നിലത്തിട്ട് എന്റെ മേൽ പല ആവർത്തി കാലുകൾ കൊണ്ട് ചവിട്ടി മെതിച്ചിട്ടും കലിയടാങ്ങാത്ത അച്ഛനിൽ നിന്നോ

പിതാമഹൻ
(രചന: Navas Amandoor)

നിങ്ങളൊക്കെ അച്ഛനെ വാനോളും പുകഴ്ത്തി പറയുന്നു. ആ അച്ഛന്റെ വിരൽ തുമ്പിൽ പിടിച്ചു ഇനിയൊരു ജന്മം കൂടി നടക്കാൻ പ്രാർത്ഥിക്കുന്നു.

പക്ഷെ ഞാൻ തിരുസ്വരൂപത്തിന്റെ മുൻപിൽ മെഴുകുതിരി കത്തിച്ചു വെച്ച് എന്റെ അച്ഛൻ മരിച്ചു കിടക്കുന്നത് കാണാൻ മുട്ടിപ്പായി പ്രാർത്ഥിച്ച് കുരിശ് വരച്ചു.

എന്റെ പേര് സാറ.അമ്മ ഇട്ടതാണ് സാറ യെന്ന പേര്. ഈ കഥയിൽ ഒരിക്കൽ പോലും എന്റെ മുഖത്ത് നോക്കി ‘മോളേ ‘ എന്നും പോലും വിളിക്കാത്ത അച്ഛനാണ് വില്ലൻ. എവിടെന്നാണ് എന്റെ കഥ എഴുതി തുടങ്ങുക എന്നറിയില്ല.

അമ്മയുടെ വയറിന്റെ ഉള്ളിൽ അച്ഛന്റെ ക്രോധ വാക്കുകൾ കേട്ട് പേടിച്ച് അനങ്ങാതെ കിടന്ന ഞാനെന്ന ചോരകട്ടയിൽ നിന്നോ.. ?

അമ്മയെ തല്ലിയ നേരം അമ്മക്കൊപ്പം കരഞ്ഞ പൈതലിൽ നിന്നോ.. ? അതോ നിലത്തിട്ട് എന്റെ മേൽ പല ആവർത്തി കാലുകൾ കൊണ്ട് ചവിട്ടി മെതിച്ചിട്ടും കലിയടാങ്ങാത്ത അച്ഛനിൽ നിന്നോ… ?

സാറ യുടെ ഈ കഥ തുടങ്ങുന്നത് എന്റെ ജനത്തിന് മുൻപായിരിക്കും.ഞാൻ ഒരു മാംസകഷ്ണമായി അമ്മയുടെ ഗർഭ പത്രത്തിൽ വളർന്നു തുടങ്ങിയ നാളുകളിൽ.

ഇടിയും തെറിയും ശകാരവും കേട്ട് ശീലമായ എനിക്ക് പേടിയല്ല അച്ഛനോട് തോന്നുന്നത് വെറുപ്പാണ്. അതുകൊണ്ടാണല്ലോ അച്ഛൻ മരിച്ചു കിടക്കുന്നത് കാണാൻ പ്രാർത്ഥിച്ചതും ഇങ്ങിനെയൊരു അച്ഛന്റെ മകളായി ഇനി ജനിക്കാതിരിക്കാൻ ആഗ്രഹിക്കുന്നതും.

ഞാനും ഏട്ടനും അമ്മയും അച്ഛനും ഉള്ള ഞങ്ങളുടെ വീട്ടിൽ ചീത്ത പറയാൻ അല്ലാതെ അച്ഛൻ ‘വാ’ തുറക്കുന്നത് ഞാൻ കണ്ടിട്ടില്ല. മദ്യപാനാവും പുക വലിയും ഇല്ലാത്ത അച്ഛൻ.

മക്കളോടും ഭാര്യയോടും സംസാരിക്കാതെ ചെറിയ കാര്യങ്ങൾ വലുതാക്കി കണ്ട് കൊണ്ട് അമ്മയെയും മക്കളെയും തല്ലുകയും തെറി പറയുകയും ചെയ്യുന്ന അച്ഛനെ പേടിയോടെയല്ലാതെ കാണാൻ കഴിഞ്ഞിട്ടില്ല എന്റെ കുഞ്ഞി മനസ്സിന്.

എടുത്ത് നടന്നിട്ടില്ല എന്റെ അച്ഛൻ. ഓമനിച്ചു നെറ്റിയിൽ ഒരുമ്മ തന്നിട്ടില്ല. ആഗ്രഹിച്ചതൊന്നും വാങ്ങി തന്നിട്ടില്ല.

സ്‌നേഹത്തോടെയൊന്ന് പുഞ്ചിരിച്ചിട്ടില്ല. കൂടെ ഇരുത്തി ഒരു ഉരുള ചോറ് വാരി തന്നിട്ടില്ല.

വളർന്നപ്പോൾ അമ്മയെ തല്ലാൻ സമ്മതിക്കാതെ അവരുടെ ഇടയിൽ നിന്നു. അന്ന്‌ എനിക്കും കിട്ടി നല്ലോണം ഇടിയും തൊഴിയും.അന്ന്‌ മുതൽ അമ്മയെ തല്ലാൻ ഞാൻ സമ്മതിച്ചിട്ടില്ല.

അതുകൊണ്ടാകും എന്നോട്‌ വെറുപ്പ് കൂടിയതും ചേട്ടനോട് വല്ലപ്പോഴും ഇഷ്ടപ്രകടനം നടത്തി തുടങ്ങിയതും.

എന്റെ ശരീരവും മനസ്സും വളരുന്നതിനൊപ്പം അച്ഛനോട് പേടിയും വെറുപ്പും വളർന്നു. എന്റെ ഓർമ്മയിൽ അമ്മ കണ്ണ് നനയാതെ കണ്ണീർ ഇല്ലാതെ ഒരു രാത്രിയും ഉറങ്ങിയിട്ടില്ല.അതുകൊണ്ട് തന്നെയാ അമ്മ എന്നെയും ഞാൻ അമ്മെയെയും ചേർത്ത് പിടിച്ചത്.

പഠിക്കാൻ മോശമായിട്ടല്ല പത്തിൽ വെച്ച് അച്ഛൻ പഠിപ്പ് നിർത്തിച്ചത്. എന്നോടുള്ള ദേശ്യവും വാശിയും. അച്ഛന്റെ മനസ്സിൽ പ്രതികാരമാണ്.പഠിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്റെ കാര്യങ്ങൾക്കു വേണ്ടി അമ്മയുടെ ഇഷ്ടങ്ങൾക്ക് വേണ്ടി സാറ ജോലിക്ക് പോയി തുടങ്ങി.

കിട്ടുന്ന കാശിൽ കുറച്ച് മാറ്റി വെച്ചു. അങ്ങിനെ ചെയ്തത് കൊണ്ട് മാത്രം എന്റെ കല്യാണത്തിന് ഇത്തിരി പൊന്ന് ദേഹത്ത് ഉണ്ടായി.

ബാങ്കിൽ ലക്ഷങ്ങൾ ബാലൻസ് ഉള്ള ആ അച്ഛന്റെ മോളുടെ കല്യാണം ഒരു അനാഥ കുട്ടിയുടേതു പോലെ കഴിഞ്ഞു. കല്യാണസമ്മാനമായി എനിക്കൊരു കർചീഫ് പോലും അച്ഛൻ വാങ്ങി തന്നില്ല.

എനിക്കും ഉണ്ടായി ഒരു മോള്. അവളെ കാണാനോ എടുത്ത് നെഞ്ചോട് ചേർക്കാനോ അവളുടെ മുത്തച്ഛൻ വന്നില്ല.

അച്ഛൻ തല്ലിയ പാടുകൾ ഇപ്പോഴും ഉണ്ട് എന്റെയും അമ്മയുടെയും ശരീരത്തിൽ. ആ പാടുകൾ കാണുമ്പോൾ അച്ഛനോടുള്ള വെറുപ്പ് കൂടും.

എന്റെ മോള് നടന്നു തുടങ്ങിയപ്പോ ‘തന്തക്ക് പിറക്കാത്ത മോളുടെ മോളാണ് നീ ‘ എന്ന് അച്ഛൻ പറയുന്നത് കേട്ടത് കൊണ്ടാണ് ഞാൻ ആദ്യമേ എഴുതിയത് എന്നോടുള്ള വെറുപ്പിന്റെ തുടക്കം എന്റെ ജനനത്തിന് മുൻപേ ആണെന്ന്.

സംശയം അതൊരു വിത്തായി മുളച്ചു വൻ മരമായി അച്ഛന്റെ മനസ്സിൽ വളർന്നു.ശകാരവും മർദ്ദനവും മക്കൾക്ക് വേണ്ടി സഹിച്ചു അമ്മ. ഞാൻ അച്ഛന്റെ മോൾ അല്ലെന്നു അച്ഛന് തോന്നിയിട്ടുണ്ടങ്കിൽ അത്‌ അച്ഛൻ എന്റെ മുഖത്തേക്ക് ഒന്ന് നോക്കാത്തത് കൊണ്ടാണ്.

അച്ഛന്റെ മുഖം എനിക്ക് കിട്ടിയതിൽ കണ്ണാടിയുടെ മുൻപിൽ നിന്നും വെറുപ്പോടെ ചിന്തിക്കുന്ന എനിക്ക് ഉറപ്പാണ് എന്റെ അമ്മ തെറ്റ് ചെയ്തിട്ടില്ല.

ഇങ്ങിനെയുള്ള അച്ഛൻ മരിക്കാൻ വേണ്ടി പ്രാർത്ഥിച്ച ഞാൻ തെറ്റുകാരിയാണോ… ?ഈ അച്ഛന്റെ മകളായി ഇനി ഒരിക്കൽ ക്കൂടി ജനിക്കാൻ ഞാൻ പ്രാർത്ഥിക്കണോ… ?

ഈ കഥയിൽ മാറ്റം വന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്. ശരീരം തളർന്ന് നാക്ക് ചലിപ്പിക്കാൻ ആവാതെ കൈ ഒന്ന് ഉയർത്താൻ ആവാതെ കട്ടിലിൽ കിടക്കുന്ന അച്ഛനോട് സ്‌നേഹം തോന്നുന്നില്ലയെങ്കിലും ഞാൻ കൂടെ നിന്നു.

അച്ഛനാണ്. ഞാൻ ജനിക്കാൻ കാരണമായ എന്റെ പിതാവ്. ഈ അവസ്ഥയിൽ പരിചരിക്കേണ്ടത് മക്കളുടെ കടമയും.

ഞാൻ അച്ഛനെ കുളിപ്പിക്കും.വെള്ളവും ഭക്ഷണവും ടീസ്പൂൺ കൊണ്ട് കോരി കൊടുക്കും.മലവും മൂത്രവും വൃത്തിയാക്കി കൊടുക്കും.

ഇതൊക്കെ ചെയ്യുന്ന നേരത്ത് വെറുതെ അച്ഛന്റെ മുഖത്തേക്ക് നോക്കിയാൽ കാണാം. ആ കണ്ണുകൾ നിറയുന്നത്.

കഴുത്തിലെ ഷാൾ കൊണ്ട് അച്ഛന്റെ കണ്ണ് തുടച്ചു കൊടുത്തു അച്ഛനെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിക്കുമ്പോൾ എനിക്ക് അറിയില്ല. എവിടെ പോയി എന്റെ ഉള്ളിൽ അച്ഛനോട് ഉണ്ടായിരുന്ന വെറുപ്പെന്ന്.

ഇപ്പൊ എന്റെ ആഗ്രഹം ഒരു വട്ടം അച്ഛൻ എന്നെ ഇഷ്ടത്തോടെ ‘മോളേ ‘എന്ന് വിളിക്കുന്നത് കേൾക്കണം.

ചിലപ്പോ അച്ഛന്റെ മനസ്സിൽ ഈ മോളോട് ഇപ്പൊ വെറുപ്പും ദേശ്യവും ഇല്ലാതായിട്ടുണ്ടാവും.

ഞാൻ ഇനിയൊന്ന് പ്രാർത്ഥിക്കട്ടെ കുരിശിൽ മുൾകീരിടം ചൂടി അടിച്ച് കയറ്റിയ ആണിയിലൂടെ ചോര ഒലിക്കുന്ന യേശുവിന്റെ തിരുരൂപത്തിന് മുൻപിൽ

മെഴുകുതിരി കൊളുത്തി വെച്ച് ഒരു വട്ടമെങ്കിലും ഈ സാറയെ മോളേ യെന്നു എന്റെ അച്ഛൻ വിളിക്കുന്നത് കേൾക്കാൻ വേണ്ടി….

Leave a Reply

Your email address will not be published. Required fields are marked *