(രചന: Kannan Saju)
ഞാൻ എഴുത്ത് നിർത്താൻ പോവാടാ… എനിക്ക് വയ്യ മടുത്തു…. വളരെ വിഷമത്തോടെ ആണ് അവളതു പറഞ്ഞത്…
മൂന്ന് സിനിമകൾ അടുപ്പിച്ചു കണ്ടു വെളുപ്പാങ്കാലം ആയപ്പോ കിളി പോയി ഉറങ്ങാൻ കിടന്ന ഞാൻ കണ്ണ് തിരുമി എണീറ്റു…
എന്നാ ഇപ്പൊ ഇങ്ങനൊരു കടുത്ത തീരുമാനം എടുക്കാൻ… ?? കെട്ട്യോൻ വല്ലതും പറഞ്ഞോ…
അതല്ലടാ… ചേട്ടന്റെ കൂട്ടുകാരൊക്കെ എപ്പോഴും ചോദിക്കുവാണ് ” ഫേസ്ബുക് തുറന്നാൽ നിന്റെ പെണ്ണുമ്പുള്ള മാത്രേ ഉള്ളല്ലോന്നു ”
അയിന്….ദേ കണ്ണാ സീരിയസായിട്ടു ഒരു കാര്യം പറയുമ്പോ നിന്റെ ഉടുക്കത്ത അയിന് ന്നു പറഞ്ഞ ഉണ്ടല്ലോ…ഞാൻ ചിരിച്ചു…ശരി ശരി… പറയു നീ
അത് മാത്രല്ല എന്റെ അച്ഛനും അമ്മേം ചോദിച്ചു കുറെ ആണ്പിള്ളേര് കമന്റ് ചെയ്യാൻ ഉണ്ടല്ലോന്ന്… പിന്നെ രാത്രി പതിനൊന്നു മണി കഴിഞ്ഞ കുറെ അവന്മാര് മെസ്സേജ് ആണെട.. എന്താ ഉറക്കം ഇല്ലേ.. രാത്രി എന്ന ഇതിൽ പണി
ഇച്ചിരി കപ്പ നടാൻ ഇറങ്ങീതാന്നു പറയാൻ മേലായിരുന്നോ….പോ അവിടന്നു . കളിയാക്കിയാൽ ഞാൻ വെച്ചിട്ടു പോവുവേ…
പിന്നല്ലാതെ… ഏതു പാതി രാത്രി ആയാലും ഈ സമയത്തു എന്താ ഓൺലൈൻ എന്ന് ചോദിച്ചാ നിനക്കെന്നെ ഈ സമയത്തു പണീന്നു തിരിച്ചു ചോദിക്കണം…
അതല്ലടാ.. എനിക്ക് മടുപ്പായി.. ഒന്നെങ്കിൽ ഞാൻ നിർത്തും അല്ലെങ്കിൽ വല്ല കൃഷ്ണന്റെ രാധ എന്നോ രാവണന്റെ സീത എന്നോ ഒക്കെ പറഞ്ഞു എഴുതണ്ടി വരും… മനസമാധാനം പോവാണ്…. നാട്ടിലെ കൊറേ തെണ്ടികൾ..
വലിയൊരു എഴുത്തുകാരി ആവണം എന്നുള്ളത് നിന്റെ ആഗ്രഹം അല്ലേ.. മാത്രല്ല കഥക്കൊക്കെ നല്ല റീച്ചും ഉണ്ടല്ലോ… പിന്നെ എന്താ കുഴപ്പം ..
എഴുതാൻ ഇരിക്കുമ്പോ മനസ്സിലേക്ക് ഒന്നും വരുന്നില്ലട… ഇവര് പറഞ്ഞ കാര്യങ്ങൾ ഒക്കയാ ഓർമ വരുന്നേ… എഴുതുമ്പോൾ മാത്രല്ല എപ്പോഴും…. എന്ത് ചെയ്താലും ഇതാ ഓർമയിലേക്ക് വരുന്നേ
മോളേ… നീ ഒരു പണി ചെയ്യ്…ഉം…രാവിലെ എന്ന കഴിക്കാൻ ഉണ്ടാക്കുന്നെ… ??ആ ഒന്നും തീരുമാനിച്ചില്ല… ചേട്ടൻ ഇന്നലെ ഇച്ചിരി ബീഫ് മേടിച്ചോണ്ടു വന്നു… പിന്നെ പുട്ട് പൊടി ഇരുപ്പാണ്ട്…
ഞാൻ വാച്ചിലേക്ക് നോക്കി 7 മണി…ഇപ്പൊ 7 മണി.. കൃത്യം 8.15 നു ഞാൻ അവിടെ ഉണ്ടാവും ബ്രേക്ഫാറ്റ് കഴിക്കാൻ.. ഇന്നത്തെ രാവിലത്തെ ഫുഡ് നിങ്ങടെ രണ്ട് പേരുടേം കൂടെ ആയിക്കോട്ടെ
അല്ലടാ . അത്… ഒരു മണിക്കൂർ കൊണ്ടു..ഓ അതൊക്കെ പറ്റുന്നെ… ഞാൻ വരുമ്പോഴേക്കും നിന്റെ സ്പെഷ്യൽ ബീഫും പുട്ടും റെഡി ആയിരിക്കണം
ഡാ… അവൾ എന്തേലും പറയും മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു …കൃത്യം 8.15 നു ഞാൻ അവിടെ ചെന്നു.. അവർക്കൊപ്പം സന്തോഷത്തോടെ ഭക്ഷണം കഴിച്ചു…. താനുണ്ടാക്കിയ ഭക്ഷണം വിളമ്പുന്നതിൽ അവൾ അതീവ സന്തോഷവതിയായി കണ്ടു..
എനിക്കറിയാമായിരുന്നു അവൾക്കു ഭക്ഷണങ്ങൾ ഉണ്ടാക്കി കൊടുക്കുന്നതും അത് കഴിച്ചു ആളുകൾ നല്ല അഭിപ്രായം പറയുന്നതും വളരെ ഇഷ്ടമാണെന്നു..
അതുകൊണ്ടു എത്ര പണിപ്പെട്ടായാലും ഏറ്റവും സ്വാദിൽ അതുണ്ടാക്കാൻ അവൾ ശ്രമിക്കും…എല്ലാം കഴിഞ്ഞു ഞങ്ങൾ സംസാരിക്കാൻ ഇരുന്നു …
ഞാൻ വിചാരിച്ചില്ല ഇത്രേം ടേസ്റ്റ് ഉണ്ടാവുന്നു… ഒരു മണിക്കൂറ് കൊണ്ടു എല്ലാം എങ്ങനെ ഒപ്പിച്ചെടി.. പിള്ളേരൊക്കെ എണീക്കുന്ന സമയം അല്ലേ… ബുദ്ധിമുട്ടലായിരുന്നോ…
ആ.. ഞാനൊന്നും നോക്കിലാ.. നീ വരുന്നു പറഞ്ഞപ്പോ പിന്നെ മൊത്തം സാധനം എങ്ങനെ അടിപൊളി ആക്കാം എന്നുള്ള ചിന്തയായിരുന്നു… പിള്ളേര് കിടന്നു ഒച്ചപ്പാടൊക്കെ ഇണ്ടാക്കി.. ഞാൻ മൈൻഡ് ചെയ്യാതിരുന്നപ്പോ ചേട്ടൻ വന്നു അതുങ്ങളെ ഡീൽ ചെയ്തു….
അപ്പൊ ഇതിനിടക്ക് നാട്ടുകാര് തെണ്ടികളുടെ ഡയലോഗും ഒന്നും നിനക്ക് ഓർമ വന്നില്ല അല്ലേ ???
അവൾ ഞെട്ടലോടെ അവനെ നോക്കിഅയ്യോ ഇല്ലടാ…ആ അത്രേ ഉള്ളൂ മോളേ… ചെയ്യുന്ന പണിയിൽ മുഴുകി ഇരുന്നു ചെയ്താ ഒരു കുന്തോം നമുക്ക് പ്രശ്നമല്ല… ഇപ്പൊ പിള്ളേര് ബഹളം ഉണ്ടാക്കിയ പോലെ പലരും പലതും പറയും..
അതൊക്കെ നോക്കാൻ നിന്ന നിന്റെ കറിക്കു ടേസ്റ്റ് കിട്ടത്തില്ല.. അതുപോലെ നിന്റെ കഥയും നന്നാവില്ല… പിള്ളേര് ബഹളം വെച്ചപ്പോ ചേട്ടൻ ഹാൻഡിൽ ചെയ്തപോലെ അതൊക്കെ അതിന്റെ വഴിക്കു പൊക്കോളും..
നീ നീ ചെയ്യുന്ന പണിയിൽ മുഴുകി ആത്മാർത്ഥമായി അത് ചെയ്യുക…. ഒരു വചനം പോലെ ‘” വഴിയിൽ കുറക്കുന്ന തെരുവ് പട്ടികളെ മുഴുവൻ കല്ലെറിഞ്ഞു ഓടിക്കാൻ നിന്ന നമ്മളൊരിക്കലും ലക്ഷ്യസ്ഥാനത്തു എത്തില്ല “.
നീ നിന്റെ വിലാസത്തിൽ തന്നെ എഴുതണം… ആത്മധൈര്യം ഇല്ലാത്തവർ ആണ് ഫേക്ക് ഐഡികൾ ഉണ്ടാക്കുന്നത്…
ഞാൻ അത്രയും ചിന്തിച്ചില്ലട.. ശരിയാ നീ പറഞ്ഞെ.. കുക്ക് ചെയ്യുന്നതിനിടയിൽ ഒരിക്കലും പോലും ഞാൻ അവര് പറഞ്ഞത് ഓർത്തില്ല.. നിനക്ക് ഫുഡ് ഇഷ്ട്ടപ്പെടണം അത്രേ ഉണ്ടായിരുന്നുള്ളു…
ആ… അതുപോലെ മതി എഴുതും.. എഴുതുമ്പോ ഉള്ളിൽ ഒരേ ഒരു ചിന്ത മതി ” വായിക്കുന്നവന് എഴുതിഷ്ട്ടപെടണം….” കെട്ടോഅവൾ ചിരിച്ചു…