(രചന: നിമിഷ)
ഇന്ന് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. പ്രധാനപ്പെട്ടത് എന്നല്ല വളരെ പ്രധാനപ്പെട്ട ഒരു ദിവസം.
ഇന്നാണ് കോടതിയിൽ എന്റെ വിവാഹമോചനം സാധ്യമാകുന്നത്..!അത് ഓർക്കുമ്പോൾ മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഉമ്മറത്ത് ചാരുകസേരയിലിരുന്ന് കണ്ണീർ വാർക്കുന്ന മകളെ കണ്ടുകൊണ്ടാണ് ശങ്കരൻ പുറത്തേക്കിറങ്ങി വന്നത്. ആ കാഴ്ച കണ്ട അയാളുടെ നെഞ്ചവും പിടഞ്ഞു.
അല്ലെങ്കിലും അവളുടെ ഈ അവസ്ഥയ്ക്ക് തങ്ങളും കാരണക്കാരാണല്ലോ..!അയാൾ സ്വയം കുറ്റപ്പെടുത്തി.“മോളെ..”
അവളുടെ ആലോചനയോടുള്ള കിടപ്പ് സഹിക്കാൻ കഴിയാതെ അയാൾ വിളിച്ചു.പെട്ടെന്ന് ഒരു ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുന്നതു പോലെ മാളവിക അയാളെ നോക്കി. മുന്നിൽ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ അവൾ ചെറിയൊരു പുഞ്ചിരി മുഖത്ത് വരുത്തി.
” എന്താ അച്ഛാ..? ”” മോള് പോകാൻ റെഡി ആവുന്നില്ലേ..? ”അയാൾക്ക് അവളോട് അത് ചോദിക്കാൻ തന്നെ വല്ലാത്ത ഒരു പതർച്ച അനുഭവപ്പെടുന്നുണ്ടായിരുന്നു.
അവൾ ഒന്നു മൂളി.പിന്നെ അച്ഛനെ ശ്രദ്ധിച്ചു. തന്റെ മുഖത്തേക്ക് പോലും നോക്കാതെ നിൽക്കുകയാണ് അച്ഛൻ.
അല്ലെങ്കിലും തന്റെ ജീവിതത്തിൽ സംഭവിച്ച ദുര്യോഗങ്ങൾ അറിഞ്ഞതിൽ പിന്നെ തന്റെ മുഖത്ത് നോക്കി ആത്മവിശ്വാസത്തോടെ സംസാരിക്കാൻ അച്ഛന് കഴിഞ്ഞിട്ടില്ല.
അച്ഛന് ഒരുതരം കുറ്റബോധമാണ്. എന്റെ അവസ്ഥയ്ക്ക് കാരണക്കാരൻ അച്ഛനാണ് എന്നൊരു തോന്നലാണ് ഉള്ളത്. പക്ഷേ അത് എന്റെ വിധിയല്ലേ..?
“അച്ഛാ.. എന്റെ അവസ്ഥയോർത്ത് അച്ഛനു വിഷമം ഉണ്ടാകും എന്ന് എനിക്കറിയാം.
പക്ഷേ.. എന്റെ വിധിയാണ് അതൊക്കെ. അല്ലാതെ അച്ഛൻ കരുതുന്നത് പോലെ അച്ഛൻ കാരണം ഒന്നുമല്ല എനിക്ക് ഇങ്ങനെ ഒന്നും പറ്റിയത്. ഇനി അങ്ങനെ ചിന്തിക്കേണ്ട.”
തന്റെ സങ്കടങ്ങൾ ഉള്ളിൽ അടക്കിപ്പിടിച്ച് മകൾ പറയുന്നത് കേൾക്കെ അയാളുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു.
” നീ എന്നോട് എത്രയോ തവണ പറഞ്ഞിരിക്കുന്നു നിനക്ക് ഇപ്പോൾ ഒരു വിവാഹം വേണ്ടെന്ന്.
നിനക്ക് പഠിച്ചാൽ മതിയെന്ന് നീ കരഞ്ഞു കാലുപിടിച്ചു പറഞ്ഞിട്ടും അത് സമ്മതിക്കാതിരുന്നത് എന്റെ വാശിയാണ്. ഇപ്പോൾ അതുതന്നെയാണ് നിന്റെ ജീവിതവും ഇല്ലാതാക്കുന്നത് എന്ന് ഓർക്കുമ്പോൾ.. ”
പറഞ്ഞു വന്നത് മുഴുമിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞില്ല.” സാരമില്ല.. ഞാൻ റെഡിയാവട്ടെ.. ”
കൂടുതൽ സംസാരത്തിന് നിൽക്കാതെ അവൾ വേഗം തന്നെ അകത്തേക്ക് കയറിപ്പോയി.
ആ നിമിഷം അയാളുടെ കണ്ണിൽ തെളിഞ്ഞുവന്നത് പൊട്ടിച്ചിരിയോടെയും സന്തോഷത്തോടെയും ഈ തറവാട് മുറ്റത്ത് കൂടി നടന്ന ഒരു പെൺകുട്ടിയെയാണ്.
മാളവിക.. തന്റെ പ്രിയപ്പെട്ട മകൾ. അവൾ ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അവൾക്ക് വലിയൊരു ബിസിനസ് കുടുംബത്തിൽ നിന്ന് ഒരാലോചന വന്നത്. പ്രദീപ് എന്നായിരുന്നു പയ്യന്റെ പേര്.
മാളുവിനെ പുറത്ത് എവിടെയോ വച്ച് കണ്ട് ഇഷ്ടപ്പെട്ടു വന്നതാണ് ആ ആലോചന എന്നാണ് ബ്രോക്കർ പറഞ്ഞത്. വലിയ തറവാട്ടുകാരാണ് എന്ന് പറയുന്നുണ്ടെങ്കിലും, ഇത്തിരി കഷ്ടപ്പാടിൽ തന്നെയായിരുന്നു തന്റെ കുടുംബം ഉണ്ടായിരുന്നത്.
അതുകൊണ്ടുതന്നെ ഇത്രയും വലിയൊരു കുടുംബത്തിൽ നിന്ന് ആലോചന വന്നപ്പോൾ താനും തന്റെ കുടുംബവും പകച്ചു പോയി.
ഈ വിവാഹം നടന്നാൽ തങ്ങളുടെ ഭാഗ്യമാണ് എന്നുകൂടി ബ്രോക്കർ പറഞ്ഞപ്പോൾ അത് ശരിയാണ് എന്ന് തനിക്കും തോന്നുന്നുണ്ടായിരുന്നു. കാരണം മാളുവിന് താഴെ ഒരു പെൺകുട്ടി കൂടി ഉള്ളതാണ്.
അവളുടെ വിവാഹം നടന്നു കഴിഞ്ഞാൽ, പിന്നെ മാളുവിന്റെ അനിയത്തിയുടെ കാര്യം കൂടി അവർ നോക്കിക്കോളും എന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു പ്രതീക്ഷ..!
ബ്രോകർ തന്ന മോഹന വാഗ്ദാനങ്ങൾ കൊണ്ടാണ് മാളുവിനെ ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്. അന്നും തന്റെ മുന്നിൽ കണ്ണീരോടെ നിന്ന് അവൾ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നു.
” അച്ഛാ ഇത്രയും വലിയ കുടുംബത്തിൽ നിന്നുള്ള ആലോചന ഒന്നും എനിക്ക് വേണ്ട. അച്ഛൻ തന്നെ അറിയാമല്ലോ വലിയൊരു ബിസിനസ് കുടുംബമാണ് അവരുടേത്.
അത്രയും വലിയ നിലയിലുള്ള ആളുകൾ നമ്മുടെ വീട്ടിലേക്ക് ആലോചനയും കൊണ്ട് വരണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാകില്ലേ..?
അവരുടെ നിലയ്ക്കും വിലയ്ക്കും തീരെ ചേരാത്ത നമ്മളെപ്പോലുള്ളവരുടെ ഇടയിലേക്ക് അവർ ഒരാലോചന കൊണ്ടുവരണമെങ്കിൽ അതിന് തീർച്ചയായും ഒരു കാരണം ഉണ്ടാകും.”അവൾ പറഞ്ഞപ്പോൾ താൻ പുഞ്ചിരിച്ചതേയുള്ളൂ.
” അങ്ങനെ ഒരു കാരണം ഉണ്ടല്ലോ മോളെ.ആ പയ്യൻ നിന്നെ എവിടെയോ വച്ച് കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. കണ്ട മാത്രയിൽ തന്നെ നിന്നെ ഇഷ്ടമായെന്നും പിന്നീട് നിന്നെ കുറിച്ച് അന്വേഷിച്ചു ഈ നാട്ടിൽ വന്നിരുന്നു എന്നുമൊക്കെയാണ് ആ ബ്രോക്കർ പറഞ്ഞത്.”
ഞാൻ പറഞ്ഞപ്പോഴും അവൾ ചിരിക്കുകയായിരുന്നു.” ഇത് സിനിമയോ സീരിയലോ കഥയോ ഒന്നുമല്ലല്ലോ അച്ഛാ ഒരാളെ കണ്ട മാത്രയിൽ ഇഷ്ടം തോന്നാൻ. ഞാൻ വീണ്ടും പറയുകയാണ് ഇത് അത്ര നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. ”
അവൾ വീണ്ടും വീണ്ടും തർക്കിച്ചപ്പോൾ തനിക്ക് ദേഷ്യവും വാശിയും ഒക്കെ കൂടുകയാണ് ചെയ്തത്.
“നീ ഇങ്ങനെ ഓരോ മുട്ടാപോക്ക് ന്യായങ്ങൾ പറഞ്ഞ് വീട്ടിൽ കയറി വന്ന മഹാലക്ഷ്മിയെ തള്ളിക്കളയരുത്. ഈ വിവാഹം നടന്നാൽ നിന്റെ ഭാഗ്യമാണ് മോളെ.
നിന്റെ മാത്രമല്ല നമ്മുടെ കുടുംബം തന്നെ രക്ഷപ്പെടും. നിനക്ക് താഴെ ഒരു അനിയത്തി കൂടി ഉള്ളത് നീ മറന്നുപോയോ..? ഈ വിവാഹം നടന്നാൽ അവളുടെ കാര്യത്തിലും അവർ നമ്മളെ സഹായിക്കാതെ ഇരിക്കില്ല.”
പ്രതീക്ഷയോടെ ഓരോന്നും പറഞ്ഞ് അവളുടെ മനസ്സ് ഞാൻ മാറ്റിയെടുക്കുകയായിരുന്നു. വിവാഹം വരെയും അവൾക്ക് ഈ വിവാഹം നടത്തുന്നതിനോട് യാതൊരുവിധ താൽപര്യവും ഉണ്ടായിരുന്നില്ല.
വിവാഹ പന്തലിലും ഒരു പാവയെ പോലെ ഇരുന്നു തരികയായിരുന്നു അവൾ.വിവാഹം കഴിഞ്ഞതോടെ അവളുടെ ജീവിതം മൊത്തത്തിൽ മാറിപ്പോയി.വിവാഹ ശേഷവും അവളെ പഠിക്കാൻ വിടാം എന്ന് പറഞ്ഞവർ
പിന്നീട് ഒരിക്കലും അതിനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നത് ഞങ്ങൾ ആരും കേട്ടിട്ടില്ല. അതിനെക്കുറിച്ച് അവൾ പരാതിയും പറഞ്ഞിട്ടില്ല.
അല്ലെങ്കിലും ആ വിവാഹ ജീവിതത്തെക്കുറിച്ച് നല്ലതോ മോശമോ ആയ ഒരു അനുഭവവും അവൾ തങ്ങളോട് തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴും കാര്യങ്ങളൊക്കെ അറിഞ്ഞത് അവരുടെ വീട്ടിലെ മനുഷ്യത്വമുള്ള ഒരേയൊരാളിൽ നിന്നാണ്.
അയാൾ അത് ചിന്തിച്ചു നിൽക്കുമ്പോഴേക്കും മാളവിക റെഡിയായി പുറത്തേക്ക് വന്നിരുന്നു. പിന്നീട് അവർ വേഗം തന്നെ കോടതിയിലേക്ക് പുറപ്പെട്ടു.
കോടതിയിലേക്കുള്ള വഴിയിൽ, മാളുവിന്റെ ചിന്തകൾ തന്റെ വിവാഹത്തെക്കുറിച്ച് ആയിരുന്നു.
സാധാരണ എല്ലാ പെൺകുട്ടികൾക്കും വിവാഹത്തെക്കുറിച്ച് നിറം പിടിപ്പിച്ച സ്വപ്നങ്ങൾ ഒരുപാടുണ്ടാകും. പക്ഷേ തന്റെ കാര്യത്തിൽ അതങ്ങനെയല്ല. വിവാഹം കഴിഞ്ഞ് രാത്രി മുതൽ താൻ നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങൾ ആയിരുന്നു.
വിവാഹ രാത്രിയിൽ തന്നെ മദ്യപിച്ച് കുഴഞ്ഞാടി മുറിയിലേക്ക് വരുന്ന ഭർത്താവിനെ ആരാണ് സ്വപ്നം കാണുക..?പക്ഷേ തന്റെ വിധി അങ്ങനെയായിരുന്നു. തന്റെ ഭർത്താവ് മുറിയിലേക്ക് വന്നത് അങ്ങനെയായിരുന്നു.
പിന്നീടുള്ള ഓരോ ദിവസങ്ങളും അയാൾ ദേഹോപദ്രവങ്ങളും മാനസികോപദ്രവങ്ങളും തനിക്ക് ഒരുപാട് ചെയ്തു.എത്രയൊക്കെ സഹിക്കാൻ കഴിയാതെ ആയിട്ടും ഒരു വാക്കുപോലും വീട്ടിൽ താൻ പറഞ്ഞിട്ടില്ല.
എന്നിട്ടും തന്റെ അവസ്ഥ കണ്ട് സഹതാപം തോന്നി പ്രദീപിന്റെ സഹോദരി വീട്ടിൽ കാര്യങ്ങളൊക്കെ അറിയിച്ചു എന്ന് താൻ അറിഞ്ഞത് വളരെ വൈകിയാണ്.
പ്രദീപ് ഒരിക്കലും ഒരു വിവാഹത്തിന് താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. അയാൾ അയാളുടെ ഒരു ആൺ സുഹൃത്തുമായി പ്രണയത്തിലായിരുന്നു.
പക്ഷേ അത് അംഗീകരിക്കാൻ കഴിയാത്ത വീട്ടുകാർ പ്രദീപിന്റെ മനസ്സിന്റെ തോന്നലാണ് എന്ന് തെറ്റിദ്ധരിച്ചിട്ടാണ് തന്നെ പ്രദീപിന്റെ ജീവിതത്തിലേക്ക് വലിച്ചിട്ടത്.
അയാളുടെ ഉപദ്രവങ്ങൾ അതിരു കടന്നപ്പോൾ തീരെ സഹിക്ക വയ്യാതെയാണ് അയാളെ തിരികെ ഉപദ്രവിച്ചത്.പക്ഷേ അത് നന്ദികേടായി മാറി.
അന്ന് ആ വീട്ടിൽ നിന്ന് തന്നെ ഇറക്കിവിട്ടത് അയാളുടെ അച്ഛനും അമ്മയും കൂടിയായിരുന്നു. ശരിക്കും പറഞ്ഞാൽ അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടതോർത്ത് ഇപ്പോഴും ദൈവത്തിനോട് നന്ദി പറയുകയായിരുന്നു താൻ.
പിന്നീട് പ്രദീപിന്റെ വീട്ടുകാർ തന്നെയാണ് ഡിവോഴ്സ് കേസ് ഫയൽ ചെയ്തത്. തന്നെ സംബന്ധിച്ച് അതൊരു രക്ഷപ്പെടൽ ആയിരുന്നു.
അതുകൊണ്ടുതന്നെ,ഈ ഡിവോസിനെ കുറിച്ച് ഓർത്ത് വിഷമമൊന്നുമില്ല.എത്രയും പെട്ടെന്ന് ഒന്ന് രക്ഷപ്പെട്ടു കിട്ടിയാൽ മതി എന്നൊരു തോന്നൽ മാത്രം…!
ചിന്തിച്ചിരിക്കുമ്പോൾ കാർ കോടതി മുറ്റത്തേക്ക് കയറിയിരുന്നു. ഒരു പുഞ്ചിരിയോടെ കാറിൽ നിന്ന് ഇറങ്ങുമ്പോൾ, ഇന്നത്തോടെ തന്നെ ബാധിച്ച ശനിദശ ഒഴിവായി പോകുമല്ലോ എന്നാണ് അവൾ ചിന്തിച്ചത്..