സഹയാത്രികൻ
(രചന: Neji Najla)
“ഒരു വൈകുന്നേരം ഞാൻ കടം വാങ്ങട്ടെ..? രാഖി വായനയുടെ ലോകത്തു നിന്നും പറിച്ചെടുത്ത കണ്ണുകൾ എതിരെയിരിക്കുന്ന സഹയാത്രികനു നേരെ നീട്ടി.
നീട്ടിപ്പിടിച്ച ഒരു ഗ്ലാസ് ചായയിലേക്കും അയാളുടെ മുഖത്തേക്കും മാറി മാറി നോക്കി. മാസ്ക് കവിഞ്ഞു നിൽക്കുന്ന കറുപ്പു മുറ്റിയ താടിയും നീണ്ട കണ്ണുകളും അവൾ ശ്രദ്ധിച്ചു.
തികച്ചും യന്ത്രികമായി അവൾ ചായ വാങ്ങിച്ചു.”എല്ലാ വൈകുന്നേരവും ഞാനാവശ്യപ്പെടുന്നില്ല…”
ചുണ്ടോടടുപ്പിച്ച ചായ കുടിക്കാതെ രാഖി മുഖമുയർത്തി വീണ്ടും സഹയാത്രികനെ നോക്കി.”ഏയ് മാഷേ… ചായ കുടിക്കെടോ..”
കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച ചിരിയോടെ അയാൾ പറഞ്ഞപ്പോൾ അവൾ വീണ്ടും ചായ ചുണ്ടോടു ചേർത്തു.
ഒരേ ദിശയിൽ ചൂളം വിളിച്ചുപായുന്ന തീവണ്ടിയിലിരുന്ന് എവിടെയോ കണ്ടുമറന്ന കണ്ണുകളുടെ ഉടമയെ പറ്റിയുള്ള ചിന്തകളുമായി മനസ്സ് പല ദിശകളിലേക്കും സഞ്ചരിച്ചു.
ചായ കുടിച്ചു തീർന്നപ്പോൾ അയാൾ ഒരു പുസ്തകം അവൾക്കുനേരെ നീട്ടി.”മഞ്ഞ് “”എന്റെ കയ്യിലുണ്ട്…യാത്രകളിൽ എനിക്ക് കൂട്ട് പുസ്തകങ്ങളാണ്. പുതിയതായി വായിക്കാൻ ഒന്നും കിട്ടിയില്ലെങ്കിലും ‘മഞ്ഞും’ ‘ബാല്യകാല സഖി’യും ‘ഒരു സങ്കീർത്തനം പോലെ’യുമൊക്കെ സഞ്ചിയിലെപ്പോഴുമുണ്ടാവും.”
രാഖി സഞ്ചിയിൽ നിന്നും മഞ്ഞെടുത്ത് സഹയാത്രികനെ കാണിച്ചു.”ഓ.. എങ്കിൽ ഞാൻ തന്നത് തിരിച്ചു തരണ്ട.. ഇയാളുടെ കയ്യിലുള്ളത് തന്നോളൂ..” രാഖിക്ക് സഹായാത്രികന്റെ വാക്കുകളിൽ ആശ്ചര്യം തോന്നി.
സഹയാത്രികരോട് സംസാരിക്കാറുണ്ടെങ്കിലും കുറേയായിട്ട് യാത്രകളിൽ സൗഹൃദങ്ങൾ സമ്പാദിക്കാൻ മെനക്കെടാറില്ല.
മുൻപൊരിക്കൽ നീണ്ടൊരു തീവണ്ടിയാത്രയ്ക്കിടെ കൂട്ടുകൂടിയ സൗഹൃദത്തെ പിന്നീടൊരിക്കൽ പോലും കാണാനാവാത്ത വേദന രാഖിയുടെ ഓരോ യാത്രകളെയും അസ്വസ്ഥമാക്കുകയും പലപ്പോഴും കണ്ണുകളെ സജലങ്ങളാക്കുകയും ചെയ്തു.
പിന്നീടൊരിക്കലും അവൾ യാത്രക്കിടയിൽ ഒരാളോടും അടുപ്പം സ്ഥാപിച്ചിട്ടില്ല.അവൾ കൈയിലിരുന്ന മഞ്ഞ് സഹയാത്രികനു നീട്ടി.”വിരോധമില്ലെങ്കിൽ രാഖിയുടെ കൈയ്യൊപ്പ് ഇടാമോ പുസ്തകത്തിൽ..?”
“പേരെങ്ങനെ..?!!”രാഖിയുടെ വിസ്മയം പൂണ്ട കണ്ണുകൾ സഹയാത്രികനു നേരെ നീണ്ടു.”ഇയാൾ വലിയ എഴുത്തുകാരിയല്ലേ.. ഞാൻ വായിക്കാറുണ്ട് ഫേസ്ബുക്കിലും മറ്റും…ഇഷ്ടമാണ് ട്ടോ..”
“എന്താ..””താൻ ഞെട്ടല്ലെടോ… ഇഷ്ടമാണെന്ന് പറഞ്ഞത് എഴുത്തിനെയാണ്… അല്ല..എഴുത്തിലൂടെയാണല്ലോ എഴുത്തുകാരിലേക്കും എത്തുന്നത്.”
അയാൾ ചിരിച്ചപ്പോൾ അവളും ചിരിക്കാൻ ശ്രമിച്ചു.സഹയാത്രികന്റെ ചിരിയും നർമ്മത്തിൽ പൊതിഞ്ഞ സംസാരവും രാഖിയെ ആകർഷിച്ചു.
“ഭർത്താവ് പിന്നെ തിരികെ വിളിച്ചില്ല അല്ലേ…! ഇല്ലെങ്കിൽ തന്നെ ഇയാളെന്തിന് നിരാശപ്പെടണം..? പോട്ടേന്ന് വെക്കണം.
നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിന്…? എന്റെയൊരു രീതി അതാണ് ട്ടോ.. ‘മാഞ്ഞുപോയ പൗർണ്ണമി’ ഞാൻ വായിച്ചിരുന്നു… ആത്മകഥയിലെ ഒരു താൾ ആണല്ലേ…?”
“അയാൾ വരില്ല…”സഹയാത്രികന്റെ കുറേ ചോദ്യങ്ങൾക്ക് രണ്ടുവാക്കിൽ രാഖി മറുപടി പറഞ്ഞു.
“മോൾക്ക് മാറ്റം ഉണ്ടല്ലേ…നല്ലതാണ്. അവിടെ നിന്ന് അവർ ലോകം കാണട്ടെ പഠിക്കട്ടെ. വീട്ടിൽ അടച്ചിടാതെ അവർക്കായുള്ള ലോകങ്ങളിൽ വിഹരിക്കട്ടെ..”
“അതേ… പക്ഷേ ഇപ്പോളവൾക്ക് ഒരു സ്പോൺസർ ഉണ്ട്. പേര് പറയാൻ ഇഷ്ടപ്പെടാത്ത ഏതോ ഒരാൾ. ഒരു കാര്യവും ഞാനറിയണ്ട…
രണ്ടാഴ്ച കൂടുമ്പോൾ ഞാനവളെ കാണാൻ പോകും.. വീട്ടിൽ നിന്നും വിട്ടു മാറാൻ പറ്റില്ല. മോളുടെ അച്ഛമ്മ കിടപ്പിലാണ്. പോകുമ്പോൾ ഒരുദിവസം മാത്രം മോളോടൊപ്പം താമസിച്ചു തിരിച്ചു പോരും.”
ഓട്ടിസം ബാധിച്ച മോളെ കളഞ്ഞിട്ടു വന്നാൽ കൂടെ ജീവിക്കാമെന്ന് പറഞ്ഞ ഭർത്താവിന്റെ കൂടെയൊരു ജീവിതം വേണ്ടെന്നു വച്ച് മോളുടെ കൈപിടിച്ചിറങ്ങിയ ദിവസം രാഖിയിലെ മാതൃത്വത്തിന്റെ വിജയദിനം കൂടിയായിരുന്നു.
സ്വന്തം കുഞ്ഞിനെ കളയാൻ പറഞ്ഞ ഒരു പിതാവിൽ നിന്നും ഭാര്യ എന്ന പദവിക്ക് കിട്ടാവുന്ന സ്നേഹത്തിന്റെ അളവും അറ്റവും എത്രത്തോളമെന്ന് കണക്കുകൂട്ടാൻ മറ്റൊരനുഭവത്തിന്റെയും ആവശ്യമില്ലായിരുന്നു.
നോട്ടിഫിക്കേഷൻ ടോൺ കേട്ട് രാഖി ഫോണെടുത്തു.മൊബൈൽ ഡിസ്പ്ലേയിൽ തെളിഞ്ഞ അയാളുടെയും പുതിയ ഭാര്യയുടെയും ചിത്രം.. അയച്ചിരിക്കുന്നത് രാഖിയോട് പ്രണയാഭ്യർത്ഥനയുമായി കുറേയായി പിറകെ നടക്കുന്ന ഒരാൾ.
ഇടക്കിങ്ങനെ രാഖിയുടെ ഭർത്താവിന്റെയും പുതിയ ഭാര്യയുടെയും ചിത്രങ്ങൾ അയക്കും. അതു കണ്ട് വാശികൂടിയെങ്കിലും അയാളുടെ ആഗ്രഹം നടക്കുമെന്ന് കരുതിയാണ്.
“ആഹാ.. ഭർത്താവ് ആണല്ലേ..? പുതിയ ഭാര്യയുമൊത്ത്..കാണിക്ക് നോക്കട്ടെ..”രാഖി ഫോൺ തിരിച്ചു പിടിച്ചു കാണിച്ചു.സഹയാത്രികന്റെ ചിരിയിൽ ഒരു പ്രത്യേക ഭാവം വിരിഞ്ഞു..
“എന്താണ്… നേരത്തെ അറിയാമോ എന്റെ ഭർത്താവിനെ..?””ഇല്ല.. ഞാനെങ്ങനെ അറിയാനാണ്..?പക്ഷേ… കൂടെയുള്ള ആളെ അറിയാം..”സഹയാത്രികൻ തന്റെ മൊബൈൽ രാഖിയെ കാണിച്ചു.
രാഖി അവളുടെ മൊബൈലിലേക്കും അയാളുടെ മൊബൈലിലേക്കും മാറിമാറി നോക്കി. അവളുടെ ഹൃദയത്തിൽ ഒരാന്തൽ അനുഭവപ്പെട്ടത് അവളുടെ കണ്ണുകളിലൂടെ അയാൾ വായിച്ചെടുത്തു.
“സംശയിക്കേണ്ടെടോ… എന്റെ ഭാര്യയാണ് തന്റെ ഭർത്താവിനൊപ്പം.. “രാഖിക്ക് അയാളോടൊന്നും പറയാൻ കഴിഞ്ഞില്ല…
അപ്പോഴേക്കും അയാൾക്കിറങ്ങാനുള്ള ഇടമെത്തിയിരുന്നു. ട്രെയിൻ നിർത്തിയപ്പോൾ സഹയാത്രികൻ എഴുന്നേറ്റ് പുറത്തേക്ക് പോയി. ഒരു ചിരിയോടെ യാത്ര പറഞ്ഞിറങ്ങുമ്പോൾ രാഖിയുടെ മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ബാക്കിയായിരുന്നു.
രാഖി അയാൾ നൽകിയ മഞ്ഞിന്റെ പേജുകൾ അലക്ഷ്യമായി മറിച്ചു. പെട്ടെന്നവളുടെ കണ്ണുകൾ അവസാന പേജിലെ ഇത്തിരി ഭാഗത്ത് ചുവന്നമഷിയിൽ കോറിയിട്ട അക്ഷരങ്ങളിൽ പതിഞ്ഞു.
“കണ്ണുകൾ നിറയാൻ കാര്യമെന്തെന്ന് പലവട്ടം ചോദിച്ചിട്ടും പറയാതിരുന്നത് മിണ്ടില്ലെന്ന വാശികൊണ്ടായിരുന്നില്ല…
സൗഹൃദത്തിനുമപ്പുറത്തേക്ക് തോന്നിയ അനിർവചനീയമായ ഏതോ ഒരിഷ്ടം തുറന്നുപറയാൻ കഴിയാത്തതിന്റെ നോവായിരുന്നു നീയെന്റെ മിഴികളിൽ കണ്ടത്..”
അവസാനം കുറിച്ചിട്ട പേരും ഒപ്പും രാഖിയുടേതായിരുന്നു.
വർഷങ്ങൾക്കു മുൻപുള്ള തീവണ്ടി യാത്രയിൽ പരിചയപ്പെട്ട നരേഷ്.. ഒറ്റ നോട്ടത്തിൽ മനസ്സിൽ കോറിയിട്ട മുഖം. നീണ്ട കണ്ണുകളിൽ കുസൃതിയോടെ ഇളകിമറിയുന്ന കൃഷ്ണമണികൾ.
ക്ലീൻ ഷേവ് ചെയ്ത് നാലോ അഞ്ചോ ദിവസം കഴിഞ്ഞുകാണും. പൊടിഞ്ഞുവരുന്ന കുറ്റിമീശയും താടിയും കടും പച്ചനിറമായിരുന്നു. പരസ്പരം കുറച്ചുമാത്രം സംസാരിച്ച് കുറെയേറെ ആഴത്തിൽ ഹൃദയം തൊട്ടൊരു കൂട്ട്.
അന്ന് അയാൾക്കുവേണ്ടി മനപ്പൂർവ്വം മറന്നുവച്ചതായിരുന്നു തന്റെ വരികൾ കുറിച്ചിട്ട് കയ്യൊപ്പ് പതിപ്പിച്ച പ്രിയപ്പെട്ട പുസ്തകം.
ആ ഒറ്റ യാത്രയോടെ അവസാനിച്ച ബന്ധം. പക്ഷേ അത് ഹൃദയാന്തരങ്ങളിൽ ഒരിക്കലും എണ്ണ വറ്റാതെരിയുന്ന മൺചിരാതായി തെളിഞ്ഞു നിന്നിരുന്നു.
മാസ്ക്കിട്ടു മറച്ച മുഖത്തിന്റെ അരികിലൂടെ കവിഞ്ഞിറങ്ങിയ താടി അ വൾക്ക് പരിചയമില്ലായിരുന്നെങ്കിലും ആ കണ്ണുകളിൽ ഏതോ അടുപ്പത്തിന്റെ തീക്ഷ്ണത അ വളറിഞ്ഞിരുന്നു.
അ വൾ തീവണ്ടിയുടെ ക വാടത്തിനടുത്തേക്ക് ഓടി. അഴികളിൽ പിടിച്ചുനിന്ന് പിറകോട്ട് മിഴികളയച്ചു.
ഓടിത്തുടങ്ങിയ തീവണ്ടിയുടെ വേഗതക്കൊപ്പം അയാൾ ഒരു പൊട്ടുപോലെ..പിന്നെ ഒരു കാഴ്ചയുമെത്താതെ അകലങ്ങളിലേക്ക് മാഞ്ഞു.
രാഖി തിരികെ വന്ന് സഹയാത്രികന്റെ ഒഴിഞ്ഞ സീറ്റിലിരുന്നു. ഒരുപറ്റമാളുകളെ വഹിച്ച് ചൂളം വിളിച്ചു കുതിച്ചുപായുന്ന തീവണ്ടിക്കുള്ളിൽ ഒറ്റയ്ക്കായ പോലെ രാഖിക്ക് തോന്നി.
“വരും വരാതിരിക്കില്ല…” മഞ്ഞിന്റെ പുറം ചട്ടയിൽ വിരലോടിച്ച നേരം രാഖി സുധീപ് മിശ്രയെ കാത്തിരിക്കുന്ന വിമലയായി.