അവളുടെ കുറവുകൾ നാളെ ജീവിതത്തിലും കുറവായി മാറരുതേ. ” അവൻ ചിരിച്ചുകൊണ്ട് അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി

(രചന: ദേവൻ)

കാലിന് മുടന്തുള്ള മകളുടെ കല്യാണം കൂടെ കാണാനുള്ള ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞായിരുന്നു അമ്മയുടെ കരച്ചിൽ.

വന്ന ആലോചനകൾ എല്ലാം മകളുടെ കാലിന്റെ സ്വാധീനക്കുറവ് കണ്ടു മുടങ്ങിപോയപ്പോൾ ഒരാള് മാത്രം എല്ലാം അറിഞ്ഞും അവളെ വിവാഹം കഴിക്കാൻ തയാറായി.

വിവാഹം കഴിഞ്ഞ് അനുഗ്രഹം വാങ്ങുമ്പോൾ മരുമകനോട് ഒന്നേ ആ അമ്മ ആവശ്യപ്പെട്ടുള്ളൂ,

” മോനെ, അവളെ നിന്നെ ഏൽപ്പിക്കുവാ ഈ അമ്മ, അവളുടെ കുറവുകൾ നാളെ ജീവിതത്തിലും കുറവായി മാറരുതേ. ”

അവൻ ചിരിച്ചുകൊണ്ട് അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അവളെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.

വീടിന്റെ പടി കേറാൻ നേരം അവളുടെ കയ്യിലുള്ള നിലവിളക്ക് കെട്ടത് ആകെ ഒരു മൂകത സൃഷ്ട്ടിച്ചു.

” അപശകുനം ആണല്ലോ സരസ്വത്യേ ” എന്നാരോ പിറകിൽ നിന്ന് പറഞ്ഞപ്പോൾ സരസ്വതി ആ വാക്കുകൾ അവഗണിച്ചുക്കൊണ്ട് അവളുടെ കയ്യിൽ പിടിച്ചു,

” ഒരു കാറ്റടിച്ചാൽ വിളക്കണയും, മോളിങ് കേറി വാ ” എന്നും പറഞ്ഞ്.അതിനിടയിൽ ആരോ പറയുന്നത് കേട്ടു ” വലത് കാല് വെച്ച് ഐശ്വര്യമായി കേറൂ കുട്ടി ” എന്ന്.

അത് കേട്ട് അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് ദയനീയമായി നോക്കി.വലതുകാലിന്റെ സ്വാധീനക്കുറവ് അവളെ പിന്നെയും വേദനിച്ചപ്പോൾ അവിടെയും സരസ്വതി ഉണ്ടായിരുന്നു അവൾക്ക് താങ്ങായി !

” മോളിങ് കേറി വാ, വലതോ ഇടതോ വെച്ച് കേറുന്നതിൽ അല്ല വന്നു കേറുന്ന പെണ്ണിനെക്കൊണ്ടു വീടിനു കിട്ടുന്ന ഐശ്വര്യം. പരസ്പ്പരം സ്നേഹിക്കാൻ കഴിയുമ്പോഴും അതുപോലെ പരസ്പ്പരം മനസ്സിലാക്കി പെരുമാറാൻ കഴിയുമ്പോഴും ആണ്.

അത് ഒരാൾ വിചാരിച്ചാൽ നടക്കാത്ത കാര്യം ആയത്കൊണ്ട് ഇമ്മാതിരി വിശ്വാസങ്ങളൊക്കെ പടിക്ക് പുറത്ത് നിൽക്കട്ടെ. മോള് ഇപ്പോൾ റൂമിലേക്ക് ചെല്ല്. ”

വന്നു കേറിയ വീട്ടിലെ അമ്മയും തന്റെ അമ്മയോളം സ്നേഹം തരുന്നവൾ ആണെന്ന് മനസ്സിലായപ്പോൾ അവൾക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

” നീ എന്തിനാടാ ഇങ്ങനെ ഒരു പെണ്ണിനെ കെട്ടിയത് ” എന്ന് രാത്രിയിലെ ചെറിയ സൽക്കാരത്തിനിടയിൽ കൂട്ടത്തിലൊരുവൻ ചോദിച്ചപ്പോൾ അവൻ പുഞ്ചിരിച്ചു ” അവൾക്ക് ഞാൻ കാണാത്ത എന്ത് കുറവാടാ നീ കണ്ടത് ” എന്ന് ചോദിച്ചുകൊണ്ട്.

” എന്നാലും ഇത് ഇച്ചിരി കൂടിപ്പോയി മോനെ, എവിടേലും പോകുമ്പോൾ കൂടെ കൊണ്ടുപോകാൻ പറ്റോ നിനക്ക് അവളെ? ആളുകളുടെ നോട്ടം മുഴവൻ നിന്നേം അവളേം ആവും. ”

” ഇത്രേം ആളുകളെ സാക്ഷി നിർത്തി അവളെ കൂടെ കൂട്ടാൻ എനിക്ക് ജാള്യത തോന്നിയില്ലെങ്കിൽ പിന്നെ മറ്റുള്ളവരുടെ മുന്നിലൂടെ കൊണ്ടുപോകാൻ എനിക്കൊരു നാണക്കേടും ഇല്ല.

