തന്റെ തൊലിയുടെ നിറത്തെ മാത്രം സ്നേഹിച്ചപ്പോൾ അരുണേട്ടൻ സ്നേഹിച്ചത് മനസ്സിനെയായിരുന്നു.

(രചന: അംബിക ശിവശങ്കരൻ)

“നീ എന്തിനാ സൗമ്യേ ഈ ഇരുണ്ട കളർ തന്നെ എടുക്കുന്നത്?ഇതൊക്കെ ഉടുത്താൽ നീ വല്ലാതെ ഇരുണ്ട് ഇരിക്കും. ഇത്തിരി തെളിഞ്ഞ നിറമുള്ള സാരി നോക്കി എടുക്ക്… ഫോട്ടോയും വീഡിയോയും ഒക്കെ എടുക്കാൻ ഉള്ളതല്ലേ..”

ഭർത്താവ് അരുണിന്റെ അനിയനായ കിരണിന്റെ കല്യാണത്തോട് അനുബന്ധിച്ച് നടത്തിയ വിവാഹ ഷോപ്പിങ്ങിനിടെ തനിക്ക് ഏറെ ഇഷ്ടപ്പെട്ട നീല നിറത്തിലുള്ള സാരിയിലേക്ക് അറിയാതെ അവളുടെ കൈ ചെന്നതും അരുണിന്റെ അമ്മ അവളെ തടഞ്ഞു.

കിരൺ വിവാഹം കഴിക്കാൻ പോകുന്ന കുട്ടി കീർത്തനയുടെ മുൻപിൽ വച്ചാണ് അവരത് പറഞ്ഞത് എന്നത് അവളെ ഏറെ വേദനപ്പെടുത്തി.

” ഓരോരുത്തർക്ക് ഇണങ്ങുന്ന കളർ വേണ്ടേ മോളെ തിരഞ്ഞെടുക്കാൻ… എന്റെ മോൾക്ക് പിന്നെ ഏത് കളർ വേണമെങ്കിലും ചേരും മോള് വെളുത്തിട്ടല്ലേ? ”

ഇളയ മരുമകളുടെ മുന്നിൽ വെച്ച് തന്നെ പരിഹസിക്കാൻ കിട്ടിയ അവസരമാണ് അവർ നല്ലപോലെ വിനിയോഗിക്കുന്നത് എന്ന് അവൾക്ക് മനസ്സിൽ ആയി. അപമാനിതയായ മുഖത്തോടെ അവൾ കീർത്തനയുടെ മുഖത്തേക്ക് പാളി ഒന്നു നോക്കി.

“ഏടത്തിക്ക് ഇഷ്ടമുള്ള സാരി എടുത്തോട്ടെ അമ്മേ.. ഉടുക്കുന്ന ആളുടെ കംഫർട്ട് അല്ലേ നോക്കേണ്ടത്? നീല കളർ ഏടത്തിക്ക് നന്നായി ചേരുന്നുണ്ട്. നിറം കുറഞ്ഞവർ ഇന്ന കളറേ ഉടുക്കാവൂ എന്നൊന്നുമില്ല..”

കീർത്തന അത് പറഞ്ഞതും അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഒട്ടുമിക്ക ആളുകളും തരുന്ന ഒരു ഉപദേശമാണ് നീ കറുത്തിട്ടല്ലേ ഇരുണ്ട കളർ ഒന്നും നിനക്ക് ചേരില്ല ലൈറ്റ് കളർ എടുത്താൽ മതിയെന്ന്. എന്നാൽ നിന്റെ മനസ്സിന് ഇഷ്ടപ്പെട്ട കളർ നീ എടുത്തോ എന്ന് പറയുന്നത് വളരെ ചുരുക്കം ആളുകളാണ്.

ഇങ്ങനെ നെഗറ്റീവ് പറയുമ്പോൾ ഇല്ലാതാകുന്നത് നമ്മുടെ ആത്മവിശ്വാസമാണെന്ന് ഈ കൂട്ടർ മനസ്സിലാക്കുന്നില്ല. കറുത്തു പോയത് എന്തോ വലിയ അപരാധം എന്ന മട്ടിലാണ് ഇവരുടെ സംസാരം. അക്കൂട്ടർ ക്കിടയിൽ നിന്നും കീർത്തന വ്യത്യസ്തയാണെന്ന് അവൾക്ക് മനസ്സിലായി.

കീർത്തന ആത്മവിശ്വാസം പകർന്നെങ്കിലും അവരുടെ വാക്കുകൾ ചൊരിഞ്ഞ അപകർഷതാബോധം കൊണ്ട് തന്നെ തനിക്ക് ഏറെ പ്രിയം തോന്നിയ ആ സാരി അവൾ അവിടെ ഉപേക്ഷിച്ചു.

“അരുണേട്ടന്റെയും തന്റെയും പ്രണയം വിവാഹമായിരുന്നു. മറ്റുള്ളവർ തന്റെ തൊലിയുടെ നിറത്തെ മാത്രം സ്നേഹിച്ചപ്പോൾ അരുണേട്ടൻ സ്നേഹിച്ചത് മനസ്സിനെയായിരുന്നു.

പുറമേ നിന്ന് നോക്കുന്നവർക്ക് നിറത്തിന്റെ കാര്യത്തിൽ വിലയിരുത്തുമ്പോൾ തങ്ങൾ രാവും പകലും തന്നെയാണ്. ഈ കാരണം കൊണ്ട് തന്നെയാണ് അരുണേട്ടൻ ഇഷ്ടം തുറന്നു പറഞ്ഞപ്പോൾ ആദ്യമൊക്കെ എതിർപ്പ് പ്രകടിപ്പിച്ചത്.

എന്നാൽ സ്നേഹിക്കേണ്ടത് ഹൃദയങ്ങൾ തമ്മിലാണെന്ന് മനസ്സിലായത് അരുണേട്ടന്റെ സ്നേഹം തിരിച്ചറിഞ്ഞപ്പോഴാണ് പിന്നീടത് നിരസിക്കാനും മനസ്സ് അനുവദിച്ചില്ല. തൊലി വെളുപ്പുള്ള തന്റെ മകന്റെ ഭാര്യയായി കയറി വരാൻ പോകുന്ന കുട്ടിയെ കണ്ട നാൾ മുതൽ അമ്മയുടെ മുഖത്ത് അനിഷ്ടം പ്രകടമായി തുടങ്ങിയതാണ്.

വിവാഹ ദിവസവും പല ബന്ധുക്കൾക്കിടയിലും ഇത്രയും സുന്ദരനായ അരുണിന് ഇതെവിടുന്ന് കിട്ടി ഈ പെണ്ണിനെ എന്ന രീതിയിലുള്ള നോട്ടങ്ങൾ കണ്ട് തുടങ്ങി.കറുത്തു പോയത് തന്റെ കുറ്റമാണോ…? അല്ലെങ്കിൽ കറുത്തവർക്ക് കറുത്തവർ മാത്രം എന്നും വെളുത്തവർക്ക് വെളുത്തവർ മാത്രം എന്നും ആരാണ് നമ്മുടെ പൂർവികരെ പറഞ്ഞു പഠിപ്പിച്ചത്? ”

കുറച്ചധികം ജോലിത്തിരക്കുകൾ ഉണ്ടായിരുന്നതുകൊണ്ട് തന്നെ അരുൺ വിവാഹ പർച്ചേസിന് പോയിരുന്നില്ല. വൈകുന്നേരം ജോലി കഴിഞ്ഞ് എത്തുമ്പോൾ സൗമ്യയുടെ മുഖത്ത് എന്നും കാണാറുള്ള പ്രസന്നത ഉണ്ടായിരുന്നില്ല.

“എന്തായി ഷോപ്പിംഗ് ഒക്കെ അടിച്ചുപൊളിച്ചോ?നമ്മുടെ അനിയത്തി കുട്ടി എന്തു പറയുന്നു?”

അവൾ അലമാരയിൽ നിന്നും വാങ്ങിയ ഡ്രസ്സുകൾ എല്ലാം അവനെ കാണിക്കാനായി പുറത്തെടുത്തു.

“ഏഹ് ഇതാണോ തനിക്ക് എടുത്ത സാരി?”അവൾ അത് എന്ന് തലയാട്ടി.” പക്ഷേ ഈ ലൈറ്റ് റോസ് കളർ തനിക്ക് ഒട്ടും ഇഷ്ടമല്ലല്ലോ.. പിന്നെന്തിനാ ഇത് വാങ്ങിയത്? ബ്ലൂ കളർ അല്ലേ തന്റെ ഫേവറേറ്റ്? അതെടുക്കണം എന്നല്ലേ പോകുമ്പോൾ എന്നോട് പറഞ്ഞത്? ”

മുന്നിലിരുന്ന സാരി മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ട് അവൻ ചോദിച്ചു.

“ബ്ലൂ കളർ സാരി അവിടെ ഉണ്ടായിരുന്നു. എനിക്ക് അത് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു.”

അവൾ മങ്ങിയ മുഖത്തോടെ പറഞ്ഞു.”പിന്നെന്താ അത് എടുക്കാഞ്ഞത്?””എനിക്ക് ആ കളർ ചേരില്ലെന്ന് അമ്മ പറഞ്ഞു.”

അവൾ അവിടെ നടന്നതെല്ലാം സങ്കടത്തോടെ അവനോട് പറഞ്ഞു.”അമ്മ അങ്ങനെ പറഞ്ഞതിനാണോ താനിങ്ങനെ സങ്കടപ്പെട്ട് ആ സാരി എടുക്കാതെ വന്നത്? അവരൊക്കെ ഇനിയും നേരം വെളുത്തിട്ടില്ലാത്ത ആളുകളാണ് അവരുടെ വാക്കുകൾക്ക് ഒക്കെ ആ പ്രാധാന്യം കൊടുത്താൽ പോരേ?”

“എന്നാലും അരുണേട്ടാ മറ്റുള്ളവരുടെ മുന്നിൽ വച്ച് ഇങ്ങനെയൊക്കെ പറയുമ്പോൾ എനിക്ക് എത്രമാത്രം വേദനിക്കും എന്ന് അമ്മ മനസ്സിലാക്കാത്തത് എന്താണ്? ഇന്നും ഇന്നലെയും തുടങ്ങിയതല്ല നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിലുള്ള ഈ പരിഹാസം.”

” നമ്മുടെ മോളെ ആദ്യമായി കയ്യിൽ എടുക്കുമ്പോഴും അമ്മ പറഞ്ഞത് അരുണേട്ടന് ഓർമ്മയില്ലേ?

ഹാവൂ.. എനിക്കിപ്പോഴാ സമാധാനമായത് കുഞ്ഞിന് അരുണിന്റെ നിറം തന്നെ ആയിരിക്കണമേ എന്ന് ഞാൻ പ്രാർത്ഥിച്ചതാണെന്ന്.. സൗമ്യയുടെ നിറം കിട്ടാഞ്ഞത് ഭാഗ്യം ആയെന്ന്… അപ്പോൾ കുഞ്ഞിന് എന്റെ നിറമായിരുന്നു കിട്ടിയിരുന്നെങ്കിൽ ഈ കുഞ്ഞിനോടും അമ്മ ഇങ്ങനെ പെരുമാറുമായിരുന്നോ?

അല്ലെങ്കിൽ ഇനിയൊരു കുഞ്ഞ് ഉണ്ടാവുകയാണെങ്കിൽ അതിന് ഒരല്പം നിറം കുറഞ്ഞാൽ ആ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹത്തിന് കുറവ് വരുമോ?എനിക്ക് മനസ്സിലാകുന്നില്ല അരുണേട്ടാ അരുണേട്ടന്റെ അമ്മയെ അത്രയേറെ സങ്കടം തോന്നിയതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ പറയുന്നത്… ”

അവൻ മറുപടിയൊന്നും പറഞ്ഞില്ല പകരം അവളെ ചേർത്തു പിടിച്ചു.”ഞാനാണ് തന്റെ ജീവിതപങ്കാളി. ഞാനാണ് തന്റെ കൂടെ ജീവിക്കേണ്ടതും. എനിക്കില്ലാത്ത എന്ത് പ്രശ്നമാണ് മറ്റുള്ളവർക്ക് ഉള്ളത്? എന്റെ കണ്ണിൽ താനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സുന്ദരി.

ഇങ്ങനെ മറ്റുള്ളവരുടെ വാക്കിനു പ്രാധാന്യം കൊടുത്ത് നമ്മൾ നമ്മുടെ ഇഷ്ടങ്ങൾ മാറ്റിവയ്ക്കാൻ തുടങ്ങിയാൽ പിന്നെ അതിനെ സമയം കാണൂ…ആദ്യം ഈ വേണ്ടാത്ത കോംപ്ലക്സുകൾ മനസ്സിൽ നിന്ന് എടുത്തുമാറ്റ്. നാളെ തന്നെ നമുക്ക് ആ ഷോപ്പിൽ പോകാം. തനിക്ക് ഇഷ്ടപ്പെട്ട ആ സാരി തന്നെ വാങ്ങിക്കാം കേട്ടല്ലോ വിഷമിക്കേണ്ട..”

“ഏയ്‌ അതൊന്നും വേണ്ട അരുണേട്ടാ ഞാൻ അതൊക്കെ മറന്നു. കൈകഴുകി വാ നമുക്ക് ഭക്ഷണം കഴിക്കാം.”

അവൾ അത് പറഞ്ഞ് നേരെ അടുക്കളയിലേക്ക് പോയി.പിറ്റേന്ന് രാവിലെ തിരക്ക് പിടിച്ച് അരുണിനെ ജോലിക്ക് അയക്കാൻ നേരമാണ് കിരൺ മുറിയുടെ വാതിൽക്കൽ വന്നു വിളിച്ചത്.

“ഏടത്തി ഒന്ന് ഇവിടെ വന്നേ…”അരുണിന് കൊണ്ടുപോകാൻ ഉള്ളതൊക്കെ ബാഗിൽ ആക്കി വെച്ച് അവൾ വേഗം കിരണിന്റെ അരികിലേക്ക് ചെന്നു.

“എന്താ കിരാൻ കഴിക്കാൻ എടുത്തു വയ്ക്കട്ടെ?”” ഇപ്പോൾ വേണ്ട ഏടത്തി.. ദാ ഇത് ഇന്നലെ ഏട്ടത്തിക്ക് തരാൻ പറഞ്ഞു കീർത്തന എന്റെ കയ്യിൽ തന്ന് ഏൽപ്പിച്ചതാണ്. തിരക്കിനിടയിൽ ഞാൻ അതങ്ങ് മറന്നു പോയി. ഇപ്പോൾ അവൾ വീണ്ടും വിളിച്ചു പറഞ്ഞപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. ”

അവൻ അവൾക്ക് നേരെ നീട്ടിയ കവറിലേക്ക് അന്തം വിട്ടുകൊണ്ട് സൗമ്യ നോക്കിനിന്നു.

“എന്താ കിരൺ ഇത്?””എന്താണ് എന്നൊക്കെ ഏട്ടത്തി തുറന്നു നോക്കൂ…”ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് അവൻ അവിടെ നിന്നു പോയതും അരുൺ അവളുടെ അടുത്തേക്ക് വന്നു.

“എന്താടോ അത്?””അറിയില്ല അരുണേട്ടാ..കീർത്തന എന്റെ കയ്യിൽ തരാൻ പറഞ്ഞതാണെന്നും പറഞ്ഞ് കിരൺ തന്ന് ഏൽപ്പിച്ചു പോയതാണ്.”

അവർ രണ്ടുപേരും ചേർന്ന് അത് തുറന്നു നോക്കിയതും അവളുടെ കണ്ണിൽ ഒരു നക്ഷത്രത്തിളക്കം രൂപപ്പെട്ടു. ഇന്നലെ കടയിൽ ഉപേക്ഷിച്ചു പോന്ന അതേ നീല കളർ സാരി!.

” അരുണേട്ടാ ഇതാണ്…ഈ സാരിയാണ് എനിക്കിഷ്ടപ്പെട്ട് എടുക്കാതെ പോന്നത്… എനിക്ക് അത്രയേറെ ഇഷ്ടമായി എന്ന് തോന്നിയത് കൊണ്ടാവും പാവം കീർത്തന ഞാനറിയാതെ എനിക്ക് വാങ്ങി കൊടുത്തു വിട്ടത്. ഞാൻ എങ്ങനെയാണ് കുട്ടിയോട് നന്ദി പറയേണ്ടത്? ”

ഒരു കൊച്ചു കുട്ടിക്ക് തനിക്ക് ഏറെ പ്രിയപ്പെട്ടത് എന്തോ സമ്മാനമായി കിട്ടുമ്പോഴുള്ള ആവേശത്തോടെ അവൾ അത് അരുണിനെ കാണിച്ചു. അപ്പോഴാണ് ആ സാരിയുടെ കൂടെ ചെറിയൊരു കുറിപ്പും അവളുടെ ശ്രദ്ധയിൽപ്പെട്ടത്.

” നമ്മുടെ ഇഷ്ടങ്ങൾ മറ്റാർക്കു വേണ്ടിയും മാറ്റിവയ്ക്കരുത്. കല്യാണത്തിന് ഏടത്തി ഈ സാരി തന്നെ ഉടുക്കണം അത് ഈ അനിയത്തി കുട്ടിയുടെ ആഗ്രഹമാണ്”

അത് വായിച്ചതും അവളുടെ കണ്ണുകൾ നിറഞ്ഞു.”തന്നെ മനസ്സിലാക്കാത്ത അമ്മായിയമ്മയെ കിട്ടിയാൽ എന്താ തന്റെ മനസ്സ് അറിയുന്ന ഒരു അനിയത്തിയെ തന്നെ ദൈവം തന്നില്ലേ?”

അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവൻ അവളെ കളിയാക്കി.” അതെ കൂടെ നിൽക്കാൻ കൂടപ്പിറപ്പ് ആകണമെന്നില്ല. ഇതുപോലെ മനസ്സറിയാനുള്ള മനസ്സു മാത്രം മതി. ” അവൾ പുഞ്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *