(രചന: ശ്രേയ)
” എടീ മോളെ… ഒന്നൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ..? നിനക്കിപ്പോൾ 18 വയസ്സ് ആവുന്നതേയുള്ളൂ..! അതിന് മുൻപ് കല്യാണം എന്നൊക്കെ പറഞ്ഞാൽ..? ”
കൂട്ടുകാരി ലക്ഷ്മി പറയുന്നത് കേട്ടപ്പോൾ അനഘയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.” അതിനെന്താ..? കല്യാണം കഴിക്കാൻ 18 വയസ്സ് ആയാൽ പോരെ.? ”
അനഘ ദേഷ്യത്തോടെ ചോദിച്ചു.” നിനക്ക് പഠിക്കണ്ടേ..? “ലക്ഷ്മി നിസ്സഹായതയോടെ ചോദിച്ചു…
” അതൊക്കെ കല്യാണം കഴിഞ്ഞും പഠിക്കാം.. കല്യാണം കഴിഞ്ഞ ശേഷമുള്ള ജീവിതം എന്ത് സന്തോഷം ആണെന്ന് അറിയാമോ..? നിനക്ക് അതിനെക്കുറിച്ചു ഒരു ബോധവും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്.. ”
അനഘ അവളെ പുച്ഛിച്ചു. അത് കേട്ടതോടെ ലക്ഷ്മി മൗനം പാലിച്ചു.” എനിക്ക് എന്തായാലും ഇപ്പോൾ വിവാഹം കഴിക്കണം എന്ന് തന്നെയാണ് ആഗ്രഹം.വിവാഹം കഴിച്ചു കഴിഞ്ഞു ഞങ്ങൾ ലൈഫ് എൻജോയ് ചെയ്യുന്നത് എങ്ങനെയാണെന്ന് നിനക്ക് കാണിച്ചു തരാം..”
എന്തൊക്കെയോ സ്വപ്നങ്ങൾ നെയ്തെടുത്തു കൊണ്ട് അനഘ അത് പറയുമ്പോൾ ലക്ഷ്മിക്ക് അവളുടെ അവസ്ഥയോർത്ത് സഹതാപം തോന്നി.
” നീ കരുതുന്നതു പോലെ അങ്ങനെ മധുരമുള്ള ഓർമ്മകൾ മാത്രം സമ്മാനിക്കുന്നതല്ല ദാമ്പത്യം. ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പ്രായവും പക്വതയും ഒന്നും നമുക്ക് ആയിട്ടില്ല.. നീ ഒന്നുകൂടി ആലോചിച്ചിട്ട് മതി ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത്.. ”
തന്നെക്കൊണ്ട് കഴിയുന്നതു പോലെ അനഘയെ പറഞ്ഞു മനസ്സിലാക്കാൻ ലക്ഷ്മി ശ്രമിക്കുന്നുണ്ടായിരുന്നു.
” നിനക്ക് എന്നെപ്പോലെ നല്ലൊരു ജീവിതം കിട്ടാത്തതിന്റെ അസൂയയല്ലേ നീ പറഞ്ഞു തീർക്കുന്നത്..? തൽക്കാലം അത് കേട്ട് നിൽക്കാനുള്ള സമയം എനിക്കില്ല.. നീ നിന്റെ പണി നോക്കി പോകാൻ നോക്ക്.. ”
അനഘ അതുകൂടി പറഞ്ഞു കഴിഞ്ഞപ്പോൾ ലക്ഷ്മിക്ക് പിന്നീട് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. തനിക്ക് നേരിടുന്ന അപമാനത്തേക്കാൾ ഉപരി തന്റെ സുഹൃത്തിന് ഇനി എന്ത് സംഭവിക്കും എന്നൊരു ആദി ആ നിമിഷവും അവളിൽ ഉണ്ടായിരുന്നു.
പക്ഷേ അനഘ അപ്പോഴും മധുരമുള്ള കുറെയേറെ സ്വപ്നങ്ങളുടെ നടുവിൽ ആയിരുന്നു.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒക്കെ കാണുന്ന കുറേയേറെ വീഡിയോകളാണ് വിവാഹ ശേഷമുള്ള ജീവിതം എന്നുള്ള ചിന്തയായിരുന്നു അനഘയ്ക്ക്.
ഹൽദി മെഹന്ദി പ്രീ വെഡിങ് ഷൂട്ട് പോസ്റ്റ് വെഡിങ് ഷൂട്ട് അങ്ങനെയങ്ങനെ ഒരുപാട് ആഗ്രഹങ്ങൾ അവൾക്കുണ്ടായിരുന്നു.
എത്രയും വേഗം നല്ലൊരു ജീവിതത്തിലേക്ക് കടക്കണം എന്നൊരു സ്വപ്നം മാത്രമാണ് ആ 18 വയസ്സുകാരിക്ക് ഉണ്ടായിരുന്നത്. അത് തന്റെ ഏറ്റവും വലിയ മണ്ടത്തരമാണ് എന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
” കല്യാണം കഴിഞ്ഞാലും ചെറുക്കന്റെ വീട്ടുകാർ പഠിപ്പിക്കുമല്ലോ..ഇനിയിപ്പോൾ പഠിപ്പിച്ചില്ലെങ്കിൽ തന്നെ അവൾക്ക് അത്യാവശ്യം എഴുതാനും വായിക്കാനും ഒക്കെ അറിയാമല്ലോ.. അതിൽ കൂടുതൽ വിദ്യാഭ്യാസം പെമ്പിള്ളേർക്ക് എന്തിനാ..?”
ഇങ്ങനെ പറയുന്ന മാതാപിതാക്കളുടെ മകളായിരുന്നു അവൾ.. അവരുടെ പെട്ടെന്ന് വിവാഹം നടത്താം എന്നുള്ള തീരുമാനം അവൾക്കും സന്തോഷം ആയതുകൊണ്ട് തന്നെ ആദ്യം വന്ന വിവാഹാലോചന തന്നെ അവർ ഉറപ്പിച്ചു.
ഗൾഫിൽ ജോലിയുള്ള ഒരാളായിരുന്നു വരൻ. വിവാഹം നിശ്ചയിച്ചപ്പോൾ മുതൽ പരസ്പരം ഫോൺ വിളിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു അനഘയ്ക്ക് അവനോട് വല്ലാത്തൊരു അടുപ്പമായി കഴിഞ്ഞിരുന്നു.
തങ്ങളുടെ ജീവിതത്തെക്കുറിച്ച് അവൾ ഒരുപാട് സ്വപ്നങ്ങൾ പങ്കു വയ്ക്കുമ്പോൾ അവൻ അതൊക്കെയും കേട്ടിരിക്കുകയാണ് പതിവ്. തന്റെ ആഗ്രഹങ്ങളൊക്കെ അവൻ നടത്തിത്തരും എന്ന് അവൾ കിനാവ് കണ്ടു.
വിവാഹം തീരുമാനിച്ചു കഴിഞ്ഞപ്പോൾ തന്റെ എല്ലാ സുഹൃത്തുക്കളെയും വിളിക്കുന്നത് പോലെ അവൾ ലക്ഷ്മിയെയും വിളിച്ചിരുന്നു.
പക്ഷേ തനിക്ക് നേരിട്ട് അപമാനം കൊണ്ടാണോ അതോ തന്റെ സുഹൃത്തിന്റെ ജീവിതം ഓർത്തുള്ള ആദി കൊണ്ടാണോ എന്നറിയില്ല, ലക്ഷ്മി ആ കല്യാണത്തിന് പങ്കെടുത്തില്ല.
അനഘയുടെ ആഗ്രഹം പോലെ തന്നെ ആഡംബരമായി വിവാഹം നടന്നു.ഒരുപാട് സ്വർണ്ണവും നല്ല നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രവും ഒക്കെയിട്ട് പന്തലിൽ കയറുന്നത് അവൾ ഒരുപാട് സ്വപ്നം കണ്ടിരുന്നു. അവളുടെ ആഗ്രഹം പോലെ തന്നെ അത് നടക്കുകയും ചെയ്തു.
പ്രീ വെഡിങ് ഷൂട്ട് ഒന്നും നടത്താൻ പറ്റിയില്ലെങ്കിലും,കല്യാണത്തിന്റെ സമയത്ത് ഒരുപാട് ഫോട്ടോകൾ എടുത്തിരുന്നു..
അവളുടെ ഇഷ്ടത്തിനും ആഗ്രഹത്തിന് അനുസരിച്ച് ഫോട്ടോകൾ എടുക്കാൻ അവളുടെ ഭർത്താവ് നിന്നു കൊടുക്കുന്നും ഉണ്ടായിരുന്നു. അതിൽ നിന്നൊക്കെ ഇനിയുള്ള തന്റെ ജീവിതം സുരക്ഷിതമായിരിക്കും എന്ന് അവൾ പ്രതീക്ഷിച്ചു.
ആ ചിന്തയോടെ തന്നെയാണ് അവൾ ഭർത്താവിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയത്.
വിവാഹം കഴിഞ്ഞ് ആദ്യത്തെ ഒരാഴ്ച വിരുന്നു മറ്റ് തിരക്കുകളുമായി കടന്നു പോയപ്പോൾ ഇനിയുള്ള ദിവസങ്ങളും ഇങ്ങനെയൊക്കെ തന്നെയാകും എന്ന് അവൾ കരുതി.
പക്ഷേ അവളുടെ പ്രതീക്ഷയ്ക്ക് ആദ്യത്തെ ആണി അടിച്ചത് വെളുപ്പിനെയുള്ള വാതിലിലെ മുട്ടായിരുന്നു.
” ഈ ഒരാഴ്ച വിരുന്നും കാര്യങ്ങളും ഒക്കെയായി തിരക്കായിരുന്നു. എന്ന് കരുതി എല്ലാ ദിവസവും അങ്ങനെയായിരിക്കും എന്നാണോ കരുതിയത്..?
ആദ്യത്തെ ആഴ്ച നിന്നെ കൊണ്ട് പണിയൊന്നും ചെയ്യിപ്പിച്ചില്ല എന്നുള്ളത് എന്റെ മര്യാദ. എന്ന് കരുതി എല്ലാദിവസവും എന്നെക്കൊണ്ട് ഇങ്ങനെ പണിയെടുപ്പിച്ച് കഴിക്കാം എന്നാണോ കരുതിയത്..? വേഗം അടുക്കളയിലേക്ക് വാ..”
ഉറക്കത്തിൽ നിന്ന് വിളിച്ച് എഴുന്നേൽപ്പിച്ച് അമ്മായിയമ്മ പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നി. ഭർത്താവ് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വരുമ്പോൾ അദ്ദേഹത്തിനോട് പറയാം എന്ന് കരുതി അവൾ അമ്മായിഅമ്മ പറഞ്ഞതു പോലെ അടുക്കളയിലേക്ക് ചെന്നു.
അവളോട് ഓരോ പണികൾ പറയുമ്പോൾ ചെയ്യാൻ അറിയാതെ അവൾ അമ്മായിയമ്മയുടെ മുഖത്തേക്ക് നോക്കും. അത് കാണുമ്പോൾ അവർക്ക് വല്ലാതെ ദേഷ്യം തോന്നുകയും ചെയ്യും.
“ഇതൊന്നും പഠിക്കാതെയാണോ ഇങ്ങോട്ടേക്ക് കയറി വന്നിരിക്കുന്നത്..? നിന്റെ വീട്ടിൽ നിന്റെ അമ്മ നിന്നെ ഇതൊന്നും പഠിപ്പിച്ചിട്ടില്ലേ..?”
അന്ന് ആദ്യമായി ആ വീട്ടിൽ അവളുടെ കണ്ണ് നിറഞ്ഞു. പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നീട് അമ്മായിയമ്മ ഓരോരോ പണികൾ കൊടുക്കുമ്പോൾ ചെയ്യാൻ അറിയാതെ അവരുടെ സഹായം തേടിയാൽ അവരുടെ വായിൽ നിന്ന് നല്ലത് അവൾക്ക് കേൾക്കേണ്ടി വരും.
ഭർത്താവിനോട് പരാതി പറഞ്ഞാൽ അത് നിന്റെ അമ്മ തന്നെയല്ലേ അമ്മ പറയുന്നത് അനുസരിച്ചാൽ എന്താ പ്രശ്നം എന്ന് അദ്ദേഹം തിരികെ ചോദിക്കും.
ഞാൻ ഗൾഫിലേക്ക് മടങ്ങിപ്പോയാലും നീ ഇവിടെ അമ്മയോടൊപ്പം നിൽക്കേണ്ടതാണ്. അതുകൊണ്ട് അമ്മയെ മുഷിപ്പിക്കുന്ന രീതിയിൽ ഒന്നും ഉണ്ടാകരുത്.
അദ്ദേഹം ഓർമ്മിപ്പിക്കും.മധുവിധു ആഘോഷിച്ചു കഴിയുന്നതിനു മുൻപ് തന്നെ ഭർത്താവിനു മടങ്ങി പോകേണ്ടി വന്നു. ഭർത്താവുമൊത്ത് പലയിടങ്ങളിലും കറങ്ങാൻ പോകണം എന്ന് പ്ലാൻ ചെയ്തിരുന്ന അവൾക്ക് കിട്ടിയ വലിയൊരു അടിയായിരുന്നു അത്.
ഹണിമൂൺ ട്രിപ്പിന് പോകാം എന്ന് വീട്ടിൽ പറഞ്ഞപ്പോൾ, ഈ കുടുംബത്തിൽ നിന്ന് ആരും അങ്ങനെ യാത്രകൾ ഒന്നും പോയതായി ഞങ്ങൾക്ക് ആർക്കും അറിയില്ല. നിങ്ങളായിട്ട് പുതിയ ഒന്നും തുടങ്ങി വയ്ക്കുകയും വേണ്ട.
അമ്മയുടെ മറുപടി അങ്ങനെയായിരുന്നു…!ഭർത്താവ് ഗൾഫിലേക്ക് പോയി കഴിയുമ്പോൾ തന്നെ പഠിക്കാൻ വിടും എന്നായിരുന്നു അവളുടെ പ്രതീക്ഷ. പക്ഷേ അവിടെയും അമ്മായിയമ്മ വിലങ്ങു തടിയായി.
” വിവാഹം കഴിച്ചു വന്നുകയറി പെൺകുട്ടികൾ ആരും ഞങ്ങളുടെ കുടുംബത്തിൽ നിന്ന് പഠിക്കാൻ പോയിട്ടില്ല. പെണ്ണുങ്ങൾ ജോലിക്ക് പോയി കൊണ്ടുവന്നു കുടുംബം കഴിയേണ്ട അവസ്ഥ തൽക്കാലം ഈ കുടുംബത്തിൽ ഇല്ല. അതുകൊണ്ട് പടിച്ചിടത്തോളം മതി.”
അതോടെ അവളുടെ പ്രതീക്ഷകൾ മുഴുവൻ അവസാനിച്ചു.അധികം വൈകാതെ അവൾ ഒരു അമ്മയാകാൻ തയ്യാറെടുക്കുന്നു എന്ന് കേട്ടപ്പോൾ സന്തോഷിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല. ഒരു ഭാര്യയുടെ പക്വത പോലുമില്ലാത്ത ആ പെൺകുട്ടി അമ്മയാകുമ്പോൾ അവൾ എങ്ങനെ സന്തോഷിക്കാൻ ആണ്..?
സാഹചര്യവുമായി അവൾ പൊരുത്തപ്പെടാൻ ശ്രമിച്ചെങ്കിലും അധികം വൈകാതെ വിദേശത്തും നടന്ന ഒരു ആക്സിഡന്റിൽ ഭർത്താവ് മരണപ്പെട്ടു എന്ന വാർത്തയാണ് ആ കുടുംബം അറിഞ്ഞത്. അതോടെ അവൾ കൂടുതൽ തളർന്നു പോയി.
ഭർത്താവിന്റെ മരണത്തിന്റെ ഷോക്കിൽ അവളുടെ വയറ്റിൽ ഉണ്ടായിരുന്ന കുഞ്ഞിനെ കൂടി നഷ്ടപ്പെട്ടപ്പോൾ ആ വീട്ടിൽ അവൾക്ക് സ്ഥാനം ഇല്ലാതെയായി. അധികം വൈകാതെ അവളെ അവളുടെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
നിരാശയോടെയും വിഷമത്തോടെയും വഴിയിലൂടെ പഠിക്കാൻ പോകുന്ന കുട്ടികളെ നോക്കിയിരിക്കുമ്പോൾ അവൾ ഓർക്കാറുള്ളത് തന്റെ പ്രിയ സുഹൃത്തിനെയാണ്.
അവൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഒരുപക്ഷേ എനിക്ക് ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല…!വേദനയോടെ അവൾ ഓർക്കാറുണ്ട്.