എവിടേലും കെടന്നാൽ പോരെ….”” ഹോ ഒന്നു റൊമാന്റിക് ആവാനും അറിയില്ല പരട്ട മനുഷ്യൻ

(രചന: Nithinlal Nithi)

“” കാത്തിരുന്ന പെണ്ണല്ലേ…. കാലമേറെയായില്ലേ… വായിലുള്ള ടൂത്ത്പേസ്റ്റിന്റെ പതയൽ പുറത്തേക്ക് തുപ്പി കൊണ്ട് ചെറിയ ഒരു പാട്ട് പാടി സുമേഷ് കുളിമുറിയിലേക്ക് നടന്നു….” സുമേഷേട്ടാ…” അഞ്ജുവിന്റെ വിളി

” എന്താണ്… ഞാൻ ഈ വായൊന്നു കഴുകികോട്ടെ… പാലു വാങ്ങാനും പത്രം എടുത്തു കൊണ്ടുവരാനുമല്ലേ…നീയിത് എല്ലാ ദിവസവും എന്നോട് പറയുന്നതല്ലേ എടുത്ത് കൊണ്ട് വരാം….””അതല്ല…വേറെ ഒരു കാര്യം കൂടിണ്ട്…”

എന്താണാവോ വീണ്ടും ഒരു കാര്യം… തന്റെ പിറകിൽ വന്നു നിന്ന് കിന്നാരം പറയുന്ന പോലെ ചിണുങ്ങത് കണ്ടപ്പോൾ വീണ്ടും ഒന്നു നോക്കി….

“പിന്നേയ് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇന്ന് നാല് മാസമായി…””അതുകൊണ്ട്””അതുകൊണ്ട് കുന്തം… ഒന്നു പറഞ്ഞ് തീരാൻ സമ്മതിക്ക്… നമ്മൾ രണ്ടാളും കുറച്ച് ദിവസത്തേക്ക് എന്റെ വീട്ടില് പോയി നിന്നാലോ….”

ദൈവമേ ഇത് മാസാമാസമായിട്ട് പറയുന്ന ആഗ്രഹമാണല്ലോ ഈ മാസം എന്തായാലും പെട്ടത് തന്നെ… കുറിയും കുറിക്കാരും റബ്ബർ വെട്ടാൻ ഉള്ളതും അങ്ങനെ പല കാര്യങ്ങളും പറഞ്ഞ് മുങ്ങുന്നതായിരുന്നു… ഈ മാസം എന്തായാലും പെടാൻ സാധ്യതയുണ്ട്…

“എന്തേ… നടക്കുമോ… പറ “” ഈ മാസം വേണേൽ നമുക്ക് നോക്കാം”ഇന്നാണ് ആ പറഞ്ഞ ദിവസം.

“ആവണിപ്പൊന്നു ഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ… “പാട്ടും പല്ലുതേപ്പും പണ്ടത്തേ അതേ ആവർത്തി നടക്കുന്നു…” സുമേഷേട്ടാ…””എന്താ അഞ്‌ജൂ…”

” പാല് വാങ്ങാൻ ചേട്ടൻ പോകണ്ട ട്ടോ… പത്രവും ഞാൻ എടുത്ത് വച്ചിട്ടുണ്ട്… ” എന്ന് പറഞ്ഞ് പത്രം തന്റെ കൈകളിലേക്ക് വച്ച് തന്നു…

ങേ ഇതെന്ത് മറിമായം… ഇത് വരെ അങ്ങനെ ഒരു പതിവേ ഇല്ല അത് മാത്രമല്ല. ഇതിപ്പോ ഏഴരക്ക് തന്നെ കുളിയൊക്കെ കഴിഞ്ഞ് പൂമുഖ വാതിൽക്കൽ പുന്തിങ്കളായി നിൽക്കുന്ന ഭാര്യയെ കണ്ടപ്പോ ആകെ കൂടി ഒരു പന്തികേട്…

“എന്തേ നേരത്തേ കുളിയൊക്കെ കഴിഞ്ഞേ… “” കുളി മാത്രമല്ല… പണിയും കഴിഞ്ഞു എല്ലാം… ഇനി ആ ഡ്രസ്സൊക്കെ എടുത്ത് പെട്ടിയിൽ എടുത്തു വച്ചാൽ മതി…സുമേഷേട്ടന്റെ മൂന്ന് ജോഡി ഷർട്ടും രണ്ട് പാന്റും എടുത്തിട്ടുണ്ട്… രണ്ട് ഷഡ്ഡി മതില്ലേ…”

“രണ്ടങ്കിൽ രണ്ട്… നീയ് ഇഷ്ടം പോലെ ചെയ്യ്…””അപ്പോ എത്ര മണിക്കുള്ള വണ്ടിക്കാ പോകുന്നത്… അധികം ലേറ്റായാൽ പത്തനംതിട്ട എത്തി കഴിഞ്ഞാൽ പിന്നെ വീട്ടിലേക്ക് വേറേ വണ്ടി ഒന്നും കിട്ടില്ല ട്ടോ..”

” ഞാൻ ആദ്യായിട്ടാണല്ലോ നിന്റെ വീട്ടിൽ വരുന്നത്… എനിക്കേ വൈകിട്ട് ഈ റബ്ബർ ഷീറ്റൊക്കെ കെട്ടി ആ മാത്യൂ ചേട്ടന്റെ കടയിലൊന്നു കൊടുക്കണം… നമുക്ക് വൈകീട്ട് ഏഴ് മണിക്ക് പോകാം…”

” ഏഴ് മണിക്കാ… അതിനാണോ ഞാനീ നാല് മണിക്ക് ഏണീറ്റ് എല്ലാ പണിയും ചെയ്ത് തീർത്ത് ഇരുന്നത്…”

“അത് ശരി… നീ നാല് മണിക്ക് ഏണീക്കുന്നത് എന്നോട് പറഞ്ഞില്ലല്ലോ….”

“അല്ലെങ്കിലും അതങ്ങനാ സ്കൂളിൽ ടൂറ് പോകാൻ ഉള്ളപ്പോഴും സ്വന്തം വീട്ടിൽ പോകാൻ നോക്കുമ്പോഴും എല്ലാ പെണ്ണുങ്ങളും നേരത്തെ എണീക്കും ഞാൻ മാത്രമൊന്നുമല്ല ” അഞ്ജു നിന്ന് ചിണുക്കുന്നത് പോലെ കാട്ടി…

” കൊഴപ്പമില്ല അഞ്ജൂ…. മാത്യൂ ചേട്ടൻ എപ്പോ കടയിൽ വരുന്നോ അപ്പോ നമുക്ക് സാധനവും കൊടുത്ത് എന്നാൽ അത് വഴിയേ നമുക്ക് പോകാം…നിന്റെ ഛനും അമ്മയ്ക്കുമൊക്കെ ഓരോ ജോഡി ഡ്രസ്സും എടുക്കാം…”

വൈകി ആണ് പോകുന്നത് എന്ന വിഷമം അവസാനത്തെ ഡയലോഗിൽ അലിഞ്ഞില്ലാതായി… അല്ലെങ്കിലേ മരുമോനെപ്പറ്റി പറയാൻ നൂറു നാവാ അവർക്ക്.. ഇനി ഇതൊക്കെ കൂടി കഴിഞ്ഞാൽ പിടിച്ചാ കിട്ടൂല

“നീയെന്തോന്നാ ആലോചിക്കുന്നേ… ചായ ഒന്നുമായില്ലേ…””അയ്യോ… അതൊക്കെ എപ്പഴേ റെഡിയാ…”

ആവി പറക്കുന്ന കൊഴക്കട്ടയും ശർക്കര പാനിയും പാലൊഴിച്ച ചായയും…ആഹഹ… മൊത്തത്തിൽ ഇന്ന് വേറെ ലെവൽ ആണല്ലോ…

അല്ലെങ്കിൽ അവൾക്കിഷ്ടമല്ലാത്ത തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കൊഴക്കട്ട കല്യാണം കഴിഞ്ഞതിനു ശേഷം ഒരിക്കലേ താൻ കഴിച്ചിട്ടുള്ളൂ… അത് മാത്രമല്ല തന്നെ തന്നെ ചുറ്റിപ്പറ്റി നിന്ന് അത് കഴിപ്പിക്കാൻ ഉത്സാഹിപ്പിക്കുന്നുമുണ്ട്….

” മൊത്തത്തിൽ വീട്ടിൽ പോകുന്നതിന്റെ സന്തോഷം ആണല്ലേ…””അല്ലാണ്ട് പിന്നെ…സുമേഷേട്ടന്റെമ്മ ചക്കീനെ വിളിച്ച് കിടത്തിക്കോളും രാത്രി കൂട്ടിന്… അതൊക്കെ ഞാൻ പറഞ്ഞ് സെറ്റാക്കീട്ട്ണ്ട്…”

തന്റെ ഭാര്യയുടെ കർത്തവ്യ ബോധത്തിൽ സുമേഷ് അഭിമാനം കൊണ്ടു…” സുമേ… സുമേഷേട്ടാ…””എന്താണ്…ഇങ്ങനെ നുള്ളി നോവിക്കല്ലേ…”

“പിന്നേയ് നമുക്ക് രണ്ട് ദിവസം എന്റെ മുകളിലത്തെ റൂമിൽ കിടക്കാം… കഴിഞ്ഞ തവണ പോയപ്പോ കണ്ടില്ലേ… ഞാൻ പഠിക്കാൻ ഉപയോഗിച്ച റൂം.. അവിടെ… അവിടെ കിടന്നാൽ രാത്രി നല്ല രസാ… ബാക്കിയുള്ള ദിവസം… താഴെ റൂമിൽ കിടക്കാം….”

“എന്റെ അഞ്ജൂ… എവിടേലും കെടന്നാൽ പോരെ….”” ഹോ ഒന്നു റൊമാന്റിക് ആവാനും അറിയില്ല പരട്ട മനുഷ്യൻ..””പരട്ട ”

പുതിയ ഒരു വാക്ക് ആണല്ലോ… വീട്ടിൽ പോകുന്നതിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുകയാണ്…. ഇതിപ്പോ അഞ്ച് ദിവസം സഹിക്കേണ്ടിവരുമെന്ന് ഉറപ്പാണ്..”നീല നിശീഥിനിയിൽ

ഹംസങ്ങൾ…….. ഫോൺ പാടി തൊടങ്ങി….”നീ പോയിട്ട്… ആ ഫോൺ ഇങ്ങെടുത്തേ… മാത്യൂ ചേട്ടൻ ആണെങ്കിൽ രാവിലെ തന്നെ റബ്ബർ ഷീറ്റ് കൊണ്ട് കൊടുക്കാം…”

ദൈവമേ… മാത്യൂ ചേട്ടൻ തന്നെ ആവണേ…. സകല ദൈവങ്ങളേയും വിളിച്ച് അഞ്ജു ഫോണിനടുത്തേക്കോടി… എത്രയും പെട്ടെന്ന് തന്റെ വീട്ടിലേക്കെത്താനുള്ള തത്രപ്പാട്….

“ചേട്ടാ…. ഇത് മാത്യൂ ചേട്ടനല്ല”” പിന്നെ….”” ബിന്ദു മാമി…. ബിന്ദു മാമിയാ….”ബിന്ദു മാമി എന്താ രാവിലെ ത്തന്നെ വിളിക്കണതാവോ എന്നോർത്തു…”നീ എട്ക്ക്””ഹലോ ?”

“ആ…. അഞ്ജുവാണോ…സുമേഷില്ലേ അവിടെ…”” ഉണ്ടല്ലോ…””മാമന് ഒരു നെഞ്ച് വേദന പോലെ….. മെഡിക്കൽ കോളേജിലേക്ക് പോയാലോന്നാ.. നീയൊന്ന് അവനോട് വേഗം ഒന്നിങ്ങട് വരാൻ പറയ്യോ… വണ്ടി ഓടിക്കാൻ അപ്പു ഇവിടില്ല.. സുമേഷിന് ലൈസൻസ് ഉള്ളതല്ലേ… എഴുപത് കിലോമീറ്റർ ഓടിക്കാൻ അപ്പുവിനെ കൊണ്ട് പറ്റില്ല…വേഗം ഒന്നു വരാൻ പറയണേ”

അങ്ങേ തലയ്ക്കൽ നിന്നും പറയുന്ന ബാക്കി ഡയലോഗുകൾ ഒന്നും തന്നെ അഞ്ജുവിന്റെ തലയിൽ കൂടി കയറിപ്പോയില്ല… തന്റെ അഞ്ച് ദിവസത്തെ സ്വപ്നപദ്ധതി തകർന്നതിന്റെ വിഷമത്തിൽ അവൾടെ കണ്ണിൽ കൂടി കണ്ണീരൊഴുകി…

NB: പ്ലാൻ ചെയ്തോണ്ടുള്ള മിക്ക പരിപാടികളുടേയും അവസാനം ഇങ്ങനെയൊക്കെത്തന്നെ ആണ് ആവാറ്..

Leave a Reply

Your email address will not be published. Required fields are marked *