നമ്മളെ അവൾ ചതിച്ചു. ആരുടെയോ കൂടെ അവൾ പോയിന്നാണു തോന്നുന്നത്. എന്തായാലും ഇങ്ങള് പെട്ടെന്ന് വരാൻ

ഇഹ്തിമാൽ
(രചന: Navas Amandoor)

എട്ടുമണി കഴിഞ്ഞാൽ തിരക്കാണ് ഹോട്ടലിൽ. ആ സമയത്താണ് കൂടുതലും ആളുകൾ ഭക്ഷണം കഴിക്കാൻ എത്തുന്നത്.ഇന്ന് ഒഴിവ് ദിവസം ആയതിനാൽ പതിവിൽ കൂടുതൽ തിരക്കിലാണ് അനീഷ്.

അതിന്റെ ഇടയിൽ ഇപ്പൊ ആറാമത്തെ മിസ്ഡ് കാൾ ആണ് സുലുവിന്റെ. അയാൾ മൊബൈൽ എടുത്തു അവളെ വിളിച്ചു.

“എന്താ സുലു””ഒന്നുല്ല ഇക്കാ.എത്ര ദിവസമായിന്നു അറിയോ ഇക്കാ ഒന്ന് വിളിച്ചിട്ടു.. എനിക്ക് ഇക്കാടെ ഒച്ചയൊന്നു കേൾക്കാൻ തോന്നി ”

“സുലു നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ. എത്രവട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് ഈ സമയത്തു ഇങ്ങിനെ ശല്യം ചെയ്യരുത് എന്ന്‌.ബുദ്ധിയില്ലെ നിനക്ക്…… ”

“നിങ്ങൾക്കു ഇപ്പൊ കാശ് ഇന്നൊരു ചിന്തയുള്ളു. ഒരു കൊച്ചുപോലും ഇല്ലാതെ ആർക്കാ ഇക്ക ഇങ്ങിനെ സമ്പാദിച്ചു കൂട്ടുന്നത്..”

“സുലു നീ ഫോൺ വെച്ചു ഉറങ്ങാൻ നോക്ക്. വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ. കടപ്പൂട്ടിയിട്ടു ഞാൻ വിളിക്കാം”

അവളുടെ മറുപടി കേൾക്കാൻ നിൽക്കാതെ അനീഷ് കാൾ കട്ടാക്കി.പിന്നെ തിരക്കുകളിലേക്കു. എന്നെത്തെയും പോലെ കടപൂട്ടി കണക്ക് നോക്കി ഭക്ഷണം കഴിച്ചു കിടന്നു. ക്ഷീണം കൊണ്ട് പെട്ടന്ന് ഉറങ്ങിപ്പോയി.

സുബ്ഹിക്കു ഉണർന്നു മൊബൈലിൽ നോക്കി. അളിയന്റെ നാല്‌ മിസ്ഡ് കാൾ. ഒരുകാര്യമില്ലാതെ സുലുവിനെ പോലെ അവൻ വിളിക്കാറില്ല. അനീഷ്‌ അളിയനെ വിളിച്ചു.

“അളിയാ എന്താ ഈ സമയത്ത്””അത്‌… ഞാൻ പറയുന്നത് കേട്ടു വിഷമിക്കരുത് .””ചുമ്മാ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ”

“മൊബൈൽ സ്വിച് ഓഫ് ആണ്. വീട് പൂട്ടി കിടക്കുന്നു. സുലുവിനെ കാണുന്നില്ല അളിയാ. അവൾ എവിടെ പോയിന്നു അറിയൂല.

അളിയനോട് വല്ലതും പറഞ്ഞിരുന്നോ…?
അല്ലെങ്കിൽ അളിയനറിയാമോ…..? അവളെങ്ങോട്ടെങ്കിലും പോകുന്ന വിവരം പറഞ്ഞിരുന്നോ…….?”

“ഇല്ല അളിയാ.. എന്നോട് ഒന്നും പറഞ്ഞില്ല.ഇന്നലെ ഞാൻ കുറച്ചു ചൂടായി സംസാരിച്ചിരുന്നു ”

“തല്ക്കാലം ഇപ്പൊ ആരോടും ഒന്നും പറയണ്ട. ഞാൻ ഒന്ന് അന്വേഷിക്കട്ടെ എന്നിട്ട് വിളിക്കാം”

അനീഷിനു അളിയൻ പറഞ്ഞത് മനസ്സിലാകാത്തത് പോലെ അന്തിച്ചു നിന്നു.തലച്ചോറിലേക്ക് ഇരുട്ട് കയറി കാഴചയെ മറച്ചു.

“അവള് എവിടെ പോകാൻ. അവൾക്കു അങ്ങിനെ ആരുടെയെങ്കിലും കൂടെ അങ്ങിനെ പോകാൻ പറ്റോ. അവൾക്കും ക്കൂടി വേണ്ടിയല്ലേ ഞാൻ ഈ കഷ്ടപ്പെടുന്നത്. എന്നിട്ട് ഇപ്പൊ തോൽപ്പിക്കാൻ നോക്കുകയാണോ എന്റെ സുലു”

ആണുങ്ങൾ കരയാൻ പാടില്ല. എന്നിട്ടും അനീഷ് കരഞ്ഞു. ജീവനാണ് അവൾ. വിളിക്കാൻ കഴിയാതെ വന്നത് ജോലി തിരിക്കുകൊണ്ടാല്ലേ.

അതിനു അവളോട്‌ സ്‌നേഹം ഇല്ലാന്ന് അർത്ഥം ഉണ്ടോ. കുറച്ചു കഴിഞ്ഞു അളിയൻ വിളിക്കാത്തതു കൊണ്ട് അനീഷ് അളിയനെ വിളിച്ചു.”അളിയാ എന്റെ സുലു എവിടെ… ?”

“ഇങ്ങള് എത്രയും വേഗം നാട്ടിലേക്കു വാ. നമ്മളെ അവൾ ചതിച്ചു. ആരുടെയോ കൂടെ അവൾ പോയിന്നാണു തോന്നുന്നത്. എന്തായാലും ഇങ്ങള് പെട്ടെന്ന് വരാൻ നോക്ക്.. എനിക്ക് ഒറ്റയ്ക്ക് ഒന്നിനും പറ്റുന്നില്ല. ”

എമർജൻസി എക്സിറ്റിൽ അനീഷ് അന്ന് തന്നെ കോച്ചി എയർപോർട്ടിൽ ഇറങ്ങി. അളിയൻ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. പുറത്തു ഇറങ്ങി.

വാപ്പ ഇല്ലാത്ത കുഞ്ഞനുജത്തിയെ കൈപിടിച്ചു തന്ന അളിയനെ കണ്ടപ്പോ അടക്കി വെച്ചതെല്ലാം പൊട്ടിപ്പോയ അനീഷ്‌ അളിയനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“അളിയാ.. എന്തിനാ അവൾ എന്നെവിട്ടു പോയത്. അവൾക്കു വേണ്ടതെല്ലാം കൊടുക്കുന്നില്ലേ ഞാൻ. എന്റെ ജീവനേക്കാൾ ഏറേ സേന്ഹിച്ചില്ലേ ഞാൻ. ”

കാറോടിച്ചു കൊണ്ട് അളിയൻ അനീഷിനോട് ചോദിച്ചു.”ഇങ്ങള് എന്ത് കൊടുത്തു. വീടോ സ്വർണ്ണമോ അല്ല ഒരു പെണ്ണിന് വേണ്ടത്. എപ്പോഴെങ്കിലും അവളെ വിളിച്ചു സ്‌നേഹത്തോടെ സംസാരിച്ചിട്ടുണ്ടോ… ?

അവളുടെ സങ്കടങ്ങളെ കണ്ടറിഞ്ഞു സമാധാനിപ്പിച്ചിട്ടുണ്ടോ…. ?കൂടെ വേണമെന്ന് തോന്നിയപ്പോ കൂടെ നിന്നിട്ടുണ്ടോ… ?

അവൾക്കു കിട്ടാത്ത സ്‌നേഹം വേറെ അരങ്കിക്കും വെച്ചു നീട്ടുമ്പോ വേണ്ടെന്നുവെയ്ക്കാൻ മലക്കിനെ മനസ്സൊന്നും പെണ്ണിന് ചിലപ്പോ ഉണ്ടാവില്ല. ”

“ശെരിയാണ്… തെറ്റ് തന്നെയാണ്. എങ്കിലും അവൾക്കുക്കൂടി വേണ്ടിയല്ലേ ഞാൻ കഷ്ടപ്പെടുന്നത്. ഒരുപക്ഷേ ഒരവസരം കിട്ടിയിരുന്നെങ്കിൽ എനിക്ക് തിരുത്താമായിരുന്നു. ”

“എന്ത് കഷ്ടപ്പാടാണ്… നിങ്ങൾക്ക് അതാവശ്യത്തിനു ഉള്ളതൊക്കെ ഉണ്ടാക്കീട്ടില്ലേ. ആർക്കു വേണ്ടിയാ ഇങ്ങിനെ ഉണ്ടാക്കി കൂട്ടുന്നത്. ഒരു കുട്ടി ആകുന്നതു വരെ എങ്കിലും അവളുടെ ഒപ്പം നിൽക്കാമായിരുന്നു.. ഇനി പറഞ്ഞിട്ട് എന്താ… അല്ലേ ”

വണ്ടി മെയിൻറോഡിൽ നിന്നും വളവു തിരിഞ്ഞു കല്ല് പാകിയ റോഡിലൂടെ അളിയന്റെ വീട്ടിൽ വന്നു നിന്നു. ഡോർ തുറന്നു രണ്ടാളും പുറത്തു ഇറങ്ങി.

പെണ്ണുകാണാൻ വന്ന ദിവസം ഈ മുറ്റത്തു വന്നിറങ്ങിയപ്പോ അന്ന് ഈ വീടിന്റെ ഉള്ളിൽ സുലു ജനലിലൂടെ അനീഷിനെ നോക്കിയത് സുലു ഒരിക്കൽ പറഞ്ഞത് അയാൾ ഓർത്തു.

“വാപ്പയെ കണ്ട ഓർമ്മയില്ല എന്റെ മോൾക്ക്‌.അവളിൽ ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്. എന്റെ മോൻ അവളെ പൊന്നു പോലെ നോക്കുമെന്നു ഉമ്മാക്ക് ഉറപ്പുണ്ട്. അവൾ ആഗ്രഹിച്ചതൊന്നും നേടി കൊടുക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല മോനെ ”

ഉമ്മയുടെ വാക്കുകൾ അന്ന് തലയാട്ടി സമ്മതിച്ചു. അവൾ സ്വപ്‍നം കണ്ടപോലെ കറങ്ങി നടക്കാനോ തമാശപറയാനോ. സന്തോഷിപ്പിക്കാനോ കഴിയാതെ അവൾ കൂടെ ഇല്ലാതെ ഈ മുറ്റത്തു ഒരിക്കൽ ക്കൂടി.

“ഇങ്ങള് നേരത്തെ പറഞ്ഞില്ലേ ഒരു അവസരം കിട്ടിയാൽ അവൾ ആഗ്രഹിച്ചപോലെ ഒരു ജീവിതം അവൾക്കു കൊടുക്കുമെന്ന്.. അത്‌ ശെരിക്കും മനസ്സിൽ തട്ടി പറഞ്ഞതാണോ.. ?”

“അതെ അളിയാ.. അവൾക്കു പോലും അറിയാൻ കഴിഞ്ഞിട്ടില്ല എന്റെ മനസ്സിൽ അവളോടുള്ള സ്‌നേഹം. ഇനി അങ്ങിനെ ഒരു അവസരം ഇല്ലല്ലോ. ”

പറഞ്ഞു തീരുന്നതിനു മുൻപേ അനീഷിന്റെ കണ്ണുകൾ നിറഞ്ഞു കണ്ണീർ ഇറ്റ്‌ വീണു.

അളിയൻ അനീഷിന്റെ ചുമലിൽ കൈ വെച്ചു സമാധാനിപ്പിച്ചു അകത്തേക്ക് നോക്കി വിളിച്ചു

“സുലു ഇങ്ങുവാ… “അനീഷ് മുഖം ഉയർത്തി .. വാതിൽ കിടന്നു സുലു പുറത്തേക്കു വന്നു. അവളുടെ കണ്ണും കണ്ണീരിൽ കുതിർന്നിരുന്നു.

അവൾ ഓടി വന്നു അനീഷിന്റെ അരികിൽ എത്തി. അനീഷ്‌ സുലുവിനെ കെട്ടിപ്പിടിച്ചു. രണ്ടാളും കുട്ടികളെ പോലെ കരഞ്ഞു.. മാപ്പ് പറഞ്ഞു.

“ഇക്കാ… ഇക്കാക്ക് തോന്നുന്നുണ്ടോ ഇങ്ങളെ വിട്ട്‌ ഇക്കാന്റെ സുലു പോകുമെന്ന്.ഇന്നലെ വിളിച്ചപ്പോ എന്നെ ചീത്ത പറഞ്ഞത് സഹിക്കാൻ പറ്റിയില്ല. കൂറേ കരഞ്ഞു.

അപ്പൊ ഞാൻ ഉമ്മാനെ വിളിച്ചു. ഉമ്മയും ഇക്കാക്കയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടു പൊന്നു… പിന്നെ ഇതുവരെ ഉണ്ടായതൊക്കെ ഇങ്ങളെ അളിയന്റെ നാടകമായിരുന്നു .. മാപ്പ് ”

“നീ കരയണ്ട.. സാരമില്ല. അതുകൊണ്ട് ഇപ്പോഴങ്കിലും നിന്നെ എനിക്ക് മനസ്സിലാക്കാൻ പറ്റിയല്ലോ. ഇനി ഞാൻ ഉണ്ടാകും കൂടെ… വിഷമിക്കണ്ടാട്ടൊ… ”

അവളുടെ കണ്ണുകൾ വിരലുകൾ കൊണ്ട് തുടച്ചു അവളെ ചേർത്തു പിടിച്ചു. പുഞ്ചിരിയോടെ അളിയനെ നോക്കി.

അളിയൻ അവരുടെ സ്‌നേഹത്തിന് മുൻപിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു രണ്ടുപേരെയും നോക്കി ചിരിക്കാൻ ശ്രമിച്ചു.

“ഭാര്യക്ക് മാസാമാസം അയക്കുന്ന കാശിലൊ കൊണ്ടുവരുന്ന പെട്ടിയിലോ അല്ല സ്‌നേഹം കൊടുക്കേണ്ടത്.

അവൾ ഭർത്താവിനെ ഓർത്തു ദിവസമെണ്ണി കാത്തിരിക്കുമ്പോൾ വാക്കുകൊണ്ടും സ്‌നേഹം കൊണ്ടും ഇത്തിരി നേരം കൂടെ നിൽക്കാനും അവളുടെ മനസ്സ് തിരിച്ചറിയാനും ശ്രമിക്കണം “”അളിയൻ ഭയങ്കര സംഭവമാണല്ലോ… അല്ലേ സുലു”

Leave a Reply

Your email address will not be published. Required fields are marked *