വെളുപ്പിനെവരെ കരച്ചില്‍.പിന്നെയൊരു പൊട്ടിച്ചിരി.ആ ചിരിയില്‍ മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ ഗന്ധം കലര്‍ന്നു .അപ്പോള്‍ ഞാന്‍

അംഗനേ ഞാനങ്ങു പോവതെങ്ങനെ
(രചന: Anish Francis)

മഴയുള്ള ദിവസങ്ങളാണ് ഭ്രാന്താശുപത്രി സന്ദര്‍ശിക്കാന്‍ നന്ന്.ഇന്നലെ രാത്രി മുഴുവന്‍ നിര്‍ത്താതെയുള്ള മഴയായിരുന്നു.മഴയ്ക്ക് ഒരു താളമുണ്ടായിരുന്നു.

വെളുപ്പിനെവരെ കരച്ചില്‍.പിന്നെയൊരു പൊട്ടിച്ചിരി.ആ ചിരിയില്‍ മുറ്റത്തെ നന്ദ്യാര്‍വട്ടത്തിന്റെ ഗന്ധം കലര്‍ന്നു .അപ്പോള്‍ ഞാന്‍ ഭാമിനിയമ്മയെ ഓര്‍ത്തു . പകല്‍ അവരെപ്പോയി കാണണമെന്ന് കുറ്റബോധത്തോടെ തീരുമാനിച്ചു.

ഉച്ച കഴിഞ്ഞു ആശുപത്രിക്കവലയില്‍ ബസ്സിറങ്ങി. പതിവുകള്‍ തെറ്റിക്കണ്ട.ഭാമിനിയമ്മയ്ക്ക് തൂവാലകള്‍ ഇഷ്ടമാണ്.പിന്നെ ബോണ്ടയും.

ജവുളിക്കടയില്‍ കയറി പ്രാവിന്റെ ചിത്രം തുന്നിയ ഒരു തുവാല വാങ്ങി.പിന്നെ ചായക്കടയിലേക്ക് കയറി.ബോണ്ടയും പഴംപൊരിയും അടുക്കി വച്ച ചില്ലലമാരിയുടെ പാളികള്‍ക്കപ്പുറം കുന്നിന്‍മുകളിലെ ഭ്രാന്താശുപത്രിയുടെ മഞ്ഞനിറം.

പണ്ട് പഠിച്ച സര്‍ക്കാര്‍ സ്കൂളിനും ഇതേ മഞ്ഞനിറമായിരുന്നു.അവ്യക്തമായ ഏതോ ഓര്‍മ്മയുടെ മീതെ മഴ പെയ്യാന്‍ തുടങ്ങി.

എതീരെയുള്ള ബഞ്ചില്‍ ഒരു വൃദ്ധനും വൃദ്ധയുമിരുന്നു ചായ കുടിക്കുന്നു.നരച്ച കണ്‍പുരികങ്ങള്‍ക്ക് കീഴില്‍ തിമിരത്തിന്റെ വെളുപ്പ്‌ പടര്‍ന്ന നാല് കണ്ണുകള്‍.

“എന്താ മഴ .” കടക്കാരന്‍ ചായ കൊണ്ടുവന്നു വച്ചിട്ട് പറഞ്ഞു.“അതെ.” കിഴവന്‍ മറ്റേതോ ചിന്തയില്‍ തലയാട്ടുന്നു.

“ബസ്സിപ്പോ വരും .എളുപ്പം.” വൃദ്ധ ഭര്‍ത്താവിനോട് പറയുന്നു.അയാള്‍ ചായകുടി വേഗത്തിലാക്കുന്നു.

ഇവരില്‍ ആരാണ് രോഗി? അതോ ആശുപത്രിയില്‍ കഴിയുന്ന ആരെയെങ്കിലും കാണാന്‍ വന്നതായിരിക്കുമോ ?മകന്‍ അല്ലെങ്കില്‍ മകള്‍ ?

ചായക്കടയില്‍നിന്നിറങ്ങുമ്പോഴും മഴ കുറഞ്ഞിട്ടില്ല.കുടയെടുക്കാന്‍ മറന്നു. അല്‍പ്പനേരം കാത്തുനില്‍ക്കാം.

വൃദ്ധദമ്പതികള് ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നുപോകുന്നു.വൃദ്ധ മുഖം തുടയ്ക്കുന്നു. കണ്ണീരോ അതോ മഴയോ ? മഴയായിരിക്കും. വല്ലാത്ത മഴ തന്നെയാണ്.കുടയെടുക്കാഞ്ഞത് അബദ്ധമായി.

മഴ ലേശം കുറഞ്ഞപ്പോള്‍ റോഡിലേക്കിറങ്ങി.കവലയില്‍നിന്ന് അധികം ദൂരമില്ല ആശുപത്രിയിലേയ്ക്ക്.

അഞ്ചു വര്‍ഷം കൂടിയാണ് ഭാമിനിയമ്മയെ കാണാന്‍ പോകുന്നത്.പണ്ട് റോഡിന്റെ ഇരുവശത്തും റബ്ബര്‍ത്തോട്ടമായിരുന്നു.

ഇന്നത്‌ മാറി.റോഡിനോടു ചേര്‍ന്ന് ഒരു കപ്പേള വന്നിരിക്കുന്നു.ബാക്കിയുള്ള ഭാഗം കൈതകൃഷി.ആശുപത്രിയിരിക്കുന്ന കുന്നിനെ ചുറ്റിവളഞ്ഞു കൈതത്തോട്ടം അകലെയുള്ള മലകളിലേക്ക് നീളുന്നു.

ദൂരെ കൈതകള്‍ക്കിടയില്‍ ചുവന്ന പ്ലാസ്റ്റിക് ഉടുപ്പുകളണിഞ്ഞ നാല് സ്ത്രീകള്‍ പണിയെടുക്കുന്നു.നാല് ചുവന്ന പാവകള്‍പോലെ അവര്‍ മഴയുടെ വെളുപ്പില്‍ അലിയുന്നു .

