വിചാരിച്ച പെണ്ണിനെ കൊണ്ട് വിനോദ് ഏട്ടന്റെ കല്യാണം നടത്താൻ കഴിയാത്തതിലുള്ള വിഷമം വിനോദ് ഏട്ടന്റെ കയ്യും പിടിച്ച്

(രചന: J. K)

“””അതേ.. ഉദ്യോഗത്തിന് പോകുന്നതൊക്കെ കൊള്ളാം.. ഇവിടത്തെ പണിക്ക് വേറെ വേലക്കാരൊന്നും ഇല്ലാ എന്ന് ഓർക്കണം “””

എന്ന് വിമല പറയുമ്പോൾ,
ഉച്ചക്കിലേക്കുള്ള ചോറും എടുത്തു ബസ് സ്റ്റോപ്പിലേക്ക് ഓടാൻ പോകുകയായിരുന്നു മിത്ര…

അല്ലെങ്കിലും അങ്ങനെയാണ്… വിനോദ് ഏട്ടന്റെ അമ്മയ്ക്ക്, കണ്ണിനു നേരെ കണ്ടൂടാ എന്നെ..

വിചാരിച്ച പെണ്ണിനെ കൊണ്ട് വിനോദ് ഏട്ടന്റെ കല്യാണം നടത്താൻ കഴിയാത്തതിലുള്ള വിഷമം വിനോദ് ഏട്ടന്റെ കയ്യും പിടിച്ച് ഇവിടെ വന്നു കേറിയ നാൾമുതൽ അമ്മ തീർക്കുന്നതാണ്…

ഏട്ടനോട് പറയുമ്പോൾ പറയും സാരമില്ല അമ്മയല്ലേ എന്ന്…. വിദേശത്തു ഞങ്ങൾക്കായി കഷ്ടപ്പെടുന്ന ആളുടെ മനസ്സ് വേദനിപ്പിക്കണ്ട എന്ന് കരുതി പലതും മനസ്സിൽ തന്നെ ഒതുക്കും…

ചിലതൊക്കെ കേട്ടില്ല കണ്ടില്ല എന്ന് നടിച്ചാലും ചിലപ്പോ മുനവെച്ച ഓരോ വർത്താനം കേട്ടാൽ ഉള്ളിൽ നിന്നും ചോര പൊടിയും….

നേരം നല്ലോണം വൈകി.. ഇനി ഓഫീസിൽ എത്തിയാലും ഹാഫ് ഡേ എഴുതിക്കോളാൻ പറയും പുതിയതായി വന്ന സാർ ഇത്തിരി സ്ട്രിക്ട് ആണ്..

ഇന്നലെ തന്നെ ചെയ്തതിൽ ചെറിയൊരു തെറ്റ് കണ്ടപ്പോൾ എല്ലാവരുടെയും മുന്നിൽവച്ച് വഴക്ക് പറഞ്ഞതാണ്…

അവസാനം ഞാൻ കരയുന്നത് കണ്ടാണ് നിർത്തിയത്… എങ്ങനെ ആ മിസ്റ്റേക്ക് അവിടെ വന്നു എന്നത് ഇപ്പോഴും അജ്ഞാതമാണ് ചെയ്യുമ്പോൾ ആത്മാർത്ഥമായി വളരെ സൂക്ഷിച്ചു മാത്രമേ എന്തും ചെയ്യാറുള്ളൂ…

എന്നിട്ടും വന്ന തെറ്റ്…അത്രയും സ്ട്രിക്റ്റ് ആയ ഒരാൾ നേരം വൈകി വരുന്നത് കൂടി സഹിക്കില്ല എന്ന് ഉറപ്പാണ്…

വിനോദേട്ടന് കുറെനാളായി ജോലിയില്ല…
തയ്യൽ ആണ് ഗൾഫിൽ….ഇപ്പോ ഈ കോവിഡ് അവിടെയും വല്ലാതെ ബാധിച്ചിരിക്കുന്നു..

സ്ഥിരം കസ്റ്റമേഴ്സ് എല്ലാം പോയത്രേ…
അതും പറഞ്ഞ് മുതലാളി ഇപ്പോ പൈസ കൊടുക്കുന്നില്ലത്രേ ..

