(രചന: അംബിക ശിവശങ്കരൻ)
“സീതേ ഈ ഞായറാഴ്ചയാണ് രവിയേട്ടന്റെ മകളുടെ വിവാഹ നിശ്ചയം നീയും എന്റെ കൂടെ വരണം കേട്ടോ…”
അടുക്കളയിൽ വൈകുന്നേരത്തേക്കുള്ള ചപ്പാത്തി പരത്തി കൊണ്ടിരിക്കുന്നതിനിടയിലാണ് ഭർത്താവ് ജയന്റെ അമ്മ അവിടേക്ക് ചെന്നത്.
“ഒരേ അമ്മയുടെ വയറ്റിൽ പിറന്നിടുംല്ലെന്നേയുള്ളൂ.. എന്നെ സ്വന്തം അനിയത്തിയെ പോലെയാണ് ഏട്ടൻ കണ്ടിട്ടുള്ളത്.നിശ്ചയത്തിന് ചെല്ലുമ്പോൾ നിന്നെയും കൊണ്ട് ചെല്ലാൻ പ്രത്യേകം പറഞ്ഞിട്ടുണ്ട്.”
അത് കേട്ടതും അവളുടെ മുഖം വല്ലാതെ ആയി.” ഞാനെന്തിനാ അമ്മേ? അമ്മയും ജയേട്ടനും കൂടി പോയാൽ പോരെ? ഇത് വിവാഹനിശ്ചയം അല്ലേ? വിവാഹത്തിന് ഞാൻ തീർച്ചയായും വരാം.. ” അവൾ ഒഴിഞ്ഞുമാറാൻ ശ്രമം നടത്തി.
” എവിടേക്കും പോകേണ്ട… ഏത് സമയവും ഇതിനുള്ളിൽ തന്നെ ഇരുന്നോ. എല്ലാവരും എന്നോടാ ചോദിക്കുന്നത് മരുമകൾ എവിടെ മരുമകൾ എവിടെയെന്ന്.. ഞാൻ മനപ്പൂർവ്വം എവിടെയും കൊണ്ടുപോകാത്തതാണ് എന്ന എല്ലാവരും കരുതി വെച്ചിരിക്കുന്നത്.
കഴിഞ്ഞ മാസവും അംബുജ ഏടത്തിയുടെ മകന്റെ വിവാഹത്തിന് വിളിച്ചപ്പോൾ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറി.ഇങ്ങനെയൊക്കെ ഓരോ പരിപാടികൾക്ക് പങ്കെടുക്കുമ്പോൾ അല്ലേ കുടുംബത്തിലുള്ളവരെയൊക്കെ കാണാനും മിണ്ടാനും കഴിയുന്നത്? ഇത് ഏത് സമയവും ഒരു തയ്യൽ മെഷീനും കെട്ടിപ്പിടിച്ചു കൊണ്ടിരിക്കുന്നത് കാണാം.
എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും തയ്ച്ചു കൊടുത്ത് പത്ത് കാശ് ഉണ്ടാക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല. അതിനുള്ള ധൈര്യമില്ല ത്രേ..ഈ ചവിട്ടികൾ തയ്ച്ചുണ്ടാക്കാനും കീറിയത് തയ്ച്ചു കൊടുക്കാനും ആണോ മോളെ നീ തയ്യൽ പഠിച്ചത്? ”
അവരുടെ ശകാര വാക്കുകൾ അത്രയും അവൾ മൗനമായി കേട്ടുനിന്നു. അമ്മയെ തെറ്റു പറയാനും പറ്റില്ല. ഇവിടെ എന്തു പരിപാടിക്ക് വിളിച്ചാലും താൻ ഇപ്പോൾ ഒഴിഞ്ഞു മാറുകയാണ് പതിവ്.
അടുക്കളയിലെ പണികൾ എല്ലാം വേഗം തീർത്തു വെച്ച് അവൾ മുറിയിലേക്ക് ചെന്നു.മുറിയിലെ അലമാരയുടെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ കഴുത്തിൽ കിടക്കുന്ന നിറം മങ്ങിയ മാലയിലേക്കാണ് കണ്ണുകൾ പറഞ്ഞത്.
“ഇതുമിട്ട് എങ്ങനെയാണ് നാലാളുടെ മുന്നിൽ ചെല്ലേണ്ടത്? പലപ്പോഴും മറ്റുള്ളവരുടെ മുന്നിൽ നിന്നും ഒഴിഞ്ഞുമാറുന്നതിന്റെ കാരണം ഇതുതന്നെയാണ്. സ്വർണം അല്ലെങ്കിലും പുതിയ ഒരു മാല വാങ്ങാൻ പലപ്പോഴും സാമ്പത്തികം അനുവദിക്കാറില്ല.
അല്ലെങ്കിൽ ബാധ്യതകൾ തീർക്കാൻ രാപകലില്ലാതെ നെട്ടോട്ടം ഓടുന്ന ജയേട്ടനോട് ഈ ഒരാവശ്യം പറയുവാനും മനസ് അനുവദിച്ചിട്ടില്ല.നാലാളു കൂടുന്നിടത്ത് പോയാൽ പിന്നെ
ആളുകളുടെ ചോദ്യമായി പറച്ചിലായി. ഈ മാല സ്വർണ്ണം ആണോ? ആ പഴയ മാല എവിടെ? എന്ന് തുടങ്ങി ഒരു വ്യക്തിയെ അസുരക്ഷിതത്തിലേക്ക് തള്ളിനീക്കുന്ന എത്രയെത്ര കാര്യങ്ങളാണ് ഓരോരുത്തർക്കും അറിയാനുള്ളത്..”
വൈകുന്നേരം ജയൻ ജോലി കഴിഞ്ഞു വന്ന നേരവും അവളുടെ മനസ്സിൽ ഇതേ പറ്റിയുള്ള ചിന്തകൾ ആയിരുന്നു.
“എന്താണ് സീതേ ഇത്ര കാര്യമായിട്ടുള്ള ഒരു ആലോചന? ആരെങ്കിലെയും തട്ടാനുള്ള പ്ലാൻ ആണോ?” കുഞ്ഞിനെ കളിപ്പിക്കുന്ന കൂട്ടത്തിൽ അവൻ അവളെ കളിയാക്കി.
” ജയേട്ടന് അല്ലെങ്കിലും എപ്പോഴും തമാശയാണ്. അമ്മ ഇന്ന് എന്നെ വഴക്ക് പറഞ്ഞു. ”
ഒരു കൊച്ചു കുട്ടി പരിഭവം പറയുന്നതുപോലെ അവൾ മുഖം വീർപ്പിച്ചു.
“അതെപ്പോഴും കേൾക്കുന്നതല്ലേ? ആട്ടെ ഇന്നെന്താ വിശേഷിച്ച്?”
അവൻ താൽപര്യം കാണിക്കും മട്ടിൽ ശ്രദ്ധിച്ചിരുന്നു.
“ഈ ഞായറാഴ്ചയല്ലേ രവി മാമന്റെ മകളുടെ വിവാഹ നിശ്ചയം?”” അതെ.. അതിന്? ”
” അമ്മ എന്നോടും ചെല്ലാൻ പറഞ്ഞു. ഞാൻ പോകുന്നില്ലെന്ന് പറഞ്ഞതിനാണ് അമ്മ വഴക്ക് പറഞ്ഞത്. “അവൾ സങ്കടത്തോടെ പറഞ്ഞു.”അതെന്തിനാ അങ്ങനെ പറഞ്ഞത്? അമ്മയ്ക്ക് സങ്കടം ആവില്ലേ?”
” എനിക്കെന്തോ പോകാൻ ഒരു ഇഷ്ടം തോന്നുന്നില്ല. ” അത്രമാത്രം അവൾ മറുപടിയായി പറഞ്ഞുകൊണ്ട് ആ സംഭാഷണം അവസാനിപ്പിച്ചു.
രാത്രി ജയനും കുഞ്ഞും ഉറങ്ങിയിട്ടും അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കുറേനേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നതേയില്ല.. ഒടുക്കം ഡിസ്പ്ലേ മങ്ങിയ ഫോൺ എടുത്ത് അവൾ നെറ്റ് ഓൺ ചെയ്ത് വാട്സാപ്പിലൂടെ വെറുതെ കണ്ണോടിച്ചു.
പത്താം ക്ലാസ് ഗ്രൂപ്പിൽ ധാരാളം മെസ്സേജ് വന്നിരിക്കുന്നു. അവൾ തന്റെ സുഹൃത്തുക്കൾ ആയിരുന്നവരുടെ പ്രൊഫൈലുകൾ എല്ലാം വെറുതെ എടുത്തു നോക്കി. എല്ലാവരും ഇന്ന് ഓരോരോ നിലയിൽ എത്തിയിരിക്കുന്നു. താൻ മാത്രം ഇന്നും ജീവിതത്തോട് പൊരുതി കൊണ്ടിരിക്കുകയാണ്. ജീവിതത്തിലെ കഷ്ടപ്പാടുകൾ കാരണമാണ് തുടർന്ന് പഠിക്കാൻ കഴിയാതിരുന്നത്.
എങ്കിലും തുണികൾ തയ്ക്കുന്നത് കണ്ടു കണ്ടു അതിനോട് ഒരു കൗതുകം തോന്നിയത് കൊണ്ട് മാത്രമാണ് തുണിക്കടയിൽ നിന്ന് ജോലി ചെയ്യുന്ന നാളുകളിൽ കിട്ടുന്ന അവധി ദിവസമായ ഞായറാഴ്ചകളിൽ മാത്രം തയ്യൽ ക്ലാസിന് പോയിരുന്നത്. എല്ലാം പഠിച്ച പൂർത്തിയാക്കിയെങ്കിലും മറ്റൊരാൾക്ക് തയ്ച്ചു കൊടുക്കാൻ ഭയമാണ്. മോശം ആയി പോയാലോ എന്ന പേടി.
ഈ ഉൾവലിയിൽ തന്നെയാണ് തന്റെ ഏറ്റവും വലിയ പരാജയവും. ഇന്നിപ്പോൾ കുഞ്ഞിനെ തനിച്ചാക്കി എങ്ങനെയാണ് ജോലിക്ക് പോകുന്നത്? അമ്മ തൊഴിലുറപ്പിന് പോയാൽ പിന്നെ മോളെ നോക്കാൻ ആരാണ്?”
അവൾക്ക് എല്ലാം ആലോചിച്ചിട്ട് തലപുകയുന്നതുപോലെ തോന്നി.
പിറ്റേന്ന് പതിവിലും വൈകിയാണ് ജയൻ ജോലി കഴിഞ്ഞ് എത്തിയത്.”എന്താ ജയേട്ടാ ഇന്ന് താമസിച്ചത്? എന്നും എത്തേണ്ട സമയം കഴിഞ്ഞല്ലോ..” അവന് നേരെ ചായ ക്ലാസ് നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.
“ദാ ഇത് വാങ്ങാൻ നിന്നതാണ്. കുറെ കടയിൽ കയറിയിറങ്ങിയ ശേഷമാണ് ഈ മോഡൽ തന്നെ കിട്ടിയത് ഇഷ്ടമായോ എന്ന് നോക്ക്.”
തനിക്ക് നേരെ നീട്ടിയ ആ ചെറിയ കവർ തുറന്നു നോക്കിയതും അവളുടെ കണ്ണ് നിറഞ്ഞു. തന്റെ ആദ്യത്തെ മാലയുടെ അതേ ഡിസൈനിൽ ഉള്ള മാല!.
“എന്തിനാ ജയേട്ടാ ഇത് ഇപ്പോൾ വാങ്ങിയത്? ഈ പൈസ ഉണ്ടെങ്കിൽ വീട്ടിലേക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങാമല്ലോ..”
“ഓ നാന്നൂറ് രൂപ കൊണ്ട് ഇപ്പോൾ ഇവിടെ മലമറിക്കാൻ ഒന്നും പോകുന്നില്ലല്ലോ.. നീ ഞായറാഴ്ച നിശ്ചയത്തിന് പോകുന്നില്ലെന്ന് പറഞ്ഞതിന്റെ കാരണം നീ പറഞ്ഞില്ലെങ്കിലും എനിക്ക് മനസ്സിലായിരുന്നു. മാല കറുത്ത്
തുടങ്ങിയത് ഞാനും ശ്രദ്ധിച്ചിരുന്നു. പുതിയൊരെണ്ണം വാങ്ങണം എന്ന് കുറച്ചു ദിവസമായി മനസ്സിൽ കരുതുന്നു. ഇതുപോലെ ഒരു സ്വർണ്ണമാല വാങ്ങി തരണമെന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. പക്ഷേ എല്ലാം എന്നെക്കൊണ്ട് കൂട്ടിയിട്ട്
കൂടുന്നില്ല. എന്നോട് വെറുപ്പ് തോന്നുന്നില്ലേ സീതേ?രണ്ടുവർഷം ആയപ്പോഴേക്കും താലിമാല പണയം വെച്ചവൻ എന്ന് ഓർക്കുമ്പോൾ..” ജയന്റെ ശബ്ദം ഇടറാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ പൊത്തിപ്പിടിച്ചു.
” എന്താ ജയേട്ടാ ഇങ്ങനെയൊക്കെ പറയുന്നത്? മകൾക്ക് സ്ത്രീധനം തരാനായി വീടിന്റെ ആധാരം പണയം വയ്ക്കാൻ ഒരുങ്ങിയ എന്റെ അച്ഛനോടും അമ്മയോടും എനിക്കൊരു തരി പൊന്നോ പണമോ വേണ്ട നിങ്ങളുടെ മകളെ മാത്രം മതി എന്ന് പറഞ്ഞത് ജയേട്ടനല്ലേ?
എന്നെ കല്യാണം കഴിച്ച് അയച്ചതിന്റെ പേരിൽ അച്ഛനും അമ്മയും കടക്കാരാകാതിരുന്നതും ജയേട്ടൻ കാരണമല്ലേ? കല്യാണദിവസം എന്റെ ദേഹത്ത് ആകെ ഉണ്ടായിരുന്ന സ്വർണം ജയേട്ടൻ കഴുത്തിലണിഞ്ഞ താലിമാല മാത്രമാണ്.നമ്മുടെ കുഞ്ഞിനെ കയ്യിൽ കിട്ടാൻ നമ്മൾ എത്ര കഷ്ടപ്പെട്ടു..
അവളുടെ ജീവൻ തിരിച്ചുപിടിക്കാൻ നെട്ടോട്ടമോടുന്ന ജയേട്ടനെ കണ്ട് നിർബന്ധിച്ച് അത് ഏൽപ്പിച്ചത് ഞാനല്ലേ? നമുക്ക് നമ്മുടെ കുഞ്ഞല്ലേ വലുത്.പൊന്നിനോട് ഒന്നും എനിക്ക് ഭ്രമമില്ല ജയേട്ടാ.. മറ്റുള്ളവരുടെ കുത്തുവാക്കുകൾ കേൾക്കുമ്പോഴാണ് മനസ്സ് ഇടറുന്നത്. ”
അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ ചുമലിൽ തല ചായ്ച്ചു.”ഇനി എന്റെ ഭാര്യ ആരുടെ മുന്നിലും തലതാഴ്ത്താൻ നിൽക്കേണ്ട.. ഓണത്തിന് ഞാൻ വാങ്ങി തന്ന ഒരു ചുരിദാറിന്റെ തുണി ഉണ്ടല്ലോ അത് തയിച്ച് നല്ല സ്റ്റൈലായി നമുക്ക് പോയി വരാം..”
അവൾ അവനെ നോക്കി പുഞ്ചിരിച്ചു.ഞായറാഴ്ച രാവിലെ ആയതും ആദ്യം ഒരുങ്ങി ഇറങ്ങിയത് അവളായിരുന്നു. കുഞ്ഞിനെയും എടുത്ത് ജയനും കൂടെ അമ്മയും ഇറങ്ങി.
“അല്ല സീതേ..നീ ഇട്ടേക്കുന്ന ചുരിദാർ അടിപൊളിയായിട്ടുണ്ടല്ലോ ആരാ ഇത് സ്റ്റിച്ച് ചെയ്തത്?”
കുടുംബ കാര്യങ്ങൾ സംസാരിച്ചിരിക്കുന്നതിനിടയിലാണ് ബന്ധത്തിൽപ്പെട്ട ഒരു സ്ത്രീ അവളോട് ചോദിച്ചത്.
“ഞാൻ തന്നെയാണ്.” അത് പറഞ്ഞപ്പോൾ അവൾക്ക് അഭിമാനം തോന്നി.
“ഞാൻ എത്ര സ്ഥലത്ത് സ്റ്റിച്ച് ചെയ്യാൻ കൊടുത്തെന്നോ ഒന്നും എനിക്ക് ഇഷ്ടം ആയില്ല.ഇതുപോലെ വൃത്തിക്ക് സ്റ്റിച് ചെയ്യുന്ന ഒരാളെ തപ്പി നടക്കുകയായിരുന്നു ഞാൻ. ഒരു മെറ്റീരിയൽ തന്നാൽ സ്റ്റിച്ച് ചെയ്തു തരാൻ പറ്റുമോ സീതയ്ക്ക്? അത് നോക്കിയിട്ട് ഓക്കേ ആണെങ്കിൽ ബാക്കിയെല്ലാം സീതയെ തന്നെ ഏൽപ്പിക്കാമല്ലോ?
അവൾ ഒരു നിമിഷം നിന്ന് പരുങ്ങി.” എന്താണ് ഇവരോട് പറയേണ്ടത്? എങ്ങനെയാണ് ഇവരോട് പറ്റില്ല എന്ന് പറയുക?പക്ഷേ പറഞ്ഞില്ലെങ്കിൽ ഇവർക്ക് അത് തയ്ച്ചു കൊടുക്കേണ്ടിവരും. അതെങ്ങാനും കുളമായാൽ… ”
” അതിനെന്താ അവൾ തയ്ച്ചു തരുമല്ലോ.. അവിടെ ഉള്ളവരെല്ലാം സീതയെയാണ് തയ്ക്കാൻ ഏൽപ്പിക്കാറ്. എല്ലാവർക്കും അവൾ തയ്ക്കുന്നത് തന്നെയാണ് ഇഷ്ടം. ”
ഒഴിഞ്ഞുമാറാൻ കാരണം കണ്ടെത്തും മുന്നേ അമ്മ ചാടി കയറി അത് പറഞ്ഞത് കേട്ട് അവൾ അമ്മയെ നോക്കി. ഒന്നും സംഭവിക്കാത്ത മട്ടിൽ അവരവളയും.
അങ്ങനെ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അവൾ ആ ദൗത്യം ഏറ്റെടുത്തു. സർവ്വ ദൈവങ്ങളെയും വിളിച്ചാണ് അവർ തന്ന മെറ്റീരിയൽ തയ്ക്കാൻ തുടങ്ങിയത്. അത് പൂർത്തിയാക്കി അവരെ ഏൽപ്പിക്കുമ്പോൾ യാതൊരു പ്രതീക്ഷയും അവൾക്കുണ്ടായില്ല.
“സീതേ.. സ്റ്റിച്ചിങ് വളരെ നന്നായിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ.. എന്റെ സുഹൃത്തുക്കളും സ്റ്റിച്ച് ചെയ്യാൻ സീതയെ ഏൽപ്പിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ ഒഴിവു പോലെ വരാം.”
വൈകുന്നേരം അവരുടെ കോൾ വന്നതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചടി. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കയ്യിൽ വന്നപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആത്മവിശ്വാസവും തോന്നിതുടങ്ങി.
വർഷങ്ങൾ പിന്നിടുമ്പോൾ അവൾ ഇന്ന് നിരവധി സ്റ്റിച്ചിങ് യൂണിറ്റുകൾ കൈകാര്യം ചെയ്യുന്ന തിരക്കുപിടിച്ച ഒരു സംരംഭകയാണ്. ഒരു പക്ഷേ അന്നത്തെ ഉൾ വലിയലിൽ നിന്നും താനിന്നും പുറത്തു വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും വിധിയെ വിശ്വസിച്ചു കഴിയുന്ന വെറുമൊരു വീട്ടമ്മയായി താനും മാറിയേനെ..
കളർ മങ്ങിയ മുക്ക് പണ്ടം ഇട്ട് നടന്ന നാളുകളിൽ നിന്നും ഇന്ന് എത്രയോ മുകളിലാണ് താനെന്ന തിരിച്ചറിവ് ഇന്ന് അവൾക്കുണ്ട്. എത്ര തിരക്കായാലും അവൾ ചേർത്തുനിർത്തുന്ന രണ്ട് മനുഷ്യരുണ്ട് ഒന്ന് തന്റെ ഭർത്താവും രണ്ട് അമ്മയും. ഒരുപക്ഷേ അവരില്ലായിരുന്നുവെങ്കിൽ ഒരിക്കലും താൻ ഇവിടെ നിൽക്കില്ലായിരുന്നു.
മനസ്സിനുള്ളിൽ കഴിഞ്ഞകാലത്തെ ഓർമ്മകൾ വന്നതും അവളുടെ ചുണ്ടിൽ ഒരു അഭിമാനത്തിന്റെ പുഞ്ചിരി വിടർന്നു.