നിന്റെ ഭർത്താവ് നിന്നെ ഇവിടെ വാഴിച്ചത്..? നിന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് നിന്നെ കോളേജിൽ

(രചന: ആവണി)

“നീ ഈ ചെയ്യുന്നതൊക്കെ ശരിയാണോ നീലൂ..”വേദിക ചോദിച്ചപ്പോൾ നീലു അവളെ തറപ്പിച്ചു നോക്കി.” ഞാൻ ചെയ്യുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്..?”

ആ ചോദ്യം കേട്ടപ്പോൾ തന്നെ എന്തൊക്കെ പറഞ്ഞാലും അവൾ തീരുമാനത്തിൽ നിന്ന് മാറില്ല എന്ന് വേദികയ്ക്ക് ഉറപ്പായി.

” പ്രണയം ഓരോരുത്തരുടെയും ശരിയല്ലേ.. എന്റെ ശരികളിൽ ജീവിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.. ”

നീലു ഉറപ്പു പറഞ്ഞപ്പോൾ വേദിക നിസ്സഹായത്തോടെ അവളെ നോക്കി.” പക്ഷേ നിങ്ങൾ രണ്ടുപേരും കൗമാരപ്രായത്തിൽ നിൽക്കുന്ന രണ്ടാളുകൾ അല്ല.. രണ്ടുപേർക്കും രണ്ടു കുടുംബം ഉള്ളതാണ്.. അത് മറക്കരുത്. ”

വേദിക ഓർമ്മപ്പെടുത്തി.” എന്തു കുടുംബം..? നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് അധിക നാളുകൾ ആയിട്ടില്ല എങ്കിലും നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ല എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ..!

എന്റെ ചെറിയ പ്രായത്തിൽ എന്റെ അറിവോടെ സംഭവിച്ചത് ആയിരുന്നില്ല എന്റെ വിവാഹം. എന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് എന്റെ വിവാഹം നടന്നത്. ”

നീലു അത് പറഞ്ഞപ്പോൾ വേദിക അവളെ തുറിച്ചു നോക്കി.” വീട്ടുകാരുടെ നിർബന്ധപ്രകാരം അങ്ങനെ ഒരു വിവാഹം നടന്നുവെങ്കിലും നിനക്ക് എന്തെങ്കിലും ഒരു കുറവ് ഈ വീട്ടിൽ ഉണ്ടായിരുന്നോ..?

മഹാറാണിയെ പോലെ തന്നെയല്ലേ നിന്റെ ഭർത്താവ് നിന്നെ ഇവിടെ വാഴിച്ചത്..? നിന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ച് നിന്നെ കോളേജിൽ പഠിപ്പിക്കാൻ വിട്ടത് പോലും അയാൾ ആയിരുന്നില്ലേ..?

നീ ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ വിവാഹം നടത്തി വിട്ടപ്പോൾ, പിന്നീട് കോളേജിലേക്ക് പഠിക്കാൻ പോകാൻ കഴിയും എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ..?

അങ്ങനെ വിദ്യാഭ്യാസം മുടങ്ങി തന്റെ സ്വപ്നങ്ങൾ ഒതുക്കി വച്ച് എത്രയോ സ്ത്രീകൾ അടുക്കളയിൽ കഷ്ടപ്പെടുന്നുണ്ട്.. പക്ഷേ നിന്റെ കാര്യം അങ്ങനെ വല്ലതും ആയിരുന്നോ..?

നിന്റെ ഇഷ്ടത്തിന് അനുസരിച്ച് നിന്നെ തുടർന്നു പഠിക്കാൻ നിന്റെ ഭർത്താവ് സമ്മതിച്ചില്ലേ..? പണത്തിനോ സുഖസൗകര്യങ്ങൾക്കും എന്തെങ്കിലും ഒരു കുറവ് വന്നിട്ടുണ്ടായിരുന്നോ..? ”

ഒക്കെ കേട്ടപ്പോൾ നീലു പരിഹാസത്തോടെ ചിരിച്ചു.” ഇതൊക്കെ നീ പറഞ്ഞത് ശരി തന്നെയാണ്. എന്നെ പഠിക്കാൻ സമ്മതിച്ചു എനിക്ക് പണവും സുഖസൗകര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അയാളെ ഇഷ്ടമായിരുന്നില്ല.

എന്റെ കഴുത്തിൽ താലികെട്ടി എന്നൊരു ബന്ധമല്ലാതെ മറ്റൊരു തരത്തിലും എനിക്ക് അങ്ങേരെ അംഗീകരിക്കാൻ കഴിയില്ലായിരുന്നു.

എന്നോടൊപ്പം നിൽക്കാൻ തക്ക സൗന്ദര്യമോ വിദ്യാഭ്യാസമോ അയാൾക്ക് ഉണ്ടായിരുന്നില്ല. ”

വേദികയ്ക്ക് ഇതൊക്കെ കേൾക്കുമ്പോൾ നീലുവിനോട് വല്ലാത്ത ദേഷ്യം തോന്നുന്നുണ്ടായിരുന്നു.

” ഞാനൊന്ന് ചോദിച്ചോട്ടെ.. അയാൾ ഇങ്ങനെയൊക്കെയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ നിന്റെ വീട്ടുകാർ നിന്നെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തത്..?

അവർ അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ ജീവിതകാലം മുഴുവൻ നീ അയാളോടൊപ്പം സുരക്ഷിതയായിരിക്കും എന്നൊരു തോന്നൽ ഉള്ളതുകൊണ്ട് ആവില്ലേ..? ”

നീലു ഒരു നിമിഷം എന്തോ ഓർത്തു നിന്നു.”നിനക്കൊരു കാര്യം അറിയാമോ.. അയാൾക്ക് എന്നോട് ഭയങ്കര സ്നേഹമായിരുന്നു. ഞാൻ എവിടെയെങ്കിലും പോകണമെന്ന് ആഗ്രഹം പറഞ്ഞാൽ കൃത്യമായി എന്നെ അയാൾ അവിടെ കൊണ്ടുപോകും.

ഞാൻ കഴിക്കാൻ ഇഷ്ടപ്പെടുന്ന ആഹാരം എന്തുതന്നെയാണെങ്കിലും അത് എന്റെ മുന്നിലെത്തിക്കാൻ അയാൾ മത്സരിക്കുമായിരുന്നു.

എന്റെ ഇഷ്ടത്തിന് എനിക്ക് ഒരുപാട് വസ്ത്രങ്ങൾ വാങ്ങാം. ഞാൻ എത്ര രൂപ ചെലവാക്കുന്നു എന്നൊരു കണക്ക് പോലും അയാൾ ഒരിക്കലും എന്നോട് ചോദിച്ചിട്ടില്ല.

എനിക്ക് സർവ്വവിധ സ്വാതന്ത്ര്യങ്ങളും അയാൾ അനുവദിച്ചു തന്നിരുന്നു. അതൊക്കെ കൊണ്ടായിരിക്കണം ഏതോ ഒരു ഘട്ടത്തിൽ വച്ച് എനിക്ക് അയാളോട് ഒരു ഇഷ്ടം തോന്നിയത്.

ആ ഇഷ്ടത്തിന്റെ പുറത്ത് സംഭവിച്ചതാണ് അനു മോൻ. സത്യം പറഞ്ഞാൽ ആ സമയത്തൊക്കെ ഞാൻ അയാളോടൊപ്പം ഹാപ്പിയായിരുന്നു.

എന്നെയും മോനെയും അയാൾ വളരെ സ്നേഹത്തോടെ തന്നെയാണ് നോക്കിയത്. ഒരുപക്ഷേ വിധി ഞങ്ങളെ ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തതായിരിക്കണം.

അതുകൊണ്ടാണല്ലോ ഒരു ആക്സിഡന്റിൽ അയാൾ ഞങ്ങളെ വിട്ടു പോയത്. ആ ഒരു അവസ്ഥ തരണം ചെയ്യാൻ എനിക്ക് ഒരുപാട് നാളുകൾ വേണ്ടി വന്നു.

അയാളുടെ സ്വത്ത് വകകൾ മുഴുവൻ എന്റേതായിരുന്നു എങ്കിൽ പോലും, ഈ വീടിനുള്ളിൽ എനിക്ക് വല്ലാത്ത ശ്വാസംമുട്ടലായിരുന്നു.

എവിടേക്ക് തിരിഞ്ഞാലും അയാളെ അല്ലാതെ മറ്റാരെയും കാണാൻ പോലും കഴിയില്ലായിരുന്നു. എന്റെ ആ അവസ്ഥയിൽ മാറ്റം വന്നത് നവീൻ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷം ആണ്. ”

നീലു അത് പറയാൻ തുടങ്ങിയപ്പോൾ വേദികയ്ക്ക് വല്ലാത്ത വിഷമം തോന്നി.” ശരിക്കും പറഞ്ഞാൽ നവീൻ മുൻപ് തന്നെ എന്റെ ജീവിതത്തിൽ ഉണ്ടായിരുന്നതാണ്.. കൃത്യമായി പറഞ്ഞാൽ ഞാൻ കോളേജിൽ പഠിക്കുമ്പോൾ..

ഞാൻ വിവാഹശേഷം കോളേജിൽ പോയിരുന്നെങ്കിൽ വിവാഹിതയാണ് എന്നുള്ളതിന്റെ തെളിവുകൾ ഒന്നും എന്നിൽ ഉണ്ടായിരുന്നില്ല. ഞാൻ സിന്ദൂരം തൊടാറില്ല.

താലിയും ഇടാറില്ല. അതുകൊണ്ടു തന്നെ കോളേജിൽ പലരും എന്നെ പ്രൊപ്പോസ് ചെയ്തിട്ടുണ്ട്.ആ കൂട്ടത്തിൽ ഒരാളായിരുന്നു നവീൻ.എനിക്കും അവനോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരുന്നു.

പക്ഷേ ഭർത്താവിന്റെ സ്ഥാനത്ത് ഒരാൾ ഉള്ളപ്പോൾ കാമുകനായി മറ്റൊരുവനെ കൊണ്ടു നടക്കുന്നത് ശരിയല്ലല്ലോ..! അതുകൊണ്ട് മാത്രമാണ് അന്ന് നവീൻ എന്റെ ജീവിതത്തിലേക്ക് വരാതിരുന്നത്.

പക്ഷേ ഭർത്താവിന്റെ മരണശേഷം കുറെ നാളുകൾ കഴിഞ്ഞപ്പോൾ എന്റെ ചില സുഹൃത്തുക്കൾ ചേർന്ന്, ഞങ്ങളുടെ പണ്ടത്തെ കോളേജ് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തു.

അതായിരുന്നു എല്ലാത്തിന്റെയും തുടക്കം.അവൻ പേഴ്സണൽ നമ്പർ തപ്പിയെടുത്ത് എനിക്ക് മെസ്സേജ് അയച്ചപ്പോൾ, ആദ്യമൊക്കെ ഒരു സുഹൃത്തിനോട് തോന്നുന്ന അടുപ്പം മാത്രമാണ് തോന്നിയത്.

പക്ഷേ പിന്നെപ്പിന്നെ സുഹൃത്ത് എന്ന സ്ഥാനത്തു നിന്നും അവൻ പ്രണയം എന്നൊരു സ്ഥാനത്തേക്ക് മാറി സഞ്ചരിക്കുന്നത് ഞാൻ അറിഞ്ഞിരുന്നു. ഞാനത് തുറന്നു പറയാൻ മടിച്ചിരുന്നപ്പോൾ അവനാണ് അതെന്നോട് ആദ്യം പറഞ്ഞത്.

അവന്റെ ഭാര്യ അവനെ തീരെ കെയർ ചെയ്യുന്നില്ല എന്നും, അവനെ ശ്രദ്ധിക്കാൻ പോലും സമയമില്ലാത്ത ഒരുവളാണ് അവന്റെ ഭാര്യ എന്നും ഒക്കെ പറഞ്ഞപ്പോൾ,

എന്നെപ്പോലെ ഒരാളിനെയാണ് അവൻ ഭാര്യയായി ആഗ്രഹിച്ചത് എന്നൊക്കെ കേട്ടപ്പോൾ എനിക്കും അവനോട് ഇഷ്ടം പറയാതിരിക്കാനായില്ല. ഇനി എന്തായാലും ഞങ്ങൾ ഒന്നിച്ചു ജീവിക്കാൻ തന്നെയാണ് തീരുമാനം..!”

നീലു ആത്മവിശ്വാസത്തോടെ പറഞ്ഞപ്പോൾ വേദിക കണ്ണുനിറഞ്ഞത് അവൾ കാണാതിരിക്കാൻ പാടുപെട്ടു.

” നവീന് ഒരു കുടുംബം ഇല്ലേ.? അവന്റെ ഭാര്യ സമ്മതിക്കുമോ..? “വേദിക അത് ചോദിക്കുമ്പോൾ നീലു ഒരു നിമിഷം വേദികയെ നോക്കി.

“അവൻ അവളോട് സംസാരിച്ചിരുന്നു.ഇപ്പോൾ വേണമെങ്കിലും ഡിവോഴ്സ് കൊടുക്കാൻ തയ്യാറാണ് എന്നാണ് അവൾ പറഞ്ഞത്.”

പുഞ്ചിരിയോടെ നീലു പറഞ്ഞപ്പോൾ വേദിക തലയാട്ടി.പിന്നീട് ഒരു നിമിഷം പോലും വൈകാതെ കൈ നീട്ടി നീലുവിന്റെ കരണത്തേക്ക് അടിച്ചു.” എന്താ ഇത്..? “നീലു ഞെട്ടലോടെ ചോദിച്ചു.

“നിന്നെ പരിചയപ്പെട്ട ദിവസം തന്നെ ഇത് തരണം എന്ന് ഞാൻ വിചാരിച്ചതാണ്. പക്ഷേ അതിനുള്ള അവസരം അപ്പോഴല്ല എന്ന് എനിക്ക് തോന്നിയിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഒരു അവസരം വന്നപ്പോൾ ഞാൻ ഇത് ചെയ്യുന്നത്.”

ദേഷ്യത്തോടെ പറഞ്ഞപ്പോൾ അതിനുള്ള കാരണം അറിയാതെ ഞെട്ടി നിൽക്കുകയായിരുന്നു നീലു.

” ഞാനെന്തിനാ നിന്നെ തല്ലിയത് എന്നറിയാമോ..? എന്റെ ഭർത്താവിനെ ആഗ്രഹിച്ചതിന്.. അയാളോടൊപ്പം ജീവിക്കാൻ മോഹിക്കുന്നതിന്..

എന്നെയും എന്റെ കുഞ്ഞിനെയും വഴിയാധാരമാക്കാൻ അയാൾക്ക് കൂട്ടു നിൽക്കുന്നതിന്.. നീ ഞെട്ടി നോക്കണ്ട.. നിന്റെ കാമുകൻ നവീന്റെ ഭാര്യ തന്നെയാണ് ഞാൻ. നിന്നെ ഞാൻ പരിചയപ്പെട്ടത് പോലും ആ ഒരു കാരണം കൊണ്ടായിരുന്നു.

എന്റെ ഭർത്താവിൽ ഉള്ള മാറ്റങ്ങൾ അറിയാതിരിക്കാനും മാത്രം മണ്ടി അല്ലല്ലോ ഞാൻ. അയാൾക്ക് നിന്നോടുള്ള താല്പര്യമറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ നീയുമായി സൗഹൃദം സ്ഥാപിച്ചത്.

നിന്നെ പറഞ്ഞു മനസ്സിലാക്കി ഈ ബന്ധത്തിൽ നിന്ന് പിൻമാറ്റാൻ ആയിരുന്നു ആദ്യം എന്റെ ഉദ്ദേശം. പക്ഷേ ഒരുതരത്തിലും നീ അടുക്കില്ല എന്ന് കാണുമ്പോൾ പിന്നെ ഞാൻ എന്ത് ചെയ്യും..?

എനിക്കും എന്റെ കുഞ്ഞിനും എന്റെ ഭർത്താവിനോടൊപ്പം തന്നെ ജീവിക്കണ്ടേ..? എനിക്ക് അയാളെ വേണ്ടെങ്കിലും എന്റെ കുഞ്ഞിന് അവന്റെ അച്ഛനെ വേണ്ടേ..? അപ്പോൾ പിന്നെ എന്താ ചെയ്യേണ്ടത്..?”

വല്ലാത്തൊരു ഭാവത്തോടെ വേദിക ചോദിക്കുന്നത് കേട്ടപ്പോൾ നീലുവിന് അടിമുടി വിറയ്ക്കാൻ തുടങ്ങിയിരുന്നു.

വേദികയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയിൽ അവൾ എന്തും ചെയ്യും എന്ന് നീലുവിന് തോന്നി.അവളുടെ ഭയം കണ്ടപ്പോൾ വേദിക പൊട്ടിച്ചിരിച്ചു.

“നീ പേടിക്കണ്ട ഞാൻ നിന്നെ ഒന്നും ചെയ്യില്ല. നിന്നെ വേദനിപ്പിക്കുന്നതൊന്നും എനിക്കിഷ്ടമല്ല. ഒന്നുമില്ലെങ്കിലും നീ എന്റെ സുഹൃത്ത് അല്ലേ..?”

അവളുടെ ചോദ്യവും ഭാവവും ഒക്കെ നീലുവിനെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു.

” എന്തായാലും നിനക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. കാരണമെന്താണെന്ന് അറിയാമോ..? നിന്നെ പരിചയപ്പെട്ട ദിവസം മുതൽ ഞാൻ നിനക്ക് പലപല ജ്യൂസുകളും സാധനങ്ങളും ഒക്കെ കൊണ്ട് തരാറില്ലേ..?

നീയാണെങ്കിൽ കൊതിയോടെ അതൊക്കെ കഴിക്കാറുണ്ട്. അതിൽ ഇത്ര ടേസ്റ്റ് വരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ..? അതിൽ ടേസ്റ്റിനു ആയിട്ട് ഞാൻ ചേർക്കുന്നത് സ്ലോ പോ യി സ ൺ ആണ്.

ഇതിപ്പോൾ ഏകദേശം നിന്റെ പണി തീരാനുള്ള ഡോസ് എത്തിയിട്ടുണ്ട്. നീ ഏതെങ്കിലും ആശുപത്രിയിൽ പോയാൽ പോലും ഇത് കണ്ടുപിടിക്കാൻ പറ്റില്ല. ഇനിയുള്ള ദിവസങ്ങൾ മരണവും കാത്ത് ഇതിനകത്ത് കിടക്ക്.. ”

നീലുവിന്റെ കവിളിൽ തട്ടി പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് വേദിക അവിടെ നിന്ന് ഇറങ്ങി നടന്നു.

മറുവശത്ത് നീലു മരണവെപ്രാളം പിടിച്ചതു പോലെ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. അത് ഒളിഞ്ഞു നിന്നു കണ്ടു വേദിക പുഞ്ചിരിച്ചു.

” ഇനിയുള്ള കുറച്ചു മണിക്കൂറുകൾ നീ ഇങ്ങനെ ടെൻഷൻ അടിക്കും.. അതുകഴിഞ്ഞ് പതിയെ മരണം നിന്നെ കീഴടക്കും.. മരണം അടുത്തെത്തി എന്ന് അറിഞ്ഞു കഴിയുമ്പോൾ, ഓരോ മനുഷ്യനും എന്താണ് തോന്നുന്നത് എന്ന് നീ അനുഭവിച്ചറിയണം.

അതേ വേദന തന്നെയായിരുന്നു എന്റെ ഭർത്താവിനെ എന്നിൽ നിന്ന് പിരിച്ചെടുക്കാൻ നീ ശ്രമിച്ചപ്പോൾ എനിക്ക് ഉണ്ടായത് എന്നും നീ അറിയണം.. “സ്വയം എന്നതു പോലെ പറഞ്ഞു കൊണ്ട് വേദിക നടന്നകുന്നു.

Leave a Reply

Your email address will not be published. Required fields are marked *