അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഒരാളുടെ മാറ്റം കണ്‍ മുന്നില്‍ നോക്കി കാണുന്നത് രസമുള്ള പരിപാടിയാണ്. അവള്‍ മാറട്ടെ.

വേര്‍ പിരിയല്‍
(രചന: ANNA MARIYA)

ഇനി എന്നെക്കൊണ്ട് പറ്റില്ല…ഉറപ്പാണോ…?ഉറപ്പാണ്…നീ ഒന്നുക്കൂടി ആലോചിച്ച് ഒരു തീരുമാനമെടുക്ക്അത് പറഞ്ഞപ്പോള്‍ അവള്‍ പൊട്ടി കരഞ്ഞു.

ഇങ്ങനെ ഒന്നുക്കൂടി ആലോചിച്ച് ആണ് കഴിഞ്ഞ അഞ്ചു വര്‍ഷം തള്ളി നീക്കിയത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ എനിക്കിത് വരെ ജീവിക്കാന്‍ പറ്റിയിട്ടില്ല. ഒന്നേല്‍ എനിക്ക് ജീവിക്കണം.

അല്ലെങ്കില്‍ എനിക്ക് മരിക്കണം
അത് കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. കാര്യം ഇത്രയും ഗുരുതരം ആണെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. എന്തായാലും അവളുടെ എടുത്ത് ചാട്ടം ആണെന്ന് തോന്നുന്നില്ല.

നന്നായി ആലോചിച്ച് എടുത്ത തീരുമാനം തന്നെയാകും. ഒരാള്‍ ആലോചിച്ച് ഒരു തീരുമാനമെടുക്കുമ്പോള്‍ നമ്മള്‍ അയാളുടെ കൂടെ നില്‍ക്കണം എന്നാണ് ശാസ്ത്രം. എന്റെ ശാസ്ത്രം.

അപ്പൊ പിന്നെ ഞാന്‍ അവളുടെ കൂടെ നില്‍ക്കാന്‍ തീരുമാനിച്ചു. അവള്‍ക്ക് വേണ്ടത് ഡിവോഴ്സ് ആണ്. അതിന് ആദ്യം വേണ്ടത് ഒരു വക്കീലും. അങ്ങനെ എനിക്ക് പരിചയമുള്ള ഒരു വക്കീലിനെ കാണാന്‍ തീരുമാനിച്ചു.

അഞ്ചു വര്‍ഷം എന്ന് പറയുമ്പോള്‍ അത് മാന്യമായ സമയമാണ്. ആ സമയം കൊണ്ട് നേരെയാവാത്തത് ഇനി നേരെയാവാന്‍ സാധ്യതയില്ല.

വക്കീലിന്റെ അടുത്ത് ചെന്നപ്പോള്‍ കണ്ടത് ഒരു നീണ്ട നിരയാണ്. കൂടുതല്‍ പേരും ഡിവോഴ്സ്,, ചിലത് മ്യൂച്ചല്‍,, ചിലത് വണ്‍ സൈഡ്,, ചിലത് കരച്ചില്‍,, ചിലത് കൂട്ട കരച്ചില്‍.

ഞാന്‍ ആലോചിക്കുകയാണ്,, ഒരു വക്കീല്‍ ഒരു ദിവസം എത്ര കഥ കേള്‍ക്കും. അതും എല്ലാം ഏകദേശം ഒരേപോലത്തെ കഥ.

എല്ലാവര്‍ക്കും പറയാനുള്ളത് ഏകദേശം ഒന്ന് തന്നെയാകും. വല്ലപ്പോഴും വല്ല ചേഞ്ച്‌ വന്നാല്‍ വന്നു. കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം നമ്മുടെ ഊഴം വന്നു. അവള്‍ കേറി,, അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാനും കൂടെ കയറി.

ഇന്ട്രോട്യൂസ് ചെയ്ത ശേഷം അവള്‍ പറയാന്‍ തുടങ്ങി. പറഞ്ഞ് പറഞ്ഞ് കരച്ചില്‍ ആയി. അവള് കരച്ചില്‍ നിര്‍ത്തുന്നില്ല,, ഞാന്‍ അവളെ ആശ്വസിപ്പിക്കുമ്പോള്‍ വക്കീല്‍ വേണ്ടെന്ന് പറഞ്ഞു. ചില കേസുകള്‍ കരഞ്ഞു തീരുമ്പോള്‍ പോകും.

അവര്‍ക്ക് തുറന്നു പറയാന്‍ ഒരാളില്ലാത്തതാകും പ്രശ്നം. അങ്ങനെയും ചില അനുഭവങ്ങള്‍ ഉണ്ട്. കരഞ്ഞു കരഞ്ഞ് അവസാനം ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകുന്ന അവസ്ഥ.

എന്തായാലും ഇവള്‍ കരച്ചില്‍ നിര്‍ത്തിയില്ല. കരച്ചിലിന്റെ ഒടുവില്‍ ഡിവോഴ്സില്‍ തന്നെ ഉറച്ചു നിന്നു.

അത് നന്നായി,, ഉറച്ച തീരുമാനം എടുത്താല്‍ മാത്രമേ നമുക്ക് ഒരു കാര്യം വിജയിപ്പിക്കാന്‍ പറ്റൂള്ളൂ. ഡിവോഴ്സ് കിട്ടാനുള്ള കണ്ടന്റ് ഒക്കെ അവള് പറഞ്ഞ കഥയില്‍ ഉണ്ടെന്ന് വക്കീലിന് മനസ്സിലായി.

കേസ് എടുക്കാമെന്ന് വക്കീല്‍ പറയുകയും ചെയ്തു. സമാധാനം,, അവിടെ വരെ എത്തിയല്ലോ,, ബാക്കി നോക്കാം. സമയം ഉച്ചയായി.

പെട്ടെന്ന് വീട്ടിലേയ്ക്ക് പോകേണ്ടന്നായി അവള്‍. അതെന്താണ് എന്ന് ചോദിച്ചപ്പോള്‍ കുറച്ചു നേരം സമാധാനത്തോടെ ഇരിക്കണമെന്ന് അവള്‍ പറഞ്ഞു.

അങ്ങനെ ആവട്ടെ,, വെയില്‍ കൊണ്ടാലും വേണ്ടീല,, നട്ടുച്ച നേരത്ത് ബീച്ചില്‍ പോയി. ഓരോരുത്തരുടെ മനപ്രയാസം അവരവര്‍ക്ക് വലുതാണ്.

അപ്പൊ പിന്നെ നമ്മള്‍ അത് കേട്ടിരിക്കുക്ക എന്നത് മാത്രമാണ് ഒരേയൊരു മാര്‍ഗ്ഗം. ഉച്ച വെയിലത്ത് കടല്‍ കാഴ്ച കണ്ടപ്പോള്‍ അവളുടെ മൈന്റ് കുറച്ചു മാറാന്‍ തുടങ്ങി. അവള്‍ വേറെ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.

നന്നായി,, അവള്‍ക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങള്‍ അവള്‍ സംസാരിക്കട്ടെ. തല്‍ക്കാലം കേട്ടിരിക്കാം. അവള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ രസമാണ്. നോണ്‍ സ്റ്റോപ്പ് ആണ്. ഇടയ്ക്ക് ഓരോ കൗണ്ടര്‍ അടിക്കും.

അത് കേള്‍ക്കുമ്പോള്‍ നമുക്കും ചിരി വരും. ഞാന്‍ ആലോചിച്ച് പോയി,, ഇത്രയേറെ സന്തോഷമുള്ള സന്തോഷം ആഗ്രഹിക്കുന്ന ഒരാളാണ് നേരത്തെ അലറി കരഞ്ഞത്.

ശരിക്കും എന്താണ് പ്രശ്നം. കണ്ടെത്തലിന്റെ പ്രശ്നമാണോ,, അതോ കൂട്ടിച്ചെര്‍ക്കലിന്റെ പ്രശ്നമാണോ. അതോ പരസ്പരം മനസ്സിലാക്കാത്തതോ മനസ്സിലാവാത്തതോ ആണോ.

എന്താണ് യഥാര്‍ത്ഥ കാര്യമെന്ന് പിടി കിട്ടുന്നില്ല. ചില കേസില്‍ രണ്ടു ഭാഗത്തും പ്രശനമുണ്ട്. ചില കാര്യത്തില്‍ ഒരാള്‍ക്ക് മാത്രം. ചിലത് തീര്‍ത്തും വണ്‍ സൈഡ്.

എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ട്. അത് പരിഹരിക്കാന്‍ പറ്റാതെ വരുമ്പോള്‍ ആണ് കൂടുതല്‍ പ്രശ്നങ്ങള്‍ ആകുന്നത്. അല്ലെങ്കില്‍ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ആകുമ്പോള്‍.

അപ്പോള്‍ ചോദിക്കും പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങള്‍ ഉണ്ടോ എന്ന്. ഉറപ്പായും ഉണ്ട്,, പരിഹരിക്കാന്‍ പറ്റാത്ത ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്. അതൊന്നും എല്ലാര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകില്ല.

ചില കാര്യങ്ങള്‍ക്ക് ഒരു മാറ്റവും വരില്ല എന്ന് കണ്ടപ്പോള്‍ ആണ് ഞാന്‍ ചുവടു മാറ്റിയത്. ഒരുമിച്ചു ജീവിക്കുക എന്നല്ല,, ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം.

ആ സന്തോഷം കിട്ടുന്നില്ലെങ്കില്‍ പിന്നെ ഒരുമിച്ചു ജീവിക്കുന്നതില്‍ ഒരു കാര്യവുമില്ല. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്,, കുടുംബമാണ് ഏറ്റവും വലിയ കാര്യം എന്നൊക്കെ പറയുന്നത് പുരാതനമായ കാഴ്ചപ്പാടാണ്.

ഇവിടെ ആര്‍ക്കും ഒരു സന്തോഷവുമില്ല. ഉണ്ടാകണമെങ്കില്‍ നല്ല അടിത്തറ അഥവാ ബാഗ്രൌണ്ട് വേണം.

അതിവിടെ ഭൂരിഭാഗം പേര്‍ക്കും ഇല്ല. ഇനി ഉണ്ടാകുമോ എന്ന കാര്യവും വളരെ സംശയമാണ്. ഉച്ച വെയില്‍ ഉച്ചിയില്‍ തട്ടിയപ്പോള്‍ അവള്‍ക്കും മടുത്തു.

മാറിയിരിക്കാം എന്ന് പറഞ്ഞ് ഞങ്ങള്‍ തണലത്തെയ്ക്ക് മാറി. ഒരു മരച്ചുവട്ടില്‍ ഇരുന്ന് കുറേനേരം സംസാരിച്ചപ്പോള്‍ അവള്‍ ഒന്നുകൂടി കൂള്‍ ആയി.

ആ സമയത്ത് അവള്‍ക്ക് അയാളുടെ കോള്‍ വന്നു. അവള്‍ വക്കീലിനെ കാണാന്‍ പോയ കാര്യം അയാള്‍ അറിഞ്ഞു. അപ്പൊ ഒറ്റുന്ന ആള്‍ക്കാര് കൂടെ തന്നെയുണ്ട് എന്നും അവള്‍ക്ക് മനസ്സിലായി. നന്നായി,, വളരെ നന്നായി.

അവള്‍ ഫോണ്‍ എടുത്ത് സംസാരിച്ചു. എവിടുന്നോ കിട്ടിയ ധൈര്യം മുഴുവന്‍ എടുത്ത് അവള്‍ സംസാരിച്ചു.

അത് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി. ഒരാളുടെ മാറ്റം കണ്‍ മുന്നില്‍ നോക്കി കാണുന്നത് രസമുള്ള പരിപാടിയാണ്. അവള്‍ മാറട്ടെ.

ഏകദേശം അരമണിക്കൂര്‍ പോയി ആ കോള്‍. അരമണിക്കൂര്‍ ശേഷം ഇനി താന്‍ എന്റെ കൂടെ ജീവിക്കില്ല എന്ന് തീര്‍ത്ത് പറഞ്ഞ് കൊണ്ട് അവള്‍ ഫോണ്‍ കട്ട്‌ ചെയ്തു.

തിയേറ്ററില്‍ ആണെങ്കില്‍ കൈയ്യടി കിട്ടേണ്ട സീന്‍ ആണ്. അതെന്താ ജീവിതത്തില്‍ പറ്റില്ലേ. ഞാന്‍ കൈയ്യടിച്ചു .

ഞാന്‍ കൈയ്യടിക്കുന്ന കണ്ടപ്പോള്‍ അവള്‍ ഓടി വന്ന് എന്നെ കെട്ടി പിടിച്ചു. അവള്‍ വീണ്ടും കരഞ്ഞു. പക്ഷെ പെട്ടെന്ന് തന്നെ കണ്ണ് തുടച്ചു.
വിട്ടു കൊടുക്കൂല ചേച്ചി,, എന്നെ അയാള്‍ കണ്ണീരു കുടിപ്പിച്ചു.

ഞാന്‍ എന്ത് ചെയ്തിട്ടാ. അയാള്‍ക്ക് മുഴുത്ത വാട്ടാണെന്ന് ഞാന്‍ ആരോടൊക്കെ പറഞ്ഞിട്ടും അവരാരും കേട്ടില്ല. ഇനി ആരും കേള്‍ക്കണ്ട. എനിക്ക് ഡിവോഴ്സ് വേണം

അവളുടെ ഉറച്ച മനസ്സായി മാറുകയാണ്‌. ഒത്തു പോകാന്‍ പറ്റാത്തത് പിരിയട്ടെ. എനിക്കതെ പറയാനുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *