കഥ പറയുമ്പോൾ
രചന: Nisha Suresh Kurup
തൊടിയിലെ മാവിൻ ചോട്ടിൽ രാധിക ശുദ്ധവായു ആവോളം ആസ്വദിച്ചു ചെറുതായി നെടുവീർപ്പിട്ടു. എത്രയോ വർഷങ്ങളായി സ്വന്തം നാടും, വീടും പോലും തനിക്ക് അന്യമായിരിക്കുന്നു. വിരുന്നുകാരിയെ പോലെ വന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നങ്ങൾ ആയിരുന്നില്ലേ?
കോളേജ് കാലത്ത് എഴുത്തും ,വായനയും, വരയുമെല്ലാം കൈമുതലായി കൊണ്ടു നടന്നവൾക്കു മുന്നിലേയ്ക്ക് അദൃശ്യമായ വിലങ്ങുകൾ വീഴുകയായിരുന്നു. അറിയാതെ അതിലകപ്പെട്ട് അഴിച്ചു കളയാൻ ആകാതെ ,അല്ലെങ്കിൽ ശ്രമിക്കാതെ സ്വയം മറന്നു ജീവിച്ചു.
വിവാഹം കഴിഞ്ഞു ഇരുപത്തിയഞ്ച് വർഷം സത്യത്തിൽ താൻ എനിയ്ക്കു വേണ്ടി ജീവിച്ചുവോ?ഇല്ലയെന്നത് പരമാർത്ഥം. മാവിൻ ചോട്ടിൽ നിന്നു പതിയെ പറമ്പിലേക്ക് നടന്നു . കൃഷിയും കാര്യങ്ങളുമായി അച്ഛനുണ്ടായിരുന്നപ്പോൾ പറമ്പ് കിടന്നിരുന്ന അതേ സമൃദ്ധിയിൽ തന്നെ ഇപ്പോഴും അമ്മ സൂക്ഷിക്കുന്നു.
അവശതകൾ ഏറെയുണ്ടെങ്കിലും ഒരു കാര്യത്തിലും വീഴ്ച്ച വരുത്തുവാൻ അമ്മ തയ്യാറല്ല. അച്ഛന്റെ ആത്മാവ് വിഷമിക്കും എന്ന പക്ഷക്കാരിയാണ്. തനിക്ക് ആകെയുള്ളത് ഒരു ചേച്ചിയാണ് . അവളും ഭർത്തൃവീട്ടിലാണ് താമസം.
അമ്മ ഞങ്ങൾ രണ്ട് മക്കളുടെ കൂടെയും വന്നു നില്ക്കില്ല. അച്ഛനുറങ്ങുന്ന മണ്ണ് വിട്ടു എങ്ങും വരാൻ വയ്യത്രെ . അല്ലെങ്കിൽ ആർക്കും ഭാരം ആകരുതെന്ന് കരുതിയാകും. സഹായത്തിന് ഒരു സ്ത്രീ കൂടെയുണ്ട്. സ്വന്തം കാര്യങ്ങൾ തനിയെ നോക്കാൻ പറ്റാതാകുന്ന കാലത്ത് മക്കളുടെ കൂടെ വന്ന് നില്ക്കാം എന്ന നിലപാടാണമ്മയ്ക്ക് .
” രാധൂട്ടി ” വിളി കേട്ട ഭാഗത്തേക്ക്
രാധിക തിരിഞ്ഞ് നോക്കി.
അയൽപ്പക്കത്തെ നളിനി ചേച്ചി അടുക്കള വാതിലിൽ നിന്നാണ് വിളിച്ചത്.
“എപ്പഴാ വന്നേ അറിഞ്ഞില്ലല്ലോ “അടുക്കള ഭാഗത്തെ മതിലിനരുകിലേക്ക് വന്നു കൊണ്ട് നളിനി ചോദിച്ചു”ഇന്നലെ സന്ധ്യ കഴിഞ്ഞു ചേച്ചി എത്തിയപ്പോൾ ”
“അതെയോ ഒറ്റയ്ക്കാണോ വന്നേ. ഒരു ദിവസമെങ്കിലും നില്ക്കോ രാധൂട്ടി “”ഒറ്റയ്ക്കേയുള്ളു.ഒരാഴ്ച കാണും ചേച്ചി ”
രാധികയുടെ മറുപടിയിൽ നളിനി എന്തോ അത്ഭുതം കേട്ടപ്പോലെ അവളെ നോക്കി.
പിന്നെ എന്തോ ചോദിക്കാൻ വന്നെങ്കിലും അകത്ത് നിന്ന് ഭർത്താവിന്റെ വിളി കേട്ടു അത് വിഴുങ്ങി.
” ഞാനങ്ങട്ട് ചെല്ലട്ടെ രാധൂട്ടി . സമയമുള്ളപ്പോൾ വീട്ടിലോട്ട് വരൂ. എത്ര നാളായി നേരെ ഒന്നു കണ്ടിട്ടും സംസാരിച്ചിട്ടും എനിക്ക് ഇപ്പോൾ എങ്ങും എറങ്ങാൻ പറ്റാത്ത അവസ്ഥയാ അറിയാല്ലോ ” നളിനി വിഷമത്തോടെ പറഞ്ഞു നിർത്തി.
“അറിയാം ചേച്ചി ഞാനങ്ങോട്ടിറങ്ങാം “രാധികയിൽ കുറ്റബോധം നിറഞ്ഞു .നളിനിയുടെ ഭർത്താവിന് ക്യാൻസർ ആണെന്നും വേദന കൊണ്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും കഴിഞ്ഞ തവണ
വന്നപ്പോഴും രാധികയോട് അമ്മ പറഞ്ഞിരുന്നു. ഒരു മതിലിനപ്പുറത്തെ വീട്ടിൽ ഒന്നു കാണാൻ പോകാൻ പോലും പറ്റിയല്ല. നളിനി പൊയ്ക്കഴിഞ്ഞും രാധിക അങ്ങനെ തന്നെ നിന്നു..
രാധൂട്ടി അച്ഛൻ തന്നെ സ്നേഹത്തോടെ വിളിച്ചു, വിളിച്ചു ആ നാട്ടിൽ എല്ലാവരും പറഞ്ഞു ശീലിച്ച തന്റെ പേര് . ആ പേരും, എന്തിന് രാധിക എന്നെങ്കിലും തന്നെ പിന്നേട് ആരെങ്കിലും വിളിക്കാറുണ്ടായിരുന്നോ. കളിച്ചു വളർന്ന തൊട്ടയൽപ്പക്കത്തെ വീടു വരെ പോകാൻ പറ്റാത്ത എന്ത് തിരക്കായിരുന്നു തനിക്ക്?
മാസത്തിലൊരിക്കൽ അമ്മയുടെ അടുത്ത് വന്നാൽ രാത്രി നില്ക്കാൻ പോലും നേരമില്ലാതെ താൻ ധൃതിപ്പെട്ടത് എന്തിനായിരുന്നു ?അസ്വാതന്ത്യം താൻ പോലും അറിയാതെ തന്നെ പൊതിഞ്ഞിരുന്ന അസ്വാതന്ത്ര്യം…. പൊട്ടിച്ചെറിയാൻ ശ്രമിച്ചില്ല .അതാണ് ജീവിതം ,അതാണ് സ്നേഹം എന്നു ധരിച്ചു….
വിവാഹം കഴിഞ്ഞ് രാജീവേട്ടന്റെ വീട്ടിൽ ചെന്നു കയറുമ്പോൾ സ്നേഹത്തിന്റെ വിലങ്ങിൽ ആദ്യം തളയ്ക്കപ്പെട്ടത് തുടർന്ന് പഠിക്കാനുള്ള അവകാശമായിരുന്നു.
രാജീവേട്ടന് ജോലിയുണ്ട്. പാരമ്പര്യമായി സ്വത്തുണ്ട്. ഒരു മകൾ ഉള്ളത് ഭർത്താവിന്റെ വീട്ടിലും. താൻ മരുമകൾ അല്ല മകളാണ്. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ ഒറ്റയ്ക്കാണ്. വീട്ടിലെ കാര്യങ്ങളിൽ അമ്മയ്ക്കൊപ്പം ഒരു കൂട്ടായി നിന്നാൽ മതീല്ലോ .
എതിർത്ത് പറയുവാൻ തോന്നീല്ല. ഡയറിയുടെ താളുകളിൽ വിരിഞ്ഞ അക്ഷരങ്ങളെ താലോലിച്ചു സംതൃപ്തി പൂണ്ടു . എന്നാൽ അക്ഷരങ്ങളെ അലമാരയിലെ ഒരു മൂലയിലേക്ക് ഉപേക്ഷിപ്പിച്ചു കൊണ്ട് മകൾ ജനിച്ചു. തിരക്കുകൾ നിറഞ്ഞ ജീവിതത്തിലേക്ക് കൂപ്പു കുത്തി .
അതിനിടയിൽ മകനും പിറന്നു. ഉത്തരവാദിത്വങ്ങളുടെ പേരിൽ ജീവിതം തളച്ചിട്ടപ്പോൾ നഷ്ടമായത് സ്വന്തം വ്യക്തിത്വം ആയിരുന്നു. ഭർത്താവിന്റെ അമ്മയുടെ കാലശേഷം എല്ലാ ചുമതലകളും ഏല്ക്കേണ്ടതും മരുമകളുടെ കടമയായി.
എല്ലാ ചുമതലകളെന്നു പറയുമ്പോഴും അടുക്കളയിലെ കാര്യങ്ങൾ അതായിരുന്നില്ലേ സത്യം. അല്ലാതെ എന്തെങ്കിലും കാര്യത്തിൽ തന്നോട് അഭിപ്രായം ചോദിച്ചിട്ടുണ്ടോ?ആഞ്ജാപിക്കലുകളും , അടിച്ചേൽപ്പിക്കലുമായിരുന്നു ഏറെയും. അതൊക്കെ സ്നേഹമാണെന്ന് തെറ്റിദ്ധരിച്ചു. പഴയ സൗഹൃദങ്ങളെ മറന്നു
രാജീവേട്ടന്റെ നാട് എന്റെ നാടായി . അവിടത്തെ ബന്ധുക്കളും, സുഹൃത്തുക്കളും എന്റെയും സ്വന്തക്കാരായി. രാജീവേട്ടന്റെ ഭാര്യയെന്നും , ഇന്നയാളുടെ മരുമകളെന്നും അറിഞ്ഞ് തുടങ്ങിയതിൽ പിന്നെ എനിക്കൊരു പേരുണ്ടെന്നത് പോലും ഓർത്തില്ല.
ആദ്യമാദ്യമൊക്കെ സംസാരിക്കാൻ ഒരുപാട് വിഷയങ്ങൾ ഉണ്ടായിരുന്ന ഞങ്ങൾക്കിടയിൽ വീട്ടിലെ ചെലവുകളും ,മക്കളുടെ പഠിത്തവും , ഭാവിയും മാത്രം വല്ലപ്പോഴും വിഷയമായി.
പകൽ ആ വീടിനെ തുടച്ചും , തൂത്തും , തനിയെ സംസാരിച്ചും ചുവരുകൾക്കുള്ളിൽ ജീവിതം ഹോമിച്ചപ്പോൾ അദൃശ്യമായി തന്റെ മേലിൽ വീണ വിലങ്ങാണ് അതെന്ന് അറിഞ്ഞിരുന്നില്ല.
ജോലി കഴിഞ്ഞു വരുന്ന രാജീവേട്ടനോട് വിശേഷങ്ങൾ പറയാൻ ഓടി ചെന്നാൽ ശ്രദ്ധിക്കാൻ സമയമില്ല. നിനക്ക് കുറച്ചു നേരം വായടച്ചിരുന്നൂടെ ഏത് നേരവും കലപിലാ സംസാരിക്കുന്നതെന്തിനാണെന്ന് കുറ്റം പറയാനും ,കളിയാക്കാനും ആണേൽ ആവോളം സമയമുണ്ടായിരുന്നു.
മക്കൾക്ക് അതിനേക്കാൾ തിരക്കായിരുന്നു. ഫോണിൽ കൂട്ടുകാരോട് സംസാരിക്കാൻ ഒരു തിരുക്കുമില്ലതാനും. ഒരു സിനിമയ്ക്കെ ങ്കിലും പോകാമെന്ന് പറഞ്ഞാൽ അവിടെയും സമയക്കുറവ്.
എന്നാൽ കൂട്ടുകാരുടെ കൂടെ കൂടാൻ അച്ഛനും , മക്കൾക്കും ധാരാളം സമയമുണ്ട്. ആശിച്ച് എന്നെങ്കിലും ഒന്നു പുറത്ത് പോയാലോ സന്തോഷം കൊണ്ട് മതിമറക്കുന്ന തനിക്ക് പക്വത വന്നിട്ടില്ലെന്നും ,പൊതുയിടങ്ങളിൽ എങ്ങനെ പെരുമാറണമെന്നുമുള്ള ഉപദേശം തരാനാണ് അച്ഛനും മക്കൾക്കും നേരം.
അമ്മയുടെ അടുത്ത് രണ്ട് ദിവസം പൊയ്ക്കോട്ടേന്ന് ചോദിച്ചാൽ നീയില്ലാതെ ഇവിടെ എങ്ങനെയാ എന്ന ചോദ്യത്തിൽ താൻ സ്വയം ഉത്തരം കണ്ടെത്തും അതെ താനില്ലാതെ ഒന്നും ഇവിടെ ശരിയാവില്ല. അസ്വാതന്ത്ര്യത്തിന്റെ ചങ്ങല ഞാൻ പോലും അറിയാതെ സ്വയം അണിയുകയായിരുന്നു….
ഒറ്റപ്പെടലുകൾ വലിഞ്ഞ് മുറുക്കിയപ്പോൾ ആശ്രയം കണ്ടെത്തിയത് ഫോണിലായിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പഴയ കൂട്ടുകാരികളെ കണ്ടെത്തി. കോളേജ് ഗ്രൂപ്പിൽ തന്നെയും ചേർത്തു. പതിയെ പതിയെ മനസിലായി സ്വന്തമായി വ്യക്തിത്വം വേണം.
ഭാര്യയും അമ്മയുമെല്ലാം ആയിരിക്കുമ്പോൾ തന്നെ ഞാൻ ഞാനായും ജീവിക്കണം. കാലം മാറി സാഹചര്യങ്ങൾക്ക് മാറ്റം വന്നു. അഭിപ്രായം പറയാൻ പഠിക്കണം . നിനക്കായി സമയം മാറ്റി വെക്കണം കൂട്ടുകാരികൾ ഉപദേശിച്ചു. ഒരേ സ്വരത്തിൽ പ്രിയപ്പെട്ട കൂട്ടുകാരികൾ ചോദിച്ചു നീയെന്താ ഇപ്പോൾ എഴുതാത്തത് .
ഇനിയും എനിക്ക് എഴുതാൻ കഴിയുമോ എന്ന ചോദ്യത്തിൽ അവര് ആത്മവിശ്വാസം പകർന്നു തന്നു. എന്നോ മൂലയിൽ ഉപേക്ഷിച്ച ഡയറി തപ്പിയെടുത്തു. താളുകൾ മറിയ്ക്കുമ്പോൾ അക്ഷരങ്ങൾ പരിഭവം പറഞ്ഞു. ഇത്രയും വർഷങ്ങൾ നമ്മളെ മറന്നതെന്തേ…
അറിയാതെ കണ്ണുകൾ നിറഞ്ഞു പണ്ടെപ്പോഴോ എഴുതിയ വരികൾ ,തന്റെ സ്വപ്നങ്ങൾ , ആകാശം മുട്ടെ ഞാൻ കണ്ട മോഹങ്ങൾ…. പേനയെടുത്ത് വിറയ്ക്കുന്ന കരങ്ങളാൽ വീണ്ടും എഴുതി എനിയ്ക്ക് ഞാനാകണം ആ പഴയ ഞാൻ ചിരിക്കാനും തമാശ പറയാനും കഴിഞ്ഞിരുന്ന രാധികയാകണം.
ആദ്യത്തെ കഥ കൂട്ടുകാരികൾക്കു അയച്ചു കൊടുത്ത് അവരുടെ മറുപടിയ്ക്കായി കാത്തിരുന്ന തന്നിൽ പരീക്ഷാ ഫലം കാത്തിരിക്കുന്ന ഒരു കുട്ടിയുടെ മനസായിരുന്നു. നന്നായിട്ടുണ്ടെന്ന് കേട്ടപ്പോൾ സന്തോഷാധിക്യത്താൽ കണ്ണുകൾ നിറഞ്ഞു.
അവരുടെ നിർബന്ധപ്രകാരം എഴുത്ത് ഗ്രൂപ്പുകളിലയച്ചപ്പോൾ വായിച്ചവരെല്ലാം നന്നായിയെന്നും തുടർന്നും എഴുതണമെന്നും പറഞ്ഞു തന്ന പ്രോത്സാഹത്തിനു മുന്നിൽ ആദ്യമായി എന്തോ നേടിയ പോലെ താൻ ചിരിച്ചു.
തന്റെ രചനയെ കുറിച്ചും ,എല്ലാവരും പറഞ്ഞ അഭിപ്രായവും പങ്കുവെച്ചപ്പോൾ രാജീവേട്ടനും മക്കളും , ലോക പരിചയമില്ലാതെ ഓരോ പൊട്ടത്തരങ്ങൾ എഴുതി തങ്ങൾക്കു നാണക്കേടുണ്ടാക്കല്ലേന്ന് പറഞ്ഞു പരിഹസിച്ചു. ഒന്നും കാര്യമാക്കിയില്ല.
വീണ്ടും വീണ്ടും എഴുതി. അതിനിടയിൽ കൂട്ടുകാരി നടത്തുന്ന ഓൺലൈൻ ബിസിനസിൽ തന്നെയും പങ്കാളിയാക്കി .സ്വന്തമായി വരുമാനം നേടിയപ്പോൾ ജീവിതത്തിലാദ്യമായി തല ഉയർത്തി നിന്നു.
ഭർത്താവിനും മക്കൾക്കും സ്വന്തമായി എന്തെങ്കിലും വാങ്ങി കൊടുക്കാൻ പറ്റിയതിൽ അങ്ങേയറ്റം സന്തോഷിച്ചു. കുടുംബത്തിൽ എത്ര സമ്പാദ്യം ഉണ്ടെന്നു പറഞ്ഞാലും സ്വയം സമ്പാദിച്ചു ആരുടെയും മുന്നിൽ കൈ നീട്ടാതെ നില്ക്കുമ്പോൾ കിട്ടുന്ന ആത്മ സംതൃപ്തി അനുഭവിച്ചറിഞ്ഞു.
പരിചയക്കാരും ,ബന്ധുക്കളും കാണുമ്പോഴെല്ലാം നന്നായി എഴുതുമല്ലേ വായിക്കാറുണ്ടെന്നും നല്ല കഴിവുണ്ടെന്നും പറയുന്നത് കേട്ട് രാജീവേട്ടനും മക്കളും അഭിമാനത്തോടെ നോക്കുന്നതു കണ്ടു കണ്ണുകൾ നിറഞ്ഞ നിമിഷങ്ങൾ. പതിയെ പതിയെ തന്റെ വാക്കുകൾ അംഗീകരിക്കുന്ന ഒരു ലോകമായി തന്റെ വീട് മാറി.
ജോലിയും ,എഴുത്തും സുഹൃത്തുക്കളും ,വീട്ടുകാര്യങ്ങളുമായി നിന്നു തിരിയാൻ സമയമില്ലാതെ തിരക്കായി തനിക്ക് . തന്നോടൊപ്പം ട്രിപ്പുകൾ പോകാൻ , അടുക്കളയിൽ കൂടെ നില്ക്കാൻ ,പറയുന്നത് കേൾക്കാൻ ഭർത്താവിനും മക്കൾക്കും സമയമുണ്ടാവുകയും ചെയ്തു.
ഒടുവിൽ തന്റെ കഥകൾ പുസ്തകമായി പുറത്തിറങ്ങിയ നിമിഷം ആദ്യത്തെ കുഞ്ഞിന് ജന്മം നല്കിയ അമ്മയുടെ നിർവൃതിയോടെ ഞാനാ പുസ്തകം ചേർത്തുപിടിച്ചു നിന്നു. രാജീവേട്ടനും മക്കളും അഭിനന്ദിച്ചു കൊണ്ട് ചുംബനങ്ങൾ നല്കിയപ്പോൾ ഞാൻ
മനസിലാക്കി സ്വന്തം ജീവിതം നമ്മൾ തന്നെ എങ്ങനെയാവണം എന്നു തീരുമാനിയ്ക്കണം. എന്നാലേ മറ്റുള്ളവർക്ക് മുന്നിൽ വിലയുണ്ടാകു .
സ്നേഹം കൊണ്ടും , കടപ്പാടുകൾ കൊണ്ടും നമ്മളെ ബന്ധിച്ചിടാൻ ചുറ്റുമുള്ളവർക്ക് കഴിയും . ആ വിലങ്ങ് അഴിച്ചു മാറ്റി പുറത്ത് കടക്കേണ്ടത് നമ്മൾ തന്നെയാണ്. എല്ലാവർക്കും വേണ്ടി ജീവിയ്ക്കുമ്പോൾ നമ്മൾ നമ്മളെയും സ്നേഹിക്കുക. സ്വയം സന്തോഷങ്ങളും കണ്ടെത്തുക.
അമ്മയെ കാണാൻ തനിയെ കാറ് ഡ്രൈവ് ചെയ്ത് വന്നിറങ്ങിയപ്പോൾ സന്തോഷത്താൽ അമ്മ ഓടിവന്നു. ഒരാഴ്ച അമ്മയുടെ കൂടെ നിന്നിട്ടേ മടങ്ങി വരൂ എന്ന തന്റെ വാക്കിനെ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല.
പുസ്ത പ്രകാശനത്തിന് പങ്കെടുക്കാൻ അമ്മയ്ക്ക് സാധിക്കാത്തതിനാൽ തന്റെ പുസ്തകവും ,താൻ വാങ്ങിയ മുണ്ടും , നേര്യേതും അമ്മയെ ഏല്പിക്കുമ്പോൾ സന്തോഷത്തിന്റെ മുത്തുകൾ അമ്മയുടെ മിഴികളിൽ തിളങ്ങി.
നെറ്റിയിൽ മുത്തമേകി അമ്മ എന്റെ മോൾ മിടുക്കിയാണെന്ന് പറഞ്ഞപ്പോൾ ഞാൻ വീണ്ടും ആ പഴയ കോളേജിൽ പഠിക്കുന്ന കുട്ടിയായി മാറി…
രാധികയുടെ ചിന്തകളെ മുറിച്ചു കൊണ്ട് അമ്മയുടെ ശബ്ദം കേട്ടു.
“കുട്ടീ തൊടിയിൽ നീ എന്തെടുക്കുവാ നല്ല വെയിലായി കയറി അകത്തു വരൂ “…
തിരിഞ്ഞ് വീടിനകത്തേക്ക് കടക്കുമ്പോൾ അമ്മ സംഭാരവുമായി ഉമ്മറത്തേക്ക് വന്നു. അമ്മയുടെ കൈയ്യിൽ നിന്നും സംഭാരം വാങ്ങിയപ്പോൾ അമ്മ സാരിതുമ്പിനാൽ മുഖം ഒപ്പി തന്നു കൊണ്ട് പറഞ്ഞു
“വെയിലത്തിറങ്ങി വല്ലാണ്ട് വിയർത്തല്ലോ കുട്ടീ ” …
അകത്തെ ടീപ്പോയുടെ മുകളിൽ തന്റെ പുസ്തകം
“സ്വാതന്ത്ര്യത്തിന്റെ താക്കോൽ ”
അമ്മ പകുതി വായിച്ചു മടക്കി വെച്ചിട്ടുണ്ടായിരുന്നു.