ആശുപത്രി മുറ്റത്തേക്ക് കയറാന്‍ ചുവന്ന റെഡ് ഓക്സൈഡ് പൂശിയ പടിക്കെട്ടുകള്‍.പടികളില്‍ അവിടവിടെ നീലനിറമുള്ള പായല്‍ പറ്റിപിടിച്ചിരിക്കുന്നു.പടിക്കെട്ടിന്റെ ഇരുവശത്തും തിങ്ങി വളരുന്ന നന്ദ്യാര്‍വട്ട ചെടികള്‍.

വെളുത്ത നിറമുള്ള കുഞ്ഞു നക്ഷത്രങ്ങള്‍പോലെ അവ നിറയെ പൂവിട്ടിരിക്കുന്നു. നന്ദ്യാര്‍വട്ടപ്പൂവുകള്‍ക്കിടയിലിരുന്നു സ്വര്‍ണ്ണനിറമുള്ള ഒരു ഓണത്തുമ്പി ഉറക്കം തൂങ്ങുന്നു .

ആശുപത്രി സൂപ്രണ്ടിന്റെ ക്യാബിനില്‍ ഒരു വനിതാ ഡോക്ടറായിരുന്നു.“നിങ്ങളാണ് ഇടയ്ക്ക് ഇങ്ങോട്ട് പണമയക്കുന്നത് അല്ലെ ?” രജിസ്റ്ററും കേസ് ഷീറ്റും പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ ചോദിച്ചു.

“അതെ.എനിക്ക് ഗള്‍ഫിലാണ് ജോലി.അഞ്ചു വര്‍ഷമായി നാട്ടില്‍ വന്നിട്ട്.”

“ഞങ്ങള്‍ നിങ്ങളെ കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നു.ഭാമിനിയമ്മയുടെ കാര്യം അറിയിക്കാന്‍..”

“സോറി.ഞാനിടയ്ക്ക് താമസം മാറിയിരുന്നു.അല്ല …അവര്‍ക്ക് എന്തെങ്കിലും കുഴപ്പം ?”

“അവര്‍ ഒരിക്കല്‍ ആത്മഹത്യക്ക് ശ്രമിച്ചു.ഫാനില്‍ തൂങ്ങാനാണ് ശ്രമിച്ചത്‌..കാല്‍ വഴുതി നിലത്തു വീണു.തലയ്ക്കേറ്റ ആഘാതം മൂലം ഓര്‍മ്മകള്‍ നഷ്ടമായി.”

ഡോക്ടര്‍ എന്റെ ഫോണ്‍ നമ്പരും മറ്റും എഴുതിവാങ്ങി.പിന്നെ എന്നെക്കൂട്ടി ഭാമിനിയമ്മയുടെ മുറിയിലേക്ക് നടന്നു.

അന്തേവാസികള്‍ മിക്കവാറും ഉറക്കത്തിലായിരുന്നു. എത്രയോ പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു.മഴക്കാലത്ത് ഭ്രാന്താശുപത്രി നിശബ്ദമാവും.

കൊച്ചുകുഞ്ഞുങ്ങളെപ്പോലെ രോഗികള്‍ മഴയുടെ ശബ്ദം കേട്ടു രാവും പകലും ഉറങ്ങും. ഇടയ്ക്കിടെ മതില്‍ കടന്നെത്തുന്ന ദു:സ്വപ്നങ്ങളും ഇടിമിന്നലുകളുകമല്ലാതെ മറ്റൊന്നും അവരെ ഉണര്‍ത്തില്ല.

“നിങ്ങളുടെ ആരാണ് ഭാമിനിമേനോന്‍ ?” നടക്കുന്നതിനിടെ ഡോക്ടര്‍ ചോദിച്ചു.“കോളേജില്‍ ഒപ്പം പഠിച്ചിരുന്ന രഘുവിന്റെ അമ്മ..”

ഞങ്ങള്‍ ചെല്ലുമ്പോള്‍ ഭാമിനിയമ്മ നല്ല ഉറക്കത്തിലായിരുന്നു.ഡോക്ടര്‍ തട്ടി വിളിച്ചപ്പോ അവര്‍ എഴുന്നേറ്റു.അവര്‍ നന്നേ മെലിഞ്ഞിരിക്കുന്നു.

“ആരാന്നു മനസ്സിലായോ ?” ഡോക്ടര്‍ ചോദിച്ചു.“ബോണ്ടയുടെ മണം ..ആരായാലും ന്റെ ബന്ധുവാ..” അവര്‍ പറഞ്ഞപ്പോള്‍ ഡോക്ടറുടെ മുഖത്തും ചിരി പരന്നു.

അവര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ബോണ്ട കടിച്ചു തിന്നുന്നത് നോക്കി ഞങ്ങളിരുന്നു.

പതിനഞ്ചു കൊല്ലം മുന്‍പ് കോളേജിലെ സ്പോര്‍ട്സ് റൂമില്‍ തൂങ്ങിനിന്ന ഏകമകന്‍ രഘുവിന്റെ ശരീരം അഴിച്ചു നിലത്തിറക്കുന്നത് അവര്‍ നിര്‍വികാരതയോടെ നോക്കിനില്‍ക്കുന്നത് ഞാന്‍ ഓര്‍മ്മിച്ചു.

തൂവാല നല്‍കിയപ്പോള്‍ അവരുടെ മുഖം ചുളിഞ്ഞു.“യ്ക്കെന്തിനാ തൂവാല ?”നഷ്ടമായ ഓര്‍മ്മകള്‍ക്കൊപ്പം തൂവാലകളോടുള്ള ഇഷ്ടവും ഊര്‍ന്നു പോയിരിക്കണം.

എങ്കിലും അവര്‍ക്ക് തൂവാലയിലെ പ്രാവിനെ ഇഷ്ടമായി.അതിനെ അരുമയോടെ തലോടി.

“ തൂവാലയല്ല വേണ്ടത്.നിക്ക് ചുവന്ന കരയുള്ള നേര്യതും ബ്ലൗസും വേണം..”“അതിപ്പോ എന്തിനാ ? ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.

അവര്‍ അതിനുമറുപടി പറയാതെ വെളിയിലേക്ക് നോക്കിയിരുന്നു.അവിടെയിരുന്നാല്‍ കൈതത്തോട്ടത്തിനോട് ചേര്‍ന്ന് ആശുപത്രി കോമ്പൌണ്ടില്‍ വളര്‍ന്നു നില്‍ക്കുന്ന വാഴക്കൂട്ടങ്ങള്‍ കാണാമായിരുന്നു.

വാഴയിലകള്‍ക്കിടയില്‍ രണ്ടു കരികിലപ്പിടകള്‍ കൊക്കുരുമ്മുന്നത് അവര്‍ കണ്ടെത്തി.ഭാമിനിയമ്മ പുഞ്ചിരിച്ചു.

“നിക്കൊരു ആഗ്രഹമുണ്ട്. തറവാട്ടിലെ പെണ്ണുങ്ങള്‍ എല്ലാരുടെമൊപ്പം അമ്പലത്തില്‍ തിരുവാതിര കളിക്കണം.കുട്ടി നിക്കാ ആഗ്രഹം സാധിച്ചു തരുവോ ?” അവര്‍ എന്നോട് ചോദിച്ചു.

ഞാന്‍ ഒരു നിമിഷം അമ്പരന്നു.പിന്നെ ചോദിച്ചു.“അതെന്താ ,പ്പൊ അങ്ങിനെ ഒരു ആഗ്രഹം ?”

ഒറ്റ മകന്‍മാത്രമായത് കൊണ്ടാവാം രഘുവിനെ അവര്‍ക്ക് ജീവനായിരുന്നു.എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഹോസ്റ്റലില്‍ വിളിച്ചു അവനെ അന്വേഷിക്കും.

കോളേജില്‍ പഠിക്കുന്ന കാലത്ത് രഘുവിന്റെ വീട്ടില്‍ ഞങ്ങള്‍ കമ്പയിന്‍ഡ് സ്റ്റഡിക്ക് പോകുമായിരുന്നു. വീട്ടിലെത്തുന്ന കൂട്ടുകാരോട് രഹസ്യമായി അവര്‍ അന്വേഷിക്കും.രഘു കുടിക്യോ?വലിക്യോ?

അമ്മയ്ക്ക് ഡാന്‍സിലും പാട്ടിലും ടൂറിനു പോകുന്നതിലും ഒന്നും വലിയ താത്പര്യമില്ലെന്ന് രഘു പറഞ്ഞിട്ടുണ്ട്. രഘുവിനെ ദൂരേക്ക് പറഞ്ഞുവിടാന്‍ അവര്‍ക്ക് പേടിയായിരുന്നു.

അതുകൊണ്ട് തന്നെ ഞങ്ങളുടെ ബാച്ചിലര്‍ പാര്‍ട്ടികളും ഔട്ടിങ്ങുകളും രഘുവിന് നഷ്ടമായിരുന്നു.ആ ഭാമിനിയമ്മയ്ക്ക് ഇപ്പോള്‍ തിരുവാതിര കളിക്കാന്‍ എവിടെനിന്ന് വന്നു ആഗ്രഹം?

“അവറ്റോള്‍ കൂടുണ്ടാക്ക്വ.” ഭാമിനിയമ്മ വാഴക്കൂട്ടങ്ങള്‍ക്കിടയിലേക്ക് വിരല്‍ചൂണ്ടി.

ഞാന്‍ വെളിയിലേയ്ക്ക് നോക്കി.കരികിലപ്പിടകളിലൊന്നു ചുണ്ടില്‍ക്കൊത്തി പിടിച്ച നാരുമായി എങ്ങോട്ടോ പറന്നുപോകുന്നു.

“കൊര്‍ച്ച്‌ മാറി വല്ല പ്ലാവോ ആഞ്ഞിലിയോ കാണും.അതിന്റെ അധികം ഉയരില്ല്യാത്ത ശിഖരത്തിലാവും കൂടുണ്ടാക്വ.കരികിലപ്പിടയ്ക്ക് ഒത്തിരി ഉയരത്തില്‍ പറക്കാന്‍ പറ്റില്ല്യ..ചെറ്യ കിളിയല്ലേ…”

“ന്നിട്ട് ഭാമിനിയമ്മ അതിന്റെ കൂട് എവിട്യാന്ന് കണ്ടെത്തിയൊ ?” ഡോക്ടര്‍ ചോദിച്ചു.

“നിക്കിവിടിരുന്നാല്‍ ആ വാഴക്കൂട്ടം വരെയേ കണ്ണെത്തൂ.” ഭാമിനിയമ്മ തന്റെ നിസ്സഹായാവസ്ഥ വിവരിച്ചു.

“പക്ഷേ നിക്കുറപ്പാ.കൊര്‍ച്ച്‌ അപ്പുറത്തൊട്ടൊ ഇപ്പുറത്തോട്ടൊ മാറി പ്ലാവോ ആഞ്ഞിലിയോ കാണും .അതിന്മേല്‍ കരികിലപ്പിടയുടെ കൂടും.”

“അമ്മയ്ക്ക് സന്തോഷമാണോ .ഇപ്പൊ അസുഖമൊന്നുമില്ലല്ലോ ?” ഞാന്‍ ചോദിച്ചു.ചോദിച്ചപ്പോള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നി.ഡോക്ടര്‍ എന്ത് വിചാരിച്ചു കാണും.അഞ്ചു വര്‍ഷം കൂടി കാണാന്‍ വരുന്നയാള്‍ക്ക് ചോദിയ്ക്കാന്‍ പറ്റിയ ചോദ്യം തന്നെ.

“നിക്ക് സുഖമാ മോനെ ..” ഭാമിനിയമ്മ എന്റെ കരം കവര്‍ന്നു.ഒരിക്കല്‍ രഘുവിന്റെ വീട്ടില്‍ അവന്റെ പിറന്നാള്‍ സദ്യക്ക് പോയിരുന്നു. തീന്‍മുറിയിലേക്ക് അവന്റെ അമ്മ പപ്പടം നിറച്ച വല്ലവുമായി വരുന്ന കാഴ്ച എന്ത് കൊണ്ടോ മനസ്സില്‍നിന്നും മായുന്നില്ല. മുഖത്ത് ഗൗരവം കലര്‍ന്ന പ്രസാദം.മെലിഞ്ഞ നീണ്ട വിരലുകള്‍ .

ഇന്നവരുടെ മുഖവും വിരലുകളും പുത്രവിയോഗത്തിന്റെ ചുളിവുകള്‍ പേറുന്നു.

“നിക്ക് ഒരു ആഗ്രഹമേ ഇപ്പൊ ഉള്ളു.തിരുവാതിര എല്ലാരുടെയും കൂടെ കളിക്കണം.മോനത് സാധിച്ചു തരുമോ ?’.അവര്‍ വീണ്ടും ചോദിച്ചു.

“ഭാമിനിയമ്മയ്ക്ക് ഈയിടെയായി എപ്പോഴും ഈ ഒരു കാര്യമേ ഉള്ളു പറയാന്‍.”ഡോക്ടര്‍ പറഞ്ഞു.

“എങ്ങിനെയാ ഈ തിരുവാതിര തലേല്‍ കയറിയത് ?” ഞാന്‍ ഭാമിനിയമ്മയോട് ചോദിച്ചു.

ചോദിക്കുന്നതിനിടെയാണ് ഞാന്‍ അവരുടെ നെറ്റിയിലെ പാട് ശ്രദ്ധിച്ചത്. മുടി കൊഴിഞ്ഞുപോയതുകൊണ്ട് അത് വ്യക്തമായി കാണാം.തിരുനെറ്റിയില്‍ നിന്ന് ഉച്ചിയിലേക്ക് ഒരു വിള്ളല്‍ പോലെ അത് നീണ്ടുകിടക്കുന്നു.

ഭാമിനിയമ്മ വെളിയിലേക്ക് നോക്കി.ഒരല്‍പ്പനേരത്തേയ്ക്ക് ശമിച്ച മഴ വീണ്ടും ആരംഭിച്ചിരിക്കുന്നു.കരികിലപ്പിടകള്‍ അവരുടെ പണിയില്‍നിന്ന് അല്‍പ്പനേരത്തെ ഇടവേളയെടുത്ത് ഇലകള്‍ക്കിടയില്‍ മഴ നനഞ്ഞിരിക്കുകയാണ്.

“അത് രസാ.ഞാനീ കിളികളെ നോക്കിയിരിക്കുന്നതിനിടയിലാ തിരുവാതിരേടെ കാര്യം ഓര്‍ത്തെ.ഇപ്പൊ നിക്ക് വല്യ ഓര്‍മ്മയോന്നുല്യ കുട്ട്യേ.

ചെല്പോ ഞാന്‍ ആരാന്നു പോലും ഓര്‍ക്കും.ഒരു പ്രായാമായാ പിന്നെ അങ്ങിനെയൊക്കെയാവും അല്ലെ കുട്ട്യേ..പിന്നെയോര്‍ക്കും ഞാനാരായാല്‍ എനിക്കെന്താ..അറിഞ്ഞിട്ടിപ്പോ ന്തിനാന്നു…” ഭാമിനിയമ്മ പറഞ്ഞു.

അവരുടെ മുഖഭാവം കണ്ടപ്പോള്‍ എന്റെ ശരീരത്തുകൂടി ഒരു തണുപ്പ് കടന്നുപോയി.രഘു മരിച്ചിട്ട് ഭാമിനിയമ്മ കരഞ്ഞില്ല.

കൂടം കൊണ്ട് തല്ലിതകര്‍ക്കപ്പെട്ട പാറയുടെ മുഖം പോലെ ആകെ തകര്‍ന്ന മുഖഭാവത്തോടെ മകന്റെ ചിതയണയുന്നത്‌ വരെ അവര്‍ നോക്കിനിന്നു. വല്ലാത്തൊരു സന്ദേഹത്തോടെ ഞാന്‍ ഡോക്ടറെ നോക്കി.

“അല്ല , തിരുവാതിരേടെ കാര്യം പറ ഭാമിനിയമ്മേ ?” ഡോക്ടര്‍ ചോദിച്ചു.
ഡോക്ടര്‍ അവരുടെ സംഭാഷണം ആസ്വദിക്കുന്നതുപോലെ.

“ആ കിളികള് വരുന്നതും പോകുന്നതും നോക്കിയിരുന്നു എത്ര നേരമാ പോയതെന്ന് അറിയില്ല.ഞാന്‍ ഏതു നേരവും ആ ജനാലയുടെ അടുത്തിരുന്നു അവറ്റൊളെ നോക്കിയിരിക്കും.

ചെലപ്പോ തോന്നും അവറ്റൊള്‍ ന്നെ സന്തോഷിപ്പിക്കാന്‍ കാട്ടിക്കൂട്ടുന്നതാ ഒക്കെയുമെന്നു.” ഭാമിനിയമ്മ ഒരു നിമിഷം നിര്‍ത്തി.അവര്‍ എന്തോ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ.

“ഒരു ദിവസം അങ്ങിനെ കിളികളെ നോക്കിയിരിക്കുന്നതിനിടയിലാ ഒരു വെളിപാട് പോലെ ഞാന്‍ തിരുവാതിരേടെ കാര്യം ഓര്‍ത്തത്‌.ഒരു ധനുമാസത്തിലെ തിരുവാതിര.കല്യാണം കഴിച്ചു കെട്ടിയോന്റെ വീട്ടില്‍ വന്ന ആദ്യവര്‍ഷമാ.

അന്നൊക്കെ വല്ലാത്ത സങ്കടമായിരുന്നു. വീട്ടില്‍നിന്ന് മാറിനിന്നിട്ടില്ല.എങ്ങിനെയെങ്കിലും ഒന്ന് സ്വന്തം വീട്ടില്‍ പോയാ മതിയെന്നൊക്കെയായിരുന്നു. അതിന്റെയെടയിലാ തിരുവാതിര വന്നത്. അവിടെ ഭയങ്കര ചിട്ടയായിരുന്നു.പുലര്‍ച്ചെ തറവാട്ട് കുളത്തില്‍ കുളി.

പകല് കരിക്കിന്‍വെള്ളം മാത്രെ കുടിക്കൂ. എനിക്കാണെങ്കില്‍ നല്ല വിശപ്പും. ഇഷ്ടമില്ലാഞ്ഞിട്ടും ഞാനെല്ലാവരുടെയും കൂടെ തിരുവാതിര കളിച്ചു.ഉള്ളില്‍ ഭയങ്കര വിഷമം.വീട്ടില്‍നിന്ന് മാറിനിന്നതിന്റെയും മറ്റും..”

“എന്നിട്ട് ?”“അങ്ങിനെ കളിക്കുന്നതിന്റെയിടയില്‍ എനിക്കെന്തോ സംഭവിച്ചു.ഞാനെന്തോ ഒരു കാഴ്ച കണ്ടു.നിക്കറിയില്ല കുട്ട്യേ…ഞാന്‍ ആരെയാണ് എന്തിനെയാണ് കണ്ടതെന്ന് എനിക്കിപ്പോഴും ഓര്‍മ്മയില്ല്യ.

എന്തായാലും ഒറ്റ നിമിഷം കൊണ്ട് എന്റെ സങ്കടമെല്ലാം മാറി.പകരം സന്തോഷം കൊണ്ട് കുളിച്ചത് പോലെ.ഉവ്വ്.അങ്ങിനെതന്ന്യാ എനിക്കിപ്പോഴും ഓര്‍മ്മ വരുന്നേ. തിരുവാതിരയ്ക്ക് തുടിച്ചു കുളിക്കുന്നത് പോലെ സന്തോഷം കൊണ്ട് ഞാന്‍ മുങ്ങിക്കുളിച്ചു. “

ആവേശത്തോടെ ഭാമിനയമ്മ പറഞ്ഞു. അവരുടെ മെലിഞ്ഞ മുഖം പ്രസരിപ്പില്‍ ചുവന്നു.ഒരുപക്ഷേ രഘു മരിക്കുന്നതിനു മുന്‍പ് പോലും അവരെ ഞാന്‍ അത്ര ഊര്‍ജസ്വലയായി കണ്ടിട്ടില്ല.

“ധനുമാസത്തിലെ തിരുവാതിര
ഭഗവാൻ തന്റെ തിരുനാളല്ലോ
ഭഗവതിക്ക് തിരുനോൽമ്പാണ്
അടിയങ്ങൾക്കു പഴനോൽമ്പാണ്.”

നിറഞ്ഞ ചിരിയോടെ ഭാമിനിയമ്മ കൈകൊട്ടിപാടി.ഇടയ്ക്ക് അവര്‍ പുറത്തേക്ക് നോക്കി.മഴ ശമിച്ചിരിക്കുന്നു.കരികിലപ്പിടകള്‍ വീണ്ടും കൂടുണ്ടാക്കുന്ന തിരക്കിലാണ്.അവര്‍ പാട്ട് നിര്‍ത്തി.മുഖത്ത് വീണ്ടും പഴയ ഗൗരവഭാവം പരന്നു.

“അതോണ്ടാണ് ,നിക്ക് ഒന്നൂടി തിരുവാതിര കളിക്കണംന്നു പറഞ്ഞത്.ഒരുപക്ഷേ ഒന്നൂടി കളിച്ചാല്‍ ,അന്ന് കണ്ടതെന്താണ് ന്നു നിക്ക് ഓര്‍മ്മ വരും. ചിലപ്പോ…ചിലപ്പോ..” അവര്‍ ഒന്ന് നിര്‍ത്തി.

ഞാന്‍ ഡോക്ടറെ നോക്കി.“ചിലപ്പോ..അന്ന് കണ്ട ആ സന്തോഷിപ്പിക്കുന്ന കാര്യം ഒന്നൂടി കണ്ടാലോ ന്നു .അല്ലെ ഭാമിനിയമ്മേ ? ഡോക്ടര്‍ ചോദിച്ചു.

ഒരു തെറ്റ് ചെയ്ത മട്ടില്‍ ഭാമിനിയമ്മ മുഖം താഴ്ത്തി.“ഇല്ല്യ.ഇത്ര വര്‍ഷങ്ങളായില്ലേ..അതൊന്നും പ്രതീക്ഷയില്യ.ഒന്ന് ഓര്‍ത്താല്‍ മതി.ഒറ്റ പ്രാവശ്യം.” ഭാമിനിയമ്മ പറഞ്ഞു.അവരുടെ സ്വരമിടറി.കണ്‍കോണുകളില്‍ നനവ് പടര്‍ന്നു.

ഞാന്‍ അവരുടെ കൈകള്‍ ചേര്‍ത്തു പിടിച്ചു.ചുക്കിച്ചുളിഞ്ഞ വിരലുകള്‍ക്കിടയില്‍ മഴയുടെ തണുപ്പ് .അതോ വയസ്സിന്റെയൊ ?അതോ എന്റെ കുറ്റബോധത്തിന്റെയോ ?

“അമ്മയ്ക്ക് തിരവാതിര കളിക്കണം ല്ലേ..നമുക്ക് ശരിയാക്കാം.ഞാനുണ്ട് കൂടെ.” ഞാന്‍ പറഞ്ഞു.

“ശരിക്കും പറയണതാണോ ?” ഭാമിനിയമ്മ ചോദിച്ചു.അവരുടെ പ്രതീക്ഷ നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ എനിക്ക് മിണ്ടാന്‍ കഴിഞ്ഞില്ല.

‘അതൊക്കെ പുള്ളിക്കാരന്‍ ശരിയാക്കും.ഭാമിനിയമ്മ എല്ലാരുടെയും കൂടെ തിരുവാതിര കളിക്കും.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറന്നുപോയ കാര്യം ഓര്‍മ്മിക്ക്യേം ചെയ്യും.”

ഡോക്ടര്‍ എഴുന്നേറ്റു.ഞാനും.
ഓര്‍മ്മകള്‍ നഷ്ടപ്പെട്ട ഭാമിനിയമ്മ എങ്ങിനെയാണ് തിരുവാതിരയുടെ കാര്യം ഓര്‍ത്തത്‌?

അതോ ,ശിരസ്സിലെ വിള്ളലിലൂടെ ഊര്‍ന്നു പോയ അവരുടെ ഓര്‍മ്മകള്‍ക്ക് പകരം മറ്റാരുടെയൊ ഓര്‍മ്മ അവരുടെ ഉള്ളിലേക്ക് കയറിയതാണോ ?അന്ന് തിരുവാതിര കളിച്ച നേരത്ത് അവരെ സന്തോഷിപ്പിച്ച കാഴ്ച എന്തായിരുന്നിരിക്കണം?

യാത്ര പറയാന്‍ നേരം ഞാന്‍ ഡോക്ടറോട് മടിച്ചു മടിച്ചു ചോദിച്ചു.“ഡോക്ടര്‍ അന്ന് തിരുവാതിര കളിച്ച നേരത്ത് അവരെ സന്തോഷിപ്പിച്ച കാഴ്ച എന്തായിരുന്നിരിക്കും?”

ഡോക്ടര്‍ ദീര്‍ഘമായി നിശ്വസിച്ചു.“കല്യാണം കഴിഞ്ഞു ഭര്‍ത്താവിന്റെ വീട്ടില്‍ ഒറ്റപ്പെട്ട്‌ കഴിയുന്ന ഒരു യുവതി.തിരുവാതിര കളികുന്നതിനിടയില്‍ അവള്‍ എന്തായിരിക്കും കാണുന്നത് ?കാണികള്‍ക്കിടയില്‍ ഒക്കത്തൊരു കുഞ്ഞുമായി നില്‍ക്കുന്ന തന്നെപ്പോലെ ചെറുപ്പക്കാരിയായ ഒരമ്മ.

ആ കാഴ്ചയില്‍ ,തനിക്കൊരു കൂട്ടായി ഒരു കുഞ്ഞു വരുന്നതോടെ എല്ലാ സങ്കടങ്ങളും മാറും എന്ന പ്രതീക്ഷ അവളെ സന്തോഷിപ്പിക്കില്ലേ…”ഡോക്ടര്‍ ഒരു നിമിഷം നിര്‍ത്തി.

“ആര്‍ക്കറിയാം.നമുക്ക് ഊഹിക്കാനല്ലേ കഴിയൂ..നിങ്ങള്‍ക്ക് അവരുടെ ആഗ്രഹം.. ആ തിരുവാതിരയുടെ കാര്യം ശരിയാക്കാന്‍ പറ്റുമോ ?”

“ഡോക്ടര്‍ സീരിയസ്സായി പറഞ്ഞതാണോ ?” ഞാന്‍ അമ്പരപ്പോടെ ചോദിച്ചു.ഡോക്ടര്‍ അല്‍പ്പനേരത്തേക്ക് നിശബ്ദയായി.

“ഓര്‍മ്മകള്‍ നഷ്ടമായാല്‍ പിന്നെ ജീവിതം സ്വപ്നങ്ങളുടെ ചങ്ങലയാവും.ഭാമിനിയമ്മയ്ക്ക് സ്വര്‍ണ്ണനിറമുള്ള ഒരു സ്വപ്നം സമ്മാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ …” ഡോക്ടര്‍ ഒന്ന് നിര്‍ത്തി.

തിരിച്ചു പടിക്കെട്ടുകളിറങ്ങുമ്പോള്‍ നന്ദ്യാര്‍വട്ടങ്ങള്‍ക്കിടയില്‍ ഞാനാ തുമ്പിയെ തിരഞ്ഞു.അതിനെ അവിടെയെങ്ങും കണ്ടില്ല.

എങ്ങോട്ടെങ്കിലും പറന്നു മറഞ്ഞിട്ടുണ്ടാകും. എന്നാലും മഴ നനഞ്ഞു കുതിര്‍ന്ന നന്ദ്യാര്‍വട്ടപ്പൂക്കളുടെ ഗന്ധം എന്നെ പിന്തുടര്‍ന്നു.ഏതോ പുലര്‍ക്കാലസ്വപ്നത്തിന്റെ ഓര്‍മ്മപോലെ.

“എനിക്ക് പറ്റില്ലടാ.” രഘുവിന്റെ കാമുകി പറഞ്ഞു.അവളിന്ന് മോട്ടിവേഷണല്‍ സ്പീക്കറാണ്.

വലിയ കമ്പനികളില്‍ ,പല രാജ്യങ്ങളില്‍ അവള്‍ വിമാനങ്ങളില്‍ പറന്നുചെന്ന് പ്രചോദനം വില്‍ക്കുന്നു.മണിക്കൂറിന് നൂറു കണക്കിന് ഡോളര്‍ പ്രതിഫലം.

“സോറി.എനിക്കാദ്യം നിന്നോട് ചോദിക്കാനാണ് തോന്നിയത്.”“എനിക്കിപ്പോ രഘു മരിച്ചതില്‍ ദു:ഖമില്ല.നീ സത്യത്തില്‍ എന്നെ ഒന്ന് കുത്താനല്ലേ ഇപ്പൊ ഇക്കാര്യം പറഞ്ഞത് .”

“അല്ല. ““നീ വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഒന്നുമില്ലല്ലോ..നമ്മുടെ ക്ലാസിലെ ഗ്രൂപ്പില്‍ ഞാന്‍ ചേര്‍ക്കാം.എല്ലാരും കൂടി നിന്നെ ഹെല്പ് ചെയ്യും.”“താങ്ക്സ്.” അതൊരു നല്ല ഐഡിയായിരുന്നു.

“പിന്നെ…രഘുവിന്റെ മരണത്തിന്റെ കാരണം ഞാനാണ് എന്ന് നീ ഇപ്പോഴും വിചാരിക്കുന്നുണ്ടോ.?”അവള്‍ ചോദിച്ചു.

ഞാനതിനു മറുപടി പറഞ്ഞില്ല.
രഘുവിന്റെ കാമുകി എല്ലാം മറന്നിരിക്കുന്നു.ഭാമിനിയമ്മയും മറന്നിരിക്കുന്നു.എല്ലാവരും മറന്നിരിക്കുന്നു.

മറവിയുടെ മിനുസമുള്ള വാഴപ്പോളയിലൂടെ അവരുടെ ജീവിതം തെന്നിനീങ്ങുന്നു.
ഞാന്‍,ഞാന്‍ മാത്രം ഒന്ന് മറക്കുന്നില്ല.
രഘുവിന്റെ മരണത്തിനു കാരണം എന്താണ് എന്ന് ഇപ്പോഴും ആര്‍ക്കും അറിയില്ല..രഘു എന്റെ ആത്മസുഹൃത്തായിരുന്നു.

എന്തോ നിസ്സാര കാര്യത്തിനു ഞങ്ങള്‍ പിണങ്ങി.അവന്‍ മരിക്കുന്നതിനു മുന്‍പ് എന്നെ വിളിച്ചിരുന്നു.ഞാന്‍ ഫോണെടുത്തില്ല.പിന്നെ അറിയുന്നത് അവന്‍ മരിച്ച വിവരമാണ്.

വാട്സപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു.എല്ലാവരെയും കാര്യങ്ങള്‍ അറിയിച്ചു.രഘുവിന്റെ അമ്മയ്ക്ക് വേണ്ടി ആ ദൗത്യം എല്ലാവരും കൂടി ഏറ്റെടുത്തു. ഒപ്പം പഠിച്ച രണ്ടു പെണ്‍കുട്ടികള്‍ ,അവരുടെ ബന്ധുക്കള്‍ …അങ്ങിനെ ഏഴുപേര്‍.എട്ടാമതായി ഭാമിനിയമ്മ.

ആശുപത്രിക്കടുത്തുള്ള അമ്പലത്തില്‍ ധനുമാസത്തിലെ തിരുവാതിരയ്ക്ക് സ്ത്രീകള്‍ തിരുവാതിര അവതരിപ്പിക്കുന്ന വിവരം വേറൊരാള്‍ കണ്ടെത്തി.തിരുവാതിര കളിക്കുന്ന സ്ത്രീകളുടെ സംഘങ്ങളുണ്ട്‌.അവര്‍ക്ക് വാട്സപ്പ് ഗ്രൂപ്പുകളുണ്ട്‌.

ആശുപത്രിക്ക് മുന്‍പില്‍ പാര്‍ക്ക് ചെയ്ത കാറിനരികിലേക്ക് ഡോക്ടര്‍ ഭാമിനിയമ്മയെ കൂട്ടി വന്നു.

ചുവന്ന കരയുള്ള സെറ്റ് മുണ്ട്. നീല ബ്ലൗസ്.എങ്കിലും ആശുപത്രിമുറിക്കുള്ളില്‍ വച്ച് കണ്ട ആ ഭാവം മാത്രം ഭാമിനിയമ്മയുടെ മുഖത്ത് നിന്ന് മാഞ്ഞിരുന്നില്ല.വിഷാദം ഘനീഭവിച്ച ഭാവം.

എനിക്ക് ആശങ്കയുണ്ടായിരുന്നു.എന്നാല്‍ ഡോക്ടറുടെ മുഖത്ത് ഒരു ടെന്‍ഷനുമുണ്ടായിരുന്നില്ല.

അമ്പലത്തിനു മുന്‍പില്‍ നല്ല തിരക്കുണ്ടായിരുന്നു.പട്ടു പാവാടകള്‍ ഉലയുന്ന സ്വരം.നല്ലെണ്ണയും കര്‍പ്പൂരവും കൂടിക്കുഴഞ്ഞ അമ്പലഗന്ധം.സ്വര്‍ണ്ണനിറമുള്ള വെയില്‍ പരന്ന അമ്പലമുറ്റം.അതിനുമീതെ ആല്‍മരത്തിന്റെ ശിഖരങ്ങള്‍ നിഴലില്‍ തീര്‍ത്ത ശീതള ചിത്രങ്ങള്‍.

നിറഞ്ഞ ഓഡിറ്റോറിയം. വേദിയില്‍ എഴുതിരിയിട്ടു കത്തിച്ച നിലവിളക്ക്. അതിനരികില്‍ നിറപറയും അഷ്ടമംഗല്യവും.

മറ്റു ഏഴുപേരുടെയൊപ്പം ഭാമിനിയമ്മ ചുവടുകള്‍ വച്ചു.ഇപ്പോള്‍ കരയുമെന്ന ഒരു ഭാവമായിരുന്നു ആദ്യം മുഖത്ത്.പിന്നെ അവര്‍ പാട്ടിനൊപ്പം മെല്ലെ ചുവടുകള്‍ വച്ചു.പതുക്കെ മുഖത്തെ ശോകഭാവം മാറി.

“അംഗനേ ഞാനങ്ങു പോവതെങ്ങനെ
ഇങ്ങനേകം മനോരാജ്യം
എങ്ങനെയെന്നാലും കേള്‍ നീ
എങ്ങനെയെന്‍മതമെന്നാ –
ലങ്ങനെയെന്നുറയ്ക്ക് നീ “

താളത്തില്‍ ചുവടുവയ്ച്ചു കൈക്കൊട്ടി പാടുന്നതിനിടയില്‍ ഭാമിനിയമ്മ പെട്ടെന്ന് നിന്നു.അവര്‍ സദസ്സിന്റെയിടയിലേക്ക് തുറിച്ചുനോക്കി.മുഖത്ത് ഒരു അത്ഭുതഭാവം വിടര്‍ന്നു.ദീര്‍ഘനാളായി കാണാതിരുന്ന പ്രിയപ്പെട്ട ആരെയോ കണ്ടത് പോലെ.

അവരുടെ മുഖത്ത് സന്തോഷം തിരതല്ലി. വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ആദ്യമായി ചിരിച്ചു.
ആ പുഞ്ചിരിയുമായി അവര്‍ വീണ്ടും ചുവടു വയ്ക്കാന്‍ തുടങ്ങി.

തിരിച്ചു ആശുപത്രിയിലേക്ക് പോവാന്‍ കാറിലേക്ക് കയറുമ്പോള്‍ ഭാമിനിയമ്മയുടെ മുഖത്ത് നല്ല ക്ഷീണമുണ്ടായിരുന്നു.കാറിലിരുന്നു അവര്‍ മയങ്ങി.നെറ്റിയിലേക്ക് വീണു കിടന്ന വെള്ളിനിറമുള്ള മുടിച്ചുരുളുകള്‍ ഡോക്ടര്‍ ഒതുക്കി വച്ചു.
ആശുപത്രി മുറ്റത്തു കാര്‍ നിര്‍ത്തിയപ്പോള്‍ ഞാന്‍ അവരെ വിളിച്ചുണര്‍ത്തി.

“മ്മള്‍ എവിടെ പോയതാരുന്നു.” അവര്‍ നിഷ്കളങ്കമായി ചോദിച്ചു.ഡോക്ടര്‍ എന്നെ നിസ്സഹായതയോടെ നോക്കി.കഴിഞ്ഞ കാര്യങ്ങള്‍ ഭാമിനിയമ്മ മറന്നിരിക്കുന്നു.എങ്കിലും അവരുടെ മുഖത്ത് ഇതിനുമുന്‍പ് കാണാത്ത ഒരു പ്രസന്നതയുണ്ടായിരുന്നു.

അവരുടെ മുറിയിലേക്ക് ഡോക്ടറുടെ ഒപ്പം ഞാനും പോയി.
“ഭാമിനിയമ്മ കാറിലിരുന്നു മയങ്ങുകയായിരുന്നു.ഇനി കുറച്ചു നന്നായി ഉറങ്ങിക്കോ..” ഡോക്ടര്‍ പറഞ്ഞു.

“ഉവ്വ്.എന്തോ നല്ല സ്വപ്നം കണ്ടതുപോലെ തോന്നി.”അവര്‍ വിടര്‍ന്ന ചിരിയോടെ പറഞ്ഞു.

ഞാന്‍ അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ചു യാത്ര പറഞ്ഞു.“ഇനി എന്ന് വരും ?” അവര്‍ ചോദിച്ചു.“ഉടനെ..ഉടനെ വരാം.”ഞാന്‍ പറഞ്ഞു.വാതില്‍ക്കല്‍ വരെ ഭാമിനിയമ്മ എന്റെ കൂടെ വന്നു.“മോന്റെ കയ്യില്‍ കുടയുണ്ടോ ? “ഭാമിനിയമ്മ ചോദിച്ചു.

‘ഇല്ല.”“നിക്ക് ഞാനൊരൂട്ടം തരാം.മോന്‍ നിക്ക്.”ത് പറഞ്ഞിട്ട് ഭാമിനിയമ്മ തലയിണയുടെ കീഴില്‍ മടക്കി വച്ച തൂവാല എന്റെ നേര്‍ക്ക് നീട്ടി.“ആരോ നിക്ക് സമ്മാനം തന്നതാ..ഇത് മോന്‍ കൊണ്ടോക്കോ..മഴ ന്നിം പെയ്യും.തല നനയ്ക്കണ്ട.”

അവര്‍ പറഞ്ഞു.“നിങ്ങള്‍ ചെയ്തത് ഒരു വലിയ കാര്യമാണ്.ഇത്രയും നാള്‍ കാണാത്ത ഒരു സന്തോഷം ഭാമിനിയമ്മയുടെ മുഖത്തുണ്ട്‌.അവരുടെ ഉള്ളിലെന്തോ സുഖപ്പെട്ടിരിക്കുന്നു.” ഡോക്ടര്‍ പറഞ്ഞു.

അവര്‍ തിരുവാതിരയ്ക്കിടയില്‍ കാണികള്‍ക്കിടയിലേക്ക് നോക്കുന്നതും മുഖത്ത് അത്ഭുതം വിടരുന്നതും മെല്ലെ മുഖത്ത് സന്തോഷം പരക്കുന്നതും ഞാന്‍ വീണ്ടും ഓര്‍മ്മിച്ചു.

ആരും കാണാത്ത എന്ത് കാഴ്ചയാണ് ഭാമിനിയമ്മ അവിടെ കണ്ടത്
?ഓര്‍മ്മകളുടെ ഓര്‍മ്മയില്‍, ആരെയായിരിക്കും അവര്‍ കണ്ടത് ?ഞാന്‍ അതിനെക്കുറിച്ച് ഡോക്ടറോട് ചോദിച്ചാലോ എന്ന് ഒരു നിമിഷം ആലോചിച്ചു.പിന്നെ വേണ്ടെന്നു വച്ചു.

തിരിച്ചു പോകുമ്പോള്‍ വാഴക്കൂട്ടങ്ങള്‍ക്കിടയിലൂടെ കരിക്കിലപ്പിടകള്‍ പറക്കുന്നത് കണ്ടു.കാര്‍ നിര്‍ത്തി പുറത്തിറങ്ങി.

ഒന്ന് മടിച്ചെങ്കിലും ഒരു കൗതുകത്തിനു ഞാനാ കിളികളെ പിന്തുടര്‍ന്നു.ഭാമിനിയമ്മ അന്ന് പറഞ്ഞത് ശരിയായിരുന്നു.കുറച്ചു മാറി ഒരു ആഞ്ഞിലിയുടെ ശിഖരത്തില്‍ അവ കൂട് കൂട്ടിയിരിക്കുന്നു.

കൊമ്പിലിരുന്നു തള്ളക്കിളി കൂടിനുള്ളിലേക്ക് സൂക്ഷിച്ചു നോക്കുന്നു.കൂടിനുള്ളിലെ കാഴ്ച എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ലെങ്കിലും തള്ളക്കിളി നോക്കുന്നതെന്താണെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നു.

മഴ ചാറിത്തുടങ്ങി.ഭാമിനിയമ്മ സമ്മാനിച്ച പ്രാവിന്റെ ചിത്രമുള്ള തുവാലയെടുത്ത് ഞാന്‍ ശിരസ്സില്‍ ചുറ്റി.തുവാലയുടെ മുകളിലേക്ക് ശിരസ്സു തണുപ്പിച്ചുകൊണ്ട് മഴത്തുള്ളികള്‍ വീണുകൊണ്ടിരുന്നു.മറ്റാരുടെയോ ഓര്‍മ്മകള്‍ പോലെ.

Leave a Reply

Your email address will not be published. Required fields are marked *