പിന്നെ നിനെപ്പോലെ കാണുന്നവന്റെ കണ്ണിലെ കരടെടുത്തുമാറ്റാൻ ഞാൻ നിൽക്കാറില്ല. തിമിരത്തിന് എന്റെൽ മരുന്നുമില്ല.. നിനക്കും…. ”

അതവൻ പറയുമ്പോൾ അവനെ ഉപദേശിക്കാൻ നിന്നവൻ മിണ്ടാൻ കഴിയാതെ കയ്യിലെ ഗ്ലാസ് ഒറ്റ വലിക്ക് അകത്താക്കി.

അവൾ രാവിലെ കുളി കഴിഞ്ഞ് അടുക്കളയിൽ എത്തുമ്പോൾ അമ്മ അവിടെ ഓട്ടം തുടങ്ങിയിരുന്നു.

” ആഹ് മോള് വന്നോ. എന്നാൽ ഈ അരവൊന്നു ശരിയാക്കിഎടുത്തേ. എന്നിട്ട് അവനേം വിളിച്ചു വാ, വല്ലതും കഴിക്കാം ”

അവൾ സന്തോഷത്തോടെ തലയാട്ടി.
പിന്നെ അമ്മ ചിരവിയെടുത്ത തേങ്ങ മിക്സിയിൽ അരച്ചെടുത്തു.

ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഉച്ചയ്ക്കത്തെത് റെഡിയാകുമ്പോൾ ആവുന്ന പോലെ അവളും സഹായിക്കാൻ ഉണ്ടായിരുന്നു അടുക്കളയിൽ.

” മോളെ ഒരു കാര്യം പറയാൻ മറന്നു. നാളെ മാമന്റെ വീട്ടിൽ വിരുന്നു പറഞ്ഞിട്ടുണ്ട്, അവൻ മറന്നുകാണും, മോളൊന്ന് ഓർമ്മിപ്പിക്കണേ. ”

അമ്മ പറയുന്നത് കേട്ട് അവൾ തലയാട്ടി. രാത്രി കിടക്കാൻ നേരം അവളത് ഓർമ്മിപ്പിക്കാനും മറന്നില്ല.

രാവിലെ എല്ലാവരും മാമന്റെ വീട്ടിലെത്തുമ്പോൾ പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു അവർ.

ഉമ്മറത്തേക്ക് കയറാൻ മുന്നിൽ ഉയരം കൂടിയ സ്റ്റെപ്പ് കണ്ട് അവളൊരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനാ കയ്യിൽ പിടിച്ചവളെ പതിയെ ഉയർത്തി.

” ആ കാലിനു തീരെ പറ്റില്ലല്ലേ ” എന്ന് അവന്റെ ആ പ്രവർത്തി കണ്ട് അമ്മാവൻ ചോദിക്കുമ്പോൾ അവൾ വിഷമത്തോടെ ചിരിക്കാൻ ശ്രമിച്ചു.

” മോള് മെല്ലെ കേറി ഇരിക്ക് അവിടേം ഇവടേം തട്ടി വീഴണ്ട ” എന്ന് അമ്മാവൻ എന്തോ ധ്വനി വെച്ചു പറയുമ്പോൾ അവൾക്ക് അവിടം ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടുതുടങ്ങി.

” സരസ്വതി നീ അടുക്കളയിലേക്ക് ചെല്ല്, മോളിവിടെ ഇരിക്കട്ടെ, അവിടെ ഒക്കെ അലങ്കോലമായി കിടപ്പാ, അതിലെങ്ങാനും മോൾടെ കാല് തട്ടി ഇനി മറ്റേ കാലിനും ഒന്നും പറ്റണ്ട,

” എന്ന് അമ്മാവൻ പിന്നെയും കുത്തി സംസാരിച്ചുകൊണ്ട് അവന്റെ കയ്യിൽ പിടിച്ചു ”

നീ ഇവിടെ വാ, എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് ” എന്നും പറഞ്ഞ് അവനെ വിളിച്ചുകൊണ്ട് പുറത്തേക്ക് പോയപ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ ഫീൽ ചെയ്തു അവൾക്ക്.

അതിനിടയിൽ ചായയുമായി വന്ന അമ്മാവന്റെ മകൾ ഒന്ന് മിണ്ടുകപോലും ചെയ്യാതെ തിരികെ പോയപ്പോൾ അവളുടെ മുഖത്തേക്കാൾ കറുപ്പ് ആ ചായയ്ക്ക് ഉണ്ടെന്ന് തോന്നി.

അതെ സമയം പുറത്തേക്ക് ഇറങ്ങിയ അമ്മാവൻ അവനോട് മുഖവുരയെന്നോണം പറയുന്നുണ്ടായിരുന്നു ” ആഹ് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നിന്റ യോഗം ഇങ്ങനാ, അല്ലേൽ ഞാൻ എത്ര പറഞ്ഞതാ എന്റെ മോളെ കെട്ടാൻ, അപ്പോൾ നിനക്ക് ഈ ഞൊണ്ടിപെണ്ണിനെ മതി ”

ആ വിളി മാത്രം രസിക്കാത്തപ്പോലെ അവൻ അമ്മാവനെ ഒന്ന് കനപ്പിച്ചു നോക്കിയപ്പോൾ അയാൾ പറയുന്നുണ്ടായിരുന്നു ” അല്ല, ഞാൻ വേറൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ലട്ടോ.. ”
എന്ന്.

” എന്നാലും ഇങ്ങനെ ഒരു തീരുമാനം തെറ്റ് ആയെന്നെ ഞാൻ പറയൂ. ഇപ്പോൾ തന്നെ ആ ചെറിയ സ്റ്റെപ്പ് കേറാൻ പോലും പരസഹായം വേണം ആ കൊച്ചിന്, അത്രേം ആവതില്ലാത്ത ഒരാളെ നീ ജീവിതകാലം ചുമക്കേണ്ട അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.

മാത്രമല്ല, നാളെ നിങ്ങൾക്ക് ഉണ്ടാകുന്ന കുട്ടിക്കും ഇങ്ങനെ ഒക്കെ ആണെങ്കിൽ… ഓരോന്ന് എടുത്ത് ചാടി ചെയ്യുമ്പോൾ ഇതൊക്കെ ചിന്തിക്കണ്ടേ നീ? എന്റെ മോള് ആയിരുന്നു എങ്കിൽ നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമായിരുന്നോ?

അമ്മാവൻ പിന്നെയും പിന്നെയും പരിഹാസത്തോടെ സംസാരിക്കുമ്പോൾ അവന് ഉള്ളങ്കാല് മുതൽ ദേഷ്യം കേറി വരുന്നുണ്ടായിരുന്നു.

ആ ദേഷ്യം തീർത്തത് അമ്മാവനോട് നാല് വാക്ക് പറഞ്ഞിട്ട് തന്നെ ആയിരുന്നു.”അമ്മാവനിപ്പോൾ എന്താണ് പ്രശ്നം, ഞാൻ അവളെ കെട്ടിയതോ, അതോ നിങ്ങടെ മോളെ കെട്ടാത്തതോ?

ഞാൻ അവളെ കെട്ടിയത് ആണെങ്കിൽ അത് ഞാൻ സഹിച്ചോളാം. ഇനി ഞങ്ങൾക്ക് ഉണ്ടാകുന്ന കുട്ടിയും അങ്ങനെ ആണെങ്കിൽ അതും. ഇനി നിങ്ങടെ മോൾടെ കാര്യം.

അച്ഛന്റെ പണം എങ്ങനെ കളയണമെന്ന് മാത്രം ചിന്തിച്ചു നടക്കുന്ന അവളെ എങ്ങാനും ഞാൻ കെട്ടിയിരുന്നെങ്കിൽ കുത്തുപാള എടുത്തേനേ.
ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ നിങ്ങടെ മോളെ കുറിച്ച്.

ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈക്‌ കിട്ടാൻ കീറത്തുണി ഉടുത്ത ഫോട്ടോയും കണ്ടവനെ ഒക്കെ ഉമ്മവെച്ചും കെട്ടിമറിഞ്ഞും ഫോട്ടോ ഇട്ടു സന്തോഷം കണ്ടെത്തുന്ന അവൾക്ക് ചേർന്ന ആള് ഞാനല്ല, എനിക്ക് ഇച്ചിരി ഉളുപ്പ് ഉണ്ട്.

പിന്നെ അമ്മാവൻ എന്റെ ഭാര്യയെ കിട്ടുന്ന അവസരത്തിൽ എല്ലാം ഞൊണ്ടിയാക്കാൻ ശ്രമിക്കുന്നുണ്ടല്ലോ.

നാളെ ബൈക്ക് ഒന്ന് മറിഞ്ഞാൽ തീരും ഇതൊക്കെ. അത്രേ ഉള്ളൂ മനുഷ്യന്റെ കാര്യം. അതുകൊണ്ട് അമ്മാവൻ ഇനി ഇമ്മാതിരി ചെറ്റത്തരം എന്നോട് പറഞ്ഞാൽ അമ്മാവൻ ആണെന്ന് ഞാൻ നോക്കില്ല…

ഇപ്പോൾ ഞാൻ പറഞ്ഞത് അമ്മാവന് മനസ്സിലായല്ലോ.. അപ്പൊ ഈ ഇഞ്ചി കടിച്ച മുഖത്തൊരു ചിരിയൊക്കെ ഫിറ്റ് ചെയ്ത് അകത്തേക്ക് നടക്ക്, എല്ലാവരും കാത്തിരിക്കുന്നുണ്ടാകും ”

അവൻ ചിരിയോടെ അമ്മാവനെ ഒന്ന് കണ്ണിറുക്കികാണിച്ചുകൊണ്ട് അകത്തേക്ക് നടക്കുമ്പോൾ അയാൾ ഒന്ന് നാലുപാടും നോക്കി, ആരും ഒന്നും കേട്ടില്ലല്ലോ എന്ന ആശ്വാസത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *