(രചന: J. K)
“” ചലനമറ്റ അയാളുടെ ശരീരം കാണും തോറും ദേഹം തളരുന്നുണ്ടായിരുന്നു അവൾക്ക്.. കരഞ്ഞു തളർന്ന ഒരു കുഞ്ഞി പെണ്ണിനെ മാറോട് ചേർത്ത് അവൾ തേങ്ങി…
ആരൊക്കെയോ പറഞ്ഞിരുന്നു എടുക്കാനായി എന്ന്.. അതോടെ പുറകിലേക്ക് മലച്ചു വീണു…
കണ്ണ് തുറന്നപ്പോൾ ചുറ്റും സഹതാപ മുള്ള കുറെ കണ്ണുകളെ കണ്ടു..ചിലരൊക്കെ എന്റെ അവസ്ഥ പറഞ്ഞു ദുഖിക്കുന്നത് കേട്ടു ഒന്നും ചെവിയിലേക്ക് കയറുന്നുണ്ടായിരുന്നില്ല…
ഉള്ളിൽ മുഴുവൻ മാളവിക എന്ന് തികച്ചു വിളിക്കാതെ തന്നെ മാളു എന്ന് വിളിക്കുന്നവന്റെ മുഖമായിരുന്നു സ്വരമായിരുന്നു..കൂടെ ജീവിച്ചും സ്നേഹിച്ചും കൊതി തീർന്നിരുന്നില്ല…
മിഴികൾ ഇറുകെ ചിമ്മി അപ്പോഴും കുഞ്ഞി പെണ്ണ് ഉറക്കത്തിൽ നിന്ന് ചിണുങ്ങുന്നുണ്ടായിരുന്നു അവളെ കാണുമ്പോഴാണ് ഏറെ സങ്കടം രണ്ട് വയസ്സ് ആയിട്ടുള്ളൂ..
എല്ലാത്തിനും അച്ഛൻ മതി.. ഇനി… ദിവസം രണ്ടു കഴിഞ്ഞപ്പോഴേക്കും അവിടെയുള്ളവരുടെ ഭാവം മാറി തുടങ്ങിയിരുന്നു..
അനിലേട്ടനെ പേടിച്ച് ആരൊക്കെ തന്നോട് ഇതുവരെ എതിർത്തൊന്നും പറയാതിരുന്നുവോ അവരൊക്കെ ഇപ്പോൾ തലപൊക്കിയിരിക്കുന്നു..
അമ്മയും അനിലേട്ടന്റെ പെങ്ങളും എല്ലാം…“”” അതെ ഇവിടെ ഇങ്ങനെ നിന്ന് മറ്റുള്ളവർക്ക് ബാധ്യതയാവാം എന്ന് ആരും കരുതണ്ട.. അല്ലെങ്കിൽ തന്നെ ഇത് അവന്റെ കുഞ്ഞൊന്നുമല്ല ഞങ്ങൾ നോക്കാൻ.. “”
അമ്മ തെളിച്ചു തന്നെ പറഞ്ഞു.. ഇതുവരെ അനിലേട്ടനാണ് ആ വീട്ടിലെ എല്ലാവരുടെയും കാര്യം നോക്കിയിരുന്നത് പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുണ്ട് എന്നൊരു പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ
പെങ്ങൾക്കും രണ്ട് മക്കൾക്കും ഭർത്താവിനും ചെലവിന് കൊടുത്തിരുന്നത് ഇതുവരെയും അനിലേട്ടനാണ് ഇനി അങ്ങനെ ഒരാൾ അവിടുത്തെ ചെലവ് ചുമക്കാൻ ഇല്ലല്ലോ എന്ന് ഭയമാണ്..
തന്നെയുമല്ല താനും മകളും ഇനി ഒരു ബാധ്യതയാകുമോ സ്വത്തു തരേണ്ടി വരുമോ എന്നൊക്കെയുള്ള പേടി..
ചുമരിൽ മാലയിട്ട് തൂക്കിയ ഫോട്ടോയിൽ ഇരിക്കുന്ന ആളെ ഒന്നുകൂടെ നോക്കി..നെഞ്ച് പിടയുന്നതുപോലെ..
സ്കൂളിൽ പഠിക്കുന്ന കാലം മുതലേ അനിലേട്ടനോടുള്ള ഇഷ്ടം മനസ്സിലുണ്ട് പക്ഷേ എല്ലാവർക്കും എതിർപ്പായിരുന്നു രണ്ടു വീട്ടുകാർക്കും അതുകൊണ്ടുതന്നെ ആ വിവാഹം നടന്നില്ല…
അനിലേട്ടൻ വിളിച്ചാൽ ഇറങ്ങി വരാം എന്ന് ഉറപ്പു കൊടുത്തതിനെ തുടർന്ന് അനിലേട്ടൻ എന്നെ കൂട്ടിക്കൊണ്ടുപോകാൻ വന്നു. പക്ഷേ എല്ലാം വീട്ടിലറിഞ്ഞു പ്രശ്നമായി…
പിടിച്ച് പിടിയാലേ മറ്റൊരാൾക്ക് കഴുത്ത് നീട്ടേണ്ടി വന്നു.. എല്ലാം വിധിയായിരുന്നു അയാൾ ആകട്ടെ അനിലേട്ടന്റെ കാര്യം പറഞ്ഞ് കല്യാണം കഴിഞ്ഞത് മുതൽ ഒരു സമാധാനവും തന്നിട്ടില്ല എങ്ങനെയോ ഗർഭിണിയായി..
അതും അനിലേട്ടന്റെ കുഞ്ഞാണെന്ന് പറഞ്ഞായിരുന്നു ഉപദ്രവം.. ആരൊക്കെയോ വഴി എന്റെ കാര്യങ്ങളെല്ലാം അനിലേട്ടൻ അറിഞ്ഞിരുന്നു..
ഒരു ദിവസം കുടിച്ചു വന്ന്എന്നേ ഉപദ്രവിക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ടാണ് എന്നെയും വിളിച്ച് അവിടെ നിന്നും ഇറങ്ങിയത്..
എന്റെ വീട്ടിൽ കൊണ്ട് ചെന്നാക്കി അവളെ കൊല്ലാൻ കൊടുത്തിരിക്കുകയാണോ…??എന്ന്..
ചോദിച്ചു, പക്ഷേ എന്തൊക്കെ തന്നെ ആയാലും എന്റെ വീട്ടിൽ എന്നെ സ്വീകരിക്കാൻ തയ്യാറായില്ല….
അവരുടെ മുന്നിൽ അനിലേട്ടൻ ചെയ്തതായിരുന്നു തെറ്റ് എന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വിളിച്ച് ഇറക്കി കൊണ്ടുവന്നത്…
ആ നേരത്ത് അങ്ങനെ അദ്ദേഹം ചെയ്തില്ലായിരുന്നുവെങ്കിൽ ഞാനും എന്റെ വയറ്റിൽ വളരുന്ന കുഞ്ഞും എല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതായേനെ..
അവിടെ നിന്നും ആങ്ങളമാർ ഇറക്കിവിട്ടു അച്ഛനും അമ്മയും മൗനംപാലിച്ചു പുതിയൊരു അറിവായിരുന്നു അത് വിവാഹം കഴിച്ചിറക്കി വിട്ടാൽ പിന്നെ സ്വന്തം വീട്ടിൽ പോലും അന്യയാകും എന്നത്..
അനിലേട്ടൻ പിന്നെ പറഞ്ഞത് നീ വിഷമിക്കേണ്ട നിനക്ക് ഞാനുണ്ട് എന്നായിരുന്നു.
ഇല്ല ഞാൻ ഗർഭിണിയാണ് എന്നെ എവിടെയെങ്കിലും കൊണ്ടുപോയി ആക്കാൻ പറഞ്ഞിട്ട് ആ മനുഷ്യൻ സമ്മതിച്ചില്ല..
എന്റെ കുഞ്ഞായി അത് വളരും.. ഞാൻ എന്റെ സ്നേഹം അതിന് കൊടുക്കില്ല എന്ന് നിനക്ക് ഉറപ്പുണ്ടെങ്കിൽ മറ്റെവിടെയെങ്കിലും പോകാം അതെല്ലാം എന്നെ വിശ്വാസമാണെങ്കിൽ എന്റെ കൂടെ വരാൻ എന്ന് പറഞ്ഞപ്പോൾ പിന്നെ എനിക്ക് മറ്റൊന്നും ചിന്തിക്കാൻ ഇല്ലായിരുന്നു…
ഞാൻ അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി..അവിടെയും വല്ലാത്ത അവസ്ഥയായിരുന്നു ആ ഒരു മനുഷ്യനെ ചൂഷണം ചെയ്തു കൊണ്ട് കുറെ ജന്മങ്ങൾ…
ഒളിഞ്ഞും തെളിഞ്ഞും ഞാൻ ചെന്നതിന്റെ മുറുമുറുപ്പ് അവിടെയുള്ളവരെല്ലാം അറിയിച്ചിരുന്നു.
ഇത് എന്റെ ഭാര്യയാണ് അവളുടെ വയറ്റിൽ കിടക്കുന്നത് എന്റെ കുഞ്ഞും അവർ ഇവിടെ തന്നെ കാണും അതിന് എതിരുള്ളവർക്ക് ഇവിടെ നിന്നും ഇറങ്ങാം…
അല്ലെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ എവിടെയെങ്കിലും മാറി താമസിച്ചോളാം എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആ വീട് ശാന്തമായി പിന്നീട് അതിനെതിരായി ഒരു അക്ഷരം പോലും അവിടെ നിന്നും കേട്ടില്ല….
അദ്ദേഹത്തിന്റെ മുന്നിൽ ചിരിച്ചു കാണിച്ച് പലരും ഉള്ളിൽ എന്നോടുള്ള വിദ്വേഷം കടിച്ചമർത്തി…
അറിയാമായിരുന്നു ചുറ്റും വിഷ സർപ്പങ്ങളാണ് എന്ന് എങ്കിലും അദ്ദേഹത്തിന്റെ തണലിൽ ഞങ്ങളുടെ ജീവിതം ആരംഭിച്ചു….
ഏറെ കഴിയാതെ ഞാനൊരു പെൺകുഞ്ഞിനു ജന്മം കൊടുത്തു… പിന്നെ നിലത്ത് അല്ലായിരുന്നു അദ്ദേഹം സ്വന്തം ചോരയിൽ പിറന്ന കുഞ്ഞല്ലാഞ്ഞിട്ടു പോലും ആ കുഞ്ഞിനെ താഴത്തും തലയിലും വയ്ക്കാതെ അദ്ദേഹം നോക്കി…സന്തോഷത്തിന്റെ നാളുകൾക്ക് അവധി വരാൻ അധികം ഒന്നും താമസിച്ചില്ല…
ജാനി മോൾക്ക് പനിയായിരുന്നു… രാത്രി കൂടിക്കൂടി അവൾ കിടന്നു വിറയ്ക്കാൻ തുടങ്ങി അത് കണ്ടിട്ട് സഹിക്കാഞ്ഞിട്ടാണ് ബൈക്കും എടുത്ത് രാത്രി തന്നെ അദ്ദേഹം പുറത്തേക്ക് പോയത് മരുന്നും മേടിച്ചിട്ട് വരാം എന്ന് പറഞ്ഞത് പോയത് അവസാനത്തേതായിരുന്നു എന്ന് ആരും അറിഞ്ഞില്ല…
ഒരു ലോറി വന്ന് ബൈക്കിനു പുറകിൽ ഇടിക്കുകയായിരുന്നത്രേ…ഞങ്ങളുടെ ജീവൻ ജീവിതം എല്ലാം ഒരുമിച്ച് പൊലിഞ്ഞു പോയി..
കുഞ്ഞിനുള്ള ഭക്ഷണം എടുക്കുമ്പോൾ പോലും കുത്തു വാക്കൾ കേൾക്കാൻ തുടങ്ങി. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല അവളെയും എടുത്ത് ഇറങ്ങി…
സ്വന്തം വീട്ടിലേക്ക് പോകാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല, മനസ്സും..അതുകൊണ്ടാണ് അവിടെയുള്ള പള്ളി വക ഓർഫനേജിൽ പോയി സഹായം അഭ്യർത്ഥിച്ചത്.. അവിടെ കഴിഞ്ഞോളാൻ അവർ സമ്മതിച്ചു…
ഇനി മകൾക്ക് വേണ്ടി ഒരു ജീവിതം. അത്ര മാത്രമേ ആഗ്രഹിക്കുന്നുള്ളൂ..അനിലേട്ടൻ ഉള്ളപ്പോൾ പൊന്നുപോലെ നോക്കിയിരുന്ന അമ്മ ഇപ്പോൾ പുറമെ പണിക്ക് പോവുകയാണ് എന്ന് അറിഞ്ഞു..
മകളും ഭർത്താവ് അവരുടെ ഒരു കാര്യവും നടത്തി കൊടുക്കില്ല എന്ന്… ഒരു രൂപ പോലും കൊടുക്കില്ല..
ഒരു കഷായം വാങ്ങാൻ പോലും സ്വന്തമായി അധ്വാനിക്കേണ്ട ഗതിയാണ് ഇപ്പോൾ..
പെങ്ങൾ പണ്ടത്തെപ്പോലെ തന്നെ മേലനങ്ങാതെ അവിടെ നിൽക്കുകയാണ്…
അവിടേം എല്ലാ ജോലിയും അമ്മയുടെ തലയ്ക്ക് തന്നെ… ഒരു രക്ഷയും ഇല്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഭർത്താവ് ഇപ്പോൾ ജോലിക്ക് പോകുന്നുണ്ടത്രേ..
ഒരിക്കൽ അമ്മ എന്നെ കാണാൻ വന്നിരുന്നു എന്നോട് ചെയ്തതിന് മാപ്പ് ചോദിക്കാൻ..
കാര്യം എന്തൊക്കെ പറഞ്ഞാലും അനിലേട്ടന് അമ്മ എന്നുവച്ചാൽ ജീവനായിരുന്നു ആ കോലം കണ്ടപ്പോൾ മനസ്സ് നൊന്തു എന്നോട് എന്തൊക്കെ കാണിച്ചാലും വലിയ മനുഷ്യന്റെ അമ്മയല്ലേ ..
സിസ്റ്റർമാരോട് അനുവാദം ചോദിച്ച് അമ്മയെ കൂടി കൂടെ നിർത്താനുള്ള അനുവാദം വാങ്ങി..അശരണരായവർക്കുള്ള സ്ഥാപനം ആയതുകൊണ്ട് അവർ സമ്മതിച്ചു…
ഇപ്പോൾ അമ്മ എന്റെ കൂടെയുണ്ട് ആദ്യത്തെ പോലെയല്ല എന്നെയും മോളെയും ജീവനുതുല്യം സ്നേഹിച്ചു കൊണ്ട്…