ആളത്ര വെടിപ്പല്ല എന്നാണ് അറിഞ്ഞത് സാറേ.. പെണ്ണ് കേസിൽ ഇച്ചിരി മിടുക്കൻ ആണ്… പിന്നെ അല്ലറ ചില്ലറ അലമ്പ് പരിപാടികൾ ഒക്കെ ഉണ്ട്… ”

ബന്ധങ്ങൾ
(രചന: സൃഷ്ടി)

” എന്തായി സുമേഷേ.? ഇന്നലെ കാണാൻ പോയ പെണ്ണിന്റെ അവിടന്ന് വിളിച്ചോ? “വേലിയ്ക്കപ്പുറത്തു നിന്നു അടുത്ത വീട്ടിലെ മറിയുമ്മ വിളിച്ചു ചോദിച്ചപ്പോൾ സുമേഷ് വിളറി ചിരിച്ചു.

” അതൊന്നും നമുക്കു ശെരിയാവില്ല ഉമ്മാ “സുമേഷിന്റെ മുഖത്തെ സങ്കടം അവരുടെ മനസ്സിലും വിങ്ങലായി. അയല്പക്കത്തെ പയ്യൻ ആണെങ്കിലും അവൻ സ്വന്തം മകൻ തന്നെയാണ്. തന്റെ മകൻ യൂസഫിനേക്കാൾ രണ്ടു വയസ്സിനിളപ്പമാണ് അവന്.

യൂസഫ് തന്നെയും അവന്റെ ഭാര്യ സുലേഖയേയും മക്കളെയും ഇവിടെ നിർത്തി സമാധാനത്തോടെ അക്കരെ നിൽക്കുന്നത് സുമേഷ് ഉള്ള ധൈര്യത്തിലാണ്. ഏത് പാതിരാത്രി ആണെങ്കിലും എന്ത് കാര്യത്തിനും അവൻ ഓടി വരും. യാതൊരു മടിയും കൂടാതെ തനിക്കൊരു മകനായും സുലേഖയ്ക്ക് ഒരാങ്ങളയായും അവനുണ്ടാവും.

ടൗണിൽ പെയിന്റടിയുടെ പണിയാണ് സുമേഷിനു. വയസ്സ് മുപ്പത് ആയിട്ടും ശരിയാവാത്ത അവന്റെ വിവാഹം മറിയുമ്മയ്ക്ക് ഒരു വേദന തന്നെയാണ്. സുമേഷിന്റെ വീട്ടിൽ ആവട്ടെ..

അതിലൊരു ചൂടുമില്ല. അവന്റെ വീട്ടിൽ അമ്മയും രണ്ട് സഹോദരിമാരുമാണ് ഉള്ളത്. അതിൽ മൂത്തവൾ വിധവയാണ്. അവളുടെ ഭർത്താവ് മരിച്ചത് മുതൽ രണ്ടു ആൺകുട്ടികളുമായി അവൾ അവിടെ തന്നെയാണ് താമസം.

ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് തന്നെ അവൾ അവന്റെ കുടുംബവീട്ടിൽ ഒത്തുപോകില്ലായിരുന്നു. അവൾക്ക് അവർ ഭർത്താവിന്റെ ഓഹരിയായി കൊടുത്ത സ്ഥലത്തു പലരുടെയും സഹായം കൊണ്ടും ഗവണ്മെന്റ് സഹായം കൊണ്ടും ബാക്കി സുമേഷ് സഹായിച്ചും ഒരു ചെറിയ വീട് വെച്ചിട്ടുണ്ട്.

പക്ഷേ അവൾ അങ്ങോട്ട് താമസം മാറിയില്ല എന്ന് മാത്രം. ചേച്ചിയ്ക്ക് എന്തുതോന്നും എന്നോർത്ത് സുമേഷും അവളോട് മാറാൻ പറഞ്ഞില്ല. അവൾ അടുത്തൊരു കടയിൽ നിൽക്കാൻ പോകുന്നുണ്ട് എങ്കിലും വീട്ടിലെ ചെലവൊക്കെ സുമേഷ് തന്നെയായിരുന്നു.

അവളെക്കാൾ ഇളയവളും കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവിന്റെ വീട്ടിൽ നിൽക്കാറില്ല. അവളുടെ ഭർത്താവ് ഗൾഫിൽ ആണ്. അവന്റെ അമ്മ പോരെടുക്കും എന്നും പറഞ്ഞു അവളും സ്വന്തം വീട്ടിൽ തന്നെയായിരുന്നു സ്ഥിര താമസം.

