ഈ നശിച്ച പെണ്ണ് വീട്ടിൽ ഉള്ളടത്തോളം കാലം ഈ വീട് ഗുണം പിടിക്കില്ല “നിയ എപ്പോഴും ശാപവാക്കുകൾ പറഞ്ഞു കൊണ്ടിരിക്കും..

താനെ മുളയ്ക്കുന്ന അഹങ്കാരം
(രചന: Meera Sagish)

“ഇതെന്താ മീനുന്റെ ദേഹം മുഴുവൻ മുറിവുകളും, പൊള്ളിയ പാടുകളുമൊക്കെയാണല്ലോ” കുറ്റിപ്പുറത്തു നിന്ന് വന്ന ഇളയമ്മ., അവളുടെ കൈയിൽ അങ്ങിങായിപൊള്ളിയ പാടുകൾ നോക്കി അനുതാപത്തോടെ പറഞ്ഞു..
അവരുടെ അലിവ് ഉള്ള മനസ്സാണ് .

തന്റെ ആരുമല്ലാതിരുന്നിട്ടും, അവരെ ഇളയമ്മ എന്ന് വിളിക്കുന്നത് അവർക്ക് മാനുഷിക മൂല്യങ്ങൾ ഉള്ളത് കൊണ്ടാണ്..

“ഓ അതോ , നാല് ബർണർ ഉള്ള സ്റ്റവ് അല്ലേ?പുറകിലുള്ള പാത്രത്തിലുള്ളത് ശ്രദ്ധിക്കുമ്പോൾ മുന്നിലുള്ള ബർണറിൽ വച്ചിരിക്കുന്ന ചൂടുള്ളതിൽ അറിയാതെ തട്ടിപ്പോവുമ്പോൾ പറ്റുന്നതാണ്..,

പിന്നെ പച്ചക്കറിയും മറ്റും അറിയുമ്പോൾകത്തി അറിയാതെ വിരലിൽ മുത്തും”..അങ്ങനെ കൈ നിറയെ ഉണങ്ങിയതും, കരിഞ്ഞതുമായ വള്ളിപുള്ളികൾ..

അന്തരീക്ഷത്തിലെ ചൂടും, സ്റ്റവിന്റെ ചൂടും കൂടിയാവുമ്പോൾ കഴുത്തിലെ മടക്കുകളിലെല്ലാം ചുവന്ന വ്രണങ്ങൾ പോലെയാവും, ചൂടുകാലം ആവുമ്പോൾ അങ്ങനെയാണ്..

കയ്യിലാണെങ്കിൽ സോപ്പ് അലർജി കൊണ്ടുള്ള പാടുകളും അങ്ങനെ ശരീരത്തിലെങ്ങും അടുക്കളപ്പണി യുടെ “അവശേഷിപ്പുകൾ “..

“കഷ്ടപ്പാടാണല്ലേ “? ഇളയമ്മ മനസ്സിൽ പറയുന്നത് മുഖത്തുനോക്കി വായിച്ചെടുക്കാം..

” ഒരു ശ്രദ്ധയുമില്ല ന്നേ, അവളുടെ മനസ്സ് എപ്പോഴും വേറെ എവിടെയെങ്കിലും ആയിരിക്കും. ചെയ്യുന്ന പണിയിൽ ശ്രദ്ധ വേണ്ടേ? ”
ഇതൊന്നും തങ്ങളുടെ കുറ്റം കൊണ്ടല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയായിരുന്നു ഗൃഹനാഥ…

ഇളയമ്മയ്ക്ക് മീനുവിനെ സഹായിക്കണം എന്ന ആഗ്രഹത്താൽ, അടുക്കളയിൽ വന്നു,ധൃതിയിൽ പത്തിരി ഉണ്ടാക്കികൊണ്ടിരിക്കുന്ന അവളുടെ തൊട്ടടുത്തു വന്നു നിന്ന്, പാനിൽ വേവാൻ ഇട്ടിരിക്കുന്ന പത്തിരി തിരിച്ചും മറിച്ചും ഇടുകയായിരുന്നു അവർ..

പക്ഷേ, എല്ലാ ജോലികളും സ്വന്തമായി ചെയ്തു ശീലിച്ച അവൾക്ക്, സഹായത്തിന്റെ ആവശ്യം ഒന്നുമില്ലെന്ന് ബോധ്യമായപ്പോൾ മാറിനിന്നു..

അവരുടെ കാര്യം തന്നേക്കാൾ കഷ്ടമാണെന്ന് അവൾക്ക് ബോധ്യമായി.. ഇരു കൈകളും അത്ര പ്രവർത്തനക്ഷമമല്ലാ..മാവ് കുഴയ്ക്കൽ, തുണി പിഴിയൽ എന്തിനു പറയുന്നു മുടി പോലും ശരിക്ക് വാരി കെട്ടാൻ കഴിയുകയില്ല..

കൈകൾക്ക് രണ്ടു സർജറിവേണമത്രെ!!!
അവരുടെ ഭർത്താവാണ് പോലും മുടിയൊക്കെ വാരികെട്ടി കൊടുക്കുന്നതും, വീട്ടുജോലികൾ മുഴുവൻ ചെയ്യുന്നതും..

അവർക്ക് ഭർത്താവിന്റെ സഹായം എങ്കിലും ഉണ്ടല്ലോ, തനിക്ക് ഒക്കെ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ എന്തായിരിക്കും സ്ഥിതി എന്നോർത്തു ഉള്ള് പിടഞ്ഞു പോയ്..

രണ്ട് കൈകൾ കൊണ്ട് നാല് കൈകളാൽ ചെയ്യാവുന്നത്ര ജോലികൾ ചെയ്താലും കിട്ടുന്നത് ശകാരവും കുറ്റപ്പെടുത്തലും അപമാനവും മാത്രം..!

ഇളയമ്മയും കുടുംബവും മടങ്ങിപ്പോകുമ്പോൾ, മീനു കാലത്തേ എണീറ്റ് അവർക്ക് യാത്രാമധ്യേ കഴിക്കാനുള്ള ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തയ്യാറാക്കി പൊതിഞ്ഞുകെട്ടി, അവരുടെ കയ്യിൽ കൊടുത്തപ്പോൾ “താങ്ക്യൂ മോളെ ” എന്ന് ചിരിച്ചു കൊണ്ട് ഇളയമ്മ മുഖത്തുനോക്കി പറഞ്ഞു..

അവൾക്ക് ഒത്തിരി സന്തോഷം തോന്നി, കാരണം ഇന്ന് വരെ ആരും ഒരു നന്ദി വാക്ക് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല… ”

നീ ചെയ്യുന്നതെല്ലാം നിന്റെ ജോലി മാത്രം, നിന്റെ കടമ, നമ്മൾ ഇവിടെ സാധനങ്ങൾ വാങ്ങി വച്ചിട്ട്, നീ അതെടുത്ത് ഉണ്ടാക്കുന്നു അത്രയല്ലേ ഉള്ളൂ.. പിന്നെ ഇവിടുന്ന് ഭക്ഷണവും കഴിക്കുന്നുണ്ടല്ലോ “. അങ്ങനെയാണ് എല്ലാവരും പറയുക..

വിലകൊടുത്തു കൊണ്ടുവരുന്ന സാധനങ്ങൾ ഭക്ഷണ രൂപത്തിലാക്കുക യും, മറ്റു ജോലികളും ചെയ്യുന്ന ഒരു യന്ത്രം.. പണിയെടുക്കുന്ന യന്ത്രം!!

ഇരുനില വീടിന്റെ മുകളിലത്തെ വലിയ വരാന്ത തൂത്തുവാരുമ്പോൾ മനസ്സ് ചിന്തകളിൽ ഉഴറി കൊണ്ടിരുന്നു..

മുൻവശത്തെ മെയിൻ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീക്ക് മേരി ലൂസി സിസ്റ്ററുടെ മുഖച്ഛായ ഉണ്ട് എന്ന് തോന്നിയപ്പോഴാണ്, നിശ്ചലയായി അവരെ തന്നെ നോക്കി നിന്നു പോയത്.

താൻ വളർന്ന അനാഥാലയത്തിലെ മദർ സുപ്പീരിയർ ആയിരുന്നു അവർ.. മൂന്നര വയസ്സുവരെ അവിടെയായിരുന്നു വളർന്നത്.. അവിടെയുള്ള കന്യാസ്ത്രീ മാർ വളരെ സ്നേഹത്തോടെയാണ് തന്നെ നോക്കിയിരുന്നത്..

ആരുടെയോ എന്തോ പ്രേരണയാൽ മറ്റോ ആണ് തന്നെ ഇപ്പോഴത്തെ അച്ഛനുമമ്മയും എടുത്തു വളർത്തിയത്..പത്തു, നാൽപ്പത് വർഷങ്ങൾക്കു മുമ്പത്തെ ദത്തെടുക്കൽ നിയമങ്ങൾ അത്ര കർക്കശം ആയിരുന്നില്ലായിരിക്കണം.

അച്ഛനമ്മമാരെയും കൂടപ്പിറപ്പുകളെ കിട്ടിയപ്പോൾ ഒരുപാട് സന്തോഷിച്ചു.. എന്നാൽ വ്യക്തമായ അവഗണനയോടെ കൂടെ തന്നെയാണ് മീനുവിനെ അവർ വളർത്തിയിരുന്നത്.

സഹോദരങ്ങളെ ഒക്കെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ചേർത്തപ്പോൾ അവളെ മാത്രം ഒരു സാധാരണ മലയാളം മീഡിയം സ്കൂളിൽ ചേർത്തു പഠിപ്പിച്ചു..

” അതെന്താ അങ്ങനെ? ” എന്ന് ചോദിച്ചാൽ, ആ നിനക്ക് അത്രയൊക്കെ മതി ഞാനും ആ സ്കൂളിൽ തന്നെയാണ് പഠിച്ചത് “. എന്ന് അച്ഛൻ മറുപടി പറയുമായിരുന്നു .ഒരു പിറന്നാൾ പോലും ആഘോഷിച്ചിട്ടില്ല.

എന്ന് വെച്ച് സംരക്ഷിക്കാതിരുന്നിട്ടില്ല..
പക്ഷേ, എന്നും അവളെ അന്യതാബോധം അലട്ടിയിരുന്നു..

പ്രായപൂർത്തിയായതിൽ പിന്നെ തന്നേ എവിടേക്കെങ്കിലും പറഞ്ഞു വിട്ടാൽ മതി എന്നായിരുന്നു.. ആയിടയ്ക്കാണ് കാനഡയിൽ നിന്ന് വന്ന ഒരു ബന്ധുവിനെ അച്ഛൻ കാണാനിടയായത്.

അവരുടെ സഹോദരൻ, അകന്ന ബന്ധുവിന്റെ ബംഗളൂരുവിൽ ഉള്ള ഒരു വീട്ടിൽ, വീട്ടുജോലിക്ക് ഒരു പെങ്കൊച്ചിനെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് അച്ഛനെ സമീപിച്ചപ്പോൾ, പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അമ്മയ്ക്ക് വൈമനസ്യം ഉണ്ടായിരുന്നു.” എവിടെയെങ്കിലും പോയി പണിയെടുത്ത് ഒക്കെ ജീവിക്കട്ടെ, നമ്മൾ എന്തിനാണ് ഈ ബാധ്യത ജീവിതകാലം മുഴുവൻ ചുമക്കുന്നത്? ” അതായിരുന്നു അച്ഛന്റെ നിലപാട്.

തൊട്ടടുത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ മീനു ചിന്തയിൽ നിന്നുണർന്നു.. നിയ വരാന്തയിലെ അയയിൽ ഉണങ്ങാനിട്ട തുണികൾ ഒന്നൊന്നായി എടുക്കുകയായിരുന്നു.. ജോലി ചെയ്യാതെ റോഡിലേക്ക് നോക്കിയിരിക്കുന്ന അവളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോയി.

നിയ മൂത്തവൾ നിമയെ പോലെയല്ല ഭയങ്കര ദേഷ്യ ക്കാരി ആണ് .. തന്നെ കണ്ണിന് നേരെ കണ്ടു കൂടാ.

അവരുടെ ആശ്രിത യായി കഴിയുന്നത് കൊണ്ടാവാം, താനും എന്താ ഇവിടെ കഠിനാധ്വാനം ചെയ്തിട്ടില്ലേ ജീവിക്കുന്നത്?, റോബോട്ടിനെ പോലെ പണിയെടുക്കാൻ ഒരു മനുഷ്യന് ആവുമോ? . നിമ ചേച്ചി പാവമാണ്.

വലിയൊരു കമ്പനി യിൽ റിക്രൂട്ട്മെന്റ് സെക്ഷനിൽ ജോലി ചെയ്യുന്ന നിയയ്ക്ക് ലക്ഷങ്ങൾ ശമ്പളം ഉണ്ട്.. അതിനേക്കാൾ അഹങ്കാരവും!!!

“ഇന്നത്തെ തന്റെ കാര്യം പോക്കാ ”
മീനു മനസ്സിൽ കണക്കുകൂട്ടി.. വേഗം വരാന്ത മുഴുവൻ തൂത്തു തുടച്ചു അകത്തു കയറി.. ഇനി അകം മുഴുവൻ തൂത്തു തുടക്കണം. അത് കഴിഞ്ഞു വേണം ഊണ് തയ്യാറാക്കാൻ. പന്ത്രണ്ടര ആവുമ്പോഴാത്തേയ്ക് റെഡി ആവുകയും വേണം..

മീനു അകം അടിച്ചു വാരാൻ തുടങ്ങി.. നിയ ഹാളിലെ ദിവൻ കട്ടിലിൽഉണങ്ങിയ തുണികൾ കൊണ്ടു വെച്ചിട്ട് ഒന്നൊന്നായി മടക്കി വെയ്ക്കുകയാണ്

.മുഖം കണ്ടാൽ അറിയാം കട്ട കലിപ്പിൽ ആണ്.സാധാരണ സ്വന്തം റൂമിൽ കൊണ്ടു പോയി വെച്ചിട്ടാണ് തുണികൾ മടക്കി വെയ്ക്കുന്നത്.

വാരാന്ത്യങ്ങളിൽ മാത്രമേ ആൾ വീട്ടിൽ ഉണ്ടാവുകയുള്ളൂ.. ആ രണ്ടു ദിനങ്ങൾ മീനുന് പേടി സ്വപ്‌നങ്ങൾ ആണ്.
കട്ടിലിന്റെ അടിഭാഗം തൂത്തുവാരണം. നിയ അങ്ങോട്ടു മാറുന്നതേ ഇല്ല.

മനപ്പൂർവ്വം പ്രശ്നം ഉണ്ടാക്കാൻ ഉള്ള പുറപ്പാടാണ് എന്ന് അവൾക്ക് മനസ്സിലായത് കൊണ്ട്, അവൾ നിന്ന ഇരുഭാഗവും തൂത്തു തുടച്ച് പടികളിറങ്ങി താഴേക്ക് പോയി ചൂലും മോപ്പും എല്ലാം വർക്കേരിയയിൽ കൊണ്ടുവെച്ചു. കൈ സോപ്പിട്ട് കഴുകി അടുക്കളയിൽ പോയി വെള്ളം കുടിച്ചു.

ഇനി താഴത്തെ നില അടിച്ചു വാരി തുടക്കണം. പെട്ടെന്നാണ് നിമ ചേച്ചിയുടെ രണ്ടര വയസ്സുള്ള കുഞ്ഞ്, സോഫയിൽ നിന്ന് താഴേക്ക് ഉരുണ്ട് വീണത്. കുഞ്ഞു ഉച്ചത്തിൽ നിലവിളിച്ചു.
അതോടെ പൊട്ടാൻ ഇരുന്ന ബലൂണിൽ ഒരു കുത്തു കിട്ടിയത് പോലെയായി നിയ ..

വീട്ടിൽ എന്തു സംഭവിച്ചാലും, എന്ത് ഉപകരണങ്ങൾ കേടു വന്നാലും, എല്ലാത്തിനും നിയ മീനുനെയാണ് പഴിക്കുന്നത്.. കുറച്ച് ദിവസം മുമ്പ് എവിടെയോ പോകുമ്പോൾ ടൂവീലർ സ്റ്റാർട്ട് ആവുന്നില്ല, അതിനും വഴക്കും തല്ലും കിട്ടിയത് മീനുന് തന്നെ..

” ഈ നശിച്ച പെണ്ണ് വീട്ടിൽ ഉള്ളടത്തോളം കാലം ഈ വീട് ഗുണം പിടിക്കില്ല “നിയ എപ്പോഴും ശാപവാക്കുകൾ പറഞ്ഞു കൊണ്ടിരിക്കും..

” നിനക്ക് കഴിക്കാൻ ഭക്ഷണം ഉണ്ടാക്കി തരുന്ന എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് കൊണ്ടാണ് നിനക്ക് സ്വസ്ഥതയും സമാധാനവും കിട്ടാതെ ഇങ്ങനെ ജീവിക്കുന്നത്.. നീ അനുഭവിക്കും “. മീനു സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിത്തെറിച്ച് പോയതാണ്.

” കണ്ടോ അവൾ എന്നെ നോക്കി ശപിച്ചു ഞാൻ ഗുണം പിടിക്കില്ല എന്നു പറഞ്ഞു ഞാൻ പുഴുത്തു പോകും എന്നു പറഞ്ഞു”അവളെ ഇവിടുന്നു പുറത്താക്കണം. മമ്മി യോടും പപ്പയോടും എത്രകാലമായി ഞാൻ പറയുന്നു “.. മമ്മിയും പപ്പയും അവളെ സപ്പോർട്ട് ചെയ്തു മീനുവിനെ ശകാരിച്ചു കൊണ്ടേയിരിക്കും..

ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ ജീവിതം വഴിയിൽ കെട്ടിയ ചെണ്ട പോലെയാണ്. ആർക്ക് വേണമെങ്കിലും തല്ലിയിട്ട് പോകാം!!
വർഷങ്ങളായി ജീവിതം വല്ലാത്തൊരു സമസ്യയിലൂടെ കടന്നുപോവുകയാണ്.

ഉറക്കെ നിലവിളിക്കുന്ന കുഞ്ഞിനെയുമെടുത്ത് നിമ ചേച്ചിയും അവരുടെ അമ്മയും ബെഡ് റൂമിൽ കയറി വാതിൽ അടച്ചു.

അടുത്ത അങ്കം നിയയുടെ വകയാണ്.
“മീനു നീ ഞാൻ നിന്നിരുന്ന സ്ഥലം എല്ലാം തൂത്തു തുടച്ചിരുന്നോ?”

” അതിന് മാഡം അങ്ങോട്ട് മാറി ഇല്ലല്ലോ”?
“പോയി ഒന്നുകൂടെ തൂത്തു തുടയ്ക്ക്.. ”“എന്തിനാണു മാഡം വെറുതെ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത് “?

മാത്രവുമല്ല ഇവിടെ താഴ്ഭാഗം തൂത്തു തുടയ്ക്കുകയും ചോറും കറീം വെക്കുകയും മറ്റ് ജോലികൾ വേറെയും ചെയ്യേണ്ടതുണ്ട്.” മീനു അപേക്ഷിച്ചു.

” നിനക്ക് ഈ വീട്ടിൽ ജീവിക്കണമെങ്കിൽ ഞാൻ പറയുന്നതൊക്കെ ചെയ്യേണ്ടിവരും “. നിയ ആജ്ഞാപിച്ചു.

വെറുതെ വഴക്കിന് നിൽക്കേണ്ട ല്ലോ എന്നോർത്ത് മീനു മുകളിലത്തെ നില പിന്നെയും തൂത്തു തുടച്ചു . നിയ കലി തീരുന്നത് വരെ പിന്നെയും പിന്നെയും ചെയ്യിപ്പിച്ചു കൊണ്ടിരുന്നു..

