എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി.

(രചന: ശ്രീജിത്ത് ഇരവിൽ)

എല്ലാം കയ്യീന്ന് പോയി…! എന്റെ പുതിയ പ്രേമം ഭാര്യ കയ്യോടെ പിടിച്ചു. ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്ത് പോകുന്നത് പോലെ ചെവിയിൽ പിടിച്ചവളെന്നെ ഹാളിലെ സോഫയിലിരുത്തി.

‘എന്ന് തൊട്ട് തുടങ്ങിയതാണിത്…?’എന്റെ ഫോണും പിടിച്ചെന്നെ നോക്കാതെയാണ് അവളത് ചോദിച്ചത്…

‘നീ കരുതുന്നത് പോലെയൊന്നുമില്ലെന്റെ സുജേ… അത് ഓഫീസിലെ ചില കാര്യങ്ങൾ…’

ഞാൻ മുഴുവിപ്പിക്കുന്നതിന് മുമ്പവൾ എന്നെ അതിമനോഹരമായി ഒന്നാട്ടി. അവളുടെ പല്ലിൽ തട്ടി തെറിച്ചയുമി നീരെന്റെ മൂക്കിന്റെ തുമ്പത്തങ്ങനെ തിളങ്ങി നിന്നു.

‘ പിന്നേ… ഓഫീസ്…! ഉമ്മ കച്ചവടവും.. പാട്ട് പാടലൊക്കെയാണല്ലോ ഓഫീസിൽ…’

സുജ അടങ്ങുന്ന ലക്ഷണമില്ല. എന്റെ മുന്നിൽ നിന്ന് തന്നെ അവളെന്റെ കാമുകിയെ ഫോണിൽ വിളിച്ച് നിനക്കൊക്കെ കറക്കിയെടുക്കാൻ ഇങ്ങേരെ മാത്രമേ കിട്ടിയുള്ളൂവെന്ന് ചോദിച്ച് തട്ടിക്കയറി.

എന്റെയല്ലേ കാമുകി…! പടക്ക കടക്ക് തീ പിടിച്ചത് പോലെയായിരുന്നു പിന്നീടവരുടെ സംസാരം.

അവസാനം ഫോൺ കട്ട്‌ ചെയ്ത് സുജയെന്നോടൊരു കാര്യം വ്യക്തമായിട്ട് ചോദിച്ചു. ഒന്നുകിൽ താൻ… അല്ലെങ്കിൽ അവൾ… ഇപ്പോൾ പറയണമെന്ന് പറഞ്ഞ് താടിക്കൊരു തട്ടും തന്ന് എന്നെയൊരു യക്ഷിയെ പോലെ തുറിച്ച് നോക്കി.

‘നീ സുജേ… നീ മാത്രം… എന്നോട് ക്ഷമിക്ക്..’ഉറഞ്ഞ് തുള്ളിയ അപസ്മാരക്കാരിക്കൊരു കഷ്ണം ഇരുമ്പ് കിട്ടിയത് പോലെ അവളപ്പോൾ ശാന്തമായി.

ഇനിയിങ്ങനെയൊന്നും ആവർത്തിക്കില്ലായെന്നും കൂടി പറഞ്ഞപ്പോൾ ഇതവസാന താക്കീതാണെന്നും പറഞ്ഞ് അവളെഴുന്നേറ്റ് അടുക്കളയിലേക്ക് പോകുകയും ചെയ്തു…

സുജയോട് പറഞ്ഞത് പോലെ നാലഞ്ച് ക്ഷമാപണം കാമുകിയോടും നടത്തിയപ്പോൾ അവിടേയും ശാന്തം.

സുജക്ക് ഞാനെന്നാൽ ജീവനാണ്. അതുകൊണ്ടാണ് എനിക്കവളെ പിരിയാൻ പറ്റാത്തത്.

പക്ഷേ…..! കാമുകി…! രണ്ടുപേരേയും എനിക്ക് നഷ്ട്ടപ്പെടുത്താൻ വയ്യ. സുജയ്ക്ക് മുമ്പ് വിവാഹം വരെ ചെന്ന് നിന്നയൊരു പൂർവ്വബന്ധമുണ്ട് എനിക്കുമെന്റെ ഈ കാമുകിക്കുമിടയിൽ.

ചില തെറ്റിദ്ധാരണകൾ കൊണ്ട് വേർപിരിഞ്ഞ അവൾ വീണ്ടും വന്നെന്റെ ഹൃദയത്തിൽ മുട്ടിയപ്പോൾ എനിക്കെന്തുകൊണ്ടോ തുറക്കാതിരിക്കാൻ സാധിച്ചില്ല.

അങ്ങനെ രണ്ടുപേരോടുമുള്ള പ്രേമം മൂത്ത് ഭ്രാന്താകുമെന്നയൊരു അവസ്ഥ വന്നപ്പോൾ ഞാനെന്റെ ഉറ്റ സുഹൃത്തുക്കളുമായിത് പങ്കുവെച്ചു. ലോകോത്തര തമാശ കേട്ടത് പോലെ അവറ്റകളെല്ലാം കുടുകുടാന്ന് ചിരിച്ചു.

ഒടുവിലൊരു പകലിൽ ഞാനെന്റെ കാമുകിയോട് ഞാൻ അനുഭവിക്കുന്ന മാനസിക സംഘർഷം തുറന്നു പറഞ്ഞു.

അത് സാധ്യമല്ലെന്നും നിയമപരമായി സുജയുമായി ബന്ധം വേർപ്പെടുത്തിയെന്റെ കഴുത്തിലൊരു മിന്ന് കെട്ടിയാലേ നമ്മുടെ ബന്ധമിനി തുടരുകയുള്ളൂവെന്നും അവൾ പറഞ്ഞു.

എനിക്ക് വേണ്ടി നീയത് ചെയ്യുമെന്നും ഞാൻ നിന്നെ വിശ്വസിക്കുന്നുവെന്നും ജീവനോളം സ്നേഹിക്കുന്നുവെന്നും കൂടി പറഞ്ഞിട്ടാണ് അവളന്ന് പോയത്.

അന്നേ നാൾ രാത്രിയിൽ ഞാൻ സുജയോട് വളരേ പാടുപെട്ടെന്റെ ധർമ്മ സങ്കടം മുഴുവനും ബോധിപ്പിച്ചു. ഞാൻ പ്രതീക്ഷിച്ചത് പോലെയൊരു ചീറ്റലും പൊട്ടിത്തെറിയുമൊന്നും സംഭവിച്ചില്ല.

മഷി തണ്ട് കിട്ടാതെ പിണങ്ങിയ ഒരു കുട്ടിയെപ്പോലെ അവൾ മുഖം തിരിഞ്ഞ് കിടന്നു. അവളുടെ പിണക്കവുമെനിക്ക് സഹിക്കാൻ പറ്റില്ല. ഞാനവളുടെ അരയിലൂടെ കൈകളിട്ടവളെ എന്നിലേക്കടുപ്പിച്ചു. അവളെതിർത്തില്ല.

നീ തന്നെയിതിനൊരു പരിഹാരം കണ്ടെത്തി തരണമെന്ന് ഞാനവളുടെ കാതുകളിൽ കെഞ്ചി. നിനക്കവളെ പിരിയാൻ പറ്റുന്നില്ലെങ്കിൽ കെട്ടിയിങ്ങോട്ട് കൊണ്ട് വന്നോയ്യെന്നവൾ തിരിഞ്ഞ് കിടന്നുകൊണ്ട് പറഞ്ഞു.

അതെനിക്ക് സുജയിൽ നിന്നും പ്രതീക്ഷിക്കാവുന്നതിനും അപ്പുറമുള്ളയൊരു പ്രതികരണമായിരുന്നു..

നിന്നിലുള്ളയെന്റെയൊരു അവകാശങ്ങളേയും വിലക്കാതിരുന്നാൽ മതിയെന്നും കൂടി പറഞ്ഞവളെന്റെ മാറിലേക്ക് മുഖം പൂഴ്ത്തി വിങ്ങി. അവളുടെ കണ്ണീരിന്റെ ചൂട് തട്ടിയെന്റെയുള്ള് പൊള്ളി..!

പിരിയാൻ പറ്റുന്നില്ലായെന്ന ഒറ്റ കാരണം കൊണ്ട് തന്റെ പുരുഷനെ പങ്കുവെക്കാൻ തീരുമാനിക്കുന്നയൊരു പെണ്ണിന്റെയുൾ നിലവിളി കണ്ണീരിൽ പുരണ്ടെന്റെ നെഞ്ചിൽ വീണതാണെന്ന് എനിക്ക് മനസ്സിലായി.

അതെന്റെ ബോധത്തെ ഉണർത്തിയെന്ന് തന്നെ പറഞ്ഞാൽ മതിയല്ലോ…. അവൾ അങ്ങനെയെന്റെ മാറിൽ മുഖമമർത്തി കിടക്കുമ്പോൾ തന്നെ ഞാനെന്റെ കാമുകിയെ ഫോണിൽ വിളിച്ചു.

സുജയെ വേദനിപ്പിച്ചിട്ട് നീയുമായൊരു ജീവിതമെനിക്ക് പറ്റില്ലെന്നും എന്നോട് ക്ഷമിക്കൂവെന്നും ഞാൻ അവളോട് പറഞ്ഞു.

കാമുകിയോട് സംസാരിച്ച് ഫോൺ വെച്ചതിന് ശേഷമെന്റെ കണ്ണുകളറിയാതെ നിറഞ്ഞുപോയി. കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സുജയപ്പോഴെന്റെ മാറിൽ നിന്ന് തല ഉയർത്തിയെന്നെ ഉറ്റുനോക്കുകയായിരുന്നു.

ഞാനവളുടെ മുഖമെന്റെ കൈകൾക്കൊണ്ട് പൊതിഞ്ഞാ കണ്ണുകളിൽ ചുംബിച്ചു. അവളെന്നെ മുറുക്കെ കെട്ടിപ്പിടിച്ചെന്റെ കഴുത്തിലും മുഖത്തും കാതിലുമൊക്കെയായി തുരുതുരാന്നുമ്മ വെച്ചു.

ചുംബനങ്ങളുടെ പെരുമഴയായിരുന്നുവാ രാത്രിയിൽ മുറിയിൽ പെയ്തത്… ഒരു ജീവിക്ക് തന്റെ പ്രാണൻ തിരിച്ച് കിട്ടിയാലുണ്ടാകുന്ന സന്തോഷമായിരുന്നു രാത്രിമുഴുവനവൾക്ക്.

സ്വർഗ്ഗമെന്നൊന്നുണ്ടെങ്കിൽ അതെനിക്കീ ഭൂമിയിലെ പരേതനായ നാരയാണന്റെ മൂത്ത മോൾ സുജയിലാണെന്ന് ഞാനിപ്പോൾ പരിപൂർണ്ണമായി വിശ്വസിക്കുന്നു..!!!

Leave a Reply

Your email address will not be published. Required fields are marked *