(രചന: ജ്യോതി കൃഷ്ണകുമാർ)
“” നന്നായി ആലോചിച്ചോ??? “””കുടുംബ കോടതിയിൽ നിന്ന് അനുവിനോട് ആയി ജഡ്ജ് അങ്ങനെ ചോദിച്ചപ്പോൾ അവൾ നന്നായി ആലോചിച്ചു എന്ന് തന്നെ മറുപടി പറഞ്ഞു…
“”””ഇപ്പോഴും പിരിയാൻ തന്നെയാണോ തീരുമാനം???””അതിനവൾ അതെ എന്ന് മറുപടി നൽകി… അടുത്തത് വിപിനോട് ആയിരുന്നു ചോദ്യം..
“” ഇതു തന്നെയാണോ നിങ്ങളുടേയും അഭിപ്രായം “””അയാൾ അനുവിനെ ഒന്ന് നോക്കി എന്നിട്ട് അതെ എന്ന് യാന്ത്രികമായി തലയാട്ടി..
ആറു മാസം ആയിട്ടും തീരുമാനത്തിന് മാറ്റമില്ലെങ്കിൽ നമുക്ക് ഫർദർ നടപടികളിലേക്ക് കടക്കാം..
നിസ്സംഗമായ ഭാവമായിരുന്നു വിപിന്റെ മുഖത്ത്… അനു പക്ഷേ വളരെ ത്രില്ലിലായിരുന്നു ഡിവോഴ്സ് അനുവദിച്ച് കിട്ടുന്നതിന്റെ…
പറഞ്ഞ ഇടത്ത് എല്ലാം യാതൊരു എതിർപ്പും കൂടാതെ തന്നെ അയാൾ ഒപ്പിട്ടു കൊടുത്തു… അതുകഴിഞ്ഞ് അനുവിന്റെ ഊഴമായിരുന്നു അവളും ഏറെ ആവേശത്തോടെ കൂടി ഒപ്പുകൾ ഇട്ടു..
ഡിവോഴ്സ് അനുവദിച്ച കിട്ടിയതും ഒരു വിജയിയുടെ ഭാവത്തോടെ അനു കാറിൽ കയറിപ്പോയി.. അതിന് മുമ്പായി കെട്ടിയ താലി തിരികെ ഏല്പിച്ചിരുന്നു..
വിപിൻ എന്ന് കൊത്തിയ ശംഖ് താലിയിലേക്കവൻ വെറുതെ ഒന്ന് നോക്കി..
മെല്ലെ അത് മൂക്കിൽ വച്ചു.. ഇപ്പോഴും തനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ട് അതിലെ തന്റെ വിയർപ്പിന്റെ ഗന്ധം..
താനൊരിക്കൽ ചോര നീരാക്കി വാങ്ങിയതാണിത്…ചെറിയൊരു തുണിക്കട… അതാണ് ആകെ വരുമാനം.. പക്ഷെ ഇത് വാങ്ങിയത് അത്രമേൽ സന്തോഷത്തോടെ ആയിരുന്നു… പ്രിയപ്പെട്ടവൾക്കായി….
ഓർമ്മകൾ പുറകിലേക്കോടി…രണ്ട് പെങ്ങന്മാരെയും ഓരോ കയ്യിൽ ഏല്പിച്ചപ്പോഴേക്ക് വയസ്സ് മുപ്പത്തി അഞ്ച് ആയിരുന്നു..സ്വന്തം കാര്യം ചിന്തിച്ചത് അപ്പോഴാണ്..
ഒരു ബ്രോക്കർ വഴി വന്ന ആലോചനയായിരുന്നു അനുവിന്റേത്… അച്ഛനും അമ്മയും രണ്ടു കുട്ടികളും മൂത്തൊരു ആണ് താഴെ പെണ്ണും..
മൂത്തയാൾ ഒരു പെൺകുട്ടിയെ വിളിച്ച് വീട്ടിൽ കയറി വന്നു…വീട്ടുകാർ അവരെ ഇരു കയ്യും നീട്ടി സ്വീകരിച്ചെങ്കിലും അവർക്ക് ഇളയ മകളെ പറ്റി ആധിയായി… ഇനി അവൾക്ക് നല്ല ഇടത്തുനിന്നും ഒരു കല്യാണാലോചന വരില്ല എന്ന് വിചാരിച്ചാണ് അവർക്ക് ഇരുന്നത്..
അപ്പോഴാണ് വിപിന്റെ ആലോചന കൊണ്ടുചെന്നത് … പത്തു പതിമ്മൂന്നു വയസിന് മൂത്തതാണ് ആണെങ്കിൽ പോലും അവർ സമ്മതിച്ചു….
അജഗജാന്തര വ്യത്യാസം ഉണ്ടായിരുന്നു അനു വിപിനും തമ്മിൽ… അനുവിന്റെ സങ്കൽപ്പത്തിലെ ഭർത്താവ് അല്ലായിരുന്നു വിപിൻ…
പക്ഷേ അവൾക്ക് തുറന്നുപറയാനും… അല്ലെങ്കിൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറാനും ഒരു അവസരം കിട്ടിയില്ല
എല്ലാവരും ഉപദേശം കൊണ്ട് മൂടി കാരണം ഏട്ടൻ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്ന് താ ഴ്ന്ന ജാ തി ക്കാ രി പെൺകുട്ടിയായിരുന്നു എല്ലാവർക്കും ചൂണ്ടിക്കാണിക്കാൻ ഉള്ളത്…
ഇത് നാട്ടിൻപുറം ആണെന്നും ഇവിടെ ഇത്തരത്തിലുള്ളതൊന്നും ആരും അംഗീകരിക്കില്ലെന്നും…. ഇത് ഒരു ചീത്ത പേര് തന്നെയാണെന്നും…
നല്ല കുടുംബത്തിൽ നിന്നും ആലോചന ഇനി വരില്ല എന്നും പറഞ്ഞപ്പോൾ അവളും അതിനു വഴങ്ങി… ഇഷ്ടം ഇല്ലായിരുന്നെങ്കിൽ കൂടി…
പെങ്ങമ്മാരുടെ കല്യാണം കഴിഞ്ഞ് ബാധ്യതകൾ എല്ലാം തീർന്നപ്പോഴേക്കും ആകെ തകർന്നു പോയിരുന്നു വിപിൻ…
എങ്കിലും അനുവിനെ കണ്ടപ്പോൾ അയാൾക്ക് വല്ലാതങ്ങ് ബോധിച്ചു…നിഷ്കളങ്കയായ ഒരു പാവം പെൺകുട്ടിയായി തോന്നി അയാൾക്ക്… അയാളുടെ പെങ്ങമ്മാരെ പോലെ തന്നെ ഒരു പാവം കുട്ടി.
പിന്നീട് അവൾക്കായി ഓരോന്ന് ഒരുക്കുന്ന ദൃതിയിൽ ആയിരുന്നു അയാൾ.. വീടാകെ മോടിപിടിപ്പിച്ചു അതും ഇല്ലാത്ത പണം മുടക്കി… അവൾക്ക് ധരിക്കാൻ ധാരാളം ഡ്രസ്സുകളും ആഭരണങ്ങളും വാങ്ങിവെച്ചു…
പിന്നീട് കാത്തിരിപ്പായിരുന്നു അവൾ സ്വന്തമാക്കാൻ വേണ്ടി…. വിവാഹം കഴിഞ്ഞു. ആദ്യത്തെ രസം ഒന്നും പിന്നീട് ജീവിതത്തിൽ ഉണ്ടായില്ല..
ഓരോ ദിവസം ചെല്ലും തോറും വിപിൻ പഴഞ്ചൻ സ്വഭാവം അനുവിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു..
അവൾ അയാളെ തിരുത്താൻ ശ്രമിച്ചു അയാളും അവർക്ക് വേണ്ടി സ്വയം പരിഷ്കാരങ്ങൾ സ്വീകരിച്ചു…
മുണ്ട് മാത്രം കൊടുത്തിരുന്ന ആൾ അവൾക്ക് വേണ്ടി ജീൻസ് ഇട്ടു… ടൂവീലർ ഓടിക്കാൻ പഠിച്ചു… സ്വന്തമായി ഒരു ടൂവീലർ അടവിന് മേടിച്ചു…
എത്രയൊക്കെ മാറിയിട്ടും അനുവിന് അയാളെ ഒട്ടും അംഗീകരിക്കാൻ പറ്റിയിരുന്നില്ല…അവൾ എല്ലായ്പ്പോഴും വിപിനേ തന്റെ മറ്റു കൂട്ടുകാരികളുടെ ഭർത്താക്കൻമാരുമായി താരതമ്യം ചെയ്തു…
അപ്പോഴൊക്കെയും വിപിൻ ഇരുന്ന തട്ട് പൊന്തി തന്നെയിരുന്നു അവളുടെ മനസ്സിൽ അയാൾക്കുള്ള വിലയും…. പിന്നീടത് ഇഷ്ടക്കേട് ആയി അത് പിന്നെ പൊരുത്തക്കേട് ആയി.. ആദ്യം ചെറിയ രീതിയിൽ തട്ടലും മുട്ടലും പിന്നീടത് വലിയ രീതിയിലേക്ക് കടന്നു…
എന്തിനും ഏതിനും അവർ കുറ്റം മാത്രം കണ്ടുപിടിച്ചു.. വിപിനെ അമ്മയെ പോലും രൂക്ഷമായ വാക്കുകൾകൊണ്ട് കൂടി..
കുറെയൊക്കെ വിപിൻ നിസഹായനായി നോക്കിനിന്നു… അള മുട്ടിയപ്പോൾ അയാൾ പ്രതികരിക്കാൻ തുടങ്ങി….
ഒരു ദിവസം വാക്കേറ്റം അതിരു കടന്നപ്പോൾ അയാള് അറിയാതെ ഒന്നു കൈവെച്ചു.. അതുമതിയായിരുന്നു അവൾക്ക് പിണങ്ങി പോരാൻ.. കുറേ അവളെ തിരിച്ചു വിളിച്ചെങ്കിലും അവൾ അതൊന്നും ചെവി കൊണ്ടില്ല…
ഡിവോഴ്സ്””” എന്ന ഒരൊറ്റ നിർബന്ധത്തിൽ അവൾ കടിച്ചു തൂങ്ങി..അപ്പോഴും വിപിൻ എല്ലാം ശരിയാവും എന്ന് പ്രത്യാശിച്ചു… അവളുടെ ഉള്ളി നാമ്പിട്ട തന്റെ കുഞ്ഞിനെ അവൾ നശിപ്പിച്ചു കളയുന്നത് വരെ…
പിന്നെ ഒരു തരം മരവിപ്പ് ആയിരുന്നു വിപിനിനു…..എത്ര സ്നേഹിച്ചിട്ടും തിരിച്ചറിയാത്തവളെ ഓർത്ത്.. തന്റെ സ്നേഹത്തിനു വില കൽപിക്കാത്തവളെ ഓർത്ത്..
തന്റെ കുഞ്ഞിനെ പോലും നിഷേധിച്ചവളുടെ കൂടെ ഇനിയൊരു ജീവിതം അതിൽ അർത്ഥം ഇല്ലെന്നു തോന്നി… അയാളും സമ്മതിച്ചു ബന്ധം പിരിയാൻ… എന്നിട്ടും ഉള്ളിൽ എവിടെയോ ഒരു നീറ്റൽ അവശേഷിച്ചു..
അതല്ലേലും അങ്ങനെ ആണല്ലോ ഇഷ്ടപ്പെട്ടു പോയവർ എത്ര തന്നെ വേദനിപ്പിച്ചാലും അവരങ്ങു പിരിഞ്ഞു പോകുമ്പോൾ ഉള്ള് വല്ലാതെ പിടയും..
മറക്കാൻ ശ്രെമിക്കും തോറും ആ മുഖം മിഴിവോടെ തെളിയും…നാളുകൾ നീണ്ടു….ഭർത്താവ് മരിച്ച ഒരു പാവപ്പെട്ട പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു ഒരിക്കൽ…
ശരണ്യ “””” അതായിരുന്നു അവളുടെ പേര്….തന്റെ തുണികടയിൽ ജോലിക്കായി വന്നവൾ ആയിരുന്നു… ചോദിച്ചപ്പോൾ അവൾക്ക് ഞെട്ടൽ ആയിരുന്നു.. അവൾക്ക് അതിനുള്ള അർഹത ഇല്ലെന്ന്…
നിർബന്ധിച്ചു സമ്മതിപ്പിക്കേണ്ടി വന്നു…എല്ലാവരും ഒരുപോലെ അല്ലെന്ന് മനസിലാക്കി തന്നു അവൾ..
സ്നേഹത്തിലൂടെ… സ്നേഹം കൊണ്ട്മുറിപ്പെട്ടിടം സ്നേഹിച്ചു കരിയിക്കാം എന്നും…
പിന്നെ വസന്തം ആയിരുന്നു ജീവിതത്തിൽ… എങ്കിലും ഇടക്കെന്നോ അവൾ ചോദിച്ചിരുന്നു അനുവിനെ അത്രക്കും ഇഷ്ടാരുന്നല്ലേ എന്ന്..
അല്ല എന്ന് കളവു പറഞ്ഞില്ല… പക്ഷെ ഒരു ഉറപ്പ് കൊടുത്തിരുന്നു.. ഇപ്പോ മനസ്സിൽ നീ മാത്രേ ഉള്ളൂ എന്ന്..
ഒരിക്കൽ എപ്പോഴോ വഴിയിൽ നിന്നും കണ്ടു അനുവിനെ, ഹോം നേഴ്സ് ആയി പോകുകയാണ് എന്ന് അവൾ പറഞ്ഞു…ആകെ കോലം കെട്ട്..ശരണ്യയെ നോക്കി,“”ഇതാണോ വിപിനേട്ടന്റെ???”” എന്ന് ചോദിച്ചു..
“”മ്മ് “” എന്നു മാത്രം മൂളി.. ശരണ്യയെയും കൂട്ടി കൊണ്ട് നടന്നു..വീട്ടിൽ അവളുടെ ഏട്ടനും ഭാര്യയും സമാധാനം കൊടുക്കാത്തതിനാൽ ആകെ പ്രശ്നത്തിലാണ് എന്ന് പിന്നീട് അറിഞ്ഞു….
പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. ചിലതൊക്കെ ചിലർ സ്വയം ഇരന്നു വാങ്ങുന്നതാണ്…