നിന്നെപ്പോലൊരു ദരിദ്ര്യവാസിയെ ചുമക്കേണ്ട ഗതികേട് എനിക്കില്ല.” ദർശനയുടെ മുടിക്കുത്തിൽ നിന്നും പിടിവിട്ട് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ എടുത്ത് സിം കാർഡ് വലിച്ചൂരി രണ്ടായി ഒടിച്ചു

(രചന: Sivapriya)

“അമ്മേ വിനുവേട്ടൻ എന്നെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട്. അമ്മയൊന്ന് അച്ഛനോട് വിനുവേട്ടനെ വിളിച്ചു സംസാരിക്കാൻ പറയ്യ്. അച്ഛൻ പറഞ്ഞിട്ടും എന്നെ തല്ലുവാണെങ്കിൽ നിങ്ങള് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ട് പോവോ. അല്ലെങ്കിൽ വിനുവേട്ടന്റെ അടികൊണ്ടു ഞാൻ മരിച്ചു പോവും.”

ഫോണിലൂടെ അമ്മയെ വിളിച്ചു കരഞ്ഞു കൊണ്ട് ദർശന അത് പറയുമ്പോൾ മകളെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ജയന്തി ഒരുനിമിഷം മൗനയായി.

“അച്ഛനോട് ഞാൻ പറയാം മോളെ വിനീതിനെ വിളിച്ചൊന്ന് സംസാരിക്കാൻ. കുടിക്കുമ്പോഴല്ലേ അവൻ നിന്നെ ദേഹോപദ്രവം ചെയ്യണത്. അല്ലാത്തപ്പോ പ്രശ്നം ഒന്നൂല്ലാലോ അല്ലെ.” ജയന്തി ചോദിച്ചു.

“ഇപ്പൊ കുടിച്ചാലും ഇല്ലെങ്കിലും ദേഷ്യം വന്നാൽ നല്ല അടിയും ചവിട്ടും ഒക്കെ കിട്ടും. എനിക്കീ വേദന ഒന്നും സഹിക്കാൻ വയ്യമ്മേ.”

“ഒക്കെ ശരിയാവും മോളെ.. നീ കരയാതെ, അച്ഛനോട്‌ ഇന്ന് തന്നെ വിളിക്കാൻ പറയാം.”

“ഏട്ടൻ വന്നൂന്ന് തോന്നുന്നു. ഞാൻ ഫോൺ വയ്ക്കാട്ടോ.” ജയന്തിയുടെ മറുപടിക്ക് കാതോർക്കാതെ അവൾ വേഗം കാൾ കട്ട്‌ ചെയ്തു.

വിനീതിന്റെയും ദർശനയുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം ആകുന്നേയുള്ളു. വിനീത് സർക്കാർ ഉദ്യോഗസ്ഥനാണ്. ദർശന എഞ്ചിനീയറിംഗ് അവസാന വർഷമാണ്.

പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇരുപത്തി രണ്ട് വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നെ മുപ്പത് കഴിയണമെന്ന് ജാതകം നോക്കി ജ്യോത്സ്യൻ പ്രവചിച്ചതിനെ തുടർന്നാണ് ബ്രോക്കർ വഴി വന്ന വിനീതിന്റെ ആലോചന അവർ ഉറപ്പിച്ചത്.

ഇരുനില വീടും, ഗവണ്മെന്റ് ഉദ്യോഗവും, മറ്റ് സാമ്പത്തിക ബാധ്യതകൾ ഒന്നുമില്ലാത്ത, കാണാൻ സുന്ദരനുമായ പയ്യനുമാണ് വിനീത് എന്ന് അറിഞ്ഞപ്പോൾ ദർശനയുടെ വീട്ടുകാർ ഹാപ്പി ആയി.

പെണ്ണ് കാണാൻ പയ്യൻ വന്നപ്പോൾ ദർശനയ്ക്കും ചെക്കനെ ഇഷ്ടപ്പെട്ടു. വിവാഹ ശേഷവും ദർശന പഠിത്തം തുടരുന്നതിൽ തനിക്ക് പ്രശ്നം ഇല്ലെന്ന് വിനീത് പറഞ്ഞപ്പോൾ എല്ലാവർക്കും ആ ബന്ധം ഇഷ്ടമായി.

നൂറു പവൻ സ്വർണ്ണവും അഞ്ചു ലക്ഷം രൂപ ബാങ്ക് ഡെപ്പോസിറ്റും ഒരു കാറുമാണ് സ്ത്രീധനമായി വിനീതിന്റെ വീട്ടുകാർ ആവശ്യപ്പെട്ടത്.

വിനീതിന്റെ അനിയത്തിക്ക് ഇരുന്നൂറ് പവനും അഞ്ചു ലക്ഷം രൂപയും ഒരു കാറുമാണ് തങ്ങൾ സ്ത്രീധനമായി നൽകിയതെന്നും അതിൽ കൂടുതലോ അല്ലെങ്കിൽ അത്രയും തന്നെ സ്ത്രീധനവുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് വിനീതിന്റെ അച്ഛനും അമ്മയും ദർശനയുടെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർ അത് അംഗീകരിച്ചു.

കല്യാണ സമയത്ത് അമ്പത് പവൻ സ്വർണ്ണവും മൂന്നു ലക്ഷം ബാങ്ക് ഡെപ്പോസിറ്റും ഒരു കാറും ദർശനയുടെ അച്ഛൻ ദിവാകരൻ സ്ത്രീധനമായി അവൾക്ക് നൽകി. ബാക്കി തുകയും അമ്പത് പവനും ഒരു വർഷത്തിനുള്ളിൽ തന്നെ കൊടുക്കാമെന്നും പറഞ്ഞു.

അതിൽ രണ്ടു ലക്ഷം രൂപയും ഇരുപത് പവനും മാത്രമേ ഒരു വർഷം കൊണ്ട് കൊടുക്കാൻ കഴിഞ്ഞുള്ളൂ. അതിന്റെ പേരിൽ കഷ്ടതകൾ അനുഭവിക്കുന്നത് ദർശനയാണ്. ഇത്രയും സ്വർണ്ണവും പണവും ഉണ്ടാക്കാൻ തന്നെ അച്ഛൻ എത്ര ബുദ്ധിമുട്ടി എന്നത് അവൾ കണ്ടതാണ്.

അതുകൊണ്ടുതന്നെ സ്ത്രീധന ബാക്കിയെ ചൊല്ലിയാണ് തന്നെ വിനീത് അടിക്കേം ഇടിക്കേം ഒക്കെ ചെയ്യുന്നതെന്ന് വീട്ടിൽ പറയാൻ അവൾക്ക് മനസ്സ് വന്നില്ല. ദർശനയുടെ അനിയൻ ദിൽജിത്ത്‌ എഞ്ചിനീയറിംഗ് രണ്ടാം വർഷമാണ് പഠിക്കുന്നത്. അവനെ പഠിപ്പിക്കാനും അച്ഛന്റെ കൈയ്യിൽ പൈസ വേണം.

അവന്റെ പഠിപ്പിനായി മാറ്റി വച്ചിരിക്കുന്ന തുക കൂടി തനിക്കായി തന്ന് കഴിഞ്ഞാൽ അവന്റെ പഠിത്തം അവതാളത്തിലാകും. അതുകൊണ്ട് വിനീതിന്റെ പീഡനം സഹിച്ചു കഴിയുകയാണ് അവൾ. ഒട്ടും സഹിക്കാൻ പറ്റാതായപ്പോഴാണ് അമ്മയെ വിളിച്ചു സങ്കടം പറഞ്ഞത്.

ആദ്യമൊക്കെ കുടിച്ചു വരുമ്പോഴായിരുന്നു അടിയും ഉപദ്രവവുമൊക്കെ. ഇപ്പൊ തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കും അടിയും തുടങ്ങിയിട്ടുണ്ട്.

“നീ നിന്റെ വീട്ടിൽ വിളിച്ചു പറയുമല്ലേ ഞാൻ നിന്നെ ഇവിടെ ഇട്ട് തല്ലുന്നത്.” മുറിയിലേക്ക് വന്ന വിനീത് ദർശനയുടെ മുടിക്കുത്തിൽ കടന്ന് പിടിച്ചു കൊണ്ട് ചോദിച്ചു.”വിനുവേട്ടാ എനിക്ക് വേദനിക്കുന്നു… എന്നെ വിട്.” ദർശന അലറിക്കരഞ്ഞു.

“എന്റെ കൂടെ നിനക്കവിടെ സുഖമായി കഴിയണമെങ്കിൽ ആദ്യം നിന്റെ അച്ഛൻ തരാമെന്ന് പറഞ്ഞ മുഴുവൻ സ്ത്രീധന തുക കൊണ്ട് തരട്ടെ. ഒരു വർഷത്തിനുള്ളിൽ തരാമെന്ന് പറഞ്ഞതാ. ഇനി മുപ്പതു പവൻ സ്വർണ്ണം കൂടി ബാക്കിയുണ്ട്. വീട്ടിൽ വിളിച്ചു പരാതി പറഞ്ഞപ്പോൾ ഇത് കൂടി പറയാത്തെന്ത്?”

“അച്ഛൻ ഇപ്പൊ നല്ല സാമ്പത്തിക ബുദ്ധിമുട്ടിലാണ്. വിനുവേട്ടൻ കുറച്ചു സാവകാശം കൊടുത്താൽ അച്ഛൻ പറഞ്ഞ സ്ത്രീധന ബാക്കി എല്ലാം വൈകാതെ തരും. എന്റെ കാര്യം മാത്രം അല്ലല്ലോ അനിയന്റെ പഠിത്തം കൂടി അച്ഛന് നോക്കണ്ടേ.”

“എങ്കിൽ പിന്നെ അത് കിട്ടുന്ന വരെ നീ എല്ലാം സഹിച്ചു ഇവിടെ കിടക്കേണ്ടി വരും. എന്തായാലും ഇനി നീ ഫോൺ ഉപയോഗിക്കണ്ട. നീ വീട്ടിലോട്ട് വിളിക്കാതാവുമ്പോൾ അവരിങ്ങോട്ട് അന്വേഷിച്ചു വരുമല്ലോ.

അപ്പൊ ഞാൻ നേരിട്ട് ചോദിച്ചോളാം. ഉടനെ തരാൻ ഉദ്ദേശമില്ലെങ്കിൽ നിന്നെ നിന്റെ വീട്ടിൽ തന്നെ കൊണ്ട് വിടും ഞാൻ.

നിന്നെപ്പോലൊരു ദരിദ്ര്യവാസിയെ ചുമക്കേണ്ട ഗതികേട് എനിക്കില്ല.” ദർശനയുടെ മുടിക്കുത്തിൽ നിന്നും പിടിവിട്ട് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ എടുത്ത് സിം കാർഡ് വലിച്ചൂരി രണ്ടായി ഒടിച്ചു നിലത്തിട്ട ശേഷം ഫോൺ അലമാരയിൽ വച്ചു പൂട്ടിയിട്ട് വിനീത് പുറത്തേക്കിറങ്ങി പോയി.

എല്ലാം കണ്ട് പൊട്ടിക്കരയാൻ മാത്രമേ അവൾക്കായുള്ളു. ഇനി എങ്ങനെ വീട്ടിലേക്ക് വിളിക്കുമെന്ന് അറിയാതെ അവൾ സങ്കടപ്പെട്ടു.

“എന്താ ദച്ചു സുഖമില്ലേ നിനക്ക്.” പിറ്റേ ദിവസം ക്ലാസ്സ്‌ മുറിയിൽ ബെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന ദർശനയെ കണ്ട് കൂട്ടുകാരി അനില അവളുടെ അടുത്ത് വന്നിരുന്നു ചോദിച്ചു.

“വീട്ടിൽ എന്നും പ്രശ്നം ആണെടി. വിനുവേട്ടന്റെ ഉപദ്രവം കൂടി വരുന്നു. ദേ കണ്ടില്ലേ എന്റെ കയ്യിലൊക്കെ സിഗരറ്റ് പൊള്ളിച്ചു വച്ചേക്കുന്നത്.” ചുരിദാറിന്റെ കൈ മടക്ക് അൽപ്പം ഉയർത്തി തലേ ദിവസം രാത്രി അവൻ ഏൽപ്പിച്ച പൊള്ളൽ അവൾ അനിലയ്ക്ക് കാണിച്ചു കൊടുത്തു.

“നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടേ. എന്തിനാ അയാളുടെ അടിയും ഇടിയും സഹിക്കുന്നത്.” അനിലയ്ക്ക് ദേഷ്യം വന്നു.

“അച്ഛൻ കുറേ കഷ്ടപ്പെട്ടാണ് എന്റെ വിവാഹം നടത്തിയത്. ഒരു വർഷം ആയപ്പോഴേക്കും ഞാൻ പിണങ്ങി വീട്ടിൽ ചെന്നാൽ അത് അവരെ എങ്ങനെ ബാധിക്കുമെന്ന് എനിക്കറിയില്ലെടി. ഇപ്പൊ തന്നെ വിനുവേട്ടന് അച്ഛൻ പറഞ്ഞ സ്ത്രീധനത്തിൽ മുപ്പത് പവനോളം കൊടുക്കാനുണ്ട്. ആ പേരും പറഞ്ഞാണ് ഉപദ്രവം.”

“സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് നിനക്ക് അറിയില്ലേ. പഠിപ്പും വിവരവും ഉള്ള നീ തന്നെ ഇതിനൊക്കെ കൂട്ട് നിക്കുന്നോ.?”

“അതൊക്കെ പറച്ചിൽ മാത്രേ ഉള്ളു അനിലേ. മിക്കവരും സ്ത്രീധനം ചോദിച്ചു വാങ്ങിയാണ് പെണ്ണിനെ കെട്ടുന്നത്. ഗവണ്മെന്റ് ഉദ്യോഗസ്ഥൻ അല്ലെ എന്റെ ഭാവി സുരക്ഷിതമാകുമല്ലോന്ന് കരുതിയാണ് അച്ഛൻ ഈ വിവാഹം നടത്തി വച്ചത്. ആദ്യമൊക്കെ നല്ല സ്നേഹത്തോടെ ആയിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. പിന്നെ പിന്നെ ഇങ്ങനെ ആയി..

ഏട്ടന്റെ അച്ഛനും അമ്മയും പോലും എന്നെ അടിക്കുന്നത് കണ്ടാൽ ഇടപെടില്ല. ഞാനെന്നൊരു വ്യക്തി അവിടെ ഉള്ളതായിട്ട് പോലും പരിഗണിക്കുന്നില്ല. വിനുവേട്ടൻ പറയുന്നത് മാത്രമാണ് അവർ അനുസരിക്കുന്നത്.

നാത്തൂനും ഭർത്താവും വന്ന് പോകുന്ന ദിവസം അടിയും വഴക്കും ആയിരിക്കും എനിക്ക്. എന്റെ അച്ഛൻ പറഞ്ഞു പറ്റിച്ചു പറഞ്ഞ സ്വർണ്ണം കൊടുത്തില്ലെന്ന് പറഞ്ഞു.

എന്റെ അച്ഛൻ തന്നതൊക്കെ വിനുവേട്ടൻ അനിയത്തിക്കാണ് കൊടുത്തത്. അവരിപ്പോ ഒരു വീട് വയ്ക്കുന്നുണ്ട്. അതിന് സഹായിക്കാൻ വേണ്ടിയാ എന്റെ അച്ഛനോട് ബാക്കി സ്വർണ്ണം ചോദിക്കാൻ പറഞ്ഞു ബഹളം വയ്ക്കുന്നത്. ഇതൊക്കെ വീട്ടിൽ പറഞ്ഞാൽ അവർക്കും വിഷമം ആകും.”

“നീയെന്തൊരു മണ്ടിയാണ് ദച്ചു. ഇനി അയാൾ നിന്നെ തല്ലാൻ വന്നാൽ നീ സമ്മതിക്കരുത്. നിന്റെ അച്ഛൻ ഇതുവരെ തന്ന സ്വർണ്ണവും പണവും തിരിച്ചു തരാൻ പറയണം അയാളോട്.

എന്നിട്ട് നിന്നെ നിന്റെ വീട്ടിൽ കൊണ്ട് വിടാൻ പറയ്യ്. ഇങ്ങനെ ഉള്ള ഒരുത്തനെ സഹിക്കേണ്ട ആവശ്യമില്ല നിനക്ക്. വീട്ടുകാരെ വിഷമം നോക്കിയിട്ട് കാര്യമില്ല. ഇങ്ങനെയൊരു പ്രതിസന്ധിയിലേക്ക് നിന്നെ തള്ളിവിട്ടത് അവരല്ലേ.

രണ്ടാഴ്ച കഴിഞ്ഞാൽ ലാസ്റ്റ് സെമെസ്റ്റർ എക്സാം തുടങ്ങുവാ. ഈ പ്രശ്നത്തിന്റെ ഇടയിൽ സ്വസ്ഥമായിട്ടൊന്ന് പഠിക്കാൻ നിനക്ക് കഴിഞ്ഞെന്ന് വരില്ല. ആ വീട്ടിൽ നിന്നാൽ അവൻ നിന്നെ അടിച്ചു കൊല്ലാൻ പോലും മടിക്കില്ല. ഇങ്ങനെ ഒരു ഭർത്താവ് നിനക്ക് വേണോ ദച്ചു. എന്ത് വേണമെന്ന് നീ തീരുമാനിക്ക് .”

അനില പറഞ്ഞതൊക്കെ കേട്ട് ദർശന മിണ്ടാതിരുന്നു. എന്ത് ചെയ്യണമെന്ന് അവൾക്കൊരു രൂപം കിട്ടിയില്ല.

“എനിക്ക് വീട്ടിലൊന്ന് വിളിക്കാൻ പോലും പറ്റില്ല അനില. എന്റെ ഫോണിൽ കിടന്ന സിം ഒക്കെ വിനുവേട്ടൻ ഒടിച്ചു കളഞ്ഞു. എന്നിട്ട് ഫോൺ എടുത്ത് അലമാരയിൽ പൂട്ടി വച്ചു. ഞാൻ വിളിക്കാതാവുമ്പോൾ വീട്ടുകാർ അന്വേഷിച്ചു വരട്ടെ എന്നാ ഏട്ടൻ പറയുന്നത്.

അച്ഛൻ അന്വേഷിച്ചു വന്നാൽ സ്ത്രീധനം ബാക്കി ചോദിക്കാൻ ആണ് ഏട്ടന്റെ തീരുമാനം. വിനുവേട്ടൻ പറയുന്ന ഡേറ്റിനു കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്നെ വീട്ടിൽ കൊണ്ട് വിടുമെന്ന് പറയുന്നുണ്ട്.”

“അങ്ങനെ നിന്നെ വീട്ടിൽ കൊണ്ട് വിട്ടാൽ നിന്റെ വീട്ടുകാർ ബാക്കി സ്ത്രീധനം കൂടി കൊടുത്തു നിന്നെ അവന്റെ കൂട പറഞ്ഞു വിടും. ഇത് കൊടുത്തു കഴിയുമ്പോൾ അവൻ അടുത്ത ആവശ്യം പറഞ്ഞു ഉപദ്രവിക്കാൻ തുടങ്ങും.”

“എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല.””എത്രയും പെട്ടന്ന് തന്നെ നിന്നെ നിന്റെ വീട്ടിൽ കൊണ്ട് വിടാൻ അയാളോട് പറയ്യ്. അവിടെ നിൽക്കുന്ന ഓരോ നിമിഷവും അയാൾ നിന്നെ കൊന്നു തിന്നും ദച്ചു. നിന്റെ വീട്ടിൽ പോയ ശേഷം ഗാർഹിക പീഡനത്തിനു അയാൾക്കെതിരെ കേസ് കൊടുക്കണം നീ. അതിനുള്ള തെളിവുകൾ നീ സംഘടിപ്പിക്കണം.”

“എന്റെ ശരീരത്തിൽ കാണുന്ന സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ തന്നെ തെളിവല്ലേ.”

“നിന്നെ അയാൾ തല്ലുന്ന വീഡിയോസ് ഉണ്ടെങ്കിൽ കേസ് കുറച്ചൂടെ സ്ട്രോങ്ങ്‌ ആകും. ഇന്ന് തന്നെ ഒരു ഹിഡൻ ക്യാമറ വാങ്ങി നിങ്ങളുടെ ബെഡ്‌റൂമിൽ വയ്ക്ക്.

നിന്നെ വേദനിപ്പിച്ചതിന് അവനോട് എണ്ണിയെണ്ണി കണക്ക് ചോദിക്കണം. കേസ് ആകുമ്പോൾ കോംപ്രമൈസിന് അവൻ വരും. അപ്പൊ അച്ഛൻ കൊടുത്ത സ്ത്രീധനവും കാറും അഞ്ചു ലക്ഷം രൂപയും തിരിച്ചു തരാൻ പറയണം.”

“ഹിഡൻ ക്യാമറയ്ക്ക് ഞാനെവിടെ പോകും. അത് വാങ്ങിക്കാൻ എന്റെ കയ്യിൽj പൈസ പോലും ഇല്ല.”

“ഡ്രെസ്സിൽ വയ്ക്കാൻ പറ്റുന്ന ടൈപ്പ് ഹിഡൻ ക്യാമറ ഞാൻ വാങ്ങിത്തരാം, ഇന്ന് തന്നെ. അത്‌ നിന്റെ ഡ്രെസ്സിൽ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചോ.”

“ഉം.. എന്നെകൊണ്ട് ഇതൊക്കെ പറ്റോ അനില.” സംശയത്തോടെ ദർശന ചോദിച്ചു.

“പറ്റണം.. നിന്നെ തൊട്ട അവന് നല്ല പണി കൊടുക്കണം.” അനില അവൾക്ക് ധൈര്യം നൽകി.”

ഉച്ചയ്ക്കുള്ള ഇന്റർവെൽ ടൈമിൽ അനില അവൾക്ക് ഡ്രെസ്സിൽ വയ്ക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഹിഡൻ ക്യാമറ വാങ്ങിച്ചു കൊടുത്തിരുന്നു. ദർശന താൻ ഇട്ടിരുന്ന ഡ്രെസ്സിൽ അത് വയ്ക്കുകയും ചെയ്തു.

വൈകുന്നേരം കോളേജ് വിട്ടപ്പോൾ വിനീത് അവളെ വിളിക്കാൻ വന്നിട്ടുണ്ടായിരുന്നു.”നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാൻ പോവാ. ഇനി ബാക്കി തരാനുള്ള സ്വർണ്ണം തന്ന ശേഷമേ നിന്നെ എന്റെ വീട്ടിലേക്ക് കൊണ്ട് പോണുള്ളൂ.” യാത്രാമധ്യേ വിനീത് അവളോട്‌ പറഞ്ഞു.

“ആയിക്കോട്ടെ… വിനുവേട്ടന്റെ അടി കൊണ്ട് ഞാൻ മരിക്കാറായി. ഇനിയെനിക്ക് വയ്യ. വീട്ടിൽ കൊണ്ട് വിടുന്നതൊക്കെ കൊള്ളാം. എന്റെ അച്ഛൻ തന്ന സ്വർണ്ണവും പണവും കാറും എല്ലാം അതുപോലെ തിരിച്ചു തന്നേക്കണം.

നിങ്ങളുടെ കൂടെ ഇങ്ങനെ ജീവിച്ചു ഞാൻ മടുത്തു. ബന്ധം പിരിയുന്നതാ നമുക്ക് നല്ലത്. അതുകൊണ്ട് വാങ്ങിച്ച സ്ത്രീധനം അതുപോലെ ഇങ്ങ് തന്നോ. അല്ലെങ്കിൽ ഗാർഹിക പീഡന കുറ്റത്തിന് ഞാൻ കേസ് കൊടുക്കും.” ഒട്ടും പതറാതെയുള്ള ദർശനയുടെ മറുപടിയിൽ അവനൊന്ന് പകച്ചു.

“എനിക്കെതിരെ കേസ് കൊടുക്കാൻ മാത്രം ധൈര്യമുണ്ടോ നിനക്ക്.” കാർ സൈഡിലേക്ക് ഒതുക്കി നിർത്തി അവളുടെ മുഖമടച്ചൊരു അടി കൊടുത്ത് കൊണ്ടാണ് വിനീത് അത് ചോദിച്ചത്.

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അവളൊന്ന് പകച്ചു പോയി. കവിൾ പൊത്തിപിടിച്ചുകൊണ്ട് ദർശന വിതുമ്പിപ്പോയി. അടിയുടെ തീവ്രതയിൽ കണ്ണൊക്കെ നിറഞ്ഞു തുളുമ്പി.

“എന്നെ ദേഹത്തു തൊട്ടാൽ ഞാൻ കേസ് കൊടുക്കും. ഇനിയെനിക്ക് ഇങ്ങനെയൊരു ജീവിതം വേണ്ട. എന്നെ വച്ച് അച്ഛനോട് വില പേശുന്നത് ഇന്നത്തോടെ നിർത്തിക്കോ. നിങ്ങളെന്നോട് കാണിക്കുന്ന ക്രൂരത ഞാൻ വീട്ടിൽ പറയും. എല്ലാരോടും വിളിച്ചു പറയും. നോക്കിക്കോ.” ദേഷ്യത്തോടെ അവൾ മുരണ്ടു.

” നീ പറയുന്നത് എനിക്കൊന്ന് കാണണം. നിന്നെ വച്ച് നിന്റെ അച്ഛന്റെ കൈയ്യിൽ നിന്നും ഇനിയും പൈസ മേടിച്ചെടുക്കാൻ എനിക്ക് അറിയാമെടി. ഇപ്പൊ എനിക്കെതിരെ ശബ്ദമുയർത്തിയെ പോലെ ഇനി നിന്റെ നാവ് എനിക്ക് നേരെ പൊങ്ങില്ല. ഈ വിനീത് ആരാന്ന് കാണിച്ചു തരാം നിനക്ക്.

എനിക്കെതിരെ ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞാൽ നിന്നെ കൊന്നു കുഴിച്ചു മൂടാനും ഞാൻ മടിക്കില്ല. അതുകൊണ്ട് അടങ്ങി ഒതുങ്ങി എന്റെയൊപ്പം കഴിഞ്ഞാൽ ജീവൻ എങ്കിലും ബാക്കി കാണും. നിന്നെ വീട്ടിൽ കൊണ്ട് വിടാതെ തന്നെ നിന്റെ അച്ഛനിൽ നിന്ന് ഒരാഴ്ചയ്ക്കുള്ളിൽ പറഞ്ഞ സ്വർണ്ണം മുഴുവൻ ഞാൻ മേടിച്ചെടുത്തിരിക്കും.

അതിന് ഞാൻ എന്താ ചെയ്യാൻ പോകുന്നതെന്ന് നീ അറിയാൻ പോകുന്നേയുള്ളു. വീട്ടിലൊന്ന് എത്തട്ടെ നിന്നെ അടിച്ചു ശരിയാക്കുന്നുണ്ട് ഞാൻ. ഇനി കോളേജിലും എവിടെയും നീ പോവില്ല.” ഗൂഢമായ ചിരിയോടെ കടപ്പല്ലുകൾ ഞെരിച്ചമർത്തിക്കൊണ്ട് വിനീത് അവളെ നോക്കി.

വിനീത് തന്നെ അവന്റെ വീട്ടിലേക്കാണ് കൊണ്ട് പോകാൻ പോകുന്നതെന്ന് അവൾക്ക് മനസിലായി. അവിടെ എത്തിക്കഴിഞ്ഞാൽ ഇനിയൊരുപക്ഷെ പുറത്തിറങ്ങാൻ പോലും സാധിക്കില്ലെന്ന് അവൾക്ക് ബോധ്യമായി. തന്നെ കായികമായി നേരിട്ട് ആ വീടിനുള്ളിൽ പൂട്ടിയിട്ടാൽ തന്റെ ഭാവി എന്താകുമെന്ന് ഓർത്ത് ദർശന ഭയന്നു. രണ്ട് ദിവസം കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട്‌ ആകും.

അനില പറഞ്ഞത് പോലെ ഇങ്ങനെയൊരു ദുഷ്ടന്റെ കൂടെ താനെന്തിനാണ് എല്ലാം സഹിച്ചു കഴിയുന്നത്. ഇനിയൊരു രക്ഷപ്പെടൽ സാധ്യമായില്ലെങ്കിലോന്ന് ഭയന്ന് പിന്നെയൊരു നിമിഷം പോലും പാഴാക്കാതെ ദർശന ഡോർ തുറന്ന് പുറത്തേക്കിറങ്ങി അടുത്ത് കണ്ട വീട്ടിലേക്ക് ഓടി കയറി.

അവളുടെ ആ നീക്കം വിനീത് പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിമിഷം പകച്ചു പോയെങ്കിലും അവനും അവൾക്ക് പിന്നാലെ ചെന്നു.

തന്നെ തന്റെ ഭർത്താവ് ക്രൂരമായി ഉപദ്രവിക്കുകയാണെന്നും അയാളിൽ നിന്ന് തന്നെ രക്ഷിക്കണമെന്നും പറഞ്ഞു കൊണ്ട് ദർശന താൻ ഓടികയറി ചെന്ന വീട്ടിൽ ഉള്ളവരോട് പറഞ്ഞു.

അവളുടെ കവിളിൽ അടികൊണ്ട് തിണർത്ത് പാട് കണ്ടപ്പോൾ തന്നെ വീട്ടുകാർക്ക് കാര്യത്തിന്റെ ഗൗരവം മനസിലായി.

അവൾക്ക് പുറകെ പാഞ്ഞെത്തിയ വിനീതിനെ ആളുകളെ വിളിച്ചു കൂട്ടി തടഞ്ഞു വച്ച് അവർ പോലീസിന് കൈമാറി. അതിനിടയിൽ ആ വീട്ടുകാരിൽ നിന്ന് ഫോൺ വാങ്ങി ദർശന അച്ഛനെയും അമ്മയെയും വിളിച്ചു കാര്യം പറഞ്ഞു. പോലിസ് എത്തുന്നതിനു മുൻപ് തന്നെ വീട്ടുകാർ എത്തിച്ചേർന്നു.

വിനീതിനെ പോലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അച്ഛനും അമ്മയ്ക്കുമൊപ്പം ചെന്ന് ദർശന അവനെതിരെ ഗാർഹിക പീഡനത്തിനു പരാതി നൽകി.

അതിനു അവൾ ആരോടും അഭിപ്രായം ചോദിച്ചില്ല. തന്റെ ജീവിതം സുരക്ഷിതമാക്കേണ്ടതും ഇങ്ങനെയുള്ള കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കണമെന്നും അവൾ അതിനോടകം തിരിച്ചറിഞ്ഞിരുന്നു.

വിനീത് തന്നെ ഉപദ്രവിച്ചതിനു തെളിവായി അവൾ ക്യാമറ ദൃശ്യങ്ങൾ പോലീസിന് കൈമാറി. അതോടെ ഇടഞ്ഞു നിന്ന വിനീത് അവന്റെ വക്കീലിന്റെ ഉപദേശ പ്രകാരം ഒത്തുതീർപ്പിന് തയ്യാറായി. ദർശന കേസുമായി മുന്നോട്ട് പോകുന്നത് വിനീതിന്റെ ജോലിയെ ബാധിക്കുമെന്ന പേടിയിൽ അവന് ഒത്തുതീർപ്പിന് വഴങ്ങേണ്ടി വന്നു.

തന്റെ അച്ഛൻ സ്ത്രീധനമായി തന്ന സ്വർണ്ണവും കാറും അഞ്ചു ലക്ഷം രൂപയും അതിനു പുറമെ തന്നെ ഉപദ്രവിച്ചതിന് മൂന്നു ലക്ഷം രൂപ വേറെയും ദർശന ആവശ്യപ്പെട്ടു.

ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ കേസ് മുന്നോട്ട് കൊണ്ട് പോകുമെന്ന് പറഞ്ഞതിനാൽ വിനീത് തന്റെ വീട് ബാങ്കിൽ പണയപ്പെടുത്തിയും ഒപ്പം സഹോദരിക്ക് കൊടുത്ത സ്വർണ്ണം കുറേ തിരിച്ചു വാങ്ങി ദർശനയ്ക്ക് നൽകേണ്ടി വന്നു.

വിനീതുമൊത്തുള്ള ദുരിതം മാത്രം നിറഞ്ഞ ജീവിതത്തെ മറവിയിലേക്ക് തള്ളിവിട്ട് കൊണ്ട് ദർശന തന്റെ പഠിത്തത്തിൽ ശ്രദ്ധ കൊടുത്ത് മുന്നോട്ട് ജീവിച്ചു.

പ്രതീക്ഷിച്ച പോലെയൊന്നും നടക്കാത്തതിന്റെ നിരാശയിലും ഓഫീസിലും നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിലുണ്ടായ നാണക്കേടും മറക്കാൻ വിനീത് മദ്യപാനത്തിൽ അഭയം കണ്ടെത്തി കുത്തഴിഞ്ഞ ജീവിതം നയിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *