നിങ്ങൾ അങ്ങിനെ ഒരു വൃത്തികെട്ട പ്രവൃത്തി ചെയ്തെന്നു. കടയിൽ ക്യാമറ ഉണ്ടല്ലോ.. നോക്കിട്ട് സത്യം അറിഞ്ഞിട്ടു പോകാം.

(രചന: Navas Aamandoor)

“ഇയാളെന്റെ ചന്തിയിൽ പിടിച്ചു. വൃത്തികെട്ടവൻ. “പകച്ചു കണ്ണ് തള്ളി അയാൾ ആ പെണ്ണിനെ നോക്കി. പിന്നെ സ്വന്തം കൈയിലും.

കടയിൽ നല്ല തിരക്കുള്ള സമയമാണ്. ആണും പെണ്ണും കുട്ടികളും അയാളെ തന്നെ നോക്കി ഒരു ഭീകര ജീവിയെ നോക്കുന്ന പോലെ.

ഏകദേശം മുപ്പതിന്റെ അടുത്ത് പ്രായം ഉണ്ടെന്ന് തോന്നുന്നു ആ പെണ്ണിന്. അനുസരണ തീരെ ഇല്ലാത്ത ഒരു ആൺ കുട്ടി അവളുടെ ഒപ്പം ഉണ്ട് .

പിടിച്ചു എന്ന് കേട്ടപ്പോൾ അവിടെ ഉണ്ടായിരുന്ന സകല മാന്യന്മാരുടെയും രക്തം ചൂട് പിടിച്ചു.പ്രതികരിക്കാൻ മുന്നോട്ട് വന്നു.

ആദ്യം അടുത്ത് വന്ന മീശക്കാരൻ അയാളുടെ മുഖത്തെ ലക്ഷ്യമാക്കി കൈ വീശി.

അടി കിട്ടിയ അയാൾ കടയിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമച്ചെങ്കിലും നടന്നില്ല. തുടങ്ങി കിട്ടാൻ കാത്തിരുന്നവർ കൈ തരിപ്പ് മാറ്റാൻ മാറി മാറി അയാളെ തല്ലി.

എന്താണ് സംഭവമെന്ന് അറിയാതെ ആ സമയത്തു വന്ന് പെട്ടവരുടെ തല്ലും അയാൾക്ക്‌ കിട്ടി.

അയാളെ കണ്ടാൽ അങ്ങിനത്തെ ഒരാളായി തോന്നുന്നുന്നില്ല. ഒരു പാവം. കാലങ്ങളായി ഇസ്തിരി ഇടാതെ ചുളുങ്ങിയ ഷർട്ടും മുണ്ടും എണ്ണ പുരളാത്ത തലമുടി.

തല്ല് തുടരുന്ന നേരത്തും അവൾ ഇടക്ക് ഇടക്ക് പറയുണ്ട്.”വൃത്തികെട്ടവൻ. “ഇടി കൊണ്ട് ചുണ്ടിൽ നിന്നും ചോര ഒലിച്ചു. നിലത്ത് വീണ സമയത്ത് ചെരിപ്പ് ഇട്ടു ചവിട്ടിയ അടയാളം ഷർട്ടിൽ. തല്ലിയവർ അഭിമാനത്തോടെ ആ സ്ത്രീയെ നോക്കി…

“ഞങ്ങളൊക്ക ഇവിടെ ഉള്ളപ്പോ പെങ്ങളെ ഇതൊന്നും നടക്കില്ലാട്ടോ “എന്ന് പറയാതെ പറഞ്ഞ് സ്ഥലം കാലിയാക്കി. തല്ല് കൊണ്ട് അവശനായ അയാൾ ചുമരിൽ പിടിച്ചു എഴുന്നേറ്റു നിന്നു ചുണ്ടിലെ ചോര മുണ്ട് കൊണ്ട് തുടച്ചു മാറ്റി കടയിലേക്ക് കയറി.

“എനിക്കൊരു ഉടുപ്പ് വേണം കുറഞ്ഞ കാശിന്റെ മതി മോളുടെ ബർത്ത്‌ഡേയാ നാളെ. ”

അയാൾ അവിടെ തൂക്കിയിട്ട ഒരു ഉടുപ്പ് ചൂണ്ടി കാണിച്ചു. അത്‌ കവറിൽ ഇട്ട് കൊടുത്തു.

ചുറ്റിലും അവന്ഞ്ഞയും പരിഹാസത്തോടെ നോക്കുന്നവരുടെ മുൻപിലൂടെ മോൾക്കുള്ള ബർത്ഡേ സമ്മാനവുമായി കാലുകൾ വലിച്ചു വെച്ച് അയാൾ നടക്കാൻ തുടങ്ങി.”ഹെലോ നിങ്ങള് പോകല്ലേ. ”

അയാൾ തിരിഞ്ഞു നോക്കി ഒരു ഫ്രീക്കൻ. ജട പിടിച്ച പോലെ മുടിയും ചെമ്പിച്ച താടി വടിച്ചു കളഞ്ഞ മീശയും ഉലിഞ്ഞു വീഴാൻ നിക്കുന്ന പോലെ ധരിച്ച പാന്റ്.

അയാൾ അവനെ മൈൻഡ് ചെയ്യാതെ നടക്കാനുള്ള ഭാവമാണ്. അവൻ അയാളുടെ അടുത്തെത്തി.

“എനിക്ക് തോന്നുന്നില്ല നിങ്ങൾ അങ്ങിനെ ഒരു വൃത്തികെട്ട പ്രവൃത്തി ചെയ്തെന്നു. കടയിൽ ക്യാമറ ഉണ്ടല്ലോ.. നോക്കിട്ട് സത്യം അറിഞ്ഞിട്ടു പോകാം. ”

“സത്യം എന്തായാലും കുറച്ച് നേരം മുൻപ് നടന്നതൊന്നും മാറ്റാൻ കഴിയില്ല ല്ലൊ മോനെ. ”

അപ്പോഴേക്കും സി സി ടീവീയിൽ കഴിഞ്ഞ് പോയ സമയത്തെ തിരിച്ചു എടുത്തു.അയാൾ ആ പെണ്ണിന്റെ അടുത്തുണ്ട്. എല്ലാവരുടെയും കണ്ണുകൾ ടീവീയിൽ. ആ സ്ത്രീയുടെ മോൻ എന്തിനോ അവളുടെ ബാക്കിൽ തോണ്ടി. ആ ടൈമിൽ അയാളാണെന്ന് തെറ്റിദ്ധരിച്ചു.

അതെല്ലാം കണ്ടുകൊണ്ട് ആ പെണ്ണും തല്ലിയവരും പുച്ഛിച്ചവരും ഒന്നും പറയാൻ ഇല്ലാതെ നിന്നു അയാളെ തിരഞ്ഞു.

സത്യം അയാൾക്ക്‌ അറിയുന്നത് കൊണ്ടായിരിക്കും നേരത്തെ തന്നെ കടയിൽ നിന്നും ഇറങ്ങിപ്പോയത്.”കുറ്റം ആരോപിക്കും മുൻപേ ഇത്തിരി ക്ഷമ കാണിച്ചിരുന്നിങ്കിൽ… ?”

ഇതുപോലെ ചെയ്യാത്ത കുറ്റങ്ങൾക്ക് മാനവും ജീവിതവും നഷ്ടമായവർ നമ്മുടെയൊക്കെ കണ്മുൻപിൽ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *