(രചന: വരുണിക വരുണി)
“”അവളെ പോലെ തലയ്ക്കു സുഖമില്ലാത്ത പെണ്ണിനെ കെട്ടി ഈ വീട്ടിലേക്ക് കൊണ്ട് വരാൻ ഞാൻ സമ്മതിക്കില്ല. ലോകത്തു വേറെ പെണ്ണില്ലാത്ത പോലെ.
നല്ല അന്തസുള്ള കുടുംബത്തിൽ പിറന്ന പെണ്ണുമായുള്ള നിന്റെ വിവാഹം ഞാൻ നടത്തും. അല്ലാതെ മെന്റൽ ഹോസ്പിറ്റലിൽ കിടന്ന ഒരുവളെ വിവാഹം കഴിക്കാൻ എനിക്ക് ജീവനുള്ള കാലത്തോളം സമ്മതിക്കില്ല ഞാൻ….””
അനു എന്നാ അനുപമയെ കല്യാണം കഴിക്കണമെന്ന് അർജുൻ പറഞ്ഞതും, അവന്റെയാമ്മ പൊട്ടിതെറിച്ചു.
എന്ത് വന്നാലും ഈ കല്യാണം നടക്കില്ല എന്നാ അമ്മയുടെ ഡയലോഗ് കേട്ടു അവന് പ്രത്യേകിച്ച് ഒരു വികാരവും തോന്നിയില്ല എന്നതാണ് സത്യം.
“”അമ്മയോട് പറയേണ്ട മര്യാദ എനിക്കുള്ളത് കൊണ്ട് ഞാൻ പറഞ്ഞു. അത്രേ ഉള്ളു. ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ സ്നേഹിച്ച പെണ്ണിനെ തന്നെ വിവാഹം കഴിക്കും.
ഒരിക്കൽ നിങ്ങളുടെയെല്ലാം കാൽ പിടിച്ചു ഞാൻ പറഞ്ഞതല്ലേ. എന്റെ അനുവുമായി കല്യാണം നടത്തി തരാൻ. പക്ഷെ അപ്പോൾ കുടുംബത്തിന്റെ മഹിമ തേങ്ങ…
എന്നിട്ടും അവളെ ഞാൻ വിവാഹം കഴിക്കുമെന്ന അവസ്ഥ വന്നപ്പോൾ നിങ്ങൾ എന്റെ പെണ്ണിനോട് പറഞ്ഞു ദയവ് ചെയ്തു എന്റെ ജീവിതത്തിൽ നിന്ന് പോകണം പോലും..
അവന്റെ ചിന്ത കുറച്ചു വർഷം പിന്നിലേക്ക് പോയി.അനു എന്നാ അനുപമയും, അർജു എന്നാ അർജുനു ഒരു കമ്പനിയിലാരുന്നു വർക്ക് ചെയ്തത്. അർജു അവിടുത്തെ മാനേജർ, അനു HR ഡിപ്പാർട്മെന്റിലും.
ആദ്യമായി കണ്ടപ്പോഴൊന്നും ഒരു സ്പാർക്കും തോന്നിയിരുന്നില്ലെങ്കിലും പിന്നീട് അത് പതിയെ പ്രണയമായി.
ആദ്യം അനു എതിർത്തിരുന്നു. വളരെ ശക്തമായി തന്നെ. അതിന് അവൾക്ക് പറയാൻ അതിന്റേതായ കാരണവുംമുണ്ട്. രണ്ട് കുടുംബവും തമ്മിലുള്ള അന്തരമാണ് ആദ്യത്തെ കാര്യം.
അച്ഛൻ മരിച്ച അനുവിന്റെ കുടുംബത്തിൽ, അവളുടെ അനിയത്തിയുടെ പഠനം നടക്കുന്നതെല്ലാം ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നാണ്. അമ്മ തൊഴിലുറപ്പ് പണിക്കും പോകുന്നുണ്ട്.
അത്ര ദാരിദ്ര്യം ഇല്ലെങ്കിലും, കഷ്ടപ്പാടിലാണ് അവളുടെ ജീവിതം. പക്ഷെ താൻ, പേര് കേട്ട കുടുംബത്തിൽ നിന്നുള്ളതും. അനു എന്ത് പറയുമ്പോഴും ഒരു വിശ്വാസമുണ്ടായിരുന്നു.
അച്ഛനും അമ്മയും എന്റെ ഇഷ്ടത്തിന് നല്ല കൂട്ട് നിൽക്കുമെന്ന് ഉള്ളത്. അത് പറഞ്ഞു പലപ്പോഴും അവളുമായി അടിയിട്ടുമുണ്ട്.
“”എന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം എപ്പോഴും എന്റെ ഇഷ്ടങ്ങൾ നടത്തി തരുന്നതിൽ ആണ് എന്റെ അനു.
നീ വെറുതെ കുറെ കാര്യങ്ങൾ ചിന്തിച്ചു ഇങ്ങനെ ബിപി കൂട്ടരുത്. അല്ലെങ്കിൽ തന്നെ നിന്നെ ഇഷ്ടപ്പെടാതിരിക്കാനുള്ള എന്ത് കാരണമാണ് ഉള്ളത്??? നല്ല വിദ്യാഭ്യാസമുണ്ട്, നല്ല സൗന്ദര്യമുണ്ട്. ഇതൊക്കെ പോരെ???””
“”സൗന്ദര്യം അരച്ച് കലക്കി കുടിച്ചാൽ ഒരു വീട് കഴിയാൻ പറ്റില്ല അർജു. അതിന് മറ്റു പല കാര്യങ്ങളും വേണം. പൈസയില്ലാതെ ഇന്ന് ഈ നാട്ടിൽ ഒന്നും നടക്കില്ല.
സ്വന്തം മോന്റെ കല്യാണത്തിന് കുറിച്ച് നിന്റെ വീട്ടുകാർക്കും കാണില്ലേ സ്വപ്നങ്ങൾ??? അപ്പോൾ ഇങ്ങനെയൊരു പെണ്ണിനെ അവർ അംഗീകരിക്കുമോ??? ഇനി അച്ഛനും അമ്മയും എന്നെ വേണ്ടെന്ന് പറഞ്ഞാൽ നി എന്നെ ഉപേക്ഷിക്കുമോ????””
“”ദേ അനു… നീ വെറുതെ ഓരോ കാര്യം ചിന്തിച്ചു കൂട്ടി ഓരോന്ന് പറയല്ലേ… അല്ലെങ്കിൽ തന്നെ ഒരായിരം ടെൻഷൻ ഉണ്ട്.
അതിന്റെ കൂടെയാണ് അവളുടെ ഓരോ ആവിശ്യമില്ലാത്ത ഡയലോഗ്… പോടീ പുല്ലേ… എന്തായാലും രണ്ട് ദിവസം കൊണ്ട് തല കുറെ പുകച്ചതല്ലേ… ഒരു ഗ്ലാസ് നാരങ്ങ വെള്ളം പറയട്ടെ???””
തമാശയോടെ അർജുൻ ചോദിച്ചതും, അനുവിന്റെ മുഖം വീർത്തു.””അല്ലെങ്കിലും നിനക്ക് എല്ലാ കാര്യവും തമാശയാണ്. പക്ഷെ എനിക്ക് അങ്ങനെയല്ല. കാര്യമായി തന്നെ പറഞ്ഞതാണ് ഞാൻ.
നിന്റെ വീട്ടുകാർക്ക് തരാനുള്ള വല്യ സ്ത്രീധനമോ ഒന്നും തന്നെ എന്റെ കൈയിലില്ല. അതെല്ലാം തരാൻ എനിക്ക് അച്ഛനുമില്ല. ആകെ ഈ കിട്ടുന്ന ശമ്പളത്തിൽ നിന്നാണ് എല്ലാം നടക്കുന്നത്….””
“”നീയിപ്പോ എന്താ അനു പറഞ്ഞു വരുന്നത്??? ഞാൻ നിന്നെ ഉപേക്ഷിക്കണമെന്നാണോ??? എല്ലാം മറന്നു, രണ്ട് പേർക്കും ഇനി മുതൽ രണ്ട് വഴിയാണോ???””
അർജുൻ ചോദിച്ചതിന് അനുപമ മൗനം പാലിച്ചതും, അവൾ പറയാൻ വന്നത് അത് തന്നെയാണെന്ന് അവന് മനസിലായി….
“”ഓഹോ… അപ്പോൾ പൊന്ന് മോൾ എന്നെ കാണണമെന്നൊക്കെ പറഞ്ഞു വിളിച്ചത് ഇത് പറയാമായിരുന്നു ലെ??? എന്തായാലും പിരിയാണമെന്ന് നീ സ്വന്തമായി എടുത്ത തീരുമാനമല്ലേ…
എങ്കിൽ പിന്നെ ഞാനായി തടസം നിൽക്കുന്നില്ല. നീയായി, നിന്റെ പാടായി. ഇനി ശല്യത്തിന് ഞാനും വരില്ല പുറകെ…””
ദേഷ്യത്തോടെ അർജുൻ അവിടെ നിന്നും പോയതും, അനു എല്ലാം തകർന്നവളെ പോലെ അവിടെ നിന്നു….
ഒരാഴ്ച അനുപമ വിളിച്ചിട്ടും അർജുൻ അവളോടുള്ള വാശിയിൽ ഫോൺ എടുത്തില്ല. പിരിയാമെന്ന് അവൾ പറഞ്ഞതുമില്ല ദേഷ്യമായിരുന്നു അവന്. പിന്നീട് അർജുൻ തിരിച്ചു വിളിച്ചപ്പോൾ അവളുടെ ഫോണും സ്വിച്ച് ഓഫ്…
എന്തോ അപകടം തോന്നിയ അർജു അവളുടെ വീട്ടിൽ എത്തിയപ്പോൾ കാണുന്നത് ആരോടും ഒന്നും സംസാരിക്കാതെ ഒരു മൂലയ്ക്കിരിക്കുന്ന അനുപമയെയാണ്. അവളുടെ മുടിയെല്ലാം പാറി പറന്ന് കിടന്നിരുന്നു.
അവളുടെ അമ്മയോടും ചേച്ചിയോടും സംസാരിച്ചതിൽ നിന്നുണ്ടായിരുന്നു അവന് മനസിലാക്കേണ്ടതെല്ലാം.
തന്റെ അമ്മ അവളെ കണ്ട് പറഞ്ഞു പോലും ഇങ്ങനെയൊരു ബന്ധത്തിൽ നിന്നും പിന്മാറണം, എത്ര തുക വേണമെങ്കിലും അവൾക്ക് കൊടുക്കാം, ഒന്നും ഞാൻ അറിയരുതെന്ന്. അങ്ങനെയാണ് അവൾ എന്നെ കാണാൻ വന്നതും.
പക്ഷെ ഇവിടെ തെറ്റ് പറ്റിയത് തനിക്കല്ലേ??? ഒരിക്കലെങ്കിലും അവളുടെ മനസ്സറിയാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു. എല്ലാം തന്റെ തെറ്റാണ്….
പിന്നീട് അനുവിനെ കൊണ്ട് ഓട്ടമായിരുന്നു. കാണിക്കാവുന്ന ഏറ്റവും നല്ല ഡോക്ടറെ തന്നെ അവളെ കാണിച്ചു.
തിരുവനന്തപുരത്തു ജോലി കിട്ടിയെന്ന് കള്ളം പറഞ്ഞു അനുവിനോപ്പം ആശ്രമത്തിൽ നിൽക്കുമ്പോൾ തെറ്റാണോ ശെരിയാണോ എന്നൊന്നും ചിന്തിച്ചില്ല. എങ്ങനെയും അവളുടെ അസുഖം മാറ്റണമെന്ന് മാത്രമായിരുന്നു ചിന്ത…
ഒന്നര വർഷത്തോളം ചികിൽസിച്ചു. എന്തിനും നിഴൽ പോലെ കൂടെ നിന്നു. അവൾ അകറ്റാൻ നോക്കിയപ്പോഴും തനിക്ക് അതിനു കഴിഞ്ഞില്ല.
അനുവില്ലാതെ ഒരു ദിവസം പോലും ചിന്തിക്കാൻ പറ്റില്ലെന്നതായിരുന്നു സത്യം. അസുഖമെല്ലാം മാറി തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ കല്യാണത്തിന്റെ കാര്യം പറഞ്ഞത്.
അവർക്ക് സമ്മതമല്ലെന്ന് ആദ്യം തന്നെ അറിയാമായിരുന്നെങ്കിലും, ഇത്ര നാളും താൻ മറ്റൊരു കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട് നിനക്കിഷ്ടമുള്ള പെണ്ണിനെ കെട്ടാൻ പറയുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ഒന്നും നടന്നില്ല….
“”ഇനിയും ഇത് പറയാതിരിക്കാൻ എനിക്ക് പറ്റില്ല അമ്മേ… നിങ്ങളെ പോലുള്ള പല കുടുംബക്കാരുമുള്ളത് കൊണ്ടാണ് ഇന്നും പല പ്രണയങ്ങളും തകരുന്നത്. പക്ഷെ എനിക്കെന്തോ വലിയ ത്യാഗിയാകാൻ തോന്നുന്നില്ല അമ്മേ…
എനിക്ക് ജീവിക്കണം. അതും എന്റെ പെണ്ണിന്റെ കൂടെ. ഞങ്ങൾ സ്വപ്നം കണ്ട ജീവിതം. ഒരാൾക്ക് ആശ കൊടുത്തിട്ട് മറ്റൊരു പെണ്ണിനെ ജീവിതത്തിലേക്ക് കൂട്ടാൻ എന്നെ കൊണ്ട് പറ്റില്ല.
ഞാൻ സ്നേഹിച്ചതും, കൂടെ കൂട്ടണമെന്ന് ആഗ്രഹിച്ചതും എന്റെ അനുവിനെയാണ്. അവൾ മതി എനിക്ക്. ഉപകരിച്ചില്ലെങ്കിലും ഉപദ്രവിക്കല്ലേയമ്മേ… ആഗ്രഹം കൊണ്ടാണ്…””
കൂടുതലൊന്നും പറയാതെ, അർജുൻ ഇറങ്ങിയതും, എന്ത് പറയണമെന്നറിയാതെ അവന്റെ അമ്മ ആകെ തളർന്നു.
അപ്പോഴ അവൻ വരുന്നതും കാത്ത് അനു അവളുടെ വീടിന്റെ മുൻപിൽ നിൽക്കുന്നുണ്ടായിരുന്നു. അവരുടെ നല്ല ദിവസങ്ങൾ സ്വപ്നം കണ്ട്…