അവൻ മെല്ലെ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് പുതപ്പ് ഭദ്രമായ ഒരിടത്ത് മടക്കിവെച്ചു. അപ്പോൾ തന്നെ അവർക്ക് പകുതി ആശ്വാസമായി

(രചന: അംബിക ശിവശങ്കരൻ)

“കണ്ണാ…. കണ്ണാ…”മുളംചില്ലകൾ കൊണ്ട് മറച്ചു കെട്ടിയ വേലിക്കപ്പുറം നിന്ന് തന്റെ മകനെ വിളിക്കുന്ന കൂട്ടുകാരൻ അനന്തുവിനെ കണ്ടാണ് അവർ കണ്ണനെ നോക്കാൻ അകത്തെ മുറിയിലേക്ക് പോയത്.

തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന പുതപ്പും പുതച്ച് മൗനമായി കിടക്കുന്ന തന്റെ മകനെ കണ്ടതും അവർക്ക് സങ്കടം അടക്കാനായില്ല.

“മോനേ… അനന്തു അവിടെ കാത്തു നിൽക്കുന്നുണ്ട് ഇന്ന് സ്കൂൾ തുറക്കുവല്ലേ? ഇങ്ങനെ കിടന്നാൽ എങ്ങനെയാണ് സ്കൂളിൽ പോകണ്ടേ?”

അവർ അവന്റെ ശരീരത്തിൽ നിന്ന് ആ പുതപ്പ് അടർത്തി മാറ്റാൻ ശ്രമിക്കുംതോറും അവനത് ശക്തിയിൽ അള്ളിപ്പിടിച്ചു കൊണ്ടിരുന്നു.

“ഞാൻ സ്കൂളിൽ പോകുന്നില്ല അമ്മേ എനിക്കങ്ങോട്ടും പോകണ്ട.”അവന്റെ കണ്ണുകൾ നനഞ്ഞിരുന്നു.അവർ മെല്ലെ അവിടെ നിന്നും എഴുന്നേറ്റ് അനന്തുവിന്റെ അരികിലേക്ക് ചെന്നു.

“മോൻ പൊയ്ക്കോ.. കണ്ണനെ ഇത്തിരി കഴിഞ്ഞിട്ട് അമ്മായി പറഞ്ഞയച്ചോളാം. ടീച്ചറോട് പറയിട്ടോ കണ്ണൻ വരുമെന്ന്.”

അവൻ തലയാട്ടിക്കൊണ്ട് ആ ഇടവഴിയിലൂടെ ഓടി. അവർ വീണ്ടും വീടിനകത്തേക്ക് കയറുമ്പോൾ ചുമരിൽ തൂക്കിയിട്ട ആ ഫോട്ടോയിലേക്ക് വെറുതെ അങ്ങ് നോക്കിനിന്നു.

“അവന് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടാവില്ല ചന്ദ്രേട്ടാ… എന്തിനും ഏതിനും അച്ഛന്റെ വാലായി പിറകെ നടന്ന കുട്ടിക്ക് എങ്ങനെയാണ് ഇതൊക്കെ സഹിക്കാൻ കഴിയുന്നത്?അവന്റെ അച്ഛൻ ഇത്രവേഗം അവനെ തനിച്ചാക്കി പോകുമെന്ന് ആ കുട്ടി സ്വപ്നത്തിൽ പോലും കരുതി കാണില്ല.

എന്നും അത്രയേറെ ഇഷ്ടത്തോടെ സ്കൂളിൽ പോകാറുള്ള നമ്മുടെ മോൻ കിടക്കുന്ന കണ്ടില്ലേ ചന്ദ്രേട്ടാ? ഞാൻ ഇതൊക്കെ എങ്ങനെയാണ് കണ്ടുനിൽക്കേണ്ടത്?”

അവരുടെ മിഴികൾ തണ്ണീർച്ചാൽ പോലെ ഒഴുകിക്കൊണ്ടിരുന്നു മുറിക്കുള്ളിൽ വന്ന് അവർ തന്റെ മകന്റെ ചാരയായിരുന്നു. അവന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ച് കുറച്ചു സമയം മിണ്ടാതെ ഇരുന്നു.

“കണ്ണാ.… അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മോൻ പഠിച്ച് വലിയ ഒരാളാകണമെന്ന്.ക്ലാസ്സിൽ ഓരോ പരീക്ഷ കഴിഞ്ഞ് മോൻ ഒന്നാമത് എത്തുമ്പോഴും അച്ഛൻ എത്ര സന്തോഷിക്കാറുണ്ട്… ഇങ്ങനെ സ്കൂളിൽ പോലും പോകാതെ കിടക്കുന്നത് കണ്ട് അച്ഛന്റെ ആത്മാവിന് ശാന്തി കിട്ടുമെന്ന് തോന്നുന്നുണ്ടോ? ഇല്ല മോനെ അച്ഛന് ഒരിക്കലും ശാന്തി കിട്ടില്ല.”

അത്രനേരം വിമുഖത കാണിച്ച അവന്റെ മനസ്സ് ആ നിമിഷം അഴഞ്ഞു തുടങ്ങി.വെറുമൊരു ഏഴാം ക്ലാസുകാരൻ ആണെങ്കിലും അമ്മ ഇപ്പോൾ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാനുള്ള വിവേകം തനിക്കുണ്ട്.. ശരിയാണ് താൻ കരയുന്നത് ഒരിക്കലും അച്ഛന് ഇഷ്ടമായിരുന്നില്ല.

എന്തുവന്നാലും അതിനെ ചിരിച്ചുകൊണ്ട് നേരിടണമെന്ന് അച്ഛനെപ്പോഴും പറയാറുണ്ട് താൻ കാരണം അച്ഛൻ വിഷമിക്കേണ്ട… ഏതെങ്കിലും ഒരു ലോകത്ത് അച്ഛൻ സന്തോഷത്തോടെ ഇരുന്നോട്ടെ….

അവൻ മെല്ലെ കിടക്കപ്പായയിൽ നിന്ന് എഴുന്നേറ്റ് പുതപ്പ് ഭദ്രമായ ഒരിടത്ത് മടക്കിവെച്ചു. അപ്പോൾ തന്നെ അവർക്ക് പകുതി ആശ്വാസമായി. കഴിഞ്ഞവർഷം ഉപയോഗിച്ച ബാഗും യൂണിഫോമും എല്ലാം അമ്മ കഴുകി ഉണക്കി വെച്ചിരുന്നു. കഴിഞ്ഞവർഷം ഉപയോഗിക്കാതെ വെച്ച രണ്ട് നോട്ടുബുക്കും അവർ ബാഗിൽ എടുത്തുവച്ചു.

“ഇന്ന് ആദ്യത്തെ ദിവസമല്ലേ? ക്ലാസ് ഒന്നും അങ്ങനെ എടുക്കില്ല കേട്ടോ നാളെ നമുക്ക് ബാക്കി നോട്ടുബുക്ക് വാങ്ങാം.”

അവൻ തന്റെ ബാഗിലേക്ക് നോക്കി. അച്ഛനുണ്ടായിരുന്നപ്പോൾ എല്ലാ കൊല്ലവും തനിക്ക് പുതിയ ബാഗും പുസ്തകങ്ങളും ഒക്കെ വാങ്ങി തരുമായിരുന്നു എന്നവൻ വേദനയോടെ ഓർത്തു.

കുളിയും കഴിഞ്ഞ് വന്ന് സ്കൂളിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ അവനെ അമ്മ നിർബന്ധിപ്പിച്ചാണ് ഒരല്പം കഞ്ഞി കുടിപ്പിച്ചത്. അമ്മയെ കെട്ടിപ്പിടിച്ച് ഇറങ്ങാൻ നേരം അവൻ തന്റെ അച്ഛന്റെ

ഫോട്ടോയിലേക്ക് ഒന്നുകൂടി നോക്കി. അവന്റെ മനസ്സ് വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു പക്ഷേ പുറമേ പ്രകടിപ്പിച്ചില്ല അത് അമ്മയ്ക്ക് താങ്ങാൻ ആകില്ല എന്നവന് അറിയാമായിരുന്നു.

വീടിന്റെ ചുമരോട് ചേർത്ത് വച്ചിരുന്ന അച്ഛന്റെ സൈക്കിളിലേക്കും നോട്ടമൊന്നും പാളിപ്പോയി. താൻ നാട് കണ്ടിരുന്നത് ഇതിലായിരുന്നു. അച്ഛനോടൊപ്പം ഇതിൽ ഇരുന്ന് യാത്ര

ചെയ്യുമ്പോൾ എന്തൊക്കെയോ നേടിയെടുത്ത പോലെയായിരുന്നു. ഒരു മാസം കഴിഞ്ഞു ആ സൈക്കിൾ ഒന്ന് അനങ്ങിയിട്ട്. അവൻ തന്റെ ദൃഷ്ടി വലിച്ചിടുത്ത് അമ്മയോട് തലയാട്ടിക്കൊണ്ട് നടന്നകന്നു.

അത്രനേരം പിടിച്ചുനിന്ന അവർ അവൻ കൺമുന്നിൽ നിന്ന് മാഞ്ഞതോടെ തന്റെ കൈകൾ രണ്ടും മുഖത്ത് അമർത്തിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു. ആ വീട്ടിലെ ഏകാന്തതയിൽ തന്റെ ഭർത്താവിന്റെ ഓർമ്മകൾ മനസ്സിലേക്ക് ചേക്കേറി കൊണ്ടിരുന്നു.

“എന്തിനാ ദൈവമേ നീ ഞങ്ങളോട് ചതി ചെയ്തത്?ഓർക്കപ്പുറത്ത് നീ എന്തിനാണ് ആ പാവത്തിന്റെ ജീവനെടുത്തത്? ഞങ്ങളെ സങ്കടക്കടലിൽ ആഴ്ത്തിയപ്പോൾ നിനക്ക് സന്തോഷമായോ?”

സ്വബോധം നഷ്ടമായത് പോലെ സ്വയം തലയിൽ തല്ലിക്കൊണ്ട് അവർ പിറുപിറുത്തു.

സ്കൂളിലേക്ക് നടക്കുന്ന വഴികളിൽ എല്ലാം അവന്റെ മനസ്സിലൂടെ ഓരോ ചിന്തകൾ കടന്നുപോയി. അച്ഛന്റെ കൂടെ എവിടെ പോകുന്നതും തനിക്ക് ഏറെ ഇഷ്ടമായിരുന്നു. അച്ഛന് പറയാൻ ഒരുപാട്

കഥകളും അനുഭവങ്ങളും ഉണ്ടായിരുന്നു. അത് കേട്ടിരിക്കാൻ തനിക്ക് എപ്പോഴും ഇഷ്ടമായിരുന്നു. ഇനി ആരാണ് തനിക്ക് കഥകൾ പറഞ്ഞു തരുന്നത്? സങ്കടം വരുമ്പോൾ ചേർത്തുനിർത്തുന്നത്?

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് സ്കൂളിലെത്തിയപ്പോൾ ബെല്ലടിച്ചിരുന്നു. മനസ്സില്ലാ മനസോടെ ക്ലാസ്സിന്റെ മുന്നിൽ ചെന്ന് നിൽക്കുമ്പോൾ ടീച്ചർ അറ്റൻഡൻസ് എടുക്കുകയായിരുന്നു. ഭാഗ്യം അന്ന ടീച്ചർ തന്നെയാണ്.ടീച്ചർക്ക് തന്നെ വലിയ ഇഷ്ടമാണ് തനിക്ക് ടീച്ചറെയും.

“ഹാ കണ്ണൻ വന്നോ? അനന്തു പറഞ്ഞിരുന്നു വൈകുമെന്ന്.”സ്നേഹത്തോടെ ടീച്ചർ അവനെ ഒഴിവുള്ള ബെഞ്ചിൽ കൊണ്ടിരുത്തി.

” അപ്പോൾ രണ്ടുമാസം എല്ലാവരും വെക്കേഷൻ അടിച്ചുപൊളിച്ചു കാണുമല്ലോ… ചിലർ ടൂർ പോയിട്ടുണ്ടാകും.. ചിലർ അമ്മ വീട്ടിലോ മറ്റു ബന്ധുവീടുകളിലോ വിരുന്നിനു പോയിട്ടുണ്ടാകും. അങ്ങനെ പലവിധത്തിൽ നിങ്ങൾ നിങ്ങളുടെ അവധിക്കാലം ആസ്വദിച്ചിട്ടുണ്ടാകും ഞാനിപ്പോൾ ഒരു മത്സരം വയ്ക്കുകയാണ്.

‘ എന്റെ അവധിക്കാല ഓർമ്മ’ എന്ന പേരിൽ നിങ്ങൾ എനിക്ക് ഒരു കുറിപ്പ് തയ്യാറാക്കി തരണം. അതിൽ നിങ്ങൾ എങ്ങനെ ഈ രണ്ടുമാസം ചിലവഴിച്ചെന്ന് വിശദമായി എഴുതണം. ഏറ്റവും നല്ല കുറിപ്പിന് സമ്മാനവും ഉണ്ട് കേട്ടോ… എന്നാൽ തുടങ്ങിക്കോ. ”

ടീച്ചർ അത് പറഞ്ഞതും എല്ലാവരും ആവേശത്തോടെ എഴുത്തു തുടങ്ങി. തീരാ വേദന മാത്രം സമ്മാനിച്ച ഈ അവധിക്കാലത്തെക്കുറിച്ച് എന്ത് ഓർമ്മക്കുറിപ്പാണ് എഴുതേണ്ടത് എന്ന് അറിയാതെ അവൻ ഒരു നിമിഷം പകച്ചു നിന്നു.എങ്കിലും എല്ലാവർക്കും ഒപ്പം അവനും തന്റെ പേന ചലിപ്പിച്ചു തുടങ്ങി.

“ഞാൻ ഏറ്റവും വെറുക്കുന്ന ഒരു അവധിക്കാലമായിരുന്നു ഇത്. എനിക്ക് എല്ലാം എന്റെ അച്ഛനായിരുന്നു ആ അച്ഛനെ എന്നിൽ നിന്നും അടർത്തിക്കൊണ്ടുപോയ ഈ അവധിക്കാലത്തെ ഞാൻ പിന്നെ എങ്ങനെയാണ് ഇഷ്ടപെടേണ്ടത്?

അച്ഛന്റെ സൈക്കിളിൽ ഇരുന്നാണ് ഞാൻ ലോകം കാണാൻ പഠിച്ചത്.എന്നും രാവിലെ ശിവന്റെ അമ്പലത്തിൽ കുളിച്ചു തൊഴാൻ അച്ഛൻ പോകുമ്പോൾ ഞാനും അച്ഛന്റെ കൂടെ സൈക്കിളിൽ പോകുമായിരുന്നു.

അമ്പലക്കുളത്തിൽ അച്ഛനോടൊപ്പം കുളിച്ചാണ് ഞാൻ നീന്തൽ പഠിച്ചത്. ആ സമയത്തെ കുളി എല്ലാ ഉറക്കച്ചടവും മാറ്റിയിരുന്നു. എന്നും തിരികെ പോരുന്ന വഴി കുമാരൻ വല്യച്ഛന്റെ കടയിൽ നിന്ന് അച്ഛൻ എനിക്ക് ചായയും പഴംപൊരിയും വാങ്ങി തരുമായിരുന്നു.

ഓലപ്പന്തും പി പിയും മടലുകൊണ്ട് ക്രിക്കറ്റുബാറ്റും ഉണ്ടാക്കാൻ എന്നെ പഠിപ്പിച്ചത് അച്ഛനായിരുന്നു.അച്ഛന്റെ കൂടെ എവിടെ പോകാനും എനിക്ക് അത്ര മാത്രം ഇഷ്ടമായിരുന്നു. അതുകൊണ്ടാണ് അച്ഛൻ തെങ്ങുകയറാൻ പോകുമ്പോൾ ഞാനും കൂടെ പോയിരുന്നത്. തെങ്ങിൽ നിന്ന് ഇളം കരിക്ക് വെട്ടി അച്ഛൻ എനിക്ക് തരുമായിരുന്നു.

അന്ന് അച്ഛന് ചെറുതായി പനിപിടിച്ചു കിടന്ന ദിവസം ആണ് പ്രഭാകരൻ മാമൻ തെങ്ങുകയറാൻ അച്ഛനെ വന്നു വിളിച്ചത്. പോകേണ്ടെന്ന് ഞാനും അമ്മയും മാറിമാറി പറഞ്ഞെങ്കിലും അച്ഛൻ അത് കേട്ടില്ല. പത്ത് കാശ് കിട്ടണത് കളയേണ്ട എന്ന് പറഞ്ഞ് അച്ഛനിറങ്ങിയപ്പോൾ പതിവുപോലെ ഞാനും അച്ഛന്റെ കൂടെ കൂടി.

ഒന്നാമത്തെ തെങ്ങിൽ നിന്നിറങ്ങി രണ്ടാമത്തേതിലേക്ക് കയറുമ്പോഴേ അച്ഛന് ഒരു തളർച്ച പോലെ തോന്നിയിരുന്നു. വീട്ടിൽ പോകാം എന്ന് ഞാൻ പറഞ്ഞപ്പോഴും അച്ഛൻ അത് കേട്ടില്ല. അച്ഛൻ മേലെ കയറി രണ്ടു മൂന്നു തേങ്ങാപ്പച്ചതിനുശേഷം ഒരു നിലവിളി മാത്രം എനിക്ക് ഓർമ്മയുണ്ട്. പിന്നീട് ചോരയിൽ കുളിച്ച് അച്ഛൻ താഴെ കിടന്ന് പിടയുന്നതാണ് ഞാൻ കണ്ടത്.

ഒരേ ഒരു നോട്ടം മാത്രമേ ഞാൻ അന്നേരം അച്ഛനെ നോക്കിയുള്ളൂ… എന്റെ അച്ഛൻ എന്നെ തനിച്ചാക്കി പോയെന്ന് എനിക്ക് മനസ്സിലായി. തുറന്നിരുന്ന കണ്ണുകൾ അപ്പോഴും എന്നെ ഉറ്റു നോക്കുന്നുണ്ടായിരുന്നു. ഒന്ന്

നിലവിളിക്കാൻ പോലും ആകാതെ ഞാൻ നിൽക്കുമ്പോൾ ചുറ്റുമുള്ളവർ ഓടിക്കൂടി അച്ഛനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അച്ഛൻ ഒരിക്കലും ഇനി തിരിച്ചു വരില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

പിന്നീട് ഇന്നോളം കണ്ണടയ്ക്കുമ്പോൾ അച്ഛന്റെ ആ നോട്ടം മാത്രമാണ് മനസ്സിൽ. സ്വന്തം അച്ഛൻ തന്റെ മുന്നിൽ കിടന്ന് പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വരുന്ന ഒരു മകന്റെ മനസ്സിലെ മരവിപ്പ് എത്രത്തോളമാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതാണ്.

അച്ഛൻ പോയതിനുശേഷം എന്റെ അമ്മയുടെ കണ്ണുനീർ വറ്റി ഞാൻ കണ്ടിട്ടില്ല. ഒരുപക്ഷേ ഞങ്ങളന്ന് പോകേണ്ട എന്ന് പറഞ്ഞത് അച്ഛൻ കേട്ടിരുന്നുവെങ്കിൽ ഞങ്ങൾക്ക് അച്ഛനെ

നഷ്ടമാകില്ലായിരുന്നു. ഇനി എന്നെ സൈക്കിളിൽ കൊണ്ടുപോകാനും, കഥ പറഞ്ഞു തരാനും, രാത്രി നെഞ്ചോട് ചേർത്ത് ഉറക്കാനും അച്ഛനില്ല.. എനിക്കൊന്നു പൊട്ടിക്കരയണം എന്നുണ്ട് പക്ഷേ കഴിയുന്നില്ല….

എന്റെ അച്ഛനെ എന്നിൽ നിന്ന് വേർപെടുത്തിയ, എന്റെയും അമ്മയുടെയും ചിരിയില്ലാണ്ടാക്കിയ, ഈ അവധിക്കാലത്തെ ഞാനിനി എങ്ങനെയാണ് സ്നേഹിക്കേണ്ടത്?ഒരു ആയുസ്സ് മുഴുവൻ നീറുന്ന ഒരു ഓർമ്മ സമ്മാനിച്ച ഈ അവധിക്കാലം ഒരിക്കലും ഞാൻ ഓർക്കാൻ ഇഷ്ടപ്പെടുന്നില്ല. ”

ഓരോ കുറിപ്പും വായിക്കുംതോറും കൗതുകവും ചിരിയും നിറഞ്ഞ ടീച്ചറുടെ മുഖത്ത് അവന്റെ ഓർമ്മക്കുറിപ്പ് സമ്മാനിച്ചത് ഒരിറ്റ് കണ്ണുനീരാണ്.

“ഒരുപാട് അനുഭവങ്ങൾ ഞാൻ വായിച്ചു. എങ്കിലും എന്റെ മനസ്സിനെ അത്രയേറെ സ്പർശിച്ചത് കണ്ണന്റെ എഴുത്താണ് കണ്ണൻ ഇവിടെ വരൂ..”

സമ്മാനപ്പൊതി അവന് കൈമാറുമ്പോൾ അവരുടെ മുഖത്ത് അവനോടുള്ള വാത്സല്യം നിറഞ്ഞ് നിന്നിരുന്നു.സമ്മാനം ഏറ്റുവാങ്ങുമ്പോഴും അവന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞില്ല.

“അച്ഛാ… അച്ഛന്റെ കണ്ണൻ വീണ്ടും ഒന്നാമത് എത്തി. എന്റെ അച്ഛന്റെ മരണം എഴുതി ഞാൻ ഒന്നാം സമ്മാനം വാങ്ങിയച്ഛ….”

കരഘോഷങ്ങൾക്ക് നടുവിൽ അവൻ ഉള്ളിൽ നിശബ്ദമായി ഉറക്കെ ഉറക്കെ കരഞ്ഞു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *