(രചന: ശാലിനി)
സുഷമ ആകാംക്ഷയോടെ അയാളെ ഉറ്റു നോക്കി. തന്റെ ഈയൊരു ആഗ്രഹമെങ്കിലും ഭർത്താവ് ഒന്ന് സാധിച്ചു തന്നിരുന്നെങ്കിൽ..
പക്ഷെ,
”വേണ്ട, ആ മോഹം അങ്ങ് മനസ്സിൽ വെച്ചാൽ മതി. വീട്ടിൽ ഇരുന്ന് ചെയ്യാവുന്ന ജോലി എന്തെങ്കിലും ഉണ്ടേൽ നോക്ക്. അല്ലാതെ ഈ വീട് വിട്ട് ഒരിടത്തും പോയി ഒന്നും കൊണ്ടു വരണ്ട .”
സുഷമയുടെ മനസ്സ് അത് കേട്ടതും വല്ലാതെ ഇടിഞ്ഞു. നെഞ്ചിൽ ഒരു ഭാരം കനക്കുന്നു .
കുറച്ചു നിമിഷങ്ങൾ കൊണ്ട് എന്തെല്ലാം ആഗ്രഹിച്ചു !
വീട്ടിൽ നിന്ന് അധികം ദൂരത്തല്ലാതെ ടൗണിലെ അക്ഷയയുടെ ഓഫീസിൽ കമ്പ്യൂട്ടർ സ്റ്റാഫിനെ ആവശ്യമുണ്ടെന്ന് അറിഞ്ഞത് മുതൽ അവൾ സ്വപ്നം കാണാൻ തുടങ്ങിയതാണ്.
അടുത്ത കൂട്ടുകാരി ജോലിക്കാര്യം വിളിച്ചു പറയുമ്പോൾ ഏറെ പ്രതീക്ഷ തോന്നിയിരുന്നു.
ഈ ജോലിയ്ക്ക് എതിര് പറയില്ല. അത്ര നാണക്കേട് ഇല്ലാത്ത പണിയാണ്. അല്ലെങ്കിലും മോഷണവും, വ്യഭിചാരവും ഒഴിച്ച് ഏത് ജോലിയ്ക്കും അതിന്റെതായ അന്തസ്സ് ഉണ്ട് എന്നാണ് അവൾ വിശ്വസിക്കുന്നത്.
ഇതുവരെ ഓരോ ജോലിക്കു പോകാൻ താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴൊക്കെയും മക്കൾ കൊച്ചു കുട്ടികൾ ആണെന്നും, അവരുടെ കാര്യം പിന്നെ ആരു നോക്കുമെന്നൊക്കെയുള്ള ഒറ്റക്കാരണത്തിൽ അതെല്ലാം നിർദ്ധാക്ഷണ്യം ഭർത്താവ് തട്ടിക്കളയുമ്പോൾ അവൾ നീറുന്ന മനസ്സോടെ കാത്തിരിക്കും..
അതെ! അവർ കൊച്ചു കുട്ടികളാണ്. കാലവും വല്ലാത്തതാണല്ലോ. ആരെയും വിശ്വസിച്ച് ഏൽപ്പിക്കാനും പറ്റില്ല. പോരെങ്കിൽ സ്കൂൾ വിട്ട് വരുമ്പോൾ ഒറ്റയ്ക്ക് ഇരുത്താൻ പറ്റാത്തത്ര വികൃതികളും!
മേക്കപ്പ് ബോക്സിലെ പൊട്ടുകളും കണ്മഷിയും സിന്ദൂരവും തീർന്നു തുടങ്ങുമ്പോൾ രാജീവേട്ടന്റെ നേരെ കൈ നീട്ടാനും മടിയായിരിക്കുന്നു.
മുടികൊഴിച്ചിൽ അടുത്തിടെയായി രൂക്ഷമായതോടെ പരസ്യത്തിൽ കണ്ടയൊരു ഹെയർ ഓയിൽ വാങ്ങിക്കാനും, മക്കൾ ആവശ്യപ്പെടുന്ന ചായങ്ങളും, ഫാഷൻ ഡ്രെസ്സുകളും, പുസ്തകങ്ങളും..
അതിലൊക്കെ ഉപരി അടുക്കളയിൽ തീർന്നു തുടങ്ങുന്ന സാധനങ്ങൾ പലതും ജോലി കഴിഞ്ഞു വരുമ്പോൾ വാങ്ങി കൊണ്ട് വരാൻ വിളിച്ചു പറയുമ്പോഴും അവൾ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവിച്ചു.
ഒന്നിച്ച് സൂപ്പർ മാർക്കെറ്റിൽ പോയാൽ ഒരു വീട്ടിലേയ്ക്ക് ആവശ്യമുള്ളതൊക്കെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യക്കുറവും
ഇതാണ് നിന്നെയും കൊണ്ട് ഇതുപോലെ ഉള്ളയിടത്തേയ്ക്ക് കെട്ടിയെടുത്തോണ്ട് വരാത്തതെന്ന ആക്രോശവും അവളിൽ വല്ലാത്ത നിരാശയും അഭിമാനക്ഷതവുമാണ് ഉണർത്തിയത്.
പലപ്പോഴും അവൾ സെലക്ട് ചെയ്ത സാധനങ്ങൾ അനാവശ്യമാണെന്ന് കണ്ണുരുട്ടി അയാൾ വീണ്ടും തിരിച്ചു റാക്കറ്റിൽ വെയ്ക്കുന്ന നേരത്ത് അപമാനം കൊണ്ട് അവൾ ചുക്കിച്ചുളിഞ്ഞു.
കയ്യിൽ സ്വന്തമായി ഒരു വരുമാനം ഇല്ലാത്തത് അത്രയ്ക്കും അവളെ വേദനിപ്പിച്ചു.
ആരോടും അനുവാദം ചോദിക്കാതെ സ്വന്തം പഴ്സിൽ നിന്ന് തനിക്ക് ആവശ്യമുള്ള പണമെടുത്ത് വേണ്ടുന്നതൊക്കെ വാങ്ങിക്കാൻ കഴിയാത്ത
നിസ്സഹായാവസ്ഥ തന്നെ പോലെ പല വീട്ടമ്മമാരും അനുഭവിക്കുന്നുണ്ടാവുമോ എന്നോർത്ത് എണ്ണിയാലൊടുങ്ങാത്തത്ര നെടുവീർപ്പിടുകളുടെ ഘോഷയാത്രകളിലേയ്ക്ക് അവൾ മുങ്ങിത്താഴും!
“നീയെന്തിനാണ് നാണം കെടുന്നത്. നിന്നെ ജോലിക്ക് വിടാത്ത ആളിന്റെ പണം നിനക്ക് അവകാശപ്പെട്ടത് തന്നെ ആണ്. അതുകൊണ്ട് അവന്റെ പേഴ്സിൽ നിന്ന് നിനക്ക് വേണ്ടുന്ന കാശ് എടുക്കാൻ മടിക്കുന്നത് എന്തിനാണ്..”
പ്രിയപ്പെട്ടവർ പലരും ഉപദേശിച്ചു എങ്കിലും സുഷമയ്ക്ക് അത് അനുസരിക്കാൻ മടിയായിരുന്നു.
പിന്നീട് തന്നെ ഒരു മോഷ്ടാവായി ചിത്രീകരിച്ചാലോ എന്നൊരു വൈഷമ്യം അവളെ പിടികൂടിയിരുന്നു..പേഴ്സ് ഇരിക്കുന്ന ഭാഗത്തേയ്ക്ക് പോലും നോക്കാതിരുന്നിട്ടും അവൾക്ക് പലപ്പഴും അയാളുടെ അത്തരം ആരോപണത്തിനു വിധേയയാകേണ്ടിയും വന്നിട്ടുണ്ട്.
ഒറ്റയ്ക്ക് ഒരാൾ തുഴയുന്ന തോണി പലപ്പോഴും ചുഴിയിലും കാറ്റിലും പെട്ട് മുന്നോട്ട് നീങ്ങുവാൻ പാടുപെടുമ്പോഴൊക്കെ തനിക്ക് ഒന്നും ചെയ്യുവാൻ കഴിയുന്നില്ലല്ലോ എന്നൊരു നിരാശ കൊണ്ട് അവൾ സ്വയം ചെയ്യുവാനുള്ള പല ജോലികളും ആലോചിച്ചു.
പലതും പ്ലാൻ ചെയ്തു. പക്ഷെ അപ്പോഴും അതൊക്കെ അപമാനമായിരുന്നു ഭർത്താവിന്.
“നിനക്ക് ഇവിടെ എന്താണ് കുറവ് ?
എന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി അടങ്ങിയൊതുങ്ങി കഴിയാമെങ്കിൽ ഇവിടെ നിന്നാൽ മതി. അല്ലെങ്കിൽ ഇറങ്ങി പോകാം എങ്ങോട്ടെങ്കിലും..”
ഇറങ്ങിപ്പോകാനുള്ള ശാസനയേക്കാൾ അവളുടെ ഹൃദയത്തെ കുത്തിക്കീറിയത് എത്ര നിസ്സാരമായിട്ടാണ് അയാൾ അത് പറയുന്നത് എന്നായിരുന്നു.
എന്തെല്ലാം മോഹങ്ങളോടെയാണ് വിവാഹജീവിതത്തിലേയ്ക്ക് പ്രവേശിച്ചത് ! അതിനെന്താ, വിവാഹം കഴിഞ്ഞും ജോലിക്ക് പോകാമല്ലോ, കൂടെ വിദേശത്തും പോകാമല്ലോ..
വാഗ്ദാനങ്ങൾ ഒക്കെയും ഇന്നവളെ നോക്കി പരിഹസിക്കുന്നുണ്ട് എന്ന് മാത്രം !സ്നേഹം പൂക്കുന്ന നിമിഷങ്ങളിൽ മാത്രം
“ഞാൻ അങ്ങനെ പറഞ്ഞൂന്നു കരുതി ഇവിടുന്നെങ്ങാനും ഇറങ്ങിയാലുണ്ടല്ലോ…
നീയില്ലാതെ എനിക്ക് പറ്റില്ല. എനിക്ക് നിന്നെ എപ്പോഴും കാണണം, അതുകൊണ്ട് മാത്രമാണ് നീയെങ്ങും പോകണ്ട എന്ന് പറയുന്നത്..
ജോലി കിട്ടിക്കഴിയുമ്പോൾ പെണ്ണുങ്ങൾ എല്ലാം അഹങ്കാരികളാകും. പിന്നെ അവരുടെ കാശുകൊണ്ടാണ് കുടുംബം കഴിയുന്നതെന്ന ഗർവ്വ് എപ്പോഴും കാണണം.ഇതൊന്നും എനിക്ക് അംഗീകരിക്കാൻ പറ്റില്ല..”
ഹ്ഹോ! എന്തൊക്കെയാണാവോ ഈ ഭർത്താക്കന്മ്മാർ ചിന്തിച്ചു കൂട്ടിയിരിക്കുന്നത്.
ഇറങ്ങിപോകാൻ പലവട്ടം പറഞ്ഞിട്ടുള്ളപ്പോഴൊക്കെയും
അവൾക്ക് അതിനു കഴിയില്ല എന്ന് അയാൾക്കും നല്ല ബോധ്യം ഉണ്ടായിരുന്നു.
എവിടെ പോകാൻ ?
സ്വന്തം വീട്ടിലേയ്ക്ക് പഴയ സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാനും, വിവാഹജീവിതം മടുത്തു, ഇനി അയാളോടൊപ്പമുള്ള ജീവിതത്തിനു തനിക്ക് കഴിയില്ല എന്ന വാശിയിൽ അവിടെ തന്നെ പൊറുതി തുടങ്ങാനും കഴിയുന്ന എത്ര പേരുണ്ടാകും സ്ത്രീകൾക്കിടയിൽ?
തങ്ങൾക്ക് ശേഷം പടികയറിയെത്തിയവർ സ്വന്തം വീട് എന്ന അവകാശത്തോടെ ആധിപത്യം സ്ഥാപിച്ചു ഒരു കാവലാൾ പോലെ പടി വാതിൽ നിറഞ്ഞു നിൽക്കുമ്പോൾ,
കൈയിൽ സ്വന്തമായി നയാ പൈസ എടുക്കാനില്ലാത്ത പെണ്ണുങ്ങൾ, ഗതികേടുകൾ ഒക്കെ സഹിച്ച് എങ്ങും പോകാനിടമില്ലാതെ മക്കൾക്ക് വേണ്ടി എന്തപമാനവും ഏറ്റുവാങ്ങി ഭാവി ജീവിതം ജീവിച്ചു തീർക്കുന്നു!.
എങ്കിലും , തന്റെ നിസ്സഹായത വെളിപ്പെടുത്താനിഷ്ടമില്ലാതെ അവൾ പലപ്പോഴും അയാൾക്ക് നേരെ ഒച്ചയെടുക്കും.
എന്റെ മക്കളെ ഓർത്തു മാത്രമാണ് ഞാൻ ഇവിടെ പിടിച്ചു നിൽക്കുന്നത്, ഇവരില്ലായിരുന്നേൽ ഞാൻ എന്റെ പാട്ടിനു പോയേനെ..
അങ്ങനെ ഓരോ ദിനങ്ങളും, ഓരോ തിരിച്ചറിവുകൾ സമ്മാനിച്ചു കൊണ്ട് അവളെ നോക്കി പുച്ഛത്തോടെ കടന്നു പോയി.
ഇവളെക്കൊണ്ട് ഒന്നിനും കഴിയില്ല!
ഭർത്താവിന്റെ വെറും അടിമ മാത്രമാണിവൾ..
കയ്യിൽ ഒതുങ്ങിയെന്ന് കരുതിയ ആ ജോലി സ്വപ്നവും അയാൾ നിർദ്ദയം തള്ളിക്കളഞ്ഞതോടെ അവൾ ഒന്ന് തിരിച്ചറിഞ്ഞു.
ഇനിയൊരിക്കലും ആ മോഹം സഫലമാകാൻ പോകുന്നില്ല! അയാൾ തന്നെയെങ്ങും വിടാൻ പോകുന്നില്ല !
മക്കൾ സ്വയം അവനവന്റെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരായിരിക്കുന്നു. എന്നിട്ടും ഓരോ മുടന്തൻ കാരണങ്ങൾ പറഞ്ഞു തന്നെ വീട്ടിനുള്ളിൽ കുരുക്കിയിടുന്ന അയാളെ അവളും എപ്പോഴോ വെറുത്തു തുടങ്ങി!
അന്ന് ജോലികഴിഞ്ഞെത്തിയതും അവൾ, അയാളുടെ നേരെ ഒരു കവർ നീട്ടി.
ഭാര്യയെ ഒരു നിമിഷം ഒന്ന് തുറിച്ചു നോക്കിയിട്ടാണ് അയാൾ അത് വാങ്ങിയത്.
അവളുടെ കയ്പ്പടയിൽ എഴുതിയ ഒരു കത്ത്.”എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്..
സമ്മതം ഇനി ആവശ്യമില്ല., കാരണം ജോലി മറ്റെവിടെയും അല്ല, ഈ വീട്ടിൽ തന്നെ ആണ്. ഞാൻ ജോലി ചെയ്യുന്നത് നിങ്ങൾക്കും മക്കൾക്കും വേണ്ടിയാണ്.
ഇതുവരെ ചെയ്തത് എന്റെ ഔദാര്യമാണെന്ന് കരുതിയാൽ മതി. ഇനി പക്ഷെ അങ്ങനെ ആയിരിക്കില്ല. എനിക്ക് കൃത്യമായ ശമ്പളം കിട്ടിയിരിക്കണം.
ഞാൻ ഇതുവരെയുള്ള എന്റെ ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് വേണ്ടിയാണ് ഇല്ലാതാക്കിയത്. ഒരു ജോലികിട്ടാനുള്ളതൊക്കെ പഠിച്ചിട്ടും വെറുമൊരു അടുക്കളക്കാരിയായി നിങ്ങൾ പറയുന്ന പഴിവാക്കുകളും കുത്തുവാക്കുകളും കേട്ട് സഹിച്ചു.
എന്റെ ഒരു ചെറിയ ആവശ്യത്തിന് പോലും ഞാൻ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടണമെന്ന് വന്നാൽ പിന്നെ എനിക്കെന്ത് അഭിമാനമാണുള്ളത്. ഞാൻ പോയാൽ ഒരുപാട് പേരെ പകരം കിട്ടുമായിരിക്കും..
പക്ഷെ ഒരു വിശ്വസ്ഥയായ ഭാര്യയെയോ, മക്കൾക്ക് നല്ലൊരു അമ്മയെയോ നിങ്ങൾക്ക് ഒരിക്കലും കിട്ടാനും പോകുന്നില്ല. അതുകൊണ്ട് ഈ എഗ്രിമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മുഴുവനും സമ്മതമാണെങ്കിൽ അറിയിക്കാം.
അല്ലാത്തപക്ഷം എനിക്ക്, പുറത്ത് മറ്റൊരു ജോലിക്ക് പോകേണ്ടതായി വരും. ഇതിൽ ഏത് വേണം എന്ന് തീരുമാനിക്കാം.”
ഭർത്താവിന്റെ മുഖത്തേയ്ക്ക് കണ്ണുകളെടുക്കാതെ നോക്കിനിന്ന അവൾക്ക് ഉള്ളിൽ ചിരിപൊട്ടുന്നുണ്ടായിരുന്നു.
ഒരല്പം കടുത്തു പോയോ തന്റെ വരികൾ..?
ഏയ്! അടുത്തിടെ കോടതി പോലും അംഗീകരിച്ചതാണ് വീട്ടമ്മമാരായ ഭാര്യമാർക്ക് ഇനിമുതൽ ശമ്പളം കൊടുക്കണം എന്നുള്ളത്.
ഭർത്താവിന്റെ പേഴ്സിൽ നിന്ന് ആരും കാണാതെ ഒരു കള്ളിയെ പോലെ പൈസ എടുക്കേണ്ടി വരുന്ന ഭാര്യമാർ യഥാർത്ഥത്തിൽ ചെയ്യുന്നത് ഒരു കള്ളത്തരമാണോ? സ്വന്തമായി വരുമാനമില്ലാത്ത പെണ്ണുങ്ങൾ ഭർത്താവിന്റെ പോക്കറ്റ് തപ്പുന്നത് അവരുടെ ഗതികേട് കൊണ്ടാണ്.
അവർക്ക് അവരുടേതായ കാര്യങ്ങൾക്ക് മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ടാണ്.
അറിഞ്ഞു തരുന്നവർ ചുരുക്കം പേര് മാത്രമായിരിക്കും.
എങ്കിലും വീട്ടിലെ ഒരത്യാവശ്യ സന്ദർഭത്തിൽ അങ്ങനെ എടുക്കുന്ന പണമായിരിക്കും പലപ്പോഴും അവർ ഭർത്താവിന് നേരെ നീട്ടുന്നതും..
അതെ കുറിച്ചെങ്ങാനും പറഞ്ഞു പോയാൽ എന്റെ തന്നെ കാശാണല്ലോ അതും എന്ന് ഒരു പിറുപിറുക്കലും. അവിടെയും തോറ്റു പോകുന്നത് ഒരു വരുമാനവും ഇല്ലാത്ത പെണ്ണുങ്ങൾ മാത്രം!
സുഷമയുടെ മുഖത്തേയ്ക്കൊന്ന് തറപ്പിച്ചു നോക്കി അയാൾ ഇരുത്തി മൂളി.”ഈ ബുദ്ധിയൊക്കെ നിന്റെ അമ്മ പറഞ്ഞു തരുന്നതായിരിക്കും അല്ലെ? ”
പിന്നെ.. താനെന്താ നഴ്സറി കുട്ടിയല്ലേ, എല്ലാം ഒന്നേ രണ്ടേ എന്ന് പഠിപ്പിക്കുമ്പോലെ പറഞ്ഞു തരാൻ ! എന്തെങ്കിലും എതിർത്തു പറഞ്ഞു പോയാൽ അല്ലെങ്കിലും പാവം പിടിച്ച അമ്മമാർക്കണല്ലോ പഴി മുഴുവനും !
പെൺ മക്കളെ, അവർക്ക് ഇഷ്ടമുള്ളത്ര പഠിപ്പിച്ചിട്ട് സ്വന്തം കാലിൽ നിൽക്കാൻ അവളൊരു ജോലി നേടണം എന്ന് ഒരമ്മ ആഗ്രഹിക്കുന്നതിൽ അല്ലെങ്കിലും എന്ത് തെറ്റാണുള്ളത് ?
ഒന്നും മിണ്ടാതെ ഗൗരവം ഒട്ടും ചോരാതെ നിൽക്കുന്ന ഭാര്യയെ അയാളൊന്ന് അമർത്തി നോക്കി.
ഇവള് രണ്ടും കല്പിച്ചാണ്.ആരോ എരിയും പുളിയും കേറ്റി വിട്ടേക്കുവാണെന്ന് ഉറപ്പ്.അല്ലെങ്കിൽ പിന്നെ ഇത്രയും നാള് മിണ്ടാപ്പൂച്ചയെ പോലെയിരുന്ന ഇവള് ഇങ്ങനെ പെട്ടന്ന് തന്റെ തലയിൽ കേറുമോ..?
“ഇനിയങ്ങനെ എനിക്കും എന്റെ പിള്ളേർക്കും ആരും സൗജന്യമായി ഒന്നും ചെയ്തു തരേണ്ട.എനിക്ക് അതിന്റെ ആവശ്യവും ഇല്ല.
ശമ്പളം എത്രയാണെന്ന് വെച്ചാൽ പറഞ്ഞാൽ മതി. അടുത്ത മാസം ഒന്നാം തീയതി മുതൽ തന്നിരിക്കും..”
കേട്ടത് മനസ്സിനെ ഒന്ന് നീറ്റിച്ചെങ്കിലും, അതിൽ ഒരു കുറ്റബോധവും വേണ്ട എന്നവൾ മനസ്സിൽ ഒരിക്കൽ കൂടി ആവർത്തിച്ചുറപ്പിച്ചു ..ഇനിയും ആരുടെയും മുന്നിൽ കൈ നീട്ടാൻ വയ്യ.
“അപ്പോഴമ്മേ.. ഞാനല്ലേ വൈകിട്ട് മുറ്റം അടിച്ചു വാരുന്നതും വിളക്ക് കൊളുത്തുന്നതുമൊക്കെ. അതിന്റെ പൈസ അപ്പോൾ ആരാ എനിക്ക് തരുന്നത്..?”
താടിക്ക് കയ്യും കൊടുത്തു നിന്നുകൊണ്ടുള്ള മകളുടെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി. ഇവൾ ആകെ കുളമാക്കുമല്ലോ. എല്ലാം ഒന്ന് ശരിയാക്കി കൊണ്ടു വന്നതാ..
“അത് പിന്നെ.. ആ രണ്ട് ചെറിയ ജോലിയൊക്കെ ഒരു ജോലിയാണോ. നിനക്ക് വേണ്ടുന്നതൊക്കെ ചോദിക്കാതെ തന്നെ വാങ്ങിച്ചു തരുന്നുണ്ടല്ലോ
നിന്റെ അച്ഛൻ. പിന്നെയെന്തിനാ ഇനി നിനക്ക് കാശ്?”
“അമ്മയല്ലേ എപ്പോഴും പറയുന്നത്, ഏതു ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്ന്.അതുകൊണ്ട് ഞാൻ ചെയ്യുന്ന ജോലിയെ ആരുമങ്ങനെ കുറച്ചു കാണണ്ട കേട്ടോ..”
മകൾ മുഖവും വീർപ്പിച്ചു പുറത്തേയ്ക്ക് പോകുന്നത് കണ്ട് സുഷമയ്ക്ക് ചിരി പൊട്ടി.
“അമ്മയ്ക്ക് പറ്റിയ മോള് തന്നെ.ഓടിക്കോണം രണ്ടും എന്റെ മുന്നീന്ന്..” അച്ഛന്റെ ശബ്ദം ഉയർന്നതും നിമിഷ നേരം കൊണ്ട് എല്ലാവരും സ്ഥലം കാലിയാക്കി.
“അടുത്ത മാസം മുതൽ അപ്പോൾ അമ്മയുടെ ഒരു വക ആയിരിക്കും പോക്കറ്റ് മണി.” മകൻ പറഞ്ഞത് ഒരു കളിയാക്കലിന്റെ ഈണത്തിലാണെങ്കിലും അവൾ അത് കേട്ട് ആസ്വദിച്ചു ചിരിച്ചു…