(രചന: രുദ്ര)
ഫോൺ ഇടതടവില്ലാതെ റിംങ്ങ് ചെയ്യുന്തോറും അമ്മയുടെ ശബ്ദവും ഉയർന്നു വന്നു. ബെല്ലടിച്ചു കൊണ്ടിരുന്ന ഫോൺ എന്റെ നേർക്ക് വീശി കൊണ്ട് അമ്മ അലറി.
ദാ കണ്ടോ… ഒരു മിനിറ്റ് സ്വൈര്യം തരാതെ നാട്ടുകാരും വീട്ടുകാരും വിളിച്ചോണ്ടിരിക്കണത്. എല്ലാം നീ ഒറ്റ ഒരുത്തി കാരണമാ…
നിന്നോട് പലവട്ടം ഞാൻ പറഞ്ഞതല്ലേടീ… കുടുംബത്തിന്റെ മാനം കളഞ്ഞപ്പോൾ സമാധാനമായില്ലേ നിനക്ക്? എടുത്ത സമാധാനം പറയെടി നോക്കി കൊണ്ടിരിക്കാതെ…
കലിപൂണ്ട് നിന്ന് അമ്മയുടെ കയ്യിൽ നിന്ന് ഞാൻ ഫോൺ വാങ്ങി സൈലന്റ് മോഡിലാക്കി ടേബിളിലേക്ക് വച്ചു.
എന്തിനാണമ്മേ ഇങ്ങനെ ദേഷ്യപ്പെടുന്നത്? അതിനുമാത്രം ഞാനെന്താണ് ചെയ്തത്?? തെറ്റൊന്നും ചെയ്യാത്തിടത്തോളം കാലം എനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല അമ്മേ…
മിണ്ടരുത് നീ ഓരോന്ന് ചെയ്തുകൂട്ടിയതും പോരാഞ്ഞിട്ട് ഇരുന്ന് ന്യായം പറഞ്ഞാൽ ഉണ്ടല്ലോ..
എന്റെ നേരെ കയ്യോങ്ങി വന്ന അമ്മയെ തടയും മട്ടിൽ പുറത്തുനിന്ന് ഒരു അശരീരി കേട്ടതും ഞാൻ അങ്ങോട്ട് നോക്കി.സുധി മാമൻ!
എന്താ സിന്ധു നീ കൊച്ചിന് നേർക്ക് കൈ ഓങ്ങുന്നേ??മാമൻ അകത്തേക്ക് വന്നതും ഒന്നും മിണ്ടാതെ ഞാൻ ചേർന്ന് നിന്നു. എന്നെ ചേർത്ത് പിടിച്ചു നെറുകയിൽ തന്ന ആ ചുംബനത്തിന് അച്ഛന്റെ മണമായിരുന്നു.
ഇത്രയൊക്കെയായിട്ടും ഞാനിനി മിണ്ടാതിരിക്കണോ സുധി???? അവളുടെ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടുനിന്നതാ എന്റെ തെറ്റ്. അവളോട് ഞാൻ ഒരു നൂറു വട്ടം പറഞ്ഞിട്ടുണ്ട് ഫേസ്ബുക്കും വാട്ട്സ് ആപ്പും ഒന്നും വേണ്ട എന്ന്.
അത് ഉപയോഗിക്കുന്നതും പോരാഞ്ഞിട്ട് സ്വന്തം ഫോട്ടോയും അതിലിട്ടില്ലേ അവൾ??
എന്നിട്ടിപ്പോ ഏതോ ഒരുത്തൻ ആ ഫോട്ടോ കാണിച്ചു വെച്ചേക്കുന്നേ കണ്ടിട്ട് ഞാൻ ചിരിച്ചുകൊണ്ട് നോക്കി നിൽക്കണം എന്നാണോ നീ പറയുന്നേ?
അച്ഛനില്ലാതെ വളർന്ന പെണ്ണാണ് എന്റെ വളർത്തുദോഷം ന്നല്ലേ നാട്ടുകാർ പറയൂ… ഇനി ഞാൻ തല ഉയർത്തിപ്പിടിച്ച് എങ്ങനെ നടക്കും ന്റെ ദൈവമേ…
അമ്മയുടെ പരിഭവം പറച്ചിൽ കരച്ചിലിലേക്ക് മാറിയപ്പോൾ ഞാൻ മെല്ലെ തല ഉയർത്തി നോക്കി. ഒന്നുമില്ലെന്ന് സുധി മാമൻ കണ്ണടച്ചു കാണിച്ചു.
നീ എന്തിനാ സിന്ധു ഇങ്ങനെ കരയുന്നത്? നമ്മുടെ കൊച്ച് അതിന് എന്തേലും തെറ്റ് ചെയ്തോ? ഏതോ ഒരുത്തൻ ചെയ്ത പണിക്ക് മോളെ കുറ്റപ്പെടുത്തുകയാണോ വേണ്ടത്???
പിന്നെന്താ സുധി ഞാൻ ചെയ്യേണ്ടത് അവനെ തപ്പി പിടിച്ച് ഞാൻ ഇറങ്ങണോ?? പെൺകുട്ടികളായാൽ അടങ്ങി ഒതുങ്ങി ജീവിക്കണം.
ഇവളെ നിലയ്ക്കുനിർത്താൻ പറ്റാഞ്ഞത് എന്റെ തെറ്റായിപ്പോയി. ഇനി നല്ലൊരു വീട്ടിൽ തന്നെ ഇവൾക്ക് ആലോചന വരോ?? എല്ലാവരും കണ്ടു കാണില്ലേ?
എന്നെ തൊട്ടടുത്തുണ്ടായിരുന്ന കസേരയിലിരുത്തി മാമൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു.സിന്ധു….
നിനക്ക് പോലും അറിയാത്ത ഒരു കാര്യം ഞാൻ പറയാം. പത്ത് വർഷം മുൻപ് മരണക്കിടക്കയിൽ വച്ച് അളിയൻ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. എന്റെ മോളെ നോക്കിക്കോണേ സുധീ…
അവളുടെ കണ്ണ് നനയിക്കരുതേ എന്ന്. അന്നുമുതൽ ഞാൻ അവൾക്ക് മാമൻ ആയിരുന്നില്ല അച്ഛനായിരുന്നു.അത്ര നേരം പിടിച്ചു നിന്ന എന്റെ കണ്ണുകൾ ആ നിമിഷം നിറഞ്ഞൊഴുകി.
എത്ര നാളാണ് സിന്ധു പെൺമക്കളെ ഇങ്ങനെ കൂട്ടിലിട്ട് വളർത്തേണ്ടത്? എന്നും എല്ലാകാലത്തും അവർക്ക് നമ്മുടെ സംരക്ഷണം കിട്ടുമോ?
ഒരു സ്വാതന്ത്ര്യവും ഇല്ലാതെ വളർത്തി വളർത്തി പിന്നീട് ജീവിതത്തിൽ ഒരു പ്രശ്നം വന്നാൽ അവർ എങ്ങനെയാണ് അതിനെ തന്നെ അതിജീവിക്കുക??
അമ്മ തികഞ്ഞ മൗനം പാലിച്ചു.അമ്മു ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കറിയാം. ജീവിതത്തിലെ ഒരു നിസ്സാര കാര്യം പോലും അവൾ ആദ്യം എന്റെ അടുത്താണ് തുറന്നു പറയാറ്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കൊണ്ട് മാത്രം ഒരു കുട്ടിയും ചീത്ത ആവില്ല സിന്ധു. എന്റെ അനുവാദം വാങ്ങിയാണ് അവൾ സ്വന്തം ഫോട്ടോ ഇട്ടത്.
അവളുടെ പാസ്‌വേഡ് പോലും എനിക്കറിയാം. അത് ഞാൻ ചോദിച്ചിട്ടില്ല അവൾ എനിക്ക് തന്നത് എന്ന് കൂടി നീ ഓർക്കണം.
നീ ഒന്ന് ആലോചിച്ചു നോക്കിയേ.. പ്രതികരിക്കാൻ കഴിയാത്തതുകൊണ്ട് മാത്രം എത്ര പെൺകുട്ടികളാണ് ഇവിടെ ദാരുണമായി കൊല്ലപ്പെട്ടത്???
അടക്കവും ഒതുക്കവും വേണ്ട എന്നല്ല. പക്ഷേ അതിനേക്കാൾ ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടിക്ക് വേണ്ടത് ധൈര്യവും തന്റേടവും ആണ്.
അഹങ്കാരി എന്നൊക്കെ മറ്റുള്ളവർ അതിനെ വിളിക്കുമായിരിക്കും പക്ഷേ ജീവിതത്തിൽ ഒറ്റപ്പെട്ടു പോയാൽ അതിനെ അതിജീവിക്കാൻ അവർ പഠിച്ചിരിക്കും. അതുറപ്പാണ്.
എങ്കിലും സുധി…. ഇനി എങ്ങനെയാ മറ്റുള്ളവർ എന്റെ മോളെ…അമ്മ അതും പറഞ്ഞ് മാമന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻതുടങ്ങി.
എന്റെ സിന്ധു നീ ഇങ്ങനെ കൊച്ചു പിള്ളേരെ പോലെ ആവാതെ… ഇത് ചെയ്തവൻ മാരെ പൊക്കാനുള്ള പണിയൊക്കെ എനിക്കറിയാം.
പിന്നെ ഒറിജിനൽ ഫോട്ടോ നമ്മുടെ കയ്യിൽ ഇല്ലേ???? പിന്നെ ആരെയാണ് പേടിക്കേണ്ടത്?
പെണ്ണിന്റെ ഒരു ഫോട്ടോയിൽ പോലും കാമം തിരയുന്നവൻ നാളെ അവളുടെ ശരീരത്തെ കിട്ടിയാൽ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ?? ഒരിക്കലുമില്ല. അപ്പൊ ആരെയാണ് ശരിക്കും നമ്മൾ നിലക്ക് നിർത്തേണ്ടത്???
എന്റെ കൊച്ചു എവിടെയും തലകുനിക്കാൻ പോകുന്നില്ല. സ്വന്തം അമ്മയിൽ പോലും കാമം കണ്ടെത്തുന്നവനെയും അത് ആഘോഷമാക്കി മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നവനെയും പച്ചക്ക് അരിഞ്ഞു കളയുകയാണ് വേണ്ടത്.
അതിന് നീ അടക്കമുള്ള ഓരോ അമ്മമാരും സ്വന്തം പെൺ മക്കളെ ധൈര്യം കൊടുത്തു വളർത്തിയെടുക്കണം.
അല്ലാതെ പേടിപ്പിച്ച് അല്ല. അവർ അവരായി തന്നെ ജീവിക്കട്ടെ…… സ്വന്തം ഇഷ്ടങ്ങളും താല്പര്യങ്ങളും മറ്റാർക്കും മുന്നിലും അടിയറവു പറയാതെ…. കാമ കണ്ണുകളെ ഭയക്കാതെ…
അമ്മു നീ എന്റെ കൂടെ വാ…എന്റെ കയ്യിൽ പിടിച്ച് മാമൻ പുറത്തേക്കിറങ്ങിയപ്പോൾ ചുമരിൽ മാലചാർത്തി വച്ച ആ ഫോട്ടോയിലേക്ക് ഞാനൊന്നു നോക്കി.
എന്റെ അച്ഛൻ എന്നെ തനിച്ചാക്കി പോയിട്ടില്ല ദാ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് എന്റെ കൂടെ തന്നെയുണ്ട്.