ഇടയ്ക്ക് എപ്പോളെങ്കിലും വിരുന്നു കാരിയെ പോലെ ഭർത്താവിന്റെ വീട്ടിൽ ഒന്ന് പോയി വരും. അവളോടും കടുപ്പിച്ചു എന്തെങ്കിലും പറയാൻ സുമേഷിനു ധൈര്യം ഉണ്ടായിരുന്നില്ല.

സുമേഷിന്റെ അമ്മയ്ക്കാണെങ്കിൽ പെണ്മക്കൾ കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവനൊരു കുടുംബം ഉണ്ടായാൽ പെണ്മക്കളുടെ സുഖ ജീവിതം തടസപ്പെടുമോ എന്ന ചിന്ത കാരണം അവർ അവനൊരു കുടുംബം ഉണ്ടാകുന്നതിൽ പലപ്പോളും വിമുഖത കാട്ടി.

സുമേഷിന്റെ കൂട്ടുകാര് മുൻകൈ എടുത്തു അവനെ പലയിടത്തും പെണ്ണുകാണാൻ കൊണ്ടുപോകും. പലർക്കും അവന്റെ പഠിപ്പും ജോലിയും പ്രശ്നമാണ്. ചിലർ അത് ഇഷ്ടപ്പെട്ടാലും വീട്ടിൽ സ്ഥിരമായി നിൽക്കുന്ന പെങ്ങന്മാരെ കാണുമ്പോൾ ആലോചന അലസും. ഇനി എല്ലാം ഒത്തുവന്നാൽ അമ്മയോ പെങ്ങന്മാരോ അത് മുടക്കും. അങ്ങനെ സുമേഷിന്റെ വിവാഹക്കാര്യം എങ്ങുമെത്താതെ ആയി.

പല രാത്രികളിലും സുമേഷിനുള്ളിലെ പുരുഷന്റെ ഹൃദയം ആർദ്രമായി തേങ്ങും. കൂട്ടുകാരെല്ലാം ഭാര്യമാരും മക്കളുമായി ജീവിക്കുന്നത് കാണുമ്പോൾ കടുത്ത നിരാശ അവന്റെ ഉള്ളിൽ നിറയും. എല്ലാ ദുഖങ്ങളും അവന്റെ ഉള്ളിൽ തന്നെ എരിഞ്ഞു തീരും…

അന്ന് മറിയുമ്മ സുമേഷിനെ വീട്ടിലേയ്ക്ക് വിളിപ്പിച്ചത് വലിയ സന്തോഷത്തോടെ ആയിരുന്നു.

” എടാ സുമേഷേ.. സുലേഖന്റെ അനിയത്തിയുടെ ഒരു കൂട്ടുകാരി ഉണ്ട്. അതിനു ഒരമ്മ മാത്രേ ഉള്ളൂ. പൈസയൊക്കെ കുറവാണ്. നല്ല കുട്ടിയാണ്. അത്യാവശ്യത്തിനു പഠിപ്പും കാണാൻ നല്ല ചേലും ഉണ്ട്. ഞാൻ കണ്ടതാണ്. നിന്റെ കാര്യം ഞാൻ പറഞ്ഞു. സുലേഖ ഓരെ ഫോട്ടോയും കാണിച്ചു. അവർക്ക് സമ്മതമാണ്. ഇയ്യ്‌ ഓളെ കെട്ടണം ”

മറിയുമ്മ പറഞ്ഞപ്പോൾ സുമേഷ് ആകെ അന്താളിച്ചു പോയി. അവന് എന്ത് പറയണം എന്നറിഞ്ഞില്ല.” അതിപ്പോ ഉമ്മാ

” അതിനൊന്നുല്ല. നോക്ക്.. ഇനിയ്ക്ക് ഇയ്യും യൂസഫും ഒരുപോലെയാണ്. ഇയ്യിനി ഇങ്ങനെ നടന്നാൽ പറ്റൂല്ല. അവസാനം ഒറ്റയ്ക്കാവും. ഉമ്മാനെ അനക്ക് വിശ്വാസം ഇല്ലേ? “അവൻ മറിയുമ്മയുടെ കൈ പിടിച്ചമർത്തി. ഇരുവരുംടെയും കണ്ണ് നനഞ്ഞിരുന്നു.

സുലേഖ കൊടുത്ത അഡ്രസ്സിൽ സുമേഷ് ചെല്ലുമ്പോൾ കൂടെ കൂട്ടുകാരനായ ജോർജും ഉണ്ടായിരുന്നു. വളരെ ചെറിയ എന്നാൽ നല്ല വൃത്തിയും വെടുപ്പുമുള്ള വീട്. മറിയുമ്മ പറഞ്ഞ ആളാണ്‌ എന്ന് പറഞ്ഞപ്പോൾ അവിടത്തെ അമ്മ സ്നേഹത്തോടെ വിളിച്ചിരുത്തി. സാധുവായ ഒരു സ്ത്രീ. അവർ മകളെ വിളിച്ചു.

രമ്യ എന്നാണ് അവളുടെ പേര്. കാഴ്ചയിൽ സുന്ദരി. ഡിഗ്രിവരെ പഠിച്ചു. പ്രീപ്രൈമറി ടീച്ചേർസ് ട്രൈനിംഗ് കഴിഞ്ഞു.

” സ്ത്രീധനമായി ഒന്നും തരാൻ ഞങ്ങൾക്ക് നിവർത്തിയില്ല.. വളരെ ബുദ്ദിമുട്ടിലാണ് ”

രമ്യ തുറന്നു പറഞ്ഞപ്പോൾ ഇഷ്ടം കൂടിയതേയുള്ളൂ. ഇത് വിട്ടുകളയരുത് എന്ന് ജോർജ് കൂടി പറഞ്ഞപ്പോൾ വാക്കുറപ്പിച്ചു പോന്നു. വീട്ടിൽ അറിയുമ്പോൾ അമ്മയും ചേച്ചിമാരും സന്തോഷിക്കും എന്ന് കരുതിയ സുമേഷിനു തെറ്റി. അവരോട് ചോദിക്കാതെ വാക്ക് കൊടുത്തതിനു അവർ ശകാരിക്കുകയാണ് ചെയ്തത്.

അങ്ങനെയൊരു കല്യാണം നടക്കില്ല എന്നവർ തീർത്തും പറഞ്ഞു. ഈ ആലോചന കൊണ്ടുവന്ന മറിയുമ്മയെ പോലും വല്യേച്ചി ചീത്ത പറഞ്ഞപ്പോൾ ആദ്യമായി അവനിലും വാശി ഉണ്ടായി. ആരെതിർത്താലും രമ്യയെ വിവാഹം കഴിക്കുമെന്ന് അവനും തറപ്പിച്ചു പറഞ്ഞു.

സുമേഷിന്റെ അങ്ങനെയൊരു ഭാവം കണ്ട് അവന്റെ അമ്മ ആദ്യമൊന്നു പകച്ചു. പിന്നെ അനുനയത്തിൽ പലതും പറഞ്ഞു നോക്കി. പക്ഷേ അവന്റെ പിടിവാശിയ്ക്ക് മുന്നിൽ അവർക്ക് തോൽക്കേണ്ടി വന്നു. അവനെ പിണക്കാൻ അവർക്ക് സാധിക്കില്ലായിരുന്നു. അവനായിരുന്നല്ലോ കുടുംബത്തിന്റെ ചിലവ് നോക്കിയിരുന്നത്.

അങ്ങനെ തൊട്ടടുത്ത ദിവസങ്ങളിൽ ഒന്നിൽ സുമേഷ് രമ്യയുടെ കഴുത്തിൽ താലി ചാർത്തി. സുമേഷിന്റെ വധുവായി രമ്യ അവന്റെ വീട്ടിൽ എത്തി.

” അമ്മയ്ക്കും ചേച്ചിമാർക്കും അത്ര സമ്മതം ഒന്നും ഇല്ലായിരുന്നു കല്യാണത്തിന്. അവർ എന്തെങ്കിലും പറഞ്ഞാലും നീ കാര്യമാക്കണ്ട. എന്നോട് പറയണം. പിന്നെ അധികമായി നിന്നെ വല്ലതും പറഞ്ഞാൽ ഒന്നും സഹിച്ചു നിൽക്കേം ചെയ്യണ്ട ”

ആദ്യരാത്രിയിൽ സുമേഷ് രമ്യയോട് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.” ഇവിടെ സൗകര്യങ്ങൾ ഒക്കെ കുറവാണ്. ഒത്തിരി ബാധ്യതകൾ ഉണ്ട്. എല്ലാം മെല്ലെ ശരിയാക്കാം ട്ടോ ”

സുമേഷ് ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞപ്പോൾ അവൾക്ക് അവനോട് ബഹുമാനം തോന്നി.

ദിവസങ്ങൾ കടന്നുപോയി.. സുമേഷിനു അധികം ദിവസം ലീവ് എടുക്കാനൊന്നും പറ്റിയില്ല. അവൻ ജോലിയ്ക്ക് പോയി തുടങ്ങി. രമ്യ അവനിൽ പുതിയ ഒരുനർവ്വ് ആയിരുന്നു. തന്നെ സ്നേഹിക്കാനും കാത്തിരിക്കാനും പ്രണയിക്കാനും ഒക്കെ ഒരാളുള്ളത് എത്ര മനോഹരമായ അനുഭൂതിയാണെന്ന് സുമേഷ് തിരിച്ചറിഞ്ഞു. അവൻ രമ്യയെ ഒരുപാട് സ്നേഹിച്ചു.

അധികം വൈകാതെ തന്നെ വീട്ടിലെ അവസ്ഥയൊക്കെ രമ്യയ്ക്ക് മനസ്സിലായി. അമ്മയുടെയും പെങ്ങന്മാരുടെയും ഭരണമാണ്. മൂത്ത പെങ്ങൾ രാവിലെ ആയാൽ കടയിലേക്ക് പോകും. പിന്നെ സന്ധ്യയ്ക്കാണ് വരുന്നത്. വന്നാൽ പിന്നെ ഭക്ഷണം കഴിക്കലും വിശ്രമവും മാത്രം.

അവളുടെ കുട്ടികളെ സ്കൂളിൽ വിടുന്നത് പോലും അമ്മയാണ്. ഇളയ പെങ്ങൾ സദാ സമയവും മുറിയിലാണ്. ഒന്നുകിൽ അവളുടെ ഭർത്താവിനെ ഫോൺ ചെയ്യൽ. അല്ലെങ്കിൽ ആ ഫോണിനായുള്ള കാത്തിരിപ്പ്. ജോലികൾ ഒക്കെ അമ്മയാണ് ചെയ്യുന്നത്. അവർ പെണ്മക്കളെ തന്നെ വിചാരിച്ചിരിക്കുന്ന ഒരു സ്ത്രീ ആണെന്ന് അവൾക്ക് എളുപ്പം മനസ്സിലായി. അവിടെ മൊത്തത്തിൽ ഒരു അഴിച്ചുപണി വേണമെന്നും..

” സുമേഷ് ഒരു പാവമാണ് മോളേ.. നീ വേണം അവനൊരു ബലമായി നിൽക്കാൻ “അവളെ കാണുമ്പോളൊക്കെ മറിയുമ്മ ഉപദേശിച്ചു. അവളും ചിലതൊക്കെ തീരുമാനിച്ചുറച്ചു. അതിന്റെ ആദ്യപടിയായിരുന്നു അമ്മയുമായി അടുക്കൽ.ആദ്യമൊക്കെ ആയമ്മ ഇടഞ്ഞു തന്നെ ആയിരുന്നു.

രമ്യയെ ഒട്ടും ഗൗനിച്ചില്ല. പക്ഷേ അവൾ വിട്ടില്ല. അമ്മേ അമ്മേ എന്നും വിളിച്ചും ഓരോന്ന് ചോദിച്ചും അവരുടെ പുറകെ നടന്നു. പെണ്മക്കൾ രണ്ടും കൊടുക്കാത്ത കരുതലും സ്നേഹവും പരിഗണനയും ഒക്കെ അവൾ ആയമ്മയ്ക്ക് കൊടുത്തു.

സ്വന്തം അമ്മയായി കണ്ടു തന്നെ. സ്നേഹത്തിനു മുന്നിൽ മുട്ട് മടക്കാത്തവർ ആരാണ്? മറ്റെല്ലാ വിരോധവും മറന്നു അവർ അമ്മായിയമ്മയും മരുമകളും അടുത്തു. അല്ലെങ്കിലും പൈസയുടെ കുറവല്ലേ അവൾക്കുള്ളൂ എന്ന് അവർ ചിന്തിച്ചു. തന്റെ പ്രയാസങ്ങൾ കണ്ടറിഞ്ഞു പെരുമാറുന്ന മരുമകൾ അവർക്ക് മകൾ തന്നെയായിരുന്നു..

അധികം താമസിയാതെ അടുത്തുള്ളൊരു പ്രീ പ്രൈമറി സ്കൂളിൽ അവൾക്ക് ജോലി കിട്ടി. ജോലിയ്ക്ക് പോകുന്നതിനു മുൻപേ എല്ലാ ജോലിയും തീർത്തു പോകുന്ന അവൾ ആയമ്മയ്ക്ക് ഒരു അതിശയമായിരുന്നു.

എന്തുകൊണ്ട് തന്റെ മകൾ അങ്ങനെ ചെയ്യുന്നില്ല എന്നവർ ആദ്യമായി ചിന്തിച്ചു. തന്റെ പ്രായമോ അവശതയോ കണക്കിലെടുക്കാത്ത സ്വന്തം പെണ്മക്കളോട് ആദ്യമായി അവർക്ക് നീരസം തോന്നി.

അന്ന് വൈകീട്ട് അത്താഴം കഴിഞ്ഞു സുമേഷ് എല്ലാവരെയും വിളിച്ചു കൂട്ടി.” എല്ലാവരോടും ഒരു കാര്യം.. രമ്യയുടെ വീടിനു മുകളിൽ ബാങ്കിൽ ഒരുപാട് ബാധ്യതകൾ ഉണ്ടായിരുന്നു. അതുകൊണ്ട് ആ വീട് വിറ്റ് എല്ലാ കടവും തീർക്കാൻ ബാങ്ക് തീരുമാനിച്ചു. ”

” അയ്യോ.. അപ്പൊ ഇവളുടെ അമ്മ എന്ത് ചെയ്യും സുമേഷേ? “” ആ.. അതാ പറഞ്ഞു വരുന്നത്.. അല്ലെങ്കിലും ഇവളുടെ അമ്മയെ അവിടെ അങ്ങനെ ഒറ്റയ്ക്ക് ആക്കുന്നത് ശരിയല്ലല്ലോ.. അപ്പൊ അമ്മയെ കൂടി ഇങ്ങോട്ട് കൊണ്ടുവരാൻ തീരുമാനിച്ചു. ”

” ഏഹ്.. ഇങ്ങോട്ടോ? ഇവിടെ അതിനുള്ള സൗകര്യം ഉണ്ടോടാ? നമ്മള് തന്നെ.. “” ആ.. ഞാൻ പറയട്ടെ അമ്മേ.. സന്ധ്യ മനോജേട്ടന്റെ വീട്ടിലേയ്ക്ക് പോട്ടെ.. ഇവൾ എത്രകാലം എന്ന് കരുതിയാ ഇനിയും ഇവിടെ നിൽക്കുന്നത്.? മനോജേട്ടന് മാനക്കേടല്ലേ? ”

” ആ.. നേരാ.. കെട്ടിച്ചു വിട്ടാൽ പിന്നെ അവിടെ നിൽക്കണം. “അമ്മ കൂടി സുമേഷിനെ അനുകൂലിച്ചത് കണ്ട് സന്ധ്യ അന്തം വിട്ടു. പിറ്റേന്ന് തന്നെ എല്ലാവരോടും മുഖം വീർപ്പിച്ചു സന്ധ്യ ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോയി. രമ്യയുടെ അമ്മ കൂടി സുമേഷിന്റെ വീട്ടിൽ എത്തി. അമ്മമാർ രണ്ടുപേരും പെട്ടെന്ന് തന്നെ കൂട്ടായി.

” ഞങ്ങൾ അടുത്താഴ്ച ഞങ്ങളുടെ വീട്ടിലേയ്ക്ക് മാറിയാലോ എന്നാണ്.. എന്നായാലും വേണ്ടാതല്ലേ? ”

ഒരു ദിവസം സുമേഷിന്റെ മൂത്ത പെങ്ങൾ സജിത പറഞ്ഞു. എല്ലാവരും അതിനെ അനുകൂലിച്ചു. സുമേഷ് തന്നെ മുൻകൈ എടുത്തു അവർക്ക് വേണ്ട സൗകര്യങ്ങൾ ഒക്കെ ചെയ്തു കൊടുത്തു.

” ചേച്ചിയ്ക്ക് എന്താവശ്യത്തിനും ഞങ്ങൾ ഉണ്ട്.. ഒരു ഫോൺ വിളിയുടെ അകലമേയുള്ളൂ “സജിതയുടെ കയ്യിൽ പിടിച്ചു രമ്യ പറഞ്ഞപ്പോൾ സജിത പുഞ്ചിരിച്ചു.

അന്ന് രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ ചേർന്നു കിടക്കുമ്പോൾ രമ്യ ഓർത്തു. ഇനിയാണ് തങ്ങളുടെ ജീവിതം തുടങ്ങാൻ പോകുന്നത്. ബന്ധങ്ങൾ എല്ലാം വേണം. എന്നാൽ എല്ലാത്തിനും പരിധി വേണം.

ചിലർ ഒരിക്കലും മനസ്സിലാക്കില്ല അവരേ മുതലെടുക്കുകയാണ് എന്ന്.. അപ്പോൾ ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പലതും ചെയ്യേണ്ടി വരും.. അതിൽ തെറ്റില്ല. അവളോർത്തു. പിന്നെ മെല്ലെ കണ്ണുകൾ മൂടി.

Leave a Reply

Your email address will not be published. Required fields are marked *