“മാഡം, നിങ്ങൾ ഏതു വിധത്തിൽ എന്നെ പീഡിപ്പിക്കുകയാണ് എങ്കിൽ ഞാൻ പോലീസിനെ വിളിക്കും, എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന് വിചാരിച്ചിട്ട് എന്നെ ഇങ്ങനെ കഷ്ടപ്പെടുത്താം എന്നൊന്നും വിചാരിക്കേണ്ട. ഞാൻ ഗാർഹിക പീഡനത്തിന് കേസ് കൊടുക്കും “..

” വിളിക്ക ടി പോലീസിനെ,,100 അതാണ് നമ്പർ വേഗം പോയി ഡയൽ ചെയ്യു. പിന്നെ ഒരു കാര്യം കൂടി ഞാൻ പറഞ്ഞേക്കാം നീ പോലീസിനെ ഈ വീട്ടിൽ വിളിച്ച് വരുത്തുകയാണെങ്കിൽ അതോടെ നിന്റെ ഈ വീട്ടിലെ ജീവിതം അവസാനിക്കും”.. നിയ ആക്രോശിച്ചു .

വേണ്ട വേണ്ട എന്ന് വിചാരിക്കും തോറും നിയ അവളെ റൂമിലേക്ക് തള്ളിക്കൊണ്ടു പോയി.. ” ഫോൺ എടുക്കടി ഡയൽ ചെയ്യ് “.. എന്തൊരു അഹങ്കാരം ആണ് ആ കൊച്ചിന്!!

മീനു നൂറ് ഡയൽ ചെയ്തപ്പോൾ പോലീസിനെ കിട്ടാൻ വേറെ ഏതോ ഒരു അക്കം കൂടി അമർത്തണം എന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും, പ്രാദേശിക ഭാഷയായ കന്നടയിലും പറഞ്ഞു..
അവൾ നിർദേശങ്ങൾ അനുസരിച്ചു. പോലീസ് ഫോണെടുത്തു..

“ഹലോ സർ,ഞാൻ വല്ലാത്തൊരു അവസ്ഥ യിൽ ആണ്.. ഒരു വീട്ടിൽ നിന്നിട്ട് ശാരീരിക മാനസിക പീഡനങ്ങൾ സഹിക്കാനാവുന്നില്ല “. അവൾ അറിയാവുന്ന ഇംഗ്ലീഷും ഹിന്ദിയുമൊക്കെ പറഞ്ഞു..

“മാഡം, നിങ്ങൾ എവിടെയാണ് ഉള്ളത് എന്ന് പറയൂ ഞങ്ങൾ അങ്ങോട്ട് വരാം..”
പോലീസിന് ആകപ്പാടെ ഒരു തണുപ്പൻ മട്ട്.. എവിടെയോ ഉറങ്ങി കിടക്കുകയാണെന്ന് തോന്നി..

ഫോൺ പെട്ടെന്ന് കട്ടായി പോയതുകൊണ്ട് അഡ്രെസ്സ് അറിയാൻ വേണ്ടി പിന്നെയും വിളിച്ചു. മീനു കൃത്യമായി അഡ്രസ് പറഞ്ഞു കൊടുത്തു.

ഇനി എന്തു സംഭവിക്കും എന്ന് അറിയില്ല.. അവൾ പതുക്കെ നടന്നു സ്റ്റെയർകേസ് വഴി താഴേക്ക് ഇറങ്ങി. ഗൃഹനാഥനുംനിയയും ഹാളിലെ സെറ്റിയിൽ ഇരിപ്പുണ്ട്..

ഗൃഹ നാഥന്റെ മുഖം കടന്നൽ കുത്തിയത് പോലെയുണ്ട്..താൻ പോലീസിനെ വിളിക്കുകയാണെന്ന്. നിയ പറഞ്ഞു കൊടുത്തിട്ടുണ്ട്.

“പോലീസ് ഗേറ്റിനു മുന്നിൽ എത്തിയിട്ടുണ്ട് “. വലിയ ഗോവണിയുടെ അവസാനത്തെ പടി ഇറങ്ങിക്കൊണ്ട് മീനു പറഞ്ഞു.

“നീ ഈ വീട്ടിൽ എന്നോട് ചോദിക്കാതെ പോലീസിനെ വിളിച്ചുവരുത്തി അല്ലേ അഹങ്കാരി ” ഗൃഹ നാഥൻ റെ ഇതുവരെ കാണാത്ത വല്ലാത്തൊരു മുഖഭാവമായിരുന്നു അത്.

മീനു ധൈര്യത്തോടെ വാതിൽ തുറന്നു.)പിന്നാലെ ഗൃഹനാഥനും മകളുമുണ്ട് .പുറത്തേക്കിറങ്ങിചെന്ന്, ഗേറ്റ് തുറന്നു.

വാഹനം നിർത്തിയിട്ടു രണ്ടു പോലീസുകാർ റോഡിൽ നിൽപ്പുണ്ട്. അവർ മുറ്റത്തു വന്നു നിന്നു. “ആരാണ് പോലീസിനെ ഫോൺ ചെയ്തത്?”

“ഞാൻ ആണ് സർ. ഈ വീട്ടിൽ ഉള്ളവർ വല്ലാതെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു ” പോലീസ് നിയയെയും അവളുടെ അച്ഛനെയും പിന്നെ വന്ന സഹോദരനെയും നോക്കി.

” ഒന്നുമില്ല സർ, ഒന്നുമില്ല, അവൾക്ക് ജോലി ഒന്നും ചെയ്യാൻ വയ്യ. എന്റെ മോൾ എന്തോ പറഞ്ഞപ്പോ ആ പെണ്ണ് വിവരക്കേട് കാണിച്ചതാണ്..” ഗൃഹനാഥൻ മറുപടി പറഞ്ഞു.

അവർക്കെല്ലാം നിസ്സാരം! അനുഭവിക്കുന്നവർക്ക് അല്ലേ അതിന്റെ വേദന അറിയൂ!!!

“സർ അവൾക്ക് വേണ്ടത്, നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തു കൊണ്ട് പോവുക എന്നതാണ്. നിങ്ങക്ക് വേണമെങ്കിൽ എന്നെ കൊണ്ടുപോകാം”

നിയ സ്ഫുടമായ ഇംഗ്ലീഷിൽ പോലീസിനോട് പറഞ്ഞു.. അങ്ങനെയൊന്നും ഞങ്ങൾക്ക് ചെയ്യാൻ പറ്റില്ല എന്ന അർത്ഥത്തിൽ പോലീസ് തലയാട്ടി..

” സാർ നിങ്ങൾ അവളെ കൊണ്ടുപോകണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, എന്നെ എന്തിനാണ് അവർ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്? ഞാൻ ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ല.

എനിക്ക് ഈ വീട്ടിൽ ജീവിച്ച് മടുത്തു.ഈ വീട്ടിൽ എന്തിനും ഏതിനും എനിക്ക് ആണ് കുറ്റം, ചെയ്ത ജോലികൾ പിന്നെയും പിന്നെയും ചെയ്യിപ്പിക്കുക, എപ്പോഴും ശകാരിച്ചു കൊണ്ടിരിക്കുക, ഒരു മാനുഷിക പരിഗണന പോലും ഇല്ല സർ “..

പ്രാദേശിക ഭാഷ അറിയാത്തതുകൊണ്ട് അവൾഅറിയാവുന്ന ഹിന്ദിയിലും ഇംഗ്ലീഷിലും ഒക്കെയാണ് പോലീസിനോട് സംസാരിച്ചത്..

പ്രാദേശിക ഭാഷയായ കന്നഡ നന്നായി വശം ഉണ്ടായിരുന്ന ഗൃഹനാഥനും മക്കളും തന്നെ പറ്റി എന്തൊക്കെയോ പോലീസിനോട് പറയുന്നുണ്ട്.. ജോലി കള്ളി ആണെന്നും മാനസികരോഗി ആണെന്നും മറ്റും..

നല്ല ഔദ്യോഗിക പദവിയുള്ള നീയ യോട് പോലീസ് വളരെ ബഹുമാനത്തോടെയാണ് പെരുമാറുന്നത്..

” നിങ്ങൾ എന്നെ നാട്ടിലെത്താൻ സഹായിക്കുമോ സർ? എനിക്ക് നാട്ടിൽ പോണം എന്ന് പറയുമ്പോൾ വീട്ടിൽ നിന്ന് നിന്നെ കൊണ്ടുപോകാൻ ആരോടെങ്കിലും വരാൻ പറയൂ എന്നാണ് ഇക്കൂട്ടർ പറയുന്നത്. അവിടുന്ന് എന്നെ കൊണ്ടുപോകാൻ ആരും വരാനില്ല “.

തൊഴുകൈകളോടെ മീനു അപേക്ഷിച്ചു. പോലീസിനെ പറ്റി പരിമിതമായ അറിവ് മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.

“താൻ എന്താണ് പോലീസിനെ പറ്റി വിചാരിച്ചിരിക്കുന്നത്? നിങ്ങളെയൊന്നും അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോക്കും, കൊണ്ട് വരലൊന്നും അല്ല പോലീസിന്റെ ജോലി.. അയാൾക്ക് മീനുവിനോടാണ് ഇപ്പൊ ദേഷ്യം മുഴുവൻ.

” ഒരു വീട്ടിൽ നിൽക്കുമ്പോൾ കുറച്ച് അഡ്ജസ്റ്റ് ചെയ്ത് ഒക്കെ നിൽക്കണം.. അതാണ് വേണ്ടത് “.

നല്ല പോലീസ്!! ഇത്രയും ഗാർഹിക പീഡനങ്ങൾ അനുഭവിച്ച താൻ പിന്നെയും അഡ്ജസ്റ്റ് ചെയ്യണം പോലും!!

വെറുതെയല്ല രാജ്യത്ത് സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും കൂടിക്കൂടി വരുന്നത്!!
നിസ്സഹായരായ മനുഷ്യർക്ക് ഇവിടെ ഒരു നീതിയും കിട്ടാൻ പോകുന്നില്ല!!

” നിങ്ങൾ ഇവിടെ എന്നെ ഉപേക്ഷിച്ചു പോകാൻ ആണെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.. അത്രയ്ക്ക് ഞാൻ ഇവിടുന്നു സഹിക്കുന്നുണ്ട്.. ”

മീനുവിന്റെ ഭീഷണി കേട്ടിട്ട് പോലീസ് ഒന്നു ഞെട്ടി.. ഈ ഊരാ കുടുക്കിൽ നിന്ന് എങ്ങനെയെങ്കിലും ഒന്ന് ഉൾവലിഞ്ഞാൽ മതിയെന്നായി.

” നിങ്ങൾ ഒരു കാര്യം ചെയ്യൂ, ഈ കുട്ടിയെ കൂട്ടി പോലീസ് സ്റ്റേഷനിൽ വന്ന് ഒരു കംപ്ലയിന്റ് കൊടുപ്പിക്കു. ബാക്കി കാര്യം ഞങ്ങൾ നോക്കിക്കോളാം “. പോലീസുകാരൻ ഗൃഹനാഥൻ റെ മകനോട് ആയി പറഞ്ഞു..

അയാൾക്ക് അത് തീരെ ഇഷ്ടമായില്ലെങ്കിലും പോലീസ് പറഞ്ഞത് തള്ളിക്കളയാൻ പറ്റാത്തത് കൊണ്ട് മാത്രം അവളെയും കൂട്ടി ടുവീലറിൽ പുറപ്പെട്ടു..

ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു മീനു പോലീസ് സ്റ്റേഷനിലെ ഉൾഭാഗം കാണുന്നത്.. അവിടുത്തെ എസ് ഐ തിരക്കിട്ട എന്തൊക്കെയോ ജോലിയിലാണ്.. ഒരു വനിതാ പോലീസ് ഇരുന്ന് എന്തൊക്കെയോ എഴുതുന്നുണ്ട്.

ചുമരിൽ കാണാതായി പോയ പ്രായപൂർത്തിയായ ആൺകുട്ടികളുടെ പെൺകുട്ടികളുടെയും ഫോട്ടോകൾ പതിച്ചിരുന്നു.” ഇവരൊക്കെ എവിടെ പോയതാവും? അവർക്കൊന്നും ഒരു ആപത്തും വരുത്തരുതേ ഈശ്വരാ” എന്നവൾ മനമുരുകി പ്രാർത്ഥിച്ചു.

” നിങ്ങൾ കംപ്ലൈന്റ് എഴുതി കൊടുക്കൂ” വനിതാ പോലീസ് ഓർമിപ്പിച്ചു.. ” ഫോർമാറ്റ് അവിടെയുണ്ട് “.

മീനു തന്റെ പ്രയാസങ്ങൾ എല്ലാം ആ വെള്ളപേപ്പറിൽ അറിയാവുന്ന ഇംഗ്ലീഷിൽ എഴുതി കൊടുത്തു.. ഒപ്പിട്ടു. ഗൃഹനാഥൻ റെ മകൻ അതിന്റെ ഫോട്ടോ മൊബൈലിൽ പകർത്തി.

” ഞങ്ങൾ അന്വേഷിക്കാം “. എസ് ഐ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞപ്പോൾ തന്നെ അവൾക്കു മനസ്സിലായി ഈ കേസിൽ അവൾക്ക് ഒരു നീതിയും കിട്ടാൻ പോകുന്നില്ലെന്ന്.!

ടൂവീലറിൽ തിരിച്ചു പുറപ്പെടുമ്പോൾ പോകുന്നവഴിക്ക് താൻ എവിടെയെങ്കിലും വീണ് മരിച്ചു പോണേ എന്നവൾ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. പക്ഷേ അങ്ങനെയൊന്നും സംഭവിച്ചില്ല .. മനുഷ്യന്റെ എല്ലാ പ്രാർത്ഥനകളും ദൈവം കേട്ടിരുന്നെങ്കിൽ എന്ത് സുഖമായിരുന്നു!.

തിരിച്ച് വീട്ടിലേക്ക് കയറിയപ്പോൾ എല്ലാവരും അവളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു..” 10, 40 വർഷത്തോളമായി ഇവിടെ ജീവിക്കുന്നു ഇന്നുവരെ ഒരു പോലീസ് ഇവിടെ കാലുകുത്തി യിട്ടില്ല ഈ നശിച്ച പെണ്ണ് കാരണം അതും സംഭവിച്ചു.

“തിന്നുന്ന ചോറിനു നീ നന്ദി കാണിച്ചല്ലോ പെണ്ണെ”. ഗൃഹനാഥനും ഗൃഹനാഥയും മക്കളും അവളുടെമേൽ ശാപവാക്കുകൾ ചൊരിഞ്ഞു കൊണ്ടിരുന്നു. അവരുടെ മകൾ ചെയ്തതെല്ലാം ശരി.

” നിങ്ങളുടെ ആട്ടും തുപ്പും കേൾക്കേണ്ട കാര്യം ഒന്നും എനിക്കില്ല, ഒരു വീട്ടിൽ ഒരു ജോലിക്കാരിയെ നിർത്തി കഴിഞ്ഞാൽ അവർക്ക് ശമ്പളവും ഭക്ഷണവും എല്ലാവരും കൊടുക്കും. ഇവിടെ എനിക്കുള്ളത് ഭക്ഷണം മാത്രമാണ് “.

ഇവിടെ എല്ലമുറിയെ പണിയെടുത്തിട്ട് മിച്ചം വരുന്ന ഭക്ഷണം കഴിക്കും അതിന് ഇത്രത്തോളം ഒന്നും ശകാരവും അപമാനവും സഹിക്കാൻ കഴിയില്ല ”

മീനു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല.. അടുത്ത നിമിഷം ശ്വാസം പോവുകയാണെങ്കിൽ പോലും പൊരുതി യിട്ട് വേണം മരിക്കാൻ!

ശകാരം കേട്ട് കേട്ട് കേട്ട് ഒടുവിൽ തലകറക്കം വന്നപ്പോൾ അവൾ റൂമിൽ കയറി വാതിൽ അടച്ചു. റൂമിലെ തറയിൽ നീണ്ടുനിവർന്നു കിടന്നു..

ഫോൺ എടുത്ത് വീട്ടിൽ അച്ഛനെ വിളിച്ചു നടന്നതെല്ലാം പറഞ്ഞു. ” മോൾ ഒരു കാര്യം ചെയ്യൂ, ട്രെയിൻ ടിക്കറ്റ്/ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് തരാം അവിടുന്ന് ഇങ്ങോട്ട് കയറി പോര്”.

” അതൊന്നും നടക്കില്ല അച്ഛാ നിങ്ങളാരെങ്കിലും അവിടുന്ന് കൂട്ടാൻ വരാതെ അവർ എന്നെ ഈ വീടിന്റെ പടിയിറങ്ങാൻ സമ്മതിക്കില്ല ”

” എനിക്കും നിന്റെ അമ്മയ്ക്കും ഇവിടെ വയ്യാ തിരിക്കുകയാണ് അങ്ങോട്ടേക്ക് വരുന്ന കാര്യമൊന്നും മോള് ചിന്തിക്കുകയേ വേണ്ട..

വേണമെങ്കിൽ ഞാൻ നിനക്ക് ഇവിടുത്തെ വനിത കമ്മീഷൻന്റെ നമ്പർ തരാം. നീ അവരെ വിളിച്ചു ഒന്ന് സംസാരിച്ചുനോക്കു. നിന്റെ പ്രശ്നങ്ങൾ അവരോട് ഒന്ന് പറഞ്ഞു നോക്കു എന്തെങ്കിലും പരിഹാരം കിട്ടാതിരിക്കില്ല. “

“എനിക്ക് ആരുടേയും ഒരു നമ്പറും വേണ്ട നിങ്ങൾ കാരണം ഞാൻ ഇവിടെ എത്തി. എന്നിട്ട് ഓരോരുത്തരോട് വിഷമവും പരാതിയും പറഞ്ഞു മടുത്തു ”അവൾ ഫോൺ കട്ട് ചെയ്തു.

പിന്നെയും നീണ്ടുനിവർന്നു അങ്ങനെ കിടന്നു. ആർക്കും ഒരു ദ്രോഹവും ജീവിതത്തിൽ ചെയ്യാതിരുന്നിട്ട് പോലും, തനിക്ക് ഇങ്ങനെയൊക്കെ വന്നു ചേർന്നല്ലോ. ഇങ്ങനെ കണ്ണിൽ ചോരയില്ലാത്ത മനുഷ്യരുടെ ഇടയിൽ എത്തിപ്പെടേണ്ടിവന്നു ല്ലോ.

തന്റെ ജന്മം തന്നവർ ഉണ്ടായിരുന്നെങ്കിൽ, ഇങ്ങനെ ഒറ്റപ്പെടലിന്റെ തുരുത്തിൽ നിസ്സഹായയായി കഴിയേണ്ടി വരുമായിരുന്നോ? അവൾ പതുക്കെ എണീറ്റു കണ്ണാടിയിൽ നോക്കി. ആ പ്രതിബിംബം അവളോട് ഇങ്ങനെ പറഞ്ഞു.

” നീ കരയേണ്ട വളല്ല, തോൽക്കേണ്ടവളല്ല, പൊരുതി ജയിക്കേണ്ടവളാണ്.അഹങ്കാരികളുടെ മുന്നിൽ മുട്ടുകുത്താനുള്ളതല്ല ജീവിതം.ഇനിയും ഒരുപാട് ഉയർച്ചകൾ നിനക്ക് എത്തിപ്പിടിക്കാൻ ഉണ്ട്. “

Leave a Reply

Your email address will not be published. Required fields are marked *