എഴുത്ത്: Deva Shiju
മകനു പെണ്ണു കാണാൻ പോയാൽ അപ്പന്റെ കിളി പോകുമോ?പോകുമായിരിക്കും അല്ലേ?
ദേ ഇപ്പൊ നിങ്ങൾക്കും ചെറിയൊരു സംശയം ആയില്ലേ….. അങ്ങനെയും സംഭവിക്കുമോ എന്ന്?
എന്നാപ്പിന്നെ എന്റെ അനുഭവം ഒന്ന് വായിച്ചു നോക്ക്.എന്റെ മകന്റെ പെണ്ണുകാണൽച്ചടങ്ങാണ് സംഭവസ്ഥലം. മകന്റൊപ്പം ഞാനും അവന്റെ അമ്മ അഥവാ എന്റെ ഭാര്യ ശൈലജയും എന്റെ ഒരേ ഒരളിയൻ ജോജുമച്ചാനും പെണ്ണിന്റെ വീട്ടിൽ ഹാജർ.
ചെക്കന് പെൺകുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞപ്പോൾ, എന്നാ പിള്ളേർക്ക് തനിച്ചു വല്ലതും സംസാരിക്കണമെങ്കിൽ സംസാരിക്കട്ടെ എന്നു പറഞ്ഞു രണ്ടു പേരെയും സ്വതന്ത്രരാക്കി വിട്ടത് ഞാനാണ്.
അവർ മുറ്റത്തരുകിലെ ചെറിയ ഗാർഡനിലേക്ക് ഇറങ്ങി മാറിയപ്പോൾ ഞങ്ങൾ കാർന്നോന്മാരുടെ നർമ്മസല്ലാപം തുടങ്ങി. പെൺകുട്ടിയുടെ അച്ഛനും അമ്മയും മാത്രമേ സ്ഥലത്തുള്ളൂ. മൂന്നു മക്കളിൽ മൂത്ത രണ്ടു പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞിരിക്കുന്നു.
സംസാരിച്ചു വന്നപ്പോൾ പെൺകുട്ടിയുടെ അമ്മയും ഞാനും ഒരേ നാട്ടുകാർ. പിന്നെയും പറഞ്ഞു വന്നപ്പോൾ പഠിച്ചത് ഒരേ സ്കൂളിൽ. പിന്നെ വിജയകൃഷ്ണൻ എന്ന പേരിന്റെ ആമുഖം മാത്രമേ വേണ്ടിവന്നുള്ളൂ ‘വിച്ചൂ’ എന്ന എന്റെ സ്കൂളിലെ വിളിപ്പേരോടു കൂടി അവർ ആക്രമണം തുടങ്ങാൻ.
അവരുടെ ആദ്യത്തേ വിളിയും ആക്രാന്തവും കണ്ടപ്പഴേ അവരുടെ ഭർത്താവ് രഘു എന്നു വിളിക്കുന്ന രഘുനന്ദൻ എന്റെ അളിയനെയും കൂട്ടി സിഗരറ്റ് വലിച്ചിട്ടു വരാം എന്നൊരു കാച്ചും കാച്ചി മെല്ലെ സ്‌കൂട്ടായി.
വരാൻ പോകുന്ന സുനാമിയെക്കുറിച്ച് യാതൊരു മുന്നറിവുമില്ലാതെ ഞാനും എന്റെ ഭാര്യയും 70എം എം ക്ലോസ് അപ്പ് ചിരി ചുണ്ടത്തു വെച്ചു കെട്ടിയ പ്ലാസ്റ്റിക് ഫെയിസുമായി അവർക്കെതിരെ സോഫയിൽ ഇരുന്നു.
“അയ്യോ വിച്ചൂ…. നിങ്ങക്കെന്നെ ഒട്ടും ഓർമ്മയില്ലേ…?””അതിപ്പോ ഇത്രേം വർഷങ്ങൾ ആയില്ലേ.. ശരിക്കങ്ങോട് മനസ്സിലായില്ല.” ഞാൻ എന്റെ നിസ്സഹായാവസ്‌ഥ വെളിവാക്കി.
“ഒരു കണക്കിന് ശരിയാ.. നീ എന്നെയൊക്കെ എങ്ങനെ ഓർക്കാനാ നിനക്കു ചുറ്റും ആരാധികമാരുടെ തിക്കും തിരക്കും അല്ലാരുന്നോ എന്നും…. എങ്ങനാ ശൈലൂ… ഇപ്പോഴുമുണ്ടോ ഈ കള്ളകൃഷ്ണന് ചുറ്റും കാമുകിമാരുടെ തിക്കും തിരക്കും…?”
ഒന്നും മനസ്സിലാകാതെ, ജീവിതത്തിൽ ആദ്യമായി കഥകളി കാണുന്ന മദാമ്മയെപ്പോലെ കണ്ണും മിഴിച്ചു നോക്കിയിരിക്കുകയായിരുന്ന എന്റെ ഭാര്യ ശൈലജ പെട്ടെന്നുള്ള ഈ ചോദ്യം തീരെ പ്രതീക്ഷിച്ചില്ല.
പല്ലു പറിക്കാനിരിക്കുന്നവൻ ദന്തഡോക്ടറെ നോക്കുമ്പോലെ ദയനീയമായ ഒരു നോട്ടം എന്റെ നേരെ നോക്കിയിട്ട് അവൾ എന്തൊക്കെയോ മറുപടി പറയാൻ ശ്രമിച്ചു.
“അതിപ്പോ…. പിന്നെ…” പക്ഷേ അവളെ പൂർത്തിയാക്കാൻ അവർ സമ്മതിച്ചില്ല.”വിച്ചൂ…. നിനക്ക് മനസ്സിലാക്കാൻ ഒരു ക്ലൂ തരട്ടെ..?”
കല്യാണം കഴിച്ച അന്നു മുതൽ ഭാര്യയെയും, തിരിച്ചറിവു വന്ന അന്നുമുതൽ ഒരേയൊരു മകനായ അജിത്തിനെയും സാമാന്യം നല്ല രീതിയിൽ കണ്ണുരുട്ടിയും മീശപിരിച്ചും ഫുൾ
കൺട്രോളിൽ വച്ചു പോന്നിരുന്ന വില്ലേജ് ഓഫീസർ ആയ വിജയകൃഷ്ണൻ എന്ന ഞാൻ, ലൈവ് ആയി നടക്കുന്ന റിയാലിറ്റി ഷോയിൽ കലിപ്പൻ പിള്ളേരുടെ മുന്നിൽപ്പെട്ടുപോയ അവതാരികയെപ്പോലെ ഉമിനീരുപോലും ഇറക്കാൻ മറന്ന് ഇരുന്നു പോയി.
“എന്നാലും വിച്ചൂ നീ ആരെയൊക്കെ മറന്നാലും എന്നെ മറക്കരുതായിരുന്നു….”അതു….. സ്കൂളിൽ പഠിച്ചപ്പോൾ ഉള്ള ഷെയിപ്പൊന്നും അല്ലല്ലോ അല്ലേ..ഇപ്പൊ നമുക്ക്…. ആളാകെ മാറിപ്പോയില്ലേ…” ഞാൻ ലാലേട്ടൻ സ്റ്റൈലിൽ സ്വല്പം ചമ്മിയ ഒരു ചളി കോമഡി അടിച്ചു സൂത്രത്തിൽ ഊരിപ്പോരാൻ ഒരു ശ്രമം നടത്തി.
“നീയാളു കൊള്ളാമല്ലോ… ഒന്നു പെറ്റിട്ടു സുന്ദരിക്കോതയായി നടക്കുന്ന നിന്റെ പെമ്പറന്നോത്തിയെപ്പോലെയാണോ ഞാൻ…. മൂന്നു പെറ്റ വയറാ ഇത്…” അവർ സാരിയുടെ മുന്താണി കഷ്ടപ്പെട്ടു വലിച്ചു പൊന്തിച്ച് ഗ്രഹിണി പിടിച്ച പിള്ളേര് ചക്കപ്പഴം തിന്നുമ്പോൾ വീർത്തു വരുന്നപോലെ വീർത്തു നിൽക്കുന്ന വയറിന്റെ ഒരു പൊതു പ്രദർശനം നടത്തി.
വയസ്സു 45 കഴിഞ്ഞ എന്റെ പ്രിയതമയെ മൂന്നു പ്ലീറ്റിട്ട് സാരിയുമുടുത്തു പുറത്തേക്കു പോകാൻ തയ്യാറായി വന്നപ്പോൾ ‘ഈ വയറും കാണിച്ചോണ്ട് എങ്ങോട്ടാടീ? ‘ എന്നുംചോദിച്ചു കണ്ണുരുട്ടി കാണിക്കുന്ന എന്നെ ‘ഇപ്പൊ സന്തോഷമായോ വിജയേട്ടാ…?’ എന്നു ചോദിക്കുംപോലെ ശൈലു ഒന്നിരുത്തി നോക്കി.
“മൂന്നു പെറ്റപ്പോ കുറച്ചു ഉടഞ്ഞു പോയി…. അത്രേയുള്ളൂ. അല്ലാതെ നീ പറയുന്നപോലെ ഞാൻ അത്രക്കങ്ങു മാറീട്ടൊന്നും ഇല്ല വിച്ചൂ….”
ഞാൻ ഒളികണ്ണിട്ട് ഭാര്യയെ നോക്കി. വിസിലടിക്കാൻ റെഡിയായി നിൽക്കുന്ന പ്രെഷർകുക്കറിനെപ്പോലെയുള്ള ആ ഇരിപ്പ് കണ്ടപ്പോൾ തല കുടത്തിനകത്തു പെട്ടു പോയ പട്ടിയെപ്പോലെ ഊരിക്കിട്ടിയാൽ മതി വീട്ടിൽ പോയി നല്ല കുട്ടിയായി ജീവിച്ചോളാം എന്ന് മനസ്സിൽ പറഞ്ഞു പോയി.
“വിച്ചൂ എന്റെ ശരീരത്തിൽ നിനക്ക് ഏറ്റവും ഇഷ്ടമുള്ള ഒരൂട്ടം ഉണ്ടായിരുന്നു…ഓർക്കുന്നോ…? ഒരു ദിവസം ഞാൻ കൂട്ടുകാരുടെ കൂടെ സ്റ്റെയർകേസ് കേറി വരുമ്പോൾ വഴി തടഞ്ഞു നിന്ന് നിനക്കിഷ്ടമുള്ള ആ ഭാഗത്ത് ‘ ഒന്നു തൊട്ടോട്ടെ’ എന്ന് നീ ചോദിച്ചു……ഞാൻ നാണിച്ചു കൊണ്ട് ‘പോ ചെക്കാ ‘ എന്നു പറഞ്ഞിട്ട് ഓടി …….ഇപ്പോഴൊർക്കുന്നോ എന്റെ പേര്…?”
“അയ്യോ…”ഞാൻ ഇരിക്കുന്നിടത്തു നിന്ന് ഒരടി പൊങ്ങി വീണ്ടും താഴേക്കു വന്നു. ഒരു ചടങ്ങിനൊക്കെ പോകുവല്ലേ, കേരളീയത്തനിമയിൽ പോയേക്കാം എന്ന ഉദ്ദേശത്തിൽ ഞാൻ ഉടുത്ത കറുത്തകരയൻ വെള്ള മുണ്ടും തുളച്ച് ശൈലുവിന്റെ കയ്യിലെ നഖം എന്റെ തുടയിൽ സാമാന്യം നല്ലൊരു പാട് വീഴ്ത്തിയതാണ് കാരണം.
“പുറത്തേക്കു വാട്ടോ നിങ്ങള് …. അവളുടെ ദേഹത്ത് എന്നാ ഒക്കെ ഒണ്ടായിരുന്നു എന്ന് എനിക്കും കൂടി ഒന്നറിയണം…” നുള്ളിനു പുറമേ ചെവിയിലേക്ക് ചുണ്ടുകൾ ചേർത്ത് ഒരു തള്ളും.
‘ദേവിയെയ്…. യെവളുടെ ദേഹത്ത് എന്നാ ഒക്കെ ഒണ്ടായിരുന്നെന്ന് അമ്മച്ചിയാണേ എനിക്കോർമ്മയില്ല’ എന്ന് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു.
പക്ഷേ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഒറ്റയ്ക്ക് കോലൈസു മേടിച്ചു ഊമ്പുമ്പോൾ അയല്പക്കത്തെ ശൂലപിടിച്ച രമേശൻ വായിലേക്ക് നോക്കി നിൽക്കുമ്പോലെ നേരെ എതിർവശത്ത് എന്റെ മുഖത്തേക്കു തന്നെ നോക്കി അവർ ഇരിക്കുന്നു.
“എന്നതാ ശൈലൂ ഒരു രഹസ്യം..? ഉറക്കെപ്പറ ഞാനൂടെ കേൾക്കട്ടെ..” അവർ ആകാംഷയോടെ തല മാത്രം മുന്നോട്ടു തള്ളി വച്ച്, എന്റെ മകന്റെ കാറിന്റെ മുൻവശത്ത് ഉറപ്പിച്ചു വച്ചിരിക്കുന്ന ചൈനീസ് ബുദ്ധനെപ്പോലെ തലയാട്ടി കുലുങ്ങിച്ചിരിച്ചു.
“ഹേയ്…. രഹസ്യം ഒന്നുമില്ലാന്നേ….. ഇത്രയൊക്കെ ക്ലൂ തന്നിട്ടും ഓർമ്മ കിട്ടുന്നില്ലേ എന്നു ചോദിച്ചതാ..”
“അതാണ് ശൈലൂ ഞാനും ഓർക്കുന്നേ….. അല്ലേലും ഈ ആണുങ്ങൾ എല്ലാം കണക്കാന്നേ…ഒട്ടിക്കൂടി കാര്യം കാണുന്ന വരെ നമ്മളല്ലാതെ മറ്റൊന്നും ഓർമ്മയിൽ ഉണ്ടാവില്ല. ആശിച്ച കാര്യം സാധിച്ചു കഴിഞ്ഞാലോ…. ങ്ങേ.. ഹേ…. ദേ ഇപ്പൊത്തന്നെ കണ്ടില്ലേ ഇവന്റെ തനി നിറം…” അവർ പിന്നെയും ചിരിച്ചു.
‘വിജയേട്ടാ.. ഞാനീ സാദാ ചെരുപ്പിട്ടാൽ പോരേ ‘ എന്ന് രാവിലെ ഭാര്യ ചോദിച്ചപ്പോൾ ‘ ഹേയ് ചെക്കന്റെ അമ്മയ്ക്ക് ഇത്തിരി ഹൈറ്റും വെയ്റ്റും ഒക്കെ ആവാം ‘ എന്ന് കിടിലൻ ഡയലോഗും കാച്ചി,
ശൈലുവിനെ ഹൈ ഹീൽഡ് ചെരുപ്പിടീക്കാൻ തോന്നിയ സമയത്ത് എന്റെ തലയ്ക്കു മുകളിൽ ശനി ഭഗവാൻ നൃത്തം ചെയ്യുകയായിരുന്നു എന്നു തോന്നി. ആ ഹൈ ഹീൽഡിനടിയിൽപ്പെട്ട് എന്റെ പാവം വുഡ്ലാൻഡ് ചപ്പലും കാലിന്റെ മർമ്മപ്രധാനമായ രണ്ടു വിരലും നാഷണൽ പെർമിറ്റ് ലോറി കേറിയ തവളയുടെ അവസ്ഥയിൽ ഞെരുങ്ങിക്കൊണ്ടിരുന്നു.
“എന്നാ ശരി….. ഞാൻ ഒരു ക്ലൂ കൂടിത്തരാം… ഇത് അവസാനത്തെ ആയിരിക്കുമേ…. ഇതിലും കണ്ടുപിടിച്ചില്ലെങ്കിൽ നീ തോറ്റെന്നു സമ്മതിക്കണം വിച്ചൂ…”
എന്റെ ശിവനേ…. നമ്മള് ഒരു വട്ടം അല്ല പല വട്ടം തോറ്റ് പത്താം ക്ലാസിൽ നിന്ന് നേരെ ബാലവാടിയിൽ എത്തിയിട്ട് നേരം കുറെയായി.
ഇതുവരെ കണ്ടത് സാമ്പിൾ വെടിക്കെട്ട്…. ഇനി വരാൻ പോണത് തൃശൂർപൂരം എന്നു പറയുമ്പോലെ അവർ വീണ്ടും കരിമരുന്നിനു തിരികൊളുത്താൻ റെഡിയായി നിന്നു.
“നീ ആദ്യമായിട്ട് സ്കൂളിൽ പാന്റ് ഇട്ടോണ്ട് വന്ന ദിവസം ഓർമ്മയുണ്ടോ?”ഹോ… ചേറിയോരാശ്വാസം….!!
ഒൻപതാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിയുന്നതുവരെ നിക്കർ മാത്രം ധരിച്ചു സ്കൂളിൽ പോയിക്കൊണ്ടിരുന്ന കാലം. ക്ലാസ്സിൽ ഇനി നിക്കർ ഇടുന്ന ഒരേ ഒരാൾ ഞാൻ മാത്രമാണെന്നും,
ഞാനിപ്പോൾ ചെറിയ കുട്ടിയല്ലെന്നും അച്ഛനെ കഷ്ടപ്പെട്ടു ബോധ്യപ്പെടുത്തി, ആദ്യമായിട്ട് ഒരു പാന്റ് കിട്ടിയതിന്റെ സന്തോഷത്തിൽ സ്കൂളിൽ പോയ ദിവസം ഇന്നും മധുരമുള്ളൊരു ഓർമ്മയാണ്.
എന്റെ ചുണ്ടിൽ ചെറിയൊരു ചിരി വിടർന്നു.”എന്റെ ശൈലൂ….. അന്ന് സ്കൂളിലെ ആനിവേഴ്സറി ആയിരുന്നു.” അവർ പതിയെ മുന്നോട്ടാഞ്ഞു ചുറ്റും ആരെങ്കിലും ഉണ്ടോ എന്നു നോക്കി അല്പം ശബ്ദം താഴ്ത്തി.
” അതേ…. ആയിരുന്നു… “ഞാനും ശരിക്കും ഓർക്കുന്നുണ്ട്.”അന്ന് ഈ കള്ളൻ കാണിച്ച പണി നിനക്കറിയാണോ ശൈലൂ…”
പൂരത്തിനിടയ്ക്ക് കൊലയമിട്ട് തൊട്ടുമുന്നിൽ വീണു പൊട്ടിയപോലെ വീണ്ടും ഞെട്ടൽ!
എന്നെ രക്ഷിക്കാൻ ഇവിടാരുമില്ലേ എന്ന് ഞാൻ ചുറ്റും നോക്കി. സിഗരറ്റ് വലിക്കാൻ പോയ അളിയനെയും ഇവരുടെ ഭർത്താവിനെയും കാണാനേയില്ല. അങ്ങേര് പുറത്തേക്കു നടക്കുന്നതിനിടയിൽ എന്തോ ഒന്ന് പിറു പിറുക്കും പോലെ പറഞ്ഞിരുന്നു. അത് എന്തായിരുന്നു എന്ന് എനിക്കിപ്പോൾ തലയ്ക്കുള്ളിൽ കത്തി.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിലിമയിൽ ബൈജുവണ്ണൻ പറഞ്ഞ അതേ ഡയലോഗ് ആയിരുന്നു അത്…’തീർന്നെടാ… നീ തീർന്ന്!’.
മകനാണെങ്കിൽ ഒരു പെണ്ണിനോട് ഒറ്റക്ക് സൊള്ളാൻ കിട്ടിയ അവസരം തിരുവോണവും വിഷുവും ഒരുമിച്ചു വന്നപോലെ ഇല വിരിച്ചു വിരുന്നുണ്ട് ആഘോഷിക്കുന്നു. ഓടി രക്ഷപെടാം എന്നു വച്ചാൽ ശൈലുവിന്റെ ഹൈ ഹീൽഡിന്റെ കൺട്രോളിൽ ആണ് ഇപ്പോഴും എന്റെ വുഡ്ലാൻഡ്.
“എന്നതാ കാണിച്ചേ….?”മെഗാസീരിയലിന്റെ എഴുത്തുകാരന്റെ പേർസണൽ നമ്പർ തപ്പിപ്പിടിച്ച് അയാൾക്ക് ഫോൺ ചെയ്തു ‘കുങ്കുമപ്പൂവിലെ കുഞ്ഞുലക്ഷ്മി ഈയാഴ്ച്ച പ്രസവിക്കുമോ?’ എന്ന അന്യായ ചോദ്യം ചോദിച്ചിട്ട് ഉത്തരം കാത്തിരിക്കുന്നതു പോലെ ശൈലു ആകാംഷഭരിതയായി.
“ആനിവേഴ്സറി രാത്രിയിൽ അല്ലേ നടക്കുന്നത്….. ഡാൻസിന് മേക്കപ് ഒക്കെ ഇട്ട് പെൺകുട്ടികളുടെ മേക്കപ്പ് റൂമിൽ നിന്ന് സ്റ്റേജിലേക്കുള്ള വഴിക്ക് ഞാൻ തനിച്ചു നടന്നു പോകുവാണേ …. പോകുന്ന വഴിക്ക് ലൈറ്റും വെട്ടവും ഒക്കെ ഉണ്ടെങ്കിലും രാത്രിയിൽ തനിച്ചു
നടക്കാനുള്ള പേടികൊണ്ട് ഓടുകയുമല്ല നടക്കുകയുമല്ല എന്ന പോലെയാണ് എന്റെ പോക്ക്… പെട്ടന്ന് വഴി സൈഡിൽ ഒരു ശബ്ദം….. നോക്കുമ്പോൾ വഴിയരികിൽ ഈ വിച്ചു നിൽക്കുന്നു ..”
പാതിരാത്രിക്കു മാല മോഷ്ടിക്കാൻ കേറിയ കള്ളന്റെ മുഖത്തേക്ക് 5 ബാറ്ററിയുടെ എവരഡി ടോർച്ച് തെളിച്ചു നോക്കും പോലെ ശൈലു എന്നെ നോക്കി.
“ഇവനൊണ്ടല്ലോ വഴിയരുകിൽ പമ്മി നിന്ന് ….. അയ്യോ കുടുങ്ങി… കുടുങ്ങി എന്ന് പാന്റിന്റെ മുൻവശത്തു പൊത്തിപ്പിടിച്ചു കൊണ്ട് കരയുന്നു. ഈ ആമ്പിള്ളേർക്ക് ആദ്യമൊക്കെ പാന്റിടുമ്പോൾ പരിചയക്കുറവുകൊണ്ട് സിബ്ബ് കേറി കുടുങ്ങുന്ന കാര്യം കേട്ടിട്ടുണ്ട് ഞാനും കേട്ടിട്ടുണ്ട് ശൈലൂ …. ഭയങ്കര വേദന ആയിരിക്കുമത്രേ…..”
അങ്ങനൊന്നു കുടുങ്ങിയിട്ടില്ലെങ്കിലും തുടയിൽ കട്ടിങ് പ്ലെയർ പോലെ ഇറുക്കി നിൽക്കുന്ന ശൈലുവിന്റെ നഖങ്ങളും കാലിലെ രണ്ടു വിരലുകൾക്കിടയിൽ താണ്ഡവം ചെയ്യുന്ന ചെരുപ്പിന്റെ ഹീലും
ചേരുമ്പോൾ ആ വേദന ഒക്കെ നിസാരം ആയിരുന്നിരിക്കണം എന്ന് എനിക്ക് തോന്നി. (എന്റെ തോന്നൽ മാത്രമാണ് ശരിക്കും അനുഭവിച്ച മാന്യമിത്രങ്ങൾ, ആ വേദന ഇതിലും കൂടുതൽ ആണെങ്കിൽ ഈയുള്ളവനോട് പൊറുക്കണം )
” എന്റെ കാര്യം നോക്കണേ.., ഞാൻ മറ്റൊന്നും ആലോചിച്ചില്ല….. സഹായിക്കാൻ വേണ്ടി ഓടിച്ചെന്നു…. അപ്പോ ഈ കുസൃതിചെറുക്കൻ കാണിച്ച പണി എന്നാണ് അറിയാമോ ശൈലൂ…..”
അവരുടെ സംഭാഷണത്തിൽ ഒരു നിമിഷം ഗ്യാപ് വീണു. ആ ഒരു നിമിഷം കൊണ്ട് ടോം ആൻഡ് ജെറി കാർട്ടൂണിൽ ജെറിയെ ഇട്ടോടിക്കുന്ന ടോം അബദ്ധവശാൽ സ്‌പൈക്ക് എന്ന പട്ടിയുടെ മുന്നിൽച്ചെന്നു ചാടിയിട്ട് സ്വന്തം കുഴി സ്വയം കുഴിച്ച്
അതിൽ ഇറങ്ങിക്കിടന്നു മണ്ണിട്ടു മൂടുന്നതുപോലെ താഴെയുള്ള മാർബിൾ ഇളക്കി ഒരു കുഴി കുഴിച്ച് അതിലിറങ്ങിക്കിടന്ന് മണ്ണിട്ടു മൂടി മുകളിൽ രണ്ടു ചെമ്പരത്തിപ്പൂവും വെക്കാൻ എനിക്ക് തോന്നി.
ശൈലുവിന്റെ ആകാംഷയുടെ പിരിമുറുക്കം ലോകത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയത് എന്റെ കാലിലെ വിരലുകൾ ആയിരുന്നു.
“എന്നതാ കാണിച്ചത്….?” വീണ്ടും അതേ ചോദ്യം. പണ്ടു പത്താം ക്ലാസ്സിലെ ബയോളജി പുസ്തകത്തിൽ ഭാഗങ്ങൾ അടയാളപ്പെടുത്താൻ തന്നിട്ടുള്ള പടത്തിൽ മാത്രമേ ഞാൻ ഇതിനു മുൻപ് ഇത്രയും പുറത്തേക്കു തള്ളിയ കണ്ണുകൾ കണ്ടിട്ടുള്ളൂ.
“അയ്യേ പറ്റിച്ചേ… എന്നും പറഞ്ഞു എന്റെ കയ്യിൽക്കേറിപ്പിടിച്ചു വലിച്ചു കൊണ്ട് ഒരു വിളക്കു മരത്തിന്റെ ചുവട്ടിൽ കൊണ്ടുചെന്നിട്ട് എന്റെ കവിളത്ത്…….”
‘ വല്ലപ്പോഴെങ്കിലും നിങ്ങൾക്ക് എന്റെ കവിളത്ത് ഒരുമ്മ തന്നാൽ എന്താ വിജയേട്ടാ…. മാനം ഇടിഞ്ഞു വീഴുമോ?’ എന്നു ചോദിക്കുന്ന ശൈലുവിന്റെ തോളത്തു വെറുതെ തട്ടി, ‘ സിനിമ സ്റ്റൈലിൽ ഇടയ്ക്കിടയ്ക്ക് കവിളത്തു ഉമ്മ വച്ചു കളിക്കാൻ ഞാൻ നിന്റെ പൈങ്കിളി കാമുകൻ അല്ല…..
വില്ലേജാഫീസർ വിജയകൃഷ്ണൻ ഹിയർ ‘ എന്നും പറഞ്ഞു ലോകത്തുള്ള സകല ഗൗരവവും ഒരു മിനിറ്റ് കൊണ്ട് മുഖത്തു ഫിറ്റ് ചെയ്തു നിന്നിരുന്ന ഞാൻ ഒരു നിമിഷം കൊണ്ട് ഉച്ചവെയിൽ കൊണ്ട ഐസുകട്ട പോലെ അവളുടെ മുന്നിലിരുന്ന് ഉരുകി.
ഇനിയൊരുവട്ടം കൂടി ‘എന്നിട്ട്..?’ എന്ന ചോദ്യം ചോദിക്കാനുള്ള ക്ഷമ ശൈലുവിന് ഇല്ല എന്നു മനസ്സിലാക്കി അവർ പൂരിപ്പിച്ചു.
“…. എന്നിട്ട് ഇവൻ എന്റെ കവിളത്ത് ദാ ഇവിടെ തൂത്തു നോക്കിയിട്ട് ഒറ്റ ചോദ്യമാ….’അപ്പൊ ഇത് ഒറിജിനൽ ആണല്ലേ…..'”
വളരെ മനോഹമായി നാണം കുണുങ്ങി അതു പൊഴിഞ്ഞു താഴെവീണു ചിതറുന്ന പോലെ ചിരിച്ച് അവൾ കവിളിലെ കാക്കപ്പുള്ളി തൊട്ടു കാണിച്ചു.”രാധിക….കാക്കപ്പുള്ളി രാധിക…!!”
എന്റെ നാവുകൾ അറിയാതെ ചലിച്ചു.”കണ്ടോ കണ്ടോ…. ദേ എന്റെ രണ്ടാമത്തെ ക്ലൂ കൃത്യമായിട്ട് ഏറ്റു… വിച്ചുവിന് ആളെ മനസ്സിലായി…” അവർ കൊച്ചു കുട്ടിയെപ്പോലെ കൈകൊട്ടി ആർത്തു ചിരിച്ചു.
ശൈലുവിന് കാര്യമായിട്ട് ഒന്നും മനസിലായില്ലെങ്കിലും അവളുടെ കൈ നഖങ്ങൾക്കിടയിലും ഹൈ ഹീൽഡിന്റെ പിടുത്തത്തിലും ചെറിയൊരു അയവു വന്നു. കിട്ടിയ ഗ്യാപ്പിൽ ഞാൻ എന്റെ കാലും തുടയും ഊരിയെടുത്തു.
“ശൈലു ഇത് ഞങ്ങടെ മലയാളം മാഷിന്റെ മോള് രാധികയാ….. കാക്കപ്പുള്ളി രാധിക. ഞങ്ങടെ ക്ലാസ്സിൽ അന്നു രണ്ടു രാധികമാർ ഉണ്ടായിരുന്നു. ഇവളുടെ കവിളത്ത് ദാ ആ കാക്കപ്പുള്ളി കണ്ടോ…. അതുകൊണ്ട് ഇവളെ കാക്കപ്പുള്ളി രാധിക എന്നാ വിളിച്ചിരുന്നത്….”
പീഡനക്കേസിലെ പ്രതികളുടെ പേരു മുഴുവൻ വായിച്ചിട്ട് ‘നിന്റെ പേര് ഇതിലില്ലല്ലോ പിന്നെ നീയെന്തിനാടാ ഇവിടെ നിൽക്കുന്നത് വിട്ടു പോടാ ‘ എന്ന് പോലീസുകാരൻ പറയുന്നത് കേൾക്കുമ്പോൾ അതുവരെ ക്യുവിൽ നിന്ന് ടെൻഷൻ അടിച്ചവന്റെ മുഖത്തുണ്ടാകുന്ന അതേ എക്സ്പ്രഷൻ ആയിരുന്നു എന്റെ മുഖത്തും.
“ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാ ശൈലൂ ഇവൻ ഞങ്ങടെ സ്കൂളിൽ ചേരുന്നത്. ആളു ഭയങ്കര സാഹിത്യകാരനും ചിത്രകാരനും ഒക്കെ ആയിരുന്നതുകൊണ്ട് പെൺപിള്ളേരു മൊത്തം ഇവന്റെ പിറകേ…..
പക്ഷേ ഇവന് എന്റെ ഈ കവിളിലെ കാക്കപ്പുള്ളി ഭയങ്കര ഇഷ്ടം ആയിരുന്നു ശൈലൂ….. അത് കണ്മഷി കൊണ്ട് തൊട്ടുവയ്ക്കുന്നതാണോ അതോ ഒറിജിനൽ ആണോ എന്നറിയാൻ എത്ര നാളാ പിന്നാലെ നടന്നതെന്നറിയാമോ?”
ഞാൻ ശൈലുവിന്റെ മുഖത്തേക്ക് പാളി നോക്കി. ‘ന്റെ ഉപ്പൂപ്പാക്ക് ഒരാന ണ്ടാർന്ന് ‘ എന്ന് ബഷീർ മാഷ് പറഞ്ഞിട്ട് ഒടുക്കം ‘ദ് കുയ്യാന ആർന്ന് ‘ എന്നു പറഞ്ഞപ്പോ കേട്ടിരിക്കുന്നവന്റെ മുഖത്ത് കാണുന്ന അതേ ഭാവം.
“അതാ ശൈലൂ ഞാനാദ്യം പറഞ്ഞത്…. എന്റെ കാക്കപ്പുള്ളിയിൽ ഒന്ന് തൊട്ട് നോക്കുന്നതുവരെ സ്കൂളിൽ വന്നാൽ ഇവന് വേറെ ഒന്നും ഓർമ്മയുണ്ടായിരുന്നില്ല. അന്ന് ആനിവേഴ്സറീടെ അന്നു തൊട്ടു… കാര്യം കണ്ടേപ്പിന്നെ എന്റെ നേർക്ക് തിരിഞ്ഞു കൂടി നോക്കിയിട്ടില്ല… ദേ ഇപ്പൊ കണ്ടിട്ട് പോലും അറിഞ്ഞില്ല…. ആൺ ജാതി മൊത്തം ഇങ്ങനെ തന്നാ അല്ലേ…?”
രാധിക തെല്ലു പരിഭവത്തോടെ ചിരിച്ചു കൊണ്ടു പറഞ്ഞു. നല്ല ചൊറിയൻ ചേമ്പിന്റെ വിത്ത് അറിയാതെ വായിൽ ഇട്ടു ചവച്ചിട്ട് വിഴുങ്ങണോ തുപ്പണോ എന്നറിയാതെ സംശയിച്ചിരിക്കുന്ന അത്താഴപ്പട്ടിണിക്കാരന്റെ മുഖഭാവം ശൈലജയ്ക്ക്!!!
ഞാൻ ഈ ഗ്യാപ്പിൽ രക്ഷപെട്ട് ഇറങ്ങി ഓടിയാലോ എന്നാലോചിച്ച് പതിയെ എഴുന്നേൽക്കാൻ തുടങ്ങി. ഊണു വിളമ്പിവച്ച് ഉണ്ണാൻ ആദ്യത്തെ ഉരുള വായിലേക്ക് വയ്ക്കുമ്പോഴേക്കും കയറി വരുന്ന വിരുന്നുകാരനെപ്പോലെ കൃത്യം അതേ സമയത്ത് തന്നെ അളിയന്റെയും രഘുവിന്റെയും എൻട്രി.
“ഒത്തിരി നാളുകൂടി കണ്ടതല്ലേ…. നിങ്ങള് സമാധാനമായിരുന്ന് നാലു വാക്കു സംസാരിച്ചോട്ടെ എന്നോർത്താ ഞങ്ങൾ ഇടയ്ക്കു കയറിവന്നു ശല്യപ്പെടുത്താത്തത്….” അസ്സലൊരു ചിരിയും ചിരിച്ച് രഘു എന്റെ തോളത്തൊന്നു തട്ടിയിട്ട് സോഫയിലേക്ക് ഇരുന്നു.
എനിക്ക് സമാധാനമായി എന്നു മാത്രമല്ല ലോകത്ത് സഹനത്തിനുള്ള നോബൽ സമ്മാനം ഉണ്ടെങ്കിൽ അതിന് നിന്റെ പേര് ശുപാർശ ചെയ്യാൻ ഇന്ത്യൻ പ്രസിഡന്റിന് ഞാൻ അപേക്ഷ സമർപ്പിക്കുന്നതും ആയിരിക്കും രഘു. ഞാൻ മനസ്സുകൊണ്ട് ആ മഹാനുഭാവനെ തൊഴുതു.
എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമായ സ്ഥിതിക്ക് ബാക്കിയുള്ള കാര്യങ്ങൾ കുടുംബത്തിലെ മറ്റുള്ളവരുമായി ആലോചിച്ച ശേഷം തീരുമാനിക്കാം എന്ന നിർണ്ണയത്തിൽ സഭ പിരിഞ്ഞു.
അവിടെ നിന്നിറങ്ങി വെളിയിൽ പാർക്കു ചെയ്തിരിക്കുന്ന കാറിന്റെ അടുത്തേക്ക് എന്റെ ഓട്ടം കണ്ടിട്ട് മകൻ പിന്നിൽ നിന്ന് ചോദിക്കുന്നതു കേട്ടു.”അച്ഛനിതെന്നാ പറ്റി അമ്മേ വയറിനു നല്ല സുഖമില്ലേ?”
‘സുഖമില്ലാത്തത് എന്റെ വയറിനല്ലടാ നിന്റെ അമ്മായിഅമ്മേടെ തലയ്ക്കാ…’ എന്നു വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. പക്ഷേ ‘കണ്ട്രോൾ വിജയാ കണ്ട്രോൾ..!!” എന്ന് കുടുംബസമാധാനദേവത ഉള്ളിലിരുന്നു വിലക്കി.
കാർ ഡ്രൈവ് ചെയ്യുന്നതിനിടയിൽ ജോജു അളിയന്റെ വക കുശലന്വേഷണം വന്നു.”പാർട്ടി മൊത്തത്തിൽ കുഴപ്പമില്ല എന്നു തോന്നുന്നു അല്ലേ അളിയാ…. എന്താ അളിയന്റെ ഒരഭിപ്രായം?”
ഈ കല്യാണം നടന്നു കിട്ടണേ എന്നായിരുന്നു അപ്പോൾ എന്റെ മനസ്സിൽ. കാരണം ജീവിതത്തിൽ ചിലപ്പോഴെങ്കിലുമൊക്കെ ലോകത്തിലെ ഏറ്റവും ഗതികെട്ടവൻ ഞാൻ ആണോ എന്നൊരു ആലോചന കടന്നു വന്നിട്ടുണ്ട്.
രഘുവിന്റെ മുഖം വല്ലപ്പോഴുമൊക്കെ കാണാൻ സാധിച്ചാൽ പിന്നീടൊരിക്കലും അങ്ങനൊരു ആലോചന എനിക്കുണ്ടാവില്ല എന്നുറപ്പ്. ജീവിതത്തിൽ അതിലും വലിയൊരു പോസിറ്റീവ് എനർജി എവിടെക്കിട്ടാൻ.
പക്ഷേ മനസ്സിലുള്ളത് പുറത്തു പറയാതിരിക്കുന്നത് ശരീരസുഖം ഉണ്ടാകും എന്ന വാരഫലം ഓർമ്മ വന്നതുകൊണ്ട് സോപ്പുവെള്ളത്തിൽ കിടക്കുന്ന വരാലിനെപ്പോലെ ഞാൻ വഴുതി.
“അതിപ്പോ അജിത്തല്ലേ ജോജു തീരുമാനിക്കേണ്ടത്…. അവനല്ലേ പെണ്ണു കെട്ടാനുള്ളത്…?”
“ഉവ്വ് കാക്കേടെ വയറും നിറയും പശുവിന്റെ കടിയും തീരും…” ശൈലു കിട്ടിയ ചാൻസിന് പറഞ്ഞ പഴഞ്ചൊല്ല് എനിക്ക് മാത്രം മനസ്സിലായി. ഞാൻ എന്റെ തുടയും കാലും ഒരു സുരക്ഷിത അകലത്തിലേക്ക് മാറ്റിവച്ചു.
“ങ്… ഹാ…. ഇപ്പറഞ്ഞപോലെ നിന്നോട് കാര്യമായിട്ട് ചോദിച്ചില്ലല്ലോടാ അജിത്തേ… നിനക്കെങ്ങനെ? ഇഷ്ടപ്പെട്ടോ പെണ്ണിനെ?” ജോജു ചോദിച്ചു.
അജിത് നാണം കുണുങ്ങിക്കൊണ്ട് അവന്റെ അമ്മയെ നോക്കി.”അമ്മേ…?”എന്താൺടാ എന്ന അർത്ഥത്തിൽ ശൈലു അവനെ സൂക്ഷിച്ചു നോക്കി.
“…. അതുപിന്നെ ശ്രീജയുടെ കവിളത്തെ നുണക്കുഴിയും ആ നുണക്കുഴിയിൽത്തന്നെയുള്ള കാക്കപ്പുള്ളിയും കാണാൻ നല്ല ഭംഗിയുണ്ട് അല്ലേ….?”
“എന്റയ്യോ…” എന്റെ നിലവിളി തൊണ്ടയിൽ കുരുങ്ങി കണ്ണുകൾ അഞ്ഞൂറുവാട്ടിന്റെ ബൾബുകൾ പോലെ തെളിഞ്ഞു വന്നു. വുഡ്ലാൻഡിന്റെ വെളിയിൽ ഇറങ്ങി അല്പം ആശ്വാസത്തിന് കാറ്റും കൊണ്ടിരുന്ന എന്റെ കാലിനെ ശൈലുവിന്റെ ഹൈ ഹീൽഡ് ഒരു അപ്രതീക്ഷിതമായ ആക്രമണത്തിലൂടെ വീണ്ടും കീഴടക്കി.
കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്ന് പിന്നോട്ട് തിരിഞ്ഞിരുന്ന് അജിത് വീണ്ടും കൊഞ്ചി.”പറയമ്മേ… ആ കാക്കപ്പുള്ളിക്കു നല്ല ഭംഗിയില്ലേ…?”
ശൈലു മറുപടി പറഞ്ഞില്ല, ഞാൻ മാത്രം വെറുതെ പിറുപിറുത്തു കൊണ്ടിരുന്നു. ബൈജുവണ്ണന്റെ ആ പഴയ ഡയലോഗ് തന്നെ…..”തീർന്നെടാ… നീ തീർന്ന്….!!!!