നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു പതിവായിരുന്നു.

ലയനം
(രചന: Raju Pk)

വല്ലാത്ത ചിരിയോടെ അനിയൻ പടികടന്ന് വരുന്നത് കണ്ടപ്പോൾ സത്യത്തിൽ ഞാനും ചിരിച്ച് പോയി.

ഇനി ഒരിക്കലും നിന്റെ വീട്ടിൽ കാല് കുത്തില്ലെന്ന് പറഞ്ഞിട്ട് ആഴ്ച്ച ഒന്നായില്ല പെണ്ണ് കെട്ടുന്നതിന് മുന്നെ ഇറങ്ങി പോകലും കയറിവരലും ഒരു പതിവായിരുന്നു.ഇതിപ്പോ കല്യാണം കഴിച്ചിട്ടും ഇവന് വലിയ മാറ്റമൊന്നും ഇല്ല.

“അളിയൻ ഉണ്ടോ ചേച്ചി””ഉണ്ടില്ല നീ അളിയനെ ഊട്ടിക്കാൻ വന്നതാണോ..?”അളിയൻ നിന്നേപ്പോലല്ല നല്ല സ്നേഹമുള്ളവനാ നീ ഒരുമാതിരി ചീറ്റപ്പുലിയേപ്പോലാ പണ്ടു മുതൽ അങ്ങനാ കെട്ടിച്ച് വിട്ടാൽ നന്നാവും എന്ന് കരുതി എവിടെ..?

“പട്ടിയുടെ വാൽ എത്ര കാലം കുമ്പത്തിലിട്ടാലും അത് വളഞ്ഞേ ഇരിക്കൂ അതുപോലാ നീയും.””എടാ നിന്നെ ഞാൻ”

കൈ ഓങ്ങി പിറകെ ഓടിയതും അനിയൻ ഓടി അകത്ത് കയറിഇതെല്ലാം കണ്ട് അന്തംവിട്ട് ആതിര ഞങ്ങളെ വല്ലാതെ നോക്കുന്നുണ്ടായിരുന്നു.

വന്ന ഉടനെ വിശക്കുന്നെന്നും പറഞ്ഞവൻ അടുക്കളയിൽ എത്തി പാത്രങ്ങൾ ഓരോന്നായി ഉയർത്തി നോക്കി.എല്ലാവരും ചേർന്ന് ഭക്ഷണം കഴിക്കുമ്പോൾ അതിരയുടെ കണ്ണുകൾ നിറഞ്ഞ് തൂവി.

“എന്തിനാ പെണ്ണേ കരയുന്നത് “എന്ന ചേച്ചിയുടെ ചോദ്യത്തിൽ അവളുടെ കരച്ചിൽ ഉച്ചത്തിലായി”ഹേയ് എന്താ ഇത് കൊച്ചു കുട്ടികളെപ്പോലെ”

“കഴിഞ്ഞ ദിവസം നിങ്ങൾ തമ്മിൽ വഴക്കിട്ടപ്പോൾ ഞാൻ ഏട്ടനോടൊപ്പം കൂടി ചേച്ചിയെ എന്തൊക്കെയാ പറഞ്ഞത് അവസാനം ഏട്ടൻ എന്റെ നേരെ കൈ ഉയർത്തിയപ്പോഴാണ് ഞാൻ നിശബ്ദയായത് എനിക്കറിയില്ലായിരുന്നു നിങ്ങൾ തമ്മിൽ…”

“ആതിരാ ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും ഇന്നലെ തുടങ്ങിയതല്ല തനിയെ നടക്കാൻ തുടങ്ങിയ അന്ന് മുതൽ ഇവൻ എന്നെ ഇടങ്കാൽ വച്ച് വീഴ്ത്തുന്നതാ…

ഇപ്പോഴും തരം കിട്ടിയാൽ അവൻ എന്നെ വീഴ്ത്താൻ നോക്കും ഞാൻ തിരിച്ചും ഇവനെ എനിക്ക് അറിയാവുന്നതു കൊണ്ട് ഞാൻ വീഴാറില്ലെന്ന് മാത്രം ഞങ്ങളുടെ വഴക്കുകൾക്ക് നീർക്കുമിളയുടെ ആയുസ്സേ ഉണ്ടാവാറുള്ളൂ.”

“ചേച്ചി ഞങ്ങളുടെ വീട്ടിൽ ഇങ്ങനെ വഴക്കൊന്നും ഉണ്ടാവാറില്ല ഉണ്ടായാൽ അന്ന് അച്ഛൻ ഞങ്ങളെ പിടിച്ച് പുറത്താക്കും ആ പേടി കൊണ്ട്..

ഏട്ടന്മാർ എന്നോടും ഞാൻ അവരോടും വഴക്കിനൊന്നും നിൽക്കാറില്ല ഇതെല്ലാം എന്റെ ജീവിതത്തിൽ ആദ്യമാണ് ഇന്നു മുതൽ ഞാനും നിങ്ങളിൽ ഒരാളാണ്.”

“കൂടെ ചേർത്തിരിക്കുന്നു”കൊച്ചു കൊച്ചു തമാശകളും പറഞ്ഞ് ഞങ്ങൾ ഭക്ഷണം കഴിച്ചെണീറ്റു. തിരികെ ഇറങ്ങുന്നതിന് മുൻപ് ചേച്ചി ആതിരയോട് പറയുന്നുണ്ട്.

“കെട്ടിച്ച് വിടുന്ന പെൺകുട്ടികൾക്ക് അത് വരെ ജീവിച്ച ഒരു സാഹചര്യമാവില്ല ചെന്ന് കയറുന്ന വീട്ടിൽ അവരുടെ ഇഷ്ടങ്ങൾ കൂടി കണ്ടറിഞ്ഞ് നമ്മൾ ജീവിക്കുബോൾ നമ്മുടെ ഇഷ്ടങ്ങളും അവർ കുറച്ചെങ്കിലും അറിയാതിരിക്കില്ല.”

“എങ്കിലും നിങ്ങൾ തമ്മിൽ ഇങ്ങനെ ഒക്കെയാണെന്ന് ഏട്ടൻ പോലും എന്നോട് ഒന്ന് പറഞ്ഞില്ല”

“ആതിരാ അവനെ അതിൽ തെറ്റ് പറയാൻ കഴിയില്ല എന്നെ പറ്റി അവൻ പറഞ്ഞാലും അവൻ മനസ്സിലാക്കിയ ചേച്ചിയെയാണ് നിനക്ക് മനസ്സിലാക്കാൻ കഴിയൂ.ഒരിക്കലും മറ്റൊരാളിലൂടെ ആവരുത് നമ്മൾ ഒരാളെ മനസ്സിലാക്കേണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *