുള്ള അവളുടെ മറുപിടി കേട്ട അയാൾ അവളുടെ മൂർദ്ധാവിൽ ചുംബിച്ചിട്ട് തന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
” ഡീ പൊട്ടിക്കാളി , നമ്മൾ കല്യാണം കഴിച്ചപ്പോൾ നീ എന്റെ കുഞ്ഞിന്റെ അമ്മയാകാം എന്ന വല്ല ഉടമ്പടിയിലും ഒപ്പ് വച്ചിരുന്നോ ? .
ഈ ജീവിതകാലം മുഴുവനും സുഖങ്ങളും ദുഃഖങ്ങളും ഒരുമിച്ച് അനുഭവിക്കാം എന്ന് മാത്രമേ നമ്മൾ തീരുമാനിച്ചിരുന്നുള്ളു .
ഇനി ഈ കാര്യത്തിൽ നമ്മൾക്ക് കഴിയാവുന്ന കാര്യങ്ങൾ മാക്സിമം നമ്മൾക്ക് ചെയ്യാം. ബാക്കിയെല്ലാം ദൈവം നിശ്ചയിക്കുന്ന പോലെ നടക്കട്ടെ . എന്റെ മോള് ഇപ്പോൾ കിടന്നുറങ്ങു “.
ലൈറ്റ് ഓഫ് ചെയ്ത അയാളുടെ നെഞ്ചിലേക്ക് അവൾ തല വച്ച് കിടന്നു .അവളുടെ കണ്ണുനീർ തന്റെ നെഞ്ചിലോട്ട് ഒലിച്ചിച്ചിറങ്ങുന്നത് അയാളറിഞ്ഞു .
അവളുടെ തലമുടിയിൽ തഴുകി കൊണ്ടിരുന്നു അയാൾ കുറച്ച് കഴിഞ്ഞപ്പോൾ അവൾ തളർന്നുറങ്ങിയതറിഞ്ഞു
പുറത്ത് മഴ തകർത്ത് പെയ്തുകൊണ്ടിരുന്നു . സഹധർമണിയെ കുറിച്ചോർത്ത് അയാളുടെ മനസ്സ് അസ്വസ്ഥമായി.
ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ച് കഴിഞ്ഞു . ഈ കാലയളവിൽ പാവം ഒരുപാട് അനുഭവിച്ചു
അവളുടെ ദുഃഖങ്ങളിലും വിഷമങ്ങളിലും കൂടെനിന്ന് നൂറ് ശതമാനവും നീതി പുലർത്തിയിരുന്നുവോയെന്നു ഒരുവേള അയാൾ സംശയിച്ചു . അയാളുടെ ചിന്തകൾക്ക് ചൂട് പിടിച്ചുകൊണ്ടിരുന്നു .
വിവാഹശേഷം ജോലിസംബദ്ധമായി വിദേശതെക്ക് പോയ താൻ വർഷത്തിലൊരു മാസം കണക്കെ നാട്ടിൽ ലീവിന് വന്നെങ്കിലും
വിശേഷമൊന്നുമായില്ലേയെന്ന ചോദ്യങ്ങൾക്ക് മറുപിടി കൊടുക്കാതെ തിരിച്ചു പോകേണ്ടി വന്നിരുന്നു .
ഒരു കുഞ്ഞികാല് കാണാനുള്ള അതിയായ മോഹത്താൽ തന്റെ നാട്ടിലോട്ടുള്ള തിരിച്ചുവരവുകൾ പിന്നീടുള്ള വർഷങ്ങളിൽ
രണ്ടും മൂന്നുമായി വർധിച്ചതും വീട്ടുകാരുടെ ഉപദേശപ്രകാരം ഗൈനോക്കോളജിസ്റ്റ് ഡോക്ടർമാരെ വിസിറ്റ് ചെയ്യുകയെന്നത് പതിവായ് കൊണ്ടിരിന്നു.
