അച്ഛന്റെ നോട്ടവും ശ്രദ്ധയും എപ്പോഴും തന്റെ വയറിലേക്കാണെന്ന് … ഷീന ചേച്ചിയും ഗർഭിണിയായ സമയം

(രചന: രജിത ജയൻ)

ഇളം വെയിലും കൊണ്ട് മുറ്റത്തിനരികെ നിൽക്കുന്ന മായയെ സൂക്ഷിച്ച് നോക്കി അച്ഛൻ നിൽക്കുന്നതു കണ്ടതുംസതീഷ് അച്ഛനറിയാതെ അച്ഛനെ നോക്കി നിന്നു ,..

സതീഷിന്റെ അനിയൻ സുരേഷിന്റെ ഭാര്യയാണ് മായഎട്ട് മാസം ഗർഭിണിയാണ് മായ

“ഇപ്പോ എങ്ങനുണ്ട് സതീശേട്ടാ ..?
ഞാൻ പറഞ്ഞത് സത്യം തന്നെയല്ലേ ?അച്ഛനെ ശ്രദ്ധിച്ച് നിൽക്കുന്ന സതീശിനരി രികിലെത്തി അവന്റെ ഭാര്യ ഷീന ചോദിച്ചതും അവനൊരു വിളറിയ ചിരി ചിരിച്ചു അവളെനോക്കി

“അതേ ഞാൻ ഈ കാര്യം നിങ്ങൾ ഗൾഫിലായിരുന്നപ്പോ നിങ്ങളെ വിളിച്ചു പറഞ്ഞപ്പോ നിങ്ങളെന്താ എന്നോട് പറഞ്ഞത് നിങ്ങളുടെ അച്ഛൻ പാവമാണ്,

“നിങ്ങളുടെ അമ്മയുടെ മരണശേഷം നിങ്ങൾ മക്കൾക്ക് വേണ്ടി മാത്രമാണ് അച്ഛൻ ജീവിച്ചത് എന്നൊക്കെയല്ലേ?

“ഇപ്പോ എന്തായി, നേരിട്ട് കണ്ടില്ലേ സ്വന്തം അച്ഛന്റെ വായിനോട്ട സ്വഭാവം..?”സ്വന്തം മകന്റെ ഭാര്യയാണെന്ന ഓർമ്മ പോലും ഇല്ലാതെ അല്ലേ നിങ്ങളുടെ അച്ഛൻ മായയെ നോക്കി നിൽക്കുന്നത് ..?

“ഇത് ഞാനും ഇവിടെ അനുഭവിച്ചതാ…” നിങ്ങളുടെ അച്ഛൻ ശരിയല്ല..”അതു കൊണ്ട് തന്നെയാണ് നമ്മുടെ മോളെ ഞാൻ അച്ഛന്റെ അടുത്ത് കൊടുക്കാത്തത് ..നാലു മാസമാണ് മോൾക്ക് പ്രായം ..

“പക്ഷെ ഇത്തരം സ്വഭാവമുള്ളവർക്ക് എന്ത് നാലും നാൽപ്പതും ..ഒക്കെ പെണ്ണല്ലേ…

“നിങ്ങളുടെ അമ്മ മരിച്ചപ്പഴേ നിങ്ങളുടെ അച്ഛനെ വേറെ പെണ്ണ് കെട്ടിച്ചിരുന്നെങ്കിൽ ഞങ്ങൾ വന്നു കയറിയ പെണ്ണുങ്ങൾക്ക് നിങ്ങളുടെ അച്ഛനെ പേടിക്കേണ്ടി വരില്ലായിരുന്നു ..

“മതി പറഞ്ഞത് ,നീ കുറെ നേരമായല്ലോ തുടങ്ങീട്ട് ,നിർത്ത്…’ഷീന നിർത്താൻ ഭാവമില്ലാന്ന് കണ്ടതും സതീഷ് അവളോട് ദേഷ്യപ്പെട്ട് അച്ഛനരികിലേക്ക് നടന്നു…

മായയെ തന്നെ ശ്രദ്ധിച്ചു നിന്നിരുന്ന അച്ഛൻ തനിക്ക് പുറകിലായ് വന്നു നിന്ന മകനെ കണ്ടില്ല

മായയെ നോക്കി നിൽക്കുന്ന അച്ഛനെ കണ്ടതും സതീശിൽ ദേഷ്യം നുരഞ്ഞു പൊന്തി”അച്ഛാ…..

ശബ്ദമുയർത്തി അവൻ വിളിച്ചതും അച്ഛൻ ഞെട്ടിയവനെ നോക്കി..തൊട്ടു പുറകിൽ നിൽക്കുന്ന മൂത്തമകനെ കണ്ടതും അയാളുടെ മുഖം വിളറി..

“അച്ഛനെന്താ ഇവിടെ വന്നു നിൽക്കുന്നത് ..?അച്ഛന്റെ മുഖത്തെ വിളർച്ച ശ്രദ്ധിച്ചു കൊണ്ട് സതീശൻ ചോദിച്ചതും അയാളൊന്നും മിണ്ടാതെ വീടിനകത്തേക്ക് കയറി പോയി…

“നിങ്ങളുടെ അച്ഛന് ഉത്തരം മുട്ടിപ്പോയ്..മകന്റെ ഭാര്യയെ വായ് നോക്കുകയാണെന്ന് പറയാൻ പറ്റുമോ അങ്ങേർക്ക് .. ?”കണ്ടില്ലേ ഒന്നും മിണ്ടാതെ കയറി പോയത്..

സതീശന്റെ അടുത്ത് വന്ന് ഷീന പരിഹാസത്തിൽ പറഞ്ഞതും അവളോട് പറയാൻ മറുപടി ഒന്നും ഇല്ലാത്തതിനാൽ അവൻ അവിടെ നിന്ന് വേഗം പോയി …

അച്ഛനെന്താണ് പറ്റിയത്..?തങ്ങളുടെ അച്ഛനോളം സാധുവായൊരു മനുഷ്യൻ ഈ പ്രദേശത്തില്ല .. ഏതൊരാൾക്കും ഉപകാരിയാണച്ഛൻ..

അമ്മയുടെ കുറവറിയാതെ തന്നെയും സുരേഷിനെയും വളർത്തി വലുതാക്കിയത് അച്ഛനൊരൊറ്റ ആളാണ്…

എന്നും ദൈവതുല്യനായിരുന്നു അച്ഛൻ ..പക്ഷെ ഇന്നത്തെ അച്ഛന്റെ പ്രവൃത്തിമനസ്സിലൊരു കരടായ് വീണു കഴിഞ്ഞു

തന്റെ മോളെ ഷീന ഗർഭിണിയായിരുന്ന സമയത്ത് താൻ ഗൾഫിലായിരുന്നുഅന്നെല്ലാം ഷീന പതിവായ് അച്ഛനെ കുറ്റം പറയുമായിരുന്നു ..അച്ഛനെപ്പോഴും അവളെ നോക്കി നിൽക്കുന്നുവെന്ന്..

അന്നതൊരു തമാശയായും അച്ഛന്റെ കരുതലായും താൻ കണ്ടെങ്കിലും ഷീന അന്നു മുതൽ അവളിൽ നിന്നച്ഛനെ അകറ്റി നിർത്തി ..

പ്രസവശേഷം മോളെ പോലും അച്ഛന്റെ അടുത്ത് കിടത്തില്ല ..അന്നതിനെല്ലാം താനവളെ ഒരു പാട് വഴക്ക് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ തോന്നുന്നു ഷീനയായിരുന്നു ശരിയെന്ന് ..

താനും കണ്ടതാണല്ലോ പരിസരം പോലും മറന്ന് അച്ഛൻ മായയെ നോക്കി നിൽക്കുന്നത് ..

മരുമക്കളെ മകളെ പോലെ കാണേണ്ടതിനു പകരം തങ്ങളുടെ അച്ഛൻ അവരെ … ഛെ…
ഓർക്കാൻ പോലും പറ്റുന്നില്ല…

സതീശ് തല കുടഞ്ഞു ആ ഓർമ്മയിൽ പോലും ..അന്നു രാത്രി അത്താഴം കഴിച്ചു കഴിഞ്ഞ് സതീശ് അച്ഛന്റെ ഈ സ്വഭാവത്തെ പറ്റി അനിയൻ സുരേഷിനോടും മായയോടും പറഞ്ഞു

കേട്ടത് വിശ്വസിക്കാൻ കഴിയാതെ സുരേഷ് ഞെട്ടിയപ്പോൾ എന്തിനെന്നറിയാതെ മായയുടെ കണ്ണുകൾ നിറഞ്ഞു ..

അവൾക്ക് സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു സുരേഷിന്റെ അച്ഛനും ..പിറ്റേ ദിവസം മുതൽ മായ അച്ഛനറിയാതെ അച്ഛനെ ശ്രദ്ധിക്കാൻ തുടങ്ങി..

അച്ഛൻ പലപ്പോഴും താനറിയാതെ തന്നെ തന്നെ ശ്രദ്ധിച്ചു നിൽക്കുന്നത് മായ കണ്ടുസതീശേട്ടനും ഷീന ചേച്ചിയും പറഞ്ഞത് ശരിയാണെന്ന് മനസ്സിലായതും അവളൊന്ന് ഞെട്ടി..

പിന്നെയാണ് മായ ശ്രദ്ധിച്ചത് ,അച്ഛന്റെ നോട്ടവും ശ്രദ്ധയും എപ്പോഴും തന്റെ വയറിലേക്കാണെന്ന് …

ഷീന ചേച്ചിയും ഗർഭിണിയായ സമയം മുതലല്ലേ അച്ഛൻ അവരെയും നോക്കി തുടങ്ങിയത് ..?മായ ഓർത്തു, അവളുടെ മനസ്സിൽ പലവിധ ചിന്തകൾ ഓടി മറഞ്ഞു

അന്നൊരു വൈകുന്നേരം മായയും സുരേഷും മറ്റുള്ളവരും ഉമ്മറത്തെന്തോ സംസാരിച്ചിരിക്കുമ്പോഴാണ് വാതിൽ മറവിലെന്ന പോലെ അച്ചൻ തന്നെ നോക്കി നിൽക്കുന്നത് മായ കണ്ടത് …

“അച്ഛാ…മായ പെട്ടന്ന് വിളിച്ചതും എന്തു ചെയ്യണമെന്നറിയാതെ അയാളൊന്ന് പതറി”എന്താണച്ഛാ..?” അച്ഛനെന്തിനാ അവിടെയും ഇവിടെയും മറഞ്ഞ് നിന്ന് എന്നെ നോക്കുന്നത് ..?

”അതു മോളെ… ഞാൻ..വാക്കുകൾ കിട്ടാതെ അയാൾ പതറുമ്പോഴും നിറഞ്ഞ അയാളുടെ കണ്ണുകൾ തന്റെ വീർത്തുന്തിയ വയറിന് മേലാണെന്ന് മായ കണ്ടു

പെട്ടന്നവളുടെ വയറിനുള്ളിലെ കുഞ്ഞാവ അകത്ത് കിടന്നൊന്ന് ഇളകി മറിഞ്ഞതും അവളുടെ വയറ്റിലൊരു മുഴ പോലത് പുറത്ത് ദൃശ്യമായ് ..

മായയുടെ വയറിലേക്ക് നോക്കി നിന്ന അച്ഛന്റെ കണ്ണുകൾ പെട്ടന്നൊന്ന് തിളങ്ങി.. മുഖം അത്ഭുതം കൊണ്ട് നിറഞ്ഞു

അച്ഛന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന മായ ആ മുഖത്തുണ്ടായ ഭാവവ്യത്യാസങ്ങളെല്ലാം വ്യക്തമായ് കണ്ടു.. അവളുടെ കണ്ണുകൾ നിറഞ്ഞു

“അച്ഛാ…കരഞ്ഞുകൊണ്ട് വിളിച്ചവൾ അയാളെ കെട്ടി പിടിച്ചതും കാര്യമറിയാതെ മറ്റുള്ളവർ പകച്ചു

മായ അച്ഛന്റെ കൈ രണ്ടുമെടുത്ത് തന്റെ നിറവയറിനു മുകളിൽ വെച്ചു ..”വാവേ… ,,വയറിലേക്ക് നോക്കിയവൾ വിളിച്ചു..

”വാവേ… വാവയുടെ മുത്തശ്ശനാടാ മുത്തിനെ കാണാൻ നിക്കണത്.., അമ്മേടെ മുത്തൊന്ന് അനങ്ങടാ..

മായ പറഞ്ഞത് തിരിച്ചറിഞ്ഞിട്ടോ എന്തോ അവളുടെ ഉള്ളിലെ കുഞ്ഞൊന്ന് കുതിച്ചുയർന്നിളകി വയറ്റിനുള്ളിൽ ..

തന്റെ കയ്യിലാ ജീവന്റെ തുടിപ്പറിഞ്ഞതും അച്ഛന്റെ കണ്ണുകൾ നിറഞ്ഞു തൂവി..അയാൾ വീണ്ടും വീണ്ടും മായയുടെ വയറിൽ തന്റെ കൈ വെച്ചപ്പോഴെല്ലാം ആ കുഞ്ഞത് തിരിച്ചറിഞ്ഞെന്നവണ്ണം ഇളകി കൊണ്ടിരുന്നു

“മോളെ… ,,വിളിച്ചു കൊണ്ടയാൾ മായയുടെ നെറുകയിൽ ഉമ്മ വെച്ചതും മായ അച്ഛനെ കെട്ടിപിടിച്ചു”മോനെ..സുരേഷിനെ നോക്കി അച്ഛൻ വിളിച്ചു

“നിന്നെയും നിന്റെ ഏട്ടനെയും നിങ്ങളുടെ അമ്മ ഗർഭിണിയായ സമയത്ത് അവൾ പറഞ്ഞ് ഞാനൊരുപാട് ആശിച്ചിരുന്നു അവളുടെ വയറിനുള്ളിലെ നിങ്ങളുടെ അനക്കങ്ങളും കുത്തിമറിച്ചിലുകളും നേരിട്ട് കണ്ടനുഭവിക്കണമെന്ന്..

“പക്ഷെ ജീവിതം ഒരു കരയ്ക്കെത്തിക്കാൻ പ്രവാസ ജീവിതം സ്വീകരിച്ച എനിക്ക് ഒരിക്കൽ പോലും ഞാനഗ്രഹിച്ച സമയത്ത് നാട്ടിൽ വരാൻ പറ്റിയില്ല..

ഇഷ്ട്ടങ്ങളെല്ലാം തന്നെ അന്നത്തെ പ്രവാസിക്ക് നഷ്ട്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളു ..

കാലമൊരുപാട് കഴിഞ്ഞെങ്കിലും എന്റെ ആ ആഗ്രഹം മാത്രം മനസ്സിൽ നിന്ന് പോവാതെ ഇരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കിയത് ഷീന മോൾ ഗർഭിണിയായിരുന്നപ്പോൾ ആണ്

ദൂരെ നിന്നെങ്കിലും എന്റെ ആഗ്രഹം പോലെ ആ കുഞ്ഞിന്റെ അനക്കങ്ങൾ കാണാൻ കഴിയുമോന്ന് ഞാൻ കുറെ നോക്കി… പക്ഷെ..

“ഇപ്പോൾ മായ മോൾ ഗർഭിണിയായപ്പോൾ വീണ്ടും അച്ഛന് തോന്നീടാ ആ കുഞ്ഞിന്റെ അനക്കങ്ങൾ ദൂരെ നിന്നെങ്കിലും കാണണമെന്ന്..

“അച്ഛനൊരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ അച്ഛാ ഞങ്ങളോട് ..”ഇങ്ങനെ ഒളിച്ചും പാത്തും നിന്ന് നോക്കണമായിരുന്നോ … ?ഞങ്ങളച്ഛന്റെ മക്കളല്ലേ ..?

“ഞാനെങ്ങനെയാടാ മക്കളെ നിങ്ങളോട് പറയ്യാ ..?
ഞാനൊരു അമ്മായി അച്ഛനല്ലേ …?”പക്ഷെ എന്റെ മായമോൾ ഈ അച്ഛന്റെ മനസ്സറിഞ്ഞിരുന്നത് അച്ഛനറിഞ്ഞില്ലെടാ ..

എത്രയോ വർഷങ്ങളായ് ഞാൻ മനസ്സിൽ കൊണ്ടു നടന്ന എന്റെ ആഗ്രഹം നടന്നല്ലോ…

സന്തോഷം കൊണ്ട് അച്ഛനോരോന്ന് വിളിച്ചു പറയുമ്പോഴും കാര്യമറിയാതെ സ്വന്തം അച്ഛനെ കുറ്റക്കാരനായ് കണ്ടു പോയതിന് മനസ്സിലൊരായിരം വട്ടം അദ്ദേഹത്തോട് മാപ്പു ചോദിക്കുകയായിരുന്നു മറ്റുള്ളവർ ..

ചില സത്യങ്ങളങ്ങനെയാണ് തിരിച്ചറിയുമ്പോഴേക്കും സമയമേറെ കഴിഞ്ഞിരിക്കും ..

Leave a Reply

Your email address will not be published. Required fields are marked *