അവരെയും പറഞ്ഞിട്ട് കാര്യമില്ല എന്നാണ് വിനോദേട്ടൻ പറയുന്നത്…
അങ്ങ് ദൂരെ റൂമിൽ വെറുതെ ഇരിക്കുകയാണ് ഇപ്പൊ…

നാട്ടിൽ വരാൻ പോലും ഫ്ലൈറ്റ് ടിക്കറ്റിനു പൈസ ഇവിടെ നിന്നും അയച്ചു കൊടുക്കണം.. അത് വേണ്ട എന്നു പറഞ്ഞ് സുഹൃത്തുക്കളുടെ കാരുണ്യത്തിൽ പിടിച്ചു നിൽക്കുകയാണ്…

ഇങ്ങനെ ഒരവസ്ഥയിൽ എന്റെ ഈ ജോലി കൂടി നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ….ഓർക്കും തോറും അവൾക്ക് ഭീതി കൂടി…

കിട്ടിയ ബസ്സിൽ ചാടി കേറി പോകുമ്പോ വൈകാതെ എത്തണെ എന്നു മാത്രേ പ്രാർത്ഥിച്ചുള്ളൂ..

ഓഫീസിൽ എത്തിയപ്പോ അര മണിക്കൂർ ലേറ്റ്.. ഒപ്പിടാൻ രജിസ്റ്റർ നോക്കിയപ്പഴാ പ്യൂൺ കുമാരേട്ടൻ മാനേജരുടെ കേബിനിലേക്ക് കൈ ചൂണ്ടിയത്…

മെല്ലെ അങ്ങോട്ട്‌ നടക്കുമ്പോൾ കാൽ ചെറുതായി വിറക്കുന്ന പോലെ…ഉള്ളിലേക്ക് കയറാൻ അനുവാദം ചോദിച്ചപ്പോൾ ആൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു…തൊലി ഉരിക്കും ഇന്ന് എന്നു ഏകദേശം ഉറപ്പായി..

വീണ്ടും ചോദിച്ചു, “”മേ ഐ കം ഇൻ സർ “””എന്ന്…ഇത്തവണ കൈകൊണ്ട് കയറിക്കോളാൻ പറഞ്ഞു..

കേറി ചെന്നപ്പോൾ ചോദ്യഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു…”””സൈൻ ചെയ്യാൻ “””

എന്നു പറഞ്ഞപ്പോൾ രജിസ്റ്റർ എടുത്തു മുന്നിലേക്ക് ഇട്ടു തന്നു… ഒന്നും മിണ്ടാതെ സൈൻ ചെയ്യാനുള്ള രജിസ്റ്റർ തന്നപ്പോൾ വല്ലാത്ത അത്ഭുതമാണ് തോന്നിയത് ഞാൻ ഇതല്ലായിരുന്നു പ്രതീക്ഷിച്ചത്…

പക്ഷേ പ്രതീക്ഷിച്ചത് വൈകിയിട്ടാണെങ്കിലും അന്ന് തന്നെ ലഭിച്ചിരുന്നു..

വീണ്ടും ഞാൻ ടൈപ്പ് ചെയ്തതിൽ ചെറിയ മിസ്റ്റേക്ക് കണ്ടുപിടിച്ച് അയാൾ വല്ലാതെ ചീത്ത പറഞ്ഞു…

എല്ലാരുടെയും മുന്നിലിട്ട് തൊലി ഉരിച്ചു….നിസ്സഹായയായി നിൽക്കാൻ അല്ലാതെ എനിക്ക് ഒന്നിനും കഴിയുമായിരുന്നില്ല…

അല്ലെങ്കിലും വെറുമൊരു സ്റ്റെനോക്ക് ആ വലിയ ഓഫീസിൽ എന്ത് അധികാരം… അവർ അധികാരപ്പെട്ടവർ പറയുന്നത് മിണ്ടാതെ നിന്ന് കേൾക്കുക എന്നല്ലാതെ..

ദിവസങ്ങൾ കഴിഞ്ഞു പോയി…
സമാധാനം പൂർണമായും നഷ്ടപ്പെട്ടു….വീട്ടിൽ അമ്മയുടെ വക യാണെങ്കിൽ ഓഫീസിൽ മാനേജർ സാറിന്റെ വക…ഒപ്പം വിനോദ് ഏട്ടന്റെ ഫോണിലൂടെയുള്ള സങ്കടം പറച്ചിലും…

കഴിഞ്ഞ തവണ ഏട്ടൻ വന്നപ്പോൾ കുഞ്ഞ് ഇപ്പോൾ വേണ്ട എന്ന് തീരുമാനം എടുത്തതിൽ ശരിക്കും പശ്ചാത്താപം തോന്നി ഒരു കുഞ്ഞ് എങ്കിലും ഇതിനിടയിൽ ഉണ്ടായിരുന്നെങ്കിൽ ഇത്രത്തോളം ടെൻഷൻ അറിയില്ലായിരുന്നു….

എന്തെങ്കിലും കടുംകൈ ചെയ്താലോ എന്നു വരെ ചിന്തിക്കാൻ തുടങ്ങി…അപ്പോഴും മനസ്സിലാവാത്തത് മറ്റാരോടും കാണിക്കാത്ത ദേഷ്യം എന്തിനാണ് മാനേജർ വിഷ്ണു സാർ എന്നോട് കാണിക്കുന്നത് എന്നായിരുന്നു…

ഇത് വരെ വീട്ടിൽ പ്രശ്നം ഉണ്ടെങ്കിലും ഓഫീസിൽ വന്നാൽ ഒരു സമാധാനം ഉണ്ടായിരുന്നു… ഇപ്പോ എവിടെയും സ്വസ്ഥത ഇല്ലെന്ന അവസ്ഥയായി…

ഒരിക്കൽ ഓഫീസിൽ ഇരുന്നപ്പോൾ വിഷ്ണു സാറിന്റെ അമ്മയും അച്ഛനും വന്നു…. അദ്ദേഹത്തെ കാണാൻ…

അവരെ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി… വിനോദ് ഏട്ടനും ഞാനും ആയി ഉള്ള പ്രണയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം… അച്ഛൻ വലിയ പ്രശ്നം ഉണ്ടാക്കി വീട്ടിൽ…

അന്ന് ഒരു കല്യാണാലോചന വന്നിരുന്നു… ഒരു പാവം മാഷിന്റെ യും ടീച്ചറുടേയും ഒറ്റ മകന്റെ…

മകൻ ജോലിസംബന്ധമായി ബാംഗ്ലൂരിൽ പോയതുകൊണ്ട് അച്ഛനും അമ്മയും മാത്രമാണ് അന്ന് പെണ്ണുകാണാൻ വന്നത്…

അവർക്ക് കണ്ടു സമ്മതമാണെങ്കിൽ മകനും ഇഷ്ടമാവും എന്നായിരുന്നു അവർ അന്ന് പറഞ്ഞത്….

അവർക്ക് ഇഷ്ടമായി എന്ന് പറഞ്ഞാണ് അന്ന് മടങ്ങിയത്…പിന്നെ മകൻ വന്നു കാണും എന്നാണ് പറഞ്ഞിരുന്നത്…

പക്ഷേ ഇനി ചെറുക്കനെ കാണേണ്ട എന്നും.. കണ്ടില്ലെങ്കിലും ഞങ്ങൾക്ക് സമ്മതം ആണെന്നും അച്ഛൻ അറിയിച്ചു

അതുപ്രകാരം കല്യാണ നിശ്ചയം തീരുമാനിക്കപ്പെട്ടു…..അന്ന് രാവിലെയാണ് ആരും കാണാതെ ആരോടും പറയാതെ വിനോദ് ഏട്ടന്റെ കൂടെ ഇറങ്ങിപ്പോന്നത്….

അന്ന് വന്ന ആ അച്ഛനും അമ്മയും ആണ് ഇത്… വിഷ്ണു സാറിന് എന്നോടുള്ള ദേഷ്യത്തിന്റെ കാര്യം ഇപ്പോഴാണ് മനസ്സിലായത്…

അവർക്ക് സാറിനെ കണ്ടു തിരിച്ചു പോകുന്നത് വരെ അവിടെ ഇവിടെ ആയി ഒതുങ്ങിനിന്നു.. അവർ കാണാതിരിക്കാൻ…

അന്നേ ചിന്തിച്ചിരുന്നു നാണം കെടാൻ പോകുന്ന ഒരു യുവാവിനെ പറ്റിയും… അയാളുടെ പാവം അച്ഛനമ്മമാരെ പറ്റിയും… ഒരു ക്ഷമാപണം നടത്തണമെന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചതും ആണ്…

സാറിനെ കണ്ട് ക്ഷമ പറയാൻ തന്നെ ഞാൻ തീരുമാനിച്ചു….പക്ഷേ ധൈര്യക്കുറവ് ഉണ്ടായിരുന്നു എന്നിട്ടും ഞാൻ സാറിന്റെ അടുത്തേക്ക് ചെന്നു…

സാർ എന്നെ ചോദ്യഭാവത്തിൽ നോക്കി”””” ഞാൻ…. അന്ന്… മനപൂർവ്വം ആയിരുന്നില്ല… എനിക്ക് വിനോദേട്ടനെ””””പറഞ്ഞുവന്നത് നിർത്താൻ കൈ കൊണ്ട് കാണിച്ചു…

“” നീയെന്താ എന്നെ പറ്റി വിചാരിച്ചത്…
അന്ന് വീട്ടുകാരെയും നാണംകെടുത്തി ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോയ നിന്നോട് ഇപ്പോഴും ഞാൻ പക സൂക്ഷിച്ചിരിക്കുകയാണ് എന്നോ????
അത്രക്ക് അധഃപതിച്ചിട്ടില്ല ഞാൻ…

നീ പറഞ്ഞത് ശരിയാണ് എനിക്ക് നിന്നോട് ദേഷ്യം ഉണ്ടായിരുന്നു… പക്ഷേ നിന്റെ അച്ഛനോട്, നിന്റെ വീട്ടുകാരോട്….

എന്തൊക്കെയോ പ്രതീക്ഷിച്ചു വന്ന പാവം എന്റെ അച്ഛനമ്മമാരോട് നീ ചെയ്തിട്ടുള്ളത് നിനക്ക് ദൈവമായി തന്നെ തന്നു എന്നറിഞ്ഞപ്പോൾ വെറും സഹതാപം മാത്രം ആയിരുന്നു….””””

“””സാർ ഞാൻ “””കണ്ണ് അറിയാതെ നിറഞ്ഞൊഴുകി..”””” എനിക്കിപ്പോൾ നല്ലൊരു കുടുംബം ഉണ്ട് ഒരു കുഞ്ഞുണ്ട് ഞാൻ സന്തോഷവാനാണ് നിന്നോട് പക പോക്കി സന്തോഷിക്കാൻ വന്നതും അല്ല ഞാൻ….

മകളെ ഓർത്ത് വിഷമിച്ച് ജീവിതം ഹോമിച്ച ഒരു മനുഷ്യൻ ഉണ്ണ്ടായിരുന്നു നിന്റെ വീട്ടിൽ.. ആറടി മണ്ണിൽ ഉറങ്ങുന്ന നിന്റെ അച്ഛൻ…

അദ്ദേഹത്തെ ഓർത്തപ്പോൾ നിന്നോട് എനിക്ക് ഇത്തിരി ദേഷ്യം തോന്നി… അതാണ്ഞാൻ കാണിച്ചത് എന്ന് തോന്നുന്നു… മനപൂർവ്വം അല്ലായിരുന്നു… അല്ലെങ്കിൽ തന്നെ നിന്നോട് എനിക്ക് എന്ത് ദേഷ്യം… “”””

ഒന്നും തിരിച്ചു പറയാൻ ഇല്ലായിരുന്നു മിത്രക്ക്…. ഒരുവേള അവൾ തന്റെ അച്ഛനെ കുറിച്ച് ചിന്തിച്ചു..

അമ്പിളിമാമനെ പോലും വേണം എന്ന് പറയുമ്പോൾ പിടിച്ചു തരാൻ ശ്രമിക്കുന്ന സ്വന്തം അച്ഛനെ…ആ അച്ഛനെ ചതിച്ചത്…. വിനോദ് ഏട്ടന്റെ കൂടെ ഇറങ്ങി പോന്നത്…

അവളുടെ ഉള്ള് നീറി പിടഞ്ഞു…
തിരികെ വീട്ടിലെത്തിയപ്പോൾ വിമല കാത്തിരിക്കുന്നുണ്ടായിരുന്നു അവരുടെ അരിശം മുഴുവൻ തീർക്കാൻ ….

ഓരോ കുത്തുവാക്കുകൾ അവർ പറയുമ്പോഴും ഇത്തവണ അവൾക്ക് വേദനിച്ചില്ല… എല്ലാം അർഹതപ്പെട്ടത് ആണെന്ന ബോധ്യത്തോടെ അവൾ കേട്ടു നിന്നു….

ചില തെറ്റുകൾ നമ്മൾ ചെയ്യുമ്പോൾ.. ചിലതെല്ലാം അനുഭവിക്കേണ്ടിവരും…
മിത്രയെ പോലെ….

Leave a Reply

Your email address will not be published. Required fields are marked *