ഇപ്പോഴും ചെറുതാണല്ലോ, എത്രാം ക്ലാസ് ആയി ” മേരി ചേച്ചിയുടെ വർത്തമാനത്തിന് ഒരു മാറ്റവും ഇല്ല

അമ്മ വീട്
(രചന: Jomon Joseph)

“എന്തേ പെണ്ണേ നീ ഇപ്പോൾ വീട്ടിൽ പോവാറില്ലേ?, കുട്ടികളുടെ സ്കൂൾ അടച്ചാൽ കയ്യിൽ പഴയ പ്ലാസ്റ്റിക് കൂട് നിറയെ തുണിയുമായി ഒരു പോക്കുണ്ടായിരുന്നല്ലോ. എന്തേ ഇപ്പോൾ ….? “”ഡാ വേഗം ഇറങ്ങു ചെക്കാ 10 ന്റെ സീന ഇപ്പോൾ വരും,ഈ ചെറിയ കിറ്റ് നീ പിടിച്ചോ .ഛർദ്ധിക്കാതിരിക്കാനുള്ള ഗുളിക കഴിച്ചോ ….? ,

ഇന്നാ ഈ അൻപതു പൈസ കിറ്റു കൂടി പോക്കറ്റിൽ ഇട്ടോളു .ഛർദിക്കാൻ തോന്നിയാൽ ഇതിൽ ആയിക്കോണം. ഈ ന്യൂസ് പേപ്പറിന്റെ കഷ്ണം കൂടി അരയിൽ വച്ചോ …”

“അമ്മേ ബാ പോകാം ,ഞാൻ ഡ്രൈവറിന്റെ സീറ്റിന്റെ അരികിലെ കമ്പിയിൽ പിടിച്ച് നിന്നോളാം …? ”

ഒരു വിധം വേഗത്തിൽ നടന്ന് ബസ്റ്റോപ്പിൽ എത്തി .കുറെ ആളുകൾ ബസുകാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു .

“ജയ വീട്ടിലേക്കായിരിക്കും ,വല്യപൂട്ട് ആഘോഷിക്കാൻ ” പരിചയമുള്ള പല മുഖങ്ങളും തിരക്കും .

“കണ്ണാ അമ്മയും വാവയും നീയും മാത്രമേ പോവുന്നുള്ളോ ,അച്ചനെ കൊണ്ട് പോകുന്നില്ലേ .” പ്രായമായ ഒരു അമ്മാവൻ തിരക്കി .

” അച്ചനു പണിക്കു പോവണ്ടേ .”
ബട്ടൻസ് പൊട്ടിയ ഷർട്ടിന്റെ ഏറ്റവും മുകളിൽ പിന്നു കുത്തി കൊടുക്കുമ്പോൾ അവൻ പറഞ്ഞു .

ഒരു വളവു തിരിഞ്ഞ് സീന ബസ് വന്നു നിർത്തി .നീല നിറത്തിൽ പച്ച ഇലകൾ വരച്ച ഒരു പഴയ ബസ് .

ആളുകൾ വേഗത്തിൽ അതിൽ ചാടിക്കയറി .പലരുടേയും കയ്യിൽ ചാക്കും ,സഞ്ചികളും , ആടിനും മറ്റുമുള്ള പ്ലാവിലകൾ വരെ ഉണ്ടായിരുന്നു .

കണ്ണൻ ബസിന്റെ മുന്നിലേക്ക് നടന്നു .കയ്യിൽ കുഞ്ഞും സഞ്ചികളുമായി നിൽക്കുന്നതു കണ്ടിട്ടു പോലും മുൻവശത്തിരുന്ന സ്ത്രീകൾ ആരും എഴുന്നേറ്റില്ല.

പലരും തല ഇടത്തേക്കും ,വലത്തേക്കും തിരിച്ചു .”ചേച്ചി ദാ ഇവിടെ ഇരുന്നോ ” നടുവശത്തു നിന്നും ഒരു ചെറുപ്പക്കാരന്റെ ശബ്ദം. ഞാൻ അവിടെ പോയി സ്വസ്ഥമായി ഇരുന്നു .അയാളോടുള്ള നന്ദി സൂചകമായി ഒന്നു ചിരിച്ചു .

ബസ് ഓടി കുറേ നേരം ആയപ്പോഴേക്കും പല യാത്രക്കാരും പലയിടങ്ങളിൽ ഇറങ്ങി കഴിഞ്ഞിരുന്നു.ആലുവ സ്റ്റാന്റിലേക്ക്‌ ബസു കയറുമ്പോൾ കണ്ണനും ഞാൻ ഇരുന്ന സീറ്റിന് അരികിൽ ക്ഷീണത്തോടെ ഉറങ്ങുന്നുണ്ടായിരുന്നു .

“ഇഞ്ചി മിഠായി ,ഇഞ്ചി മിഠായി “” ഏതെടുത്താലും പത്ത്, ഏതെടുത്താലും പത്ത് “”ഇരുപത്തിയഞ്ച് പിന്ന് പത്തു രൂപ “അങ്ങനെ പല കച്ചവടക്കാർ ബസിലൂടെ കയറിയിറങ്ങി .

ബസു മുന്നോട്ടെടുക്കുമ്പോൾ കണ്ണന്റെ ചുണ്ടുകൾ ഇഞ്ചി മിഠായിയുടെ എരിയിൽ പുറത്തേക്കും അകത്തേക്കും ശ്വാസം ഊതുന്നുണ്ടായിരുന്നു .

ഞാൻ ജനിച്ചു വളർന്ന നാട്ടിൽ എത്തിയപ്പോൾ ബാല്യം മുതൽ മനസിൽ പതിഞ്ഞ ഒത്തിരി മുഖങ്ങൾ കണ്ടു .പലർക്കും പ്രായം ഏറെ ആയിരിക്കുന്നു .

രണ്ടു വശവും റബ്ബർ മരങ്ങൾ നിറഞ്ഞ വഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോൾ പഴയ കുറേ ഓർമ്മകൾ എന്നെ പ്രകമ്പനം കൊള്ളിച്ചു.

സ്കൂളിൽ പഠിക്കുമ്പോൾ തൊണ്ടിയും, തൊടലിയും കൊതിയോടെ നുണഞ്ഞ് കാടുകയറി നടന്ന ആ പഴയ കാലം .

“ഡീ പെണ്ണേ കുറേ ആയല്ലോ കണ്ടിട്ട്, ഇവൻ ഇപ്പോഴും ചെറുതാണല്ലോ, എത്രാം ക്ലാസ് ആയി ”

മേരി ചേച്ചിയുടെ വർത്തമാനത്തിന് ഒരു മാറ്റവും ഇല്ല .” അവൻ അഞ്ചാം ക്ലാസ്സിലേക്ക്. സുഖാണോ ചേച്ചീ ,മക്കളൊക്കെ വരാറുണ്ടോ .. ”

അങ്ങനെ ഒത്തിരി വിശേഷങ്ങൾ തിരക്കി മുന്നോട്ടു നീങ്ങി .
നിറയെ വെള്ളം ഒഴുകുന്ന കനാൽ കാണുമ്പോൾ കണ്ണന്റെ ആവേശം ഒന്നു കാണേണ്ടതു തന്നെയാണ് ..

വീടിന്റെ മുന്നിൽ എത്തുമ്പോൾ കോലായിൽ കാലു നീട്ടി മതിലിൽ ചാരിയിരിക്കുന്ന അമ്മ ആവേശത്തോടെ ചാടി എഴുന്നേൽക്കും .

” മക്കളേ ,നിങ്ങൾ വന്നോ .. കാക്ക വിരുന്നു വിളിക്കുന്ന കണ്ടപ്പോഴേ എനിക്കു തോന്നി …”

അപ്പോഴേക്കും അകത്തെ കട്ടിലിൽ നിന്നും അച്ചനും പുറത്തു വന്നു കഴിഞ്ഞിരുന്നു .ഞാൻ വന്നതറിഞ്ഞ് ആങ്ങളമാരുടെ മക്കളും ,നാത്തൂൻ മാരും പല സമയങ്ങളിലായി അവിടേക്കു വരും .

ചക്കപ്പുഴുക്കും, ചക്കക്കുരുവും മാങ്ങയും ,ചീരയും ,ചേമ്പും കൂട്ടിക്കുഴച്ചു കഴിക്കുമ്പോൾ കിട്ടിയ ആ രുചിയൊന്നും പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല .

ഞാൻ ചെന്നതറിഞ്ഞ് മാവിൽ കയറി ഉറങ്ങിത്തുടങ്ങിയ പിടക്കോഴികൾ ഉറക്കെ കൂവാൻ തുടങ്ങും .

നാളെ ഞങ്ങളിൽ ആരാണോ കോഴിക്കറിയായി പാത്രത്തിൽ വീഴുവാൻ പോകുന്നത് എന്ന വേവലാതിയിൽ .കൂടപ്പിറപ്പുകളും, മക്കളും ഒക്കെയായി സങ്കടങ്ങളും,

സന്തോഷവും പങ്കുവച്ച് ഒരേ പാത്രങ്ങളിൽ ഉണ്ട് ഒരേ പായയിൽ ഉറങ്ങുമ്പോൾ എനിക്കു കിട്ടുന്ന സന്തോഷം ഒരു ജീവിതത്തിലും കിട്ടിയിട്ടില്ല .കുട്ടികളും ഏറെ സന്തോഷത്തിലാണ് .

നെല്ലു പെട്ടിയിൽ പഴുപ്പിക്കാൻ വച്ച മുട്ടപ്പഴത്തെ എന്നും രാവിലെ കണ്ണൻ തുറന്നു നോക്കുന്നതു കാണാം.

നെൽപ്പാടങ്ങളും ,തോടുകളും ,ജാതിയും കയറിയിറങ്ങി കനാലിൽ മുങ്ങി നീരാടുന്നതു കാണുമ്പോൾ ബാല്യകാലത്തിലെ ഓർമ്മകൾ കാതിൽ വന്നു കിന്നാരം ചൊല്ലുന്നതു കേൾക്കാം .”നീയും ഇങ്ങനെ ആയിരുന്നില്ലേ പെണ്ണേ ..

ഒരാഴ്ച്ചത്തെ വാസത്തിന് ശേഷം ആ വീടിന്റെ പടി ഇറങ്ങുമ്പോൾ കണ്ണന്റെ നിറഞ്ഞ കണ്ണുകൾ ഞാൻ സാരി തുമ്പു കൊണ്ടു തുടക്കുമ്പോഴും എന്റെ ഹൃദയം വിതുമ്പിക്കരയുന്നത് ഞാൻ മാത്രമേ അറിയാറുള്ളു .

ഞങ്ങൾ മുന്നോട്ടു നടക്കുമ്പോൾ ബസ്റ്റോപ്പു വരെ അച്ഛനും ഉണ്ടാകും.വെട്ടി ഒരുക്കിയ ഒരു സഞ്ചി ചക്കയും, ഒരു സഞ്ചി കപ്പയും ,പുഴുങ്ങി ഉണക്കിയ ഒരു സഞ്ചി അരിയുമായി .

പോകുമ്പോൾ പലരും തിരക്കും” ഇനി എന്നാ പെണ്ണേ ഇങ്ങോട്ടേക്ക് “ആ കയറ്റത്തെ കൊതിയോടെ നോക്കി ഇരിക്കാനും ,ഇറക്കത്തെ നൊമ്പരത്തോടെ യാത്രയാക്കാനും എന്നെ ഏറെ സ്നേഹിച്ച രണ്ടു മുഖങ്ങൾ

ഈ മണ്ണിനോടു യാത്ര പറഞ്ഞപ്പോൾ ആ വഴിയിലേക്കുള്ള വിളക്കുകൾ എനിക്കു മുന്നേ അണഞ്ഞ് അന്ധകാരം വ്യാപിച്ചതുപോലെ എനിക്കു തോന്നീ…

”ഇല്ല അമ്മു ചേച്ചീ ,അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞപ്പോൾ ആ യാത്രയൊക്കെ അവസാനിച്ചു …..”

അതു പറയുമ്പോഴും എന്റെ ഹൃദയം ആ പഴയ കാലങ്ങൾ ഓർത്ത് തേങ്ങുന്നുണ്ടായിരുന്നു ..

Leave a Reply

Your email address will not be published. Required fields are marked *