കാമുകി
(രചന: Kannan Saju)
” ഇതുപോലെ നിന്റെ ഭാര്യ അവളുടെ പഴയ കാമുകനൊപ്പം ഒരു രാത്രി ഇതുപോലൊരു മലമുകളിൽ പോണമെന്നു പറഞ്ഞിരുന്നെങ്കിൽ നീ സമ്മതിക്കുമായിരുന്നോ അഖി ??? ”
ആകാശത്തു നിറഞ്ഞു നിന്ന നക്ഷത്രങ്ങളെയും തലോടി മറയുന്ന തണുത്ത കാറ്റിനെയും സാക്ഷിയാക്കി നിള അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു…
അഖി ഒന്ന് പതറി….. ഉത്തരത്തിനായി അയ്യാൾ ഉള്ളിൽ തിരയുകയായിരുന്നു… പക്ഷെ ആ ശ്രമം വിഫലമായി.. നിളയുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉയർന്നു
” ഈ ഗ്യാപ് ഞാൻ പ്രതീക്ഷിച്ചിരുന്നു… പെട്ടന്നൊരുത്തരം പറയാൻ പറ്റുന്നില്ലല്ലേ?? “” അതല്ല…”” ഏതല്ല ???? “അഖി തല താഴ്ത്തി….
” പഴയ കാമുകിയെ ഭർത്താവിന്റെ സമ്മതം വനിപ്പിച്ചു ഓർമ്മകൾ പുതുക്കാനായി ഒരുങ്ങുമ്പോൾ ഒരിക്കൽ പോലും അങ്ങനൊന്നും ചിന്തിച്ചില്ല???? ”
” ഇല്ല… അതിനു നമ്മൾ തെറ്റൊന്നും ചെയ്യാൻ അല്ലല്ലോ വന്നത്? “” ആഹഹ… അവളും തെറ്റ് ചെയ്യാൻ പോവാന്നാല്ലല്ലോ ഞാനും പറഞ്ഞത് ”
അഖിക്കു ഉത്തരം ഇല്ലാതായി…” അഖിക്കെന്നല്ല ഭൂരിഭാഗം ആണുങ്ങൾക്കും അതിനു സാധിക്കില്ല … “അവൾ മുകളിലേക്കു നോക്കികൊണ്ട് പറഞ്ഞു…
” ആ എനിക്കറിയില്ല… അതും ഇതൊക്കെ പറഞ്ഞു വെറുതെ ഉണ്ടാക്കണോ?? സന്തോഷമായി ഹാപ്പി ആയി ഇരുന്നൂടെ നമുക്ക്??? ”
അഖി വിഷയം മാറ്റാൻ പറയാതെ പറഞ്ഞു.. അഖി അവളുടെ മുഖത്തേക്ക് നോക്കി.. അഞ്ചു വർഷങ്ങൾക്കിപ്പുറം അവൾ ഒരുപാടു മാറിയിരിക്കുന്നു… ഇന്നവൾ തന്റെ നിളയല്ല…
അവളുടെ ഇഷ്ടങ്ങൾക്ക് വിലങ്ങുകൾ വെക്കാത്ത അവളെ കണ്ടറിഞ്ഞു സ്നേഹിക്കുന്ന സ്നേഹ നിധിയായ ഒരു ഭർത്താവിന്റെ ഭാര്യ ആണ്..
ഒരിക്കൽ ഇരുട്ടിനേയും നക്ഷത്രങ്ങളെയും സാക്ഷി ആക്കി അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിച്ചു നിന്ന ഈ മലമുകളിൽ ഇന്ന് ഒരണ്യനെ പോലെ അവൾക്കു മുന്നിൽ താൻ നിക്കുന്നു..
കാറ്റിലാടുന്ന നിളയുടെ മുടികളിലേക്ക് നോക്കികൊണ്ട് അവൻ നിന്നു… “നിന്നയല്ലാതെ മറ്റൊരാളെയും സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞവൾ ഇന്ന് എന്നേക്കാൾ ഏറെ മറ്റൊരാളെ സ്നേഹിക്കുന്നു…
അയ്യാളുടെ കുഞ്ഞിന് ജന്മം നൽകുന്നു.. താനാണേങ്കിലോ??? ഇപ്പോഴും സ്നേഹ ലാളനകൾക്കിടയിൽ അറിയാതെ ഭാര്യയെ പഴയ കാമുകിയുടെ പേരും വിളിച്ചു അവളെ വിഷമിപ്പിച്ചു കൊണ്ടിരിക്കുന്നു.
” എന്നെ ഒന്ന് ഹഗ് ചെയ്യുവോ അഖി? “ആ ചോദ്യം കേട്ടു ഞെട്ടലോടെ അഖി ചിന്തകളിൽ നിന്നും ഉണർന്നു…” എന്താ??? “” എടാ.. എന്നെ ഒന്ന് ഹഗ് ചെയ്യുവോന്നു??? “അവൻ ഒരു നിമിഷം ചിന്തിച്ചു നിന്നു…
” ഈ ഗ്യാപ്പും ഞാൻ പ്രതീക്ഷിച്ചിരുന്നു അഖി… നിന്നിലെ കാമുകൻ ഉണരാതെ എന്നെ ഒന്ന് ചേർത്ത് പിടിക്കാൻ ഒരിക്കലും നിനക്ക് കഴിയില്ലല്ലേ??? ”
” എടാ… ഉള്ളത് പറയാലോ…. ഇന്നും എന്റെ മനസ്സിന്നു ഒന്നും പോയിട്ടില്ല… ഇടയ്ക്കു ഞാൻ അറിയാതെ വൈഗയെ നിന്റെ പേര് വിളിക്കും.. പ്രത്യേകിച്ചും റൊമാന്റിക് ആവുന്ന നിമിഷങ്ങളിൽ.. ”
” ആഹാ… ബെസ്റ്റ്! “” നിനക്കിപ്പോഴും എല്ലാം തമാശ ആണല്ലേ?? “ആ ചോദ്യം കേട്ടു നിള അഖിയെ ഇരുത്തി ഒന്ന് നോക്കി….
” എനിക്കായിരുന്നോ തമാശ??? “” എടാ ഞാൻ… “” കഴിഞ്ഞതെല്ലാം കഴിഞ്ഞതാണ് അഖി… അതിൽ നീ എത്ര വിഷമിച്ചു ഞാൻ എത്ര വിഷമിച്ചു എന്നതിലൊന്നും ഒരു കാര്യവും ഇല്ല… കാരണം അതൊന്നും ഇനി തിരിച്ചു കിട്ടാത്ത നിമിഷങ്ങൾ…
ഈ നിമിഷം ആസ്വദിക്കുക.. കാരണം ഇന്നാണ് നാളെയുടെ ഓർമ്മകൾ ആയി മാറുക… ഇന്നത്തെ ചെയ്തികൾ മധുരം എങ്കിൽ ഓർമകളും മധുരം ഉള്ളതായിരിക്കും ”
” കണ്ണനും ഒരുമിച്ചുള്ള നിമിഷങ്ങളിൽ ഒരിക്കൽ പോലും നീ എന്നെ ഓർത്തിട്ടില്ലേ??? “” ഇല്ല “അഖിയുടെ മുഖം മാറി….
” കണ്ണനെ സ്വീകരിക്കും മുന്നേ ഞാൻ ഒരു തീരുമാനം എടുത്തിരുന്നു… എന്റെ മനസും ശരീരവും പൂർണ്ണമായും ഞാൻ ഒരാൾക്കേ കൊടുക്കു.. എന്റെ പാതി ആയവന്..
അവനു മുമ്പും അവന്റേതല്ലാതാവുന്ന ഒരു നിമിഷം വന്നാൽ അതിനു ശേഷം എന്ത് എന്നെനിക്കറിയില്ല.. കാരണം തെറ്റും ശരിയും എല്ലാം മനുഷ്യ നിർമിതമാണ് .
എന്റെ ശരി നിനക്ക് തെറ്റും നിന്റെ തെറ്റ് എനിക്ക് ചിലപ്പോ ശരിയും ആയിരിക്കും.. ഒരാളുടേതു ആയിരിക്കുമ്പോൾ അയ്യാളുടേത് മാത്രമാവാൻ ആണ് എനിക്കിഷ്ടം…
എനിക്ക് ടൈം വേണമായിരുന്നു.. ഞാൻ ചോദിച്ചു.. അദ്ദേഹം തന്നു… എന്നെയും എന്റെ ഇഷ്ടങ്ങളേയും അദ്ദേഹം അദ്ദേഹത്തിന്റെതായി കാണും.. അതാണ് കണ്ണൻ ”
അഖി ഒന്ന് ചിരിക്കാൻ ശ്രമിച്ചു….” സത്യത്തിൽ ഞാൻ അന്ന് വൻ ബോറായിരുന്നല്ലേ ….. എനിക്കറിയാം.. ”
” ബോറൊന്നും അല്ല അഖി… ഒരു അണ്ടര്സ്റ്റാണ്ടിങ്… അതില്ലായിരുന്നു… പിന്നെ ഞാൻ നിനക്കൊരു തലവേദന ആയി.. ശല്ല്യം ആയി…. ഞാൻ ആരോടും സ്നേഹം കാണിക്കരുതെന്നു നിനക്കും വാശി ആയി… ”
” ഞാനുമായി അത്രയും സ്ട്രോങ്ങ് ആയൊരു ഫിസിക്കൽ റിലേഷൻഷിപ് ഉണ്ടായിട്ടും നിനക്ക് വിട്ടു പോവാൻ കഴിഞ്ഞല്ലേ? ”
” ഓഹോ… നിങ്ങൾ എല്ലാ ആണ്പിള്ളേരും ഇങ്ങനാണോ ധരിച്ചു വെച്ചിരിക്കുന്നെ???അഖി മനസ് കൊടുക്കാൻ കഴിഞ്ഞാലേ ശരീരം കൊടുക്കാൻ കഴിയു.. അല്ലെങ്കിൽ വേശ്യ ആയിരിക്കണം…
ഞാൻ പറഞ്ഞില്ലേ മനസ്സ് കൊണ്ട് ഞാൻ എന്നെ നിനക്ക് സമർപ്പിച്ചിരുന്നു… പക്ഷെ ഒരു ഘട്ടത്തിൽ നീ എന്നെ അർഹിക്കുന്നില്ലന്ന് എനിക്ക് തോന്നി തുടങ്ങി…
കാരണം അത്രമേൽ നീ എന്നെ കരയിപ്പിച്ചു.. വേദനിപ്പിച്ചു….ഇഷ്ടമാണെന്നു പറയുന്നത് പോലെ തന്നെ ഒരുമിച്ചു പോകാൻ ആവുന്നില്ലെങ്കിൽ പിന്മാറാൻ ഉള്ള സ്വാതന്ത്ര്യവും പ്രണയത്തിൽ ഉണ്ടാവണം അഖി…
അതാണ് പ്രണയം.. പരസ്പരം സ്നേഹിക്കുന്നതാവണം പ്രണയം.. അല്ലാതെ വേദനിപ്പിക്കൽ ആവരുത്.”ഇരുവരും മൗനം പാലിച്ചു……
” സ്നേഹം കൊണ്ട് ഞാൻ അന്ധമായി പോയി… ഒരിക്കലും നീ എന്നെ വിട്ടു പോവില്ലന്ന തോന്നൽ… ഒരു കളിപ്പാട്ടം പോലെ ഞാൻ കണ്ടത് കൊണ്ടാവാം… അല്ലെ?? ”
” ഹും…. ഞാൻ പറഞ്ഞില്ലേ അഖി… ഓർമകളിൽ നല്ലതിനെ നെഞ്ചോട് ചേർക്കുക.. അല്ലാത്തവയെ കുഴി കുത്തി മൂടുക… നല്ല ഓർമകളും ഒരുപാടുണ്ടല്ലോ നമുക്ക്..
പിന്നെ വൈഗ… ഒരു പെണ്ണിനെ പറ്റി മറ്റൊരു പെണ്ണിന്റെ മുന്നിൽ പുകഴ്ത്തി പറയുന്നത് പോലും പിടിക്കാത്തവരാണ് ഭൂരിഭാഗം പെൺകുട്ടികളും..
അങ്ങനെ ഉള്ളപ്പോ സ്വന്തം ഭാര്യയുടെ മടിയിൽ കിടന്നു പഴയ കാമുകിയുടെ പേര് വിളിക്കുന്നത് അവളെ എത്രത്തോളം വേദനിപ്പിക്കുന്നുണ്ടാവും..
വേദനയല്ല ഇൻസൾട്ട് ആണ്.. സൊ… എല്ലാം ഏതെങ്കിലും ഒരു മൂലയിൽ ഒതുക്കി വെക്കു… സമയം കിട്ടുമ്പോ..
ഒറ്റക്കിരിക്കുമ്പോ, ആവശ്യം എന്ന് തോന്നിയാൽ മാത്രം അതിനെ പൊടി തട്ടി എടുത്താൽ മതി… വെറുതെ… വെറുതെ മാത്രം… ”
” ഉം ” അവൻ മൂളി…” പിന്നെ കണ്ണനെ പോലെ ആവാൻ ഞാൻ പറയില്ല.. അതിനു അഖിക്കു സാധിക്കുകയും ഇല്ല… പക്ഷെ വൈഗയെ അറിയാൻ ശ്രമിക്കണം…
അന്യരുടെ മുറിയിലേക്ക് കടന്നു ചെല്ലും മുന്നേ നമ്മൾ കതകിൽ തട്ടി അനുവാദം ചോദിക്കാറുണ്ട്.. അവരുടെ സ്വകാര്യതയെയും സ്വാതന്ത്ര്യത്തെയും നമ്മൾ മാനിക്കും..
പക്ഷെ നമ്മുടെ വീട്ടിൽ നമ്മളത് ചെയ്യാറില്ല.. കാരണം അവർ നമ്മുടെ സ്വന്തം അല്ലെ എന്നൊരു തോന്നൽ നമുക്ക് ഉള്ളത് കൊണ്ട്.. ശരിയാണ് സ്വന്തം ആണ്..
പക്ഷെ അടിമയല്ല…. അവരും നമ്മളെ പോലെ സ്വകാര്യതകൾ ഉള്ളവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരും സ്വന്തമായി ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ളവരും ആയിരിക്കും…
അതുകൊണ്ട് അവളെ അഖിയെ പോലെ തന്നെ കാണണം.. ഭർത്താവ് എന്ന അധികാര മനോഭാവത്തോടെ കാണരുത് ”
” ഉം “വീണ്ടും മൗനം തളം കെട്ടി……” നമ്മൾ ഒന്നിക്കാഞ്ഞത് നന്നായി അഖി…. ഇല്ലെങ്കിൽ വൈകാതെ അടിച്ചു പിരിഞ്ഞു ശത്രുക്കൾ ആയി.. ഇതിപ്പോ കൊല്ലത്തിൽ ഒരിക്കൽ ഒരു ദിവസം എങ്കിലും ഇവിടെ വണ്ണിങ്ങനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ…. ”
” ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചല്ലേ… അവോയ്ഡ് ചെയ്തല്ലേ… അന്ന് നീ എത്ര സഹിച്ചിട്ടുണ്ടാവും എന്ന് നിന്നെ നഷ്ടപ്പെട്ടപ്പോ മാത്രമാണ് ഞാൻ മനസ്സിലാക്കിയത്… ”
” എന്നെ നഷ്ടപ്പെട്ടിട്ടില്ലല്ലോ… ഞാൻ എപ്പോഴും കൂടെയില്ലേ??? “അഖി ചിരിച്ചു ” നിനക്ക് വല്ല വക്കീലും ആവാൻ പോവാൻ മേലായിരുന്നോ… വാദിച്ചു ജയിക്കാൻ എന്നെക്കൊണ്ട് പറ്റില്ലേ! ”
സംസാരിച്ചു നിൽക്കവേ പിന്നിൽ നിന്നും ഹോൺ മുഴങ്ങി…. കണ്ണന്റെ കാറിന്റെ വെളിച്ചം അവരുടെ കണ്ണുകളിൽ പതിഞ്ഞു…
” കണ്ണൻ വന്നു… ഞാൻ പോട്ടെ??? “വിഷമവും ചിരിയും ഒരുമിച്ചു വന്ന മുഖഭാവത്തോടെ അവൾ അഖിയെ നോക്കി….
പോവണ്ട എന്ന് പറയണം എന്നുണ്ട്.. പക്ഷെ അവൾ പറഞ്ഞത് പോലെ ആ തോന്നലുകൾക്ക് ഇനി ജീവിതത്തിൽ പ്രസക്തിയില്ല…
നഷ്ട പ്രണയം.. അതെന്നും ഒരു തീരാ വേദനയാണ്.. പ്രത്യേകിച്ചും നമ്മൾ നഷ്ടപ്പെടുത്തിയതാണെങ്കിൽ…എല്ലാം ഉള്ളിൽ വെച്ചു അവൻ പറഞ്ഞു
” ഓക്കേ ഡാ… “ഇത്തവണ അവൻ കാത്തു നിൽക്കാതെ അവളെ ഹഗ് ചെയ്തു… നിളയുടെ കണ്ണുകൾ നിറഞ്ഞു…
” അടുത്ത വർഷം…. ഇനി അടുത്ത വർഷം നമ്മൾ കാണു… എല്ലാ വേദനകളും ഇവിടെ ഉപേശിക്കാണ്… ഇനി നീ വരുമ്പോൾ കാണുന്നത് നിന്റെ ബെസ്റ്റ് ഫ്രണ്ട് മാത്രമായ അഖിയെ ആയിരിക്കും “.. അവൻ മനസ്സിൽ പറഞ്ഞു…
മെല്ലെ അഖി കൈകൾ പിൻവലിച്ചു… ഒരു ചിരിയോടെ നിള തിരിഞ്ഞു കാരിനരുകിലേക്ക് നടന്നാകന്നു…
അഖി അവളെ തന്നെ നോക്കി നിന്നു.. പക്ഷെ നിളയിൽ നിന്നും ഒരു തിരിഞ്ഞു നോട്ടം ഉണ്ടായില്ല…
അവളുടെ കണ്ണുനീർ അഖി കാണാതിരിക്കാനോ.. അതോ ഒരിക്കലും കണ്ണന്റെ മുഖത്ത് നിന്നും നോട്ടം മാറരുതെന്ന ദൃഡനിശ്ചയം കൊണ്ടോ.. അറിയില്ല…
ആ രാത്രിയും ആ നക്ഷത്രങ്ങളും ആ തണുത്ത കാറ്റും പിന്നെ കൂട്ടിനു കുറെ ഓർമകളും ആയി ഇരുവരും ഒരുമിച്ചുറങ്ങിയിട്ടുള്ള പാറയിൽ അഖി കണ്ണുകൾ അടച്ചു ഒറ്റയ്ക്ക് കിടന്നു…
ഒരുമിച്ചു യാത്ര ചെയ്ത വീഥികളിൽ ഒറ്റയ്ക്ക് നടക്കുമ്പോൾ ഉണ്ടാവുന്ന വേദന പ്രണയം അറിഞ്ഞവന് മാത്രമേ അറിയൂ….
മനസ്സിനെ തുരന്നു തിന്നുന്ന കാൻസർ പോലെ അതിങ്ങനെ പടർന്നുകൊണ്ടിരിക്കും…