നീ ഇങ്ങനെ കരഞ്ഞു നിലവിളിച്ചും കാലം കഴിക്കാൻ അവൻ നിന്റെ ഭർത്താവ് ഒന്നും ആയിരുന്നില്ലല്ലോ.. . .?

(രചന: ശ്രുതി)

” ഇനിയും നീ ഞങ്ങളെ ഇങ്ങനെ വിഷമിപ്പിക്കല്ലേ മോളെ.. പോകാനുള്ളവർ പോയി.. അതിന്റെ പേരിൽ ജീവനോടെ ഉള്ളവരെ വേദനിപ്പിക്കണോ..? ”

കണ്ണീരോടെ മുന്നിൽ നിൽക്കുന്നത് സ്വന്തം അമ്മയാണ്.. പക്ഷെ അമ്മയുടെ ഇപ്പോഴത്തെ ആവശ്യം അംഗീകരിക്കാൻ വയ്യ.. അത് തന്നെ കൊല്ലുന്നതിനു തുല്യമാണ്..

” എന്നെകൊണ്ട് പറ്റില്ല അമ്മേ.. “ദയനീയമായി അവരെ നോക്കി പറയുമ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു..

“എന്തുകൊണ്ട് പറ്റില്ല എന്നാണ് നീ പറയുന്നത്..? നീ ഇങ്ങനെ കരഞ്ഞു നിലവിളിച്ചും കാലം കഴിക്കാൻ അവൻ നിന്റെ ഭർത്താവ് ഒന്നും ആയിരുന്നില്ലല്ലോ..

നിങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നു എന്നല്ലാതെ നിങ്ങളുടെ ബന്ധം ഒരിക്കലും നല്ലൊരു രീതിയിലേക്ക് എത്തിയിരുന്നില്ല. പ്രണയം എന്നല്ലാതെ നിങ്ങളുടെ ബന്ധത്തിന് മറ്റൊരു അടിസ്ഥാനവും ഉണ്ടായിരുന്നില്ല. എന്നിട്ടും നീ എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നത്..?”

ദേഷ്യത്തോടെയും വാശിയോടെയും അമ്മ ഓരോന്ന് വിളിച്ചു പറയുമ്പോൾ തന്റെ ശരീരം വിറക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

” അമ്മ പറഞ്ഞത് ശരിയാണ് ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നു. അതല്ലാതെ മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല എന്ന് അമ്മ പറയുന്നുണ്ടല്ലോ. പക്ഷേ അമ്മയ്ക്ക് അറിയാമോ നല്ലൊരു ദാമ്പത്യത്തിന്റെ അടിസ്ഥാനം പ്രണയമാണ്.. അച്ഛന് അമ്മയോട് സ്നേഹമില്ല എന്ന് നാഴികയ്ക്ക് 40 വട്ടം അമ്മ പറയാറുണ്ടല്ലോ..

അമ്മ ഈ പറയുന്ന സ്നേഹമാണ് പ്രണയം. ഭാര്യക്കും ഭർത്താവിനും ഇടയിൽ ഏറ്റവും അടിസ്ഥാനമായി ഉണ്ടാകേണ്ടത് അതാണ്. ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ബന്ധവും അത്രത്തോളം മനോഹരമായ ഒന്നായിരുന്നു.

അവനെയല്ലാതെ മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അത്രത്തോളം ആത്മാർത്ഥമായിട്ടാണ് ഞങ്ങൾ തമ്മിൽ പരസ്പരം സ്നേഹിച്ചത്. അത് മനസ്സിലാക്കാനുള്ള ബോധവും ബുദ്ധിയും ഒന്നും അമ്മയ്ക്കില്ല… ”

പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ കിതക്കുകയായിരുന്നു.” അത് ശരിയാ, അമ്മയ്ക്ക് ബോധവും ബുദ്ധിയും ഒന്നുമില്ലല്ലോ.. അതുകൊണ്ടാണ് നീ അവനെ ഇഷ്ടമാണ് എന്ന് ഇവിടെ വന്നു പറഞ്ഞപ്പോൾ ഞങ്ങളാരും

എതിർക്കാതിരുന്നത്. നിന്റെ ഇഷ്ടം പോലെ നടന്നോട്ടെ എന്ന് കരുതിയത് നീ ഞങ്ങളുടെ ഒരേയൊരു മകൾ ആയതുകൊണ്ടാണ്. എന്നിട്ട് ഇപ്പോൾ കുറ്റം മുഴുവൻ ഞങ്ങൾക്കും.. ”

അമ്മ സങ്കടത്തോടെ പറഞ്ഞപ്പോൾ അവൾക്ക് കൂടുതൽ തർക്കിക്കാൻ കഴിഞ്ഞില്ല. അല്ലെങ്കിലും ഈയൊരു വിഷയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയാൽ അത് വലിയൊരു കലാപത്തിലാണ് അവസാനിക്കാറ്.

കൂടുതൽ സംസാരിക്കുമ്പോൾ തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും എന്ന് അറിഞ്ഞുകൊണ്ട് തന്നെ അവൾ തന്റെ മുറിയിലേക്ക് നടന്നു.

ആ ബെഡിലേക്ക് ഇരിക്കുമ്പോൾ അവളുടെ മനസ്സിലേക്ക് തള്ളിക്കയറി വന്നത് ബെഡിൽ കിടന്നുകൊണ്ട് അവനോട് കൊഞ്ചുന്ന അവളെയാണ്. എത്രയോ രാത്രികളിൽ ഉറക്കമില്ലാതെ ഇതേ ബെഡിൽ കിടന്നു കൊണ്ട് അവനോട് ഫോണിൽ സംസാരിച്ചിരിക്കുന്നു.

ഒരിക്കൽ എന്റെ വീടും എന്റെ റൂമും ഒക്കെ അവനും സ്വന്തമാക്കും എന്ന് അവൻ എപ്പോഴൊക്കെയോ തന്നോട് പറഞ്ഞിരുന്നു. എന്നിട്ടും ആ ആഗ്രഹങ്ങൾ ഒക്കെയും ബാക്കി വച്ചു കൊണ്ട് അവൻ മറ്റൊരു ലോകത്തേക്ക് പോയി.

അഭിജിത്ത്.. തന്റെ പ്രാണനായിരുന്നു അവൻ..സോഷ്യൽ മീഡിയയിലൂടെയാണ് അവനെ പരിചയപ്പെട്ടത്.

ചെറിയ രീതിയിൽ കഥകളും കവിതകളും ഒക്കെ താൻ എഴുതിയിരുന്നു. അതൊക്കെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. പലരും അതിന്റെ അഭിപ്രായങ്ങൾ കമന്റ് ആയി ചിലപ്പോൾ ഇൻബോക്സിൽ നേരിട്ട് വന്നു ഒക്കെ പറയാറുണ്ട്.

ആ കൂട്ടത്തിൽ വന്ന ഒരാളായിരുന്നു അഭിജിത്ത്. താൻ എഴുതിയ കവിതയിലെ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ ആയിരുന്നു അന്ന് അവൻ മെസ്സേജ് അയച്ചത്. താൻ ഉപയോഗിച്ച വാക്കിന്റെ അർത്ഥം വേറെയാണ് എന്ന് അവൻ വ്യക്തമായി മെസ്സേജ് അയച്ചിരുന്നു.

അത് വായിച്ചു കഴിഞ്ഞപ്പോൾ അവനോട് ഒരുത്തിരി ദേഷ്യം തോന്നാതിരുന്നില്ല.’ അവൻ വലിയൊരു മലയാളം മാഷ്..’

അതാണ് ആദ്യമായി അവനെ കുറിച്ച് നാവിൽ വന്ന വാചകം. എങ്കിലും സാമാന്യമര്യാദയുടെ പേരിൽ പറഞ്ഞു തന്ന അറിവിന് നന്ദി എന്നു പറഞ്ഞു ആ മെസ്സേജ് അവിടെ അവസാനിപ്പിച്ചു.

പിന്നീട് പലതവണ താൻ എഴുതുന്ന എഴുത്തുകളിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് അവൻ മെസ്സേജ് അയച്ചു തുടങ്ങി. അപ്പോഴൊക്കെ ചെറിയ രീതിയിൽ ദേഷ്യം വരുമെങ്കിലും, അതൊന്നും പുറത്ത് കാണിക്കാതെ അവനോട് മാന്യമായി തന്നെ ഇടപ്പെട്ടു.പക്ഷേ ഒരു ദിവസം തന്റെ കൺട്രോൾ വിട്ടു.

” താൻ കുറെ നാളായല്ലോ തുടങ്ങിയിട്ട് എന്നെ ഓരോന്ന് പറഞ്ഞു പഠിപ്പിക്കാൻ.. താൻ ആരാന്നാ തന്റെ വിചാരം..? താൻ എല്ലാം തികഞ്ഞ ഒരാളാണ് എന്നൊരു ചിന്ത തനിക്കുണ്ടോ. അതുകൊണ്ടാണോ താൻ എന്റെ അടുത്തേക്ക് എന്നെ പഠിപ്പിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്..

എങ്കിൽ അങ്ങനെയൊരു വിചാരവും കൊണ്ട് എന്റെ അടുത്തേക്ക് വരണ്ട. ഇത്രയും നാളും താൻ പറഞ്ഞതൊക്കെ ഞാൻ കേട്ടതും മര്യാദയുടെ ഭാഷയിൽ മറുപടി തന്നതും എന്റെ മാന്യത. ഇനി വീണ്ടും വീണ്ടും ഓരോന്നും പറഞ്ഞു വന്നാൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുന്നത്. ”

അന്ന് വീട്ടിൽ അമ്മയോട് തല്ലു കൂടിയിരിക്കുന്ന സമയം കൂടിയായതുകൊണ്ട് അമ്മയോടുള്ള ദേഷ്യവും കൂടി ചേർത്താണ് അയാളോട് പറഞ്ഞത്.

” ഞാൻ തന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നത് എന്നെങ്കിലും ഒരിക്കൽ താൻ അറിയപ്പെടുന്ന ഒരു എഴുത്തുകാരി ആകുമ്പോൾ ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി മാത്രമാണ്. താൻ നല്ല രീതിയിൽ എഴുതുന്നുണ്ട്. തന്റെ കഴിവ് പുറംലോകം

അറിയേണ്ടത് തന്നെയാണ്. ആ സമയത്ത് ഇത്തരം ചെറിയ ചെറിയ തെറ്റുകൾ തന്റെ കരിയറിനെ ബാധിക്കും. അതുകൊണ്ട് മാത്രം പറഞ്ഞു തന്നതാണ്. തനിക്ക് ഫീൽ ആയെങ്കിൽ സോറി.. ”

ക്ഷമാപണത്തോടെ അയാൾ മെസ്സേജ് അയച്ചപ്പോൾ മാത്രമാണ് താൻ പറഞ്ഞത് അതിര് കടന്നു പോയി എന്ന് മനസ്സിലായത്. അപ്പോൾ തന്നെ ക്ഷമ ചോദിച്ചുകൊണ്ട് അയാൾക്ക് മെസ്സേജ് അയക്കുകയും ചെയ്തു.

പിന്നീട് ഒന്ന് രണ്ട് കഥകളും കവിതകളും ഒക്കെ പോസ്റ്റ് ചെയ്തിട്ടും അയാൾ യാതൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ വിഷമം തോന്നി. അവസാനം അങ്ങോട്ട് ചെന്ന് ചോദിച്ചു എന്തെങ്കിലും അഭിപ്രായം പറയാൻ ഉണ്ടോ എന്ന്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നെ പിന്നെ തനിക്ക് ഓരോന്നായി പറഞ്ഞു തന്നു തുടങ്ങി.

പിന്നീട് ആയപ്പോൾ എന്ത് എഴുതിയാലും ആദ്യം ആളിനെ കാണിച്ചിട്ട് മാത്രമേ പോസ്റ്റ് ചെയ്യൂ എന്നൊരു അവസ്ഥയിലേക്ക് എത്തി. അങ്ങനെ തുടങ്ങിയ സൗഹൃദം പതിയെ വാട്സ്ആപ്പിലേക്ക് പിന്നീട് ഫോൺ കോളിലേക്കും തിരിഞ്ഞു..

തങ്ങൾക്കിടയിൽ നല്ല സൗഹൃദം മാത്രമായിരുന്നുവെങ്കിലും ഇടയ്ക്ക് എപ്പോഴോ അത് പ്രണയത്തിന് വഴി മാറി കൊടുക്കുന്നത് രണ്ടുപേരും അറിയുന്നുണ്ടായിരുന്നു. അത് ആദ്യം തുറന്നു പറഞ്ഞതും അവൻ തന്നെയായിരുന്നു.

അവനോട് അങ്ങനെയൊരു ഫീലിംഗ് നേരത്തെ തന്നെ ഉണ്ടായിരുന്നതു കൊണ്ട് ആ ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. പരസ്പരം അകലാൻ കഴിയാത്ത വിധം ഇഷ്ടപ്പെട്ടു കഴിഞ്ഞപ്പോഴാണ് ഒരിക്കൽ അവൻ അവന്റെ ഫോട്ടോ അയച്ചു തന്നത്.

എന്നെ വഴിയിൽ എവിടെയെങ്കിലും വച്ച് കണ്ടാൽ നിനക്ക് തിരിച്ചറിയേണ്ടേ എന്നൊരു ചോദ്യത്തോടെയാണ് ആ ഫോട്ടോ തന്റെ ഫോണിലേക്ക് എത്തിയത്.

അന്ന് എത്രനേരം ആ ഫോട്ടോയിലേക്ക് നോക്കിയിരുന്നു എന്ന് ഇപ്പോഴും അറിയില്ല. തന്റെ ഫോട്ടോ അവൻ ഒരിക്കൽ പോലും ആവശ്യപ്പെട്ടില്ല എങ്കിലും അവന് താൻ അത് അയച്ചു കൊടുത്തിരുന്നു.

പരസ്പരം വീഡിയോ കോളും ഓഡിയോ കോളും ഒക്കെയായി ദിവസങ്ങൾ മുന്നോട്ടു പോയി. അതിനിടയിൽ തനിക്ക് അങ്ങനെ ഒരാളെ ഇഷ്ടമാണ് എന്ന് വീട്ടുകാരോട് തുറന്നു പറഞ്ഞിരുന്നു. അവരുടെ ഭാഗത്തുനിന്ന് എതിർപ്പൊന്നും ഇല്ല എന്ന് കണ്ടപ്പോൾ അവനോട് വിവരം പറയുകയും ചെയ്തു.

അധികം വൈകാതെ ഒരിക്കൽ വീട്ടുകാരെയും കൊണ്ട് വീട്ടിലേക്ക് വരാമെന്ന് അവൻ വാക്ക് കൊടുത്തു.

പക്ഷേ പിന്നീട് കുറച്ച് ദിവസത്തേക്ക് അവന്റെ ഒരു വിവരവും ഉണ്ടായിരുന്നില്ല. വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. മെസ്സേജുകൾക്ക് മറുപടിയില്ല. ഒടുവിൽ ആരൊക്കെയോ വഴി അന്വേഷിച്ചപ്പോഴാണ് അവൻ ഒരു ബൈക്ക് ആക്സിഡന്റിൽ മരണപ്പെട്ടു എന്ന് അറിഞ്ഞത്..

താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ആ വാർത്ത.അതിനുശേഷം മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും ഇഷ്ടമായിരുന്നില്ല. ആ സംഭവങ്ങൾ കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷത്തോളമാകുന്നു.

ഇതിനിടയിൽ പല പ്രാവശ്യം അച്ഛനും അമ്മയും മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുണ്ട്. പക്ഷേ അവനെ മറന്നുകൊണ്ട് മറ്റൊരു ജീവിതത്തിന് ഒരിക്കലും തനിക്ക് സാധിക്കില്ല.

അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അത് തന്റെ മരണമായിരിക്കും..!!അത് ചിന്തിക്കുമ്പോൾ അവൾ തന്റെ തീരുമാനമായി അത് മനസ്സിൽ ഉറപ്പിച്ചു വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *