വിയോഗം
(രചന: Raju Pk)
“ജയാ മോനേ എണീറ്റേ എന്തുറക്കമാ ഇത്.” ഉച്ചത്തിലുള്ള അമ്മയുടെ വിളിയിൽ സുഖമുള്ള സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന ദേഷ്യത്തിൽ അല്പം നീരസത്തിൽ തന്നെ അമ്മയോട് ചോദിച്ചു
“അമ്മക്ക് അറിഞ്ഞു കൂടെ ഇന്ന് ഞായറാഴ്ച്ചയാണെന്ന് നല്ല സുഖമുളള സ്വപ്നമായിരുന്നു ജീവിതം മുഴുവൻ സങ്കടങ്ങളാണ് അല്പം സന്തോഷം കിട്ടുന്നത് ഈ സ്വപ്നങ്ങളിൽ മാത്രമാണ് അമ്മ അതും തകർത്തു”
“സരിതയുടെ അച്ഛൻ മരിച്ചു അത് പറയാനാ ഞാൻ നിന്നെ വിളിച്ചത്””എപ്പോൾ എന്ത് പറ്റിയതാ അമ്മേ.?”പറമ്പിലെ പണിക്കിടെ പാമ്പ് കടിച്ചതാണെന്നാണ് അറിഞ്ഞത്”
” പാമ്പിനെ പാമ്പ് കടിക്കാനോ അമ്മയോട് പറഞ്ഞ ആൾക്ക് തെറ്റ് പറ്റിയതൊന്നും അല്ലല്ലോ?
“എന്നോട് പറഞ്ഞത് നിന്റെ ഭാര്യയാണ് പറഞ്ഞ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല പാവം കുട്ടിക്ക് നീ വാ നമുക്ക് അവിടം വരെ ഒന്ന് പോകാം”
” ജനിച്ചാൽ ഒരിക്കൽ മരിക്കും ഞാൻ വരുന്നില്ലമ്മേ അമ്മ വേണേൽ പൊയ്ക്കോ അടുത്തമാസം മൂന്നാം തീയതിയാണ് കേസിന്റെ വിധി അതെന്തായാലും അവർക്ക് അനുകൂലം ആയിരിക്കും എന്നാണ് വക്കീൽ പറഞ്ഞിരിക്കുന്നത്”
” അച്ഛൻ മരിച്ചെന്നറിഞ്ഞപ്പോൾ എന്താ സ്നേഹം മരുമകളോട്””മോനേ കേസിന്റെ വിധി വരുന്ന നിമിഷം വരെ അവൾ നിന്റെ ഭാര്യയാണ് അത് കഴിഞ്ഞാലും നിന്റെ ചോരയിൽ പിറന്ന മോളുടെ അച്ഛൻ നീയല്ലാതെ ആ വില്ലല്ലോ..?
“പിന്നെ മരിച്ചു പോയവരോട് നമ്മുക്ക് എന്ത് വാശി കാണിക്കാൻ അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാൻ പ്രാർത്ഥിക്കാം എന്നല്ലാതെ”
ഫോണെടുത്ത് നോക്കുമ്പോൾ സരിതയുടെ മിസ്ഡ് കോൾ ഉണ്ട് ഉറക്കത്തിന് ഭംഗം വരാതിരിക്കാൻ ഫോൺ സൈലന്റ് ആക്കിയതു കൊണ്ട് അറിഞ്ഞില്ലെന്ന് മാത്രം വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു പരസ്പരം സംസാരിച്ചിട്ട്
യാത്ര തിരിയ്ക്കുമ്പോൾ അമ്മ പറയുന്നുണ്ട്.” ഇത്രേ ഉള്ളൂ ശ്വാസം ഒന്ന് നിലച്ചാൽ തീരാവുന്നതാണ് ദേഷ്യവും വാശിയും ജീവിച്ചിരിക്കുമ്പോൾ മറ്റുള്ളവരെ തോൽപ്പിക്കാനും സ്വയം ജയിക്കാനും എന്തെല്ലാം മനുഷ്യൻ ചെയ്ത് കൂട്ടുന്നു”
സത്യമാണ് അമ്മ പറയുന്നത് സാധാരണ കുടുംബങ്ങളിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങളാണ് ഇപ്പോൾ വിവാഹ മോചനം വരെ എത്തി നിൽക്കുന്നത്.
വീട്ടിൽ നിന്നും അമ്മയോട് പിണങ്ങി തിരികെ സ്വന്തം വീട്ടിലേക്ക് പോയ സരിതയെ തിരികെ വിളിക്കാൻ ചെന്നപ്പോൾ അമ്മയോടെപ്പം ജീവിക്കാൻ എന്റെ മകളെ വിടില്ലെന്ന അച്ഛന്റെ തീരുമാനത്തിൽ മകളും ഉറച്ച് നിന്നപ്പോൾ
കൈയ്യിലിരുന്ന മകൾ എന്നെ ഉമ്മകൾ കൊണ്ട് മൂടുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി.
ഒന്നുകിൽ അമ്മയെ വല്ല അനാഥാലയത്തിലും ഏൽപ്പിക്കുക അല്ലെങ്കിൽ നമുക്കൊരു വാടക വീടെടുത്ത് മാറാം എന്ന് ഭാര്യയും.
നിന്റെ തീരുമാനം അങ്ങനെയാണെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ അമ്മ മരിക്കുന്നതുവരെ നീ കാത്തിരിക്കേണ്ടിവരും എന്ന മറുപടിയും നൽകി അന്ന് അവിടെ നിന്നും തിരികെ ഇറങ്ങിയതാണ്
അധികം വൈകാതെ വിവാഹ മോചനത്തിനുള്ള നോട്ടീസ് എന്നേത്തേടി എത്തി കോടതിയിൽ എനിക്കും അമ്മയ്ക്കുമെതിരെ ഇല്ലാത്ത പലതും അവർ പറഞ്ഞു.
കോടതിയുടെ അവസാന വിധി വരുന്നതു വരെ കാത്ത് നിൽക്കാൻ കഴിയാതെ ഇപ്പോൾ അച്ഛൻ ഈശ്വരന്റെ വിധിക്ക് കീഴടങ്ങിയിരിക്കുന്നു.
നിറഞ്ഞ് കത്തുന്ന നിലവിളക്കിന് മുൻപിൽ അല്പം തുറന്ന ആ കണ്ണുകൾ മരണ ശേഷവും ആരെയോ തിരയുന്നതു പോലെ തോന്നി. എന്റെ നേരെ വിരൽ ചൂണ്ടി ആരോ പറയുന്നുണ്ട്.”ശേഖരന്റെ മരുമകനാണ്.”
അച്ഛന്റെ അരികിൽ അമ്മയുണ്ട് നിറകണ്ണുകളുമായി സരിതയെ തേടിയെങ്കിലും അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല അകത്തെ മുറിയുടെ ഒരു കോണിൽ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് വിതുമ്പുന്ന ചുണ്ടുകൾ കടിച്ചമർത്തിയിരിക്കുന്ന ഭാര്യയുടെ മുഖം മനസ്സിൽ വേദനയുണ്ടാക്കി.
അരികിൽ ചേർന്ന് നിന്ന് കുഞ്ഞിനെ കൈകളിലേക്ക് വാങ്ങുമ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ടവർ പറഞ്ഞു.” ന്റെ അച്ഛൻ പോയി അനന്തേട്ടാ….
അച്ഛന്റെ ചടങ്ങുകൾ കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ സരിതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇടയിൽ ഫോണിലേക്കു വന്ന അവളുടെ കോളുകൾ എടുക്കാൻ തോന്നിയില്ല. അച്ഛനോടൊപ്പം നിന്ന് അവൾ അത്രയേറെ മനസ്സിനെ നോവിച്ചിരുന്നു.
മരിച്ച് പതിനാറാം നാൾ അച്ചന്റെ ചിതാഭസ്മം ഭാരതപ്പുഴയിൽ നിമഞ്ജനം ചെയ്ത് മടങ്ങാൻ നേരം എന്നോടൊപ്പം വരാൻ തയ്യാറായി ഇറങ്ങി.
കോടതി വിധി വരട്ടെ മാത്രമല്ല എന്റെ അമ്മ ഇന്നും ജീവിച്ചിരിക്കുന്നുണ്ട് ഒരാൾക്ക് വേണ്ടി എനിക്ക് മറ്റൊരാളെ നഷ്ടപ്പെടുത്താൻ കഴിയില്ല
അമ്മയോടൊത്ത് പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് സ്വയം ഇറങ്ങിയതാണ് നീ അത് മാത്രമല്ല ഒറ്റപ്പെട്ട എന്റെ ജീവിതത്തിൽ നിനക്കെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉപ്പായപ്പോൾ മറ്റൊരു കുട്ടിക്ക് ഞാനെന്റെ മനസ്സിൽ ഇടം കൊടുത്തു.
പൊട്ടിക്കരഞ്ഞു കൊണ്ട് സരിത അകത്തേക്ക് ഓടിയതും അല്പം ദൂരെ മാറി നിന്നിരുന്ന അമ്മ എനിക്കരിക്കിലേക്ക് ഓടിയെത്തി.
“നീ എന്താടാ പറഞ്ഞത് ന്റെ കുട്ടിയോട് അവളെന്തിനാ കരഞ്ഞു കൊണ്ടോടിയത്””വാ പറയാം “അമ്മയേയും ചേർത്ത് പിടിച്ച് ഞാൻ മുന്നോട്ട് നടന്നു.
ഒരു വർഷം ഞാൻ എന്റെ മോളെ പോലും പിരിഞ്ഞ് ഒന്നുറങ്ങാൻ പോലും കഴിയാതെ ഒരു പാട് സങ്കടപ്പെട്ടതല്ലേ അമ്മേ അതിൽ അല്പമെങ്കിലും അവളും ഒന്നറിയട്ടെ എനിക്ക് അവിഹിത ബന്ധമുണ്ടെന്ന് പോലും അവൾ കോടതിയിൽ ആരോപിച്ചത് അമ്മ മറന്നോ.
അവൾ വല്ല അവിവേകവും ചെയ്താൽഒരിക്കലും ചെയ്യില്ല സ്വന്തം കുഞ്ഞിന്റെ മുഖം മുന്നിലുള്ളപ്പോൾ ഒരവിവേകവും ചെയ്യില്ല. പിന്നെ ശേഖരന്റെ മകളല്ലേ…?
അച്ഛൻ മരിച്ചതു കൊണ്ട് മാത്രമാണ് അവൾ എന്നോടൊപ്പം വരാൻ തയ്യാറാവുന്നത്
അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല ഇപ്പോൾ. ഇത്രയും വളർത്തി വലുതാക്കിയ അച്ഛന്റെ വാക്കിനെ തള്ളിപ്പറയാൻ സരിതക്ക് കഴിഞ്ഞിട്ടുണ്ടാവില്ല
എന്റെ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അവൾ പറഞ്ഞപ്പോൾ എന്റെ മോൻ എന്നെ തനിച്ചാക്കി പോകാൻ തയ്യാറായില്ല അതെന്താ.?
മോനേ നമുക്കൊരിക്കലും ബന്ധങ്ങൾ ബന്ധനങ്ങളാവരുത് തെറ്റുകൾ തിരുത്തി ആ കുട്ടി വരാൻ തയ്യാറാകുമ്പോൾ അവളെ ചേർത്ത് പിടിക്കുകയാണ് വേണ്ടത് അല്ലാതെ വീണ്ടും കുത്തി നോവിക്കുകയല്ല.
അമ്മയോട് മറുപടി ഒന്നും പറഞ്ഞില്ല വീട്ടിലെത്തി കുളിച്ച് പുറത്തിറങ്ങിയതും സരിതയെ വിളിച്ചു ആദ്യ ബെല്ലിൽ തന്നെ ഫോണെടുത്തു ഇടറിയ ശബ്ദത്തിൽ അവൾ പറഞ്ഞു.
“എനിക്കറിയാമായിരുന്നു ന്റെ ഏട്ടൻ വിളിക്കുമെന്ന്”പരാതിയും പരിഭവങ്ങളും പറഞ്ഞ് തീർത്തപ്പോൾ മനസ്സൊന്ന് ശാന്തമായി.
പിറ്റേന്ന് മകളെയും എടുത്ത് തിരികെ ഇറങ്ങുമ്പോൾ എന്റെ അമ്മയോട് സരിത പറയുന്നുണ്ട്.
“നമ്മുടെ ശ്വാസമൊന്ന് നിലച്ചാൽ തീരുന്നതേയുള്ളൂ നമ്മൾ പടുത്തുയർത്തിയ വെറുപ്പും പകയും എല്ലാം സത്യത്തിൽ മക്കൾ വിവാഹിതരായി കഴിയുമ്പോൾ അവർക്കിടയിൽ ഉണ്ടാവുന്ന ചെറിയ പ്രശ്നങ്ങളിൽ അച്ഛനമ്മമാർ ഇടപെടുമ്പോഴാണ്
പലപ്പോഴും പ്രശ്നങ്ങൾ കൈവിട്ടു പോകുന്നത്
ഇതെല്ലാം എനിക്ക് മനസ്സിലാവാൻ എന്റെ അച്ഛൻ നഷ്ടപ്പെടേണ്ടിവന്നു പറഞ്ഞതും സരിത പൊട്ടിക്കരഞ്ഞു.
കരയാതെ പെണ്ണേ ജനിച്ചാൽ ഒരിക്കൽ മരിച്ചേ തീരൂ ഇതിനിടയിൽ ലഭിക്കുന്ന സമയം പസ്പര സ്നേഹത്തോടെ ജീവിക്കണം ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം വിധി എന്ന് കരുതി സ്വയം ഉരുകി ജീവിക്കുകയല്ല വേണ്ടത്
നമ്മുടെ ജീവിതം അത് മരണം വരെ നമ്മുടെ കൈകളിൽ ഭദ്രമായിരിക്കണം.
വീട്ടിൽ എത്തി ഓരോന്നും പറഞ്ഞിരിക്കുമ്പോൾ ഞാൻ അവളോട് തിരക്കി.
“എന്റെ മനസ്സിൽ ഞാൻ ഇടം കൊടുത്ത മറ്റേ കുട്ടിയെപ്പറ്റി നിനക്കൊന്നും അറിയണ്ടേ”
“എനിക്കറിയാം അങ്ങനെ ഒരു കുട്ടിയും എന്റേട്ടന്റെ ജീവിതത്തിൽ ഇല്ലെന്ന് ഇനി ഉണ്ടെങ്കിലും അത് ഞാൻ കാരണമല്ലേ അമ്മയോടുള്ള വഴക്കിൽ ഏട്ടനേയും തനിച്ചാക്കി പോയതു കൊണ്ടല്ലേ.”
ഇടനെഞ്ചിൽ ചേർന്ന് നിൽക്കുന്ന എന്റെ പെണ്ണിനെ ഒന്നു കൂടി വാരിപ്പുണർന്നുകൊണ്ട് ഞാൻ പറഞ്ഞു
എന്റെ മനസ്സിൽ അന്നും ഇന്നും നീ മാത്രമേ ഉള്ളൂ പെണ്ണേ പരസ്പരം മത്സരിച്ച് ജീവിക്കുമ്പോൾ അല്ല ജീവിതം മനോഹരമാവുന്നത് വിട്ടുകൊടുത്ത് ജീവിക്കുമ്പോഴാണ്…