(രചന: ശ്രേയ)
” ആരെങ്കിലും ചിരിച്ചു കാണിച്ചെന്നോ, ഒരു മെസ്സേജ് അയച്ചെന്നോ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും ഒക്കെ വെറുപ്പിച്ച് ഇറങ്ങി വരാനുള്ള നിന്റെ മനസ്സ് ഞാൻ സമ്മതിച്ചു..
ഇവനൊക്കെ പറയുന്നത് സത്യമാണോ കള്ളമാണോ എന്ന് ചിന്തിക്കുക എങ്കിലും വേണ്ടേ..? വല്ലാത്ത ജന്മം തന്നെ.. ”
തന്റെ മുന്നിൽ നിന്ന് സംസാരിക്കുന്നത് താൻ പ്രാണൻ കൊടുത്ത് സ്നേഹിച്ചവനല്ല എന്ന് ഒരു നിമിഷം പ്രിയക്ക് തോന്നി.
അവൾ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവിശ്വസനീയതോടെ അവനെ നോക്കി. അവന്റെ കണ്ണുകളിൽ തന്നോടുള്ള വെറുപ്പ് മാത്രം ആണെന്ന് അവൾക്ക് തോന്നി.
അല്ലെങ്കിലും തെറ്റ് തന്റേതാണല്ലോ..!” അപ്പോ നീ എന്നെ സ്നേഹിച്ചിട്ടില്ല എന്നാണോ..? “നിറയാൻ തുടങ്ങുന്ന കണ്ണുകൾ തടഞ്ഞു കൊണ്ട് പ്രിയ ഒരിക്കൽ കൂടി ചോദിച്ചു.
” അതെ.. “അവൻ ഉറപ്പിച്ചു പറഞ്ഞു.അപ്പോൾ താൻ.. തന്റെ ജീവിതം..?
അതൊക്കെ അവൾക്കു മുന്നിൽ ഒരു ചോദ്യചിഹ്നം പോലെ നിൽക്കുന്നുണ്ടായിരുന്നു.
” ഞാൻ എന്ത് ചെയ്യണമെന്ന് കൂടി നീ പറഞ്ഞു താ.. നീ ഒരാളെ വിശ്വസിച്ച്, നിന്റെ വാക്കുകൾ മാത്രം കണക്കിലെടുത്തു കൊണ്ട് വന്നതാണ് ഞാൻ.എന്നിട്ട് ഇപ്പോൾ..!”
അവൾ നിന്ന് കിതച്ചു.അവളുടെ ഭാവങ്ങൾ കണ്ടിട്ടും അവന് യാതൊരു ചലനങ്ങളും ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല അവളുടെ ഭാവങ്ങൾ കണ്ടപ്പോൾ അവൻ പൊട്ടിച്ചിരിക്കുക കൂടി ചെയ്തു.
” നിന്നോട് മെസ്സേജിലൂടെ പ്രണയം ആണെന്നും ഇഷ്ടമാണെന്നും ഒന്നിച്ച് ജീവിക്കാം എന്നും ഒക്കെ ഞാൻ പറഞ്ഞിരുന്നു എന്നത് ശരിയാണ്. പക്ഷേ ഒരിക്കലും ആത്മാർത്ഥത അതിൽ നിനക്ക് ഫീൽ ചെയ്തിട്ടുണ്ടോ..? ”
അവൻ ചോദിച്ചപ്പോൾ അവൾ മറുപടിയില്ലാതെ തലകുനിച്ചു.ഇപ്പോഴും അവൻ പറഞ്ഞ വാക്കുകളിൽ ആത്മാർത്ഥത എവിടെയെങ്കിലും ഉണ്ടായിരുന്നോ എന്ന് അവൾ തിരയുന്നുണ്ടായിരുന്നു.
അന്നൊക്കെ പ്രണയം പുരട്ടിയ വാക്കുകളിൽ അവൻ പറഞ്ഞിരുന്നത് മുഴുവൻ ചതിയുടെ കൂരമ്പുകൾ ആയിരുന്നു എന്ന് ഇപ്പോൾ അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നു.
അവൻ ഇഷ്ടമാണെന്നും പ്രേമം ആണെന്നും ഒക്കെ പറയുമ്പോഴും അതിൽ ഒരിടത്തും ആത്മാർത്ഥതയുടെ ഒരു തരിമ്പു പോലും ഉണ്ടായിരുന്നില്ല എന്ന് വേദനയോടെ അവൾ ഇപ്പോൾ അറിയുന്നുണ്ടായിരുന്നു.
പ്രിയക്ക് തന്റെ മുന്നോട്ടുള്ള ജീവിതം ഓർത്തിട്ട് കയ്യും കാലും തളരുന്നുണ്ടായിരുന്നു. അവൾ വെറുതെ തന്റെ ഭൂതകാലത്തെ കുറിച്ച് ചിന്തിച്ചു നോക്കി.
അച്ഛന്റെയും അമ്മയുടെയും പൊന്നോമന മകൾ.. ഏട്ടന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തി.. എന്തിനും ഏതിനും തുണയായി നിൽക്കുന്ന കുടുംബം. സന്തോഷം മാത്രം നിറഞ്ഞു നിന്നിരുന്ന ജീവിതം..!
അതിൽ നിന്നൊക്കെ വിട്ട് അവരെ ആരെയും വേണ്ട എന്ന് വച്ച് ഇവനോടൊപ്പം ഇറങ്ങി വരാൻ എന്തായിരുന്നു കാരണം..?
കോളേജിൽ ഡിഗ്രിക്ക് ജോയിൻ ചെയ്യുന്ന സമയത്താണ് അവൾക്ക് സ്വന്തമായി ഒരു മൊബൈൽ ഫോൺ ഏട്ടൻ വാങ്ങി കൊടുക്കുന്നത്.
ടൗണിലേക്ക് പഠിക്കാൻ പോകുന്നത് കൊണ്ട് തന്നെ സമയത്ത് ചിലപ്പോൾ വീട്ടിലെത്താൻ കഴിയാതെ വന്നാലോ എന്ന് പേടിച്ചിട്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്.
അത് കിട്ടിയപ്പോൾ അവൾക്ക് വലിയ സന്തോഷം ആയിരുന്നു. ഏട്ടനെ കെട്ടിപ്പിടിച്ച് അവൾ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
അവളോടൊപ്പം പഠിച്ച പല കുട്ടികൾക്കും ഇതിനോടകം തന്നെ സ്വന്തമായി മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. അതില്ലാത്ത ഒരേയൊരു വിദ്യാർഥി അവളായിരുന്നു.
ആദ്യമൊക്കെ കോളിംഗ് പർപ്പസിന് വേണ്ടി മാത്രമായിരുന്നു അവൾ ഫോൺ ഉപയോഗിച്ചിരുന്നത്.
പിന്നീട് സുഹൃത്തുക്കളുടെ എണ്ണം വർധിച്ചപ്പോൾ അവൾ വാട്സാപ്പിലേക്ക് ചുവടു വച്ചു. അപ്പോഴും ഫേസ്ബുക്ക് എന്ന ഒരു മാധ്യമം താൻ ഒരിക്കലും ഉപയോഗിക്കില്ല എന്ന് അവൾ ഉള്ളിൽ തീരുമാനിച്ചിരുന്നു.
പക്ഷേ ഫേസ്ബുക്കിലെ ഓരോ വിശേഷങ്ങൾ കൂട്ടുകാരികൾ പങ്കുവയ്ക്കുമ്പോൾ തനിക്കും അങ്ങനെയൊന്നും ഇല്ലാതെ പോയല്ലോ എന്നൊരു നിരാശ ഇടയ്ക്കൊക്കെ അവൾക്ക് തോന്നാൻ തുടങ്ങി.
” ഫേസ്ബുക്ക് എടുക്കുന്നതിന് ഇങ്ങനെ പേടിക്കേണ്ട ആവശ്യമൊന്നുമില്ല. ഓരോ കാര്യങ്ങളും നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു അതനുസരിച്ചാണ് അതിന്റെ നന്മയും തിന്മയും ഒക്കെ.
നിന്റെ കാര്യം നന്നായി നോക്കാൻ നിനക്ക് അറിയാമെങ്കിൽ ഫേസ്ബുക്ക് എടുക്കുന്നതു കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.”
സുഹൃത്തുക്കളിൽ പലരും ഇങ്ങനെ ഉപദേശിച്ചപ്പോൾ അത് ശരിയാണെന്ന് അവൾക്കും തോന്നിത്തുടങ്ങി.
അങ്ങനെയാണ് അവൾ ഫേസ്ബുക്ക് എന്ന മാന്ത്രിക ലോകത്തേക്ക് ചുവടു വയ്ക്കുന്നത്.
ഫേസ്ബുക്ക് എടുത്തിട്ട് ആദ്യകാലങ്ങളിൽ തനിക്ക് പേഴ്സണലായി അറിയാവുന്നവരുടെ റിക്വസ്റ്റുകൾ മാത്രമാണ് അവൾ ആക്സെപ്റ്റ് ചെയ്തിരുന്നത്.
തിരിച്ച് അവൾക്ക് ഏറെ പ്രിയപ്പെട്ടവർക്ക് മാത്രമേ അവൾ റിക്വസ്റ്റ് അയച്ചിരുന്നുള്ളൂ.ഇതിനോടകം തന്നെ പലരും ഹായ് ഹലോ മെസ്സേജുകളും ആയി മെസഞ്ചറിൽ കയറി ഇറങ്ങാൻ തുടങ്ങിയിരുന്നു. പലതും അവൾ കണ്ടില്ലെന്ന് നടിച്ചു.
കഥകളിലും കവിതകളിലും ഒക്കെ താല്പര്യമുണ്ടായിരുന്ന അവൾ പല എഴുത്ത് ഗ്രൂപ്പുകളിലും അംഗമാകാൻ അധികം താമസം വേണ്ടി വന്നില്ല.
അങ്ങനെയിരിക്കെ ഒരിക്കലും ഗ്രൂപ്പിൽ ഒരു കഥ വായിച്ചിട്ട് അവൾ അതിനു താഴെ തനിക്ക് തോന്നിയ ഒരു അഭിപ്രായം കമന്റ് ആയി പോസ്റ്റ് ചെയ്തു.
അതിന് പിന്നാലെ മെസഞ്ചറിൽ അതിന്റെ എഴുത്തുകാരൻ അവൾക്ക് മെസ്സേജ് അയച്ചു. അവൾ പറഞ്ഞ അഭിപ്രായത്തിന് നന്ദി അറിയിച്ചു കൊണ്ടുള്ള ഒരു മെസ്സേജ് ആയിരുന്നു അത്.
അത് കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി. ഒരുപാട് പേര് അറിയുന്ന ഒരു എഴുത്തുകാരൻ തന്റെ ഇൻബോക്സിൽ വന്നു എന്നത് തന്നെ അവളെ സംബന്ധിച്ച് ഒരു വലിയ നേട്ടമായിരുന്നു.
പതിയെ പതിയെ അവർ തമ്മിലുള്ള സംസാരം സൗഹൃദത്തിനേക്കാളുപരി പ്രണയത്തിലേക്ക് വഴിമാറാൻ തുടങ്ങി.
“നിന്നെ ഞാൻ എത്ര ഇഷ്ടപ്പെടുന്നു എന്ന് നിനക്കറിയാമോ..? നിന്റെ ഇൻബോക്സിലേക്ക് വരാൻ തുടങ്ങിയ ആ ദിവസമാണ് എന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ് എന്ന് ഞാൻ വിശ്വസിക്കുന്നു.”
പഞ്ചാര പുരട്ടിയ വാക്കുകളാൽ അവൻ പറഞ്ഞത് മുഴുവൻ അവൾ വിശ്വസിച്ചു.അവനുവേണ്ടി എന്തും ചെയ്യാൻ മടിയില്ല എന്നൊരു അവസ്ഥയിലേക്ക് അവൾ വന്നെത്തുകയും ചെയ്തു.
അതിനിടയിൽ വീട്ടിൽ അവളുടെ ജാതകം പരിശോധിച്ചപ്പോൾ അവൾക്ക് എന്തോ ദോഷസമയമാണെന്നും വിവാഹം നടത്തിയാൽ മാത്രമാണ് അതിന് പരിഹാരം ഉള്ളത് എന്നുമൊക്കെ ജ്യോത്സ്യൻ പ്രവചിച്ചു.
അതിന്റെ ഫലമായി അവളുടെ വിവാഹം നടത്താൻ തന്നെ വീട്ടുകാർ തീരുമാനിച്ചു.ഒരുപാട് ആലോചനകൾക്കിടയിൽ നല്ലതാണ് എന്ന് തോന്നിയ ഒരു ബന്ധം അവർ ഉറപ്പിക്കുകയും ചെയ്തു.
അപ്പോഴൊക്കെയും തനിക്ക് ഒരു വിവാഹത്തിന് താല്പര്യം ഇല്ല എന്ന് പറഞ്ഞ് പ്രിയ തന്നാൽ കഴിയുന്ന വിധത്തിൽ എതിർത്തു. വിവാഹം നടത്താതെ വീട്ടുകാർ പിന്നോട്ട് പോകില്ല എന്ന് കണ്ടതോടെ അവൾ തന്റെ കാര്യങ്ങൾ മുഴുവൻ അവനെ അറിയിച്ചു.
എത്രയും വേഗം തന്റെ വീട്ടിലേക്ക് വരണം പെണ്ണ് അന്വേഷിക്കണം എന്നൊക്കെ അവനെ പറഞ്ഞു ചട്ടം കിട്ടി.
പക്ഷേ സാമ്പത്തികമായി താനിപ്പോൾ വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥയിലാണെന്നും ഒരുപാട് കടബാധ്യതകൾ ഉണ്ടെന്നും അതൊക്കെ തീർക്കാതെ ഒരിക്കലും പുതിയൊരു ബന്ധത്തെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല എന്നും ഒക്കെ അവൻ അവളെ പറഞ്ഞു വിശ്വസിപ്പിച്ചു.
അവനുവേണ്ടി കാത്തിരിക്കാൻ അവൾ ഒരുക്കമായിരുന്നു എങ്കിലും അവളുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്നോട്ട് പോകാൻ ഒരുക്കമായിരുന്നില്ല.
വിവാഹം ഉടനെ നടത്തും എന്നൊരു തോന്നലിൽ അവന്റെ പോലും അനുവാദം ചോദിക്കാതെ അവൾ വീട്ടിൽ നിന്നിറങ്ങി. അവന്റെ വീടിനടുത്തുള്ള ബസ്റ്റോപ്പിൽ നിന്നുകൊണ്ട് അവൾ അവനെ ഫോൺ ചെയ്തു.
” നീ ഇപ്പോൾ ഈ ബസ്റ്റോപ്പിലേക്ക് വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോണം. നിനക്ക് വേണ്ടിയാണ് ഞാൻ വീട്ടുകാരെയും നാട്ടുകാരെയും മുഴുവൻ വിട്ട് ഓടി വന്നത്. ”
അവൾ പറഞ്ഞത് അവന് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. എങ്കിലും അവളെ തനിച്ചു നിർത്തിയാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും എന്ന് ചിന്തിച്ച് അവൻ വേഗം തന്നെ അവളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
പക്ഷേ അവിടെ എത്തിയപ്പോഴാണ് അവൾ അവന്റെ ചതിയുടെ കഥകൾ മുഴുവൻ മനസ്സിലാക്കുന്നത്.
അവന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകും എന്നുമൊക്കെ അവന്റെ അമ്മയും സഹോദരങ്ങളും പറഞ്ഞപ്പോഴാണ് അവൾ അറിയുന്നത്.
ടൈംപാസിന് വേണ്ടി മാത്രം ഫേസ്ബുക്കിലൂടെ കണ്ടെത്തിയ പെണ്ണായിരുന്നു അവൾ എന്ന് അവൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പൂർണ്ണമായും അവൾ തളർന്നു.
ഇനിയും താൻ ഇവിടെ തുടരുന്നത് കൊണ്ട് അർത്ഥമില്ല എന്ന് തോന്നിയപ്പോൾ ആരെയും നോക്കാതെ തലകുനിച്ചുകൊണ്ട് ആ ബാഗും എടുത്ത് അവൾ മുന്നോട്ടു നടന്നു.
ബസ്റ്റോപ്പിൽ വന്ന് സങ്കടത്തോടെ ഇരിക്കുമ്പോൾ തോളിൽ ഒരു കൈ പതിയുന്നത് അവൾ അറിഞ്ഞു.ഞെട്ടലോടെ തല ഉയർത്തി നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന സഹോദരനെ കണ്ട് അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
പൊട്ടിക്കരഞ്ഞ അവളെ ചേർത്തുപിടിച്ചു കൊണ്ട് അവൻ ആശ്വസിപ്പിച്ചു.” ഇതിന്റെയൊക്കെ അവസാനം ഇങ്ങനെ തന്നെയാകും ഉണ്ടാവുക എന്ന് എനിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. നിന്റെ സ്വഭാവത്തിൽ മാറ്റം വന്നു തുടങ്ങിയപ്പോൾ തന്നെ നിന്നെ ഞാൻ കാര്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
നീ ഒരു ചതിയിൽപ്പെട്ടിരിക്കുകയാണ് എന്ന് തോന്നിയതുകൊണ്ട് കൂടിയാണ് എത്രയും വേഗം നിന്റെ വിവാഹം നടത്താൻ അച്ഛനെയും അമ്മയെയും ഞാൻ നിർബന്ധിച്ചത്.
പക്ഷേ ഞങ്ങളെ വേണ്ടെന്നുവച്ച് നീ അവനു വേണ്ടി ഇറങ്ങിവരും എന്നൊന്നും ഞാൻ വിചാരിച്ചില്ല. എന്തായാലും ഇങ്ങനെ വന്നതുകൊണ്ട് അവന്റെ തനിനിറം മനസ്സിലാക്കാൻ കഴിഞ്ഞല്ലോ..
ഇതുവരെ കഴിഞ്ഞതൊക്കെ നമുക്ക് മറക്കാം.. ഇനിയും ഇങ്ങനെയുള്ള ചതിക്കുഴികളിൽ എന്റെ മോള് ചെന്ന് പെടരുത്.. ”
ഏട്ടൻ ഉപദേശം പോലെ പറഞ്ഞപ്പോൾ അത് ശരി വയ്ക്കുന്നതു പോലെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.