രചന: J. K)
“””നീയിപ്പോ പോയാൽ എങ്ങനാ… സുസ്മിതയും പോണം എന്നല്ലേ പറഞ്ഞത്… അവൾ പോയേച്ചും വരട്ടേ “”””അത് കേട്ടതും പ്രീതിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു രണ്ടുമാസം കുട്ടികൾക്ക് സ്കൂൾ പൂട്ടിയപ്പോൾ
വീട്ടിലേക്ക് പോയി നിൽക്കട്ടെ എന്ന് ചോദിച്ചതിനുള്ള അമ്മായിഅമ്മയുടെ മറുപടിയാണ് ഇത് അനിയന്റെ ഭാര്യ പോകുന്നുണ്ട് അതുകൊണ്ട് പോകണ്ട എന്ന്…
“”” അത് പറ്റില്ല അമ്മേ അവൾ പോയി നിന്നിട്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളല്ലേ ആയുള്ളൂ ഇനി ഞാൻ കുറച്ച് ദിവസം പോവട്ടെ എന്നിട്ട് അവൾക്ക് പോകാം “””
എന്ന് മുഖത്ത് നോക്കി പറയുമ്പോൾ ഇത്തവണ ഒട്ടും ഭയം തോന്നിയില്ല..അല്ലെങ്കിലും താൻ എത്ര തവണ കൊടുക്കുന്നു അത്രത്തോളം ഇവർ തന്നെ തലയിൽ കയറിനിരങ്ങുകയാണ്…
ഇനിയും വിട്ടുകൊടുത്താൽ അത് വലിയ മണ്ടത്തരം ആവും എന്ന് ഉറപ്പുണ്ടായിരുന്നു പ്രീതിക്ക്…
അത് കേട്ടതും അമ്മ തുടങ്ങിയിരുന്നു ദേഷ്യത്തിൽ ശകാരിക്കൽ..അത് കേട്ടില്ല എന്ന് നടിച്ച് പ്രീതി ബാക്കിയുള്ള പണികൾ തീർത്തു….
പത്താം ക്ലാസ് വരെ മാത്രമേ തനിക്ക് വിദ്യാഭ്യാസം ഉള്ളൂ അത് കഴിഞ്ഞ് തയ്യലിനു പോവുകയായിരുന്നു. അപ്പോഴാണ് ഇവിടത്തെ അനിയേട്ടന്റെ വിവാഹാലോചന വന്നത്…
ഇവിടെ മൂന്ന് ആൺകുട്ടികളാണ് മൂത്തയാളുടെ കല്യാണം കഴിഞ്ഞു അവർ വീട് വെച്ച് മാറി താമസിച്ചു…
പിന്നെയുള്ളത് അനിയേട്ടനും ഇളയ ആളും ആണ് അയാളുടെ കല്യാണം ശരിയായിട്ടുണ്ട് രണ്ടുംകൂടി ഒപ്പം നടത്താനായിരുന്നു അവരുടെ പദ്ധതി…
അങ്ങനെ ഒരുമിച്ച് ഈ വീട്ടിലേക്ക് കയറി വന്നതാണ് പ്രീതിയും സുസ്മിതയും…അവൾക്ക് തന്നെക്കാൾ അല്പം സ്വർണം കൂടുതൽ ഉണ്ട് എന്ന് കരുതി അവളോട് അന്നേ കാണിക്കുന്നതാണ് അമ്മ ഒരു ചായ്‌വ്…
അതുമാത്രമല്ല ദുബായ് പോയി കഷ്ടപ്പെട്ട് അനിയേട്ടൻ അയക്കുന്നത് മുഴുവൻ അമ്മയ്ക്കാണ് ഈ കുടുംബത്തിന്റെ കാര്യം നോക്കാൻ അനിയൻ വല്ലപ്പോഴും വല്ല സാധനങ്ങളും വാങ്ങിച്ചാൽ ആയി എങ്കിലും വലുതാക്കി പറയുക അത് മാത്രമാണ്……
പലപ്പോഴും അത് കേട്ട് സങ്കടം തോന്നിയിട്ടുണ്ട് ആ മനുഷ്യൻ അവിടെ ചോര നീരാക്കി അയക്കുന്ന പൈസ മുഴുവൻ ഇവിടെ അമ്മ ഇഷ്ടത്തിന് ചെലവാക്കി ഒരു വിലപോലും ആ മനുഷ്യനു കൊടുക്കാത്തതു കാണുമ്പോൾ…..
പലപ്പോഴും അനിയേട്ടനാണ് എന്നെക്കൂടി പറഞ്ഞ് സമാധാനിപ്പിക്കാറുള്ളത് ഒന്നും നീ കാര്യമാക്കേണ്ട എല്ലാം ശരിയാവും എന്നൊക്കെ പറഞ്ഞു ആ ഒരു ഉറപ്പിന്മേൽ ആയിരുന്നു ഇവിടെ പിടിച്ചുനിൽക്കുന്നതും…..
എന്റെ വീട്ടിൽ ഞങ്ങൾ രണ്ടു പെൺകുട്ടികളാണ് ഞാനും അനിയത്തിയും അമ്മ വീണ് കാലിന്റെ എല്ലു പൊട്ടി എന്ന് പറഞ്ഞു എന്നെ അവിടേക്ക് പോകാൻ പോലും ഇവർ വിട്ടില്ല..
സുസ്മിതയുടെ അമ്മാവന്റെ മകന്റെ കല്യാണമാണ് അവൾക്ക് പോകാതെ പറ്റുമോ രണ്ടാളും കൂടി പോയാൽ ഇവിടുത്തെ കാര്യം ആര് നോക്കും എന്നൊക്കെ പറഞ്ഞ് എന്നെ അവിടെ പിടിച്ചു നിർത്തി…..
അനിയത്തിയാണ് ഇതുവരെയും അമ്മയുടെ കൂടെ നിന്ന് എല്ലാം ചെയ്തു കൊടുത്തത്…
അവളോട് കാര്യം പറഞ്ഞപ്പോൾ അവൾ പറഞ്ഞിരുന്നു സാരമില്ല സ്കൂൾ പൂട്ടുമ്പോൾ നീ ഇങ്ങോട്ട് വന്നാൽ മതി അതുവരേക്കും അവൾ നിന്നോളം എന്ന് ഇപ്പോൾ സ്കൂൾ പൂട്ടിയപ്പോഴും വിടുന്ന മട്ടില്ല….
അന്നേ അനിയേട്ടൻ പറഞ്ഞതായിരുന്നു എനിക്ക് പോകണമെങ്കിൽ അമ്മ പറയുന്നത് കേൾക്കാൻ നിക്കണ്ട പൊയ്ക്കോളൂ എന്ന്
പക്ഷേ ഞാനായിട്ട് ഒരു പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതിയാണ് മിണ്ടാതെ നിന്നത് ഇപ്പോഴും അമ്മ മുതലെടുക്കുന്നത് കണ്ടപ്പോൾ പിന്നെ പ്രതികരിക്കാതിരിക്കാൻ തോന്നിയില്ല…
സുസ്മിതയുടെ അമ്മന്റെ മകനെ വീട്ടിലേക്ക് വിരുന്നു വിളിക്കുന്നതിന് പോകാൻ നിൽക്കുകയായിരുന്നു അവൾ അതിനേക്കാൾ പ്രധാനം എനിക്ക് എന്റെ അമ്മയല്ലേ…
എന്നൊക്കെ ഞാൻ ചോദിച്ചു അതിനൊന്നും അവർ മറുപടി പറഞ്ഞില്ല പകരം എനിക്ക് അഹങ്കാരമാണ് തന്നിഷ്ടപ്രകാരം എന്തും ചെയ്യുകയാണ് എന്നൊക്കെ പറഞ്ഞു…
അനിയേട്ടൻ വിളിച്ചപ്പോൾ എന്തൊക്കെയോ അനിയേട്ടനോടും പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു..
നിന്റെ ഭാര്യ നാളെ നിന്നെയും വില വയ്ക്കില്ല എന്നൊക്കെ പറഞ്ഞു….അനിയേട്ടന്റെ കയ്യിൽ നിന്ന് അമ്മയ്ക്ക് അനുകൂലമായ ഒരു മറുപടി കിട്ടാത്തത് കൊണ്ടാവാം പിന്നെയും എന്റെ നേർക്ക് തന്നെ വന്നത്…
ഇത്തവണ ഞാൻ അങ്ങോട്ട് വീട്ടിലേക്ക് അവരുടെ സമ്മതമില്ലാതെ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് ഈ പടി കയറരുത് എന്നായിരുന്നു അമ്മയുടെ ശാസനം…..
എന്താണ് വേണ്ടത് എന്ന് ഞാൻ അനിയേട്ടനെ വിളിച്ചു ചോദിച്ചു അനിയേട്ടൻ പറഞ്ഞത് നീ വീട്ടിലേക്ക് തന്നെ പോയ്ക്കോളൂ എന്നായിരുന്നു…
പോയാൽ പിന്നെ ഞാൻ ഈ പടി ചവിട്ടില്ല അനിയേട്ടാ എനിക്കുമില്ലേ അഭിമാനം….
എന്ന് പറഞ്ഞപ്പോൾ താൻ വിഷമിക്കേണ്ട ടോ….
അവിടെ ഒരു വാടകവീട് ശരിയാക്കി അങ്ങോട്ട് മാറിക്കോ താനും മക്കളും എന്ന് പറഞ്ഞു….ഏറെ ആശ്വാസകരമായിരുന്നു അനിയേട്ടന്റെ ആ വാക്കുകൾ…
ഇപ്പോൾ വാടകവീട്ടെടുത്ത് മാറിയിട്ട് നാലഞ്ച് മാസം കഴിഞ്ഞു അമ്മ ഇങ്ങോട്ട് വന്നിരുന്നു ഞങ്ങളെ വിളിച്ചുകൊണ്ടുപോകാൻ ഞങ്ങൾ അത്പം ഒന്ന് മാറി നിന്നപ്പോഴേക്ക് അമ്മയ്ക്ക് ഇളയ മകന്റെയും ഭാര്യയുടെയും സ്വഭാവം ശരിക്ക് മനസ്സിലായി….
അനിയേട്ടനോട് വിളിച്ചു ചോദിച്ചപ്പോൾ പോകണ്ട എന്ന് തന്നെയാണ് പറഞ്ഞത് ഇനി ചെന്നാൽ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകും അത് വേണ്ട വിട്ടു നിന്നിട്ടുള്ള സ്നേഹം മാത്രം മതി എന്ന് അനിയേട്ടന്റെ തീരുമാനമായിരുന്നു…
വന്നാലുടൻ എന്റെ വീട്ടിൽ നിന്ന് തന്ന സ്ഥലത്ത് ഒരു ചെറിയ വീടു വക്കാൻ പണി തുടങ്ങാം എന്നും എനിക്ക് ഉറപ്പു തന്നു…..
അത് പ്രകാരമാണ് ഞങ്ങൾ ഇവിടെ തന്നെ തുടരുന്നത് എനിക്കറിയാമായിരുന്നു അങ്ങോട്ട് ചെന്നാൽ പുതിയ പ്രശ്നങ്ങളും ഉണ്ടാകും എന്ന് വിട്ടുനിൽക്കുമ്പോൾ ഉള്ള സ്നേഹം ഒരുപക്ഷേ കൂടെ ചേരുമ്പോൾ കിട്ടില്ല…
അതുകൊണ്ട് അമ്മയെ സ്നേഹപൂർവ്വം തന്നെ ഞങ്ങൾ പറഞ്ഞ മനസ്സിലാക്കി ഇനി അങ്ങോട്ട് വരുന്നില്ല എന്ന് ഇത്തിരി മുഷിഞ്ഞെങ്കിലും അമ്മ ഒന്നും പറയാതെ തിരിച്ചുപോയി….
ഞങ്ങൾ ഇങ്ങോട്ട് പോന്നെന്നു കരുതി അനിയേട്ടൻ അവരുടെ കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടും വരുത്തിയിരുന്നില്ല അമ്മയുള്ള കാലം വരെ അത് തുടരും എന്നും എന്നോട് പറഞ്ഞിരുന്നു
ഞാനും അതിന് ഒരു തടസ്സവും പറഞ്ഞില്ല അത് അനിയേട്ടന്റെ കടമ തന്നെയാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു…
ചില നേരത്തെ തീരുമാനങ്ങൾ നമുക്ക് നൽകുന്നത് വല്ലാത്ത മനസുഖം ആണ്..എനിക്ക് അവരു പറഞ്ഞത് കേട്ട് അവിടെ തന്നെ തുടരാമായിരുന്നു. പക്ഷേ അപ്പോൾ ഞാൻ നഷ്ടപ്പെടുത്തുന്നത് എന്റെ അഭിമാനമായിരിക്കും…
മറ്റുള്ളവർക്ക് പ്രശ്നമുണ്ടാക്കണ്ട എന്ന് കരുതി നമ്മൾ സഹിക്കുന്നത് ഓരോന്നും അവർക്ക് നമ്മളുടെ മേൽ കയറിയിരുന്നു നിരങ്ങാനുള്ള അവസരങ്ങളാണ്….ചിലർക്ക് അത് മനസ്സിലാക്കാൻ ഇതിൽ വൈകും എന്നുമാത്രം എന്റെ പോലെ…
നമ്മളെ വില വെക്കാത്തിടത്ത് കൂടുതൽ നിൽക്കാതിരിക്കുകയാണ് നല്ലത് എന്ന് വലിയൊരു പാഠമാണ് എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ചത്……