ഗൈനൊക്കോളജി ഡോക്ടർന്റെ നിർദ്ദേശപ്രകാരം ചെയ്യേണ്ടിവന്ന സർജറിയും കഴിക്കുന്ന മെഡിസനുകളുടെ ബാഹുല്യവും ”
വിശേഷം ഒന്നുമായില്ലേ ” എന്ന മറ്റുള്ളവരുടെ ചോദ്യങ്ങളും അവളെ ശാരീരകമായും മാനസികമായും തളർത്തിയിരുന്നതായും പലപ്പോഴും അവളുടെ സംസാരത്തിൽ അത് പ്രതിഫലിച്ചിരുന്നതായും ശ്രദ്ധിച്ചിരുന്നു .
IVF ( in vitro fertilization ) മാത്രമേ ഇനി പോംവഴിയുള്ളു എന്നുള്ള ഡോക്ടർമ്മാരുടെ അഭിപ്രായത്തിൽ അവൾക്ക് എതിർപ്പായിരുന്നു .
ആരോഗ്യമേഖലയിൽ ജോലി ചെയ്തിരുന്ന അവൾക്ക് IVFന്റെ സാധ്യതകളിലെ തിരുമറികളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നതിനാൽ അയാളും അതിൽ എതിർപ്പൊന്നും പറഞ്ഞിരുന്നില്ല .
വിദേശത്ത് നിന്നും നാട്ടിലോട്ടുള്ള കൂടെ കൂടെയുള്ള യാത്രകൾ ജീവിതത്തിന്റെ താളം തെറ്റിച്ചു തുടങ്ങിയപ്പോൾ
ജോലി രാജിവച്ച് നാട്ടിലോട്ട് തിരിച്ച് വന്നിട്ട് ഇപ്പോൾ ഒരുപാട് മാസങ്ങൾ കഴിഞ്ഞതും നഗരത്തിലെ മുന്തിയ ഹോസ്പിറ്റലിലെ ഭാരിച്ച
ചികിത്സാചെലവ് തന്നെ സാമ്പത്തികമായ് തളർത്തിയിരിക്കുന്നതും ഓർത്തപ്പോൾ അയാളിൽ ആകുലത പടർന്നു .
കഴിഞ്ഞ തവണ ഹോസ്പിറ്റലിൽ വച്ച് ഡോക്ടർ സ്കാനിംഗ് റിപ്പോർട്ടുകളും മറ്റും ശ്രദ്ധിച്ചു നോക്കിയ ശേഷം IVF ചെയ്യാൻ ഉപദേശിച്ചപ്പോൾ
തലയും താഴ്ത്തി ഇരുന്ന തങ്ങളെ കണ്ട് അവസാന ശ്രമം എന്നപോലെ ഒരു മാസം കൂടി ഈ മരുന്ന് കഴിച്ച് നോക്കുവാനും അല്ലയെങ്കിൽ IVF തന്നെ ചെയ്യേണ്ടി വരുമെന്ന് ഓർമിപ്പിച്ചത് അയാളുടെ മനസ്സിൽ ഭീതിയുടെ തിരമാലയടിച്ചു.
നാളെ രാവിലെ ചെയ്യുന്ന പ്രഗ്രൻസി ടെസ്റ്റിനെ കുറിച്ച് ഓർത്തപ്പോൾ വല്ലാത്ത ഉൽകണ്ഠ അയാളുടെ മനസിനെ വേട്ടയാടി .
ചികിത്സകളുടെയും പ്രാർത്ഥനകളുടെയും ഫലം അനുകൂലമാകണേയെന്ന് പ്രാർത്ഥിച്ചു അവളുടെ മൂർദ്ധാവിൽ ഒന്നും കൂടി ചുംബിച്ചുകൊണ്ടും അയാൾ കണ്ണുകടച്ചു .
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ അയാൾ നേരം പുലർന്നിരുന്നതായും , മഴ തോർന്നിട്ടില്ലായെന്നും മനസിലാക്കി .
കട്ടിലിൽ വല്ലാത്ത ടെൻഷൻനോടെ തലയും കുമ്പിട്ടിരുന്ന ഭാര്യയുടെ കയ്യിൽ പ്രഗ്രൻസി ടെസ്റ്റ് കിറ്റ് കൊടുത്തിട്ട് ആത്മവിശോസത്തോടെ പുഞ്ചിരിയും സമ്മാനിച്ചു, തോളിൽ പതുക്കെ ഒന്ന് തട്ടിയപ്പോൾ,
ദയനീയമായ് അയാളെ ഒന്ന് നോക്കിയ ശേഷം അവൾ ബാത്‌റൂമിലോട്ട് പോയി .കട്ടിലിൽ വീണ്ടും കമിഴ്ന്നു കിടന്ന അയാൾ ഈ ടെസ്റ്റിന്റെ റിസൾട്ടും നെഗറ്റീവ് ആയാൽ IVF ചെയ്യാൻ തന്നെ തീരുമാനിച്ചു .
അതിന് വേണ്ടി വരുന്ന തുക എങ്ങനെ കണ്ടെത്തണം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഡോറിന്റെ ടവർബോൾട്ട് ഇടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയത് .
” ഏട്ടാ ഈ സ്ട്രിപ്പിൽ രണ്ട് ലൈൻ തെളിഞ്ഞു വന്നിട്ടുണ്ടോയെന്ന് നോക്ക് ” .ആകാംഷയോടെ അതിലേറെ ആവേശത്തോടെ സ്ട്രിപ്പും നീട്ടി നിൽക്കുന്ന ഭാര്യയെ കണ്ട് അയാൾ ചാടി എഴുനേറ്റു .
സ്ട്രിപ്പിൽ രണ്ട് ലൈൻ ഉണ്ടായാൽ ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആണെന്ന തിരിച്ചറിവിന്റെ ആവേശത്തിൽ സ്ട്രിപ്പ് വാങ്ങി
നോക്കിയപ്പോൾ ഒരു ലൈൻ ശരിക്കും തെളിഞ്ഞിട്ടുണ്ട് മറ്റേ ലൈൻ തെളിഞ്ഞോ ഇല്ലയൊയെന്നു ഉറപ്പിക്കാൻ പറ്റാത്ത അവസ്ഥ .
ആകാംഷയുടെയും പിരിമുറുക്കത്തിന്റെയും നിമിഷങ്ങൾ കടന്ന് പോയികൊണ്ടിരിക്കുന്നു.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം സ്ട്രിപ്പിൽ രണ്ടാമത്തെയും ലൈൻ തെളിഞ്ഞു വന്നു,അവരുടെ മനസ്സുകളും. വേണി ഗർഭിയായെന്നെ യാഥാർഥ്യമുൾകൊള്ളാൻ അവർക്ക് കുറച്ച് സമയമെടുത്തു.
സന്തോഷവും ആഹ്ലാദവും കൊണ്ട് മനസ്സ് നിറഞ്ഞ അയാൾ അവളെ കെട്ടിപിടിച്ചുകൊണ്ട് കണ്ണുകളിലേക്ക് നോക്കിയപ്പോൾ വിതുമ്പുന്ന ചുണ്ടുകളോടെ ,
നിറഞ്ഞ കണ്ണുകളോടെ അവൾ അയാളെ കെട്ടിപിടിച്ചു എങ്ങലടിച്ചു കരഞ്ഞു .താങ്ങളുടെ മനസ്സുരുകിയുള്ള പ്രാർത്ഥനകളിൽ പ്രസാദിച്ച സർവേശ്വരനോട് നന്ദി പറഞ്ഞ അവരുടെ കണ്ണുകളിൽ നിന്നും ആനന്ദകണ്ണ്നീർ ഒഴുകികൊണ്ടിരിക്കുന്നു……
വീടിന് പുറത്ത് നിർത്താതെ പെയ്യുന്ന മഴ കണ്ടപ്പോൾ അയാളിലെ ആവേശം ഇരട്ടിച്ചു.
നിറഞ്ഞ മനസ്സോടെ മഴയിലേക്കിറങ്ങിയ അയാളുടെ മനസ്സ് ഉന്മാദവസ്ഥയിലായ്. ആ കുളിർമഴ അയാളുടെ മനസ്സും ശരീരവും തണുപ്പിച്ചു.
മഴ നനഞ്ഞു ആകാശത്തേക്ക് നോക്കിയപ്പോൾ മഴക്ക് ഇത്രയും ഭംഗിയുണ്ടെന്ന് അയാൾക്ക് ആദ്യമായ് തോന്നി.