അനക്കമില്ലാതെ കിടക്കുന്ന അമ്മയുടെ അടുത്ത് ആകെ തകർന്ന് ഇരിക്കുന്നുണ്ടായിരുന്നു വിഷ്ണു

(രചന: J. K)

അനക്കമില്ലാതെ കിടക്കുന്ന അമ്മയുടെ അടുത്ത് ആകെ തകർന്ന് ഇരിക്കുന്നുണ്ടായിരുന്നു വിഷ്ണു…

ആ മനസ്സ് മറ്റാരെക്കാൾ തനിക്ക് മനസ്സിലാകും എന്ന് രാധിക ഓർത്തു..അപ്പോഴേക്കും അപ്പുറത്ത് ഗീതയെ കണ്ടു….അവരുടെ കുഞ്ഞിനേയും…

അവൾക്കൊരു വിളറിയ ചിരിയും സമ്മാനിച്ച്, വിഷ്ണുവിന്റെ അമ്മയുടെ കാലിൽ നമസ്കരിച്ച് ഞാൻ മെല്ലെ സ്വന്തം വീട്ടിലേക്ക് നടന്നു….രാധിക…

വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞിരുന്നു,””” കുളിച്ചിട്ട് വന്നോളൂ കുട്ടിയെ മരിച്ചെടത്ത് പോയതല്ലേ? “” എന്ന്…കുളികഴിഞ്ഞ് എത്തിയപ്പോഴേക്ക് അമ്മ ഊണ് എടുത്തു വച്ചിരുന്നു…

അമ്മിണി ആന്റി മരിച്ചു എന്ന് അമ്മ വിളിച്ചു പറഞ്ഞപ്പോൾ രാവിലെ ബ്രേക്ക് ഫാസ്റ്റ് പോലും കഴിക്കാതെ അവിടെ നിന്നും പോന്നതാണ്…
ഇതുവരെയും തനിക്ക് വിശപ്പ് ഒന്നും അറിഞ്ഞിരുന്നില്ല എന്തോ അമ്മ ചോറ് മുന്നിൽ കൊണ്ടുവന്ന് വെച്ചപ്പോൾ മാത്രം വിശപ്പ് മെല്ലെ അറിയാൻ തുടങ്ങി….

“”” ആയമ്മ കുറേ നരകിച്ചു… ആ കുട്ടി മാത്രമാണ് നോക്കിയത്.. വിഷ്ണുവേ…. ഗീത തിരിഞ്ഞു പോലും നോക്കാറില്ലാത്രേ…””’

അമ്മ അത്ര പറഞ്ഞു നിർത്തിയപ്പോഴേക്കും വന്ന വിശപ്പ് കെട്ടിരുന്നു….
വേഗം അമ്മയെ ബോധിപ്പിക്കാൻ ഇത്തിരി കഴിച്ചു എന്നു വരുത്തി അവിടെ നിന്നും എണീറ്റു മുറിയിലേക്ക് നടന്നു…

അവിടെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവച്ച പണ്ടത്തെ സ്കൂൾ ഫോട്ടോ തപ്പിയെടുത്തു..

വിഷ്ണുവും താനും…..
ഓർമ്മകൾ മെല്ലെ പുറകിലേക്ക് പോയി..അച്ഛന്റെ കൂട്ടുകാരന്റെ മകനാണ് വിഷ്ണു… വളരെ ചെറുപ്പത്തിൽ തന്നെ ആ ആള് അവരെ ഒറ്റക്കാക്കി പോയി…

അതിൽ പിന്നെ അമ്മിണി ആന്റിയും വിഷ്ണുവും തനിച്ചായി… അവരുടെ ബന്ധുക്കൾ ഒന്നും അവരെ സഹായിക്കാറില്ലായിരുന്നു അതുകൊണ്ടുതന്നെ വിഷ്ണുവിന്റെ പഠിപ്പ് അച്ഛൻ ഏറ്റെടുത്തു..

ഞങ്ങൾ ഒരേ ക്ലാസിലായിരുന്നു.. അവനാണെങ്കിൽ പഠിക്കാൻ മിടുക്കൻ പിന്നെ കൂട്ടുകാരന്റെ മകനും അതുകൊണ്ട് അവന്റെ പഠനകാര്യത്തിൽ അച്ഛൻ യാതൊരു മുടക്കവും വരുത്തിയിരുന്നില്ല…

പഠനത്തിൽ വെറും ആവറേജ് സ്റ്റുഡന്റ് ആയ എന്നോട് എപ്പോഴും അച്ഛൻ അവനെ കണ്ട് പഠിക്കാൻ പറയുമായിരുന്നു….

എനിക്ക് അവനോട് അസൂയയൊന്നും തോന്നിയിരുന്നില്ല പകരം എന്തോ ആരാധനയായിരുന്നു….

അവന് കൂട്ടുകാർ കുറവായിരുന്നു എങ്കിലും എന്നോട് എല്ലാം പറയുമായിരുന്നു എന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ട് അവൻ എപ്പോഴും കണ്ടിരുന്നു…

ഞാനും ആദ്യം അങ്ങനെ തന്നെയാണ് അവനെ കണ്ടിരുന്നത് പക്ഷേ അവനോടുള്ള സൗഹൃദത്തിന്റെ നിറം എപ്പോഴാണ് മാറി തുടങ്ങിയത് എന്ന് എനിക്കറിയില്ല…

അവനോട് ഏതെങ്കിലും പെൺകുട്ടികൾ വർത്തമാനം പറയുന്നത് അടുക്കുന്നതോ പോലും എനിക്ക് സഹിക്കാതെയായി…

അമ്മിണി ആന്റിക്ക് എന്നെ വലിയ കാര്യമായിരുന്നു എപ്പോഴും വീട്ടിലേക്ക് വരണം എന്നൊക്കെ പറയും..
അതുകൊണ്ടുതന്നെ ഞാൻ അവന്റെ കൂടെ ഇടയ്ക്കിടയ്ക്ക് അവിടേക്ക് എല്ലാരും ഉണ്ടായിരുന്നു എനിക്ക് ഇഷ്ടപ്പെട്ട കപ്പ പുഴുങ്ങിയതും കാന്താരി ചമ്മന്തിയും ഒക്കെ ഉണ്ടാക്കി തരും അമ്മിണി ആന്റി…

വിഷ്ണു വിനോടുള്ള എന്റെ ഇഷ്ടം ഞാൻ ഒരിക്കലും അവനോട് തുറന്നു പറഞ്ഞിരുന്നില്ല എനിക്ക് ഭയമായിരുന്നു. ഉള്ള സൗഹൃദം പോലും നഷ്ടപ്പെടുമോ എന്ന്…..
എന്നെ അവൻ അത്തരത്തിൽ കണ്ടിട്ടില്ലെങ്കിൽ ഞാൻ പറഞ്ഞാൽ അത് എങ്ങനെ എടുക്കും എന്നുപോലും എനിക്ക് ഒരു ഊഹവും ഉണ്ടായിരുന്നില്ല…

പ്ലസ് ടു വരയ്ക്കും ഞങ്ങൾ ഒരുമിച്ച് തന്നെയാണ് പഠിച്ചത് പക്ഷേ അത് കഴിഞ്ഞ് അവൻ നല്ല മാർക്ക് വാങ്ങി ഒരു എൻജിനീയർ ആവാൻ ആയിരുന്നു അവനു മോഹം എനിക്ക് ഒരു സ്കൂൾ ടീച്ചറും..

രണ്ടുപേരും രണ്ടുപേരുടെയും മോഹം സാധിക്കാൻ വേണ്ടി പഠനം തുടങ്ങി…അവന്റെ പഠനം അച്ഛനെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറത്തായപ്പോൾ ഒരു ചെറിയ വിദ്യാഭ്യാസ ലോൺ എടുത്തിരുന്നു വിഷ്ണു..

അതുകഴിഞ്ഞ് ക്യാമ്പസ് സെലക്ഷനിലൂടെ നല്ല ഒരു സ്ഥാപനത്തിൽ തന്നെ അവന് ജോലിയും കിട്ടി..

ഉയർന്ന ശമ്പളം അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതാക്കി..
ഞങ്ങൾ അപ്പോഴും പഴയതുപോലെതന്നെ ആയിരുന്നു..
പിന്നീട് വിഷ്ണുവിന്റെ വീട്ടിലേക്ക് എപ്പോഴെങ്കിലും ചെന്നിട്ടുണ്ടെങ്കിൽ അമ്മിണി ആന്റി ദുർമുഖം കാണിച്ചു തുടങ്ങി….

വിഷ്ണുവിന് പക്ഷേ അങ്ങനെയൊന്നും ഇല്ലായിരുന്നു..
ഒരിക്കൽ അവൻ ലീവിന് വന്നിട്ടുണ്ട് എന്ന് അറിഞ്ഞ് ചെന്ന് എന്നോട് അമ്മിണി ആന്റി മുഖത്ത് നോക്കി തന്നെ പറഞ്ഞു , ഇവിടെ ഇങ്ങനെ കയറിയിറങ്ങിയാൽ ആളുകൾ ഓരോന്ന് പറയും എന്ന്…

അത്രയ്ക്കൊന്നും ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു ആ പറഞ്ഞത് എനിക്ക് വല്ലാതെ നൊന്തു….ഞാൻ ആ വഴിക്ക് പോവാതെ ആയി…

അവനും ഞാനും തമ്മിൽ ഒരുപാട് അന്തരം ഉണ്ടെന്ന് അന്നുമുതൽ ഞാൻ ചിന്തിച്ചു തുടങ്ങി…

എന്റെ പഠിപ്പ് കഴിഞ്ഞ് ഒരു സ്കൂളിൽ തത്കാലം ജോലിയും കിട്ടിയപ്പോൾ നല്ല ഒരു വിവാഹാലോചന വന്നു. അച്ഛൻ പ്രതീക്ഷയോടെ ചോദിച്ചു ഉറപ്പിക്കട്ടെ എന്ന്…

ഉള്ള് നീറി പുകയുന്നുണ്ടെങ്കിലും അച്ഛന്റെ സന്തോഷത്തിന് വേണ്ടി സമ്മതം മൂളി…വിവാഹത്തിന്റെ തലേദിവസം വിഷ്ണു വന്നിരുന്നു…”” തനിക്ക് എന്നോട് ഇഷ്ടം ഉണ്ടെന്നാണ് ഞാൻ കരുതിയത്””””

എന്നുപറഞ്ഞു അവന്റെ മുഖത്ത് വല്ലാത്ത സങ്കടം ഉണ്ടായിരുന്നു… ഒരുപക്ഷേ ഞാൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ അല്ലെങ്കിൽ അവൻ അവന്റെ മനസ്സ് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു…

പക്ഷേ അമ്മിണി ആന്റിക്ക് സന്തോഷമായി എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവർ മകനുവേണ്ടി വലിയ വീട്ടിൽ നിന്ന് വിവാഹാലോചന സ്വപ്നം കണ്ട് നടക്കുകയാണ്…

ഞങ്ങൾ തമ്മിൽ എന്തെങ്കിലും ഉണ്ടാവുമോ എന്ന് കരുതി പേടിച്ചിരിക്കുകയായിരുന്നു അവർ…

വിവാഹം കഴിഞ്ഞതും ഞാൻ അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി അവിടെ വലിയ ഒരു സ്കൂളിൽ പണവും അദ്ദേഹത്തിന്റെ സ്വാധീനവും വെച്ച് ജോലിയും വാങ്ങിത്തന്നു..

അങ്ങനെ മുന്നോട്ടു പോകുന്നതിനിടയിൽ അറിഞ്ഞിരുന്നു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞു എന്ന്… അമ്മിണി ആന്റിയുടെ ഇഷ്ടം പോലെ ഒരു പണക്കാരി പെൺകുട്ടിയെ തന്നെ…

പക്ഷേ പിന്നെ നടന്നതൊന്നും അവരുടെ ഇഷ്ടപ്രകാരം ആയിരുന്നില്ല…
അവരുടെ ജോലി സ്ഥലത്തേക്ക് അമ്മിണി ആന്റി പോയി പക്ഷേ
അവൾക്ക് അമ്മിണി ആന്റിയുമായി ഒത്തു പോകാൻ കഴിഞ്ഞില്ല വിഷ്ണുവിനെ കൊണ്ട് അവൾ ആന്റിയെ വീട്ടിലേക്ക് തന്നെ പറഞ്ഞയപ്പിച്ചു…

ആന്റിയെ നോക്കാൻ ഒരാളെ ഏർപ്പാടാക്കി കൊടുത്തു പിന്നീട് ആന്റിക്ക് തീരെ വയ്യാതായപ്പോൾ കുറച്ചുദിവസം അവർ വന്ന് നിന്നിരുന്നുവത്രേ…. അത്രമാത്രം….

ഒരിക്കൽ ആന്റിക്ക് വയ്യ എന്ന് പറഞ്ഞ് ഞാൻ കാണാൻ ചെന്നപ്പോൾ എന്റെ കയ്യിൽ കയറിപ്പിടിച്ച് ഒരുപാട് കരഞ്ഞു..

വിഷ്ണു ആന്റിയോട് പറഞ്ഞതാണ് നിന്നെ ഒരുപാട് ഇഷ്ടമാണ് എന്ന് ആന്റി ആണത്രേ അത് പറയരുത് എന്ന് പറഞ്ഞ് അവനെ വിലക്കിയത് അതിനുള്ളത് ആന്റിക്ക് കിട്ടി എന്നൊക്കെ പറഞ്ഞു ഒരുപാട് കരഞ്ഞു…

എനിക്കത് കേട്ട് ഒന്നും തോന്നിയില്ലായിരുന്നു കാരണം ഇപ്പോഴത്തെ ജീവിതം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു… എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവും ഞങ്ങളുടെ പൊന്നുമോളും..
വിവാഹം കഴിഞ്ഞപ്പോൾ അദ്ദേഹത്തോട് ഞാൻ എല്ലാം തുറന്നു പറഞ്ഞതാണ്…

സാരമില്ലെടോ എന്ന് പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു… എന്റെ കൂടെ നിന്നു.. അത്രയും മതിയായിരുന്നു വിഷ്ണുവിൽ നിന്നും ഒരു പറിച്ചു നടലിന്….

ആന്റി മരിച്ചു എന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തിനോട് ഞാൻ പറഞ്ഞിട്ട് തന്നെയാണ് വന്നത് അദ്ദേഹം തന്നെയാണ് നീ പോകണം എന്ന് എന്നോട് പറഞ്ഞത്….

ആ ഫോട്ടോ ആ പെട്ടിയിലേക്ക് തന്നെ വെച്ച് ഞാൻ എന്റെ ബാഗ് പാക്ക് ചെയ്തു ഇന്ന് തന്നെ എനിക്കും തിരിച്ചുപോണം…അവിടെ എനിക്ക് വേണ്ടി ഒരാൾ കാത്തിരിക്കുന്നുണ്ട്….

Leave a Reply

Your email address will not be published. Required fields are marked *